Thursday, May 27, 2010

ജമാഅത്തെ ഇസ്ലാമി സാംസ്കാരിക കേരളത്തെ വിഴുങ്ങുന്നുവോ?

ജമാഅത്തെ ഇസ്ലാമി
സാംസ്കാരിക കേരളത്തെ വിഴുങ്ങുന്നുവോ?

May 21, 2010
ജമാഅത്തെ ഇസ്ലാമിയും അതിന്റെ പോഷക ഘടകങ്ങളും മീഡിയയും മറ്റു അനുബന്ധ സംവിധാനങ്ങളും എല്ലാം കൂടി സാംസ്കാരിക കേരളത്തെയും (അല്ല, എല്ലാ പൊതു ഇടങ്ങളെയും!) സാമൂഹിക, രാഷ്ട്രീയ നേതാക്കളെയും ബുദ്ധിജീവികളെയും മറ്റു സാമൂഹിക സംവിധാനങ്ങളെയും എല്ലാം വിഴുങ്ങിക്കളയുമെന്നും ബന്ധപ്പെട്ട സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും നേതാക്കളും അടിയന്തര ജാഗ്രത കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹമീദ് ചേന്ദമംഗല്ലൂര്‍ ടിയാന്റെ സ്ഥിരം തട്ടകത്തില്‍ നീണ്ട ലേഖനമെഴുതിയിരിക്കുന്നു (മാതൃഭൂമി വാരിക മെയ് 16, 'പൊതു സമ്മതികളിലെ ചതിക്കുഴികള്‍'). മൂന്നര കോടി ജനതയെയും അവരുടെ നേതാക്കളെയും അപ്പാടെ വലയിലാക്കാന്‍ സാധ്യമാകുന്ന ഇത്ര വലിയ 'വലകണ്ണികള്‍' ജമാഅത്തും സഹസംവിധാനങ്ങളും കേരളത്തില്‍ വിരിച്ചിട്ടുണ്ടോ?

പാക്കത്ത് മുഹമ്മദ് അലനല്ലൂര്‍


കല്‍ക്കത്ത വാരികയായിരുന്ന സണ്‍ഡേയില്‍ വന്ന ലേഖനം മോഷ്ടിച്ചുകൊണ്ട് ലേഖകന്‍ നാല് പതിറ്റാണ്ടായി മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആരംഭിച്ച കുരിശുയുദ്ധം ഇരുപത്തൊന്നാം നൂറ്റാണ്ടിലും പൂര്‍വാധികം അസ്വസ്ഥനായും ആക്രമണോത്സുകനായും തുടരേണ്ടിവന്നതു തന്നെ, ഈ 'ഇന്റലക്ച്വല്‍ ജിഹാദി'ല്‍ നേരിട്ട ദയനീയ പരാജയത്തെ വിളംബരം ചെയ്യുന്നു. തായാട്ട് ശങ്കരന്റെ ബൌദ്ധിക ശിഷ്യനായി മതേതരത്വത്തിനും മാര്‍ക്സിസത്തിനും വേണ്ടിയെന്ന വ്യാജേന രംഗത്തിറങ്ങിയ ഹമീദ് അനുസ്യൂതം തുടരുന്ന അപവാദ വ്യവസായം, തനിക്ക് നഷ്ടപ്പെടുത്തിയത് മാര്‍ക്സിസത്തിന്റെ ഭൂമിക തന്നെയാണ്. സി.പി.എം ബുദ്ധിജീവി ചമഞ്ഞ് ദേശാഭിമാനിയിലൂടെ ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉതിര്‍ത്ത ഉണ്ടകള്‍ ഒടുവില്‍ ബൂമറാങ് പോലെ സ്വന്തം നെഞ്ചത്ത് വന്നു പതിച്ചു. സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരായ പോരാട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിയോട് അയിത്തം കല്‍പിക്കേണ്ട കാര്യമില്ലെന്ന് സി.പി.എം തിരിച്ചറിഞ്ഞപ്പോള്‍ ഹമീദ് കളരിക്ക് പുറത്ത്! തന്റെ നിന്ദ്യവും യുക്തിശൂന്യവുമായ ജമാഅത്ത് വിരോധത്തിന് കൂട്ടാവാന്‍ സാക്ഷാല്‍ ഭൌതികവാദികളും സെക്യുലരിസ്റുകളും പോലും സന്നദ്ധരായില്ല. ആകപ്പാടെ ഈ അവിശുദ്ധ യുദ്ധത്തില്‍ പങ്കാളികളായത് തുടക്കം മുതല്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ ഒളി അജണ്ടകളുള്ള മാതൃഭൂമിയും ആ പത്രത്തിന്റെ ഏതാനും വളര്‍ത്തു പുത്രന്മാരുമാണ്. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളും കെ.എം സീതി സാഹിബും സി.എച്ച് മുഹമ്മദ് കോയയും മുസ്ലിം ലീഗിനെ നയിച്ച കാലത്ത് അതില്‍ വര്‍ഗീയത കണ്ടെത്തി ലീഗിനെതിരെ പോരാട്ടത്തിലേര്‍പ്പെട്ട മാതൃഭൂമി മാറിയ പരിതസ്ഥിതിയില്‍ നിലപാട് മാറ്റിയതിന്റെ പിന്നിലെ ചേതോവികാരം കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടതില്ല. മാതൃഭൂമി പ്രതിനിധാനം ചെയ്യുന്ന ദേശീയത എക്കാലത്തും മുസ്ലിം ന്യൂനപക്ഷത്തെ മനസാ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നതായിരുന്നു. മലപ്പുറം ജില്ലാ രൂപവത്കരണത്തിലും അങ്ങാടിപ്പുറം ക്ഷേത്ര സമരത്തിലും കാലിക്കറ്റ് യൂനിവേഴ്സിറ്റി സംസ്ഥാപനത്തിലുമെല്ലാം അത് പ്രകടമായി. ഇന്നും ആ പത്രത്തിന്റെ ജീവനക്കാരില്‍ എത്ര ശതമാനം മുസ്ലിംകളുണ്ടെന്ന അന്വേഷണം മാതൃഭൂമിയുടെ ഹിന്ദുത്വ പശ്ചാത്തലത്തിലേക്ക് അസന്ദിഗ്ധമായി വിരല്‍ ചൂണ്ടുന്നതാണ്. ഇസ്ലാമിനെതിരായ കടന്നാക്രമണത്തിന് ഹമീദുമാരെ നിര്‍ലോഭം ഉപയോഗിക്കുന്ന മാതൃഭൂമി ഹിന്ദുത്വത്തിന്റെ നേരെ ശക്തമായി പ്രതികരിക്കുന്ന ബുദ്ധിജീവികളെ പടിക്ക് പുറത്ത് നിര്‍ത്തിയത് യാദൃശ്ചികമല്ല.
കേരളത്തിന്റെ പൊതുഇടവും സാമൂഹിക രംഗവും ആര്‍ക്കു വേണ്ടിയും സംവരണം ചെയ്തുവെച്ചിട്ടില്ല. നാസ്തികര്‍ക്കും മതനിരാസികള്‍ക്കും അരാജകത്വവാദികള്‍ക്കും മാത്രമേ സാമൂഹിക, സാംസ്കാരിക, ദേശീയ, സാര്‍വദേശീയ പ്രശ്നങ്ങളില്‍ ഇടപെടാന്‍ പാടുള്ളൂ എന്ന ബ്രാഹ്മണ്യവും ജനാധിപത്യയുഗത്തില്‍ നടപ്പാക്കാന്‍ നോക്കരുത്. മതധാര്‍മിക നൈതിക ഭൂമികയില്‍ നിലയുറപ്പിച്ചുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി മുതല്‍ പ്രസ്ഥാനങ്ങള്‍ക്ക് പൊതു പ്രശ്നങ്ങളില്‍ ഇടപെടാനും അഭിപ്രായം പറയാനും അവകാശമുണ്ടെന്ന് മാത്രമല്ല, സംഹരിക്കുന്നവരേക്കാള്‍ നിര്‍മിക്കുന്നവര്‍ക്കാണ് ധാര്‍മികമായി അതിനുള്ള അവകാശം. ജീവല്‍ പ്രശ്നങ്ങള്‍ ഇത്രയും കാലം കൈയാളി കുളമാക്കിയവരാണല്ലോ, രാജ്യത്തെ ഇടതു-വലത് ഭൌതിക ശക്തികള്‍. ഇനി മനുഷ്യ സ്നേഹികള്‍ക്കും ഒരവസരം നല്‍കിയാല്‍ ആകാശം ഇടിഞ്ഞുവീഴാന്‍ പോകുന്നില്ല.
ഇതൊക്കെ നന്നായി തിരിച്ചറിഞ്ഞ സാംസ്കാരിക പ്രവര്‍ത്തകര്‍ ഇന്ന് ഭാഗ്യവശാല്‍ കേരളീയ സമൂഹത്തില്‍ വേണ്ടത്രയുണ്ട്. അവര്‍ പല വിഷയങ്ങളിലും ജമാഅത്തെ ഇസ്ലാമിയോടും സോളിഡാരിറ്റിയോടും വിയോജിച്ചുകൊണ്ടുതന്നെ പ്രസ്ഥാനത്തിന്റെ സാമൂഹിക ഇടപെടലുകളോടും സാമ്രാജ്യത്വ വിരുദ്ധ സമീപനങ്ങളോടും ജനസേവന പ്രവര്‍ത്തനങ്ങളോടും സഹകരിക്കുന്നു. ഹമീദ് എത്ര കരഞ്ഞു പറഞ്ഞാലും അവരുടെ മനസ്സ് മാറില്ല. കാരണം, വിവേചനബുദ്ധിയും ഇഛാസ്വാതന്ത്യ്രവുമുള്ളവരാണവര്‍. താനൊഴിച്ച് മറ്റുള്ളവരെല്ലാം ജമാഅത്തിന്റെ വലയില്‍ വീണവരാണെന്ന വിലാപം ലേഖകന്റെ സഹതാപാര്‍ഹമായ മാനസിക നിലയെ അനാവരണംചെയ്യുന്നു.
1987 ജൂണില്‍ മാധ്യമം പത്രം പ്രസിദ്ധീകരണമാരംഭിച്ചതിന്റെ മൂന്നാം നാള്‍ അത് കടലാസില്‍ പൊതിഞ്ഞ മത്സ്യമാണെന്ന് ദേശാഭിമാനിയില്‍ എഴുതിപ്പിടിപ്പിച്ചയാളാണ് നമ്മുടെ മതേതര നാട്യക്കാരന്‍. മീന്‍ ചീയുമ്പോള്‍ ആളുകള്‍ വിവരമറിയും എന്നാശ്വസിച്ച ലേഖകന്‍ പി.കെ ബാലകൃഷ്ണന്‍ വെറും സ്ഥാനീയ പത്രാധിപരാണെന്നും മാലോകരെ അറിയിച്ചിരുന്നു. ബാലകൃഷ്ണന്‍ അന്ത്യം വരെ മൂര്‍ച്ചയേറിയ തന്റെ ശൈലിയില്‍ സാമൂഹിക വിമര്‍ശനം കൊണ്ട് മാധ്യമത്തെ വേറിട്ടൊരു വായനാനുഭവമാക്കി. മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന കെ.എ കൊടുങ്ങല്ലൂരായിരുന്നു അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ വാരാദ്യമാധ്യമത്തിന്റെ സാരഥി. ഇന്നും കര്‍മനിരതനായി ജീവിച്ചിരിക്കുന്ന അനുഗ്രഹീത തൂലികാകാരന്‍ സി. രാധാകൃഷ്ണന്‍ മാധ്യമം ആഴ്ചപ്പതിപ്പിന്റെയും തുടര്‍ന്ന് ദിനപത്രത്തിന്റെയും എഡിറ്ററായി. മാതൃഭൂമി ആഴ്ചപ്പതിന്റെ എഡിറ്ററായ കമല്‍റാം സജീവും മാധ്യമം ആഴ്ചപ്പതിപ്പിലൂടെ വളര്‍ന്നവനാണ്. തുടക്കം മുതല്‍ മാധ്യമത്തിന്റെ സ്ഥിരം കോളമിസ്റാണ് ഇന്ത്യയിലെ ഏറ്റവും തലമുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍. മാധ്യമത്തിന്റെ ജമാഅത്ത് പശ്ചാത്തലമാകട്ടെ അദ്ദേഹത്തിന് അസ്സലായി അറിയാം. എം. റഷീദും ഒ.വി ഉഷയും ഡി. ബാബു പോളും വിജു വി. നായരുമെല്ലാമുണ്ട് മാധ്യമത്തിന്റെ കെണിയില്‍ വീണവര്‍. മാധ്യമം ആഴ്ചപ്പതിപ്പിലും വാര്‍ഷികപ്പതിപ്പുകളിലും എഴുതാത്തവരായി തലയെടുപ്പുള്ള സാഹിത്യകാരന്മാരില്‍ അപൂര്‍വമേയുള്ളൂ. ഇവരെയെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ ഹമീദടക്കമുള്ളവര്‍ നിരന്തരം ശ്രമിച്ചിട്ടും പരിഹാസ്യമായി പരാജയപ്പെട്ടതിന്റെ ഒടുവിലത്തെ സാക്ഷ്യമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പന്ത്രണ്ട് പുറം നീണ്ട 'ചതിക്കുഴികള്‍'. ഇനി ഒരേയൊരു രക്ഷാമാര്‍ഗമേയുള്ളൂ. കൃഷ്ണക്കുറുപ്പിന്റെ മാര്‍ഗം. കേശവദേവിന്റെ 'ത്യാഗിയായ ദ്രോഹി'യിലെ മുഖ്യ കഥാപാത്രമായ കൃഷ്ണക്കുറുപ്പ് അയല്‍ക്കാരനെതിരെ കൊടുത്ത മുഴുവന്‍ കേസുകളിലും തോറ്റപ്പോള്‍ നിരാശനായി ഒടുവില്‍ അയല്‍ക്കാരന്റെ മുറ്റത്തെ മരക്കൊമ്പില്‍ രാത്രി കെട്ടിത്തൂങ്ങാന്‍ തീരുമാനിക്കുകയാണ്, മുഖ്യ ശത്രുവായ അയല്‍ക്കാരന്‍ തന്നെ തല്ലിക്കൊന്ന് തൂക്കിയതാണെന്നാരോപിച്ചു പോലീസ് അയാള്‍ക്കെതിരെ കേസ് ചാര്‍ജ്ചെയ്യാന്‍!

2 comments:

  1. മതരാഷ്ട്രവാദത്തിലും തീവ്രവാദത്തിലും അധിഷ്ഠിതമായ സംഘടനകള്‍പോലും പുരോഗമന വാദത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും മുഖംമൂടിയണിഞ്ഞ്‌ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുകയും അവയെ ഏറ്റെടുക്കുകയും ചെയ്തുകൊണ്ട്‌ തങ്ങളുടെ ആശയങ്ങളെ വളഞ്ഞവഴിയിലൂടെ സമൂഹത്തിന്റെ ചിന്താധാരയില്‍ കടത്തിവിടുവാന്‍ ശ്രമിക്കുമ്പോള്‍ (ഉദാ. ജമാഅത്തെ ഇസ്ലാമിയും മാധ്യമം പ്രസിദ്ധീകരണങ്ങളും

    http://www.sathyadarsanamala.org/?p=99

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...