Saturday, October 29, 2011

ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ വീരപുത്രന്മാര്‍ -സി.ദാവൂദ്

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍െറ ജീവിതത്തെ ആസ്പദമാക്കി പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ‘വീരപുത്രന്‍’ എന്ന സിനിമ, മറ്റേതൊരു ചരിത്ര സിനിമയെയും പോലെ വിവാദങ്ങള്‍ക്കും നിശിതമായ വിശകലനങ്ങള്‍ക്കും വിധേയമാകുന്നുണ്ട്. ഈ വകയില്‍ എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ ഹമീദ് ചേന്ദമംഗലൂര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞുമുഹമ്മദിന്‍െറ സിനിമ ‘ചരിത്രത്തെ വളച്ചൊടിക്കുക മാത്രമല്ല, എന്‍െറ പൂര്‍വികരെ അവമതിക്കുകയും ചെയ്യുന്നു. ഇത്തരം വ്യാജ ചരിത്രകഥകള്‍ ജനങ്ങളെ തെറ്റായ വഴികളിലേക്ക് നയിക്കും. അതിനാല്‍ സിനിമ തിയറ്ററുകളില്‍നിന്ന് പിന്‍വലിക്കണം’ എന്നാണ് ഹമീദ് ചേന്ദമംഗലൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. (ദ ഹിന്ദു, ഒക്ടോബര്‍ 18).

കേരളത്തിന്‍െറ ഗര്‍ജിക്കുന്ന സിംഹം എന്നറിയപ്പെട്ടിരുന്ന അബ്ദുറഹ്മാന്‍ സാഹിബിനെക്കുറിച്ച ഒരു കലാസൃഷ്ടി തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കണമെന്ന് ഒരു ഇടതുപക്ഷ/ ലിബറല്‍/ പുരോഗമന ബുദ്ധിജീവി ആവശ്യപ്പെട്ടിരിക്കുകയാണ്. കക്ഷി അത് പരസ്യമായി/ ശക്തമായി ആവശ്യപ്പെടുക മാത്രമല്ല, ദിനേന അതേക്കുറിച്ച് ബഹളംവെച്ചുകൊണ്ടിരിക്കുകയുമാണ്. ലളിതമാണ് കാര്യം. തന്‍െറ തറവാടിനെയും കാരണവന്മാരെയും കുറിച്ച് തനിക്കിഷ്ടമില്ലാത്ത സന്ദേശം നല്‍കുന്നതാകയാല്‍ സിനിമ തിയറ്ററുകളില്‍ കാണിക്കാന്‍ പാടില്ല. ഹമീദിന്‍െറ കുടുംബത്തെക്കുറിച്ച് താനൊന്നും പറഞ്ഞിട്ടില്ളെന്നും ഇനിയും ഹമീദ് ദുഷ്പ്രചാരണം തുടര്‍ന്നാല്‍ കേസു കൊടുക്കുമെന്നുമാണ് പി.ടി. കുഞ്ഞുമുഹമ്മദ് പ്രതികരിച്ചത്. കുഞ്ഞുമുഹമ്മദ് പറഞ്ഞത് വസ്തുതാപരമായി ശരിയാണ്. ഹമീദിനെയോ അദ്ദേഹത്തിന്‍െറ കുടുംബത്തെയോ സിനിമ ദൃശ്യവത്കരിക്കുന്നേയില്ല. അബ്ദുറഹ്മാന്‍ സാഹിബ് ഒരു വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹത്തിന്‍െറ മരണം സംഭവിക്കുന്നത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതിനെത്തുടര്‍ന്നാണ് മരണം എന്നതിന്‍െറ സൂചനകള്‍ സിനിമയിലുണ്ട്. അത് തന്‍െറ തറവാട് വീടാണ് എന്ന് സങ്കല്‍പിച്ചുകൊണ്ടാണ് ഹമീദ് സിനിമക്കെതിരെ പോരിനിറങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന് അങ്ങനെ സങ്കല്‍പിക്കാനുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും ഉണ്ട്. എന്നാല്‍, ആ സിനിമ പിന്‍വലിച്ചേ അടങ്ങൂ എന്ന് അദ്ദേഹം പ്രഖ്യാപിക്കുമ്പോള്‍ അതില്‍ ചില രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. നമുക്ക് മറ്റൊരു ആംഗ്ളിലൂടെ കാര്യങ്ങള്‍ കണ്ടുനോക്കാം: ഇപ്പോള്‍ ഹമീദ് ഉയര്‍ത്തിയിരിക്കുന്ന ആവശ്യം-സിനിമ തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കണമെന്ന് ഏതെങ്കിലും മുസ്ലിം സംഘടനയോ മുസ്ലിം നേതാവോ പണ്ഡിതനോ ആണ് ഉയര്‍ത്തിയിരുന്നതെങ്കില്‍ എന്തായിരുന്നു സംഭവിക്കുക! സിനിമ പിന്‍വലിക്കണമെന്ന് ആവശ്യമുയരുന്ന നിമിഷം മുതല്‍ ചാനലുകളില്‍ സ്ക്രോളുകള്‍ ഉരുളാന്‍ തുടങ്ങും. വൈകുന്നേരമാവുമ്പോഴേക്ക് ഹമീദ് അടക്കമുള്ള പുരോഗമന സാംസ്കാരിക പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും ബൈറ്റുകള്‍ എടുത്ത് പ്രക്ഷേപണം ആരംഭിച്ചിരിക്കും. രാത്രിയില്‍ എഡിറ്റേര്‍സ് ചോയ്സ്, കൗണ്ടര്‍ പോയന്‍റ്, ന്യൂസ് അവര്‍...അങ്ങനെ എല്ലാറ്റിലും ചര്‍ച്ചകള്‍ പൊടിപാറുന്നുണ്ടാവും. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറയും കലാകാരന്‍െറ സ്വയം നിര്‍ണയാവകാശത്തിന്‍െറയും സംരക്ഷകരായ വീരപുത്രന്മാര്‍ ടി.വി സ്ക്രീനുകളില്‍ വന്നുനിറയും. ഹോ, നമ്മുടെ കേരളം ഇതെങ്ങോട്ടു പോകുന്നുവെന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠ നാടെങ്ങും മുഴങ്ങും. മതമൗലികവാദത്തിന്‍െറ കടന്നു കയറ്റം, മതാത്മകതയുടെ വിധ്വംസക പ്രവണതകള്‍ നമ്മുടെ പൊതുമണ്ഡലത്തെ കാര്‍ന്നുതിന്നുന്നതിന്‍െറ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച ദാര്‍ശനിക സാമ്പാറുകള്‍ വിളമ്പിക്കഴിഞ്ഞിരിക്കും. സിനിമക്കെതിരായ മതതീവ്രവാദികളുടെ ആക്രമണത്തിന് പിന്നിലെ വിശാല അജണ്ടകളെക്കുറിച്ച ആകുലതകള്‍ നമ്മുടെ ഉറക്കം കെടുത്തും. അബ്ദുറഹ്മാന്‍ സാഹിബിനെപ്പോലുള്ള ‘മതേതര’ നിലപാട് സ്വീകരിച്ച ഒരാളെ കേരളീയ മുസ്ലിം സമൂഹം പരിചയപ്പെടുന്നതില്‍ തീവ്രവാദികള്‍ക്കുള്ള വൈക്ളബ്യത്തിന്‍െറ ഫലമായാണ് ഈ എതിര്‍പ്പെന്ന് ഒരു കൂട്ടര്‍ തീര്‍പ്പിലെത്തും. അത്തരം വ്യക്തിത്വങ്ങളെ മറച്ചു പിടിക്കാനും മതമൗലിക നേതാക്കളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുമായി നടക്കുന്ന പ്രചാരണ പദ്ധതികള്‍ക്ക് സൗദിയില്‍ നിന്നും ദുബൈയില്‍ നിന്നും ലഭിക്കുന്ന നിര്‍ലോഭമായ പെട്രോഡോളര്‍ പിന്തുണയെക്കുറിച്ചായിരിക്കും മറ്റു ചിലരുടെ അന്വേഷണം. യഥാര്‍ഥത്തില്‍ ഇവര്‍ തന്നെയാണോ സിനിമക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്, അതോ അവര്‍ക്ക് പിന്നില്‍ മറ്റേതെങ്കിലും കരങ്ങളുണ്ടോ എന്നന്വേഷിച്ച് മാധ്യമപ്രവര്‍ത്തകര്‍ കുഴയും. ചെറിയ രീതിയില്‍ എക്സ്ക്ളൂസിവുകള്‍ അടുത്ത ദിവസം മുതല്‍ വന്നുതുടങ്ങും. അല്‍ഖാഇദയുടെ കഴിഞ്ഞ കറാച്ചി യോഗത്തില്‍ സാംസ്കാരിക രംഗത്ത് നടത്തേണ്ട ജിഹാദിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നിരുന്ന കാര്യം ലേഖകരില്‍ ചിലര്‍ കണ്ടെത്തും. പ്രസ്തുത ചര്‍ച്ചയെക്കുറിച്ച് ഞങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണെന്നും എന്നാല്‍ തക്കസമയത്ത് വേണ്ട നടപടി സ്വീകരിക്കാന്‍ അധികൃതര്‍ സന്നദ്ധമാവാത്തതാണ് പ്രശ്നങ്ങള്‍ ഇത്രയും വഷളാകാന്‍ കാരണമെന്നും അവര്‍ വാര്‍ത്തക്കിടെ പരിഭവം പറയും. അല്‍പം കൂടി ഗൗരവക്കാരും സമചിത്തതയോടെ കാര്യങ്ങളെ കാണുന്നവരുമായ ബുദ്ധിജീവികള്‍, ‘ജര്‍മന്‍ തത്വചിന്തക്കുള്ള വിമര്‍ശന’ത്തില്‍ കാറല്‍ മാര്‍ക്സും ‘ജയില്‍ക്കുറിപ്പു’കളില്‍ അന്‍േറാണിയോ ഗ്രാംഷിയും ഇക്കാര്യങ്ങള്‍ നേരത്തെ പ്രവചിച്ചിരുന്ന കാര്യം ഉദ്ധരണികള്‍ സഹിതം സമര്‍ഥിക്കും. ഈ പ്രവണതയെക്കുറിക്കാന്‍ ബ്രഹ്തോര്‍ഡ് ബ്രെഹ്ത് ഉപയോഗിച്ച ഉപമാലങ്കാരങ്ങളുടെ അകമ്പടിയോടെ അവരുടെ സൈദ്ധാന്തിക ലേഖനങ്ങള്‍ അടുത്ത ലക്കം ആഴ്ചപ്പതിപ്പുകള്‍ കവര്‍ സ്റ്റോറിയാക്കും. അങ്ങനെ മതമൗലികവാദത്തിനെതിരായ പിന്‍മടക്കമില്ലാത്ത സാംസ്കാരിക ഉണര്‍വുമായി കേരളം വിജ്രംഭിതമാവുന്ന ആ മനോഹര കാഴ്ച ഒന്നോര്‍ത്തു നോക്കൂ! എന്നാല്‍, ഇവിടെ ഇപ്പോള്‍ ആ തരം പൊല്ലാപ്പുകള്‍ ഒന്നുമില്ല. കേരളത്തിലെ അറിയപ്പെട്ടൊരു സാംസ്കാരിക പ്രവര്‍ത്തകന്‍, പ്രഗല്ഭനായ മറ്റൊരു കലാകാരന്‍െറ സൃഷ്ടി പിന്‍വലിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കേരളത്തിന്‍െറ സാംസ്കാരിക മണ്ഡലത്തില്‍ അത് ഒരു അലയും സൃഷ്ടിക്കുന്നില്ല. ആവിഷ്കാര സ്വാതന്ത്ര്യം അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ആര്‍ക്കും ആകുലതകളില്ല. എന്തുകൊണ്ടിങ്ങനെ? കാര്യം വളരെ ലളിതം. ഹമീദ് ചേന്ദമംഗലൂര്‍ എന്നത് ഒരു വ്യക്തിയുടെ പേരല്ല. കേരളത്തിന്‍്റ പുരോഗമന/ മതേതര/ ലിബറല്‍ സാംസ്കാരികതയുടെ ബ്രാന്‍ഡ് അംബാസഡറാണ് അദ്ദേഹം. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ അതിരടയാളങ്ങള്‍ നിശ്ചയിക്കാനുള്ള കുത്തകാധികാരം ജന്മാവകാശമാക്കിവെച്ച വിഭാഗത്തിന്‍െറ പ്രതിനിധി. ‘കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ട ബുദ്ധിജീവി’ എന്ന് ആര്‍.എസ്.എസ് വാരിക നോട്ടിഫൈ ചെയ്ത കേരളത്തിലെ ഏക എഴുത്തുകാരനാണ് അദ്ദേഹം. അതിനാല്‍ തന്നെ കേരളത്തിലെ മതേതര/ ലിബറല്‍ മാധ്യമങ്ങളുടെ ഇഷ്ടതോഴന്‍. ഇസ്ലാമിക ചിഹ്നങ്ങള്‍ക്കും മുസ്ലിം സംഘടനകള്‍ക്കുമെതിരായ ടാര്‍ഗറ്റഡ് കാമ്പയിനിന്‍െറ ആശാന്‍. മുസ്ലിം സംഘടനകളുമായി മതേതരവാദികളാരും ചര്‍ച്ചകള്‍ പോലും നടത്താന്‍ പാടില്ല എന്നതാണ് അദ്ദേഹത്തിന്‍െറ പ്രഖ്യാപിത നയം. അറബിയില്‍ ബാങ്ക് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ പ്രശസ്തമായ ‘മതേതര’ വാരികയില്‍ ലേഖനമെഴുതാന്‍ പോലും ‘ധീരത’ അദ്ദേഹം കാണിച്ചു. വേണമെങ്കില്‍ ബാങ്ക് മലയാളത്തില്‍ വിളിക്കാം. എന്നാല്‍ ശ്ളോകങ്ങള്‍ സംസ്കൃതത്തില്‍ നിന്ന് മാറ്റണമെന്ന് അദ്ദേഹം ഇതുവരെയും ആവശ്യപ്പെട്ടിട്ടില്ല. എന്തുകൊണ്ടാണ് ഹമീദ് ചേന്ദമംഗലൂര്‍ കേരളീയ സാംസ്കാരിക ലിബറലിസത്തിന്‍്റെ ബ്രാന്‍ഡ് അംബാസഡറാവുന്നത് എന്നാണ് പറഞ്ഞുവന്നത്. അങ്ങനെ, മതേതരത്വത്തിന്‍െറ തറവാട്ടു കാരണവരായ ഒരാള്‍ ഒരു കലാസൃഷ്ടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വരുമ്പോള്‍ ‘ആവിഷ്കാരം’ പറഞ്ഞോണ്ടിരിക്കാന്‍ ഈ കേരളത്തില്‍ ആളെക്കിട്ടില്ല.

തന്‍െറ കുടുംബത്തെ അവമതിക്കുന്നുവെന്നതാണ് ‘വീരപുത്ര’നെതിരായ ഹമീദിന്‍െറ കുറ്റപത്രം. സല്‍മാന്‍ റുഷ്ദി എന്നൊരാള്‍ പ്രവാചകനെയും അദ്ദേഹത്തിന്‍െറ കുടുംബത്തെയും ആകാവുന്നതില്‍ ഏറ്റവും മികച്ച തെറിപ്രയോഗങ്ങളുപയോഗിച്ച് അവമതിക്കുന്ന ഒരു നോവല്‍ എഴുതിയിരുന്നു, സാത്താനിക് വെഴ്സസ്. അന്ന് ആ പുസ്തകത്തിനെതിരെ ശബ്ദമുയര്‍ന്നപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പക്ഷത്ത് നിന്ന്, പുസ്തകത്തിന് വേണ്ടി, പുസ്തകത്തിനെതിരെ രംഗത്ത് വന്ന ‘മതമൗലികവാദി’കള്‍ക്കെതിരെ സാംസ്കാരിക തേര് തെളിയിച്ചയാളാണ് നമ്മുടെ കഥാപുരുഷന്‍. പ്രവാചക കുടുംബത്തെ നിങ്ങള്‍ക്ക് പേരെടുത്ത് അവഹേളിക്കാം, പക്ഷേ എന്‍െറ കുടുംബത്തിനെതിരെ അവമതിയുടെ സൂചന പോലും നടത്താന്‍ പാടില്ല എന്ന അദ്ദേഹത്തിന്‍െറ നിലപാട് മതേതര ലിബറലിസത്തിന് നന്നായി ചേരുന്നത് തന്നെ. ആധുനിക ലിബറല്‍ മൂല്യങ്ങളുടെ സ്വര്‍ഗഭൂമിയായി പൊതുവെ യൂറോപ്പിനെയും വിശേഷിച്ച് ഫ്രാന്‍സിനെയുമാണ് മതേതരവാദികള്‍ ആവേശപൂര്‍വം പരിചയപ്പെടുത്താറ്. ഈ ആധുനിക/ മതേതര യൂറോപ്പില്‍ 16 രാജ്യങ്ങളില്‍ രസകരമായ ഒരു നിയമമുണ്ട്. ഹോളോകാസ്റ്റ് എന്ന ചരിത്രവസ്തുതയെ നിഷേധിക്കുകയോ അതിന്‍്റ വിശദാംശങ്ങളില്‍ സംശയം പ്രകടിപ്പിക്കുകയോ ചെയ്താല്‍ ഭരണകൂടം നിങ്ങളെ പിടിച്ച് തുറുങ്കിലടക്കും. അതായത്, ജര്‍മ്മനിയില്‍ നടന്ന ജൂത വംശഹത്യയെക്കുറിച്ച് ഒൗദ്യോഗിക ചരിത്രകാരന്മാര്‍ പറഞ്ഞു തന്ന കാര്യങ്ങള്‍ അപ്പടി വിശ്വസിക്കാന്‍ മാത്രമേ നിങ്ങള്‍ക്കവകാശമുള്ളൂ. അതിനപ്പുറം ആലോചിക്കണമെങ്കില്‍ ജയിലില്‍ കിടന്ന് ഗോതമ്പുണ്ട തിന്നുവേണം അതാലോചിക്കാന്‍; എങ്ങനെയുണ്ട് ആധുനിക ലിബറല്‍ കാഴ്ചപ്പാട്? ഇതേ നിലപാട് തന്നെയാണ് നമ്മുടെ പുരോഗമന ബുദ്ധിജീവികളെയും നയിക്കുന്നത്. മുസ്ലിംകളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യം എത്ര വേണമെങ്കിലും ആവാം. പക്ഷേ, ലിബറലുകളുടെ തറവാട്ടില്‍ തൊട്ട് കളിച്ചാല്‍ കാര്യം വേറെ, അത്ര തന്നെ. അബ്ദുറഹ്മാന്‍ സാഹിബിന്‍െറ ജീവിതത്തെ യഥോചിതം ആവിഷ്കരിക്കുന്നതില്‍ കുഞ്ഞുമുഹമ്മദിന്‍െറ സിനിമ വിജയിച്ചോ എന്ന കാര്യത്തില്‍ അഭിപ്രായ ഭേദമുണ്ടാകാം. പക്ഷേ, അത് മറ്റൊരര്‍ഥത്തില്‍ ശരിക്കും വിജയിച്ചിരിക്കുന്നു. നമുക്കിടയില്‍ പുരോഗമനവാദികളായി വിലസുന്ന പലരും യഥാര്‍ഥത്തില്‍ ആരുടെ വീരപുത്രന്മാരാണ് എന്ന് തെളിയിച്ചുതരാന്‍ അത് ഏറെ സഹായിച്ചിരിക്കുന്നു.

Sunday, October 9, 2011

ഇവിടെ തോല്‍ക്കുന്നത് ഇസ്ലാം ..........

ഇവിടെ തോല്‍ക്കുന്നത് ഇസ്ലാം 1

ഇവിടെ തോല്‍ക്കുന്നത് ഇസ്ലാം2

 

Friday, September 30, 2011

അന്യം (short Filim 17minutes)


ആധാര്‍ പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടും: സോളിഡാരിറ്റി സെമിനാര്‍

ആധാര്‍ പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടും: സോളിഡാരിറ്റി സെമിനാര്‍


തിരുവനന്തപുരം: ആധാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന യൂനിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ സംവിധാനം രാജ്യത്ത് പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിന് കാരണമാകുമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായമുയര്‍ന്നു. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുകയും അവരെ ഒരു തുറന്ന് ജയിലലെന്നപോലെ നിരീക്ഷക്കപ്പെടുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടാകുക. രാജ്യം ഒരു പോലിസ് സ്റ്റേറ്റ് ആയി മാറുന്നതിന്റെ ആദ്യ ഘട്ടമായി കാണേണ്ടതുണ്ടെന്നും , ചില വിഭാഗങ്ങളെ ടാര്‍ജറ്റ് ചെയ്ത് ഉന്മൂലനം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ മുഴുവന്‍ പൗരന്മാരെ ബാധിക്കുന്ന ഈ സംവിധാനം ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ് നിലവില്‍ വന്നത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിന് മുമ്പു തന്നെ അതോറിറ്റി ഉണ്ടാക്കുകയും ക്യാബിനറ്റ് പദവി നല്‍കി അധ്യക്ഷനെ നിയമിക്കുകുയും ചെയ്തു.
വിവര ശേഖരണത്തിനായി ഉപയോഗിക്കുന്ന ടെക്‌നോളജി പൂര്‍ണമായും കുറ്റരഹിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഒരാളുടെ വിരലളടയാളം മറ്റൊരാള്‍ക്ക് കൃത്രിമമായി നിര്‍മിക്കാന്‍ കഴിയും. രണ്ട് വര്‍ഷം കൊണ്ട് ഒരാളുടെ വിരലടയാളം മാറിക്കൊണ്ടിരിക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗശൂന്യമാവുകയും ആളുകള്‍ക്ക് അവരുടെ തിരിച്ചറിയില്‍ രേഖ നഷ്ടമാകുന്ന അവസ്ഥയും സംജാതമാകും. ശേഖരിക്കുന്ന വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ട് കമ്പനികളുടെയും മറ്റു സംഘങ്ങളുടെയും കൈയില്‍ പോകാന്‍ സാധ്യതയുണ്ട്. അത് ജനങ്ങളുടെ സുരുക്ഷയെ ഒരു വശത്ത് ബാധിക്കുകയും അതേ സമയം കമ്പനികള്‍ക്ക് വളരെ വലിയ വിവര ശേഖരം ലഭിക്കുകയും ചെയ്യും.
വമ്പിച്ച സാമ്പത്തിക ബാധ്യതയുള്ളതാണ് പദ്ധതി. 1,50,000 കോടി രൂപ വിവരശേഖരണത്തിനായി മാത്രം വേണ്ടിവരും. ഫീസിബിലിറ്റി റിപ്പോര്‍ട്ടോ ഡീറ്റയില്‍ഡ് റിപ്പോര്‍ട്ടോ സമര്‍പ്പിക്കാത്ത പദ്ധതിയുടെ പിന്നിലെ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ.
ഇത്രയും പ്രധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന ആധാര്‍ പദ്ധതി വേണ്ടവിധം ചര്‍ച്ച ചെയ്യാതെ നടപ്പിലാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു.
പ്ലാനിങ് ബോര്‍ഡംഗം സി.പി. ജോണ്‍, ജനയുഗം എക്‌സിക്യൂട്ടിവ് എഡിറ്റര്‍ രാജാജി മാത്യൂ തോമസ്, വി.എസിന്റെ മുന്‍ ഐ.ടി. ഉപദേഷ്ടാവ് ജോസഫ് മാത്യു, ഐ.ടി. വിദഗ്ദന്‍ അനിവര്‍ അരവിന്ദ്, ടി. പീറ്റര്‍, ആര്‍. അജയന്‍ എന്നവിര്‍ പങ്കെടുത്തു. എ. മുഹമ്മദ് അസ്‌ലം വിഷയം അവതരിപ്പിച്ചു. സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് മോഡറേറ്ററായിരുന്നു. കെ. സജീദ് സ്വാഗതം പറഞ്ഞു.

Myth of Vibrant Gujrat

Compilation of Articles on the development-decadence of Gujarat
Compiled by Ram Puniyani
(For Private Circulation)
Institute for Peace Studies and Conflict Resolution
&
All India Secular Forum
602 & 603, New Silver Star, Behind BEST Bus Depot,
Santacruz (E), Mumbai: - 400 055.
E-mail:Myth_of_Vibrant_Gujarat_EDigest.pdf

കുസാറ്റ് യൂണിയന്‍ ഇലക്ഷന്‍: എസ്.ഐ.ഒവിന് ചരിത്ര വിജയം

കുസാറ്റ് യൂണിയന്‍ ഇലക്ഷന്‍: എസ്.ഐ.ഒവിന് ചരിത്ര വിജയം

കൊച്ചി: ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം കുസാറ്റില്‍ നടന്ന സ്റ്റുഡന്റ് യൂണിയന്‍ ഇലക്ഷനില്‍ എസ്.ഐ.ഒ ചരിത്ര വിജയം നേടി. ഇരുപത് സീറ്റുകളിലേക്ക് നടന്ന മല്‍സരത്തില്‍ അഞ്ച് സീറ്റുകളിലേക്ക് എസ്.ഐ.ഒ പ്രതിനിധികള്‍ തെരെഞ്ഞെടുക്കപ്പെട്ടു. മല്‍സരിച്ച മുഴുവന്‍ സീറ്റുകളിലും കടുത്ത മല്‍സരം കാഴ്ച്ചവെക്കാനും എസ്.ഐ.ഒവിന് സാധിച്ചു. സിദ്ധാര്‍ഥ്, സാബിര്‍ അബ്ദുല്ല, ഫാരിസ് സഹ്ര്‍, അസ്ഹര്‍, സഹീം എന്നിവരാണ് യൂണിയന്‍ കൗണ്‍സിലര്‍മാരായി തെരെഞ്ഞെടുക്കപ്പെട്ടത്. വിജയികളെ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ അഭിനന്ദിച്ചു. ഇടത് വിദ്യാര്‍ഥി സംഘടനകളുടെ ഫാഷിസ്റ്റ് വാഴ്ച്ച നിലനില്‍ക്കുന്ന കുസാറ്റില്‍ എസ്.ഐ.ഒ നേടിയ ജനാധിപത്യ വിജയം ശ്രദ്ധേയമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിലെ കാമ്പസുകളില്‍ ശക്തിപ്പെടുന്ന നവജനാധിപത്യ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പ്രതീക്ഷാര്‍ഹമായ സൂചനകളാണിത്. കാമ്പസുകളിലെ സര്‍ഗ്ഗാത്മക ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ഈ വിജയം കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യ: പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പിക്കരുത് -ജമാഅത്തെ ഇസ്ലാമി

ജനസംഖ്യ: പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പിക്കരുത് -ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: ജനസംഖ്യാ നിയന്ത്രണത്തിന്‍െറ വിഷയത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ ലോകത്ത് അവതരിപ്പിക്കപ്പെട്ട കാഴ്ചപ്പാടുകളാണ് ‘വനിത-ശിശുക്ഷേമ നിയമ കമീഷന്‍’ മുന്നോട്ട് വെക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി നടപ്പാക്കിയതും ഇന്ന് അവര്‍തന്നെ തള്ളിക്കളഞ്ഞതുമായ പഴഞ്ചന്‍ ആശയങ്ങള്‍ അടിച്ചേല്‍പിക്കാനും അത് സ്വീകരിക്കാത്തവരെ ശിക്ഷിക്കാനുമാണ് കമീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. കുട്ടികള്‍ കുറഞ്ഞുവരുന്നത് ഇന്ന് പല വികസിത രാജ്യങ്ങളും അനുഭവിക്കുന്ന വലിയ പ്രതിസന്ധിയാണ്. കൂടുതല്‍ കുട്ടികളെ വളര്‍ത്തുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന നയമാണ് വികസിത-പുരോഗമന രാജ്യങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. അധ്വാനശീലരായ ചെറുപ്പക്കാരാണ് നമ്മുടെ രാജ്യത്തിന്‍െറ ഏറ്റവും വലിയ സമ്പത്ത്. കേരള സമ്പദ്ഘടന നിലനില്‍ക്കുന്നതു തന്നെ മനുഷ്യവിഭവശേഷി കയറ്റുമതി ചെയ്തു കൊണ്ടാണ്. അങ്ങനെയിരിക്കെ, കുഞ്ഞുങ്ങളെ നശിപ്പിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിയമം പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല. കുഞ്ഞുങ്ങള്‍ എത്ര വേണം എന്ന തീരുമാനം ഓരോ കുടുംബത്തിനും വിട്ടു കൊടുക്കുന്നതാണ് ജനാധിപത്യ മര്യാദ. അത് പാലിക്കാതെ കുടുംബാസൂത്രണം അടിച്ചേല്‍പിച്ച രാജ്യങ്ങളാണ് ഇന്ന് മനുഷ്യവിഭവ ദാരിദ്ര്യം ഏറ്റവും അനുഭവിക്കുന്നത്. വ്യക്തിയുടെ ഏറ്റവും പ്രാഥമികമായ സ്വകാര്യ അവകാശത്തില്‍ പോലും കൈവെക്കുന്നുവെന്നതിനാല്‍ റിപ്പോര്‍ട്ട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. കേരളത്തിലെ പുരോഗമന സമൂഹം ഇത് തള്ളിക്കളയുമെന്ന് ജമാഅത്തെ ഇസ്ലാമി പ്രതീക്ഷിക്കുന്നു. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു

കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.ഐ.ഒക്ക് മുന്നേറ്റം


കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിലെ കോളജുകളിലെ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.ഐ.ഒ ശ്രദ്ധേയമായ വിജയം നേടി. വിവിധ കോളജുകളിലായി മൂന്ന് യൂനിയനുകളും മുപ്പതോളം ജനറല്‍ സീറ്റുകളും അസോസിയേഷനുകളും എസ്.ഐ.ഒവിന് ലഭിച്ചു. മത്സരിച്ച ഭൂരിഭാഗം കോളജുകളിലും എസ്.ഐ.ഒ രണ്ടാംസ്ഥാനത്തെത്തി. കോഴിക്കോട് ഫാറൂഖ് കോളജ്, മുക്കം ഐ.എച്ച്.ആര്‍.ഡി, കൊടുവള്ളി കെ.എം.ഒ, എം.ഇ.എസ് മമ്പാട്,എം.ഇ.എസ് പൊന്നാനി, സഫ എടയൂര്‍, പി.എസ്്.എം.ഒ കോളജ്, അസ്മാബി കോളജ് തൃശൂര്‍, ക്രൈസ്റ്റ് കോളജ് പാലക്കാട് എന്നിവിടങ്ങളിലാണ് എസ്.ഐ.ഒവിന് തിളക്കമാര്‍ന്ന വിജയം ലഭിച്ചത്. ആദര്‍ശ മുന്നേറ്റങ്ങള്‍ക്ക് ഇടമുണ്ടെന്നതിന്‍െറ തെളിവാണ് എസ്.ഐ.ഒവിന് വിദ്യാര്‍ഥികള്‍ നല്‍കിയ അംഗീകാരമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു.

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ എസ്.ഐ.ഒ മൂന്ന് ജനറല്‍ സീറ്റുകളും മൂന്ന് അസോസിയേഷനും നേടി. ഫാറൂഖ് കോളജില്‍ വൈസ് ചെയര്‍മാനും പ്രൊവിഡന്‍സ് വനിത കോളജില്‍ യു.യു.സി, മുക്കം ഐ.എച്ച്.ആര്‍.ഡി കോളജില്‍ മാഗസിന്‍ എഡിറ്റര്‍ സ്ഥാനങ്ങളില്‍ യഥാക്രമം അമല്‍ അബ്ദുറഹ്മാന്‍, മുഫീദ, റിസ്വാന്‍ എന്നിവര്‍ വിജയിച്ചു. ഫാറൂഖ് കോളജിലെ ബോട്ടണി, സുവോളജി അസോസിയേഷനും കൊടുവള്ളി കെ.എം.ഒ കോളജിലെ ഇംഗ്ളീഷ് അസോസിയേഷനിലും വിജയിച്ചതായി എസ്.ഐ.ഒ അറിയിച്ചു.


മലപ്പുറം:
തെരഞ്ഞെടുപ്പില്‍ 16 ജനറല്‍ സീറ്റുകളും അഞ്ച് അസോസിയേഷനുകളും 11 ക്ളാസ് പ്രതിനിധികളും ഉള്‍പ്പെടെ 32 സീറ്റുകളില്‍ എസ്.ഐ.ഒ വിജയിച്ചതായി ജില്ലാ കമ്മിറ്റി അറിയിച്ചു. പൊന്നാനി എം.ഇ.എസ്, മമ്പാട് എം.ഇ.എസ്, രാമപുരം ജെംസ്, പൂക്കാട്ടീരി സഫ എന്നിവിടങ്ങളിലാണ് എസ്.ഐ.ഒ കോളജ് യൂനിയനില്‍ പ്രാതിനിധ്യം നേടിയത്. കൈയൂക്കിന്‍െറ രാഷ്ട്രീയത്തെ നിശ്ചയദാര്‍ഢ്യംകൊണ്ട് ചെറുത്ത് മികച്ച മുന്നേറ്റം നടത്തിയതായി ജില്ലാ പ്രസിഡന്‍റ് സഫീര്‍ഷാ പറഞ്ഞു. ആള്‍ക്കൂട്ട രാഷ്ട്രീയത്തിനെതിരെ കരുത്തുറ്റ മൂല്യബോധമുള്ള വിദ്യാര്‍ഥി രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ കാമ്പസുകള്‍ പാകപ്പെടുന്നതിന്‍െറ സൂചനകള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായും ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി ഫാഇസ് കൊടിഞ്ഞി, അമീന്‍ മോങ്ങം, സുലൈമാന്‍ വേങ്ങര, അബ്ദുല്‍ ബാസിത്ത്, തഹ്യുദ്ദീന്‍, ജുമൈല്‍, ജലീസ്, ജസീം, ജലീല്‍ എന്നിവര്‍ സംസാരിച്ചു.

Monday, August 22, 2011

അണ്ണാ ഹസാരെ എന്ന മനുവാദി?

ShareThis
അണ്ണാ ഹസാരെ അവിടെയും ഇവിടെയും
ഈ എഴുത്ത് സ്വാതന്ത്ര്യാനന്തര ഭാരതം സാക്ഷ്യംവഹിക്കുന്ന ഏറ്റവും വൃത്തികെട്ട അഴിമതിക്കഥകള്‍ക്കെതിരെ നടക്കുന്ന ശബ്ദങ്ങള്‍ക്കെതിരെ മുഖംതിരിക്കുന്ന ഒന്നല്ല. ഒരു ജനാധിപത്യസംവിധാനത്തില്‍ പൗരന്മാര്‍ക്ക് ലഭ്യമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോല്‍പിക്കുകതന്നെ വേണം. അതേസമയം, അധികാരത്തിലിരിക്കുന്നവരെ വിമര്‍ശവിധേയമാക്കുമ്പോള്‍തന്നെ, സ്വയംവിമര്‍ശത്തിനു തയാറാവാത്തവരെ പരിശോധിക്കുകയെന്നതും ജനാധിപത്യക്രമങ്ങളുടെ ഭാഗം മാത്രം.
അഴിമതിവിരുദ്ധ സമരം ഇത്രയും ശ്രദ്ധയാകര്‍ഷിച്ചത്അണ്ണാ ഹസാരെരംഗത്തു വന്നപ്പോഴാണ്. ആരാണ് ഇദ്ദേഹം, 'അഭിനവ ഗാന്ധി' എന്നബിംബനിര്‍മിതിയിലേക്ക് കാര്യങ്ങളെത്തിയത് എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ ചിലരെയെങ്കിലും വലച്ചിട്ടുണ്ടാവും. ഉഷ്ണം പരത്തുന്ന, അകക്കാഴ്ചകളുടെയും കാഴ്ചപ്പാടുകളുടെയും കെട്ടുപാടുകളില്ലാത്ത, പരുത്ത ഖാദിവസ്ത്രങ്ങളണിഞ്ഞ് ഇന്ത്യന്‍ രാഷ്ട്രീയ കമ്പോളത്തിലേക്ക് നവഗാന്ധിയുടെ പരിവേഷവുമായി ഇറങ്ങിവന്നു ഈ മറാത്തക്കാരന്‍. അയോധ്യയും മണ്ഡലുംകൊണ്ട് ചുട്ടികുത്തി തകര്‍ന്നാടിയ ഹിന്ദുത്വ രാഷ്ട്രീയം, പിന്നീടുണ്ടായ രാഷ്ട്രീയപരിസരങ്ങളില്‍ മങ്ങിപ്പോയപ്പോള്‍ ഒരു കരിഷ്മയുള്ള വ്യക്തിത്വത്തെ തേടുകയായിരുന്നു. അവര്‍ക്ക്  വീണുകിട്ടിയ വള്ളിയായിഈ ഗാന്ധിയന്‍.
ഹസാരെ ഉയര്‍ത്തുന്ന അഴിമതിവിരുദ്ധ സമരത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ അറിയണമെങ്കില്‍ റാലിഗന്‍ സിദ്ധിയെ അറിയണം. സൂക്ഷ്മമായി നോക്കുമ്പോള്‍, പാരമ്പര്യനൈതികതയുടെ തെളിയിക്കപ്പെട്ട മാതൃകയായിട്ടാണ്അണ്ണാ ഹസാരെയുടെ ഗ്രാമമായ റാലിഗന്‍ സിദ്ധി ഉയര്‍ന്നുനില്‍ക്കുന്നത്. മറാത്ത ദേശീയതയുടെ വിവിധ ബിംബനിര്‍മിതികളെയും സാങ്കല്‍പികശത്രുക്കളെയുംകാണിച്ചുപടുത്തുയര്‍ത്തിയ ഒരു പ്രത്യേക പ്രാദേശിക വംശീയതയെ പ്രതിനിധാനം ചെയ്യുന്നു ഈ ഗ്രാമം. കൃത്യമായ ഒരു സാംസ്‌കാരിക ദേശീയതപ്രതലത്തില്‍നിന്ന് ഉയര്‍ന്നുവന്ന ആചാരങ്ങളിലൂന്നിയഒരു കേന്ദ്രീകൃതാവസ്ഥഈ ഗ്രാമത്തില്‍ കാണാം. അതിനിയന്ത്രണത്തിന്റെയും അനുസരണപ്രക്രിയയുടെയും വേദവ്യവസ്ഥകളുടെയുംഒരു സ്വേച്ഛാധിപത്യക്രമം ഈ ഗ്രാമീണവ്യവസ്ഥയുടെ പ്രത്യേകതയാണ്.
കുറ്റാരോപിതരെയും കുറ്റം ചെയ്തവരെയും ഹരിയാനയിലെ സ്ത്രീ/ദലിത്‌വിരുദ്ധ'ഖാപ് പഞ്ചായത്ത്' രീതിയില്‍ കുറ്റവും ശിക്ഷയും വിധിക്കുന്ന രീതിയുണ്ട്ഇവിടെ. 'കുറ്റവാളികളെ' മധ്യകാല സംസ്‌കാരങ്ങളിലെപോലെ നാല്‍ക്കവലയില്‍കെട്ടിയിട്ട്, തന്റെ പട്ടാള ബെല്‍റ്റുകൊണ്ട്തല്ലു കൊടുത്തു ശിക്ഷിക്കുന്ന ഒരു ഫ്യൂഡല്‍ രീതിയാണ് ഹസാരെ ഇവിടെ പ്രയോഗിച്ചുവരുന്നത്. ജനാധിപത്യക്രമങ്ങളെയും ആധുനിക നീതിന്യായ സംവിധാനങ്ങളെയുംകാറ്റില്‍ പറത്തുന്ന 'ഖാപ് പഞ്ചായത്തുകളു'ടെ പ്രകട പിന്തുണ, അഴിമതിവിരുദ്ധ സമരങ്ങള്‍ക്ക്കിട്ടുന്നതില്‍ അദ്ഭുതമില്ല. ക്ഷേത്രകേന്ദ്രീകൃതമായ ഒരു ഗ്രാമവ്യവസ്ഥയിലെ, രാജാവും മന്ത്രിയും പൂജാരിയുമൊക്കെയായിവാഴുന്ന, ഫ്യൂഡല്‍ അംശങ്ങള്‍ ഇപ്പോഴുംകൊണ്ടുനടക്കുന്ന ഒരു കരിഷ്മാറ്റിക്പുരുഷന്റെ  നിയന്ത്രണമാണ് ഈ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത്. ക്ഷേത്രകേന്ദ്രീകൃതമായ ഒരു ആവാസവ്യവസ്ഥയിലെ തീരുമാനങ്ങളും വര്‍ണവ്യവസ്ഥ മുന്നോട്ടുവെക്കുന്ന ശുദ്ധി /ശ്രേണി ബന്ധിതമായിരിക്കും എന്നത് ചരിത്രത്തിന്റെ പിന്തുടര്‍ച്ച മാത്രമായി കരുതാം. ബീഡി, സിഗരറ്റ് മുതലായവയും സിനിമയും നിയമവിരുദ്ധമാക്കിയ ഈ ഗ്രാമം 2001ല്‍ സന്ദര്‍ശിച്ചപ്പോള്‍ ചരിത്രപുസ്തകത്തില്‍നിന്ന് അടുത്തറിഞ്ഞ പടിഞ്ഞാറന്‍ യൂറോപ്പിലെ ഏതെങ്കിലുംഒരുമനോരിയാല്‍ കോട്ടയിലകപ്പെട്ടതുപോലെയാണ് എനിക്കു തോന്നിയത്. ഒരു ഗ്രാമം മുഴുവനുംദൈവവും ഗാന്ധിയും അവതാരപുരുഷനും കമാന്‍ഡറുമായി ആരാധിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ സമ്പൂര്‍ണവരുതിയില്‍തന്നെ റാലിഗന്‍ സിദ്ധി പത്തു വര്‍ഷത്തിനുശേഷവുംമാറ്റമില്ലാതെതുടരുന്നുവെന്ന്അവിടം സന്ദര്‍ശിച്ച പലരില്‍നിന്നും അറിയാന്‍ കഴിഞ്ഞു. മാത്രമല്ല, ഇപ്പോള്‍ ഭക്ഷണ/വസ്ത്രധാരണമടക്കംനിയന്ത്രണവിധേയമായിരിക്കുന്ന ഒരു പരിപൂര്‍ണ അഗ്രഹാരമായിരിക്കുന്നുവത്രെ. ജനാധിപത്യസംവിധാനത്തിന്റെ പ്രകടമുദ്രകളിലൊന്നായ പ്രാതിനിധ്യസഭകളോ മറ്റു സംവിധാനങ്ങളോ റാലിഗന്‍ സിദ്ധിയില്‍ ഇല്ല. ശ്രേണീബന്ധിതമായ ഒരുസാമൂഹിക ചുറ്റുപാടില്‍ എടുക്കുന്ന ഗ്രാമതീരുമാനങ്ങള്‍മേധാവിത്വ ജാതിയായ മറാത്തരുടെ ഇംഗിതത്തിനും താല്‍പര്യങ്ങള്‍ക്കും അനുസരിച്ചാണ് തുടര്‍ന്നു വരുന്നത്, 20 വര്‍ഷമായി ഒരു തെരഞ്ഞെടുപ്പില്‍പോലും ഭാഗമായിട്ടില്ലാത്ത ഈ ഗ്രാമത്തില്‍.
ഗുരുകുല സമ്പ്രദായത്തില്‍ നടക്കുന്ന വിദ്യാലയത്തില്‍ സൂര്യനമസ്‌കാരവും രാഷ്ട്രീയവത്കരിക്കപ്പെട്ട ഓം ശാന്തിമന്ത്രങ്ങളും മാത്രം മുഖരിതമാവുമ്പോള്‍, സാംസ്‌കാരികസമന്വയത്തിന്റെ ഉദാത്ത മാതൃകകള്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന മറ്റുള്ളഗ്രാമങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായ ഒരു തലത്തിലേക്കാണ് ഈ പ്രദേശത്തെഹസാരെ തെളിച്ചുകൊണ്ടുപോകുന്നത്. ആര്‍.എസ്.എസ് ജിഹ്വയായ 'ഓര്‍ഗനൈസര്‍' നിരന്തരമായ എഴുത്തുകളിലൂടെ ഹസാരെയുടെ സാംസ്‌കാരികചികിത്സയെ (Cultural Treatment) ആഘോഷമായി ഏറ്റെടുക്കുന്നതും ശ്രദ്ധേയമാണ്.
ക്ഷത്രിയവത്കരിക്കപ്പെട്ട ഒരു സൈനികഗ്രാമമാണ് റാലിഗന്‍ സിദ്ധി. എപ്പോഴും യുദ്ധസജ്ജരായ ഒരു പുരുഷാരം ഇവിടത്തെ പ്രത്യേകതയാണ്. പാകിസ്താനെന്ന ശത്രുവാല്‍ ഏതു ദിവസവും ആക്രമിക്കപ്പെടും/പിടിച്ചടക്കപ്പെടും എന്ന നിരന്തരമായ പ്രചാരണങ്ങളിലൂടെ വളരെ ശക്തമായ ഒരു പട്ടാള സംസ്‌കാരംവളര്‍ത്തിയെടുത്തിരിക്കുന്നു ഹസാരെ. ഇന്ത്യയില്‍ പട്ടാളത്തിലേക്ക് ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ അയക്കുന്ന ഗ്രാമം അഹിംസാവാദിയായ ഹസാരെ സ്വയം നിര്‍മിച്ച റാലിഗന്‍ സിദ്ധിയാണ്.
ഈ ഗ്രാമത്തിലെകഥകളിലും പഴഞ്ചൊല്ലുകളിലും മാത്രമല്ല, സാധാരണ സംഭാഷണങ്ങളില്‍പോലുംശിവജി-അഫ്‌സല്‍ ഖാന്‍പോരാട്ടംനിറഞ്ഞുനില്‍ക്കുന്നത്, കൃത്യമായ ബിംബനിര്‍മിതികള്‍ ഇവിടെ നടക്കുന്നുണ്ട് എന്നതിന്റെ പ്രകടമായ ഉദാഹരണമാണ്. മുസ്‌ലിം സാന്നിധ്യം ഈ ഗ്രാമത്തില്‍ തീരെ ഇല്ലെന്നുതന്നെ പറയാം. പ്രായോഗികതയുടെ പേരില്‍ എന്നും മാറ്റിനിര്‍ത്തപ്പെട്ട ദലിതുകളുടെ കാര്യം ഈ ഗ്രാമത്തിന്റെ വേറിട്ട മുഖം കാണിച്ചുതരുന്നു. 'ഹിന്ദുവാകാന്‍' കഴിയാതെ ഇപ്പോഴും ഹരിജനങ്ങള്‍ (ദൈവമക്കള്‍) എന്നു മാത്രം വിളിക്കപ്പെടുന്ന അവര്‍ തങ്ങളുടെ പ്രതിഷേധങ്ങളെ അടക്കിപ്പിടിക്കുന്നത് ഭയംകൊണ്ടാണ്, ബഹുമാനംകൊണ്ടല്ല. ദലിതന്റെ അവസ്ഥ താന്‍ മാറ്റിമറിച്ചു എന്നാണ് ഹസാരെയുടെ അവകാശവാദം. ആ പരിഷ്‌കരണം അദ്ദേഹത്തിന്റെതന്നെ വാക്കുകളില്‍ ഇങ്ങനെയാണ്: 'എന്തുകൊണ്ടാണ് ജനങ്ങള്‍ അവരെവെറുത്തുതുടങ്ങിയതെന്ന് അവര്‍ക്ക് പറഞ്ഞുകൊടുത്തു. നിങ്ങളുടെ ജീവിതശൈലി വൃത്തികെട്ടതാണ്. ഭക്ഷണസമ്പ്രദായം വൃത്തിഹീനമാണ്. ആലോചനാരീതികള്‍ വൃത്തികെട്ടതാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ മാറ്റത്തിനു വിധേയമാകണം... അങ്ങനെ നിരന്തരമായ അധ്വാനത്തിലൂടെ ദലിതരുടെ ജീവിതത്തെ മാറ്റിയെടുത്തു.' അതായത്, 'ശുദ്ധിയില്ലാത്ത' ദലിതനെ ബ്രാഹ്മണ്യത്തിന്റെയും സനാതന മൂല്യങ്ങളുടെയും വര്‍ണപരിസരങ്ങളിലേക്ക് കൊണ്ടുവന്ന് പരിവര്‍ത്തനത്തിനു വിധേയമാക്കുന്ന, ഗുജറാത്തിലും ആദിവാസി മേഖലയിലും നടന്നുകൊണ്ടിരിക്കുന്നനിര്‍ബന്ധിത 'ശുദ്ധികലശം' ആണ് ഇവിടെയും നടന്നുകൊണ്ടിരിക്കുന്നത്.
തീവ്ര വലതുപക്ഷ നേതാക്കളായ സാധ്വി ഋതംബരയും ഗോവിന്ദാചാര്യയുമാണ് ബാബാ രാംദേവിനുവേണ്ടി രംഗത്തിറങ്ങിയതെങ്കില്‍ ഹസാരെക്ക് ചുറ്റുംപറന്നുനടക്കുന്നത് ബി.ജെ.പിയിലെ മിതവാദി നേതാക്കളുടെ ഒരു പട തന്നെയാണ്. നേരത്തേ ജന്തര്‍മന്തറില്‍ നടന്നതും ഇപ്പോള്‍ രാംലീലയില്‍ നടത്താന്‍ നിശ്ചയിച്ചതുമൊക്കെ സന്യാസി-കച്ചവട-അരാഷ്ട്രീയവാദികളുടെ ഒരു കൂട്ടായ്മയാണ്. ഏകാധിപതികളെയും ഫാഷിസ്റ്റുകളെയും ആരാധിക്കുന്നവര്‍, കക്ഷിരാഷ്ട്രീയക്കാരെ പൂര്‍ണമായി നിരാകരിക്കുന്നവര്‍, സംവരണവിരുദ്ധര്‍, വര്‍ഗീയവാദികള്‍, സാമൂഹികസേവനങ്ങളെ പ്രൊഫൈല്‍ നിര്‍മിതിക്ക് ഉപയോഗിക്കുന്നവര്‍ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുക എന്ന ബനിയ ബ്രാഹ്മണ്‍ അച്ചുതണ്ടിന്റെ ഒരു രാഷ്ട്രീയ തന്ത്രമായിട്ടു മാത്രമേ ഇതിനെ കാണാന്‍ പറ്റൂ.
 രാംദേവിലൂടെ ഉറപ്പാക്കാന്‍ പറ്റുമായിരുന്ന പിന്നാക്ക പിന്തുണയുടെ കാര്യം തല്‍ക്കാലത്തേക്ക്അവതാളത്തിലായെങ്കിലുംബ്രാഹ്മണ്‍ ബനിയ രാഷ്ട്രീയ കൂട്ടുകെട്ടിനെ ഒരു കരക്കെത്തിക്കാന്‍തന്നെയാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശ്രമം.താത്ത്വികമായും പ്രായോഗികമായും, ഉദാരവത്കൃത ഇന്ത്യയിലെ അഴിമതിയും മറ്റുള്ള കുറ്റകൃത്യങ്ങളും ഇത്രത്തോളം വഷളായ രീതിയില്‍വളരാന്‍ കാരണമായ കോര്‍പറേറ്റ് മേഖലയിലെ അഴിമതികളെ ഒരു കാലത്തും ഒരു വിമര്‍ശത്തിനുംപാത്രമാക്കിയിട്ടില്ല ഹസാരെ. 2ജി അഴിമതിക്കേസില്‍ വന്‍ വ്യവസായികളെ കൂട്ടിനു പുറത്തു നിര്‍ത്തിദലിതനായ രാജയിലേക്ക്മാത്രം വെളിച്ചം കേന്ദ്രീകരിച്ചു അഴിമതിവിരുദ്ധ പൊതുസമൂഹം. വലതുപക്ഷ രാഷ്ട്രീയത്തോട് ഇപ്പോഴും മാനസികാഭിമുഖ്യമുള്ള ജയലളിതയെ തമിഴ്‌നാട്ടില്‍ അധികാരത്തില്‍ കൊണ്ടുവരാന്‍ ഈ കൂട്ടുകെട്ടിനു കഴിഞ്ഞു. ജയലളിതയെ അഭിനന്ദിക്കാന്‍ ആദ്യമായി ക്ഷണിക്കപ്പെട്ട് എത്തിയ അതിഥിനരേന്ദ്രമോഡിയായിരുന്നു എന്നത് യാദൃച്ഛികമായിരുന്നു എന്ന് കരുതാനാവില്ല. ബ്രാഹ്മണ-ദലിത് സഖ്യത്തിലൂടെ മായാവതി അധികാരത്തിലേറിയ ഉത്തര്‍പ്രദേശില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് ഈ അഴിമതിവിരുദ്ധ സമരത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. ഹസാരെ 'അഴിമതിക്കാരി' എന്ന് വിളിച്ചുപറഞ്ഞ ഒരേ ഒരു മുഖ്യമന്ത്രിയുടെ പേര് മായാവതിയാണെന്നതും ചേര്‍ത്തു വായിക്കേണ്ടതാണ്.
കാപിറ്റലിസ്റ്റ് സാമ്പത്തികവ്യവസ്ഥയെയും ഫ്യൂഡല്‍ മാനസികാവസ്ഥയെയും വര്‍ഗ/വര്‍ണ/ജാതി നിബദ്ധ സാമൂഹിക വ്യവസ്ഥയെയും വര്‍ഗീയരാഷ്ട്രീയത്തെയും പ്രതിനിധാനംചെയ്യുന്ന ഒരു രാഷ്ട്രീയ ജുഗല്‍ബന്ദിയുടെ വരാനിരിക്കുന്ന നാളുകളിലെ തിമിര്‍പ്പിന്റെ ആമുഖമായി ഈ സമരങ്ങളെ കാണാം. സവര്‍ണ പരികല്‍പനകളും പ്രത്യയശാസ്ത്ര പരിഗണനകളും ചോര്‍ന്നുപോയിട്ടില്ലാത്ത ഇന്ത്യയിലെ ലിബറല്‍ പൊതുസമൂഹത്തിന്റെമേല്‍ ഹിന്ദുത്വത്തിന്റെ പുതുരാഷ്ട്രീയ പരികല്‍പനകള്‍ക്ക് മിനുപ്പേറ്റുകയാണ് ഹസാരെയുടെ അഭിനവ ഗാന്ധിയന്‍ ഭാവം. രാം പുനിയാനിസൂചിപ്പിച്ചതുപോലെ ഇന്ത്യയില്‍ എപ്പോഴൊക്കെ മധ്യവര്‍ഗ വരേണ്യജാതി നിയന്ത്രണത്തില്‍അഴിമതിവിരുദ്ധ സമരങ്ങള്‍ നടന്നിട്ടുണ്ടോ, അത് ജയപ്രകശ്‌നാരായണിന്റെ കാലത്തായാലും വി.പി.സിങ്ങിന്റെ കാലത്തായാലും, അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഉപയോക്താക്കളാകുകയുംചെയ്തത് ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന വലതുപക്ഷ രാഷ്ട്രീയം തന്നെയാണ്.
തലച്ചോറും നീതിയും തത്ത്വചിന്തയും പൊലീസ് അധികാരങ്ങളുംതീരുമാനങ്ങളും സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു തികഞ്ഞ ഏകാധിപതിയെയാണ് ഹസാരെ സ്ഥാപിച്ച ഭാരതീയ ആചാര്‍ വിരോധി ട്രസ്റ്റില്‍ സജീവമായിരുന്ന പഴയ ട്രസ്റ്റി അണ്ണാ ആധാവിനെ പോലുള്ളവരുടെ വിവരണങ്ങളില്‍ കാണുന്നത്. അധികാരവും നിയന്ത്രണവും വരുതിയില്‍ വെക്കാന്‍, ആരുമായും പരിധിയില്‍ കവിഞ്ഞ് അടുപ്പവും സൗഹൃദവുംകാണിക്കാത്ത മനുഷ്യനെന്ന്മറ്റു ചിലര്‍ ഹസാരെയെവിശേഷിപ്പിക്കുന്നു. ഹസാരെയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റുകളില്‍ നടക്കുന്ന അഴിമതിയെപ്പറ്റിസുപ്രീംകോടതി ജഡ്ജി പി.ബി. സാവന്തിന്റെ2005ലെവെളിപ്പെടുത്തലുകളും കെ.എന്‍. പണിക്കരെപ്പോലെയുള്ളവരുടെ പ്രസ്താവനകളും നമ്മോടു പറയുന്നത് ഇന്ത്യയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അഴിമതിയെ ചെറുക്കാനുള്ള പോരാട്ടത്തിനു നേതൃത്വം കൊടുക്കാനുള്ള ധാര്‍മികമായ ഔന്നത്യം ഹസാരെക്ക് അവകാശപ്പെടാനില്ല എന്നുതന്നെയാണ്. അതേസമയം, നാശത്തിന്റെ കുഴി സ്വയം തോണ്ടിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് ഹസാരെഉയര്‍ത്തുന്ന പൊടിക്കാറ്റ് ശ്വാസതടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അത് അവര്‍ അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണെന്നത് വേറെ കാര്യം.
(ദല്‍ഹി സര്‍വകലാശാലയില്‍ അസി. പ്രഫസറാണ് ലേഖകന്‍)

Friday, August 5, 2011

പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ അട്ടിമറിക്കാന്‍ അനുവദിക്കില്ല -സോളിഡാരിറ്റി
കോഴിക്കോട്: കേരളനിയമസഭ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ‘ടി.മുഹമ്മദ് വേളം പ്രസ്താവിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ കേന്ദ്രഅഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും അഭ്യന്തരമന്ത്രാലയം ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടില്ല. ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമത്തിന്റെ പരിധിയില്‍വരാത്ത തൊഴില്‍, കൃഷി, ഭൂവിനിയോഗം തുടങ്ങിയ പ്രശ്‌നങ്ങളും പ്ലാച്ചിമട കേസിലുണ്ട് എന്നിരിക്കെ ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമത്തിന് കീഴില്‍ പ്ലാച്ചിമട കേസിനെ കൊണ്ടുവരാനുള്ള ശ്രമം ബില്ലിനെ അട്ടിമറിക്കാനാണ്. കേന്ദ്രഅഭ്യന്തരമന്ത്രാലയവും കേന്ദ്രമന്ത്രിയും കൊക്കകോളകമ്പനിയുടെ ഏജന്റുമാരായി മാറിയിരുക്കുന്നു. ഈ സാഹചര്യത്തില്‍ ബില്ലിന് അനുമതി ലഭിക്കാന്‍ അഭ്യന്തര സഹമന്ത്രി മുല്ലപള്ളി രാമചന്ദ്രനും കേരളത്തില്‍നിന്നുള്ള മറ്റു എം.പിമാരും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഫുള്‍സ്ലീവും മക്കനയും ധരിക്കുമ്പോള്‍ ഉറഞ്ഞാടുന്ന മതേതരത്വം -ശിഹാബ് പൂക്കോട്ടൂര്‍

മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണം സമുദായത്തിനകത്തും പുറത്തും വിവാദ വിഷയമായിട്ടുണ്ട്. ഒരു സ്ത്രീയുടെ അവകാശമെന്ന നിലയിലും തെരഞ്ഞെടുപ്പ് എന്ന നിലയിലുമുള്ള രാഷ്ട്രീയ പരികല്‍പന ഇതിനു നല്‍കാന്‍ ആരും തയാറായിട്ടില്ല. കേവല മതവിധികള്‍ക്കപ്പുറത്ത് രാഷ്ട്രീയവും ആത്മീയവുമായ ഒരു തലമുള്ള വിഷയമാണ് മുസ്‌ലിം സ്ത്രീയുടെ വേഷം. ഇറാനില്‍ ശിരോവസ്ത്രം ഒരു രാഷ്ട്രീയ ചിഹ്നമാണ്. ഏതു മതവിഭാഗത്തിലുള്ളവരും രാഷ്ട്ര നിയമമെന്ന നിലയില്‍ അതനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. നമ്മുടെ നാട്ടിലുള്ള മിക്ക മുസ്‌ലിം സ്ത്രീകളും ശിരോവസ്ത്രം ധരിക്കുന്നത് മതപരമായ ഒരു അനുഷ്ഠാനമായിട്ടാണ്. ഇസ്‌ലാമിലെ വിശ്വാസം (ഈമാന്‍), ഹയാഅ് (ലജ്ജ) തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ശിരോവസ്ത്രം, ഫുള്‍സ്ലീവ് എന്നിവ ധരിക്കുന്നത്. ഇവയെല്ലാം മതേതരവാദികള്‍ക്കും ഉദാരവാദികള്‍ക്കും പിടികിട്ടാത്ത പദാവലികളാണ്. അതിനാല്‍ ഈ വസ്ത്രധാരണം അസാധാരണ പ്രക്രിയയായും സ്ത്രീ സ്വാതന്ത്ര്യത്തിനെതിരായും വ്യാഖ്യാനിക്കപ്പെടുന്നു. കേരളത്തില്‍ ഈയിടെ നടന്ന ചില സംഭവങ്ങളില്‍ 'മതേതര' ഏജന്‍സികളുടെയും ഉദാര സ്ത്രീവാദികളുടെയും ജാതിയും മതവും വ്യക്തമാക്കപ്പെടുന്നു.

ഫുള്‍സ്ലീവ്, മഫ്ത എന്നിവ ധരിച്ചതിന്റെ പേരില്‍ ചില വിദ്യാലയങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികളെ പുറത്താക്കി. ഈ വിഷയമുയര്‍ത്തി എസ്.ഐ.ഒയും ജി.ഐ.ഒയും സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കണ്ണൂരിലെ എസ്.എന്‍ സ്‌കൂളിലേക്കും നിലമ്പൂരിലെ ഫാത്തിമ ഗിരി സ്‌കൂളിലേക്കും കോതമംഗലത്തെ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. നിയമപരമായി വളരെ വേഗം ഈ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. അതിനു ശേഷവും നിരവധി പ്രശ്‌നങ്ങള്‍ ഈ വിവാദം ഉയര്‍ത്തുന്നുണ്ട്. കേരളത്തിലെ അനവധി കലാലയങ്ങളില്‍ യൂനിഫോമിന്റെയും ചട്ടങ്ങളുടെയും പേരില്‍ മഫ്ത, ഫുള്‍സ്ലീവ് നിരോധം നിലവിലുണ്ട്. പ്രത്യേകിച്ച് ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള സ്ഥാപനങ്ങളില്‍. മുസ്‌ലിം വിഭാഗങ്ങള്‍ നടത്തുന്ന ഒരു സ്ഥാപനത്തിലും മുസ്‌ലിംകളല്ലാത്ത അധ്യാപികമാരെയോ വിദ്യാര്‍ഥികളെയോ പൊതു ആഖ്യാനത്തിലേക്ക് (യൂനിഫോമില്‍ മഫ്ത ഉള്‍പ്പെടുത്തിയിട്ടും) കൊണ്ടുവരുന്നില്ല. അവരുടേതായ വസ്ത്രധാരണത്തെ വിലമതിക്കുകയും സ്ത്രീകളുടെ തെരഞ്ഞെടുപ്പിനെയും അവകാശത്തെയും മാനിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഒരു മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുള്ള സ്ഥാപനത്തിലും ചട്ടങ്ങളുടെ പേരില്‍ മതസ്വാതന്ത്ര്യത്തെ നിരാകരിക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനാ വിരുദ്ധവും സ്‌കൂള്‍ നിയമങ്ങള്‍ക്ക് നിരക്കാത്തതുമായ ഈ 'നിരോധ'ത്തെ സ്‌കൂള്‍ അധികൃതര്‍ ന്യായീകരിക്കുന്നത് 'മതേതര' സംരക്ഷണത്തിന്റെ പേരിലാണ്. 'രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും പ്രശ്‌നമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കെന്താണ്' എന്ന തര്‍ക്കുത്തരം പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. കൊല്ലത്തെ ഒരു സ്‌കൂള്‍ മാനേജര്‍ പറഞ്ഞത് 'ഇവിടെ സ്‌കൂള്‍ നിര്‍ത്തി ഞാന്‍ ബാര്‍ തുടങ്ങും! നിങ്ങള്‍ എന്തു ചെയ്യും' എന്നാണ്. സ്വാതന്ത്ര്യത്തെ മാനിക്കാന്‍ ഓരോരുത്തരും തയാറാവേണ്ടതുണ്ട്. മഫ്തയിട്ട് വരുന്ന കുട്ടിയുടെ അവകാശം 'ഭീകരവാദവും' മഫ്തയിടാതെ വരുന്നവരുടേത് സ്വാതന്ത്ര്യവും എന്ന മതേതര ലാഘവ യുക്തിയെയാണ് ഇവിടെ നേരിടേണ്ടത്. പ്രാര്‍ഥനക്ക് (ജുമുഅ) സൗകര്യം ചെയ്തുകൊടുക്കാതിരിക്കല്‍, പുറത്തേക്ക് വിടാതിരിക്കല്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ഇത്തരം സ്‌കൂളുകളുടെ ഭാഗത്തുനിന്നുണ്ടാവുന്നു. ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമായ ഒരു നിയമവും ചട്ടവും ഉണ്ടാക്കാന്‍ ആര്‍ക്കും അധികാരമില്ല. ഈ 'ദേശദ്രോഹം' ചെയ്യുന്നവരാണ് ചോദ്യം ചെയ്യുന്നവരെ മതമൗലികവാദികളാക്കുന്നത്. നിലമ്പൂരിലെ ഫാത്തിമഗിരിയിലേക്ക് എസ്.ഐ.ഒ മാര്‍ച്ച് നടത്തിയപ്പോള്‍ അതിനെ 'താലിബാനിസം' എന്നാണ് ആര്യാടന്‍ ഷൗക്കത്ത് വിശേഷിപ്പിച്ചത്. മഫ്തയിടല്‍ താലിബാനിസവും മഫ്ത ഒഴിവാക്കല്‍ പുരോഗമനവാദവും എന്ന യുക്തിയാണ് മതേതരത്തിന്റെ കാതല്‍. ഒരു മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുള്ള സ്ഥാപനത്തില്‍ ഒരാളെ മഫ്തയിടാന്‍ നിര്‍ബന്ധിച്ചാല്‍ ദല്‍ഹി വരെ കുലുങ്ങും. എന്നാല്‍, മതസ്വാതന്ത്ര്യത്തെ നിരന്തരം നിരാകരിക്കുന്ന ഈ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേരളത്തിലെ സര്‍ക്കാറിനു പോലും ഭയമാണ്. സ്വാശ്രയ വിഷയത്തില്‍ മാത്രമല്ല, സര്‍ക്കാറിന്റെ എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി വത്തിക്കാനില്‍ നിന്ന് വെഞ്ചരിച്ച് കെട്ടിയതില്‍ മാത്രം വിശ്വസിക്കുന്നവര്‍ 'പുരോഗമനവാദി'കളും ഇതിനെ ചോദ്യം ചെയ്യുന്നവര്‍ വര്‍ഗീയവാദികളും എന്നതാണിവിടെ പ്രചാരണം നേടുന്ന വ്യവസായം.

ഉദാര സ്ത്രീവാദികളുടെ സ്ത്രീ സ്വാതന്ത്ര്യ വാദമാണ് ഇതിലെ ഒരു കാപട്യം. കാസര്‍കോട് റയാന എന്ന പെണ്‍കുട്ടിയെ മഫ്ത ധരിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അതിനെതിരെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പ്രതിഷേധം ഉയര്‍ന്നു. സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെ മതമൗലികവാദികളുടെ ഹാലിളക്കം എന്ന് അതിനെ വിശേഷിപ്പിച്ചു. മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആര്‍ത്തട്ടഹസിച്ചു. തലതല്ലി കണ്ണീര്‍ വാര്‍ത്തു. ഈ സംഭവം കെട്ടിച്ചമച്ചതാണെന്ന് പിന്നീട് ബോധ്യമായി. കേരളത്തിലെ മാധ്യമങ്ങളെപ്പോലെ, പറഞ്ഞ ഒരു നെറികേടും പിന്‍വലിക്കാന്‍ ഇവര്‍ തയാറായില്ല. സംയുക്ത പ്രസ്താവനകളും വ്യൂപോയിന്റുകളും നടത്തി ഒച്ചപ്പാടുണ്ടാക്കിയവര്‍ ഭീതിദമായ മൗനത്തിലൊളിച്ചു. ആലപ്പുഴയിലെ നബാലയടക്കം എസ്.എന്‍ സ്‌കൂളിലെയും ഫാത്തിമ ഗിരി സ്‌കൂളിലെയും സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെയും നിരവധി കുട്ടികള്‍ തങ്ങളുടെ മഫ്തയഴിപ്പിക്കരുത് എന്ന് പറഞ്ഞപ്പോള്‍ ഒരു ഉദാര സ്ത്രീവാദിയും അതിനുവേണ്ടി രംഗത്ത് വന്നില്ല. ഇതിലൂടെ നവ ഉദാര സ്ത്രീവാദത്തിന്റെ മതം ഏതാണെന്ന് വ്യക്തമായി. അധീശ വ്യവഹാരത്തിന്റെ പുറത്തുനിന്ന് വികസിച്ചുവന്ന കൂട്ടായ്മകളായി സ്വയം വിശേഷിപ്പിക്കുന്ന സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ താങ്ങിനിര്‍ത്തുന്നത് നിലവിലുള്ള അധീശവ്യവഹാരങ്ങളെത്തന്നെയാണ്. പെണ്‍കുട്ടിയുടെ അവകാശങ്ങള്‍ക്ക് ജാതിയും മതവുമുണ്ടെന്ന് തന്നെയാണ് ഇവര്‍ പ്രഖ്യാപിക്കുന്നത്. പ്രത്യേക മതത്തിന്റെ വസ്ത്രധാരണ ശൈലി മാത്രമാണ് സാധാരണ(normal)മായതെന്നും മുസ്‌ലിം പെണ്‍കുട്ടിയുടെ വസ്ത്രധാരണ ശൈലി അസാധാരണ(abnor-mal)മായതെന്നും ഇതിലൂടെ സ്ഥാപിക്കപ്പെടുന്നു. അസാധാരണമായ ശൈലികള്‍ സ്റ്റേറ്റിനും നിലനില്‍ക്കുന്ന മറ്റു അധീശത്വത്തിനെതിരെയുമുള്ള കലാപമാണ്. അതുകൊണ്ട് ഇതിനെ വെച്ച് പൊറുപ്പിക്കാന്‍ സാധ്യമല്ല. ഇത് നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ താലിബാനിസ്റ്റുകളാണ്. മഫ്തയെ എതിര്‍ക്കുന്നതിലൂടെ നിങ്ങള്‍ പുരോഗമനവാദിയും, അതിനെ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ അപരിഷ്‌കൃതരുമായി മാറുന്നു തുടങ്ങിയ മുഴുവന്‍ വാദഗതികളുടെയും പ്രചാരകരായ സ്ത്രീവാദികള്‍ വരേണ്യ നിലപാടിനെ ഉറപ്പിച്ചുനിര്‍ത്തുന്ന ഏജന്‍സികളാണ്. ഇതില്‍ നിന്ന് പുറത്ത് കടന്ന് ഒരു സ്ത്രീയുടെ അവകാശങ്ങള്‍, തെരഞ്ഞെടുപ്പുകള്‍ എന്നിവക്ക് മതപരമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ടെന്നു അംഗീകരിക്കാന്‍ ഒരു ഉദാര പാരമ്പര്യ സ്ത്രീവാദിയും തയാറായിട്ടില്ല. അതുപോലെ തന്നെ പ്രധാനമാണ് ഇത് ഉയര്‍ത്തുന്നവരുടെ മതവും. ഈ പ്രശ്‌നം സ്‌കൂളില്‍ ചെന്ന് പറയുന്നത് എസ്.എഫ്.ഐ ആണെങ്കില്‍ മതേതരവും എസ്.ഐ.ഒ ആണെങ്കില്‍ മതമൗലികവാദവുമായിത്തീരുന്നു. ഈ പ്രശ്‌നം വളരെ ഗുരുതരമായ ചില വിചാരങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഒരു നിരപരാധിയായ മുസ്‌ലിമിനെ പിടിച്ച് ജയിലിലടച്ചാല്‍ ആ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ മുസ്‌ലിമായ ഒരാള്‍ക്കും അവകാശമില്ല. മുസ്‌ലിമിന്റെ തികച്ചും മതപരമായ ഒരു വിഷയം പോലും പൊതുമണ്ഡലത്തില്‍ പറയുന്നത്/ പറയേണ്ടത് മുസ്‌ലിമല്ലാത്ത ഒരാളായിരിക്കണം. അല്ലെങ്കില്‍ വര്‍ഗീയവാദവും ഭീകരതയുമാണ്. മറ്റേത് മതത്തിലെ ആളുകളാണെങ്കിലും അവരുടെ പ്രശ്‌നങ്ങള്‍ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരാന്‍ വേറെ ഏജന്‍സികളുടെ ആവശ്യമില്ല. പൊതുമണ്ഡലത്തിന്റെ ആകുലതകളും പ്രശ്‌നങ്ങളും അവരുടേതു കൂടിയായിരിക്കും. മുസ്‌ലിം പേരുള്ള എഴുത്തുകാരനുപോലും പൊതുസമ്മതി നേടിയെടുക്കണമെങ്കില്‍ ചുരുക്കപ്പേരുകളോ ഇസ്‌ലാം വിമര്‍ശകന്‍ എന്ന ലേബലോ ഉണ്ടായിരിക്കണം. ഇങ്ങനെയുള്ള ത്യാഗം ചെയ്യലുകളിലൂടെയോ മറ്റുള്ളവരുടെ ഔദാര്യങ്ങളിലൂടെയോ നേടിയെടുക്കേണ്ടതാണ് മുസ്‌ലിമായ പൗരന്റെ മൗലികമായ അവകാശങ്ങള്‍ എന്നത് തര്‍ക്കമില്ലാത്ത ഒരു യാഥാര്‍ഥ്യമാണ്. രാഷ്ട്രത്തില്‍ സ്വയം പൗരത്വം ഉറപ്പിക്കണമെങ്കില്‍ നിരന്തരം തെളിയിക്കുകയോ മറ്റുള്ളവരാല്‍ സ്ഥാപിക്കപ്പെടുകയോ ചെയ്യുന്നിടത്ത് നമ്മള്‍ എത്ര ഉറക്കെ ഇല്ലെന്ന് പറഞ്ഞാലും ചില പോരായ്മകള്‍ മതേതരത്വത്തിനുണ്ട്.

സ്‌കൂളിലെ യൂനിഫോമിന്റെ പേരില്‍ 'മതസ്വാതന്ത്ര്യം' (മുസ്‌ലിംകള്‍ക്ക് മാത്രം, മറ്റുള്ളവരുടെ മതവിശ്വാസം ഈ നിയമത്തിലൂടെ ലംഘിക്കപ്പെടുന്നില്ല, മറിച്ച് നിലനിര്‍ത്തുകയും ചെയ്യുന്നു) ഹനിക്കപ്പെടുന്നുണ്ടെന്ന വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹവും പറഞ്ഞത് 'നമ്മള്‍' ഇതില്‍ നേരിട്ട് ഇടപെട്ടാല്‍ വിഷയം മതപരമായ പ്രശ്‌നമായിത്തീരുമെന്നാണ്. ഈ 'നമ്മള്‍' ഏതു പ്രശ്‌നത്തിലും ബോധപൂര്‍വമോ അല്ലാതെയോ പ്രതിചേര്‍ക്കപ്പെടുന്നുണ്ട്. ഇത് തിരിച്ചറിയാതെ പൊതുമണ്ഡലം എന്റേതുകൂടിയാണ്, അതില്‍ എനിക്കും വലിയ സ്ഥാനങ്ങളുണ്ടെന്ന് വിചാരിക്കുന്നവര്‍ പൊതുമണ്ഡലത്തിന്റെ ചതിക്കുഴികളെക്കുറിച്ച് വകതിരിവില്ലാത്തവരാണ്. എന്റെ പ്രശ്‌നം എനിക്കു തന്നെ പറയാനും അവകാശം നേടിയെടുക്കാനും നിഷ്പ്രയാസം സാധ്യമാവുമ്പോഴാണ് പൊതുമണ്ഡലം വികസിക്കുന്നത്. മുസ്‌ലിമായ പൗരന്റെ പ്രശ്‌നം മുസ്‌ലിമിനോ മുസ്‌ലിം സംഘടനകള്‍ക്കോ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കേണ്ടതുണ്ട്. ഇങ്ങനെ നിലവിലുള്ള അധീശ വ്യവഹാരങ്ങളോടും ബോധങ്ങളോടും നമ്മള്‍ അറിയാതെ നമ്മുടെ ഉള്ളില്‍ ഉറച്ചുപോയ അടിമത്തത്തോടും കലഹിക്കുമ്പോഴാണ് പൊതുമണ്ഡലത്തെ കൂടുതല്‍ കരുത്തുള്ളതാക്കുന്നത്. ഓരോരുത്തര്‍ക്കും സ്വയം നിര്‍ണയം സാധ്യമാവുമ്പോഴാണ് ജനാധിപത്യം കാര്യക്ഷമമാകുന്നത്. എന്റെ പ്രശ്‌നത്തില്‍ എനിക്ക് പറയാന്‍ ഇടമില്ലാതിരിക്കുകയും മറ്റുള്ളവര്‍ പറയുമ്പോള്‍ മാത്രം അതിനൊരു ഇടം വികസിച്ചുവരുകയും ചെയ്യുന്നത് ഇരട്ട പൗരത്വമാണ്. ഇരട്ട പൗരത്വമുള്ള രാഷ്ട്രത്തില്‍ എല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പൊതുബോധങ്ങളും സമഭാവനയും രൂപപ്പെട്ട് വരുന്നതിനുള്ള ശ്രമങ്ങളാണ് ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം. തികച്ചും ജനാധിപത്യപരമായ ഈ സംവാദങ്ങളിലൂടെയാണ് ഓരോ പൗരനും സ്വയം നിര്‍ണയിക്കപ്പെടേണ്ടത്. മറ്റുള്ളവരുടെ വ്യവഹാരങ്ങളില്‍ നിന്ന് മാറി സ്വയം സ്ഥാപിക്കുന്ന കര്‍തൃത്വത്തിലൂടെയുമാണ് പൊതുമണ്ഡലത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മുസ്‌ലിമായ പൗരന്‍ ഏര്‍പ്പെടേണ്ടത്.

സ്‌കൂള്‍ യൂനിഫോമിലെ നിയമങ്ങളില്‍ അംഗീകരിക്കപ്പെടുന്ന വ്യവസ്ഥയില്‍ സാധാരണമാകുന്ന ഒരു വസ്ത്രധാരണ രീതി രൂപപ്പെടുന്നുണ്ട്. അതാണ് മതേതരത്വമെന്ന് അധികൃതര്‍ വാദിക്കുന്നു. 'നിങ്ങളുടെ അവകാശം മതേതരത്വത്തിന് വിരുദ്ധമാണ്'- ഈ സ്‌കൂളുകളിലെ എല്ലാ പ്രിന്‍സിപ്പല്‍മാരും എകസ്വരത്തില്‍ പ്രതികരിച്ചത് ഈ രൂപത്തിലായിരുന്നു. കണ്ണൂരില്‍ ഈ മതേതര സംരക്ഷണത്തിന് ആര്‍.എസ്.എസ് കൂടി രംഗത്തുവന്നു. മതേതരത്വത്തിനു വേണ്ടി ആര്‍.എസ്.എസ്സുകാരന് വളരെ വേഗം എഴുന്നേറ്റുനില്‍ക്കാന്‍ സാധിക്കുകയും ഇസ്‌ലാമിക സംഘടനകളുടെ ന്യായമായ അവകാശങ്ങള്‍ പോലും ഇതിനു വിരുദ്ധമായി ചിത്രീകരിക്കാന്‍ കഴിയുകയും ചെയ്യുന്നു. മഫ്തയും ഫുള്‍സ്ലീവും ഒഴിവാകുമ്പോഴാണ് മതേതര വസ്ത്രധാരണ രീതിയുണ്ടാവുന്നത്. കൂടെ ഒരു പൊട്ടുമുണ്ടെങ്കില്‍ മതേതരത്വത്തിനെന്തൊരു ചന്തം!

shihabpktrsio@gmail.co

വിദ്യാഭ്യാസ വകുപ്പില്‍ 'മാപ്പിള ലഹള'? -സി. ദാവൂദ്

സവര്‍ണ ഭാവുകത്വം പേറുന്ന ചരിത്രകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഏറ്റവും കൂടുതല്‍ വികലമാക്കി അവതരിപ്പിച്ച കേരള ചരിത്രത്തിലെ അധ്യായമാണ് മാപ്പിള ലഹളയെന്ന മലബാര്‍ വിപ്ലവം. അതിന്റെ 90ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും അതിനെക്കുറിച്ച സംവാദങ്ങള്‍ ഒടുങ്ങിയിട്ടില്ല. പുതിയ കാലത്ത് ആ സംവാദങ്ങളില്‍ പിന്നാക്ക സമൂഹങ്ങളും അവര്‍ണ സൈദ്ധാന്തികരും മേല്‍ക്കൈ നേടുന്നുവെന്ന അവസ്ഥ വന്നപ്പോള്‍ അതേക്കുറിച്ച് ഓര്‍മിക്കാനേ പാടില്ല എന്ന രീതിയില്‍ വരേണ്യ ചരിത്രകാരന്മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു 'മാപ്പിള ലഹള' അരങ്ങിലൊരുങ്ങുന്നു എന്ന മട്ടില്‍ പുതിയ പ്രചാരണം വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടുയരുകയാണ്. പുതിയ മന്ത്രിസഭ അധികാരമേറ്റപ്പോള്‍തന്നെ ഈവക സിദ്ധാന്തവയറിളക്കം തുടങ്ങിയിരുന്നു. 'അന്തിമമായി ഭാരതത്തെ ഇസ്‌ലാമീകരിക്കുക എന്ന ദുഷ്ടലക്ഷ്യത്തിന്റെ ദീര്‍ഘപാതയിലേക്കുള്ള നാഴികക്കല്ലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയവും മുസ്‌ലിം ലീഗിന്റെ പ്രാതിനിധ്യവു'മെന്നാണ് ഡോ. പ്രവീണ്‍ തൊഗാഡിയ വിലയിരുത്തിയത് (ജന്മഭൂമി, ജൂണ്‍ 12). 'മതം മാറിയ മന്ത്രിസഭ'യെന്നാണ് പുതിയ മന്ത്രിസഭയെ വിലയിരുത്തിക്കൊണ്ട് സംഘ്പരിവാര്‍ മുഖപത്രത്തിന്റെ പത്രാധിപര്‍ അവരുടെ പത്രത്തില്‍ പേര് വെച്ചെഴുതിയ ലേഖനത്തിന്റെ തലക്കെട്ടുതന്നെ (ജന്മഭൂമി, ജൂണ്‍ 09).

സംഘ്പരിവാര്‍ സൈദ്ധാന്തികര്‍ മാത്രമല്ല, 'ഇടതുപക്ഷ പുരോഗമന' ചിന്താഗതിക്കാരുമെല്ലാം ഇപ്പോള്‍ സമുദായ സന്തുലിതത്വത്തെക്കുറിച്ചും ന്യൂനപക്ഷ കേന്ദ്രീകരണത്തെക്കുറിച്ചും വിദ്യാഭ്യാസ വകുപ്പിനെക്കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിംലീഗില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് എടുത്തുമാറ്റണമെന്ന് പലരും ആവശ്യപ്പെട്ടുകഴിഞ്ഞു. സുകുമാര്‍ അഴീക്കോട് ഈ വിഷയത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം ഒരു കാമ്പയിനെന്നവണ്ണം നടന്നു പ്രസംഗിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍നിന്ന് എടുത്തുമാറ്റിയാല്‍ പോര, ലീഗിനെത്തന്നെ കോണ്‍ഗ്രസ് തള്ളിപ്പറയണമെന്നാണ് ദേശാഭിമാനിയിലെ കോളത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത് (ജൂലൈ 07). 'പുതിയ മന്ത്രി പഴയ ഒരു നല്ല മന്ത്രിയുടെ മകനായതുമൂലം വിദ്യാഭ്യാസ മന്ത്രി പദവിക്ക് യോഗ്യനാകുന്നില്ല. എം.എ ബിരുദമുണ്ടെന്ന് ഗൗരവമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. ഇക്കാലത്ത് വഴിയാത്രക്കാരില്‍ ബിരുദാനന്തര ബിരുദക്കാര്‍ ധാരാളമുണ്ടെന്നുവെച്ച് അവരെയെല്ലാം കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രിയാക്കാവുന്നവരാണ് എന്ന വാദം പരിഹാസ്യമാണ്. വിദ്യാഭ്യാസ വകുപ്പ് ഒരു നവാഗതന്റെ താവളമാക്കരുത്... മതവര്‍ഗീയതയുടെ വിനാശത്തിന് ഏറ്റവും കൂടുതല്‍ മുന്നോട്ടുവരേണ്ടത് കോണ്‍ഗ്രസാണ്. മുസ്‌ലിം ലീഗിനെ എന്ന് അവര്‍ ഉപേക്ഷിക്കുന്നുവോ അന്ന് കേരളത്തില്‍ മതവര്‍ഗീയതയുടെ മൂലക്കല്ല് ഇളകും. അവരെ ഇടതുപക്ഷം സ്വീകരിക്കാത്ത കാലത്തോളം ത്രിശങ്കു സ്വര്‍ഗത്തില്‍ ഉരുണ്ടുകളിക്കുകയേ നിവൃത്തിയുള്ളൂ. കോണ്‍ഗ്രസ് നിര്‍ണായക തീരുമാനമെടുക്കാന്‍ ചരിത്രത്തിന്റെ മുന്നില്‍ നിയോഗമുള്ള കക്ഷിയാണ്. നെഹ്‌റുവിന്റെ ചത്തകുതിര എന്ന പ്രയോഗത്തെ ഓര്‍ക്കുക; വല്ലപ്പോഴും' -അദ്ദേഹം എഴുതുന്നു.

ഇത്രക്ക് രൂക്ഷമല്ലെങ്കിലും മറ്റു പലരും സമാനമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിലെ എന്‍.എസ്.എസ് നോമിനിയായ പി.സി. വിഷ്ണുനാഥ് തുടക്കത്തില്‍തന്നെ വിദ്യാഭ്യാസ വകുപ്പ് 'ദേശീയ കക്ഷി' ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിക്കുകയുണ്ടായി. പല നിലയില്‍പെട്ട ബുദ്ധിജീവികള്‍ ഇപ്പോള്‍ മതേതരത്വത്തെക്കുറിച്ചും സാമുദായിക സന്തുലിതത്വത്തെക്കുറിച്ചും പല മട്ടില്‍ കിടിലന്‍ സിദ്ധാന്തങ്ങള്‍ ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. കേരളത്തിന്റെ സമുദായ സന്തുലിതാവസ്ഥ തകരുന്നുവെന്നതാണ് അവരുടെ വിലാപങ്ങളുടെയെല്ലാം പൊതുവായ പ്രമേയം.

എന്താണ് ഇപ്പറയുന്ന സന്തുലിതാവസ്ഥ? പൊടുന്നനെ അതിന്മേല്‍ എന്ത് വിള്ളലാണ് വന്നുചേര്‍ന്നത്? ഇത് അന്വേഷിക്കുമ്പോഴാണ് നമ്മുടെ 'മതേതര പുരോഗമന ഇടതുപക്ഷ' ബോധത്തിന്റെ ഉള്ളറക്കഥകള്‍ നമുക്ക് തുറന്നുകിട്ടുക. കാര്യം ലളിതമാണ്. ചരിത്രത്തില്‍ ആദ്യമായി അര്‍ഹമായ സാമുദായിക പ്രാതിനിധ്യം മുസ്‌ലിംകള്‍ക്ക് ലഭിച്ച തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇത്തവണ അവര്‍ക്ക് ലഭിച്ചിരിക്കുന്നു. അതിന്റെ അര്‍ഥം കഴിഞ്ഞ കാലങ്ങളില്‍ അവര്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചിരുന്നില്ല എന്നാണ്. അതിന്റെ മറ്റൊരര്‍ഥം മറ്റ് സമുദായങ്ങള്‍ക്ക് അനുപാതത്തിലധികം പ്രാതിനിധ്യം കാലങ്ങളായി ലഭിച്ചുകൊണ്ടിരുന്നു എന്നുമാണ്. കാലങ്ങളായുള്ള ഈ കുത്തക മസ്തകത്തിലാണ് ഇത്തവണ പ്രഹരം വന്നിരിക്കുന്നത്. വളരെ കൃത്യമായ സാമുദായിക സന്തുലിതാവസ്ഥ പ്രകടിപ്പിക്കുന്ന സഭ. അതാണ് പുരോഗമനവാദികളെ വിളറി പിടിപ്പിക്കുന്നതും. ഈ മേത്തന്മാര്‍ അങ്ങനെയങ്ങ് ആവണ്ട എന്ന കുടില ചിന്തയാണ് പുരോഗമനമായി പേമാരി പെയ്യുന്നത്. നമ്മുടെ കേരളത്തില്‍ അങ്ങനെയാണ്; നിങ്ങള്‍ എത്രത്തോളം പുരോഗമനവാദിയാവുന്നുവോ, എത്രത്തോളം തീവ്രഇടതുപക്ഷമാകുന്നുവോ അത്രത്തോളം സവര്‍ണവാദിയും മുസ്‌ലിം വിരുദ്ധനും ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ ഉപാസകനുമാകുക എന്നത് ഇവിടെ കാലങ്ങളായുള്ള ഒരു സാംസ്‌കാരിക വിപര്യയമാണ്. മുസ്‌ലിം ലീഗിനും വിദ്യാഭ്യാസ വകുപ്പിനും ന്യൂനപക്ഷ പ്രാതിനിധ്യത്തിനുമെതിരെയുള്ള കേന്ദ്രീകൃതവും ആസൂത്രിതവുമായ അപവാദ പ്രചാരണത്തിന്റെ അടിസ്ഥാനം അവിടെയാണ് കിടക്കുന്നത്.

വിദ്യാഭ്യാസ വകുപ്പില്‍ ലീഗും സമുദായവും അനര്‍ഹമായി കൈകടത്തുന്നുവെന്ന പ്രചാരണം വ്യാപകമായി ഉയരുകയാണ്. കോണ്‍ഗ്രസിലെ എന്‍.എസ്.എസ് ലോബിയുടെ ശക്തമായ പിന്തുണ ഇതിനുണ്ട്. 'ദേശീയ കക്ഷി' എന്നൊക്കെയുളള വലിയ സിദ്ധാന്തങ്ങള്‍ ഉണ്ടായിവരുന്നത് അങ്ങനെയാണ് (ഇപ്പറയുന്ന ദേശീയ കക്ഷികള്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത യു.പിയിലെയും ബിഹാറിലെയും ബംഗാളിലെയും കഥയെന്താണ് എന്ന് ചോദിച്ചുകൊണ്ടാണ് ലീഗുകാര്‍ ഇതിന് മറുപടി പറയുന്നത്). വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഈ പ്രചാരണങ്ങള്‍ക്ക് സവിശേഷമായ ചില രീതികളും ലക്ഷ്യങ്ങളുമുണ്ട്. രീതികള്‍ ഇതൊക്കെ: ഒന്നാമതായി, ലീഗ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുന്നതിനെതിരെ വ്യാപകമായ സാംസ്‌കാരിക പ്രചാരണം നടത്തുക. മേത്തരം 'പുരോഗമന' ബുദ്ധിജീവികളുടെ ശക്തമായ പിന്തുണ ഇതിന് ലഭിക്കും. വകുപ്പില്‍ വരുന്ന ചെറിയ പിഴവുകളെയോ സ്വാഭാവിക സ്ഖലിതങ്ങളെയോ വന്‍വീഴ്ചകളും അഴിമതിയുമായി പെരുപ്പിച്ചു കൊണ്ട് വ്യാപക മാധ്യമപ്രചാരണം സൃഷ്ടിക്കുക. ഇത്തരം കൊച്ചു കൊച്ചു പിഴവുകളെ പര്‍വതീകരിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ നിയുക്തരായ ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റിന് അകത്തുതന്നെയുണ്ട്. മേല്‍പറഞ്ഞ ലോബികളുമായി അവര്‍ നിരന്തര സമ്പര്‍ക്കത്തിലാണ്. വിദ്യാഭ്യാസ മന്ത്രിയെതന്നെ കഴിവുകെട്ടവനായി ചിത്രീകരിക്കുക, അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കുക. ഈയൊരു 'ഗ്രാന്‍ഡ് ഡിസൈന്‍' അനുസരിച്ചാണ് കാര്യങ്ങള്‍ പോകുന്നത്. മുമ്പ് നാലകത്ത് സൂപ്പിയെ പുകച്ചുചാടിക്കുന്നതില്‍ ഇതേ ഡിസൈന്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. ആ പദ്ധതിക്ക് ലീഗിനകത്തുനിന്നുതന്നെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് കാര്യങ്ങള്‍ എളുപ്പത്തില്‍ നടന്നു.

ഇത് രീതി. ലക്ഷ്യമെന്താണ്? വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും പരിഗണന നല്‍കാന്‍ ഒരു പിന്നാക്ക സംഘടനയെന്ന നിലക്ക് ലീഗ് ബാധ്യസ്ഥമാണ്. കാലങ്ങളായി വിദ്യാഭ്യാസ രംഗം കുത്തയാക്കി വെച്ചവര്‍ക്ക് അത് ഒട്ടും ഇഷ്ടപ്പെടുകയുമില്ല. അപ്പോള്‍ ലീഗിന്റെ നേതൃത്വത്തില്‍ അങ്ങനെ വല്ലതും ചെയ്‌തേക്കുമോ എന്നോര്‍ത്തുള്ള ഒരു മുന്‍കരുതല്‍ ആക്രമണമെന്ന നിലക്കാണ് (പ്രീ എംപ്റ്റീവ് സ്‌ട്രൈക്) ന്യൂനപക്ഷങ്ങള്‍ 'വാരിക്കൊണ്ടു പോകുന്നു'വെന്ന് ഓരോ ദിവസവും ബഹളമുണ്ടാക്കുന്നത്. അങ്ങനെ മന്ത്രിയെയും പാര്‍ട്ടിയെയും മുന്നണിയെയും സമ്മര്‍ദത്തിലാക്കി വല്ലതും ചെയ്യുന്നതിന് തടയിടുക. വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ ചിരകാല കുത്തക ഇളക്കമില്ലാതെ നിലനിര്‍ത്തുക. ഈ കെണിയില്‍ ലീഗ് എന്നും വീണുപോയിട്ടുണ്ട്. അതിനാലാണ് അതേ തന്ത്രംതന്നെ വീണ്ടും എടുത്തുപയോഗിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത പാര്‍ട്ടി ലീഗ് ആണ്. എന്നാല്‍, അതേ ലീഗ് പ്രതിനിധാനം ചെയ്യുന്ന മലബാര്‍ മേഖലയാണ് വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതല്‍ വിവേചനം അനുഭവിക്കുന്നത്. പിന്നാക്ക ജില്ലയായ ഇടുക്കിയിലും വയനാട്ടില്‍പോലും സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകള്‍ ഉള്ളപ്പോള്‍ പ്രവിശാലമായ, ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്ന മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയിലോ എയ്ഡഡ് മേഖലയിലോ ഒരു എന്‍ജിനീയറിങ് കോളജ് പോലുമില്ല എന്നത് വലിയൊരു കൗതുകംതന്നെയാണ്. പത്താംതരം പരീക്ഷാഫലം പുറത്തുവന്നാല്‍ പ്ലസ് വണ്‍ അഡ്മിഷന് മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും അനുഭവിക്കുന്ന തിക്കും തിരക്കും നമുക്കറിയാം. പല തെക്കന്‍ ജില്ലകളിലും പ്ലസ് വണ്‍ സീറ്റുകള്‍ ആളില്ലാതെ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലബാര്‍ ജില്ലകളില്‍ ഈ പ്രതിസന്ധി എന്ന് നാമോര്‍ക്കണം. എന്തുകൊണ്ട് ഇത് സംഭവിച്ചു? മലബാറിനെ പ്രതിനിധാനംചെയ്ത് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗ് ഇക്കാര്യത്തില്‍ ശ്രദ്ധ കൊടുത്തില്ല. ഇനി, എന്തെങ്കിലും ചെയ്യാനോങ്ങിയാല്‍ മേല്‍ പറഞ്ഞ 'അതിപുരോഗമന സവര്‍ണ' ഗാങ് ബഹളം തുടങ്ങും. ആ ബഹളം കേള്‍ക്കുമ്പോഴേക്ക,് തങ്ങളുടെ 'മതേതര' പ്രതിച്ഛായയും സവര്‍ണ അടിമത്തവും പ്രകടിപ്പിക്കാന്‍ ലീഗ് അവര്‍ക്ക് മുന്നില്‍ ഏത്തമിടും. ഇതാണ് കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍തന്നെ സംഭവിച്ചത് നോക്കൂ: മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റിന്റെ ഭീമമായ കുറവ് കാലങ്ങളായുണ്ട്. ഇവിടെയുള്ള സംഘടനകള്‍ ആ വിഷയം ഉന്നയിക്കുന്നുമുണ്ട്. ഈ സര്‍ക്കാര്‍ അഡീഷനല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. സ്വാഭാവികമായും കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ തെക്കന്‍ ജില്ലകളിലേതിനേക്കാള്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. ഉടനെ വന്നു, സുകുമാരന്‍ നായരുടെ എതിര്‍ പ്രസ്താവന. ഇനി ഇത് 'പുരോഗമന'വാദികള്‍ ഏറ്റെടുത്തുകൊള്ളും.

ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് മലയാളികള്‍ക്ക് അന്നം നല്‍കുന്ന ഭാഷയാണ് അറബി. എന്നാല്‍, സംസ്ഥാനത്ത് ഉന്നതമായ ഒരു അറബിപഠന കേന്ദ്രമോ അറബിക് സര്‍വകലാശാലയോ സ്ഥാപിക്കാന്‍, അങ്ങനെ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മേല്‍പറഞ്ഞ സമ്മര്‍ദ രാഷ്ട്രീയതന്ത്രം തന്നെയാണ് അതിന് കാരണം. അതേസമയം, നമുക്ക് ഒരു സംസ്‌കൃത സര്‍വകലാശാലയുണ്ട്. ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുമ്പോള്‍തന്നെയാണ് അത് തുടങ്ങിയത്. എന്നു മാത്രമല്ല; നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക, ദലിത് ഹിന്ദു സമൂഹങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയത്തെ പരിഹസിക്കുന്ന മട്ടില്‍, അവരുടെ എതിര്‍പ്പുകളെ അവഗണിച്ച് ശങ്കരാചാര്യരുടെ പേരുതന്നെ ആ സര്‍വകലാശാലക്ക് നല്‍കാനും ഇ.ടി. മുഹമ്മദ് ബഷീര്‍ സന്നദ്ധനായി. അതാണ് റബ്ബേ രാഷ്ട്രീയം. തങ്ങളുടെ വേലകള്‍ കീഴാളരെക്കൊണ്ട് ചെയ്യിക്കുക എന്നതാണ് സവര്‍ണ ഫ്യൂഡലിസത്തിന്റെ രീതി. വേലയെല്ലാം കഴിഞ്ഞാല്‍ കീഴാളര്‍ക്ക് വല്ല എച്ചിലും കിട്ടിയാലായി; അത്രതന്നെ. വിദ്യാഭ്യാസ വകുപ്പില്‍ ലീഗിനെക്കൊണ്ട് ആ വേല ചെയ്യിക്കുകയായിരുന്നു കാലങ്ങളായി. അതില്‍നിന്ന് ഏതെങ്കിലും മന്ത്രി വഴിമാറി നടന്നാലോ എന്ന ഭീതി മൂലം, അതിന് തടയിടാനാണ് തുടക്കത്തിലേ ആളെ വിരട്ടി വരയില്‍ നിര്‍ത്തുന്നത്. വിദ്യാഭ്യാസ മന്ത്രിക്കും ലീഗിനുമെതിരെയുള്ള ഇപ്പോഴത്തെ പ്രചാരണത്തിന്റെ ഉന്നം അത് മാത്രമാണ്.

ഇതിനെ മറികടക്കാന്‍ ലീഗിന് കഴിയും എന്ന് വിചാരിക്കുന്നത് വലിയ വിഡ്ഢിത്തമാകും. കാരണം, ഇക്കാര്യങ്ങള്‍ പറയുന്നവരെയെല്ലാം തീവ്രവാദികളാക്കുക എന്നതാണ് ലീഗിന് ആകെ അറിയാവുന്ന പണി. മേലാളവര്‍ഗത്തിന്റെ പ്രീതി നേടി കൈയടി വാങ്ങാന്‍ സ്വസമുദായത്തിലെ നീതിക്കുവേണ്ടി സംസാരിക്കുന്നവരെ ഒറ്റിക്കൊടുക്കുന്ന പാരമ്പര്യമാണ് അവരുടേത്. എത്രത്തോളമെന്നു വെച്ചാല്‍ അസിമാനന്ദയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് ഭീകരന്മാര്‍ തീവണ്ടിയിലും പള്ളിയിലും ദര്‍ഗയിലും ബസാറിലുമെല്ലാം ബോംബ് പൊട്ടിച്ച് ആളെക്കൊന്ന് അര്‍മാദിക്കുമ്പോള്‍പോലും അതിനെതിരെ കമ എന്ന് പറയാതെ, അതെല്ലാം ഞമ്മടെ കൂട്ടത്തില്‍ തീവ്രവാദികള്‍ ചെയ്യുന്നതാണെന്നും അവര്‍ക്കെതിരെ ഞമ്മള്‍ വലിയ പ്രചാരണം നടത്തുന്നുണ്ടെന്നും മേലാളന്മാരെ ബോധ്യപ്പെടുത്തി ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ പോയവരാണ് അവര്‍. ചരിത്രത്തിന്റെ കാവ്യനീതി പോലെ അവരിപ്പോള്‍ അതേ മേലാളന്മാരുടെ ആഢ്യ മുഷ്‌കിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു; അത്ര മാത്രം

റമദാനില്‍ നേടേണ്ടത് -ടി. ആരിഫലി


ഫേസ്‌ബുക്ക്‌ തലമുറ രണ്ട്‌ ചിത്രങ്ങള്‍ -സി. ദാവൂദ്‌


മുസ്‌ലിം ചെറുപ്പക്കാരുടെ ധാര്‍മികത്തകര്‍ച്ചയില്‍ ഉത്‌കണ്‌ഠപ്പെടാത്ത മൗലവിമാരും മതപ്രഭാഷകരും വളരെ കുറവായിരിക്കും. മൈക്ക്‌ കിട്ടിയാലുടന്‍, വിഷയമെന്തായാലും പുതിയ തലമുറയുടെ സദാചാരത്തകര്‍ച്ച, ധാര്‍മികച്യുതി, അനുസരണമില്ലായ്‌മ, മദ്യപാനം, പുകവലി, പഠനത്തോടുള്ള വിരക്തി, അധ്വാനമില്ലായ്‌മ... എന്നു തുടങ്ങിയുള്ള സ്ഥിരം പ്രശ്‌നങ്ങളെക്കുറിച്ച്‌ അവര്‍ക്ക്‌ ധാരാളം സംസാരിക്കാനുണ്ടാവും. വിഷയം ചെറുപ്പക്കാരെക്കുറിച്ചാണെങ്കില്‍ ആകെപ്പാടെ പറയാനുണ്ടാവുക അവരുടെ ധാര്‍മിക പ്രശ്‌നം മാത്രമായിരിക്കും. പള്ളി ഖത്വീബുമാരുടെ സ്ഥിരം നമ്പറുകളിലൊന്നാണിത്‌. പഴയ തലമുറയുമായുള്ള താരതമ്യവും ഇത്തരം പ്രഭാഷണങ്ങളുടെ അനിവാര്യ ഘടകമാണ്‌. പണ്ടത്തെ കുട്ടികള്‍ ഹ, എന്തു നല്ല കുട്ടികള്‍; ഇന്നത്തെ കുട്ടികളോ, പണ്ടത്തെ അധ്യാപകര്‍ എന്തു നല്ല അധ്യാപകര്‍; ഇന്നോ, പണ്ടത്തെ ദീനീ ബോധം എത്ര ഗംഭീരം; ഇന്നത്തെ സ്ഥിതിയോ... അങ്ങനെ പോയിപ്പോയി `പണ്ടത്തെക്കാലം മഹത്തായ കാലം ഇന്നത്തെ കാലം മോശം കാലം' എന്നൊരു ലളിത സമവാക്യത്തില്‍ എല്ലാ പ്രഭാഷകരും എളുപ്പത്തില്‍ എത്തിച്ചേരും. `പഴയ തലമുറ കേമന്മാര്‍, ഇവന്മാര്‍ ഒന്നിനും കൊള്ളാത്തവര്‍' എന്നതാണ്‌ ഈവക വ്യവഹാരങ്ങളുടെ മുഴുവന്‍ സൈദ്ധാന്തിക അടിത്തറ. ഇതിന്‌ പ്രത്യേകിച്ച്‌ ഡാറ്റയുടെ പിന്‍ബലമോ വസ്‌തുനിഷ്‌ഠ പഠനങ്ങളുടെ പിന്തുണയോ ഒന്നും ഹാജരാക്കാറില്ല. കണ്ണടച്ചുള്ളൊരു ധാര്‍മിക ലാത്തിച്ചാര്‍ജ്‌; ശുഭം. വിഷയം ഭംഗിയായി അവതരിപ്പിച്ചെന്ന സമാധാനത്തില്‍ പ്രഭാഷകന്‌ നിര്‍ത്താം. പൊതുകാര്യങ്ങളെക്കുറിച്ചും പുതിയ കാര്യങ്ങളെക്കുറിച്ചും തനിക്ക്‌ അറിവുണ്ടെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്ന മതപ്രഭാഷകര്‍, ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ എന്നിവയുമായി ബന്ധപ്പെട്ട പുതിയ പോയിന്റുകള്‍ പറയും. അപ്പോഴും ഉന്നം ചെറുപ്പക്കാര്‍ക്ക്‌ നേരെ. ചെറുപ്പക്കാരും വിദ്യാര്‍ഥികളും മുഴുവന്‍ ചുമ്മാ ഇന്റര്‍നെറ്റിന്റെ മുന്നിലിരുന്ന്‌ സമയം കളയുകയാണ്‌, അത്‌ മുഴുവന്‍ അശ്ലീലമാണ്‌, പുതിയ തലമുറ ഇതിന്റെയൊക്കെ അടിമകളായി മാറിയിരിക്കുന്നു, അതിനാല്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക, അധ്യാപകര്‍ ചെവിക്ക്‌ പിടിക്കുക... അങ്ങനെ പോവും മുന്നറിയിപ്പുകള്‍. കേട്ടാല്‍ തോന്നുക നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക്‌ അശ്ലീലം കാണാനും കേള്‍ക്കാനും വേണ്ടി മാത്രം ഉണ്ടാക്കിയ ഉരുപ്പടിയാണ്‌ ഈ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമെന്നാണ്‌. ഇതിനെക്കുറിച്ചൊന്നും പ്രത്യേകിച്ച്‌ ധാരണയൊന്നുമില്ലാത്ത സാധാരണ ശ്രോതാവ്‌ ഹോജ രാജാവായ തമ്പുരാനേ, എങ്ങോട്ടാണീ കുട്ടികള്‍ പോകുന്നതെന്ന്‌ നെടുവീര്‍പ്പിട്ട്‌ ഹൃദയാഘാത സാധ്യതയും ബ്ലഡ്‌ പ്രഷറും വര്‍ധിപ്പിക്കും.

അങ്ങനെ, മിമ്പറുകളായ മിമ്പറുകളില്‍ നിന്നെല്ലാം ഈ പ്രഘോഷണങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കെയാണ്‌ മുസ്‌ലിം ലോകത്തെ ചെറുപ്പക്കാര്‍ ഈ ഇന്റര്‍നെറ്റും ഫേസ്‌ബുക്കും ഐഫോണും എല്ലാം ഉപയോഗിച്ച്‌ മൗലവിമാരുടെയും മുസ്‌ലിയാക്കളുടെയും പിന്തുണയോടെ ദശാബ്‌ദങ്ങളായി രാജ്യം കൈപ്പിടിയില്‍ വെച്ച്‌ അമ്മാനമാടിയിരുന്ന മര്‍ദക ഭരണകൂടങ്ങളെ ഒന്നൊന്നായി തൂത്തെറിയാന്‍ തുടങ്ങിയത്‌. ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ കൊടുത്താല്‍ കുട്ടികള്‍ അശ്ലീലം കണ്ടിരുന്നോളും എന്ന്‌ വിചാരിച്ച മൗലവിക്കും മിലിട്ടറിക്കും തെറ്റി. അങ്ങനെയാണ്‌ തഹ്‌രീര്‍ സ്‌ക്വയറും തുനീഷ്യയുമെല്ലാം സംഭവിച്ചത്‌.

പുതിയ തലമുറയെക്കുറിച്ച പരമ്പരാഗത മതനേതൃത്വത്തിന്റെയും മതേതര നേതൃത്വത്തിന്റെയും ധാരണകള്‍ക്ക്‌ മേല്‍ പതിച്ച വലിയ പ്രഹരം എന്ന നിലയില്‍ മുസ്‌ലിം ലോകത്തെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യാവുന്നതാണ്‌. ചെറുപ്പക്കാരെക്കുറിച്ച്‌ പരമ്പരാഗത മതനേതൃത്വം വെച്ചു പുലര്‍ത്തുന്ന ധാരണ മേല്‍ വിവരിച്ചു. മതേതര നേതൃത്വവും ബുദ്ധിജീവി വര്‍ഗവും ഇതില്‍ നിന്ന്‌ വ്യത്യസ്‌തരല്ല. കാമ്പസുകള്‍/യുവാക്കള്‍ അരാഷ്‌ട്രീയവത്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളത്‌ കാലങ്ങളായി മതേതര ബുദ്ധിജീവി വര്‍ഗം ഉയര്‍ത്തുന്ന ഒരു പരാതിയാണ്‌. ഹ, എഴുപതുകളിലെ കാമ്പസ്‌, പഴയകാലത്തെ യുവാക്കള്‍ എന്നൊക്കെ അവര്‍ കോള്‍മയിര്‍ കൊള്ളുന്നത്‌ ഈ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ്‌. എഴുപതുകള്‍ എന്തോ വലിയ സംഭവമാണെന്നും ഇന്നത്തെ ചെറുപ്പക്കാരെല്ലാം വെറും ബ്രോയ്‌ലര്‍ കോഴികളും ഇന്‍ര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയുമൊക്കെ അടിമകളുമാണ്‌ എന്നതാണ്‌ ഇവരുടെ സിദ്ധാന്തം. ഇടതുബുദ്ധിജീവികളുടെ ഈ വക വര്‍ത്തമാനങ്ങള്‍ കേട്ട്‌ വിദ്യാര്‍ഥികള്‍ക്ക്‌ നേരെ `അരാഷ്‌ട്രീയ ചാപ്പ' കുത്താന്‍ വലതുബുദ്ധിജീവികളും ഇസ്‌ലാമിക ബുദ്ധിജീവികളുമെല്ലാം അഹമഹമികയാ മുന്നോട്ട്‌ വരുന്നത്‌ കാണാം. സത്യത്തില്‍ ഇതില്‍ വല്ല കാമ്പുമുണ്ടോ? യുവാക്കള്‍ `അരാഷ്‌ട്രീയവത്‌കരിക്കപ്പെട്ടു'വെന്ന്‌ ഇടതു ബുദ്ധിജീവികള്‍ പറയുന്നതിന്റെ യഥാര്‍ഥ അര്‍ഥം, ഇടതുപക്ഷത്തിന്‌ മുദ്രാവാക്യം വിളിക്കാനും പഴയതു പോലെ/ എഴുപതുകളിലേതു പോലെ ഇടതുമിഥ്യകളില്‍ അഭിരമിക്കാനും ചെറുപ്പക്കാരെ കിട്ടുന്നില്ലെന്നതാണ്‌. അതായത്‌, തങ്ങളുടെ പ്രസംഗം കേള്‍ക്കാന്‍, തങ്ങളുടെ പുസ്‌തകങ്ങള്‍ വായിക്കാന്‍, തങ്ങളെപ്പോലെ മുടിമുറിക്കാതെ, കുളിക്കാതെ, ബീഡിയും വലിച്ച്‌ തോള്‍സഞ്ചിയും തൂക്കി നടക്കാന്‍ ആളെക്കിട്ടാതാവുന്നതിനാണ്‌ അവര്‍ അരാഷ്‌ട്രീയവത്‌കരണം എന്നു പറയുന്നത്‌. അവരുടെ ഈ ആവലാതി ഇസ്‌ലാമികര്‍ക്ക്‌ സത്യസന്ധമായി ഏറ്റെടുക്കാന്‍ കഴിയുമോ? സത്യത്തില്‍ മുസ്‌ലിം സമൂഹത്തിലെങ്കിലും ചെറുപ്പക്കാരുടെ പ്രതിനിധാനം ഇപ്പറഞ്ഞ തരത്തിലാണോ? പള്ളികളില്‍ മുമ്പുള്ളതിന്റെ പതിന്മടങ്ങ്‌ ഇന്ന്‌ ചെറുപ്പക്കാരാണ്‌. മിക്കവാറും പള്ളികളുടെ, മദ്‌റസകളുടെ, സകാത്ത്‌ കമ്മിറ്റികളുടെ, റിലീഫ്‌ സംരംഭങ്ങളുടെ, സാമൂഹിക സേവന വേദികളുടെ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയെല്ലാം മുന്‍പന്തിയില്‍ ഇന്ന്‌ മുസ്‌ലിം ചെറുപ്പക്കാരാണ്‌. മുമ്പത്തെക്കാള്‍ ചടുലരും സജീവരും മതബോധമുള്ളവരും സാമൂഹിക ബോധമുള്ളവരുമാണ്‌ ഇന്ന്‌ മുസ്‌ലിം യുവത; സംഘടനാ ഭേദമില്ലാതെ. പള്ളിയിലെ സ്വഫ്‌ഫുകളില്‍ മാത്രമല്ല പള്ളിക്കമ്മിറ്റികളിലും അവര്‍ക്ക്‌ നിര്‍ണായക പ്രാതിനിധ്യമുണ്ട്‌. നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സംഘടനകളെ എടുത്ത്‌ പരിശോധിച്ചു നോക്കൂ. എല്ലാവര്‍ക്കും വളരെ സജീവമായ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളുണ്ട്‌. എന്നല്ല, ഈ സംഘടനകളുടെയെല്ലാം പൊതുമുഖമായി പലപ്പോഴും ജ്വലിച്ചു നില്‍ക്കുന്നത്‌ വിദ്യാര്‍ഥി യുവജന ഗ്രൂപ്പുകളാണ്‌. സംഘടനയുടെ ദിശയും ഉള്ളടക്കവും നിര്‍ണയിക്കുന്നതിലും പുതിയ വെളിച്ചങ്ങള്‍ സംഘടനയിലേക്ക്‌ കടത്തുന്നതിലും -അത്‌ ഗുണപരമാണെങ്കിലും നിഷേധാത്മകമാണെങ്കിലും- യുവ/വിദ്യാര്‍ഥി ഗ്രൂപ്പുകളാണ്‌ ഏറ്റവും പ്രധാനമായിട്ടുള്ളത്‌. ചെറിയ ഉദാഹരണത്തിലൂടെ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും. താടി വളര്‍ത്തലിനാണോ ചെടി വളര്‍ത്തലിനാണോ ദീനില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന സംവാദം മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവരുടെ യുവവിഭാഗമാണ്‌ നിര്‍ണായക പങ്ക്‌ വഹിച്ചത്‌. അതിനെത്തുടര്‍ന്ന്‌, ആ പ്രസ്ഥാനത്തില്‍ ഭിന്നിപ്പുണ്ടായി. പക്ഷേ, ഭിന്നിപ്പിന്‌ ശേഷം ഇരുവിഭാഗവും അവയുടെ ആശയ പരിസരം വിപുലപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അതിലും മുന്‍കൈ എടുത്തത്‌ അതിലെ ചെറുപ്പക്കാരായിരുന്നു. താടിയും ജിന്നും മന്ത്രവാദവും സംഗീത വിരോധവുമെല്ലാം ഒരു വിഭാഗത്തിലെ ചെറുപ്പക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വന്നു. പലപ്പോഴും മുതിര്‍ന്ന നേതൃത്വം പകച്ച്‌ പോവുന്ന മുറക്ക്‌, ഇതുവരെ കേട്ടിട്ടില്ലാത്ത ഹദീസുകളുടെ കെട്ടുകള്‍ അഴിച്ചുവിട്ട്‌ കേരളീയ മുസ്‌ലിം സമൂഹത്തില്‍ പുത്തന്‍ പ്രവണതകള്‍ പരിചയപ്പെടുത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞു. മറുവിഭാഗത്തിലെ ചെറുപ്പക്കാരാവട്ടെ അല്‍പംകൂടി സര്‍ഗാത്മകമായി കാര്യങ്ങളെക്കാണാനും പരമ്പരാഗത സലഫി വരട്ടുവാദത്തില്‍ നിന്ന്‌ പുറത്ത്‌ കടന്ന്‌ ഇസ്‌ലാമിന്റെ ജൈവികതയും സൗന്ദര്യവും പ്രതിഫലിപ്പിക്കാനുള്ള ശേഷി നേടിയെടുക്കാന്‍ ശ്രമിച്ചു. ആ ശേഷി തങ്ങളുടെ മാതൃപ്രസ്ഥാനത്തിലേക്ക്‌ സന്നിവേശിപ്പിക്കുന്നതിലും ചെറിയ രീതിയില്‍ അവര്‍ വിജയിച്ചു. പറഞ്ഞുവന്ന കാര്യം ഇതാണ്‌- വളരെ സമ്പന്നവും സജീവവുമായ യുവജനസമൂഹത്താല്‍ അനുഗൃഹീതമാണിന്ന്‌ ഇസ്‌ലാമിക സമൂഹം. സി.പി.ഐയേക്കാള്‍ എന്തെങ്കിലുമൊരു വ്യത്യസ്‌തതയും മുന്‍കൈയും സമര്‍പ്പിക്കാന്‍ എ.ഐ.വൈ.എഫിനോ (ഇന്ത്യയിലെ ആദ്യത്തെ യുവജന പ്രസ്ഥാനമാണിതെന്ന്‌ ഓര്‍ക്കുക) കോണ്‍ഗ്രസിനേക്കാള്‍ പ്രവര്‍ത്തന മികവ്‌ കാണിക്കാന്‍ യൂത്ത്‌ കോണ്‍ഗ്രസിനോ സാധിക്കാത്ത കാലത്താണ്‌, സി.പി.എമ്മിനേക്കാള്‍ ഡി.വൈ.എഫ്‌.ഐ വാര്‍ധക്യം അനുഭവിക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഇതെന്നോര്‍ക്കുക. ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെയോ പു.ക.സയുടെയോ പരിപാടികള്‍ക്ക്‌ പോയി നോക്കൂ. തലനരക്കാത്ത, പെന്‍ഷനാവാത്ത ആളുകളെ ആ സദസ്സുകളില്‍ കണ്ടു കിട്ടുക പ്രയാസമായിരിക്കും. എന്നാല്‍, മുസ്‌ലിം സംഘടനകളുടെ പരിപാടികളില്‍ ഇതല്ല സ്ഥിതി എന്നു ഉറപ്പിച്ചു പറയാന്‍ കഴിയും. മുസ്‌ലിം പെണ്‍കുട്ടികളുടെ കാര്യം ഇതിലും ആഹ്ലാദകരമാണ്‌. കേരളത്തിലെ പ്രമുഖമായ ഏത്‌ കലാലയത്തില്‍ വേണമെങ്കിലും പോയി നോക്കൂ. മിടുക്കികളും ആത്മവിശ്വാസമുള്ളവരുമായ, ഇസ്‌ലാമിക ചിട്ടകള്‍ പാലിക്കുന്ന വിദ്യാര്‍ഥിനികളുടെ വലിയൊരു നിരയെ നമുക്കവിടെ കാണാന്‍ കഴിയും. പഠനത്തിന്റെയും കരിയറിന്റെയും പുതിയ മേഖലകളിലേക്ക്‌ കടന്നു ചെല്ലാനുള്ള തന്റേടം അവരിന്ന്‌ ആര്‍ജിച്ചിരിക്കുന്നു. കോളേജുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും സംവാദവേദികളിലും യൂനിയന്‍ തെരഞ്ഞെടുപ്പുകളിലും അവര്‍ അവരുടെ സാന്നിധ്യം ശക്തമായി അറിയിച്ചുകൊണ്ടിരിക്കുന്നു. കാര്യങ്ങള്‍ അങ്ങനെയിരിക്കെ, മതേതര ബുദ്ധിജീവികളുടെയും വിഷയ ദാരിദ്ര്യം അനുഭവിക്കുന്ന മൗലവിമാരുടെയും പ്രയോഗങ്ങള്‍ കടമെടുത്ത്‌ നാം ഇനിയും നമ്മുടെ ചെറുപ്പക്കാരെ ഭര്‍ത്സിക്കേണ്ടതുണ്ടോ?

മുസ്‌ലിം ചെറുപ്പക്കാര്‍ സമ്പൂര്‍ണമായും ശരിയാണെന്നും വൃദ്ധന്മാരെല്ലാം മാറിനില്‍ക്കണമെന്നുമല്ല പറയുന്നത്‌. കാര്യങ്ങളെ വസ്‌തുനിഷ്‌ഠമായും യാഥാര്‍ഥ്യ ബോധത്തോടെയും മനസ്സിലാക്കാന്‍ കഴിയണം. ക്ലീഷേകള്‍ക്കും യാഥാസ്ഥിക മനോഭാവങ്ങള്‍ക്കും അവധി നല്‍കാന്‍ ശീലിക്കണം. അല്ലെങ്കില്‍ പുതിയ തലമുറയുമായുള്ള കണക്‌ഷന്‍ `പരിധിക്ക്‌ പുറത്താവു'കയോ അല്ലെങ്കില്‍ `ഇപ്പോള്‍ പ്രതികരിക്കുന്നില്ല' എന്ന അവസ്ഥയിലെത്തുകയോ ചെയ്യും. സമുദായ നേതാക്കളും ബുദ്ധിജീവികളും പുലര്‍ത്തേണ്ട വലിയൊരു ജാഗ്രതയാണിത്‌. ആശയപരവും സൈദ്ധാന്തികവും സംഘടനാപരവുമൊക്കെയായ വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രവണതകളെ സ്വീകരിക്കാന്‍ കഴിയുന്ന ഒരു ആന്റിന മുസ്‌ലിം യുവത ഉയര്‍ത്തിവെച്ചിട്ടുണ്ട്‌. ആ ആന്റിനയില്‍ പതിയുന്ന സിഗ്നലുകളെ മനസ്സിലാക്കാന്‍ സമുദായത്തിലെ എല്ലാവര്‍ക്കും കഴിയണം. വ്യക്തിപരമായ അഭിരുചികളുടെ രംഗത്ത്‌ പോലും ഇത്തരം വിഷയങ്ങള്‍ പ്രധാനമാണ്‌. ഇപ്പോള്‍ തന്നെ, വിദ്യാസമ്പന്നരായ മക്കള്‍-ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും- വിവാഹ കാര്യത്തില്‍ പോലും സ്വയം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നു. ഈ തെരഞ്ഞെടുപ്പുകളെല്ലാം ദീനീ വിരുദ്ധമാണെന്നും കൗമാര ചാപല്യങ്ങളാണെന്നും കോളേജ്‌ പ്രണയങ്ങളാണെന്നും പറഞ്ഞ്‌ ഒറ്റയടിക്ക്‌ തള്ളിക്കളയാന്‍ കഴിയില്ല.

മുസ്‌ലിം ചെറുപ്പക്കാരുമായി സംവദിക്കാനും അവരെ മനസ്സിലാക്കാനുമുള്ള ശേഷി മതേതര ഉപരി വര്‍ഗം നേടിയെടുത്തിട്ടില്ല എന്നത്‌ സത്യമാണ്‌. യൂറോപ്യന്‍ നവോത്ഥാനത്തെ തുടര്‍ന്ന്‌ ഉദയം ചെയ്‌ത സാന്ദര്‍ഭികവും ചരിത്രപരവുമായ സിദ്ധാന്തങ്ങളെയും കാഴ്‌ചപ്പാടുകളെയും നിത്യഹരിത ദൈവിക സത്യങ്ങളായി മനസ്സിലാക്കി പൂജിച്ച്‌ പൂവിട്ട്‌ കാലം കഴിക്കുന്ന അവരില്‍ നിന്ന്‌ അങ്ങനെയൊന്ന്‌ പ്രതീക്ഷിക്കുന്നതും വിഡ്‌ഢിത്തമാണ്‌. തഹ്‌രീര്‍ സ്‌ക്വയറില്‍ പരുത്തിമില്‍ തൊഴിലാളികള്‍ ധാരാളം വന്നിരുന്നുവെന്നതിനാല്‍ ഈജിപ്‌തില്‍ നടന്നത്‌ വര്‍ഗ സമരമാണ്‌ എന്ന്‌ വിശകലനം ചെയ്യാന്‍ മാത്രം വീരന്മാരാണവര്‍. അവരെ വിട്ടേക്കുക. പക്ഷേ, മുസ്‌ലിം ഉലമയും സംഘടനാ നേതൃത്വങ്ങളും അവരിലെ ചെറുപ്പക്കാരെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അത്‌ വലിയ ദുരന്തമായിരിക്കും. മുസ്‌ലിം രക്ഷിതാവ്‌ തന്റെ മകനെ/മകളെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നത്‌ പോലെയുള്ള ദുരന്തം. മുസ്‌ലിം സമുദായത്തിന്റെ യൂത്ത്‌ കള്‍ച്ചര്‍-അതിലെ ഏറ്റവും പ്രാമുഖ്യമുള്ള പ്രവണതയെന്ത്‌ എന്ന്‌ മനസ്സിലാക്കാന്‍ ഉലമക്കോ രക്ഷിതാക്കള്‍ക്കോ സമുദായ നേതൃത്വത്തിനോ സാധിച്ചിട്ടില്ല എന്നതാണ്‌ സത്യം. അങ്ങനെ സാധിക്കാത്തത്‌ കൊണ്ടാണ്‌ ഫേസ്‌ബുക്കിന്‌ മുന്നിലിരിക്കുന്ന പയ്യന്മാര്‍ ഒരു വിപ്ലവം കൊണ്ടുവരും എന്ന്‌ കാലേക്കൂട്ടി കാണാന്‍ ആര്‍ക്കും കഴിയാതിരുന്നത്‌. അത്‌ കൊണ്ടാണ്‌ നമ്മള്‍ പിന്നെയും പിന്നെയും ഏതോ പഴംപാട്ടിന്റെ വരികള്‍ ഉരുവിട്ടുരുവിട്ട്‌ ചെറുപ്പക്കാരെ കുറ്റപ്പെടുത്തുന്നതില്‍ സാഫല്യം കണ്ടെത്തുന്നത്‌.

ലോകത്തിന്റെ പല ഭാഗത്തും ചെറുപ്പക്കാര്‍, നേരത്തെ പറഞ്ഞതു പോലെ, ആധുനിക വിവര/സാങ്കേതിക വിദ്യയുടെയും ലഹരിയുടെയും അടിമകളായി രാഷ്‌ട്രീയ ഉദ്‌ബുദ്ധതയും മതബോധവും സാമൂഹിക ബോധവും ലക്ഷ്യബോധവുമെല്ലാം നഷ്‌ടപ്പെട്ട്‌ നിശ്‌ചേഷ്‌ടരായിക്കൊണ്ടിരിക്കെയാണ്‌ മുസ്‌ലിം യുവത പൊതുവെ വ്യത്യസ്‌തമായി വഴിവെട്ടുന്നതെന്ന്‌ നാം മനസ്സിലാക്കണം. താരതമ്യേന അവരാണ്‌ രാഷ്‌ട്രീയ പ്രബുദ്ധതയും മതബോധവും കൂടുതലുള്ളവര്‍. ലഹരി, ആത്മഹത്യ, നിരാശബാധ എന്നിവയില്‍ താരതമ്യേന അവര്‍ പിന്നില്‍ നില്‍ക്കുന്നു. അപവാദമായി വരുന്ന സംഭവങ്ങളെ സാമാന്യവത്‌കരിച്ച്‌ നാമെത്ര സദാചാര ടിയര്‍ഗ്യാസ്‌ പൊട്ടിച്ചാലും ഇത്‌ യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നുണ്ട്‌. വീഡിയോ ഗെയിമുകള്‍ക്ക്‌ മുന്നിലിരുന്ന്‌ സമയവും അധ്വാനവും ആയുസ്സും കളയുന്ന അമേരിക്കയിലെ ചെറുപ്പക്കാരോട്‌ മൂന്നാം ലോകത്തെ ചെറുപ്പക്കാരെ കണ്ടു പഠിക്കാന്‍ ബറാക്‌ ഒബാമ ആഹ്വാനം ചെയ്‌തതില്‍ നിന്ന്‌ ഇത്‌ നമുക്ക്‌ മനസ്സിലാക്കാവുന്നതാണ്‌.

ഈയിടെ വായിച്ച ഒരു ലേഖനവും പുസ്‌തകവും വായനക്കാരുമായി പങ്ക്‌ വെച്ച്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം. 'Facebook and modern technology are killing churches' എന്ന തലക്കെട്ടില്‍ ബ്രെറ്റ്‌ മൈക്കല്‍ ഡൈക്‌സ്‌ ഈയിടെ യാഹൂ ന്യൂസില്‍ എഴുതിയ ലേഖനമാണ്‌ ഒന്നാമത്തേത്‌. യൂറോപ്പിലും അമേരിക്കയിലും ചര്‍ച്ച്‌ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം-വിശേഷിച്ച്‌ ചെറുപ്പക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്നതിനെക്കുറിച്ചും അതില്‍ ഫേസ്‌ബുക്ക്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചുമാണ്‌ ലേഖനം. അബിലീന്‍ (Abilene) ക്രിസ്‌ത്യന്‍ യൂനിവേഴ്‌സിറ്റിയിലെ എക്‌സ്‌പിരിമെന്റല്‍ സൈക്കോളജിസ്റ്റ്‌ റിച്ചാര്‍ഡ്‌ ബെക്കിന്റെ പഠനങ്ങളെ ഉപജീവിച്ചാണ്‌ മൈക്കല്‍ ഡൈക്‌സ്‌ ഈ ലേഖനം തയാറാക്കിയിരിക്കുന്നത്‌. ബെക്ക്‌ തന്റെ ബ്ലോഗില്‍ എഴുതിയ How Facebook Killed the Church എന്ന ലേഖനത്തില്‍ സമര്‍പ്പിച്ച കണക്കുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ മൈക്കല്‍ ഡൈക്‌സിന്റെ റിപ്പോര്‍ട്ട്‌. രാഷ്‌ട്രീയ പ്രബുദ്ധതയില്‍ നിന്ന്‌ മാത്രമല്ല മതപ്രബുദ്ധതയില്‍ നിന്നും പശ്ചാത്യ ചെറുപ്പക്കാരെ ഐ.ടിയും അനുബന്ധ സംവിധാനങ്ങളും അകറ്റുകയാണ്‌ ചെയ്‌തെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌.

ഗാരി ആര്‍ ബന്റ്‌ (Gary R Buntt) എഴുതിയ iMuslims; Rewriting the House of Islam എന്ന പുസ്‌തകം (പ്രസാധനം, അദര്‍ പ്രസ്‌, ക്വലാലമ്പൂര്‍, 360 പേജ്‌) ഇതിനോട്‌ ചേര്‍ത്തു വായിക്കേണ്ടതാണ്‌. വിവര സാങ്കേതിക വിദ്യയോട്‌ മുസ്‌ലിം സമുദായം എങ്ങനെ പ്രതികരിച്ചു, അവര്‍ അതിനെ എവ്വിധം ഉപയോഗപ്പെടുത്തുന്നു, സൈബര്‍ ലോകത്തെ ഇസ്‌ലാമിക പ്രതിനിധാനം എന്താണ്‌ എന്നൊക്കെ വിശദമാക്കുന്ന ശ്രദ്ധേയമായ പഠനമാണിത്‌. ഇസ്‌ലാമിന്റെ `സൈബര്‍ പരിസ്ഥിതി' എന്ന പരികല്‍പനയെ സൃഷ്‌ടിച്ച്‌ അതിന്റെ വൈവിധ്യമാര്‍ന്ന വശങ്ങളെ പരിശോധിക്കുകയാണ്‌ ഗ്രന്ഥകര്‍ത്താവ്‌. മുസ്‌ലിംകള്‍ നടത്തുന്നതും ഇസ്‌ലാമുമായി ബന്ധപ്പെട്ടതുമായ വിവിധ വെബ്‌സൈറ്റുകള്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, പോര്‍ട്ടലുകള്‍, വീഡിയോ ഷെയറിംഗ്‌ പോര്‍ട്ടലുകള്‍, ഇസ്‌ലാമിക്‌ ബ്ലോഗോസ്‌ഫിയര്‍ എന്നിവയെ സൂക്ഷ്‌മമവും വിശദവുമായ പഠനങ്ങള്‍ക്ക്‌ വിധേയമാക്കാന്‍ ലേഖകന്‌ കഴിഞ്ഞിട്ടുണ്ട്‌. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ `സോഴ്‌സ്‌ കോഡ്‌' പോളിച്ചെഴുതി എന്നുള്ളതാണ്‌ `ഡിജിറ്റല്‍ ഇസ്‌ലാം' നടത്തിയ ഏറ്റവും വലിയ വിപ്ലവം. ഇസ്‌ലാമിക വിജ്ഞാനീയത്തിന്റെ കുത്തകാവകാശികളായ പണ്ഡിതന്മാരുടെ അധികാരത്തില്‍ വലിയ പ്രഹരമേല്‍പിക്കാന്‍ അതിന്‌ കഴിഞ്ഞു. ഇസ്‌ലാമിക വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ ശ്രേണീവ്യവസ്ഥയില്‍ അടിമേല്‍ ഉലച്ചിലുണ്ടാക്കാന്‍ സൈബര്‍ ഇസ്‌ലാമിന്‌ കഴിഞ്ഞിട്ടുണ്ട്‌. എല്ലാറ്റിലുമുപരി, മുസ്‌ലിം ചെറുപ്പക്കാരുടെ സുപ്രധാനമായൊരു പ്രവര്‍ത്തന മേഖലയായി ഇത്‌ വളര്‍ന്നിരിക്കുന്നു. ബ്രൈറ്റ്‌ മൈക്കല്‍ ഡൈക്‌സ്‌ ക്രിസ്‌ത്യന്‍ ചെറുപ്പക്കാരുടെ കാര്യത്തില്‍ സംഭവിച്ചതായി വിലയിരുത്തിയത്‌ പോലെ, ആധുനിക വിവര സാങ്കേതിക വിദ്യ, മുസ്‌ലിം ചെറുപ്പക്കാരെ മതത്തില്‍ നിന്ന്‌ അകറ്റുകയല്ല, മറിച്ച്‌ മതത്തില്‍ കൂടുതല്‍ ശക്തമായും ആത്മവിശ്വാസത്തോടെയും ഇടപെടുന്നവരായി മാറ്റുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. അതിനാല്‍ ഇനിയും നമ്മള്‍ പഴങ്കഥകള്‍ പറഞ്ഞ്‌ അവരെ വിരട്ടാതിരിക്കുന്നതല്ലേ നല്ലത്‌.

Friday, April 29, 2011

ഇടതുപക്ഷം മുസ്ലിം സമൂഹം ജമാഅത്തെ ഇസ്ലാമി/ ടി. ആരിഫലി /സദ്റുദ്ദീന്‍ വാഴക്കാട്


 
ഇടതുപക്ഷം മുസ്ലിം സമൂഹം ജമാഅത്തെ ഇസ്ലാമി/ ടി. ആരിഫലി /സദ്റുദ്ദീന്‍ വാഴക്കാട്
Posted on 26-04-11, 9:48 am
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള നയമാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചത്. ജമാഅത്തും ഇടതുപക്ഷവും തമ്മില്‍ ഇടക്കാലത്ത് ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ ചില നയങ്ങളെ ജമാഅത്തും സോളിഡാരിറ്റിയും ശക്തമായി എതിര്‍ക്കുകയും അവക്കെതിരെ സമരം നയിക്കുകയും ചെയ്തിരുന്നു. അതിനോടുള്ള പ്രതികരണമെന്നോണം സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ജമാഅത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായി. എന്നിട്ടും ഇങ്ങനെയൊരു നിലപാട് എടുത്തതിന്റെ ന്യായമെന്താണ്?
 
കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നയം രൂപീകരിച്ചപ്പോള്‍ 2006-2011-ലെ എല്‍.ഡി.എഫ് ഭരണത്തെ വിലയിരുത്തുകയാണ് ജമാഅത്ത് ആദ്യം ചെയ്തത്. 2001-2006 കാലത്തെ യു.ഡി.എഫ് ഭരണത്തേക്കാള്‍ താരതമ്യേന മികച്ചതാണ് 2006-'11-ലെ എല്‍.ഡി.എഫ് ഭരണം എന്നാണ് ജമാഅത്ത് ശൂറ എത്തിച്ചേര്‍ന്ന നിഗമനം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം മാത്രമല്ല, അതിനു മുമ്പുള്ള യു.ഡി.എഫ് ഭരണത്തെയും വിലയിരുത്തിക്കൊണ്ടാണല്ലോ ഏത് മുന്നണിക്ക് പിന്തുണ നല്‍കണം എന്ന് തീരുമാനിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണത്തേക്കാള്‍ നിലവിലുള്ള എല്‍.ഡി.എഫ് ഭരണമാണ് മികച്ചു നില്‍ക്കുന്നത് എന്നാണ് ജമാഅത്ത് വിലയിരുത്തിയത്.
 
ഒന്നാമതായി, ധാരാളം ക്ഷേമ പദ്ധതികള്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റ് നടപ്പിലാക്കുകയുണ്ടായി. ആശാവഹമായ വികസന പ്രവര്‍ത്തനങ്ങളും ഈ ഗവണ്‍മെന്റ് നടത്തിയിട്ടുണ്ട്. ആദ്യത്തെ രണ്ട്-മൂന്ന് വര്‍ഷം ആഭ്യന്തരമായ അനൈക്യവും മറ്റും കാരണം ഒരുതരം നിശ്ചലാവസ്ഥ ഭരണരംഗത്ത് ഉണ്ടായിരുന്നുവെന്നത് ശരിയാണ്. അതിന് അല്‍പം മാറ്റമുണ്ടായത് ലോക്സഭാ തെരഞ്ഞെടുപ്പോടു കൂടിയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷം ആ മാറ്റം ഭരണരംഗത്ത് ഗുണകരമായി അനുഭവപ്പെട്ടു. അതോടെ വികസന രംഗത്ത് ശ്രദ്ധേയമായ നീക്കങ്ങള്‍ നടത്താന്‍ ഗവണ്‍മെന്റിന് സാധിച്ചു.
 
അതേസമയം കേരളത്തില്‍ യു.ഡി.എഫിന്റെയും ദേശീയതലത്തില്‍ യു.പി.എയുടെയും പ്രതിഛായക്ക് വലിയ തകര്‍ച്ചയാണ് സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യം കണ്ടതില്‍ വെച്ചേറ്റവും വലിയ അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നത്. കേന്ദ്രത്തിലും കേരളത്തിലും അഴിമതി നടത്തിയതിന്റെ പേരില്‍ യു.പി.എ-യു.ഡി.എഫ് നേതാക്കളില്‍ ചിലര്‍ ജയിലിലടക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്ത് നടന്ന പല അഴിമതികളും പുറത്ത് വരാന്‍ തുടങ്ങി. അത് പുറത്ത് കൊണ്ടുവന്നത്, അന്ന് ഭരണത്തില്‍ പങ്കാളികളായിരുന്നവരും അതിന്റെ അരികുചേര്‍ന്ന് നിന്നവരും അഴിമതിയില്‍ പങ്കാളികളായ ശേഷം അത് ഒതുക്കിത്തീര്‍ക്കാന്‍ വഴിവിട്ട കളികള്‍ നടത്തിയവരുമൊക്കെയാണ്്. അതായത്, യു.ഡി.എഫിന്റെ ഭാഗമായിട്ടുള്ളവര്‍ തന്നെയാണ് യു.ഡി.എഫ് ഗവണ്‍മെന്റിന്റെ അഴിമതിക്കഥകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
 
ഇങ്ങനെ, വികസന പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളുമായി എല്‍.ഡി.എഫ് താരതമ്യേന മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കുകയും യു.ഡി.എഫിന്റെയും യു.പി.എയുടെയും പ്രതിഛായ ഇടിയുകയും ചെയ്ത സന്ദര്‍ഭത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നത്. ഈ അവസ്ഥയില്‍ എന്തു നിലപാടാണ് ജമാഅത്തിന് സ്വീകരിക്കാന്‍ കഴിയുകയെന്ന് ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകും.
 
 
എങ്കില്‍ പതിനഞ്ച് സീറ്റില്‍ യു.ഡി.എഫിനെ പിന്തുണച്ചത് എന്തടിസ്ഥാനത്തിലാണ്? ഇടതുപക്ഷ ഭരണത്തിന് തുടര്‍ച്ചയുണ്ടാകണം എന്നാഗ്രഹിക്കുകയും, അതേസമയം ഭരണമാറ്റത്തിന് സഹായകമാകും വിധം യു.ഡി.എഫിലെ ചിലര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തതില്‍ വൈരുധ്യമുണ്ട് എന്ന വിമര്‍ശനത്തെക്കുറിച്ച് എന്തു പറയുന്നു?
 
യഥാര്‍ഥത്തില്‍ ഈ നിലപാടില്‍ വൈരുധ്യമൊന്നും ഇല്ല. എല്‍.ഡി.എഫിന്റെ ഭരണം താരതമ്യേന മികച്ചതാണെന്ന് പറയുമ്പോള്‍ പൂര്‍ണമായും വിജയിച്ച ഭരണമാണെന്ന് അര്‍ഥമില്ലല്ലോ. എല്‍.ഡി.എഫ് ഭരണത്തിന് നൂറ് ശതമാനം മാര്‍ക്കും നല്‍കാന്‍ ജമാഅത്ത് ഒരുക്കമല്ല. മറിച്ച്, അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നതോടൊപ്പം, യു.ഡി.എഫിലെ ഒരു കക്ഷിയെയും അവഗണിക്കാത്ത നയമാണ് ജമാഅത്ത് സ്വീകരിച്ചിട്ടുള്ളത്. യു.ഡി.എഫിലെ ഏതെങ്കിലും പാര്‍ട്ടിയെ മാറ്റിനിര്‍ത്തരുത് എന്നാണ് ജമാഅത്ത് തീരുമാനിച്ചത്.
 
ഈ വിഷയകമായി ശൂറയില്‍ രൂപപ്പെട്ട അഭിപ്രായം പ്രവര്‍ത്തകരുടെ മുമ്പില്‍ വെക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് പതിനഞ്ച് മണ്ഡലങ്ങളില്‍ യു.ഡി.എഫിന് പിന്തുണ നല്‍കുകയുമാണ് ചെയ്തത്. പതിനഞ്ച് സ്ഥലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കണം എന്നത് പ്രവര്‍ത്തകരുടെ നിര്‍ദേശമാണ്. അത് അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ സംസ്കാരത്തിന്റെ തെളിവു കൂടിയാണ്.
 
 
മുസ്ലിം സമുദായത്തെയും ജമാഅത്തിനെയും സംബന്ധിച്ച് 2006-2011-ലെ എല്‍.ഡി.എഫ് ഭരണം ആശാവഹമല്ല എന്ന വിലയിരുത്തലുണ്ടല്ലോ? പാഠപുസ്തക വിവാദം, സ്കൂള്‍ സമയ മാറ്റവും മദ്റസാ പഠനവും, സച്ചാര്‍ സമിതി റിപ്പോര്‍ട്ട്, ഹിറാ സെന്ററിലെ റെയ്ഡ്, കിനാലൂര്‍ പ്രശ്നം, സി.പി.എം നേതൃത്വത്തിന്റെ ജമാഅത്ത് വിമര്‍ശം തുടങ്ങിയവയാണ് ഉന്നയിക്കപ്പെടുന്നത്.
 
രണ്ട് വിഷയങ്ങളും രണ്ടായി തന്നെ വിശകലനം ചെയ്യേണ്ടതുണ്ട്. ഒന്ന്, മുസ്ലിം സമുദായവുമായും രണ്ടാമത്തേത് ജമാഅത്തുമായും ബന്ധപ്പെട്ടതാണ്.
 
സച്ചാര്‍ സമിതി റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റിന്റേതാണ്. അതിലെ നിര്‍ദേശങ്ങളില്‍ സാധ്യമാകുന്നത് നടപ്പിലാക്കാനാണ് പാലോളി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ ഒരു കമ്മിറ്റി കേരളത്തിലെ ഇടത് ഗവണ്‍മെന്റ് ഉണ്ടാക്കിയത്. മുസ്ലിം സമുദായത്തിലെ പ്രമുഖര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് പാലോളി കമ്മിറ്റി. ഇത്ര വ്യവസ്ഥാപിതമായ ഒരു സംവിധാനം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും സംസ്ഥാനത്ത് ഉണ്ടോ എന്ന് സംശയമാണ്. പൊതു പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചുള്ള പാലോളി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പലതും ഗവണ്‍മെന്റ് നടപ്പാക്കിയിട്ടുണ്ട്. മദ്റസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി ഒരു ഉദാഹരണം. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുതകുന്ന പദ്ധതികളും എല്‍.ഡി.എഫ് ഗവണ്‍മെന്റ് നടപ്പിലാക്കി തുടങ്ങിയിരുന്നു. മലബാറിലെ ഒരു പ്രധാന പ്രശ്നം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവും പിന്നാക്കാവസ്ഥയുമാണ്. ഇതിന് പരിഹാരമായി കൂടുതല്‍ സ്കൂളുകളും, കോളേജുകളില്‍ പുതിയ കോഴ്സുകളും എല്‍.ഡി.എഫ് ഗവണ്‍മെന്റ് അനുവദിക്കുകയുണ്ടായി. ഈ വിഷയത്തില്‍ ന്യൂനപക്ഷത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചിട്ടുണ്ട്.
 
ഇന്ത്യയിലെ അഞ്ച് ന്യൂനപക്ഷ പ്രദേശങ്ങളില്‍ അലീഗഢ് യൂനിവേഴ്സിറ്റിയുടെ കാമ്പസ് തുടങ്ങാന്‍ നിര്‍ദേശമുണ്ടായിരുന്നു. അത് നടപ്പിലാക്കാന്‍ തീരുമാനിച്ചത് കേരളവും ബംഗാളും മാത്രമാണ്. കേരളത്തില്‍ മാത്രമാണ് അത്തരം ഒരു കാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ അതുണ്ടാക്കുക അപ്രായോഗികമാണ് എന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പാണക്കാട് തന്നെ അലീഗഢ് കാമ്പസ് വരണം എന്നാവശ്യപ്പെട്ടത്. എന്നാല്‍, അപ്രായോഗികം എന്ന് വിലയിരുത്തപ്പെട്ട പെരിന്തല്‍മണ്ണയില്‍ തന്നെ, ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ അത് പ്രായോഗികമാക്കാന്‍ ഇടത് ഗവണ്‍മെന്റിന് സാധിച്ചു. മലബാര്‍ വികസനത്തിന്റെ മറ്റൊരു ഉദാഹരണമാണ് ചമ്രവട്ടം പദ്ധതി യാഥാര്‍ഥ്യമാക്കിയത്. സോളിഡാരിറ്റി ഈ വിഷയത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്നു. അപ്പോള്‍, മുസ്ലിം സമുദായത്തിനും മലബാറിനും വേണ്ടി ഇടതുപക്ഷം ഒന്നും ചെയ്തില്ല എന്ന് പറയുന്നത് ശരിയല്ല.
 
അതേസമയം, മുസ്ലിം സമുദായവുമായും മറ്റു മത വിഭാഗങ്ങളുമായും ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഈ ഭരണകാലത്തുണ്ടായി. അതില്‍ ഒന്നായിരുന്നു വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച ആശങ്കകള്‍. സ്കൂള്‍ സമയമാറ്റ നിര്‍ദേശവും മദ്റസകളുടെ പ്രവര്‍ത്തനവും, പാഠപുസ്തകത്തില്‍ മതവിശ്വാസത്തിനെതിരെ വന്ന പരാമര്‍ശങ്ങള്‍ എന്നിവയാണ് മറ്റു രണ്ടെണ്ണം. ഈ പ്രശ്നങ്ങള്‍ ഇടത് ഗവണ്‍മെന്റിന്റെ വീഴ്ചകളാണ്. മുസ്ലിം സംഘടനകള്‍ ഒരുമിച്ചു നേരിട്ടപ്പോള്‍, ഗവണ്‍മെന്റ് മുസ്ലിം സംഘടനകളുടെ നിലപാടുകള്‍ക്ക് വഴങ്ങുകയാണുണ്ടായത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ മുസ്ലിം സംഘടനകളുമായി ചര്‍ച്ച നടത്താനും നിലപാടുകള്‍ തിരുത്താനും സന്നദ്ധരായി. അതുകൊണ്ടുതന്നെ, യു.ഡി.എഫിനെ അപേക്ഷിച്ച് എല്‍.ഡി.എഫ് ഗവണ്‍മെന്റ് മുസ്ലിം സമുദായത്തോട് വലിയൊരു ശത്രുത കാണിച്ചു എന്ന് പറയാന്‍ ന്യായങ്ങളില്ല. രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ക്കു വേണ്ടി ആരെങ്കിലും ഇത്തരം പ്രചാരണം നടത്തുന്നുണ്ടെങ്കില്‍ അത് ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്.
 
 
ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധേയമായ ഒരു നീക്കമാണല്ലോ 'അല്‍ബറക' എന്ന ധനകാര്യ സ്ഥാപനം. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ അല്‍ബറകക്ക് എതിരെ ചില ഭാഗങ്ങളില്‍നിന്ന് രൂക്ഷമായ വിമര്‍ശനങ്ങളും കോടതി കേസും ഉണ്ടായിട്ടും പിന്‍വാങ്ങാതെ മുന്നോട്ടുപോവുകയാണല്ലോ ഇടത് ഗവണ്‍മെന്റ് ചെയ്തത്.
 
കേരളത്തിലെ പ്രബല ജനവിഭാഗമാണ് മുസ്ലിംകള്‍. മറ്റു വിഭാഗങ്ങളെപ്പോലെ മുസ്ലിംകളും ഒരു പരിധിവരെ സാമ്പത്തിക വളര്‍ച്ച നേടിയിട്ടുണ്ട്. എന്നാല്‍, സാമ്പത്തിക പ്രക്രിയയില്‍ പങ്കാളികളാകാന്‍ കഴിയാതിരുന്നാല്‍ ആഭ്യന്തരവും ബാഹ്യവുമായ പ്രയാസങ്ങള്‍ക്ക് അത് കാരണമാകും. പലിശ നിഷിദ്ധമാണ് എന്ന കാരണത്താല്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളിത്തം വഹിക്കാനാകാതെ മാറിനില്‍ക്കുന്ന മൂലധനത്തെ അതിലേക്ക് കൊണ്ടുവരികയെന്നതാണ് ഇസ്ലാമിക സാമ്പത്തിക സ്ഥാപനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ സമീപനത്തിന് ബഹുമുഖ ഫലങ്ങളുണ്ട്. അത് മനസിലാക്കികൊണ്ടാണ് കേരള ഗവണ്‍മെന്റ് 'അല്‍ബറക' എന്ന പേരില്‍, ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്. ഇതിനെതിരെ പല കോണുകളില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായി. കോടതിയില്‍ കേസ് വന്നു. സുബ്രഹ്മണ്യ സ്വാമിയുടെ ഇടപെടലും കേസും പല തെറ്റിദ്ധാരണകള്‍ക്കും കാരണമായി. എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് 'കേരളത്തിന്റെ പൊതുസമ്പത്ത് ഒരു മതവിഭാഗത്തിന് മാത്രം ഉപകാരപ്പെടുംവിധം കൈകാര്യം ചെയ്യുന്നു' എന്നായിരുന്നു. തീര്‍ത്തും തെറ്റായിരുന്നു ഈ വാദം. സ്വാമിയുടെ വാദം കോടതി തള്ളുകയും അല്‍ബറകക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയുമാണുണ്ടായത്. ശ്രദ്ധേയമായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. വിമര്‍ശനങ്ങള്‍ ഏറെ ഉണ്ടായിട്ടും, ഈ സംരംഭവുമായി മുമ്പോട്ടുപോകാന്‍ ഇടതുപക്ഷ ഗവണ്‍മെന്റിനു കഴിഞ്ഞുവെന്നത് ആശാവഹമാണ്.
 
 
സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ചില വിമര്‍ശനങ്ങള്‍ ജമാഅത്തിനെതിരെ ഉണ്ടായി. എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ ചില നയവൈകല്യങ്ങള്‍ക്കെതിരെ സോളിഡാരിറ്റിയും എസ്.ഐ.ഒയും നടത്തിയ പ്രതികരണങ്ങള്‍ തുറന്ന ഏറ്റുമുട്ടലിലാണ് കലാശിച്ചത്. എന്നിട്ടും ഇടതുമുന്നണിക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നല്ലോ?
 
ജമാഅത്തെ ഇസ്ലാമിയുടെ പൊതുസമീപന രീതികളെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നിലപാടുകളെയും സത്യസന്ധമായി വിലയിരുത്തുന്ന ആര്‍ക്കും ഈ വിഷയത്തില്‍ അസ്വാഭാവികതയും വൈരുധ്യവും തോന്നേണ്ടതില്ല. സംഘടനാപരമായ താല്‍പര്യങ്ങളല്ല, വിശാലമായ രാജ്യതാല്‍പര്യങ്ങള്‍ മുന്‍ നിറുത്തിയാണ് ജമാഅത്തിന്റെ നയപരിപാടികള്‍ ആവിഷ്കരിക്കാറുള്ളത്. തെരഞ്ഞെടുപ്പ് നയത്തിന്റെ കാര്യത്തിലും ജനക്ഷേമത്തിനാണ്, പാര്‍ട്ടി വിഷയങ്ങള്‍ക്കല്ല ജമാഅത്ത് ഊന്നല്‍ നല്‍കാറുള്ളത്. ജമാഅത്തിനോട് ആര്‍ എന്ത് സമീപനം സ്വീകരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയല്ല തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുന്നതും നിരസിക്കുന്നതും.
 
സി.പി.എം നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചിട്ടുണ്ട് എന്നതുകൊണ്ട് ഇടതുപക്ഷത്തിന് പിന്തുണ കൊടുക്കുന്നത് ശരിയല്ലെന്നാണ് വാദമെങ്കില്‍, കോണ്‍ഗ്രസും മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ടല്ലോ. ലീഗിനെയും കോണ്‍ഗ്രസിനെയും പിന്തുണക്കുന്നത് ഈ ന്യായം വെച്ച് എങ്ങനെ സാധൂകരിക്കാനാകും? സഖാവ് പിണറായി വിജയന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടും ഇടതുപക്ഷത്തിന് ജമാഅത്ത് പിന്തുണ നല്‍കിയിട്ടുണ്ടെങ്കില്‍, മുസ്ലിംലീഗ് ഇപ്പോഴും ജമാഅത്തിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടിരിക്കെതന്നെയാണ് ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ജമാഅത്ത് പിന്തുണ നല്‍കിയത്. ഇന്ത്യയില്‍ ജമാഅത്തെ ഇസ്ലാമിയെ രണ്ടുതവണ നിരോധിച്ചത് കോണ്‍ഗ്രസാണ്, സി.പി.എം അല്ല. എന്നിട്ടും നിരവധി തവണ കോണ്‍ഗ്രസിന് ജമാഅത്ത് വോട്ട് ചെയ്തിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ 220ലേറെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മുന്നണിയെയാണ് ജമാഅത്ത് പിന്തുണച്ചത്. 'ജമാഅത്തിനെ രണ്ടുതവണ നിരോധിച്ച കോണ്‍ഗ്രസ് മുന്നണിയെയാണ് ജമാഅത്ത് 220ലേറെ മണ്ഡലങ്ങളില്‍ പിന്തുണക്കുന്നത്' എന്ന് അന്നാരും വിമര്‍ശനമുന്നയിച്ചിരുന്നില്ല. എന്നല്ല, ജമാഅത്ത് വലതുപക്ഷത്തിന് പിന്തുണ കൊടുക്കുമ്പോഴല്ല, ഇടതുപക്ഷത്തിന് പിന്തുണനല്‍കുമ്പോഴാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടാറുള്ളത്. അപ്പോള്‍ അതിന്റെ പിന്നിലെ താല്‍പര്യം വ്യക്തമാണല്ലോ.
 
സമീപകാലത്ത് സി.പി.എമ്മിലെ ചില നേതാക്കള്‍ ജമാഅത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ പശ്ചാത്തലം നമുക്കറിയാം. ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇടതുപക്ഷ ഗവണ്‍മെന്റിന് ചിലയിടങ്ങളില്‍ അവരുടെ തന്നെ അജണ്ടകള്‍ തെറ്റിപോയിട്ടുണ്ട്. മുതലാളിത്ത-ആഗോള വത്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങളെ എതിര്‍ക്കുന്ന ഇടതുപക്ഷത്തിന്റെ ചില പദ്ധതികളില്‍, മുതലാളിത്തപരമായ സമീപനങ്ങള്‍ കടന്നുവന്നപ്പോള്‍ ജമാഅത്തും പോഷക സംഘടനകളും പത്രമാധ്യമങ്ങളും അതിനെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. എതിര്‍പ്പിനു വിധേയമായ വികസന പദ്ധതികള്‍ ഇടതുപക്ഷത്തിന്റെ അടിസ്ഥാന നയമായിരുന്നില്ല, നയങ്ങളില്‍ നിന്നുള്ള വ്യതിയാനങ്ങളായിരുന്നുവെന്നാണ് ജമാഅത്ത് മനസ്സിലാക്കിയത്. എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന വലതുപക്ഷത്തെ സംബന്ധിച്ചേടത്തോളം മുതലാളിത്തപരമായ വികസന പദ്ധതികള്‍ വ്യതിയാനമല്ല, വലതുപക്ഷത്തിന്റെ അടിസ്ഥാന നിലപാട് തന്നെയാണ്. അപ്പോള്‍ ജമാഅത്തെ ഇസ്ലാമി ഈ വിഷയത്തില്‍ വലതുപക്ഷത്തെ എതിര്‍ക്കുമ്പോള്‍, അവരുടെ മൌലികമായ നയത്തെതന്നെയാണ് വിമര്‍ശിക്കുന്നത്. എന്നാല്‍, ഇടതുപക്ഷത്തോടുള്ള എതിര്‍പ്പ് അവരുടെ നയവ്യതിയാനത്തിന്റെ പേരിലാണ്. അത്തരം വൈകല്യങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ജമാഅത്തും പോഷകസംഘടനകളും ഇടതുപക്ഷത്തെ എതിര്‍ക്കുക തന്നെ ചെയ്യും. മതസംഘടനകള്‍ മുസ്ലിം ലീഗിന് വിധേയപ്പെടുന്നതുപോലെ, ഇടതുപക്ഷത്തിന് വിധേയപ്പെട്ടുകൊണ്ടല്ല അവര്‍ക്ക് ജമാഅത്ത് പിന്തുണ കൊടുത്തിട്ടുള്ളത്. യു.ഡി.എഫിന്റെയോ മുസ്ലിംലീഗിന്റെയോ കൊള്ളരുതായ്മകളെ എതിര്‍ക്കാന്‍ അവരോട് ചേര്‍ന്നുനില്‍ക്കുന്ന മതസംഘടനകള്‍ക്ക് കഴിയാത്തതാണ് അവരുടെ ദൌര്‍ബല്യം. എന്നാല്‍, തെരഞ്ഞെടുപ്പില്‍ പിന്തുണ കൊടുക്കുമ്പോഴും ഇടതുപക്ഷത്തിന്റെ നയവൈകല്യങ്ങളെ ശക്തമായി എതിര്‍ക്കാന്‍ കഴിയുന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ കരുത്ത്.
 
ഈ വ്യതിയാനങ്ങളെ എതിര്‍ത്തപ്പോഴാണ്, സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് മീഡിയയിലൂടെയുള്ള വിമര്‍ശനങ്ങളും ശാരീരികമായ പീഡനങ്ങളും വരെ ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത്. ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ജനശ്രദ്ധ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് തിരിച്ചുവിടാമെന്നും അങ്ങനെ നയവൈകല്യങ്ങള്‍ക്കെതിരായ ജമാഅത്തിന്റെയും പോഷക സംഘടനകളുടെയും എതിര്‍പ്പിനെ മറികടക്കാമെന്നുമാണ് അവര്‍ കരുതിയത്. ആ ധാരണ തെറ്റായിരുന്നുവെന്ന് ഇടതുപക്ഷത്തിന് പിന്നീട് ബോധ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്നാല്‍, കേരളീയ ജനതയുടെ പൊതു നന്മ ഉദ്ദേശിച്ചുകൊണ്ട് ജമാഅത്ത് എടുത്ത രാഷ്ട്രീയ നിലപാടുകള്‍ സംഘടനാപരമായ ഇത്തരം കാര്യങ്ങളെ മാത്രം അടിസ്ഥാനമാക്കി മാറ്റിത്തിരുത്താന്‍ ജമാഅത്ത് ഒരുക്കമല്ല.
 
 
സോളിഡാരിറ്റിയുമായി നേര്‍ക്കുനേരെ ഏറ്റുമുട്ടുകയും ജമാഅത്തിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു മന്ത്രി എളമരം കരീം. അദ്ദേഹത്തിനും ജമാഅത്ത് പിന്തുണ കൊടുത്തിട്ടുണ്ടല്ലോ?
 
ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭരണത്തെ വിലയിരുത്തിയാണ് ജമാഅത്ത് നയം രൂപീകരിച്ചത്. എല്‍.ഡി.എഫിലെ മന്ത്രിമാരെക്കുറിച്ചുള്ള വിലയിരുത്തല്‍ കൂടിയായിരുന്നു അത്. എന്നിട്ടും, എളമരം കരീമിന് വോട്ടുചെയ്യണമെന്നായിരുന്നു ആ മണ്ഡലത്തിലെ ജമാഅത്ത് പ്രവര്‍ത്തകരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അഭിനന്ദിക്കപ്പെടേണ്ട നിലപാടാണിത്. ജമാഅത്തിനെ രൂക്ഷമായി വിമര്‍ശിക്കുകയും സോളിഡാരിറ്റി പ്രവര്‍ത്തകരെയും സമരത്തില്‍ പങ്കെടുത്ത മറ്റുള്ളവരെയും പോലീസിനെ വിട്ട് തല്ലിച്ചതക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്ത ഒരു വ്യക്തിയെപ്പോലും, ആ വിഷയം പറഞ്ഞ് മാറ്റി നിര്‍ത്താന്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ സന്നദ്ധരായില്ല. എല്‍.ഡി.എഫ് ഗവണ്‍മെന്റ് താരതമ്യേന നല്ല പ്രകടനം കാഴ്ചവെച്ചു എന്ന് വിലയിരുത്തിക്കൊണ്ട്, ജനതാല്‍പര്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നയം രൂപീകരിച്ചപ്പോള്‍ വ്യക്തിപരവും സംഘടനാപരവുമായ വിഷയങ്ങള്‍ അതിലേക്ക് വലിച്ചിഴക്കാതെ ഉയര്‍ന്നുനില്‍ക്കാന്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുവെന്നത് അഭിനന്ദിക്കപ്പെടേണ്ടതാണ്. എളമരം കരീമിന് വോട്ടുചെയ്യുന്നില്ല എന്ന് പ്രവര്‍ത്തകര്‍ക്ക് പറയാമായിരുന്നു. സമരം നടന്ന കിനാലൂരും കക്കോടിയും ഉള്‍പ്പെടുന്ന എലത്തൂര്‍ മണ്ഡലത്തിലും മഹാഭൂരിപക്ഷം പ്രവര്‍ത്തകരും ഇടതുപക്ഷത്തെ പിന്തുണക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. ഏതാനും ആളുകള്‍ക്ക് വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകാമെങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് തീരുമാനമെടുക്കുക എന്നതാണല്ലോ ജനാധിപത്യ സ്വഭാവമുള്ള ഒരു പ്രസ്ഥാനത്തിന്റെ രീതി. അതാണ് ജമാഅത്ത് ചെയ്തിട്ടുള്ളത്.
 
പ്രസ്ഥാന പ്രവര്‍ത്തകരുടെ പ്രത്യുല്‍പന്നമതിത്വത്തെയാണ് ഇത് അടയാളപ്പെടുന്നത്. സമൂഹത്തിന് മൊത്തം ഉപകാരപ്പെടുന്ന പൊതുവായ നന്മകളെയാണ്, ഇടക്കാലത്ത് ആരെങ്കിലും സംഘടനയോട് കാണിച്ച ശത്രുതയെ അല്ല ആദര്‍ശപ്രചോദിതരായ ഒരു സംഘം നയരൂപവത്കരണത്തില്‍ പരിഗണിക്കേണ്ടത് എന്ന് ജമാഅത്ത് പ്രവര്‍ത്തകര്‍ തെളിയിച്ചിരിക്കുന്നു. ഇങ്ങനെയൊരു ഔന്നത്യം അവകാശപ്പെടാന്‍ മറ്റാര്‍ക്കാണ് സാധിക്കുക!
 
ഹിറാസെന്ററില്‍ നടന്ന പോലീസ് പരിശോധനയാണ് മറ്റൊന്ന്. എല്‍.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന് ഏതാനും ആഴ്ചകള്‍ക്കകമാണ് ആ സംഭവം നടന്നത്. എന്നിട്ടും എന്തിനാണ് ഇടതുപക്ഷത്തിന് ജമാഅത്ത് വോട്ട് ചെയ്തത് എന്നാണ് ചിലര്‍ സംശയിക്കുന്നത്. സംഭവത്തിന് ഏതാനും മാസങ്ങള്‍ക്കകം വന്ന തിരുവമ്പാടി ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്ത് ഇടതുസ്ഥാനാര്‍ഥിയെയാണ് പിന്തുണച്ചത്. അത് ശരിയായിരുന്നുവെന്നും നമുക്കറിയാം. ഇടതുസ്ഥാനാര്‍ഥിയാണ് അന്ന് അവിടെ വിജയിച്ചത്. ഒരു ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന് ഏതാനും ആഴ്ചകള്‍ക്കകം നടന്ന ആ സംഭവം ഗവണ്‍മെന്റോ അവരുടെ പാര്‍ട്ടിയോ ആലോചിച്ച് എടുത്ത തീരുമാനമായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. അത് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ചില ഉദ്യോഗസ്ഥര്‍ അവരുടെ ധാരണവെച്ച് ചെയ്തതാകാം.
 
ഇടതുപക്ഷത്തിന് 124 മണ്ഡലങ്ങളില്‍ പിന്തുണ കൊടുത്തതിന്റെ പേരില്‍ ജമാഅത്തില്‍ കടുത്ത ആശയക്കുഴപ്പവും ആഭ്യന്തര ഭിന്നതയും ഉണ്ടെന്നാണ് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. തീര്‍ത്തും അസ്ഥാനത്താണ് ഈ ധാരണ. രാഷ്ട്രീയ പാര്‍ട്ടികളുടെയും ചില സാമ്പ്രദായിക മതസംഘടനകളുടെയും സ്വഭാവ രീതികള്‍ വെച്ച് ജമാഅത്തിനെ വിലയിരുത്തുന്നത് വിഡ്ഢിത്തമാണ്. നയരൂപവത്കരണത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെട്ട ശേഷം ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ പ്രസ്ഥാനം ഒറ്റക്കെട്ടായി അത് നടപ്പിലാക്കുകയാണ് ചെയ്യുക.
 
 
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിലും പിന്നീട് വന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും (20ല്‍ 18) ജമാഅത്ത് പിന്തുണച്ചത് ഇടതുപക്ഷത്തെയായിരുന്നു. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില്ലറ മാറ്റങ്ങളോടെ അത് ആവര്‍ത്തിച്ചിരിക്കുന്നു. ഇങ്ങനെ തുടരെത്തുടരെ ഇടതുപക്ഷത്തെ പിന്തുണക്കുന്ന സംഘടന അവരോടുള്ള വിധേയത്വം പ്രകടിപ്പിക്കുകയല്ലേ?
 
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും എല്‍.ഡി.എഫിനെ പിന്തുണക്കുമ്പോള്‍ തന്നെ ജമാഅത്തെ ഇസ്ലാമി ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷത്തിന്റെ എല്ലാ നയങ്ങളെയും നൂറുശതമാനം ജമാഅത്ത് അംഗീകരിച്ചുകൊള്ളണമെന്നില്ല. അവരുടെ നയവൈകല്യങ്ങളെ രൂക്ഷമായി വിമര്‍ശിക്കാനുള്ള അവകാശം നിലനിര്‍ത്തിക്കൊണ്ടാണ് അവരെ പിന്തുണക്കുന്നത്. അത് വെറുമൊരു വര്‍ത്തമാനമായിരുന്നില്ല. എല്‍.ഡി.എഫ് ഭരണത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ നയവൈകല്യങ്ങളെ നിശിതമായി എതിര്‍ത്തിട്ടുണ്ട് ജമാഅത്ത്.
 
സി.പി.എം നേതൃത്വത്തിന്റെ വിമര്‍ശനം ഭയന്നുകൊണ്ടോ ഇടതു ഗവണ്‍മെന്റിന്റെ ശത്രുതയുണ്ടാകും എന്ന് ആശങ്കപ്പെട്ടുകൊണ്ടോ അവരുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ഒരിക്കലും ജമാഅത്തും അതിന്റെ പോഷക സംഘടനകളും മൌനം അവലംബിച്ചിട്ടില്ല. കിനാലൂര്‍, ചെങ്ങറ തുടങ്ങിയ സംഭവങ്ങള്‍ ജമാഅത്തിന് ഇടതുപക്ഷവുമായി ഒരു തരത്തിലുമുള്ള വിധേയത്വവുമില്ല എന്നതിന്റെ തെളിവുകളാണ്.
 
 
വലതുപക്ഷ ധാരയോട് ചേര്‍ന്നുകൊണ്ടുമാത്രമേ മുസ്ലിംകള്‍ക്ക് രാഷ്ട്രീയമാകാവൂ എന്ന ധാരണ ശരിയാണോ?
 
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വലതുപക്ഷധാരയോട് ചേര്‍ന്നുകൊണ്ടുമാത്രമേ മുസ്ലിംകള്‍ക്ക് രാഷ്ട്രീയമുള്ളൂ എന്ന തെറ്റിദ്ധാരണ പരത്താന്‍ മുസ്ലിംലീഗ് ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലിം സമൂഹം വലിയ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നത് ഇക്കാരണം കൊണ്ടുകൂടിയാണ്. വളരെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ആണത്തത്തോടെ എഴുന്നേറ്റ് നിന്ന് വര്‍ത്തമാനം പറയാന്‍ മുസ്ലിം ലീഗിന് സാധിക്കാതിരുന്നത്, കോണ്‍ഗ്രസിന് വിധേയപ്പെട്ടുകൊണ്ടുമാത്രമേ മുസ്ലിം രാഷ്ട്രീയത്തിന് മുന്നോട്ട് പോകാനാകൂ എന്ന തെറ്റായ കാഴ്ചപ്പാട് കാരണമാണ്. മുസ്ലിം സമുദായത്തിന് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് വിധേയത്വത്തിന്റേതല്ലാത്ത വഴികളുമുണ്ട്. സ്വതന്ത്രമായി രാഷ്ട്രീയ നിലപാടെടുത്ത് മുന്നോട്ട് പോവുക എന്നതാണ് അതിലൊന്ന്. അങ്ങനെ അസ്തിത്വം തെളിയിക്കാം. രണ്ടാമത്തെ വഴി, കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ കൂട്ടായ്മകളുമായി സഹകരിച്ചു മുന്നോട്ടു പോവുക എന്നതാണ്. ഇത് മുസ്ലിം സമൂഹം പലപ്പോഴായി സ്വീകരിച്ചിട്ടുമുണ്ട്.
 
കോണ്‍ഗ്രസിനോടൊപ്പം മാത്രമേ മുസ്ലിം രാഷ്ട്രീയത്തിന് നിലനില്‍പുള്ളൂ എന്ന് വരുന്നതോടെ, മുസ്ലിം സമുദായത്തിന് വിലപേശാനുള്ള ശക്തി നഷ്ടപ്പെടുകയാണ്. മുസ്ലിം സമുദായത്തെ കോണ്‍ഗ്രസ് അവഗണിക്കുന്നത് അക്കാരണത്താലാണ്. സച്ചാര്‍ സമിതി റിപ്പോര്‍ട്ടിലെ പിന്നാക്കാവസ്ഥ മുതല്‍ ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ കോണ്‍ഗ്രസിലെ ചില മുസ്ലിം നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതുവരെ അതിന്റെ ഉദാഹരണങ്ങളാണ്.
 
മുസ്ലിം ലീഗിന്റെ തന്നെ കാര്യമെടുക്കുക. കേരളത്തില്‍ 20 പാര്‍ലമെന്റ് സീറ്റുകളാണ് ഉള്ളത്. ഇതില്‍ 2 സീറ്റ് ലീഗിന് വളരെ മുമ്പു മുതല്‍ കോണ്‍ഗ്രസ് കൊടുക്കുന്നുണ്ട്. ലീഗിന് ലഭിക്കുന്ന രണ്ട് ലോക്സഭാ സീറ്റുകളുടെ പ്രത്യേകത, ലീഗ് ഒറ്റക്ക് മത്സരിച്ചാല്‍ പോലും ഈ സീറ്റുകളില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിക്കും എന്നതാണ്. എങ്കില്‍ ബാക്കി 18 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് മുസ്ലിംകള്‍ വോട്ടു ചെയ്യുന്നതിന് പകരമായി അര്‍ഹതപ്പെട്ടത് മുസ്ലിം സമുദായത്തിന് കോണ്‍ഗ്രസ് നല്‍കുന്നുണ്ടോ? ഇത് ചിന്തിക്കാനോ, അര്‍ഹമായത് നേടിയെടുക്കാനോ ഇതുവരെ മുസ്ലിം ലീഗിന് സാധിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ വിജയത്തിന് ലീഗ് വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിരീക്ഷിച്ചാല്‍ അറിയാം, മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഉള്ളിടത്ത് അവര്‍ കഠിനാധ്വാനം ചെയ്ത് വോട്ടുണ്ടാക്കുന്നു. ബാക്കി സ്ഥലങ്ങളില്‍ പലതരം താല്‍പര്യക്കാരെയും കോര്‍പറേറ്റുകളെയും മാഫിയകളെയും മാധ്യമങ്ങളെയും കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് വോട്ട് പിടിക്കുന്നത്. പ്രവര്‍ത്തകരെ രംഗത്തിറക്കി ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയാത്തവിധം കോണ്‍ഗ്രസ് അടിത്തട്ടില്‍ ദുര്‍ബലമായിരിക്കുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് വേണ്ടി കഠിനാധ്വാനം ചെയ്തിട്ടും, അര്‍ഹമായത് കിട്ടാന്‍ കോണ്‍ഗ്രസിനു മുമ്പില്‍ ഒന്ന് വിലപേശാന്‍ പോലും മുസ്ലിം ലീഗിന് കഴിയുന്നില്ല.
 
ഈയൊരു പശ്ചാത്തലത്തില്‍ കേരളത്തിലെ മുസ്ലിംകള്‍ വിചാരിക്കേണ്ടതില്ല, കോണ്‍ഗ്രസിനോടൊപ്പം മാത്രമേ അവര്‍ക്കൊരു വഴിയുള്ളൂവെന്ന്. കോണ്‍ഗ്രസിനോടൊപ്പമുള്ള രാഷ്ട്രീയം പൂര്‍ണമായും അബദ്ധമാണെന്നോ തീര്‍ത്തും തെറ്റാണെന്നോ എനിക്ക് വാദമില്ല. എന്നാല്‍, കോണ്‍ഗ്രസിന് വിധേയപ്പെട്ട് സ്വന്തം അസ്തിത്വം അടിയറവെക്കുന്ന മുസ്ലിം രാഷ്ട്രീയം മാറേണ്ടതുണ്ട്. കോണ്‍ഗ്രസിനോടൊപ്പമല്ലാതെയും മുസ്ലിംകള്‍ക്ക് രാഷ്ട്രീയത്തില്‍ വഴികളുണ്ട് എന്ന കാര്യം മുസ്ലിം സമൂഹം ഗൌരവത്തില്‍ കാണേണ്ടതുണ്ട്. കോണ്‍ഗ്രസിതര രാഷ്ട്രീയ വഴികള്‍ തെരഞ്ഞെടുക്കാന്‍ ഏതെങ്കിലും മുസ്ലിം വിഭാഗങ്ങള്‍ രംഗത്തു വരുന്നുണ്ടെങ്കില്‍, അതിന്റെ ഗുണങ്ങളും നേട്ടങ്ങളും തിരിച്ചറിയാനും മുസ്ലിംകള്‍ക്ക് സാധിക്കണം.
 
 
മുസ്ലിം സമുദായത്തെ വോട്ടു ബാങ്കായി മാത്രം ചിലര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അധികാരം ലഭിക്കാന്‍ സമുദായത്തെ കൂടെ നിര്‍ത്തുകയും ലഭിച്ചു കഴിഞ്ഞാല്‍ അവഗണിക്കുകയും ചെയ്യുന്നത് വേണ്ടവിധം സമുദായം തിരിച്ചറിഞ്ഞിട്ടുണ്ടോ?
 
അധികാരത്തിലേക്ക് എത്താനുള്ള ചവിട്ടു പടിയായി മുസ്ലിംകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്താറുണ്ട്. അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ അവര്‍ മുസ്ലിംകളെ പുറംകാലു കൊണ്ട് തട്ടിക്കളയുന്നു. പശ്ചിമ ബംഗാള്‍ അതിന്റെ ഉദാഹരണമാണ്. അവിടെ കഴിഞ്ഞ ഒന്നു രണ്ട് തെരഞ്ഞെടുപ്പുകളില്‍ മമതാ ബാനര്‍ജി വളരെ ഉദാരമായ സമീപനമാണ് മുസ്ലിംകളോട് സ്വീകരിച്ചത്. അതുവഴി മുസ്ലിം പിന്തുണയോടെ രാഷ്ട്രീയ മുന്നേറ്റം നടത്താനും സ്വാധീനമുറപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. പക്ഷേ, ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍, അധികാരത്തില്‍ വരും എന്ന് ഏതാണ്ട് ഉറപ്പായപ്പോള്‍ മുസ്ലിം സംഘടനകളോടും നേതാക്കളോടും സംസാരിക്കാന്‍ പോലും മമത തയാറായില്ല. അതേ സമീപനമായിരുന്നു സി.പി.എമ്മും അവിടെ മുസ്ലിംകളോട് സ്വീകരിച്ചിരുന്നത്. അതിനാല്‍ മനംനൊന്ത് കൊണ്ടാണ് മമതാ ബാനര്‍ജിക്ക് കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം സംഘടനകള്‍ പിന്തുണ നല്‍കിയത്. അതിന്റെ ഫലം മമത അനുഭവിച്ചു. പക്ഷേ, ഇപ്പോള്‍ ചെയ്യുന്നത് മുസ്ലിംകളെ അവഗണിക്കുകയാണ്. ഇത് കോണ്‍ഗ്രസ്സിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നതാണ്. ഈ അനുഭവത്തെ മുസ്ലിം സമുദായം വളരെ ഗൌരവത്തില്‍ വിലയിരുത്തേണ്ടതുണ്ട്.
 
 
കേരളത്തിലേക്ക് വരുമ്പോള്‍ ഉള്ള അനുഭവങ്ങള്‍ എന്താണ്?
 
കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണി ദയനീയമായി പരാജയപ്പെട്ടതിനു ശേഷം രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എം.ഐ ഷാനവാസ് തുടങ്ങിയവര്‍ ജമാഅത്ത് നേതൃത്വവുമായി വിശദമായ സംഭാഷണം നടത്തുകയുണ്ടായി. എറണാകുളത്തുവെച്ചായിരുന്നു ആ കൂടിക്കാഴ്ച. ആ സംഭാഷണത്തില്‍ അവര്‍ പറഞ്ഞത്, 'മുസ്ലിം സമുദായത്തില്‍ മുസ്ലിം ലീഗിനോട് മാത്രമല്ല ഇതര മുസ്ലിം സംഘടനകളോടും കോണ്‍ഗ്രസ് സംസാരിക്കേണ്ടതുണ്ട് എന്ന പാഠമാണ് ഈ തെരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്' എന്നായിരുന്നു. അന്ന് ചര്‍ച്ചയുടെ അവസാനം അവര്‍ പറഞ്ഞത്, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അവിടത്തെ മുസ്ലിം സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസിന് ഉറപ്പാക്കാന്‍ ജമാഅത്ത് മുന്‍കൈയെടുക്കണം എന്നായിരുന്നു. ജമാഅത്തിന്റെ നയസമീപനവുമായി വളരെ അടുത്ത് നില്‍ക്കുന്ന ഒരു വിഷയമാണിത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയെന്നത് ജമാഅത്തിന്റെ നയമാണ്. അതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആവശ്യം അംഗീകരിക്കാന്‍ ജമാഅത്ത് താല്‍പര്യം പ്രകടിപ്പിച്ചു. തദടിസ്ഥാനത്തില്‍ കര്‍ണാടകയിലെ മുസ്ലിം നേതൃത്വവുമായും ജമാഅത്ത് നേതാക്കളുമായും സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവസരമുണ്ടാക്കാം എന്ന ധാരണയോടെയാണ് അന്ന് ഞങ്ങള്‍ പിരിഞ്ഞത്. പിന്നീട് അത്തരം ഒരു മുന്‍കൈയും കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. എന്തുകൊണ്ട് കോണ്‍ഗ്രസ് അതിന് മുതിര്‍ന്നില്ല എന്ന് അന്വേഷിച്ചിരുന്നു. കര്‍ണാടകയിലെ മുസ്ലിംകള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യാന്‍ ബാധ്യസ്ഥരാണ്. അതുകൊണ്ട് മുസ്ലിംകളോട് അങ്ങോട്ട് സംസാരിച്ച് കോണ്‍ഗ്രസ് ഒരു ബാധ്യത ഉണ്ടാക്കി വെക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം നേതാക്കളുമായി സംഭാഷണം നടത്താതിരുന്നത് എന്ന മറുപടിയാണ് ലഭിച്ചത്. കോണ്‍ഗ്രസ്സും ബി.ജെ.പിയും മത്സരിക്കുമ്പോള്‍ മുസ്ലിംകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തുകൊള്ളും, അതവരുടെ ബാധ്യതയാണ് എന്നാണ് കോണ്‍ഗ്രസ് കരുതിയത്. ഈ രാജ്യത്ത് ജീവിക്കുന്ന രാഷ്ട്രീയ സ്വത്വമുള്ള ഒരു വിഭാഗമായോ, തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടേണ്ട സമൂഹമായോ മുസ്ലിംകളെ കോണ്‍ഗ്രസ് കാണുന്നില്ല എന്നതാണ് സത്യം.
 
 
ജമാഅത്തുമായി നടത്തിയ രാഷ്ട്രീയ ചര്‍ച്ചകളെ കേരളത്തില്‍ ചിലര്‍ നിഷേധിക്കുകയുണ്ടായി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം നിലപാടുകളെക്കുറിച്ച്?
 
കേരളത്തില്‍ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസ്ഥാനത്തിന്റെ പേര് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും വിവാദങ്ങളുയരുകയും ചെയ്ത കാലം കൂടിയാണ് കഴിഞ്ഞു പോയത്. ജമാഅത്തുമായുളള ചര്‍ച്ചയെ വിവാദമാക്കാനും ഭീകരവല്‍ക്കരിക്കാനും ചിലര്‍ ശ്രമിച്ചു. രാഷ്ട്രീയ തീരുമാനങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ രാജ്യത്തെ ഏതാണ്ടെല്ലാം രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രസ്ഥാനങ്ങളുമായും ജമാഅത്ത് സംസാരിക്കാറുണ്ട്. ജമാഅത്തുമായി ചര്‍ച്ച നടത്തിയില്ല എന്ന് നെഞ്ചത്ത് കൈവെച്ച് പറയാന്‍ പറ്റുന്ന ഒരു പ്രസ്ഥാനവും ഈ രാജ്യത്തുണ്ടാവില്ല. പക്ഷേ, നമ്മുടെ രാഷ്ട്രീയക്കാര്‍ തികഞ്ഞ ആത്മവഞ്ചനയോടെയാണ് ഈ വിഷയം സംസാരിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി അവര്‍ കളവ് പറയും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കും, വര്‍ഗീയവികാരം ഉയര്‍ത്തുന്നതില്‍ പോലും അവര്‍ക്ക് മടിയില്ല. എന്നുവെച്ച്, ജമാഅത്ത് ദൌത്യത്തില്‍ നിന്ന് പിന്നോട്ട് പോവില്ല. നമ്മെ ഒറ്റപ്പെടുത്താനും ആക്രമിക്കാനും പലരും മുതിരും. അങ്ങനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നവര്‍ തന്നെ പല തവണ പല വിഷയങ്ങളില്‍ ജമാഅത്തിന്റെ സഹായം കെഞ്ചിയവരുമാണ്. ജമാഅത്തിന്റെ രാഷ്ട്രീയ മാന്യത കൊണ്ടാണ് നാമത് അങ്ങാടിപ്പാട്ടാക്കാത്തത്. ഇന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ തലതാഴ്ത്തി തിരിച്ചുവരുമെന്നും നമുക്കറിയാം. 'ആ ദിനങ്ങള്‍ നാം ജനങ്ങള്‍ക്കിടയില്‍ മാറിമാറി കൊണ്ടുവരും' എന്നാണല്ലോ വിശുദ്ധ വേദഗ്രന്ഥം പഠിപ്പിക്കുന്നത്. അതിനാല്‍ പുറത്ത് നടക്കുന്ന ബഹളങ്ങള്‍ പ്രസ്ഥാനത്തെ നിരാശപ്പെടുത്തുകയില്ല.
 
 
ഇടതുപക്ഷത്തിന് പിന്തുണ നല്‍കാനുള്ള തീരുമാനത്തോട് വിയോജിച്ച് നേതൃത്വത്തില്‍ നിന്ന് രാജിവെച്ച സംഭവമുണ്ടായല്ലോ?
 
അസംബ്ളി തെരഞ്ഞെടുപ്പിലെ നിലപാടിനോട്, അത് പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പ് തന്നെ, വിയോജിപ്പ് പറഞ്ഞാണ് ഒരു സഹോദരന്‍ പടിയിറങ്ങിപ്പോയത്. തന്റെ അഭിപ്രായം സംഘടന സ്വീകരിച്ചില്ല എന്നാണ് ഇറങ്ങിപ്പോക്കിന് കാരണമായി അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഓരോ ആളും അയാളുടെ അഭിപ്രായം തന്നെയാണ് ശരി എന്ന് വിശ്വസിക്കുകയും അതിനെ സംഘടന സ്വീകരിക്കാതിരിക്കുമ്പോള്‍ ഇറങ്ങിപ്പോവുകയും ചെയ്യുകയാണെങ്കില്‍ ലോകത്ത് ഒരു സംഘടനക്കും നിലനില്‍ക്കാന്‍ സാധ്യമല്ല. അഭിപ്രായ വൈവിധ്യങ്ങളുള്ള വ്യക്തികള്‍ ചേര്‍ന്നതാണ് സംഘടന. ഈ വൈവിധ്യങ്ങളെ പരസ്പരം ആദരിച്ചും പരിഗണിച്ചും വിശകലനം ചെയ്തും സന്തുലിതമായ ഒരു നിലപാടിലെത്തുമ്പോഴാണ് സംഘടനയുണ്ടാവുന്നത് തന്നെ. തന്റെ അഭിപ്രായത്തെ സംഘടന സ്വീകരിക്കാതിരിക്കുമ്പോള്‍ പത്രസമ്മേളനം വിളിക്കാന്‍ നിന്നാല്‍ ഓരോരുത്തരും ദിവസേന നിരവധി തവണ പത്രസമ്മേളനം വിളിക്കേണ്ടി വരും. സംഘടനാ ജീവിതത്തെക്കുറിച്ച് പൊതുവെയും ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാ സംസ്കാരത്തെക്കുറിച്ച് സവിശേഷമായും ഉണ്ടായിരിക്കേണ്ട വളരെ പ്രാഥമികമായ പാഠം ഒട്ടുമേ ഗ്രഹിക്കാത്തതുകൊണ്ടോ മറ്റു ചില താല്‍പര്യങ്ങള്‍ കൊണ്ടോ ആയിരിക്കാം അങ്ങനെ ചെയ്തത്.
 
ആളുകള്‍ പടിയിറങ്ങിപ്പോവുകയെന്നത് ഈ പ്രസ്ഥാനത്തില്‍ ആദ്യമല്ല. മഹാന്മാരായിട്ടുള്ള പലരും അങ്ങിനെ ചെയ്തിട്ടുണ്ട്. വിശ്വപ്രസിദ്ധനായ അബുല്‍ ഹസന്‍ അലി നദ്വി, മൌലാനാ അമീന്‍ അഹ്സന്‍ ഇസ്ലാഹി, മൌലാനാ ശംസ് പീര്‍സാദ, മൌലാനാ സിയാവുര്‍റഹ്മാന്‍, മൌലാനാ വഹീദുദ്ദീന്‍ ഖാന്‍ തുടങ്ങിയ പര്‍വതസമാനമായ വ്യക്തിത്വത്തിനും സാഗരസമാനമായ പാണ്ഡിത്യത്തിനും ഉടമകളായ ആളുകള്‍ ഈ പ്രസ്ഥാനത്തില്‍ നിന്ന് ഇടക്ക് വെച്ച് പിരിഞ്ഞുപോയവരാണ്. നമുക്കിടയിലെ ഒരു സാധാരണക്കാരനെ ആ മഹാന്മാരോട് താരതമ്യം ചെയ്യുന്നത് പ്രസക്തമല്ല. എന്നാലും ഒരു കാര്യം നാം ചിന്തിക്കേണ്ടതുണ്ട്. നാം പറഞ്ഞ നേതാക്കളും പ്രസ്ഥാനവും തമ്മില്‍ എല്ലാകാലവും അനിതര സാധാരണമായ സ്നേഹബന്ധം നിലനിന്നിരുന്നു. പ്രസ്ഥാനത്തോട് വിയോജിക്കവെ തന്നെ അവര്‍ പ്രസ്ഥാനത്തെ സ്നേഹിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്കാവും വിധം താങ്ങ് നല്‍കിയിരുന്നു. വൈജ്ഞാനികവും നിലപാടുപരവുമായ വിയോജിപ്പുകള്‍ ഉണ്ടായിരിക്കെത്തന്നെ അവര്‍ക്ക് തരിമ്പും ശത്രുതയുണ്ടായിരുന്നില്ല. അവരാരും വിയോജിപ്പുകള്‍ വിളിച്ചു പറയാന്‍ പത്രസമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നില്ല. ആ അര്‍ഥത്തില്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞയാഴ്ച പിരിഞ്ഞു പോയ സഹോദരന്റെ കാര്യം പ്രസ്ഥാന ചരിത്രത്തിലെ അപൂര്‍വമായ ഒരു അനുഭവമാണ്. ഏറ്റവും താഴെക്കിടയിലുള്ള ഒരു സാധാരണ പ്രവര്‍ത്തകനുണ്ടാവേണ്ട സാമാന്യമായ ഔചിത്യബോധത്തിന്റെ കണികാംശം പോലും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ബോഡിയില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്കുണ്ടായില്ല എന്നത് ഗൌരവമായി നാം എടുക്കുന്നുണ്ട്. ആശയപരമോ നിലപാടുപരമോ ആയ വിയോജിപ്പുകളല്ല; മറിച്ച വ്യക്തിപരമായ ചില കാര്യങ്ങളായിരുന്നു അതിന് പിന്നിലെന്നതാണ് യാഥാര്‍ഥ്യം. നമ്മുടെ പ്രസ്ഥാനം വ്യക്തികളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കാണിക്കുന്ന കണിശതയെ ആ സഹോദരന്‍ ചൂഷണം ചെയ്തുവെന്ന് മാത്രം. കാര്യങ്ങള്‍ ഇങ്ങിനെയെങ്കില്‍, അത്തരമൊരാള്‍ എങ്ങിനെ പ്രസ്ഥാനത്തിന്റെ നേതൃഘടനയില്‍ എത്തി എന്ന് സ്വാഭാവികമായും ചോദ്യമുയരും. വളരെ പ്രസക്തമായ ചോദ്യമാണത്. തീര്‍ച്ചയായും പ്രസ്ഥാനം ആ വശങ്ങള്‍ ഗൌരവത്തില്‍ വിശകലനം ചെയ്യും. ആവശ്യമായ നടപടികള്‍ എടുക്കേണ്ടതുണ്ടെങ്കില്‍ എടുക്കുകയും ചെയ്യും.
 
 
ഇസ്ലാമിക പ്രവര്‍ത്തന രംഗത്ത് ആവശ്യം വേണ്ട ഗുണങ്ങള്‍ ചിലപ്പോള്‍ വ്യക്തികളില്‍നിന്ന് ചോര്‍ന്നു പോകാമല്ലോ?
 
പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ഥത (ഇഖ്ലാസ്വ്) ഏറ്റവും പ്രധാനമാണ്. 'കര്‍മങ്ങള്‍ ഉദ്ദേശ്യമനുസരിച്ച് മാത്രമാണ്' എന്ന നബിവചനം ഇമാം ബുഖാരി തന്റെ ഹദീസ് സമാഹാരത്തിന്റെ തുടക്കത്തില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്. നിയ്യത്ത് അഥവാ ഉദ്ദേശ്യം ഓരോ വ്യക്തിയുടെയും ഉള്ളിലുള്ളതും അവര്‍ക്കും അല്ലാഹുവിനും മാത്രമറിയാവുന്നതുമാണ്. മറ്റൊരാള്‍ക്ക് അറിയാനോ കണക്കു കൂട്ടാനോ പറ്റുന്നതല്ല അത്. ആളുകള്‍ക്ക് അതില്‍ വീഴ്ചകളുണ്ടാകാം. ഈമാനില്‍ തന്നെ ഏറ്റക്കുറച്ചിലുകളുണ്ടാകാം. ഒരിക്കല്‍ മനസ്സില്‍ ഈമാന്‍ നിറഞ്ഞുനിന്നയാള്‍ക്ക് പിന്നീട് ഈമാന്‍ ദുര്‍ബലമാവുകയോ നഷ്ടപ്പെടുകയോ ചെയ്തേക്കാം. ഈമാന്‍ മനസ്സില്‍ നിന്ന് പടിയിറങ്ങി പോയാലും ആളുകള്‍ അവരുടെ സ്വഭാവത്തിലും പ്രവര്‍ത്തനങ്ങളിലും പ്രത്യക്ഷത്തില്‍ മാറ്റം വരുത്തിക്കൊള്ളണമെന്നില്ല. അവര്‍ ഈമാനില്ലാതെ തന്നെ ഇബാദത്തുകള്‍ അനുഷ്ഠിക്കുകയും ദീനീ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തേക്കാം. ചിലര്‍ക്ക് സദാചാര രംഗത്ത് വലിയ വീഴ്ചകള്‍ സംഭവിക്കും. അങ്ങനെയുള്ളവര്‍ വലിയ ആത്മനിന്ദയിലകപ്പെടുകയും ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള പ്രസ്ഥാനത്തിന്റെ ഉയര്‍ന്ന ധാര്‍മികതയില്‍ നില്‍ക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കി സംഘടന വിടുകയും ചെയ്യാം. മറ്റു ചിലര്‍ക്ക് വലിയ സാമ്പത്തിക പിഴവുകളും അരുതായ്മകളും ജീവിതത്തില്‍ സംഭവിക്കാം. അത് പിടിക്കപ്പെടുകയും നടപടികളുണ്ടാവുകയും ചെയ്യുമെന്ന് മുന്‍കൂട്ടി കണ്ട് രാജി പ്രഖ്യാപിച്ച് പോകാം. ഈ സാധ്യതകളെല്ലാം ചരിത്രത്തില്‍ ഇസ്ലാമിക സമൂഹത്തിനകത്ത് ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍, ജനങ്ങള്‍ക്ക് മുമ്പില്‍ കാര്യങ്ങള്‍ എങ്ങനെ അവതരിപ്പിച്ചാലും അല്ലാഹുവിന് എല്ലാ രഹസ്യങ്ങളും അറിയാമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എന്ത് മറുപടി പറഞ്ഞാലും നാളെ അല്ലാഹുവിന്റെ കോടതിയിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ടെന്ന ബോധവും നമുക്ക് എല്ലാവര്‍ക്കും എപ്പോഴും ഉണ്ടാവേണ്ടതുണ്ട്.

LinkWithin

Related Posts Plugin for WordPress, Blogger...