Friday, July 16, 2010

വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം -വാണിദാസ് എളയാവൂര്‍.

വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം part 1


വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം part 2


വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം part 3


വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം part 4


വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം part 5


വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം part 6


വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം part 7


വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം part 8

Friday, July 9, 2010

നേര്‍വാക്ക്‌: സി.പി.എമ്മിന്റെ 'രാഷ്‌ട്രീയ സ്വത്വ' പ്രതിസന്ധികള്‍ | സി.ആര്‍.നീലകണ്‌ഠന്‍

വളരെപ്പെട്ടെന്നെന്നപോലെ കേരളത്തില്‍ സി.പി.എം. ഉയര്‍ത്തിക്കൊണ്ടുവന്ന സ്വത്വരാഷ്‌ട്രീയ വിവാദം, കാര്യം മനസിലാകാത്ത പലരേയും അമ്പരപ്പിച്ചിരിക്കുന്നു. എന്താണീ സ്വത്വം?

ഒരു വ്യക്‌തി സമൂഹത്തില്‍ സ്വയം തിരിച്ചറിയപ്പെടുന്നത്‌ ഏതു രൂപത്തിലാണോ അതാണയാളുടെ/അവളുടെ സ്വത്വം. മതം, ജാതി, വംശം, വര്‍ണം, ലിംഗം, പ്രദേശം, ഭാഷ തുടങ്ങിയ ഒട്ടനവധി വേര്‍തിരിവുകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതിനാല്‍ ഇതിലേതും വ്യക്‌തിയുടെ സ്വത്വനിര്‍ണയത്തെ സ്വാധീനിക്കാം.

ഇത്തരമൊരു സ്വത്വം ഉള്ളതിന്റെ ഫലമായി ഭൂത(വര്‍ത്തമാന)കാലത്ത്‌ ആ വ്യക്‌തി നേരിടേണ്ടിവരുന്ന വിവേചനങ്ങളും മുറിവുകളും ഒരേ സ്വത്വമുള്ളവരെ ഐക്യപ്പെടുത്തി ആ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നതു സ്വാഭാവികം. ഇത്തരം പ്രവര്‍ത്തനങ്ങളെയാണു സ്വത്വ രാഷ്‌ട്രീയപ്രവര്‍ത്തനം എന്നു പറയുന്നത്‌. എന്നാല്‍, വര്‍ഗരാഷ്‌ട്രീയ സിദ്ധാന്തമനുസരിച്ച്‌ എല്ലാ മനുഷ്യരേയും രണ്ടു വിരുദ്ധവര്‍ഗങ്ങളായി (ഇടയില്‍ ഒരു മദ്ധ്യവര്‍ഗവും) വേര്‍തിരിക്കുന്നു. ഇതില്‍ ചൂഷണം ചെയ്യുന്ന വര്‍ഗത്തിനെതിരേ ചൂഷണത്തിനു വിധേയരാകുന്നവര്‍ സംഘടിച്ചു സമരം നടത്തി അവകാശങ്ങള്‍ നേടലും അധികാരം പിടിച്ചെടുക്കലും വരെ ലക്ഷ്യമാക്കിയാണു വര്‍ഗരാഷ്‌ട്രീയക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌.

ഇത്‌ ഓരോ വര്‍ഗത്തിനിടയ്‌ക്കും മുമ്പു പറഞ്ഞ സ്വത്വങ്ങളുടെ അടിസ്‌ഥാനത്തില്‍ വേര്‍പിരിവുകളുണ്ടാകും. ഒരുവര്‍ഗത്തില്‍ പെട്ടവരെ മുഴുവന്‍ ഏക ശിലാരൂപത്തിലുള്ളവരായി കാണാനാകില്ല. ഉദാഹരണത്തിനു സ്‌ത്രീയെന്ന നിലയില്‍ ഇരുവര്‍ഗത്തില്‍ പെട്ടവരും നേരിടുന്ന പൊതുവായ വിവേചനങ്ങളുണ്ട്‌. അവയ്‌ക്കെതിരായ പോരാട്ടങ്ങളില്‍ ഇവര്‍ ഒന്നിക്കണം. വര്‍ഗബന്ധങ്ങള്‍ക്കതീതമായി. ദളിതര്‍, ആദിവാസികള്‍, കറുത്തവര്‍, മതന്യൂനപക്ഷങ്ങള്‍ (ഭാഷ, പ്രദേശം തുടങ്ങിയവയിലെയും) തുടങ്ങിയവര്‍ക്കെല്ലാം ഇതു ബാധകമാണ്‌. ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ കൊലക്കത്തിക്കിരയായവര്‍ ഇരുവര്‍ഗത്തിലും പെട്ട മതന്യൂനപക്ഷക്കാരാണ്‌.

വര്‍ഗവ്യത്യാസം ഇല്ലാതാകുന്നതിലൂടെ ഇത്തരം വിവേചനങ്ങള്‍ 'തനിയേ' ഇല്ലാതാകുമെന്നു കരുതാനും വഴിയില്ല. ഇന്ത്യയിലെ സാമൂഹ്യ യാഥാര്‍ഥ്യങ്ങളില്‍ ഏറ്റവും ശക്‌തമായ ജാതി തന്നെയെടുക്കാം. ജാതിയും വര്‍ഗവും തമ്മിലുള്ള ബന്ധം തിരിച്ചറിയാന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്കു കഴിയുന്നില്ലെന്ന വിമര്‍ശനം ഉന്നയിച്ചവരില്‍ ഡോ. ബി.ആര്‍. അംബേദ്‌കറും ഉള്‍പ്പെടും.

ഉല്‍പാദന ഉപാധികളില്‍ (സമ്പത്തില്‍) ഒരു വ്യക്‌തിക്കുള്ള അവകാശമാണല്ലോ അയാളുടെ വര്‍ഗം നിര്‍ണയിക്കുന്നത്‌. ഇന്ത്യയില്‍ ഏറ്റവും പ്രധാന ഉല്‍പാദനോപാധിയായ ഭൂമിക്കുമേലുള്ള അവകാശം നിര്‍ണയിക്കുന്ന പ്രധാന ഘടകം ജാതിയാണ്‌. സമഗ്ര ഭൂപരിഷ്‌ക്കരണം നടത്തിയെന്നു കമ്യൂണിസ്‌റ്റു പാര്‍ട്ടികള്‍ അഭിമാനത്തോടെ പറയുന്ന കേരളത്തില്‍, എക്കാലവും മണ്ണില്‍ പണിയെടുത്തു പോകുന്ന ദളിത്‌ വിഭാഗക്കാരുടെ കൈവശം മൊത്തം കൃഷിഭൂമിയുടെ അരശതമാനം പോലുമില്ലെന്ന സത്യം കമ്യൂണിസ്‌റ്റുകാര്‍ കണ്ടതേയില്ല. ഈ സത്യം തുറന്നു കാട്ടിയ ചെങ്ങറയിലെ സമരക്കാരെ ചെങ്കൊടി ഉപയോഗിച്ച്‌ ഉപരോധിച്ചുകൊണ്ട്‌, പൊതുഭൂമി നിയമവിരുദ്ധമായി കൈവശം വയ്‌ക്കുന്ന ഹാരിസണ്‍ പോലുള്ള കുത്തകകളെ സംരക്ഷിക്കുകയായിരുന്നു 'വര്‍ഗ' രാഷ്‌ട്രീയക്കാരെന്നു വിളിക്കുന്നവര്‍. എന്നാല്‍, ഇതിനൊരു മറുവശവുമുണ്ട്‌. ചരിത്രമുള്ള കാലം മുതല്‍ നിലനില്‍ക്കുന്ന സ്വത്വ രാഷ്‌ട്രീയ പോരാട്ടങ്ങളെ ഏതോ സമീപകാല പ്രതിഭാസമായി അവതരിപ്പിക്കുന്ന ഉത്തരാധുനികര്‍, സാമ്രാജ്യത്വത്തിന്റെ ഫണ്ട്‌ വാങ്ങി വര്‍ഗരാഷ്‌ട്രീയത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ട്‌.

വേശ്യാവൃത്തിയെ മഹത്വവല്‍ക്കരിക്കാനും അത്‌ ആനന്ദമാണെന്നു പ്രചരിപ്പിച്ചുകൊണ്ട്‌ സെക്‌സ് ടൂറിസത്തിനു വഴിയൊരുക്കാനും ശ്രമിച്ചവരെ ഈ രീതിയില്‍ തിരിച്ചറിയണം. ഇവരെ സംബന്ധിച്ചിടത്തോളം ലോകത്തു നിലനില്‍ക്കുന്ന സാമ്പത്തിക രാഷ്‌ട്രീയ ഘടനകളൊന്നും പ്രശ്‌നമല്ല. തങ്ങളുടെ ചില 'സൂക്ഷ്‌മ' പ്രശ്‌നങ്ങള്‍ മാത്രമാണു പ്രധാനം. നിലവിലുള്ള വ്യവസ്‌ഥിതിയെ മാറ്റാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന സ്വത്വ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയണമെന്നതു വര്‍ഗ രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ കടമയാണ്‌.

എന്നാല്‍, ഇതൊന്നുമല്ല ഇന്നു കേരളത്തില്‍ നടക്കുന്ന വിവാദങ്ങളുടെ പൊരുള്‍. 1990-കളുടെ മധ്യം മുതല്‍ കേരളത്തിലെ (ഇന്ത്യയിലെ മുഴുവനും എന്നായാലും തെറ്റില്ല) സി.പി.എം. വലതുപക്ഷത്തേക്കു ചായാന്‍ തുടങ്ങിയിരുന്നു. ഇതിനു ചുക്കാന്‍ പിടിച്ചവര്‍ ഏറെ സമര്‍ഥരായിരുന്നതിനാല്‍ കാര്യങ്ങള്‍ പുറത്തു വരാന്‍ ഏറെ വൈകി. അന്നുവരെ കേവലം ഒരു ബ്രാഞ്ച്‌ കമ്മിറ്റി അംഗം മാത്രമായിരുന്ന ഡോ. തോമസ്‌ ഐസക്‌ എന്ന സാമ്പത്തികശാസ്‌ത്രജ്‌ഞന്‍ വളരെ പെട്ടെന്നു സി.പി.എം. സംസ്‌ഥാന സമിതിയില്‍ വന്നു (ഇപ്പോള്‍ കേന്ദ്ര കമ്മിറ്റി വരെയെത്തി). 1996-ലെ ഇടതുസര്‍ക്കാരിന്റെ ആസൂത്രണ ബോര്‍ഡംഗമായി. ഒരു വലതുപക്ഷ സര്‍ക്കാര്‍ ചെയ്യാന്‍ മടിക്കുന്നത്ര പ്രതിലോമകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ആ സര്‍ക്കാര്‍ ചെയ്‌തു.

ലോകബാങ്കിന്റെ ഡി.പി.ഇ.പി., ജലനിധി, ജനകീയാസൂത്രണം തുടങ്ങിയവയും ലാവ്‌ലിന്‍ കരാര്‍, കണ്ണൂരിലെ എന്‍റോണ്‍ പദ്ധതി, വൈദ്യുതബോര്‍ഡിന്റെ വിഭജനം, സ്വകാര്യവല്‍ക്കരണം തുടങ്ങി പലതും ഇതിന്റെ ഭാഗമായിരുന്നു. സോഷ്യലിസവും വര്‍ഗസമരവും പാര്‍ട്ടി ക്ലാസുകളില്‍ പോലും തമാശ പദങ്ങളായി. സ്വന്തം സ്വത്തു സമ്പാദനത്തിലേക്കു കമ്യൂണിസ്‌റ്റു നേതാക്കള്‍ തിരിഞ്ഞ ഘട്ടമാണിത്‌. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം ഒട്ടനവധി സ്വത്വ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നിരവധി സന്നദ്ധസംഘടനകളെ ഇവര്‍ രംഗത്തിറക്കി. ലൈംഗിക ന്യൂനപക്ഷ വിവാദങ്ങള്‍ ഓര്‍ക്കുക. ഫലത്തില്‍ പാര്‍ട്ടി സംഘടന പൂര്‍ണമായും ഇത്തരം നിലപാടുള്ളവരുടെ നിയന്ത്രണത്തിലായി. ഇതിനെതിരേ പാര്‍ട്ടിയിലും പു.ക.സയിലും ശബ്‌ദമുയര്‍ത്തിയ എം.എന്‍. വിജയന്‍ മാഷും ഡോ. ആസാദും വി.പി. വാസുദേവനുമടക്കമുള്ളവരെ പുകച്ചു പുറത്തുകളയുകയായിരുന്നു. ഇപ്പോള്‍ കെ.ഇ.എന്‍. പറയുന്ന അഭിപ്രായ വൈവിധ്യ പ്രകാശന സ്വാതന്ത്ര്യമൊന്നും അന്ന്‌ ഇവര്‍ക്കു നല്‍കിയില്ല.

തീര്‍ത്തും പ്രതിലോമ രാഷ്‌ട്രീയപാതയിലുള്ള ഇവര്‍ക്കു സ്വത്വ രാഷ്‌ട്രീയമോ വര്‍ഗരാഷ്‌ട്രീയമോ ഉണ്ടായിരുന്നില്ലെന്നതാണു സത്യം. ഗുജറാത്തിലെ നരഹത്യയിലും ഇറാക്കിലെ യു.എസ്‌. ആക്രമണത്തിലും പലസ്‌തീനിലും കൊല്ലപ്പെടുന്ന മുസ്ലിം സഹോദരരെ ഇരകളായി കണ്ട്‌ 'ഇരകളുടെ മാനിഫെസ്‌റ്റോ' എഴുതിയ കെ.ഇ.എന്നിനു നന്ദിഗ്രാമിലും സിംഗൂരിലും മൂലമ്പള്ളിയിലും ചെങ്ങറയിലുമുള്ളവരെ 'ഇരകളാ'യി കാണാന്‍ കഴിയുന്നില്ല. ദേശീയപാത 45 മീറ്ററാക്കുമ്പോഴും കിനാലൂരില്‍ ഭൂമാഫിയയ്‌ക്കു പാതയുണ്ടാക്കാന്‍ കുടിയിറക്കപ്പെടുമ്പോഴും അവിടെ ഇരകളാക്കപ്പെടുന്ന മുസ്ലീംകളോ ദളിതരോ ഇരകളാകുന്നില്ല. മൂന്നു പതിറ്റാണ്ടുകാലം ഇടതുപക്ഷം ഭരിച്ച പശ്‌ചിമബംഗാളില്‍ മതന്യൂനപക്ഷങ്ങളുടെ സ്‌ഥിതി ദളിതരേക്കാള്‍ പിന്നിലാണെന്നുള്ള സച്ചാര്‍ കമ്മീഷന്‍ കണ്ടെത്തല്‍ ഇവരെ വേദനിപ്പിക്കുന്നില്ല. കാരണം, പാര്‍ട്ടിയുടെ മൂലധനാധിഷ്‌ഠിത വികസന നയത്തിന്റെ 'ഇര'കളാണിവര്‍ എന്നതിനാല്‍ അതു കാണാന്‍ കെ.ഇ.എന്നിനധികാരമില്ല.

പാര്‍ട്ടി ഭരിക്കാതിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ അവര്‍ ശ്രദ്ധിക്കുന്നതാണ്‌. ചുരുക്കത്തില്‍ തല്‍ക്കാലം കുറച്ചു വോട്ടു നേടാന്‍ പാര്‍ട്ടിയെ സഹായിക്കുന്ന ചില്ലറ മാജിക്കുകളാണിവരുടെ 'സ്വത്വ രാഷ്‌ട്രീയം'. മൂലധന താല്‌പര്യങ്ങളെ ഒരിക്കലും ഹനിക്കാത്ത ഒന്ന്‌. അതുകൊണ്ടുതന്നെ ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന കപടനാടകവും പരിഹാസ്യമാണ്‌. മുമ്പു നാലാം ലോക വിവാദമുണ്ടായപ്പോള്‍ ഏതോ ചിലര്‍ക്കെതിരേ പേരിനൊരു 'നടപടി'യെടുത്ത്‌ ആ 'ബാധ' ഒഴിഞ്ഞതായി പ്രഖ്യാപിച്ചു. അതിന്റെ യഥാര്‍ഥ പ്രയോക്‌താക്കള്‍ പാര്‍ട്ടി നേതൃത്വത്തില്‍ തുടര്‍ന്നു. ആ നയവും തുടര്‍ന്നു പുറത്താക്കപ്പെട്ടവര്‍ പതിയെ പാര്‍ട്ടിയുടെ ഉപശാലകളില്‍ തിരിച്ചെത്തുകയും ചെയ്‌തു.

സ്വന്തം പ്രവര്‍ത്തനങ്ങള്‍കൊണ്ടു കേരള ജനതയിലെ വലിയൊരു വിഭാഗം ഇപ്പോള്‍ ഇടതുപക്ഷത്തിനെതിരായി മാറിയിരിക്കുന്നു. ഇതു ബംഗാളിലും കേരളത്തിലും നടന്ന നിരവധി തെരഞ്ഞെടുപ്പുകളില്‍ ഈ സത്യം ബോധ്യമായതാണ്‌. മുമ്പിറക്കിയ 'ന്യൂനപക്ഷ' തന്ത്രങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുകയും ചെയ്‌തു. കൂടെയുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരും കയ്യൊഴിഞ്ഞു. ഈ 'കുറവുകള്‍' പരിഹരിക്കാന്‍ കടുത്ത 'ന്യൂനപക്ഷ വര്‍ഗീയതാവിരുദ്ധ' നിലപാടെടുക്കാനാണു പിണറായി ശ്രമിക്കുന്നത്‌.

ഇതു മാലോകരെ ബോധ്യപ്പെടുത്താനാണു കെ.ഇ.എന്‍. എന്ന ബലിമൃഗത്തെ കണ്ടെത്തിയത്‌. തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളെ നിര്‍ണയിക്കുമ്പോള്‍ ജാതിയും ഉപജാതിയും മതവും പരിഗണിക്കുന്ന കമ്യൂണിസ്‌റ്റു പാര്‍ട്ടി 'സ്വത്വരാഷ്‌ട്രീയ' വിരുദ്ധ പ്രസംഗം നടത്തുന്നതിനെന്തര്‍ഥമാണുള്ളത്‌? പക്ഷേ, കെ.ഇ.എന്‍. രക്ഷപ്പെടാനാണു വഴി. അധികം താമസിയാതെ 'ആഗോള ഭീകരതയുടെ പ്രത്യയശാസ്‌ത്രം' എന്ന വിഷയത്തില്‍ വന്‍ പ്രബന്ധങ്ങളുമായി അദ്ദേഹം രംഗത്തു വരും. 'രക്ഷപ്പെട്ടു പോകേണ്ടേ മാഷേ?'

നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ യാതൊരുവിധ മടിയും കൂടാതെ പിന്തുടരുന്നവരുടെ 'വര്‍ഗ'രാഷ്‌ട്രീയത്തിലെ ഊന്നല്‍ പരിഹാസ്യമാണ്‌ (ഏതു വര്‍ഗത്തിന്റെ പക്ഷത്താണു 'മൂലധന സൗഹൃദ പാര്‍ട്ടി' നില്‍ക്കുക?). എന്നാല്‍ ഇവരുടെ നയങ്ങള്‍ക്കെതിരേ നിരവധി രൂപങ്ങളിലുള്ള ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്‌. അവയുടെ കൊടുങ്കാറ്റില്‍ ഇവരുടെ കവചങ്ങള്‍ തകര്‍ന്നുപോകും. ചുരുക്കത്തില്‍ വര്‍ഗരാഷ്‌ട്രീയം കൈവിട്ട്‌ 'സ്വത്ത്‌ രാഷ്‌ട്രീയം' സ്വീകരിച്ച സി.പി.എമ്മിന്‌ ഇപ്പോള്‍ സ്വന്തം രാഷ്‌ട്രീയ സ്വത്വ പ്രതിസന്ധിയാണുള്ളത്‌. പേരില്‍ കമ്യൂണിസ്‌റ്റും നയങ്ങളില്‍ സമ്പൂര്‍ണ മൂലധനപക്ഷവും. ഈ സ്വത്വ പ്രതിസന്ധി മറികടക്കാന്‍ ഇത്തരം കപട തര്‍ക്കങ്ങളൊന്നും പോരാ.

-സി.ആര്‍.നീലകണ്‌ഠന്‍

SIO ക്യാമ്പസ് കാരവാന്‍: വീഡിയോ

കാരക്കുന്ന് അഭിസംബോധനചെയ്യുന്നു


CTV News


കുററ്യാടിയില്


എസ്.എഫ്.ഐ ആക്രമണം

പ്രവാചക നിന്ദകന് രക്തം നല്‍കുകയോ- മഹാപാതകം?

അക്രമികളുടെ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ടി.ജെ ജോസഫിന് അടിയന്തിര ശസ്ത്രക്രീയക്ക് 10 യൂണിറ്റ് ബി-പോസിറ്റീവ് രക്തം ആവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയാ ഓര്‍ഗനൈസര്‍ വി.എ സലിമിനെയാണ് വിളിച്ചത്. അപ്പോള്‍തന്നെ 10 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഓടിയെത്തി രക്തം നല്‍കുകയുണ്ടായി. ഇക്കാര്യം ഞാന്‍ ഫേയ്‌സ് ബുക്കില്‍ ചിലരുടെ പോസ്റ്റുകളില്‍ കമന്റായി എഴുതിയിരുന്നു. അതിനു ശേഷം എനിക്ക് പലയിടങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തുന്ന സ്വരത്തില്‍ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രവാചകനെയും ദൈവത്തേയും നിന്ദിച്ച മനുഷ്യന് എന്തിന് രക്തം നല്‍കി എന്നതാണ് മിക്ക ഫോണുകളുടേയും ഉള്ളടക്കം. ഇനി ചില മുസ്ലിം സംഘടനകള്‍ സോളിഡാരിറ്റിയെ എതിര്‍ക്കാനുള്ള കാരണമായി ഇതും പറഞ്ഞേക്കാം. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സോളിഡാരിറ്റി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത് പ്രവാചകന്‍ മുഹമ്മദ്(സ) പ്രബോധനം ചെയ്ത ഇസ്ലാമാണ്. അതുകൊണ്ടാണ് ടി.ജെ ജോസഫിന് രക്തം നല്‍കിയത്. വേണമെങ്കില്‍ ഇനിയും നല്‍കും. ആ ുടുംബത്തിന്റെ പ്രയാസത്തില്‍ കഴിയുന്നത്ര പങ്കുചേരും. നമസ്‌കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്റ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത നരാധമന് മാപ്പ് കൊടുത്തതാണല്ലോ മുഹമ്മദ് നബിയുടെ മാതൃക. അതിലും വലിയ ഒരു പ്രവാചക നിന്ദയൊന്നുമല്ലല്ലോ ജോസഫ് ചെയ്തത്. വി നടന്നു പോകുമ്പോള്‍ തന്റെ മുകളില്‍ നിത്യേനെ ചപ്പുചവറുകളും എച്ചിലും വലിച്ചെറിഞ്ഞ പെണ്‍കുട്ടി രോഗബാധിതയായപ്പോള്‍ അടുത്ത ചെന്ന് കണ്ണീര്‍ വാര്‍ത്ത് രോഗ ശമനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണല്ലോ കാരുണ്യത്തിന്റെ പ്രവാചകന്‍ ചെയ്തത്. അവളുടെ കൈപ്പത്തി വെട്ടിമാറ്റിയില്ലല്ലോ!. ഈ പ്രവാചകന്റെ ദര്‍ശനത്തില്‍ നിന്ന് പ്രവര്‍ത്തിക്കുനന് സോളിഡാരിറ്റിക്ക് ജോസഫിന് രക്തം നല്‍കാന്‍ മടിയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട് നേരിട്ട് കൊടിയ ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള പരിശ്രമമാണ് സോളിഡാരിറ്റിയുടേത്. എന്നോട് ഫോണില്‍ വിളിച്ച് ഒരാള്‍ പറഞ്ഞത് സോളിഡാരിറ്റി ഭീരുക്കളായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ്. കാരുണ്യവാന് മാത്രമേ ധീരനാവാന്‍ സാധിക്കുകയുള്ളൂ. ക്രൂരന്‍മാരാവുക എപ്പോഴും ഭീരുക്കളുമാണ്. വൃദ്ധയായ മാതാവിന്റെ ഭാര്യയുടെ സഹോദരിയുടെ മുനിനിലിട്ട് ഒരാളെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നത് എന്ത് ധീരതാണ് സുഹൃത്തുക്കളേ!. അത് ചെയ്ത നിങ്ങളും ഗര്‍ഭത്തിലെ കുഞ്ഞിനെ ശൂലത്തില്‍ കുത്തിയെടുത്ത നരാധമന്‍മാരും തമ്മില്‍ എന്ത് വ്യത്യാസം? പിഞ്ച് വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അദ്്ധ്യാപകനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയവരും നിങ്ങളും തുല്യര്‍ തന്നെയാണ്!.
NB:- എന്നെ തട്ടിക്കളയും എന്ന് ഭീഷണി മുഴക്കിയവരോട് - നിങ്ങള്‍ക്ക സ്വാഗതം. (അന്വേഷിച്ചപ്പോള്‍ എല്ലാ ഫോണുകളും കോയിന്‍ ബൂത്തുകളില്‍ നിന്നാണ്. മര്യാദക്ക് ഭീഷണിപ്പെടുത്താന്‍ പോലും ധൈര്യമില്ലാത്തവര്‍)

http://www.facebook.com/notes.php?id=1050656137
Sajeed Khalid's Notes

എസ്.ഐ.ഒ കാമ്പസ് കാരവന് ഉജ്ജ്വല സമാപനം

തിരുവനന്തപുരം: എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള കാമ്പസ് കാരവന് ഉജ്വല സമാപനം. ഗാന്ധി പാര്‍ക്കില്‍ നടന്ന സമാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിനുതകുന്ന ആശയങ്ങളെ വിദ്യാര്‍ഥി സമൂഹം സഹിഷ്ണുതയോടെ നോക്കിക്കാണണമെന്ന് അദ്ദേഹം പറഞ്ഞു. തെരുവില്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നവര്‍ കാമ്പസുകളില്‍ സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. കൊടിയില്‍ സ്വാതന്ത്ര്യം എന്നെഴുതിവെച്ച് അതിനെതിരെ പ്രവര്‍ത്തിക്കുന്നത് കാപട്യം നിറഞ്ഞ സംഘടനാ പ്രവര്‍ത്തനമാണ്. ജനാധിപത്യത്തിന് വേണ്ടി ശ്രമിക്കുന്നവരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ശക്തികളെ പൊതു സമൂഹം ചെറുത്തു തോല്‍പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് തുടങ്ങിയ പ്രകടനത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. രാവിലെ വര്‍ക്കല സി.എച്ച്.എം.എം കോളേജില്‍നിന്ന് തുടങ്ങിയ കാരവന്‍ കാര്യവട്ടം കാമ്പസ്, എന്‍ജിനീയറിംഗ് കോളേജ്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം യൂനിവേഴ്‌സിറ്റി കോളേജിലെത്തിയപ്പോള്‍ രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ പോലീസ് തടഞ്ഞു. ഇവിടെ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ഗാന്ധി പാര്‍ക്കിലേക്ക് നീങ്ങിയ പ്രകടനം സ്‌പെന്‍സര്‍ ജംഗ്ഷനില്‍ യൂനിവേഴ്‌സിറ്റി കോളേജിന്റെ തെക്കേ കവാടത്തിന് സമീപം വീണ്ടും പോലീസ് തടഞ്ഞു. അകാരണമായി ജാഥ തടഞ്ഞതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ്് പി.എം. സാലിഹ് സംസാരിച്ചു. എസ്.എഫ്.ഐയുടെ ഗുണ്ടായിസം സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സമാപന സമ്മേളനത്തില്‍ എസ്.ഐ.ഒ ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. ജാഥാ അംഗങ്ങളെ എം.കെ. മുഹമ്മദലിയും നാടക സംഘത്തെ പി. മുജീബ് റഹ്മാനും ആദരിച്ചു. എസ്.ഐ.ഒ ആസാം സംസ്ഥാന പ്രസിഡന്റ് സൈഫുല്‍ ആലം സിദ്ധീഖി മുഖ്യാതിഥിയായിരുന്നു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് കെ.കെ. റഹീന, എസ്.ഐ.ഒ സെക്രട്ടറി യു. ഷൈജു, ജില്ലാ പ്രസിഡന്റ് എസ്.എച്ച്. അനസ് എന്നിവര്‍ സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ പി.എം. സാലിഹ് സ്വീകരണത്തിന് മറുപടി പറഞ്ഞു. കാമ്പസ് മാനിഫെസ്റ്റോ ഫോര്‍ എ ന്യൂ വീ എന്ന പ്രമേയത്തില്‍ ജൂണ്‍ 21 ന് കാസര്‍കോടുനിന്നാണ് കാരവന്‍ ആരംഭിച്ചത്.

ചിത്രം - എസ്.ഐ.ഒ കാമ്പസ് കാരവന്‍ റാലി സ്‌പെന്‍സര്‍ ജംഗ്ഷനില്‍ പോലീസ് തടഞ്ഞപ്പോള്‍ റാലി ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് സംസാരിക്കുന്നു.

Sunday, July 4, 2010

ജനാധിപത്യം: ഗാന്ധിജിയും മൗദൂദിയും ഒന്നിക്കുന്നു - ശൈഖ് മുഹമ്മദ് കാരകുന്ന്


മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പഞ്ചായത്ത് സ്ത്രീധനരഹിതമാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. അതിനായി പഞ്ചായത്ത് പ്രസിഡന്റ് ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ വിശദമായ സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ചു. കൂട്ടത്തില്‍ കഴിഞ്ഞ കുറെ കൊല്ലങ്ങള്‍ക്കിടയില്‍ നടന്ന സ്ത്രീധന വിവാഹങ്ങളുടെയും സ്ത്രീധനരഹിത വിവാഹങ്ങളുടെയും കണക്കെടുത്തു. അതനുസരിച്ച് പഞ്ചായത്തിലെ 82 ശതമാനം വിവാഹവും നടന്നത് സ്ത്രീധനത്തോടെയാണ്. 18 ശതമാനം മാത്രമാണ് സ്ത്രീധനരഹിത വിവാഹങ്ങള്‍. അതിനാലവിടെ സ്ത്രീധനമാണ് ജനാധിപത്യപരം. സ്ത്രീധനരാഹിത്യം ജനാധിപത്യവിരുദ്ധമാണ്.

ജനാധിപത്യം ഒരു ജീവിതക്രമമോ  വ്യവസ്ഥയോ അല്ല. ഒരു രീതിശാസ്ത്രം മാത്രമാണ്. കുടുംബ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, ധാര്‍മിക, രാഷ്ട്രീയ, ഭരണമേഖലകളില്‍ അത് ഏതെങ്കിലും പ്രത്യേകമായ നിയമമോ ക്രമമോ നല്‍കുന്നില്ല. അതോടൊപ്പം അതിനൊരു ദര്‍ശനമുണ്ട്. ശരിയും തെറ്റും നന്മയും തിന്മയും ധര്‍മവും അധര്‍മവും നീതിയും അനീതിയും സന്മാര്‍ഗവും ദുര്‍മാര്‍ഗവും തീരുമാനിക്കാനുള്ള പരമാധികാരം ജനങ്ങള്‍ക്കാണെന്നതാണത്. അഥവാ, ഭൂരിപക്ഷ, ന്യൂനപക്ഷ അവസ്ഥയാണ് അവയുടെ മാനദണ്ഡം. അതനുസരിച്ച് ഭൂരിപക്ഷം പറയുന്നത് ശരിയും നീതിയുമാണ്. ന്യൂനപക്ഷത്തിന്‍േറത് മറിച്ചും. ആരെങ്കിലും കൂറുമാറി ഭൂരിപക്ഷം ന്യൂനപക്ഷമായാല്‍ ശരി തെറ്റും തെറ്റ് ശരിയുമായിത്തീരുന്നു. സത്യവും അസത്യവും ധര്‍മവും അധര്‍മവും സന്മാര്‍ഗവും ദുര്‍മാര്‍ഗവുമൊക്ക ഇങ്ങനെ മാറിമാറിവരുന്നു. അതോടെ സുസ്ഥിരമായ സത്യമോ സനാതന മൂല്യങ്ങളോ ശാശ്വതധര്‍മങ്ങളോ ഇല്ലാതാകുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യവും അതുതന്നെ.
ഇന്ത്യന്‍ ഭരണഘടന ചില വശങ്ങളില്‍ ഈ ദൗര്‍ബല്യത്തെ മറികടന്നിട്ടുണ്ട്. ഭൂരിപക്ഷം അനുകൂലിച്ചാലും മാറ്റാന്‍ പാടില്ലാത്ത ചില മൗലിക അടിസ്ഥാനങ്ങളും അവകാശങ്ങളും അതിലുണ്ട്.ഭൂരിപക്ഷമുണ്ടായാലും മൗലിക അവകാശങ്ങള്‍ മാറ്റാന്‍ പാടില്ലെന്ന ഈ വ്യവസ്ഥ പ്രത്യക്ഷത്തില്‍തന്നെ ജനാധിപത്യവിരുദ്ധമാണ്. എന്നാല്‍, ജനാധിപത്യത്തിന്റെ തന്നെ രക്ഷക്ക് ജനാധിപത്യവിരുദ്ധമായ ചിലത് അനിവാര്യമാണ്.
ഇന്ത്യന്‍ ഭരണഘടന രൂപം കൊള്ളുന്നതിനും രാജ്യം സ്വാതന്ത്ര്യം നേടുന്നതിനും മുമ്പ് ബ്രിട്ടീഷ് ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഈ ദാര്‍ശനിക ദൗര്‍ബല്യം വിശദീകരിച്ച രണ്ട് മഹാവ്യക്തികളാണ് മഹാത്മാഗാന്ധിയും സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും. ശരിതെറ്റുകളും നന്മതിന്മകളും നിശ്ചയിക്കാന്‍ ഭൂരിപക്ഷ, ന്യൂനപക്ഷാവസ്ഥ മാനദണ്ഡമാക്കുന്ന നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന കാഴ്ചപ്പാടിനെ മൗദൂദി തന്റെ 'മതേതരത്വം,ജനാധിപത്യം, ദേശീയത്വം: ഒരു താത്ത്വിക വിശകലനം' എന്ന തന്റെ കൃതിയില്‍ ശക്തമായി എതിര്‍ക്കുന്നുവെന്നത് ഇന്ന് സുവിദിതമാണ്.
എന്നാല്‍, മഹാത്മാ ഗാന്ധിജിയും ജനാധിപത്യത്തോട് സ്വീകരിച്ചത് ഇതേ സമീപനമാണെന്ന് ഏറെപേര്‍ക്കും അറിയില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ പറയുന്ന പാര്‍ലമെന്റുകളുടെ അമ്മയുണ്ടല്ലോ; അതമ്മയല്ല, അതൊരു മച്ചിയും വേശ്യയുമാണ്.പരുക്കന്‍ പ്രയോഗങ്ങളാണിവ രണ്ടും. എന്നാല്‍, സാദൃശ്യം തികച്ചും യുക്തമാണ്. ആ പാര്‍ലമെന്റ് ഇതേവരെ ഒരു നല്ല കാര്യവും ചെയ്തിട്ടില്ല. അതിനാലതു മച്ചി. ബാഹ്യ സമ്മര്‍ദമില്ലെങ്കില്‍ അതിനൊന്നും ചെയ്യാനാവില്ല. അതിനെ വേശ്യയെന്നു വിളിച്ചത് അതത് കാലങ്ങളില്‍ മാറിമാറിവരുന്ന മന്ത്രിമാരുടെ കീഴിലാണെന്നതു കൊണ്ടാണ്.' (ഹിന്ദ് സ്വരാജ് -പുറം: 12).
'ലോകത്തിന്റെ സല്ലാപക്കടയാണ് പാര്‍ലമെന്റ്' എന്ന കാര്‍ലൈലിന്റെ വാക്യം ഉദ്ധരിക്കുന്ന ഗാന്ധിജി അതിനെ ജനങ്ങളുടെ ഏറ്റവും വിലകൂടിയ കളിപ്പാവയെന്നും വിശേഷിപ്പിച്ചിരിക്കുന്നു.' (ibid -പുറം: 12).
ജനാധിപത്യത്തിന്റെ ഈ ദൗര്‍ബല്യത്തെ അതിജയിക്കാന്‍ ഗാന്ധിജിയും മൗദൂദിയും നിര്‍ദേശിച്ച പരിഹാരം വ്യത്യസ്ത ഭൂമികയില്‍നിന്നാണെങ്കിലും ഒരേ സ്വഭാവത്തിലുള്ളതാണ്. ജനാധിപത്യത്തിന്റെ അന്തര്‍ധാരയായി മതാധ്യാപനങ്ങളും മതമൂല്യങ്ങളും നിലനില്‍ക്കണമെന്നതാണത്. ഭൂരിപക്ഷാഭിപ്രായ പ്രകാരം മാറ്റാന്‍ പാടില്ലാത്ത മൗലികാവകാശങ്ങള്‍പോലെത്തന്നെ ശാശ്വതമായ ചില മൂല്യങ്ങളും ധാര്‍മികാധ്യാപനങ്ങളും രാഷ്ട്രത്തിന്റെ അടിത്തറയാവണമെന്നാണ് ഇരുവരുടെയും ശക്തമായ നിലപാട്. രാഷ്ട്രവും രാഷ്ട്രീയവും തീര്‍ത്തും മതമുക്തമാവരുതെന്നര്‍ഥം. ഗാന്ധിജി പറയുന്നു: 'മതേതരമായ ഒരു രാഷ്ട്രീയമേ എനിക്കില്ല. മതമുക്തമായ രാഷ്ട്രീയം ആത്മാവിനെ കൊല്ലുന്ന മരണക്കെണിയാണ്.' (ഉദ്ധരണം ഭവന്‍സ് ജേണല്‍ 1962 ഒക്‌ടോബര്‍ 2).
'നമുക്കുവേണ്ടത് നമ്മുടെ ആവശ്യത്തിനും സംസ്‌കാരത്തിനും പറ്റിയ ഭരണസംവിധാനമാണ്. അതെന്താണെന്ന് ഇവിടെ പറയുക സാധ്യമല്ല. രാമരാജ്യം എന്ന് അതിനെ വിശേഷിപ്പിക്കാം. പരിശുദ്ധമായ ധാര്‍മികാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് പരമാധികാരമുള്ള ഒരവസ്ഥാവിശേഷമാണത്.' (രാമരാജ്യം, രാഷ്ട്രപിതാവ്. കെ.പി. കേശവമേനോന്‍- പേജ്: 142).
'മതമില്ലാതെ ഒരൊറ്റ നിമിഷംപോലും ജീവിക്കാനെനിക്ക് സാധ്യമല്ല. എന്റെ രാഷ്ട്രീയവും  മറ്റെല്ലാ പ്രവൃത്തികളും മതത്തില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. മതമെന്നത് ഈശ്വരനുമായുള്ള അനുബന്ധ ഭാവമാണ്. അതായത് ഈശ്വരന്‍ നിങ്ങളുടെ ഓരോ ശ്വാസത്തെയും ഭരിച്ചുകൊണ്ടിരിക്കുന്നു.' (ഉദ്ധരണം: മഹാത്മാഗാന്ധി ഒരു പഠനം- പുറം: 129).
'ആത്മീയമായ നിയമം തനതായ രംഗത്തുമാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നേരെമറിച്ച് അത് ജീവിതത്തിന്റെ സാധാരണ കര്‍മങ്ങളിലൂടെയാണ് വെളിപ്പെടുന്നത്. അപ്രകാരം അത് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളെ ബാധിക്കുന്നുണ്ട്.' (ഉദ്ധരണം: മഹാത്മാവിന്റെ മാര്‍ഗം, സുകുമാര്‍ അഴീക്കോട്- പുറം: 18).
'മതത്തില്‍നിന്ന് മുക്തമായ ഒരു രാഷ്ട്രീയം എനിക്ക് സങ്കല്‍പ്പിക്കാനാവില്ലെ'ന്നും 'മതത്തിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് പറയുന്നവര്‍ക്ക് മതത്തിന്റെ അര്‍ഥമറിയില്ലെ'ന്നും 'മതമുക്തമായ രാഷ്ട്രീയം മനുഷ്യന്റെ മരണക്കെണി'യാണെന്നും പറഞ്ഞ ഗാന്ധിജിയുടെ കാഴ്ചപ്പാടിനെ ബല്‍രാജ് പുരി ഇങ്ങനെ പരിചയപ്പെടുത്തുന്നു: അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മതം കേവലം ദൈവത്തോടുള്ള പ്രാര്‍ഥനയല്ല. അതിന് സമൂഹവുമായി പങ്കുവെക്കേണ്ട വിശ്വാസങ്ങളും കര്‍മങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. മതം മറ്റെന്തിനെക്കാളും സാംസ്‌കാരികവും സാമൂഹികവുമായ ഒരു വ്യവസ്ഥയാണ്. സമൂഹമില്ലാത്ത, മതത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ തന്നെ വയ്യ.' (Bal Raj Puri, The Radical Humanist Aug. 1986. ഉദ്ധരണം: സ്വാതന്ത്ര്യം വിഭജനത്തില്‍- പുറം: 128).
ജനാധിപത്യത്തിന്റെ ദാര്‍ശനിക ദൗര്‍ബല്യത്തെ നിരാകരിച്ച് സയ്യിദ് മൗദൂദി ഒരു രീതിശാസ്ത്രമെന്ന നിലയില്‍ അതിനെ സര്‍വാത്മനാ പിന്തുണക്കുന്നു. അങ്ങനെ പ്രായോഗിക രാഷ്ട്രീയത്തില്‍ ജനാധിപത്യത്തിന്റെ ശക്തനായ വക്താവായിത്തീരുന്നു. സയ്യിദ് മൗദൂദി പറയുന്നു: ജനാധിപത്യം ആദ്യത്തില്‍ ആവിഷ്‌കൃതമായത് രാജാക്കന്മാരുടെയും നാടുവാഴി പ്രഭുക്കന്മാരുടെയും ആധിപത്യച്ചങ്ങല പൊട്ടിച്ചെറിയേണ്ടതിനുവേണ്ടിയായിരുന്നു.
ഒരതിര്‍ത്തിയോളം അത് ശരിയുമായിരുന്നു. ജനകോടികളുടെ മേല്‍ സ്വന്തം അഭീഷ്ടവും സ്വേഛയും അടിച്ചേല്‍പ്പിക്കാനോ അവരെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനോ ഒരു വ്യക്തിക്കോ കുടുംബത്തിനോ വര്‍ഗത്തിനോ അധികാരവും അവകാശവുമില്ല.' (മതേതരത്വം ദേശീയത്വം- ജനാധിപത്യം. ഒരു താത്ത്വിക വിശകലനം -പുറം: 10)
'ജനങ്ങളുടെ ആധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴിമേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്. ആധുനിക കാലത്തെ ഏറ്റവും വലിയൊരു ജനാധിപത്യവാദിക്കുണ്ടാവുന്നത്ര അമര്‍ഷം. സാമൂഹികജീവിതത്തില്‍ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യ നിലപാടും തുല്യ അവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ  സംബന്ധിച്ചിടത്തോളം നമുക്ക് എതിരഭിപ്രായമേയില്ല. പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാസ്വാതന്ത്ര്യവും പ്രക്ഷോഭണ സ്വാതന്ത്ര്യവും ഇല്ലാത്തതോ ജനനത്തെയും ജാതിയെയും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേക അവകാശങ്ങളും പ്രത്യേക പ്രതിബന്ധങ്ങളും ഉള്ളതോ ആയ ഒരു വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തയായ ഈവിധ വിഷയങ്ങളിലൊന്നും നാം വിഭാവനചെയ്യുന്ന ജനാധിപത്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല.' (അതേ പുസ്തകം- പുറ: 20).
മൗദൂദി ജനാധിപത്യത്തിന്റെ മേന്മ ഉയര്‍ത്തിക്കാണിക്കുന്നു: നമ്മുടെ രാജ്യത്തിന്റെ ഭരണവ്യവസ്ഥയുടെ വികാസം ജനാധിപത്യത്തിലൂടെയോ അതല്ല, മറ്റേതെങ്കിലും വിധത്തിലോ എന്നതല്ല നാം നേരിടുന്ന യഥാര്‍ഥ ചോദ്യം. ബുദ്ധിയുള്ള ഒരു മനുഷ്യനും ജനാധിപത്യത്തെ എതിര്‍ക്കുകയില്ല. ഇവിടെ രാജാധിപത്യമോ ഏകാധിപത്യമോ മറ്റേതെങ്കിലും തരത്തിലുള്ള ഭരണരീതിയോ ആണ് വേണ്ടതെന്നും പറയാനാവില്ല.' (തഹ്‌രീകെ ആസാദി ഹിന്ദ് ഔര്‍ മുസല്‍മാന്‍ -പുറം: 475)
വിഭജനത്തോടെ പാകിസ്താനിലേക്കുപോയ സയ്യിദ് മൗദൂദി അവിടത്തെ ജനാധിപത്യവത്കരണത്തിനായി കഠിനമായി യത്‌നിച്ചു. 1951 ജനുവരി 21ന് പാകിസ്താനെ ജനാധിപത്യരാഷ്ട്രമാക്കണമെന്നാവശ്യപ്പെട്ട് 24 പണ്ഡിതന്മാരെ സംഘടിപ്പിച്ച് ഭരണകൂടത്തിന് നിവേദനം നല്‍കി. 1969ലും 1977ലും പാകിസ്താനിലെ ജനാധിപത്യവത്കരണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് സയ്യിദ് മൗദൂദിയാണ്.
ഇന്ത്യന്‍ മുസ്‌ലികളും ജനാധിപത്യപ്രക്രിയയില്‍ സജീവമായി പങ്കെടുക്കണമെന്നായിരുന്നു സയ്യിദ് മൗദൂദിയുടെ വീക്ഷണം.
1947 മാര്‍ച്ച് 25ന് അദ്ദേഹം ഹൈദരാബാദിലെ അന്‍ജുമന്‍ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ്  ഖാസിം റിസ്‌വിക്ക് അയച്ച കത്തില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കുവഹിക്കുന്ന രാഷ്ട്രീയ  ഇടപെടലിനാവശ്യപ്പെടുന്നു. അതിലദ്ദേഹം എഴുതി: 'മുസ്‌ലിം രാഷ്ട്രീയപാര്‍ട്ടി വോട്ടുകള്‍ക്കായി മുസ്‌ലിംകളെ മാത്രം ആശ്രയിക്കാതെ ഹിന്ദുക്കളിലേതടക്കം അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും വോട്ടുകള്‍ സമാഹരിക്കുംവിധം പരിപാടികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കേണ്ടതാണ്.' (ഉദ്ധരണം: വി.എ. കബീര്‍, ജമാഅത്തെ ഇസ്‌ലാമി വായനയും പ്രതിരോധവും -പുറം: 24).
സയ്യിദ് മൗദൂദി പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിന്റെയും ഗാന്ധിസത്തിന്റെയും രാഷ്ട്രീയത്തിലെ താളൈക്യത്തെ സംബന്ധിച്ച പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍ എഴുതുന്നു: 'ഗാന്ധിജിയെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന് തന്റെ രാഷ്ട്രീയം മുഴുവനായും അദ്ദേഹത്തിന്റെ മതത്തിന്റെ പ്രകടനമായിരുന്നു. ഗാന്ധിജിയും ഒരുകാലത്ത് അറേബ്യയിലുണ്ടായിരുന്ന പ്രവാചകന്‍ മുഹമ്മദും രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിക്കുഴച്ചവരായിരുന്നു. മുഹമ്മദ് നബി മുഴുവന്‍ സമയ പ്രവാചകനെന്നതുപോലെ തന്നെ സൈന്യാധിപനും ഭരണാധികാരിയുമായി 'ഖാലിഫേറ്റ്'സ്ഥാപിച്ച് തന്റെ ജനങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്ത മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു. തീരെ ഇരുളടഞ്ഞ അറബികളെ വഴക്കിയെടുക്കാനുള്ള പുരോഗമനപരമായ ആശയങ്ങളായിരുന്നു അദ്ദേഹമുണ്ടാക്കിയ നിയമസംഹിതകളെല്ലാം. പക്ഷേ, മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചക്കാരെന്നറിയപ്പെടുന്ന ഇസ്‌ലാംമത വിശ്വാസികള്‍ രാഷ്ട്രീയവും മതവിശ്വാസവും തമ്മില്‍ വേര്‍തിരിക്കുന്നു. ഇതെങ്ങനെ വേര്‍തിരിക്കാന്‍ കഴിയുന്നുവെന്നുള്ളത് എന്റെ സംശയമാണ്. (സമകാലിക മലയാളം -2007 ജൂലൈ 27).
പ്രവാചകപാത പിന്തുടര്‍ന്ന സയ്യിദ് മൗദൂദിയെ ജനാധിപത്യത്തിന്റെ പ്രയോഗവത്കരണത്തെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടുതന്നെ അതിന്റെ ദാര്‍ശനിക അബദ്ധം ചൂട്ടിക്കാണിച്ച് നിരാകരിച്ചതിന്റെ പേരില്‍ ബഹളം വെക്കുകയും രൂക്ഷമായ ആക്ഷേപ ശകാരങ്ങളുതിര്‍ക്കുകയും ചെയ്യുന്നവര്‍ ജനാധിപത്യത്തെ അതിനേക്കാള്‍ ശക്തമായി എതിര്‍ത്ത ഗാന്ധിജിയെ വെറുതെ വിടുന്നത് അദ്ദേഹത്തെ പിന്തുണക്കാന്‍ ഇന്ത്യയില്‍ ആരുമില്ലാത്തതിനാലാവാനേ തരമുള്ളൂ. ഗാന്ധിജിയുടെ പേര് സദാ ഉരുവിടുന്നവര്‍പോലും അദ്ദേഹത്തിന്റെ ധാര്‍മികതയെയും കാഴ്ചപ്പാടുകളെയും പ്രായോഗികമായി എന്നോ തള്ളിക്കളഞ്ഞിരിക്കുന്നു,
വാചികമായി തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും. അഥവാ, വല്ല യഥാര്‍ഥ ഗാന്ധി ഭക്തരും ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ പിന്തുണക്കാന്‍ ധീരമായി മുന്നോട്ടുവരട്ടെ.

വ്യവസായ വകുപ്പിന്റെ കൊക്കൊകോള ദാസ്യം അപഹാസ്യം -സോളിഡാരിറ്റികോഴിക്കോട്: പ്ലാച്ചിമടയില്‍ കൊക്കൊകോള കമ്പനി സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ജയകുമാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യവസായ വകുപ്പ് എതിര്‍പ്പ് രേഖപ്പെടുത്തിയത് കേരളീയ ജനങ്ങളെ അവഹേളിക്കുന്നതിനാണെന്നും ഇത് വ്യവസായ വകുപ്പിന്റെ കൊക്കൊകോള ദാസ്യത്തിന്റെ തെളിവാണെന്നും സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് അഭിപ്രായപ്പെട്ടു. വ്യവസായ വകുപ്പിന് വേണ്ടി ജയകുമാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയ അഡീണല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍ നേരത്തേ കൊക്കൊകോളക്ക് വേണ്ടി പരസ്യമായ നിലപാട് കൈക്കൊണ്ടത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നില്ല എന്ന് വ്യക്തമാവുകയാണ്.

അന്ന് വ്യവസായ വകുപ്പ് മന്ത്രി ഹാജരായ സദസ്സിലാണ് കൊക്കൊകോളയെ പ്രകീര്‍ത്തിച്ച നിലപാട് സ്വീകരിച്ചത്. കോള കമ്പനി പ്ലാച്ചിമടയില്‍ വരുത്തിയ മുഖ്യമന്ത്രിയും ജലവിഭവ വകുപ്പും അംഗീകരിച്ച റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. ഇക്കാര്യത്തില്‍ വ്യവസായ വകുപ്പ് മന്ത്രിയുടെ നിലപാട് സംശയം ജനിപ്പിക്കുന്നതാണ്. കിനാലൂരിലടക്കം നടക്കുന്ന സമരങ്ങള്‍ ബാഹ്യ ശക്തികളാണ് നടത്തിയതെന്ന വ്യവസായ മന്ത്രിയുടെ അതേ ഭാഷയാണ് പ്ലാച്ചിമട സമരത്തില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടായി എന്ന തരത്തില്‍ വ്യവസായ വകുപ്പിന്റെ നോട്ടിലുള്ളത്. പ്ലാച്ചിമടയിലെ കര്‍ഷകര്‍ തെങ്ങ് നനക്കാന്‍ കൂടുതല്‍ ജലമെടുത്തതാണ് പ്ലാച്ചിമടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന വിചിത്ര വാദം ഉന്നയിക്കുന്ന വ്യവസായ വകുപ്പ്, കുത്തകളുടെ മെഗാഫോണായി മാറുകയാണ്. കേരളത്തിലെ സാധാരണ ജനങ്ങളെ അധിക്ഷേപിച്ച് കൊക്കൊകോളക്ക് ദാസ്യ വേല ചെയ്യുന്ന ടി. ബാലകൃഷ്ണനെതിരെ നടപടിയെടുക്കുകയും വ്യവസായ വകുപ്പ് മന്ത്രി ജനങ്ങളോട് മാപ്പ് പറയുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

LinkWithin

Related Posts Plugin for WordPress, Blogger...