പ്രവര്‍ത്തകരെ ജനാധിപത്യം പഠിപ്പിക്കണം: ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: കക്കോടി പഞ്ചായത്ത് ജനകീയ വികസന മുന്നണി കണ്‍വെന്‍ഷന്‍ കൈയേറി പ്രവര്‍ത്തകര്‍ക്കുനേരെ സി.പി. എം നടത്തിയ ആസൂത്രിത അക്രമണത്തെ ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറിയേറ്റ് അപലപിച്ചു. സി.പി.എം അണികള്‍ക്ക് ജനാധിപത്യമര്യാദ പഠിപ്പിക്കണം. ജനാധിപത്യരാജ്യത്ത് അഭിപ്രായ സ്വാതന്ത്യ്രം കൂച്ചുവിലങ്ങിടാനും കൈയൂക്കുകൊണ്ട് നേരിടാനുമുള്ള തീരുമാനം ഗുരുതരപ്രത്യാഘാതമുണ്ടാക്കും. കള്ളപ്രചാരണങ്ങളും കൈയേറ്റവുംകൊണ്ട് ജനകീയ മുന്നേറ്റങ്ങളെ ചെറുക്കാമെന്ന് കരുതേണ്ട. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതിനാല്‍ അക്രമണം നടത്താനുള്ള ആസൂത്രിത നീക്കം പാര്‍ട്ടിയുടെ തകര്‍ച്ചയുടെ തുടക്കമാണ്. വിവിധ ഭാഗങ്ങളിലുള്ള അക്രമണം ജനാധിപത്യ കേരളം ചെറുത്തു തോല്‍പിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സോളിഡാരിറ്റി
കോഴിക്കോട്: കക്കോടി പഞ്ചായത്ത് ജനകീയ വികസന മുന്നണിയുടെ പ്രഖ്യാപന സമ്മേളനം കക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ നൂറോളം സി.പി.എം പ്രവര്‍ത്തകര്‍ കൈയേറുകയും സ്ത്രീകളെയും കുട്ടികളെയും അടക്കം അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തത് ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സി.പി.എമ്മിന്റെ ഫാഷിസ്റ്റ് മുഖമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്യ്രത്തിനുനേരെ സി.പി.എം കാണിക്കുന്ന നിലപാടിനെതിരെ ജനാധിപത്യ കേരളം ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്: കക്കോടി ജനകീയ വികസന മുന്നണി കണ്‍വെന്‍ഷനിലേക്ക് അതിക്രമിച്ച് കയറിയ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനത്തിന് എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം സാദിഖ് കണ്ണൂര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ.വി.എം. ഹാരിസ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അസ്താജ് പുതിയങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി.
കൊടുവള്ളി: ജനകീയ വികസന മുന്നണി പ്രഖ്യാപന സമ്മേളനത്തിനുനേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് കൊടുവള്ളിയില്‍ സോളിഡാരിറ്റി പ്രകടനം നടത്തി. യൂനിറ്റ് പ്രസിഡന്റ് ആര്‍.വി. െെസനുദ്ദീന്‍, ജനപക്ഷ മുന്നണി പഞ്ചായത്ത് കണ്‍വീനര്‍ ആര്‍.വി. റഷീദ്, കെ. ഫിറോസ്ഖാന്‍, എ.കെ. മനാഫ്, യു.കെ. ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി.
മുക്കം: ജനകീയ വികസന മുന്നണി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ജനപക്ഷം കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. മുരിങ്ങാംപുറാടി അങ്ങാടിയില്‍ നടന്ന പ്രകടനത്തിന് പഞ്ചായത്ത് ചെയര്‍മാന്‍ വി.പി. ശംസുദ്ദീന്‍, വൈ. ചെയര്‍മാന്‍ കെ.സി. നൂറുദ്ദീന്‍, അഷ്‌റഫ് കീലത്ത്, പി.ശിഹാബുല്‍ ഹഖ് എന്നിവര്‍ നേതൃത്വം നല്‍കി.
പാലക്കാട്: കോഴിക്കോട് കക്കോടിയില്‍ ജനകീയ വികസന മുന്നണി പ്രഖ്യാപന സമ്മേളനവേദിയി കൈയേറി നിരവധി പേരെ ആ്രകമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലുടനീളം റാലി നടന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി അംഗങ്ങള്‍, സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവര്‍ത്തകര്‍, ജനകീയ സമര നേതാക്കള്‍ തുടങ്ങിയവര്‍ റാലിയില്‍ സംബന്ധിച്ചു. പാലക്കാട് ടൗണില്‍ റാലിയോടനുബന്ധിച്ച് നടന്ന യോഗത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി അംഗം പി.സി. ഹംസ സംസാരിച്ചു. ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് ഇത്തരം അക്രമമെന്നും ജനകീയ സമരങ്ങളെ അടിച്ചൊതുക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അസി. സെക്രട്ടറി എം.എ. സക്കീര്‍ ഹുസൈന്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എം. സുലൈമാന്‍, സെക്രട്ടറി പി. ലുഖ്മാന്‍, എം.എ. അബ്ദുഷുക്കൂര്‍, പ്ലാച്ചിമട സമരനേതാവ് വിളയോടി വേണുഗോപാല്‍, പട്ടികജാതി -വര്‍ഗ സംരക്ഷണ മുന്നണി ചീഫ് കോ ഓഡിനേറ്റര്‍ വി. എസ്. രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി വിജയന്‍ അമ്പലക്കാട്, എസ്.ഐ.ഒ ജില്ലാ കമ്മിറ്റി അംഗം ഷെഫീഖ് അജ്മല്‍ എന്നിവര്‍ സംബന്ധിച്ചു. സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ തിങ്കളാഴ്ച വൈകുന്നേരം 4.30ന് പട്ടാമ്പി കൊപ്പത്ത് സോളിഡാരിറ്റി പൊതുയോഗം സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ സംബന്ധിക്കും.
മലപ്പുറം: ജനകീയ കൂട്ടായ്മകളുടെ മുന്നേറ്റത്തെ മസില്‍പവറുകൊണ്ട് നേരിടാനുള്ള ഹീനമായ നീക്കമാണ് സി.പി.എം നടത്തുന്നതെന്നതിന്റെ വ്യക്തമായ സാക്ഷ്യമാണ് കക്കോടിയില്‍ ജമാഅത്തെ ഇസ്‌ലാമിയും യുവജനവിഭാഗവും സംഘടിപ്പിച്ച പൊതുപരിപാടിക്കുനേരെ സി.പി.എം-ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ നടത്തിയ കൈയേറ്റമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങളെ കേരളസമൂഹം കൈയുംകെട്ടി നോക്കി നില്‍ക്കില്ല. ജനാധിപത്യത്തെക്കുറിച്ച് പെരുമ്പറയടിക്കുകയും അതേസമയം കൈയൂക്കുകൊണ്ട് ഇതിനെ അറുകൊല ചെയ്യുകയുമാണ് സി.പി.എം ചെയ്യുന്നത്. പശ്ചിമബംഗാളിലെ നാണംകെട്ട തിരിച്ചടിയില്‍നിന്ന് ഒന്നും പഠിക്കാത്തവര്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ തോല്‍വി കാത്തിരിക്കുകയാണെന്ന് മനസ്സിലാക്കണം. ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കല്‍ സെല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനിടയായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തും. പ്രസിഡന്റ് പ്രഫ. പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. അബ്ദുല്‍ഖാദര്‍, ഹബീബ് ജഹാന്‍, എന്‍.കെ. അബ്ദുല്‍ അസീസ്, സലീം മമ്പാട് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അവറു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
വീരേന്ദ്രകുമാര്‍
കോഴിക്കോട്: കക്കോടിയിലെ ജനകീയ വികസന മുന്നണി യോഗത്തിനുനേരെ സി.പി.എം നടത്തിയ അക്രമം അപലപനീയമാണെന്ന് ജനതാദള്‍^എസ് സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. വ്യക്തികള്‍ക്കും സംഘടനകള്‍ക്കുംനേരെ തുടര്‍ച്ചയായി സി.പി.എം അക്രമം നടത്തിക്കൊണ്ടിരിക്കുന്നത് എല്ലാതരത്തിലുമുള്ള പിന്തുണ നഷ്ടപ്പെട്ടതിനാലും ഭരണപരാജയം മറച്ചുവെക്കാനുമാണ്. അക്രമത്തിനെതിരെ കേരള സമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്
കോഴിക്കോട്: കക്കോടിയില്‍ സി.പി.എം നടത്തിയ അക്രമം ജനാധിപത്യവിരുദ്ധവും ഫാഷിസവുമാണെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. എം. വീരാന്‍കുട്ടി പറഞ്ഞു. അധികാരശക്തി ഉപയോഗിച്ച് സി.പി.എം നാട്ടിലാകെ അക്രമം വ്യാപിപ്പിക്കുകയാണ്. അഭിപ്രായസ്വാതന്ത്യ്രത്തിന് നേരെയുള്ള കൈയേറ്റമാണ് കക്കോടിയില്‍ നടന്നത്. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം.ആര്‍. മുരളി
കോഴിക്കോട്: ജനപിന്തുണ നഷ്ടപ്പെട്ട സി.പി.എമ്മിന്റെ ഫാഷിസ്റ്റ് നടപടിയാണ് കക്കോടിയില്‍ നടന്നതെന്ന് ഇടത് ഏകോപന സമിതി ജനറല്‍ സെക്രട്ടറി എം.ആര്‍. മുരളി പറഞ്ഞു. ഇതിനെതിരെ ജനാധിപത്യസമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.ആര്‍. നീലകണ്ഠന്‍
കോഴിക്കോട്: ജനകീയ വികസന മുന്നണി കക്കോടിയില്‍ സംഘടിപ്പിച്ച യോഗത്തിനുനേരെ സി.പി.എം നടത്തിയ അക്രമം നാട്ടിലെ ജനാധിപത്യത്തെ തകര്‍ക്കുന്ന നടപടിയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍. മൈക്ക് പെര്‍മിഷനെടുത്ത് നടത്തുന്ന യോഗത്തില്‍ പ്രസംഗിക്കുന്നവര്‍ക്കുനേരെ ആക്രമണം നടത്തുന്നത് ഫാഷിസ്റ്റ് പ്രവണതയാണ്. കക്കോടിയില്‍ നടന്നത് പാലേരിയില്‍ നടന്നതിന്റെ തുടര്‍ച്ചയാണ്. അഭിപ്രായ വ്യത്യാസമുള്ളവരെ അടിച്ചൊതുക്കുന്ന നടപടി തീര്‍ത്തും അന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്. ശ്രീധരന്‍പിള്ള
കോഴിക്കോട്: കക്കോടിയില്‍ സി.പി.എം നടത്തിയ അക്രമം ഫാഷിസ്റ്റ് നടപടിയാണെന്നും ഇത് ജനാധിപത്യത്തിനും സമാധാന ജീവിതത്തിനും ഭീഷണിയാണെന്നും ബി.ജെ.പി നേതാവ് പി. ശ്രീധരന്‍പിള്ള പറഞ്ഞു. എതിര്‍ക്കുന്നവരെ മസില്‍പവറും ഭരണസ്വാധീനവും ഉപയോഗിച്ച് ഇല്ലാതാക്കുക എന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചുവരുന്നത്. ഇത് എതിര്‍ക്കപ്പെടണം ^അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ
കോഴിക്കോട്: കക്കോടിയിലെ ജമാഅത്തെ ഇസ്ലാമി പൊതുയോഗത്തെ കൈയേറ്റംചെയ്ത് നേതാക്കളെ അക്രമിച്ച സി.പി.എം നടപടി ജനാധിപത്യ കേരളത്തിന് കളങ്കമാണെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. മുഹമ്മദ് ഷരീഫ് പറഞ്ഞു.
എം.കെ. രാഘവന്‍
കോഴിക്കോട്: അഭിപ്രായ വ്യത്യാസം ഉള്ളവരെ കൈയൂക്കിന്റെ രാഷ്ട്രീയംകൊണ്ട് നേരിടുന്നത് ജനാധിപത്യ സമൂഹത്തിന് ആശ്വാസമല്ലെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. ആശയത്തെ ആശയപരമായി നേരിടാന്‍ ഡി.വൈ.എഫ്.ഐ തയാറാവണം. നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംഘടന തയാറാകണം. പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ അക്രമം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. സി.പി.എമ്മിന്റെയും പോഷകസംഘടനകളുടെയും അസഹിഷ്ണുതയാണ് ഇതില്‍ വ്യക്തമാകുന്നത് ^രാഘവന്‍ പറഞ്ഞു.
No comments:
Post a Comment