Converts

ഇസ്രായേലി ഇടതു നേതാവ് ഇസ്‌ലാം സ്വീകരിച്ചു
ജറൂസലം: ഇസ്രായേലി ഇടതുപക്ഷ നേതാവ് താലി ഫാഹിമ ഇസ്‌ലാംമതം സ്വീകരിച്ചു. ഫലസ്തീന്‍ അനുകുല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പലതവണ വിമര്‍ശവിധേയയായ ഫാഹിമ ഫലസ്തീനിലെ ഉമ്മുല്‍ ഫഹ്മിലെ പള്ളിയില്‍ വെച്ചാണ് ഇസ്‌ലാം ആശ്ലേഷിച്ചതെന്ന് ഇസ്രായേല്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

34കാരിയായ ഫാഹിമ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു. 2004ല്‍ ഫലസ്തീന്‍ അതിര്‍ത്തി കടന്നതിന് ഫാഹിമ അറസ്റ്റിലായിരുന്നു. അല്‍അഖ്‌സ നേതാവ് സകരിയ സുബൈദിയുമായി അടുപ്പമുണ്ടെന്ന് ആരോപണവിധേയയായ ഫാഹിമയെ 2005ല്‍ ഇസ്രായേല്‍ കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു.

സുബൈദിക്ക് തന്ത്രപ്രധാന രേഖകള്‍ ചോര്‍ത്തി തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. സുഹൃത്തുക്കളുടെയും ഇടതു പാര്‍ട്ടികളുടെയും ഇടപെടലിനെ തുടര്‍ന്ന് 2007ല്‍ ജയില്‍ മോചിതയായി.  തുടര്‍ന്ന്, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

ഗസ്സ ഉപരോധം ഭേദിക്കാനെത്തിയ തുര്‍ക്കി കപ്പലിലുണ്ടായിരുന്ന ഫലസ്തീന്‍ നേതാവ് ശൈഖ് റാഇദ് സാലിഹിന്റെ വ്യക്തിപ്രഭാവം തനിക്ക് പ്രേരണയായതായി ഫാഹിമ പറഞ്ഞു.
2008ല്‍ ഇസ്രായേലിലെ പ്രമുഖ ഇടതുനേതാവ് ഉറി ഡേവിസും ഇസ്‌ലാം സ്വീകരിച്ചിരുന്നു.

നിരീശ്വരവാദിയുടെ മനംമാറ്റം
പ്രശസ്ത ഇന്ത്യന്‍ മനോരോഗ വിദഗ്ധന്‍ ഡോ.പെരിയാര്‍ ദാസന്‍ ‍ ഇസ്ലാം സ്വീകരിച്ചതായി സുഊദി അറേബ്യയിലെ അറബ് ന്യൂസ് ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ദൈവത്തില്‍നിന്ന് നേരിട്ടവതരിച്ച ഒരേയൊരു വേദഗ്രന്ഥത്തെ പിന്തുടരുന്നത് ഇസ്ലാം മാത്രമാണെന്ന് അബ്ദുല്ല എന്ന് പേരുമാറ്റിയ പെരിയാര്‍ ദാസന്‍ പറഞ്ഞു. തമിഴ് വംശജനായ അദ്ദേഹം ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറാണ്. ഇന്ത്യയിലെ ചില കുഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനെക്കുറിച്ച് തമിഴില്‍ നിര്‍മിച്ച 'കറുത്തമ്മ' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇദ്ദേഹം നിരീശ്വരവാദിയായാണ് അറിയപ്പെട്ടിരുന്നത്. ഉംറ നിര്‍വഹിക്കാനാണ് ഡോ. അബ്ദുല്ല മക്കയിലെത്തിയത്.
മിനാരംവിരുദ്ധ കാമ്പയിന്‍ നേതാവ് ഇസ്ലാം സ്വീകരിച്ചു
സമീപകാലത്ത് വന്‍വിവാദം സൃഷ്ടിച്ച സ്വിറ്റ്സര്‍ലന്റിലെ 'മിനാരങ്ങള്‍ നിരോധിക്കുക' കാമ്പയിന് നേതൃത്വം നല്‍കിയ എസ്.വി.പിയുടെ പ്രമുഖ പ്രവര്‍ത്തകന്‍ ഡാനിയേല്‍ സ്ട്രൈഷ് ഇസ്ലാം സ്വീകരിച്ചതായി വാര്‍ത്ത. ഇസ്ലാംവിരുദ്ധ പ്രചാരണത്തിനു വേണ്ടി, ഇസ്ലാമിനെ പഠിക്കാനാരംഭിച്ചതാണ് ഡാനിയല്‍ സ്ട്രൈഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വാര്‍ത്ത, കാലിഫോര്‍ണിയയിലെ പത്രപ്രവര്‍ത്തകനും ഇസ്ലാമിക പ്രബോധകനുമായ ജാസണ്‍ ഹംസ വാന്‍ ബൂം (Jason Hamza Van Boom)എഴുതിയ ലേഖനത്തിലൂടെയാണ് പുറത്തുവന്നത് ((Member of the Swiss Political Party that pushed for Minarat Ban Converts to Islam-www.opednews.com, www.tikkun.org/daily, www.iccnc.org).പാകിസ്താനിലെ ദ നാഷ്ന്‍ പത്രവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി (www.nation.com. pk/January 30-2010).
മുസ്ലിം പള്ളികളിലെ മിനാരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്, സ്വിറ്റ്സര്‍ലന്റില്‍ ഉടനീളം കാമ്പയിന്‍ നടത്തിയ സ്വിസ് പീപ്പ്ള്‍സ് പാര്‍ട്ടി(എസ്.വി.പി)യിലെ പ്രമുഖ അംഗവും സ്വിസ് സൈന്യത്തിലെ പരിശീലകനുമായിരുന്നു ഡാനിയേല്‍. എസ്.വി.പിയുടെ മിനാരം നിരോധന കാമ്പയിനില്‍ നേതൃപരമായ പങ്ക് വഹിച്ച ഡാനിയേല്‍ തന്നെയാണ് പാര്‍ട്ടിക്ക് അത്തരമൊരു അജണ്ട നല്‍കിയതും. ഇസ്ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക്, ഇസ്ലാംഭീതിയുടെ വക്താക്കളായ മാധ്യമങ്ങളുടെ സഹായത്തോടെ സ്വിസ് ജനതയില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. വോട്ടെടുപ്പില്‍ 42.5 ശതമാനം പേര്‍ മിനാരം നിര്‍മാണത്തെ അനുകൂലിച്ചപ്പോള്‍ 57.5 ശതമാനം മിനാരം നിരോധനത്തെ അനുകൂലിച്ചു.
ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഡാനിയേല്‍ ഖുര്‍ആന്‍ പഠിക്കാന്‍ ആരംഭിച്ചത്. പക്ഷേ, അതിന്റെ ഫലം ഉദ്ദേശിച്ചതില്‍നിന്ന് വിപരീതമായിരുന്നു. ഖുര്‍ആനില്‍ ആകൃഷ്ടനായി വൈകാതെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.
ക്രിസ്തുമത വിശ്വാസിയായ ഡാനിയേല്‍ സ്ഥിരമായി ബൈബിള്‍ വായിക്കുകയും ചര്‍ച്ചില്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കുകയും അഞ്ചു സമയത്തെ നമസ്കാരം നിര്‍വഹിക്കുകയും ചെയ്യുന്ന അദ്ദേഹം ഇസ്ലാമിനെതിരെ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം ലജ്ജിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളി സ്വിറ്റ്സര്‍ലന്റില്‍ നിര്‍മിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഡാനിയേല്‍. 'സിവില്‍ കണ്‍സര്‍വേറ്ററി ഡെമോക്രാറ്റിക് പാര്‍ട്ടി' എന്ന പേരില്‍ പുതിയ ഒരു സംഘടനയെ സജീവമാക്കാന്‍ അദ്ദേഹം രംഗത്തുണ്ട്.
"ക്രിസ്തുമതത്തില്‍ ലഭിക്കാതിരുന്ന ജീവിതത്തിന്റെ യാഥാര്‍ഥ്യം ഇസ്ലാമിലാണ് എനിക്ക് കണ്ടെത്താനായത്. ജീവിതത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിപൂര്‍ണമായ മറുപടി എനിക്ക് ലഭിച്ചത് ഇസ്ലാമില്‍ നിന്നാണ്''- ഡാനിയേല്‍ സ്ട്രൈഷ് പറയുന്നു. 
(പ്രബോധനം വാരിക 13-02-2010)

LinkWithin

Related Posts Plugin for WordPress, Blogger...