
കേരളത്തിലെ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 23, 25 തീയതികളിലായി നടക്കാനിരിക്കെ 22,000 വാര്‍ഡുകളില്‍ 70,915 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു എന്നാണ് നാമനിര്‍ദേശപത്രികകള്‍ പിന്‍വലിച്ച ശേഷമുള്ള കണക്കുകള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ രാഷ്ട്രീയാതീതമായി കാണുകയും ഭരണപക്ഷവും പ്രതിപക്ഷവും ഇല്ലാതെ ഗ്രാമ-നഗരവികസനത്തിനായി പരസ്‌പരസഹകരണത്തോടെ ഭരണം നടക്കുകയും വേണമെന്നതാണ് പഞ്ചായത്തീരാജിന്റെ സങ്കല്‍പമെങ്കിലും രാഷ്ട്രീയത്തിന്റെ അതിപ്രസരം സംസ്ഥാനത്ത് പഞ്ചായത്തുകളെയും വെറുതെ വിട്ടിട്ടില്ലെന്നതാണ് ഗതകാലാനുഭവങ്ങള്‍. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിചിഹ്നങ്ങളില്‍ മത്സരിക്കുന്നു, ഭൂരിപക്ഷം ലഭിച്ച മുന്നണികളില്‍തന്നെ മുറുകുന്ന ചേരിപ്പോരും ഗ്രൂപ്പിസവും കൂറുമാറ്റവും അധികാര വടംവലിയും ഭരണസ്തംഭനം സൃഷ്ടിക്കുന്നു, ആടിക്കളിക്കുന്ന കസേരയില്‍ ഇരുന്നവര്‍ ഭാവിയെപ്പറ്റി ഒരു നിശ്ചയവുമില്ലാതെ കിട്ടുന്ന അവസരം സ്വന്തത്തെ വികസിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഒരു വക സ്ഥിരഭരണം നടക്കുന്ന പഞ്ചായത്തുകളില്‍തന്നെ സ്വജനപക്ഷപാതവും അഴിമതിയും കൊടികുത്തിവാഴുന്നു. വികസനത്തിനായി പഞ്ചായത്തുകള്‍ക്ക് നീക്കിവെച്ച ഭീമമായ ഫണ്ട്, ധനവര്‍ഷത്തിലെ ആദ്യപകുതിയില്‍ നിശ്ചലമാവുന്നു. രണ്ടാം പകുതിയില്‍ സാവകാശം ചലിക്കാന്‍ തുടങ്ങുകയും ഒടുവില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഒറ്റയടിക്ക് ഒരാസൂത്രണവും മുന്‍ഗണനാക്രമവും ഇല്ലാതെ വാരിക്കോരി ചെലവഴിക്കുകയും ചെയ്യുന്ന പതിവ് മാറ്റമില്ലാതെ തുടരുന്നു. 40,100 കോടി നീക്കിവെച്ച ദേശീയ തൊഴിലുറപ്പ് പദ്ധതി അടിത്തട്ടില്‍ കഴിയുന്ന തൊഴില്‍രഹിതരെയാണ് ലക്ഷ്യമിടുന്നതെങ്കിലും കേരളത്തില്‍ അത് കേവലം അര്‍ഥശൂന്യമായ അഭ്യാസമായി മാറിയിട്ടുണ്ട്. പാര്‍ട്ടി പരിഗണനവെച്ച് തെരഞ്ഞെടുത്ത സ്ത്രീകളെ തൂമ്പയും ചട്ടിയുമായി റോഡരികിലേക്ക് തെളിച്ചുകൊണ്ടുവന്ന് കുറ്റിക്കാടും പുല്ലും ചെത്തിക്കുന്ന പണികൊണ്ട് ആര്‍ക്കെന്ത് ഗുണം എന്നു ചോദിക്കാന്‍ ആരുമില്ല. സമൂഹത്തിന് മൊത്തം പ്രയോജനപ്രദമായ കാര്‍ഷിക, ജലസേചന, ശുചീകരണ പ്രവൃത്തികളിലേക്ക് ആസൂത്രിതമായും വ്യവസ്ഥാപിതമായും തൊഴിലുറപ്പ് പദ്ധതി തിരിച്ചുവിടുന്നതിനെപ്പറ്റി ഗൗരവപൂര്‍വമായ ആലോചനയും നടക്കുന്നില്ല. പദ്ധതികളുടെ നാമകരണംപോലും രാഷ്ട്രീയവത്കരിച്ചതുകൊണ്ട് അവയില്‍ പൊതുജന പങ്കാളിത്തം നഷ്ടമാവുകയും പ്രയോജനം പരമാവധി പരിമിതമാവുകയും ചെയ്യുന്നതാണ് അനുഭവം. ഇ.എം.എസ് ഭവനനിര്‍മാണ പദ്ധതി നേരിടുന്ന ദുര്യോഗത്തെപ്പറ്റി മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഈയിടെ വിലപിക്കുകയുണ്ടായി. പദ്ധതിക്ക് ഇ.എം.എസിന്റെ പേരിട്ടതാണ് നിസ്സഹകരണത്തിനും നിശ്ചലതക്കും കാരണമെങ്കില്‍ ആ പേരും വേണമെങ്കില്‍ മാറ്റാം എന്ന് അദ്ദേഹത്തിന് പറയേണ്ടിവന്നു. എം.എന്‍. ഗോവിന്ദന്‍നായര്‍ മന്ത്രിയായിരിക്കെ നടപ്പാക്കിയതായിരുന്നു ലക്ഷംവീട് പദ്ധതി. ഇന്നവയിലധികവും ഇടിഞ്ഞുപൊളിഞ്ഞ് നിവാസയോഗ്യമല്ലാതായ സാഹചര്യത്തില്‍ എം.എന്റെ പേരില്‍ ഒരു നവീകരണ പദ്ധതിയുമായി മന്ത്രി ബിനോയ് വിശ്വം മുന്നോട്ടു വന്നു. ഫലമോ? അര്‍ഹമായ ഒരു പരിഗണനയും ലഭിക്കാതെ പദ്ധതി മിക്കവാറും കടലാസിലൊതുങ്ങുന്നു.
അതിനിടെ, കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികള്‍ പലതും ഇടതു സംസ്ഥാനസര്‍ക്കാര്‍ സ്വന്തം ചെലവിലെന്ന വ്യാജേന നടപ്പാക്കുന്നതിലാണ് യു.ഡി.എഫ് പ്രതിപക്ഷത്തിന്റെ രോഷം. പരാതിയുമായി അവര്‍ കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും ചെയ്തുവെന്നാണ് വാര്‍ത്ത. ചുരുക്കത്തില്‍, ജനാധിപത്യത്തിന്റെ സുഗമവും സുതാര്യവുമായ നടത്തിപ്പിന് ഉപാധിയായി സ്വീകരിക്കപ്പെട്ട ബഹുകക്ഷി രാഷ്ട്രീയം താഴെതലം മുതല്‍ ഉപരിതലംവരെ രാജ്യത്തിനു ശാപമായി മാറുന്നതാണ് കാണുന്നത്. എല്ലാം പാര്‍ട്ടിയടിസ്ഥാനത്തിലാണ്. പാര്‍ട്ടികളെല്ലാം വ്യക്തികളുടെ ഇച്ഛാനുസാരം നിയന്ത്രിക്കുന്ന യന്ത്രങ്ങളും. തന്മൂലം കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം സര്‍വാംഗീകൃതമായ സമവാക്യമായി മാറുന്നു. യാഥാസ്ഥിതിക കക്ഷികള്‍ മുതല്‍ വിപ്ലവപാര്‍ട്ടികള്‍ വരെ ഇതിനപവാദമല്ല. പഞ്ചായത്ത്-നഗരസഭകളില്‍ 50 ശതമാനം സ്ത്രീസംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ആശങ്കിച്ചിരുന്നതുതന്നെയാണ് സ്ഥാനാര്‍ഥി പട്ടികകള്‍ പരിശോധിച്ചപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ ഭാര്യമാരും സന്തതികളും ബന്ധുക്കളും രംഗം കൈയടക്കിയിരിക്കുന്നു. പിന്‍സീറ്റ് ഡ്രൈവിങ്ങാണ് ഈ പ്രതിഭാസത്തിന്റെ അനിവാര്യഫലം. അതോടൊപ്പം സീറ്റുകള്‍ക്കുവേണ്ടിയുള്ള കടിപിടിയും വിമതശല്യവും ഇത്തവണയും മൂര്‍ധന്യത്തിലാണ്. യു.ഡി.എഫിലേക്ക് കൂടുതല്‍ കക്ഷികള്‍ കടന്നുവന്നതോടെ അവരെയൊക്കെയും കുടിയിരുത്തുക വന്‍ തലവേദനയായി. കുറെയൊക്കെ നേതൃത്വം ഇടപെട്ട് ഒതുക്കിയെങ്കിലും ഇപ്പോഴും പലയിടത്തും സൗഹൃദമത്സരവും സൗഹാര്‍ദരഹിതമായ മത്സരവും വിമതഭീഷണിയും നിലനില്‍ക്കുന്നു.
അതിനിടയിലാണ് വര്‍ഗീയ തീവ്രവാദി കക്ഷികളെ കൂട്ടുപിടിച്ചതായ ആരോപണ പ്രത്യാരോപണങ്ങള്‍. ഈ കുളിമുറിയില്‍ ആരും ഉടുത്തവരല്ലെന്ന് പകല്‍വെളിച്ചത്തില്‍ സ്‌പഷ്ടമായിരുന്നിട്ടും നേതാക്കളുടെ കണ്ണടച്ച നിഷേധങ്ങള്‍ക്കും സ്വന്തം സ്ഥിതി മറന്നുള്ള ആരോപണങ്ങള്‍ക്കും കുറവില്ല. ബി.ജെ.പിയുമായി തൃശൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് ധാരണയിലാണെന്ന ആരോപണത്തിന് ശക്തിപകരുന്നവിധം കാവിപ്പാളയത്തില്‍തന്നെ വിവാദം കൊഴുക്കുന്നു. യു.ഡി.എഫാണ് ബി.ജെ.പി സംബന്ധം പണ്ടേ തുടങ്ങിയതെന്നും തരംപോലെ അതിപ്പോഴും തുടരുന്നുവെന്നും എല്‍.ഡി.എഫ് നേതൃത്വം ചൂണ്ടിക്കാട്ടുമ്പോള്‍ അതിന് വിശ്വാസ്യത പകരുന്ന സംഭവങ്ങള്‍ കഴിഞ്ഞ കാലത്തുണ്ടായിരുന്നു. ഇപ്പോഴും ഇല്ലാതെയല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമുഖമായ എസ്.ഡി.പി.ഐയുമായി കോണ്‍ഗ്രസ് ഇടുക്കിയില്‍ കൈകോര്‍ക്കുന്നുവെന്നാരോപിക്കുന്നത് യു.ഡി.എഫിന്റെ രണ്ടാമത്തെ പ്രധാനപാര്‍ട്ടിയായ മുസ്‌ലിംലീഗിന്റെ പ്രാദേശിക നേതൃത്വം. സമീപകാല തെരഞ്ഞെടുപ്പുകളില്‍ പൊതുവെ യു.ഡി.എഫിനോടൊപ്പം നിന്ന പോപ്പുലര്‍ ഫ്രണ്ട് മാറിയ പരിതഃസ്ഥിതിയിലും പൂര്‍ണമായി വലതുമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നതാണ് വസ്തുത. എന്തു വിലകൊടുത്തും വിജയിക്കുക ലക്ഷ്യമാവുമ്പോള്‍ ഉറക്കെ പറയുന്ന തത്ത്വങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും വിശ്വാസ്യത നഷ്ടപ്പെടുക സ്വാഭാവികം. ഈ വിചിത്രസഖ്യങ്ങള്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നശേഷം കൂടുതല്‍ പ്രകടമാവാനാണ് സാധ്യത. ഒന്നും രണ്ടും സീറ്റുകള്‍ അധികാരമുറപ്പിക്കുന്നതിന് തടസ്സമാവുമ്പോള്‍ ആ തടസ്സം നീക്കാന്‍ ചിലരോടുള്ള അയിത്തം ഉപേക്ഷിക്കേണ്ടിവരുക അനിവാര്യമാണ്.
ഇവ്വിധം, പഞ്ചായത്തീരാജിന്റെ അന്തഃസത്തക്ക് വിരുദ്ധവും അവിശുദ്ധവും അധാര്‍മികവുമായ അന്തരീക്ഷം ഒരിക്കല്‍കൂടി ഉരുണ്ടുകൂടവെ ജനപക്ഷത്തു നിന്നുയരുന്ന വേറിട്ട സ്വരം സംസ്ഥാനത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍നിന്ന് ഗ്രാമ-നഗര ഭരണത്തെ മുക്തമാക്കാനും വികസനത്തിന്റെ നേട്ടങ്ങള്‍ അതിന്റെ യഥാര്‍ഥ പ്രായോജകരിലേക്കെത്തിക്കാനും പ്രകൃതിയുടെ നേരെയുള്ള നഗ്‌നമായ കൈയേറ്റം അവസാനിപ്പിക്കാനും അങ്ങനെ ജനകീയ ഇടപെടലുകളിലൂടെ ജനാധിപത്യത്തിന് ഒരു പുതിയ മുഖം നല്‍കാനുമുള്ള ധീരമായ ശ്രമത്തിന് ഇതാദ്യമായി കേരളത്തില്‍ തുടക്കം കുറിച്ചിരിക്കുന്നു. ധാര്‍മിക-നൈതിക മൂല്യങ്ങളുടെ ഭൂമികയില്‍ ജാതിമത ബന്ധങ്ങള്‍ക്കതീതമായി സ്ത്രീ-പുരുഷന്മാരെ അണിനിരത്തിക്കൊണ്ടുള്ള ഈ പരീക്ഷണം രണ്ടായിരത്തിനുതാഴെ വാര്‍ഡുകളിലേ നടക്കുന്നുള്ളൂവെങ്കിലും ഒന്നാം ഘട്ടത്തില്‍ അതിനു ലഭിക്കുന്ന ജനശ്രദ്ധയും താല്‍പര്യവും പ്രത്യാശാജനകമാണ്. മതത്തെ രാഷ്ട്രീയത്തില്‍നിന്ന് നിശ്ശേഷം അകറ്റിനിര്‍ത്തണമെന്ന് തീവ്രമതേതര പക്ഷത്തുനിന്ന് മുറവിളികളുയരവെ, മാനവികതയുടെയും നൈതികതയുടെയും പ്രകൃതിസംരക്ഷണത്തിന്റെയും സന്ദേശം മുഴക്കുന്ന ധര്‍മസംഹിതകള്‍ക്ക് സ്വകാര്യ ജീവിതത്തിലെന്നപോലെ പൊതുജീവിതത്തിലും പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന തിരിച്ചറിവിലേക്ക് സമൂഹം പതിയെ മാറുകയാണ്. ഇന്ത്യന്‍ മതനിരപേക്ഷത ഒരിക്കലും മതങ്ങളുടെ നേരെ നിഷേധാത്മക സമീപനമല്ല സ്വീകരിച്ചിരിക്കുന്നതെന്ന യാഥാര്‍ഥ്യം ബുദ്ധിജീവികളും പണ്ഡിതന്മാരും സാധാരണക്കാരുമെല്ലാം മനസ്സിലാക്കുന്നു. സ്രഷ്ടാവിനെയോ സൃഷ്ടികളെയോ പേടിക്കാത്ത ക്രിമിനലുകളുടെയും കോടീശ്വരന്മാരുടെയും മനുഷ്യാവകാശധ്വംസകരുടെയും കളരിയായി പരിണമിച്ച ഇന്ത്യന്‍ രാഷ്ട്രീയത്തെ മോചിപ്പിക്കാനുള്ള യത്‌നം അതിശക്തമായ വെല്ലുവിളികളെയും ഭീഷണികളെയും നേരിട്ടുകൊണ്ടാണെങ്കിലും വിജയിച്ചേ പറ്റൂ, വിജയിപ്പിച്ചേ പറ്റൂ.
പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ പാര്‍പ്പിച്ച് മതിയാവോളം പീഡിപ്പിച്ച ശക്തികള്‍, കോയമ്പത്തൂര്‍ പ്രത്യേക കോടതിയും തുടര്‍ന്ന് മദ്രാസ് ഹൈകോടതിയും അദ്ദേഹം പൂര്‍ണമായി കുറ്റമുക്തനാക്കിയതില്‍ അങ്ങേയറ്റം അസ്വസ്ഥരും നിരാശരുമാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ജയിലില്‍നിന്ന് പുറത്തുവന്ന മഅ്ദനി താനൊരിക്കലും പഴയ മഅ്ദനിയായിരിക്കുകയില്ലെന്ന് പ്രഖ്യാപിച്ച്, വിവാദ വിധേയമായ പ്രസംഗ ശൈലിയും പ്രസ്താവനകളും പാടെ ഉപേക്ഷിച്ച് സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനവും ആത്മീയ ജീവിതവുമായി കഴിയുകയാണെന്നും എല്ലാവര്‍ക്കുമറിയാവുന്നതാണ്. തന്റെ ജീവന്‍ അപഹരിക്കാന്‍ ബോംബാക്രമണം നടത്തിയവരോട് പോലും ആക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ടു തികച്ചും ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നതെങ്കിലും അദ്ദേഹം ക്ഷമിക്കുകയും കേസ് തെളിവില്ലാതെ കോടതി തള്ളുകയും ചെയ്തതാണ്.
എന്നിട്ടും മുമ്പ് നടന്ന ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിയെ പ്രതിചേര്‍ത്ത് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ പൊലീസ്. അദ്ദേഹത്തിന് നേരെയുള്ള വധശ്രമക്കേസിലെ മുഴുവന്‍ പ്രതികളും ആര്‍.എസ്.എസുകാരായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അദ്ദേഹെത്ത കുറ്റമുക്തനാക്കിയതിനെതിരെ അപ്പീല്‍ ബോധിപ്പിച്ചതും ഹിന്ദുത്വ തീവ്രവാദികളായിരുന്നു. ഇപ്പോള്‍ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി പൊലീസ് കസ്റ്റഡിയിലുള്ള തടിയന്റവിട നസീറിന്റെ മൊഴിയില്‍ മഅ്ദനിയുടെ പേര്‍ പരാമര്‍ശിച്ചതാണ് അദ്ദേഹത്തെ പ്രതിചേര്‍ത്ത് കുറ്റപത്രം തയാറാക്കാന്‍ കര്‍ണാടക പൊലീസിന്റെ ന്യായം. തടിയന്റവിടെ നസീര്‍ പൊലീസിന്റെ തന്നെ വെളിപ്പെടുത്തലനുസരിച്ച് ക്രിമിനലും തീവ്രവാദിയും ഭീകരനുമാണ്. അത്തരമൊരാളുടെ മൊഴി മുഖവിലക്കെടുത്ത് മറ്റൊരാളുടെ പേരില്‍ പ്രമാദമായ ചാര്‍ജുകള്‍ ചുമത്തി കേസെടുക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ്. സുപ്രീംകോടതി അത് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കേസെടുക്കുന്നതാവട്ടെ എല്ലാവിധ ആരോപണങ്ങളില്‍നിന്നും കോയമ്പത്തൂര്‍ കോടതിയും മദ്രാസ് ഹൈകോടതിയും മുക്തനാക്കിയ അബ്ദുന്നാസിര്‍ മഅ്ദനി എന്ന മതപണ്ഡിതനെതിരെയും. ഇദ്ദേഹം ജയില്‍മുക്തനായ ശേഷമുള്ള കാലത്ത് ഏതെങ്കിലും സംഭവത്തില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്കുവഹിച്ചതായി പൊലീസോ അന്വേഷണ ഏജന്‍സികളോ കണ്ടെത്തിയിട്ടുമില്ല. പിന്നെയോ? അദ്ദേഹം തന്നെ രണ്ട് പതിറ്റാണ്ട് മുമ്പ് പിരിച്ചുവിട്ട ഐ.എസ്.എസ് നിലവിലിരുന്ന കാലത്ത് അതില്‍ നസീര്‍ അംഗമായിരുന്നുവെന്നും അയാളെ മഅ്ദനി തീവ്രവാദം പരിശീലിപ്പിച്ചിരുന്നുവെന്നുമാണ് കേസ്! ആട്ടിന്‍കുട്ടിയെ പിടിച്ച ചെന്നായയുടെ ന്യായത്തെ തോല്‍പിക്കുന്ന ഈയാരോപണത്തിന് തുടര്‍ന്ന് പടച്ചുണ്ടാക്കിയ തെളിവുകളാണ് കൂടുതല്‍ അപഹാസ്യം. മഅ്ദനി തീവ്രവാദം പഠിപ്പിക്കാന്‍ നസീറിന് പുസ്തകങ്ങള്‍ നല്‍കിയത്രെ. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജിഹാദ് (അല്‍ ജിഹാദു ഫില്‍ ഇസ്‌ലാം), സയ്യിദ് ഖുത്തുബിന്റെ 'വഴിയടയാളങ്ങള്‍' (മആലിമുന്‍ ഫിത്ത്വരീഖ്), ഹസനുല്‍ബന്നായുടെ ആത്മകഥ എന്നീ പുസ്തകങ്ങളാണു പോല്‍ തീവ്രവാദ പഠന സഹായികള്‍! മൂന്നു ഗ്രന്ഥങ്ങളും കോഴിക്കോട്ടെ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചതാണ്. മാര്‍ക്കറ്റില്‍ ലഭ്യവുമാണ്. ആര്‍ക്കും വാങ്ങി വായിച്ചുനോക്കാം.
1926 ഡിസംബറില്‍, ശുദ്ധി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് സ്വാമി ശ്രദ്ധാനന്ദയെ കൊന്ന കേസില്‍ ഒരു മുസ്‌ലിം യുവാവ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഇന്നത്തേതുപോലെ അന്നും ഇസ്‌ലാമിലെ ജിഹാദ് വ്യാപകമായി വിമര്‍ശന വിധേയമായി. സൗമ്യനും സമാധാനപ്രേമിയും സഹിഷ്ണുവുമായ മഹാത്മാഗാന്ധി പോലും ഇങ്ങനെയാണ് പ്രതികരിച്ചത്. 'വാള്‍ വിധി നിര്‍ണായക ശക്തിയായ ഒരു കാലഘട്ടത്തിലാണ് ഇസ്‌ലാം ആവിര്‍ഭവിച്ചത്. ഇന്നും അതില്‍ നിര്‍ണായക ശക്തി വാള്‍ തന്നെ.' അന്ന് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനോട് ഗാഢബന്ധം സ്ഥാപിച്ചിരുന്ന മുസ്‌ലിം പണ്ഡിത സംഘടനയായ ജംഇയ്യതുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രമായ 'അല്‍ ജംഇയ്യത്തി'ന്റെ എഡിറ്ററായിരുന്നു ഇരുപത്തിമൂന്നുകാരനായ അബുല്‍ അഅ്‌ലാ മൗദൂദി. ഇസ്‌ലാമിന്റെ ജിഹാദ് ഇവ്വിധം തെറ്റിദ്ധരിക്കപ്പെട്ടതില്‍ അതീവ ദുഃഖിതനായി അദ്ദേഹം. 'യുദ്ധോത്‌സുകവും അനുയായികളെ രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്നതുമായ മതമാണ് ഇസ്‌ലാം' എന്ന പാശ്ചാത്യന്‍ പ്രചാരണത്തില്‍ മനംനൊന്ത് മൗദൂദി എഴുതിയ ബൃഹത് ഗ്രന്ഥമാണ് 'ഇസ്‌ലാമിലെ ജിഹാദ്'. ആദ്യം 'അല്‍ ജംഇയ്യത്തി'ല്‍ തന്നെയാണ് അത് ലേഖന പരമ്പരയായി പ്രസിദ്ധീകരിച്ചത്; പിന്നീട് ഗ്രന്ഥരൂപത്തില്‍ പുറത്തിറക്കുകയായിരുന്നു. 500ല്‍പരം പുറങ്ങളുള്ള ഗ്രന്ഥം മുഴുവന്‍ വായിച്ചുതീര്‍ക്കുന്ന ആര്‍ക്കും കാണാവുന്ന കാര്യം തീവ്രവാദത്തിന് പ്രോല്‍സാഹനം നല്‍കുന്ന ഒരു വരിപോലും അതില്‍ ഇല്ലെന്നതാണ്. തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തില്‍ ജിഹാദിന്റെ സാക്ഷാല്‍ വിവക്ഷ വിവരിക്കുന്ന ഒരു ഗ്രന്ഥം അല്ലെങ്കില്‍ എങ്ങനെ തീവ്രവാദപരമാവും? ജമാഅത്തെ ഇസ്‌ലാമിയെ കിട്ടുന്ന ഏത് വടികൊണ്ടും അടിക്കാന്‍ സകലമാന ശക്തികളും കൈകോര്‍ത്ത ഒരു സന്ദര്‍ഭത്തില്‍ ആ സംഘടനയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു പ്രസാധനാലയം അതെങ്ങനെ പ്രസിദ്ധീകരിക്കും? പുസ്തകത്തിലെ നാലാം അധ്യായം (ഇസ്‌ലാമിന്റെ പ്രചാരണവും വാളും) മതത്തില്‍ ബലപ്രയോഗം പാടില്ലെന്നും ഇസ്‌ലാമിന്റെ പ്രചാരണം തീര്‍ത്തും സമാധാനപരമായിരിക്കണമെന്നും പ്രമാണങ്ങളും സംഭവങ്ങളുമുദ്ധരിച്ച് വിശദമാക്കുന്നതാണ്. ഈ പുസ്തകങ്ങള്‍ വായിച്ച ലക്ഷക്കണക്കിനാളുകള്‍ ഇന്ത്യയിലുണ്ടല്ലോ. അവരാരെങ്കിലും തീവ്രവാദികളായി മാറിയോ? മഅ്ദനി സ്വയം ഇപ്പറഞ്ഞ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കേണ്ടതാണ്. അദ്ദേഹമവ തടിയന്റവിട നസീറിന് കൊടുക്കാനുള്ള സാധ്യത അതിലും വിദൂരം. നസീര്‍ അത് വായിച്ച് പ്രചോദിതനായി എന്ന ആരോപണമാകട്ടെ പച്ചക്കള്ളവും. കാരണം അവയുടെ ഉള്ളടക്കം നടപ്പാക്കാന്‍ മഅ്ദനി നസീറിനോട് നിര്‍ദേശിച്ചുവെന്നാണ് കര്‍ണാടക പൊലീസിന്റെ ആരോപണം. എങ്കില്‍ ഒരു പരിപൂര്‍ണ സമാധാന പ്രിയനും സാത്വികനും ഭക്തനുമായ മുസ്‌ലിമായി നസീര്‍ മാറേണ്ടതായിരുന്നു. പ്രത്യേകിച്ചു ഹസനുല്‍ ബന്നായുടെ ആത്മകഥ കൂടിയുണ്ട് പുസ്തകങ്ങളുടെ കൂട്ടത്തില്‍. അസൂയാര്‍ഹമായ ജീവിത വിശുദ്ധിയിലൂടെ വളര്‍ന്ന സൂഫിവര്യനായിരുന്നു മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപകനായ ഹസനുല്‍ബന്നാ. പില്‍ക്കാലത്ത് ബ്രദര്‍ഹുഡിന്റെ കടുത്ത ശത്രുവായി മാറിയ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിര്‍ പോലും ബന്നായോട് തികഞ്ഞ ആദരവ് പുലര്‍ത്തിയിരുന്നു. ഒരിക്കലും ബന്നായെ നാസിര്‍ തള്ളിപ്പറഞ്ഞിരുന്നില്ല. വായിക്കുന്നവരില്‍ വിപ്ലവവീര്യം വളര്‍ത്തുന്ന ചെഗുവേരയുടെ ഡയറിയല്ല ഹസനുല്‍ ബന്നായുടെ ആത്മകഥ. തമാശ ഇവിടെ അവസാനിക്കുന്നില്ല. മൗദൂദിയെയും ബന്നായെയും സയ്യിദ് ഖുത്തുബിനെയും തടിയന്റവിടെ നസീറിനെ കൊണ്ട് വായിപ്പിച്ച മഅ്ദനി തന്നെയാണത്രെ പിന്നീടയാളെ നൂരിഷാ ത്വരീഖത്തില്‍ ചേര്‍ത്തത്!! ഹൈദരാബാദ് കേന്ദ്രമാക്കിയുള്ള നൂരിഷാ ത്വരീഖത്ത് മേല്‍പറഞ്ഞ ചിന്തകരെ ഒരര്‍ഥത്തിലും അംഗീകരിക്കുന്നവരല്ല. മൗദൂദിയുടെ ഒരനുയായിയും ഒരുതരം ത്വരീഖത്തിലും ചേരുകയുമില്ല. മഅ്ദനിയാവട്ടെ, ഈജിപ്തിലെ ദസൂഖി ത്വരീഖത്തിലാണ് വിശ്വസിക്കുന്നതെന്ന് തുറന്ന് പറഞ്ഞയാളാണ്. പക്ഷേ, നമ്മുടെ പൊലീസിനും അന്വേഷണ ഏജന്‍സികള്‍ക്കുമെന്ത് ത്വരീഖത്ത്, എന്ത് പുസ്തകം? മതേതര നാട്യക്കാരും സ്ഥാപിത രാഷ്ട്രീയ താല്‍പര്യക്കാരും മാധ്യമങ്ങളിലൂടെ നിരുത്തരവാദപരമായി എഴുതിപ്പിക്കുന്ന ചവറുകളില്‍നിന്ന് ആവശ്യമായ ഭാഗം പകര്‍ത്തിയെടുത്ത്, തടിയന്റവിടെ നസീറിനെ പോലുള്ള പുള്ളികളുടെ വായില്‍ തിരുകിക്കൊടുത്ത് രേഖപ്പെടുത്തുന്ന മൊഴികളാണ് തെളിവുകളായി കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. തികച്ചും യുക്തിശൂന്യവും അവിശ്വാസ്യവുമായ രേഖകളാണെന്നറിഞ്ഞുകൊണ്ടുതന്നെ, മുന്‍വിധിയോടെ ചുമത്തിയ ഗൂഢാലോചന, രാജ്യദ്രോഹം, ഭീകരബന്ധം തുടങ്ങിയ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇതൊക്കെ ആവശ്യമായി നിയമപാലകര്‍ കരുതുന്നു. പ്രതികളാക്കപ്പെടുന്നവരെ പിന്നീട് കോടതികള്‍ കുറ്റമുക്തരാക്കിയാലും വര്‍ഷങ്ങളോളം കേസ് നീട്ടിക്കൊണ്ടുപോവാനും ജയിലില്‍ പീഡിപ്പിക്കാനും ഇത് തന്നെ ധാരാളം മതിയല്ലോ. ജാമ്യവും പരോളും അനുവദിക്കുന്ന പ്രശ്‌നവുമില്ല.
പ്രഥമദൃഷ്ട്യാതന്നെ മനുഷ്യാവകാശ ധ്വംസനപരവും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമായ ഈ നാടകത്തിനെതിരെ ജനാധിപത്യ വിശ്വാസികളും മനുഷ്യ സ്‌നേഹികളും കൂട്ടായി ശബ്ദമുയര്‍ത്തേണ്ടതുണ്ട്. വികലാംഗനും രോഗിയും മതപണ്ഡിതനും രാഷ്ട്രീയ നേതാവുമായ മഅ്ദനിയെ പൂര്‍വ വിരോധത്തിന്റെ പേരില്‍ നശിപ്പിക്കാനുള്ള നീക്കം തികഞ്ഞ നീതിനിഷേധമാണ്. നിയമം നിയമത്തിന്റെ വഴി നോക്കട്ടെ എന്ന ചിലരുടെ കൈകഴുകല്‍ തികച്ചും അപ്രസക്തമാണ് ഇക്കാര്യത്തില്‍. കാരണം നിയമത്തിന്റെ വഴിയല്ല, നിയമത്തിന്റെ നഗ്‌നമായ ദുര്‍വിനിയോഗമാണ് നടക്കുന്നത്. ആശയ സമരവും സംവാദവുമാണ് ജനാധിപത്യത്തിന്റെ വഴി; അധികാര ദുര്‍വിനിയോഗവും ഭരണകൂട ഭീകരതയുമല്ല. സ്‌റ്റേറ്റ് ടെററിസത്തിലൂടെ തീവ്രവാദം തളരുകയല്ല, വളരുകയേ ചെയ്യൂ. ദേശീയ മനുഷ്യാവകാശ കമീഷനും ന്യൂനപക്ഷ കമീഷനും പൗരാവകാശ സംഘടനകളും അടിയന്തരമായി ഇടപെടേണ്ട മാനുഷിക പ്രശ്‌നമാണ് അബ്ദുന്നാസിര്‍ മഅ്ദനിയുടേത്. തെളിവില്ലാത്ത എല്ലാ കുറ്റങ്ങളുടെയും ഉത്തരവാദിത്തം അബ്ദുന്നാസിര്‍ മഅ്ദനിയുടെമേല്‍ വെച്ചുകെട്ടുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടിയത് രാജ്യത്തിന്റെ നൈതികബോധത്തെ തൊട്ടുണര്‍ത്തേണ്ടതാണ്. 'പ്രശസ്തനായൊരു മുസ്‌ലിമായത് കൊണ്ടുമാത്രം തെളിവില്ലാത്ത കേസുകളില്‍ മഅ്ദനിയെ ഉള്‍പ്പെടുത്തുന്നതിനെ' രാജ്യത്തെ തലമുതിര്‍ന്ന ഈ മനുഷ്യാവകാശ പോരാളി ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നൂറുകണക്കിന് ന്യൂനപക്ഷ സമുദായക്കാര്‍ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 5000ത്തില്‍പരം വര്‍ഗീയാക്രമണ കേസുകള്‍ പിന്‍വലിക്കാന്‍ കര്‍ണാടകയിലെ സംഘ്പരിവാര്‍ സര്‍ക്കാര്‍ തീരുമാനിച്ചതായ മറുവശം കൂടി കണക്കിലെടുക്കുമ്പോഴാണ് പകപോക്കലിന്റെ ക്രൂരതയുടെ ആഴം വ്യക്തമാവുക. പണം വാങ്ങി കലാപം നടത്തിക്കൊടുക്കുന്ന കൊടും ക്രിമിനലായ പ്രമോദ് മുത്തലിക്കിന്റെ പേരിലുള്ള 18 കേസുകളുമുണ്ട് പിന്‍വലിക്കപ്പെടുന്ന പട്ടികയില്‍! നിയമം അതിന്റെ വഴിക്ക് നടക്കട്ടെ, അല്ലേ?