Sunday, June 13, 2010

കക്കോടിയില്‍ സി.പി.എം ആക്രമണം: നിരവധിപേര്‍ക്ക് പരിക്ക്


കോഴിക്കോട്: കക്കോടിയില്‍ ജനകീയ വികസനമുന്നണി പ്രഖ്യാപനസമ്മേളനം സി.പി.എം പ്രവര്‍ത്തകര്‍ കൈയേറി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനുപേര്‍ പങ്കെടുത്ത യോഗത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച 50ലേറെ വരുന്ന സംഘത്തിന്റെ ആക്രമണത്തില്‍ പൊലീസുകാരടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. യോഗത്തിനെത്തിയവരുടെ പത്തിലേറെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത് മറിച്ചിട്ട സംഘം സ്ഥലത്തെത്തിയ 'സ്‌പൈഡര്‍ നെറ്റ്' ചാനല്‍ ലേഖകന്‍ അനൂപിനെ മര്‍ദിച്ച് കാമറ എറിഞ്ഞു തകര്‍ത്തു. വന്‍ പൊലീസ് സംഘമെത്തിയാണ് നേതാക്കളെയും സ്ത്രീകളെയും യോഗം നടന്ന കക്കോടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍നിന്ന് പുറത്തെത്തിച്ചത്. സാരമായി പരിക്കേറ്റ ജനകീയ വികസന മുന്നണി കക്കോടി പഞ്ചായത്ത് ചെയര്‍മാന്‍ മോരിക്കര പറമ്പത്ത് മുജീബ് (32), പാലത്ത് കുളംകുള്ളി മീത്തല്‍ ഷാഹുല്‍ ഹമീദ് (25), വേങ്ങാട്ടില്‍ സാലിഹ് (39), മോരിക്കര കോറോത്ത്താഴം മഅ്‌സൂം (42), മക്കട അബ്ദുല്‍ റഷീദ് (44), ഒ.വി. റഫീഖ് (35), ഒ. ജമാല്‍ (35), കെ. ഫൈസല്‍ (28), എന്‍.ടി. ഫൈസല്‍ (26), ഷാജി കുറിഞ്ഞോളി (35) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇടിക്കട്ടകൊണ്ട് മര്‍ദനമേറ്റ സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ ഉണ്ണിരാജ, എ.എസ്.ഐ ഫൈസല്‍ എന്നിവരെ ബീച്ച് ഗവണ്‍മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം 3.30-ഓടെ പഞ്ചായത്ത്‌വക കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള കമ്യൂണിറ്റി ഹാളില്‍ ഹമീദ് വാണിമേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി. സാലിഹ് പഞ്ചായത്ത് വികസന രേഖ അവതരിപ്പിച്ചശേഷം പ്രമോദ് ഷമീര്‍ പ്രസംഗിക്കുമ്പോള്‍ നേരത്തെ ഇടംപിടിച്ച അക്രമിസംഘം എഴുന്നേല്‍ക്കുകയായിരുന്നു. അജണ്ടയില്‍ ചോദ്യോത്തരപരിപാടി ഇല്ലെന്ന് അധ്യക്ഷന്‍ മുജീബ് അറിയിച്ചപ്പോള്‍ 'ചോദ്യം അനുവദിക്കില്ല അല്ലേ' എന്ന് ആക്രോശിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. പുറത്തുനിന്ന് കൂടുതല്‍പേര്‍ ഇരച്ചെത്തി കസേരകളും മൈക്ക് ഉപകരണങ്ങളും തകര്‍ത്തെറിഞ്ഞു. തടയാന്‍ ചെന്ന പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് മര്‍ദിച്ചു. മറ്റൊരു സംഘം പടിയിറങ്ങി താഴെയെത്തി വലിയ കല്ലുകളും ഇടിക്കട്ടയും സൈക്കിള്‍ ചെയിനും വടികളുമുപയോഗിച്ച് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. കാറുകളും ഓട്ടോറിക്ഷയും ബൈക്കുകളും തകര്‍ത്തവയില്‍പെടുന്നു. മഫ്ടിയില്‍ യോഗം നിരീക്ഷിക്കാനെത്തിയ സ്‌പെഷല്‍ ബ്രാഞ്ച് പൊലീസുകാര്‍ക്കും മര്‍ദനമേറ്റു.

സംഭവമറിഞ്ഞ് സ്ഥലത്ത് ആദ്യമെത്തിയ സ്‌പൈഡര്‍നെറ്റ് കാമറാമാന്‍ അനൂപിനെ വളഞ്ഞിട്ട് മര്‍ദിച്ച സംഘം കാമറ നിലത്തിടിച്ച് തകര്‍ത്തു. യോഗം തുടങ്ങിയ ഉടന്‍ ചെറിയ പോലിസ്‌സംഘം എത്തിയിരുന്നു. 15 മിനിറ്റിനകം ആക്രമണം നടത്തി സംഘം സ്ഥലത്തുനിന്ന് മാറിയതിന് ശേഷമാണ് കൂടുതല്‍ പോലിസെത്തിയത്. ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി എന്നിവരടക്കമുള്ള നേതാക്കളെയും വനിതകളെയും വൈകുന്നേരം ആറുമണിയോടെയാണ് പോലിസ് സഹായത്തോടെ ഹാളില്‍നിന്ന് പുറത്തെത്തിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു. ആക്രമണം നടത്തിയതിന് കണ്ടാലറിയാവുന്ന 50ഓളം പേര്‍ക്കെതിരെയും പൊലീസുകാരെ ആക്രമിച്ചതിന് ഏതാനുംപേര്‍ക്കെതിരെയും കേസെടുത്തതായി ചേവായൂര്‍ പൊലീസ് അറിയിച്ചു.


http://www.mathrubhumi.com/story.php?id=106213

ജമാഅത്തെ ഇസ്ലാമിയുടെ വികസന കണ്‍വന്‍ഷനില്‍ സി.പി.എം. അക്രമം - മംഗളം
യോഗത്തില്‍ കയ്യേറ്റം; ജമാഅത്ത് പ്രവര്‍ത്തകര്‍ക്കു പരുക്ക് - മലയാള മനോരമ
മാധ്യമത്തിലെ വാര്‍ത്ത



 

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...