Thursday, August 26, 2010

മാനവസ്‌നേഹത്തിന്റെ ഉള്‍ക്കണ്ണുമായി 'വിഷന്‍ 2016' അഞ്ചാം വര്‍ഷത്തിലേക്ക്

വൃത്തിഹീനമായ ഗല്ലികളില്‍ ഒരു നേരത്തെ അന്നത്തിനും ശുദ്ധമായ കുടിവെള്ളത്തിന് പോലും മാര്‍ഗം കാണാതെ മുണ്ടുമുറുക്കിയുടുത്ത്, ദൈവം നല്‍കിയ ജീവിതം തള്ളിനീക്കുന്ന പട്ടിണി പേക്കോലങ്ങള്‍. സര്‍ക്കാര്‍ ഔദാര്യമായി അനുവദിക്കുന്ന 300 ഗ്രാം റേഷനരിയില്‍ ഒരു വലിയ കുടുംബത്തിന്റെ പാതി വയര്‍ നിറക്കാന്‍ പോലും പാടുപെടുന്നവര്‍. നാണം മറക്കാന്‍ ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍. വിദ്യാലയങ്ങളുടെ പടി കയറാന്‍ ഭാഗ്യം ലഭിക്കാത്ത കുരുന്നുകള്‍. മാനത്തിന് വിശപ്പിനേക്കാള്‍ വിലയില്ലെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്ന അമ്മമാര്‍. ആരൊക്കെയോ ചെയ്തുവെച്ച തെറ്റിന്റെ പേരില്‍ ഇടക്കിടെ ആവര്‍ത്തിക്കുന്ന വര്‍ഗീയ കലാപങ്ങളില്‍, പാതയോരങ്ങളിലും പുറമ്പോക്കുകളിലും കീറച്ചാക്കും കാര്‍ഡ് ബോര്‍ഡുകളും വെച്ചുകെട്ടി നിര്‍മിച്ച കൂരകള്‍ പോലും തകര്‍ക്കപ്പെട്ട് അഭയാര്‍ഥികളാക്കപ്പെടുന്നവര്‍.

ഇത് ഇന്ത്യയുടെ മറ്റൊരു പരിഛേദമാണ്. സാമ്പത്തിക, ആണവ വികസനത്തിലെ മുന്‍നിര സ്ഥാനത്തിന്റെ സ്ഥിതി വിവരക്കണക്കുകള്‍ക്കപ്പുറം, ഉത്തരേന്ത്യന്‍ ഗ്രാമ വീഥികളില്‍ കണ്ട, ഒരു പൊതുപ്രവര്‍ത്തകന്റെ കണ്ണുനനയിച്ച ഇന്ത്യ. ഈ ഗല്ലികളിലും ഗ്രാമവീഥികളിലും കാലും കണ്ണും പതിഞ്ഞ ഒരാള്‍ക്ക് എങ്ങിനെ വിശ്രമിക്കാനാവുമെന്ന ഹ്യുമന്‍ വെല്‍ഫെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ സിദ്ദീഖ് ഹസന്റെ ചോദ്യം ഇന്ത്യയിലെ മനഃസാക്ഷിയുള്ള മുഴുവന്‍ മനുഷ്യരോടുമാണ്. 'വിഷന്‍ 2016' എന്ന പേരില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന സാമൂഹിക പുനരുദ്ധാരണ സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അദ്ദേഹം ദുബൈയില്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് മനസ്സുതുറക്കുന്നു. 1989ല്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട, ബീഹാറിലെ ഭഗല്‍പൂരില്‍ നടന്ന കലാപത്തിന്റെ തൊട്ടടുത്ത വര്‍ഷം അവിടം സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യയുടെ യഥാര്‍ഥമുഖം തിരിച്ചറിയുന്നത്. ആ ദുരിത, പട്ടിണിക്കാഴ്ചകള്‍ സച്ചാര്‍ കമീഷന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയതിനപ്പുറമാണെന്ന കണ്ടറിവ് മനസിലുണ്ടാക്കിയ ദുഃഖം വാക്കുകള്‍ക്കതീതമാണ്. ഏതാനും വര്‍ഷം കഴിഞ്ഞ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ നടന്നപ്പോള്‍ കണ്ട കാഴ്ച ആദ്യത്തെ സന്ദര്‍ശനത്തേക്കാള്‍ ദയനീയമായിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായ ഇന്ത്യയില്‍ ഇപ്പോഴും പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുവെന്നത് നമ്മുടെ രാജ്യത്തിന്റെ അസന്തുലിതവും അശാസ്ത്രീയവുമായ വികസനമുന്നേറ്റത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ഇപ്പോഴും 22 കോടി ജനങ്ങള്‍ പ്രതിദിനം 20 രൂപയില്‍ കുറഞ്ഞ വരുമാനമുള്ളവരാണെന്നാണ് സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ മുസ്‌ലിംകളുടെയും അധഃസ്ഥിത ജനവിഭാഗങ്ങളുടെയും അവസ്ഥ വിവിധ കമീഷനുകള്‍ ചൂണ്ടിക്കാട്ടിയതിനേക്കാള്‍ ദയനീയമാണെന്ന് സീദ്ദീഖ് ഹസന്‍ പറയുന്നു. ഈ അവസ്ഥക്ക് നേരിയ തോതിലെങ്കിലും ആശ്വാസം പകരുന്നതിനാണ് 2006ല്‍ ഹ്യുമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ 'വിഷന്‍ 2016'ന് തുടക്കമിട്ടത്. വിവിധ എന്‍.ജി.ഒകളുടെ സഹകരണത്തോടെ ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബഹുമുഖ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, നിയമ സഹായം, തൊഴിലവസര പദ്ധതികള്‍, മൈക്രോ ഫിനാന്‍സ്, റിലീഫ് പ്രവര്‍ത്തനങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ തുടക്കമിടാന്‍ വിഷന് കഴിഞ്ഞിട്ടുണ്ട്. ഉച്ചക്കഞ്ഞിക്കുവേണ്ടി മാത്രം സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളെയും വല്ലപ്പോഴും മാത്രം വന്നുപോകുന്ന അധ്യാപകരെയുമാണ് അസമിലെ ഗ്രാമങ്ങളില്‍ കണ്ടത്. ഇതിന് അറുതിയായി, അന്താരാഷ്ട്രീയ തലത്തില്‍ വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഹരിയാനയില്‍ തുടക്കമിടുന്ന യൂനിവേഴ്‌സിറ്റി പ്രോജക്ടിന് 25 ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. നൂറുകോടിയുടെ ഈ ബൃഹത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറുകയാണ്. ന്യൂദല്‍ഹി ജാമിഅ നഗറില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്‌കോളര്‍ സ്‌കൂളിന് തുടക്കമിട്ടിട്ടുണ്ട്. അസമിലെ ഗുവാഹതിയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിനും ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ റായ്ബാഗില്‍ ആരംഭിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളിന് ധനമന്ത്രി പ്രണബ് മുഖര്‍ജി ഈയിടെ തറക്കല്ലിട്ടിരുന്നു. ന്യൂദല്‍ഹിയില്‍ 13 കോടിയുടെ ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. പദ്ധതിക്ക് സര്‍ക്കാറില്‍ നിന്നും മറ്റ് സന്നദ്ധസംഘടനകളില്‍ നിന്നുമെല്ലാം മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന് പ്രഫ. സിദ്ദീഖ് ഹസന്‍ പറയുന്നു. 125ലേറെ വന്‍കിട പദ്ധതികളടങ്ങിയ വിഷന്‍ 2016, മലയാളികളടക്കമുള്ളവരുടെ പിന്തുണയോടെ നിശ്ചിത സമയത്തിനകം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Wednesday, August 25, 2010

കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷനില്‍ എസ്.ഐ.ഒവിന് ഉജ്ജ്വലവിജയം

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി യൂനിയന്‍ ഇലക്ഷനില്‍ എസ്.ഐ.ഒവിന് ഉജ്ജ്വല വിജയം. ഇക്കഴിഞ്ഞ യൂണിവേഴ്‌സിറ്റി യൂനിയന്‍ ഇലക്ഷനില്‍ 4 സ്ഥാനത്തേക്കാണ് എസ്.ഐ.ഒവിന്റെ പ്രവര്‍ത്തകര്‍ മല്‍സരിച്ചത്. സെനറ്റിലേക്ക് കൊല്ലം ജില്ലാസെക്രട്ടറിയും കാര്യവട്ടം കാമ്പസില്‍ എം.എ.അറബികിന് പഠിക്കുന്ന അഹമ്മദ് യാസിര്‍, സ്റ്റുഡന്റ്‌സ് കൗണ്‍സിലില്‍ കൊല്ലം ജില്ലാ സമിതിയഗവും തിരുവനന്തപുരം ഗവ.ബി.എഡ് കോളജിലും പഠിക്കുന്ന അനസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും അക്കൗണ്ട് കമ്മിറ്റിയിലും നാഷണല്‍ കോളജ് വിദ്യാര്‍ഥികളായ അര്‍ഷദ്, ഫാസില്‍ ഷാഹുല്‍ എന്നിവരാണ് മല്‍സരിച്ചത്. ഇതില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സിലിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും എസ്.ഐ.ഒവിന് വിജയിക്കാന്‍ കഴിഞ്ഞു. സെനറ്റില്‍ തുച്ഛമായ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എസ്.എഫ്.ഐയുടെ സംഘടനാ ഫാസിസം നിലനില്‍ക്കുന്ന യൂണിവേഴ്‌സിറ്റിയില്‍ നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് എസ്.ഐ.ഒ മല്‍സരരംഗത്ത് ഉറച്ചുനിന്നത്. എസ്.ഐ.ഒ ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ഗാത്മക രാഷ്ട്രീയത്തിന്റെ അംഗീകാരമാണ് ഈ വിജയമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.എം.സാലിഹ് പറഞ്ഞു. എസ്.ഐ.ഒവിന് വേണ്ടി മല്‍സരിച്ച സ്ഥാനാര്‍ഥികളെയും വോട്ട്‌ചെയ്ത വിദ്യാര്‍ഥികളെയും അദ്ദേഹം അഭിനന്ദിച്ചു. ഇത് എസ്.ഐ.ഒവിന്റെ ചരിത്രത്തിലെ തന്നെ ഉജ്ജ്വലവിയമെന്ന് അദ്ദേഹം പറഞ്ഞു.

വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ സമാപിച്ച പരിപാടിയില്‍ എസ്.ഐ.ഒ കാമ്പസ് കണ്‍വീനര്‍ എസ്.സമീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ എസ്.ഐ.ഒ കാമ്പസ് സമിതി സെക്രട്ടറി സക്കീര്‍, കാമ്പസ് സമിതിയംഗം ഷിഹാബ് എന്നിവര്‍ സംസാരിച്ചു.എസ്.ഐ.ഒവിന്റെ ഈവിജയത്തെ ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി.ആരിഫലി, പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ്‌വാണിമേല്‍, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.ശഫീഖ് തുടങ്ങി വിവിധ പ്രസ്ഥാന നേതാക്കള്‍ അഭിനന്ദിച്ചു.

Saturday, August 21, 2010

തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)

തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-1



തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-2


തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-3


തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-4


തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-5


തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-6


തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-7


തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-8


തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-9


തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-10


തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-11


തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-12


Friday, August 20, 2010

അരുത് മക്കളേ, അരുത്! -പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍

മലയാള മണ്ണിന്റെ ഉപ്പും ചോറും തിന്നുവളര്‍ന്ന് കഴിഞ്ഞ ആറുപതിറ്റാണ്ടത്തെ അതിന്റെ വികാസപരിണാമങ്ങള്‍ കണ്ട ഒരു സാധാരണപൗരന്റെ ആത്മാലാപങ്ങളാണിത്. ഒരുവേള ഇനിയും മൗനം പാലിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന ചിന്തയാണ് ഈ കുറിപ്പിന് പ്രേരകം. ഇന്ത്യയുടെ ഭൂപടത്തില്‍ മലയാളമണ്ണിന്റെ സ്ഥാനം ഒന്നു വേറെത്തന്നെയായിരുന്നു. സാക്ഷരതയിലും സംസ്‌കാരത്തിലും സമുദായങ്ങള്‍ തമ്മിലെ ഇഴയടുപ്പത്തിലും രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തിന്റെയും മുന്‍പന്തിയിലായിരുന്നു നമ്മള്‍. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും ദൃശ്യമാവാത്ത ഐക്യവും സൗഹാര്‍ദവും മലയാള മണ്ണിന്റെ ഊടും പാവുമായി മാറി. ഒരേ ബെഞ്ചിലിരുന്ന് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും പഠിച്ചു. ഒരേ ജീവിതരീതി പുലര്‍ത്തി. നാനാത്വത്തിലെ ഏകത്വം നാടിന്റെ ആത്മസത്തയായി വര്‍ത്തിച്ചു. മഹത്തായ ഈ വളര്‍ച്ചയില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കുവഹിച്ചു.

ആ നല്ല നാളുകള്‍ പയ്യെപ്പയ്യെ വിടപറയുകയാണോ എന്ന ഭീതി മനസ്സിനെ വേട്ടയാടുന്നു. പവിത്രമായ നമ്മുടെ മണ്ണും വെള്ളവുമെല്ലാം വിഷമയമായി മാറിക്കഴിഞ്ഞു. കൊല്ലും കൊലയും മാഫിയാ സംസ്‌കാരവും നമ്മെ ഏതോ അധോലോകത്തിലേക്ക് നയിക്കുന്നു. ഇവിടെ കച്ചിത്തുരുമ്പായി ബാക്കിയുണ്ടായിരുന്ന മതസൗഹാര്‍ദത്തിന്റെ കടക്കലും കത്തിവീഴുകയാണോ?

ചില്ലറ നേട്ടങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയത കളിക്കുന്നത് ദുഃഖകരമെന്നേ പറയേണ്ടൂ. രാഷ്ട്രീയ എതിരാളിയെ തീവ്രവാദിയാക്കുന്ന രീതി എലിയെ കൊല്ലാന്‍ ഇല്ലം ചുടലാണ്. വി.ആര്‍. കൃഷ്ണയ്യരുടെ വാക്കുകള്‍ കടമെടുക്കട്ടെ: ബ്രിട്ടീഷുകാരുടെ കാലത്ത് രാജ്യദ്രോഹികളെന്ന് പറഞ്ഞു അവര്‍ കോണ്‍ഗ്രസുകാരെ പിടിച്ചുകൊണ്ടുപോയി. കോണ്‍ഗ്രസുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യദ്രോഹികളെന്നു പറഞ്ഞു കമ്യൂണിസ്റ്റുകാരെ പിടിച്ചുകൊണ്ടുപോയി. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നക്‌സലേറ്റുകളെന്നു പറഞ്ഞു നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന ആദിവാസികളെയും ദലിതരെയും പിടിച്ചുകൊണ്ടുപോവുകയാണ്. കോണ്‍ഗ്രസുകാരനാവുക എന്നത് ഒരുകാലത്ത് രാജ്യദ്രോഹമായിരുന്നു. കമ്യൂണിസ്റ്റുകാരനാവുക വേറൊരു കാലത്ത് രാജ്യദ്രോഹമായിരുന്നു. നക്‌സലേറ്റാവുക എന്നത് ഇന്ന് രാജ്യദ്രോഹമായിരിക്കുന്നു. എതിരാളികളെ ഒതുക്കാനുള്ള വടിയാണ് ഇന്ന് നക്‌സലിസവും തീവ്രവാദവും എന്നായത് ദുഃഖകരമാണ്. രാജഭരണകാലത്ത് രാജാവിന്റെ ഇംഗിതമായിരുന്നു നീതി. ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വശക്തികളുടെ ഇംഗിതവും. എന്നാല്‍, രാജവാഴ്ചയില്‍ നിന്നും, വിദേശാടിമത്തത്തില്‍നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു ജനകീയ ജനാധിപത്യരാജ്യമായി മാറിയ ശേഷവും, അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പോരാടുന്നവരെ രാജ്യദ്രോഹികളും തീവ്രവാദികളുമാക്കുന്ന സമ്പ്രദായം ക്രൂരമാണ്.

രാഷ്ട്രീയത്തിലെ വര്‍ഗീയത ഇന്റലിജന്‍സിലേക്കും പൊലീസിലേക്കും വ്യാപിച്ചില്ലേ? ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഹിന്ദുത്വ ഭീകരത നാടിനെ എവിടെയെത്തിച്ചുവെന്ന് നമുക്കറിയാം. രാഷ്ട്രപിതാവ് മഹാത്മജിയുടെ വധം അതിന്റെ തുടക്കമായിരുന്നു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയായിരുന്നു വരുന്ന ഘട്ടം. ഗുജറാത്തിലെ വംശഹത്യ അതിന്റെ ക്ലൈമാക്‌സായിരുന്നു. ഹിന്ദുത്വ പരീക്ഷണത്തിന്റെ മോഡി മോഡല്‍ ഗുജറാത്തില്‍ തുടങ്ങി കര്‍ണാടകയില്‍ ആവര്‍ത്തിച്ച് കേരളത്തിലേക്കും അത് പറിച്ചുനടാനുള്ള തത്രപ്പാടിലാണ് ഹിന്ദുത്വ ഭീകരര്‍. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്നിപ്പോള്‍ സെക്കുലര്‍പാര്‍ട്ടികളും രാഷ്ട്രീയ ലാഭത്തിനുവേണ്ടി വര്‍ഗീയകാര്‍ഡ് കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസായാലും ഇടതുപക്ഷമായാലും ഒന്നേ എനിക്ക് പറയാനുള്ളൂ: ഇക്കളി തീക്കളിയാണ്. ഈ പോക്ക് രാജ്യത്തെ സര്‍വനാശത്തിലേക്കാണ് നയിക്കുക. കോണ്‍ഗ്രസിലും ഇടതുപക്ഷത്തും വിവേകമതികളായ ഒരുപാട് നേതാക്കളുണ്ട്. അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയണം.

ഗുജറാത്ത് കലാപവേളയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍നിന്നെത്തിയ ഒരു സംഘം മുസ്‌ലിം ചെറുപ്പക്കാരോട്, തിരിച്ചുവരവെ വണ്ടിയില്‍നിന്നു പരിചയപ്പെടാനിടയായ ഒരു ഹിന്ദു യുവാവ് പറഞ്ഞു: കലാപത്തിന്റെ നാളുകളില്‍ മുസ്‌ലിമിനെ എവിടെ കണ്ടാലും കൊല്ലണമെന്നായിരുന്നു എന്റെ ചിന്ത. കാരണം, കലാപത്തിനു മാസങ്ങള്‍ക്കു മുമ്പേ മുസ്‌ലിംകള്‍ ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതും ബലാല്‍സംഗം ചെയ്യുന്നതുമായ നൂറുനൂറു കഥകള്‍ പത്രമാധ്യമങ്ങളിലൂടെയും കരക്കമ്പിയായും പ്രചരിച്ചത് കേട്ട് രക്തം തിളച്ചുനില്‍ക്കുകയായിരുന്നു. ഈ പ്രചരണതന്ത്രം ഇന്ന് രാജ്യത്തിന് ഒരു പൊതുമനസ്സാക്ഷി സമ്മാനിച്ചുകഴിഞ്ഞു. പാര്‍ലമെന്റ് ആക്രമണേകസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍, സുപ്രീംകോടതി പോലും ചൂണ്ടിക്കാട്ടിയ 'പൊതു മനസ്സാക്ഷി'. ഇന്ന്, ഒരു അഫ്‌സല്‍ ഗുരു മാത്രമല്ല ഓരോ മുസ്‌ലിമും പയ്യെപ്പയ്യെ ഈ പൊതു മനസ്സാക്ഷിക്കു മുമ്പില്‍ കുറ്റവാളികളാണ്; ആയിക്കൊണ്ടിരിക്കുന്നു.

മാലേഗാവ് സ്‌ഫോടനത്തില്‍ നൂറുകണക്കിന് മുസ്‌ലിംചെറുപ്പക്കാരെ, അറസ്റ്റുചെയ്ത് പരേഡ് നടത്തിയ ഡി.ഐ.ജി പ്രതികളെ തിരിച്ചറിഞ്ഞതായും അവര്‍ കുറ്റം സമ്മതിച്ചതായും പ്രഖ്യാപിച്ചു. അവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ലോക്കപ്പിലും ജയിലിലും കൊടിയ പീഡനങ്ങള്‍. ഇപ്പോള്‍ എട്ടു വര്‍ഷത്തിനുശേഷം, ഇരകളൊക്കെ ജീവച്ഛവമായി മാറിയശേഷം, മഹാരാഷ്ട്ര പൊലീസിന്റെ എ.ടി.എസ് തുറന്നു പറയുന്നു; ഹിന്ദു ഭീകരരാണ് അതു ചെയ്തതെന്ന്. മാലേഗാവില്‍ മാത്രമല്ല, നാന്ദേഡിലും ഹൈദരാബാദിലെ മക്കാ മസ്ജിദിലും രാജസ്ഥാനിലെ അജ്മീറിലും ജയ്പൂരിലും പുണെയിലും സംഝോതാ എക്‌സ്‌പ്രസിലും ബോംബുവെച്ചത് ഹിന്ദു ഭീകരരാണുപോലും. ഈ പേരില്‍ മുമ്പ് അറസ്റ്റുചെയ്യപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരും ഇപ്പോഴും ജീവച്ഛവങ്ങളായി ജയിലില്‍ കഴിയുന്നു. ഓരോ സംഭവത്തിന്റെയും തൊട്ടുടനെ പൊലീസും അധികാരികളും മീഡിയയും 'ഹുജി'യുടെയും 'സിമി'യുടെയും പേരുപറഞ്ഞ് ആഘോഷിച്ചു. 2008ല്‍ പാര്‍ലമെന്റ് അനക്‌സില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രിക്ക് പറയേണ്ടി വന്നു, 1984 ഇന്ദിരഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് സിഖ് സമുദായം നേരിട്ട സാഹചര്യമാണ് മുസ്‌ലിം സമുദായം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന്. ഇന്റലിജന്‍സും പൊലീസും മീഡിയയും ചേര്‍ന്ന് നടത്തുന്ന വേട്ടയില്‍ അധികാരികളും പങ്കുചേരുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഓര്‍ത്തുനോക്കുക. ഗുജറാത്തുകളുണ്ടാവുന്നത് ഒറ്റ രാത്രികൊണ്ടല്ല. നെടുനാളത്തെ ആസൂത്രിത പ്രചാരവേലയുടെ ആകത്തുകയായാണ്. മുമ്പേ നിലനില്‍ക്കുന്ന മുന്‍വിധികളെ ശക്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ വര്‍ഗീയ ചേരിതിരിവിന് ആക്കംകൂട്ടും. ഒറ്റപ്പെട്ട സംഭവങ്ങളെ മതത്തോടും സമുദായത്തോടും ചേര്‍ത്ത് ഭീകരതയായി അവതരിപ്പിക്കുന്ന രീതി നമ്മുടെ സംസ്ഥാനത്തും ആവര്‍ത്തിക്കുകയാണ്. ലൗജിഹാദിലും തടിയന്റവിടെ നസീറുമായും ബസ് കത്തിക്കലുമായും ബന്ധപ്പെട്ട വാര്‍ത്തകളിലും അതുതന്നെയാണ് സംഭവിച്ചത്.

തങ്ങളുടെ കൂടെ നില്‍ക്കുമ്പോള്‍ മതേതരനും ജനാധിപത്യവാദിയും എതിരാവുമ്പോള്‍ തീവ്രവാദിയുമാകുന്ന ഏര്‍പ്പാട് കൊണ്ട് ചില്ലറ രാഷ്ട്രീയ നേട്ടങ്ങളുണ്ടായേക്കാം. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കാനും വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുക്കാനും അത് അവസരമൊരുക്കും. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നേതൃത്വം ഇതിന്റെ ഭവിഷ്യത്തിനെ പറ്റി അവധാനപൂര്‍വം ആലോചിക്കണം. എലിയെ കൊല്ലാന്‍ ഇല്ലം ചുടരുത്. മഅ്ദനി നീണ്ട പത്തു കൊല്ലം ജയിലില്‍ കിടന്ന ശേഷം നിരപരാധിയെന്ന പേരില്‍ വിട്ടയക്കപ്പെട്ടയാളാണ്. ജയിലില്‍നിന്നു പുറത്തുവന്നയുടനെ തന്റെ വീഴ്ചകള്‍ ഏറ്റുപറയുകയും പുതിയ ജീവിതം നയിക്കാന്‍ അവസരം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇനിയും രോഗിയും അവശനുമായ അദ്ദേഹത്തെ വേട്ടയാടുന്നതു നീതിയല്ല. സങ്കുചിത രാഷ്ട്രീയതാല്‍പര്യങ്ങള്‍ മാറ്റിവെച്ച് മഅ്ദനിക്ക് മാനുഷികനീതി ലഭ്യമാക്കാന്‍ രാഷ്ട്രീയസംഘടനകളും പൗരസമൂഹവും മുന്നോട്ടു വരണം.

ഒരുഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടുകയും വോട്ടുവാങ്ങുകയും ചെയ്ത ഇടതുപക്ഷം ഇപ്പോള്‍ ആ സംഘടനയെ തീവ്രവാദിയാക്കി മുദ്രകുത്തുന്നത് എന്തിന്റെ പേരിലാണെന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ 70 വര്‍ഷമായി ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വര്‍ഗീയതക്കും സാമ്രാജ്യത്വ ഭീഷണിക്കുമെതിരെ പടയണി തീര്‍ക്കുന്ന മാനുഷിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. അഖിലേന്ത്യാതലത്തില്‍ ഇപ്പോഴും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും സാമ്രാജ്യത്വത്തിനെതിരെയും ഇടതുപക്ഷവും ജമാഅത്തെ ഇസ്‌ലാമിയും വേദി പങ്കിടാറുണ്ട്. യോജിച്ച നീക്കങ്ങള്‍ നടത്താറുണ്ട്. മൂന്നുവര്‍ഷം മുമ്പ് ദല്‍ഹിയിലെ എ.കെ.ജി ഭവനില്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കള്‍ ഒരുമിച്ചിരുന്ന് ഇക്കാര്യത്തില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയതാണ്. അതില്‍ പങ്കെടുത്തയാളെന്ന നിലക്ക് മാര്‍ക്‌സിസ്റ്റ്‌നേതൃത്വവും ഇടതുപക്ഷവും കേരളത്തില്‍ ഇപ്പോള്‍ എടുത്ത നിലപാട് പുനരാലോചനക്ക് വിധേയമാക്കണമെന്ന് ഞാന്‍ ശക്തിയായി ആവശ്യപ്പെടുന്നു. പണ്ടുകാലത്ത് മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ജമാഅത്തെ ഇസ്‌ലാമിക്കെതിരെ എഴുതിയതും പറഞ്ഞതും സംബന്ധിച്ച് പോളിറ്റ് ബ്യൂറോ മെംബര്‍ എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞത് അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ എന്നാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനു മുമ്പത്തെ തെരഞ്ഞെടുപ്പിലും യു.പി.എ ഗവണ്‍മെന്റിനെ അധികാരത്തിലേറ്റിയതില്‍ മുസ്‌ലിംവോട്ടുകള്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. എല്ലാ കോണ്‍ഗ്രസുകാരും സമ്മതിക്കുന്ന ഒരു സത്യമാണത്. ദേശീയതലത്തില്‍ യു.പി.എക്ക് അനുകൂലമായി വോട്ട് സ്വരൂപിക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ മുസ്‌ലിംസംഘടനകള്‍ വഹിച്ച പങ്ക് സുവിദിതമാണ്. എല്ലാ അഭിപ്രായവ്യത്യാസങ്ങളോടുമൊപ്പം, രാജ്യത്തെ മതേതരശക്തിയെന്ന നിലക്ക് കോണ്‍ഗ്രസിനനുകൂലമായ നിലപാടാണ് ജമാഅത്ത് എടുത്തുപോന്നിട്ടുള്ളത്. ഇപ്പോള്‍ മാര്‍ക്‌സിസ്റ്റുകളും ഇടതുപക്ഷവും രാഷ്ട്രീയലാഭം മുന്നില്‍കണ്ട് തീവ്രവാദി മുദ്ര ചാര്‍ത്തുമ്പോള്‍ ഹിന്ദുവോട്ട് നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ കോണ്‍ഗ്രസ്‌നേതാക്കളില്‍ ചിലരെങ്കിലും ജമാഅത്തെ ഇസ്‌ലാമിക്ക് തീവ്രവാദ മുദ്രചാര്‍ത്താന്‍ വെമ്പുന്നത് അപഹാസ്യമാണ്. ജമാഅത്ത് തീവ്രവാദപ്രസ്ഥാനമാണോ എന്ന് കരുണാകരനോടും ആന്റണിയോടും മുല്ലപ്പള്ളിയോടും സുധീരനോടും ചോദിച്ചു മനസ്സിലാക്കുന്നത് നന്ന്.

മുസ്‌ലിംലീഗ് നേതൃത്വത്തോട് ഒരു വാക്ക്. നമ്മള്‍ തമ്മില്‍ ഇത് വേണോ? ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദിയാക്കി നിങ്ങള്‍ക്ക് രക്ഷപ്പെടാമെന്നാണോ കരുതുന്നത്? കഴിഞ്ഞകാലത്ത് നമ്മള്‍ തമ്മില്‍ നടത്തിയ രാഷ്ട്രീയചര്‍ച്ചകള്‍ നിങ്ങള്‍ക്ക് മറക്കാനാകുമോ? ശിഹാബ് തങ്ങളുടെയും ഇ. അഹമ്മദ് സാഹിബിന്റെയും ഗള്‍ഫാര്‍ മുഹമ്മദലിയുടെയും സാന്നിധ്യത്തില്‍ കോഴിക്കോട് മലബാര്‍പാലസില്‍ നമ്മള്‍ നടത്തിയ ചര്‍ച്ച ഏതു മതകാര്യത്തെക്കുറിച്ചായിരുന്നു? അങ്ങനെ എത്രയെത്ര സംഭാഷണങ്ങള്‍. മുനീറിനും ഷാജിക്കും അതറിയില്ലെങ്കില്‍ പി.കെ. കുഞ്ഞാലിക്കുട്ടി അതവര്‍ക്ക് പറഞ്ഞുകൊടുക്കുകയാണു വേണ്ടത്. സാമ്രാജ്യത്വവും സംഘപരിവാരവും നിങ്ങളുടെ നിലപാട് കണ്ടു ചിരിക്കുന്നുണ്ടാവും. സമുദായത്തിന്റെ ഐക്യമാണ് സര്‍വപ്രധാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന് ചിലയിടങ്ങളില്‍ വോട്ടു നല്‍കിയില്ല എന്നതോ, അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ചുവെന്നതോ സഹോദരസംഘടനയെ തീവ്രവാദപ്രസ്ഥാനമായി മുദ്രകുത്താന്‍ കാരണമായിക്കൂടാ. മറ്റാരേക്കാളുമേറെ താങ്കള്‍ക്ക് അതു നന്നായി അറിയാം. മാര്‍ക്‌സിസ്റ്റുകാരുടെ ഉമ്മാക്കിക്കു മുമ്പില്‍ താങ്കള്‍ പതറരുത്. ഒരുവേള മുസ്‌ലിം മതസംഘടനകളുടെ സമ്മര്‍ദത്തിനു താങ്കള്‍ വിധേയമായതാവാം.

മതസംഘടനകളുടെ കാര്യം കഷ്ടം തന്നെ. തങ്ങളുടെ കണ്‍വെട്ടത്തിനപ്പുറത്ത് ഒന്നും കാണാന്‍ കഴിയാത്തവരാണവര്‍. എത്ര വേഗമാണവര്‍ എതിരാളിയുടെ നേര്‍ക്കു കുഫ്ര്‍ഫത്‌വയും തീവ്രവാദഫത്‌വയും കാച്ചിയെടുക്കുന്നത്. അവരെ വെറുതെ വിടുക. താങ്കളെപ്പോലെ പക്വമതിയായ ഒരു രാഷ്ട്രീയനേതാവ് അവരെയൊക്കെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയാണു വേണ്ടത്. ഈ എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ കൂട്ടായാണ് ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയൂബന്ദികളും സലഫികളും ബറേല്‍വികളും ജമാഅത്തുമായി സഹകരിക്കുന്നവരും യോജിച്ചു പ്രവര്‍ത്തിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ അവരുടെ നിലപാട് വൈരുധ്യാത്മകമാണ്. പടച്ചവന്‍ അവര്‍ക്ക് പൊറുത്തുകൊടുക്കട്ടെ.

ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ മതസംഘടനയുടെയോ തണലിലല്ല ജമാഅത്തെ ഇസ്‌ലാമി വളര്‍ന്നത്. അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ തിണ്ണബലത്തിലാണ് അതു നിലകൊള്ളുന്നത്. ദൈവത്തിന്റെ പ്രസ്ഥാനമാണത്. പ്രവാചകന്മാരുടെ പ്രസ്ഥാനം. അതിനാല്‍ ആത്മവിശ്വാസത്തോടെ അവര്‍ മുന്നോട്ടു പോകും. ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്. ഇന്ത്യന്‍ ജനത നമ്മുടെ സഹോദരന്മാരാണ്. മാതൃഭൂമിയുടെ ക്ഷേമത്തിനും ഉല്‍ക്കര്‍ഷത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം തന്നെയാണ് യഥാര്‍ഥ ഇസ്‌ലാമികപ്രവര്‍ത്തനം.

മറ്റുള്ളവരെ തീവ്രവാദ മുദ്രകുത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാവരോടുമായി എനിക്ക് പറയാനുള്ളത് ഒന്നു മാത്രമാണ്: അരുതു മക്കളേ, അരുത്; ഈ കളി തീക്കളിയാണ്

Sunday, August 15, 2010

കമ്യൂണിസത്തിന്റെ രക്തംപുരണ്ട ചരിത്രം

കമ്യൂണിസത്തിന്റെ രക്തംപുരണ്ട ചരിത്രം (ഭാഗം 1)


കമ്യൂണിസത്തിന്റെ രക്തംപുരണ്ട ചരിത്രം (ഭാഗം 2)


കമ്യൂണിസത്തിന്റെ രക്തംപുരണ്ട ചരിത്രം (ഭാഗം 3)


Saturday, August 14, 2010

റമദാന്‍ വീഡിയോ പ്രഭാഷണങ്ങള്‍ -2

റമാദാന്റെ തണലില്‍ -സമീര്‍ വടുതല


റമാദാനെ സ്വാഗതം ചെയ്യുമ്പോള്‍ -ആര്‍.യൂസുഫ്


വീണ്ടുവിചാരത്തിന്റെ ദിനരാത്രങ്ങള്‍ -കെ.ടി. അബ്‌ദുറഹീം


നോമ്പ്: പകരമില്ലാത്ത കര്‍മം -ഡോ. അബ്ദുസ്സലാം വാണിയമ്പലം


റമളാന്‍ വീഡിയോ പ്രഭാഷണങ്ങള്‍

റമദാനില്‍ നേടേണ്ടത് - ടി.ആരിഫലി


റമദാന്‍ -ബശീര്‍ മുഹ്‌യിദ്ദീന്‍



റമദാന്‍: അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും -വി. കെ. അലി‍


Sunday, August 8, 2010

ചരിത്ര നിയോഗം ഏറ്റെടുത്ത സംഘം/solidarity


ചരിത്ര നിയോഗം ഏറ്റെടുത്ത യുവാക്കളുടെ സംഘം/റവ.ഫാ. പ്രൊഫ. എബ്രഹാം ജോസഫ്*


സോളിഡാരിറ്റിയെ ഞാനറിയുന്നത് എന്റെ നാട്ടിലെ സ്‌നേഹ സമ്പന്നരായ ചെറുസംഘം
യുവാക്കളില്‍ നിന്നാണ്. അവരില്‍ ചിലര്‍ എന്റെ ശിഷ്യന്മാരുമാണ്. ബാല്യകാലം
മുതല്‍ നന്മ ഉള്ളില്‍ സൂക്ഷിച്ചവര്‍. സോളിഡാരിറ്റി എന്ന പേര് ആദ്യം
കേള്‍ക്കുന്നത് പോളണ്ടില്‍ നിന്നാണ്. ലേ വലേസ എന്ന മഹാ വിപ്ലവകാരി അധാര്‍മിക
ഭരണ വ്യവസ്ഥയെ ചെറുക്കാന്‍ രൂപവത്കരിച്ച തൊഴിലാളി പ്രസ്ഥാനം.അത് അതിന്റെ ധര്‍മം
നിറവേറ്റി. 2003 മെയ് 13ന് കേരളത്തില്‍ പിറവികൊണ്ട യുവതിടമ്പുകളുടെ സംഘത്തിനും
സ്വീകരിച്ച പേര് സോളിഡാരിറ്റിയാണ് എന്നത് ചരിത്രപരമായ അനിവാര്യതയാണ്; അത് ഒരു
യാദൃശ്ചികതയാണെങ്കിലും. ഒരേ ആശയത്തിനും ലക്ഷ്യത്തിനും വേണ്ടി കൈകോര്‍ക്കുന്ന
സമൂഹങ്ങളുടെ ഐക്യം എന്നര്‍ഥം വരുന്ന സോളിഡാരിറ്റി എന്ന പേര് അന്വര്‍ഥമാക്കും
വിധമാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി സോളിഡാരിറ്റി പ്രവര്‍ത്തിച്ചതെന്ന് വളരെ
അടുത്ത് നിന്ന് ആവേശത്തോടെ അവരെ നിരീക്ഷിക്കുന്നയാളെന്ന നിലയില്‍ ഞാന്‍
സാക്ഷ്യംവഹിക്കുന്നു മൂല്യങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്ന മുറവിളിയാണല്ലോ
എങ്ങും കേട്ടുകൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തുന്ന ധാര്‍മിക ച്യുതി. എന്താകും
നാളത്തെ വാര്‍ത്തയെന്ന് ഭയപ്പാടോടുകൂടി നോക്കുന്നവര്‍ ചുറ്റിലും. നിരാലംബരുടെ
കണ്ണീരൊപ്പാന്‍ മുതലാളിത്ത ആര്‍ത്തിക്കിടെ ആര്‍ക്കിവിടെ സമയം? ഞങ്ങള്‍ അതിന്
നിയോഗിക്കപ്പെട്ടവര്‍ എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് എഴുന്നേറ്റ് നില്‍ക്കാന്‍
മൂല്യത്തെയും ജീവിത വിശുദ്ധിയേയും കൈമുതലാക്കിയ ഒരുപറ്റം യുവാക്കള്‍
നെഞ്ച്‌വിരിച്ചെഴുന്നേറ്റാല്‍ ആരാണ് കോരിത്തരിച്ച് പോകാത്തത്. കരുത്തിനെ
കാരുണ്യത്തിന് വഴിമാറ്റിയൊഴുക്കുന്നവരെ എത്ര വാഴ്‌ത്തേണ്ടിവരും. അതാണ്
സോളിഡാരിറ്റി. ചരിത്രനിയോഗം സ്വയം ഏറ്റെടുത്തവര്‍. കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍
മേഖലയില്‍ ,സുനാമി ദുരന്തത്തിന്റെ ഇരകള്‍ക്ക്, മുക്കാല്‍ സെന്റ് കോളനിയിലെ
മനുഷ്യമക്കള്‍ക്ക് സ്‌നേഹ സ്പര്‍ശവുമായി ആ കരുത്തന്‍മാര്‍ വന്നെങ്കില്‍ ദൈവിക
രാജ്യം എന്താണെന്ന്് ഉറക്കെപ്പറയുകയല്ലേ അവര്‍ ചെയ്യുന്നത്.
കുളത്തൂപ്പുഴയില്‍ മുക്കാല്‍ സെന്റ് കോളനിയില്‍ നീതിനിഷേധിക്കപ്പെട്ട ഏതാനും
കുടുംബങ്ങള്‍ക്ക് സമരത്തിലൂടെ അവര്‍ക്കര്‍ഹതപ്പെട്ട ഭൂമി വാങ്ങിക്കൊടുത്തശേഷം
അവര്‍ക്ക് ലഭിച്ച മണ്ണില്‍ അന്തിയുങ്ങാന്‍ മനോഹരമായ ചെറുഭവനങ്ങള്‍ നിര്‍മിച്ച്
നല്‍കുന്ന സോളിഡാരിറ്റി പ്രവര്‍ത്തകരെ ഞാന്‍ നേരില്‍ കണ്ടു. കല്ലും മണ്ണും
ചുമന്ന് സ്വന്തം വിയര്‍പ്പുകൊണ്ട് സേവനം ചെയ്യുന്ന അവരുടെ നിശ്ചയദാര്‍ഢ്യം
എന്നെ ആഹ്ലാദിപ്പിച്ചു. എഴുപതു കഴിഞ്ഞ ഞാനും പ്രായമെല്ലാം മറന്ന് അവരോടൊപ്പം
കല്ലുചുമന്നു. ഇവര്‍ ദൈവരാജ്യം പണിയുന്നവര്‍ തന്നെയെന്ന് ഉറക്കെപ്പറയാന്‍
എനിക്ക് മടിയേതുമില്ല. മൈക്കിന്റെ മുന്നിലും പാര്‍ട്ടി ഓഫീസിലെത്തുന്ന
ചാനലുകാര്‍ക്കു മുന്നിലും സാമ്രാജ്യത്വ വിരോധം ഛര്‍ദ്ദിക്കുകയും നിലപാടുകളില്‍
അവയെ കുഴിച്ച്മൂടുകയും ചെയ്ത അഭിനവ വിപ്ലവകാരികള്‍ മുതലാളിത്ത
അപ്പോസ്തലന്‍മാരായി രംഗത്തു വന്നപ്പോള്‍ ആഹ്ലാദിച്ച സാമ്രാജ്യത്വ
ദല്ലാളന്‍മാര്‍കും കുത്തക ഭീമന്‍മാര്‍ക്കും ഭയപ്പാടുണ്ടാക്കാന്‍ പോന്ന
മുന്നേറ്റമാണ് കേരളത്തില്‍ ഏഴു വര്‍ഷം മുമ്പുണ്ടായത്. പ്ലാച്ചിമടകള്‍ ഇനി ഏറെ
ഉണ്ടാകില്ലെന്ന് നമുക്കുറച്ച് വിശ്വസിക്കാം. കിനാലൂരിലെ കുഞ്ഞുങ്ങള്‍
വഴിയാധാരമാകാത്തത് ധാര്‍മിക യൗവനത്തിന്റെ കരുത്തു കൊണ്ടല്ലേ? പൊതുവഴികള്‍
മുതലാളിക്ക് പതിച്ച് കൊടുത്ത് നട്ടെല്ല് വളച്ച് കപ്പം കൊടുത്ത് മുതലാളിയെ
വണങ്ങി മാത്രം സാധാരണക്കാര്‍ സഞ്ചരിച്ചാല്‍ മതിയെന്ന ഭരണകൂട ധിക്കാരം അത്ര
എളുപ്പത്തില്‍ നടത്താനാവാത്തത് ഈ ധാര്‍മിക യൗവനത്തിന്റെ ഇച്ഛാശക്തികൊണ്ടല്ലേ?.
വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ കേരളത്തില്‍ പലവഴി ശ്രമങ്ങള്‍ നടക്കുമ്പോള്‍
സ്‌നേഹം കൊണ്ടും സഹവര്‍ത്തിത്വം കൊണ്ടും അതിനെ മറികടക്കാന്‍ മതമൂല്യങ്ങളില്‍
ഉറച്ച് നിന്നുകൊണ്ട് തന്നെ കഴിയുമെന്ന് ബോധ്യപ്പെടുത്തിയതാണ് സോളിഡാരിറ്റിയുടെ
ഏഴു വര്‍ഷങ്ങള്‍. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും വര്‍ഗീയതയുടെ കണികയുടെ അംശം
പോലും ഹൃദയത്തിലില്ലാത്ത യുവതലമുറ. അടുക്കുന്ന ആരിലും അസൂയ ജനിപ്പിക്കും വിധം
നിര്‍മല ഹൃദയരായ ഈ യുവാക്കള്‍ ചരിത്രത്തിന്റെ നിയോഗം തന്നെയാണ്. മനുഷ്യന്റെ
ജീവനും രക്തവും പവിത്രമാണ് എന്ന് നബിതിരുമേനി പഠിപ്പിച്ചതിനെ
പ്രാവര്‍ത്തികമാക്കുന്നു അവര്‍. ഇത് ഒരു പുതുയുഗപ്പിറവിയുടെ ശംഖനാദമാണ്.
മഹാത്മജി വിഭാവനം ചെയ്ത രാമരാജ്യത്തിലേക്കുള്ള മുന്നേറ്റം. ഞാനടക്കമുള്ള
ക്രൈസ്തവര്‍ പ്രാര്‍ഥിക്കാറുള്ള ദൈവരാജ്യം വരേണമേ എന്ന പ്രാര്‍ഥനയെ
അന്വര്‍ഥമാക്കുന്ന മുന്നേറ്റം. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ തിരു ഇഷ്ടം
നടപ്പാക്കാന്‍ യുവാക്കള്‍ നടത്തുന്ന ധാര്‍മിക മുന്നേറ്റം. *
*നല്ല വിത്തില്‍ നിന്ന് പാഴ്മരമുണ്ടാകില്ല. സ്‌നേഹ വിശുദ്ധിയോടെ കാരുണ്യ
സ്പര്‍ശത്തോടെ ഇന്ത്യയില്‍ നിലകൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമി രൂപംനല്‍കിയ
സോളിഡാരിറ്റി ഒരിക്കലും പാഴ്മരമാകില്ല. കരുത്തിനെ നിരാലംബരുടെ കണ്ണീരൊപ്പാന്‍
ഉപയോഗിക്കുന്നവരുടെ, ധാര്‍മികതയെ സാമ്രാജ്യത്വ വിരുദ്ധപ്പോരാട്ടത്തിന്റെ
ആയുധമാക്കുന്നവരുടെ, ജീവിത വിശുദ്ധിയെ സമരായുധമാക്കിയവരുടെ, സ്വയം
വെയില്‍കൊണ്ട് അന്യര്‍ക്ക് തണല്‍ നല്‍കുന്ന വന്‍മരം പോലെ നിലയുറപ്പിച്ച
കരുത്തരുടെ സംഘം. അതാണ് ഞാനറിഞ്ഞ സോളിഡാരിറ്റി. ഞാനെന്നും
സോളിഡാരിറ്റിക്കൊപ്പമുണ്ടാകും. എനിക്ക് ചെറുപ്പമായിരുന്നെങ്കില്‍ അതില്‍
അംഗമായി പ്രവര്‍ത്തിക്കുമായിരുന്നു. അംഗമായില്ലെങ്കിലും അതിന്റെ
പ്രവര്‍ത്തനത്തിലെ ഒരു കണ്ണിയായി ദൈവം അനുവദിക്കുന്ന കാലത്തോളം ഒപ്പമുണ്ടാകും.
കാരണം, സോളിഡാരിറ്റി അധര്‍മത്തെ സ്‌നേഹം കൊണ്ട് ഇല്ലാതാക്കാനുള്ള ദൈവ
നിയോഗമാണ്. അത് അതിന്റെ നിയോഗം നിര്‍വഹിക്കുക തന്നെ ചെയ്യും. *
*(അഞ്ചല്‍ സെന്റ്‌ ജോണ്‍'സ കോളേജ് മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയാണ്
ലേഖകന്‍* )

LinkWithin

Related Posts Plugin for WordPress, Blogger...