Saturday, October 30, 2010

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പാഠങ്ങള്‍ -സി. ദാവൂദ്

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വന്നു കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ ശക്തമായ യു.ഡി.എഫ് തരംഗം ആഞ്ഞുവീശി എന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെയും പ്രത്യേകത. വിമതശല്യവും ആഭ്യന്തര ശൈഥില്യങ്ങളും വേണ്ടതു പോലെ ഉണ്ടായിട്ടും തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിഞ്ഞതില്‍ യു.ഡി.എഫ് ക്യാമ്പിന് തീര്‍ച്ചയായും അഭിമാനിക്കാം.

ലോക്സഭാ, നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് മുന്നേറിയാലും പ്രാദേശിക തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മേല്‍ക്കൈ നേടുന്നുവെന്നതായിരുന്നു ഏതാനും വര്‍ഷങ്ങളായി കേരളത്തിലുണ്ടായിരുന്ന പതിവ്. എല്‍.ഡി.എഫിലെ മുഖ്യ ഘടകക്ഷിയായ സി.പി.എമ്മിന് പ്രാദേശിക തലത്തിലുള്ള അതിശക്തമായ സംഘടനാ സംവിധാനമാണ് അവരെ ഇതിന് സഹായിക്കുന്നത്. കൂടാതെ, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ പോലുള്ള സംവിധാനങ്ങള്‍ എന്നിവയിലൂടെ ബൃഹത്തായ പ്രാദേശിക അടിത്തറ രൂപപ്പെടുത്താന്‍ സി.പി.എമ്മിന് സാധിച്ചിട്ടുണ്ട്. ഇത്തവണയാകട്ടെ, സംസ്ഥാന ഭരണത്തിന്റെ തണലും സൌകര്യവും അവര്‍ക്കുണ്ട്. ഈ സൌകര്യമുപയോഗിച്ച് തങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ വാര്‍ഡ് വിഭജനം നടത്താനും അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍, സാധാരണഗതിയില്‍ അത്യന്തം അനുകൂലമായ ഈ ഘടകങ്ങള്‍ എല്ലാമുണ്ടായിട്ടും അതിശക്തമായ തിരിച്ചടിയാണ് എല്‍.ഡി.എഫ് നേരിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കണക്കുകളുടെ വിശദാംശങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്ന മുറക്ക് വിശദമായി വിശകലനം ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ ഇതിലുണ്ട്.

പ്രാദേശിക വികസനത്തിനു വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാ സംവിധാനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങള്‍. യഥാര്‍ഥത്തില്‍ കക്ഷി രാഷ്ട്രീയത്തിന് അതില്‍ വലിയ പ്രസക്തിയില്ല. പക്ഷേ, കേരളത്തിന്റെ പ്രത്യേകമായ പശ്ചാത്തലത്തില്‍ തദ്ദേശ ഭരണം അടിമുടി കക്ഷി രാഷ്ട്രീയത്തില്‍ അധിഷ്ഠിതമാണ്. രാഷ്ട്രീയ ഭേദമന്യേ താരതമ്യേന മൂല്യബോധമുള്ള, വികസന തല്‍പരരായ ആളുകളെ പിന്തുണക്കുകയെന്നതായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക പ്രസ്ഥാനം കാലങ്ങളായി സ്വീകരിച്ചു പോന്ന നിലപാട്. എന്നാല്‍ ആരെയും അസ്വസ്ഥപ്പെടുത്തുന്ന തരത്തില്‍ കക്ഷി രാഷ്ട്രീയവും അഴിമതിയുടെ വികേന്ദ്രീകരണവും തദ്ദേശ സ്ഥാപനങ്ങളില്‍ ശക്തിപ്പെടുന്നതാണ് നാള്‍ക്കുനാള്‍ കണ്ടുവരുന്നത്.

തദ്ദേശ സ്ഥാപനങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നുവരണമെന്ന ആശയം ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിയത് ഈ പശ്ചാത്തലത്തിലാണ്. വിവിധ സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ അണി നിരത്തി പ്രാദേശിക ജനകീയ സംഘടനകള്‍ രൂപീകരിക്കാനുള്ള ആഹ്വാനം ജമാഅത്ത് നടത്തുന്നത് ആ പശ്ചാത്തലത്തിലാണ്. ഈ ആഹ്വാനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് കോര്‍പറേഷനുകളിലും 34 മുന്‍സിപ്പാലിറ്റികളിലും 328 പഞ്ചായത്തുകളിലും പ്രാദേശിക വികസന സംഘടനകള്‍ ഈ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിക്കപ്പെടുകയുണ്ടായി. സാമൂഹിക പ്രവര്‍ത്തകര്‍, പരിസ്ഥിതി-മനുഷ്യാവകാശ സംഘടനകള്‍, മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി രൂപീകരിക്കപ്പെട്ട ഇത്തരം സംഘങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ ക്രിയാത്മകമായി സ്വാധീനിക്കണം എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ നിലപാട്. പ്രാദേശികമായ വിവിധ അതിജീവന സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമരമുന്നണികളും ഇത്തരത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് 1500 ഓളം വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഈ സംഘങ്ങള്‍ മുന്നോട്ട് വന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അജണ്ടയെ ഗുണപരമായി സ്വാധീനിക്കാന്‍ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു. നിസ്സാരവും സങ്കുചിതവുമായ കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് പ്രാദേശിക വികസന പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ഉയര്‍ത്തപ്പെട്ടു. പ്രചാരണ രംഗത്ത് ചിലയിടങ്ങളിലെല്ലാം മുഖ്യധാരാ കക്ഷികളെ അമ്പരപ്പിക്കുന്ന കാമ്പയിനുകള്‍ സംഘടിപ്പിക്കാനും ജനങ്ങളെ അണിനിരത്താനും ഇത്തരം ജനകീയ മുന്നണികള്‍ക്ക് സാധിച്ചു. നോമിനേഷന്‍ കൊടുത്ത് വീട്ടില്‍ പോയി ഉറങ്ങിയാലും പല കക്ഷികളും എളുപ്പത്തില്‍ ജയിച്ചു കയറുന്ന വാര്‍ഡുകളില്‍ അതിശക്തമായ മത്സരം ഉയര്‍ത്തുന്നതില്‍ ഈ ജനകീയ കൂട്ടായ്മകള്‍ ഏറെ മുന്നോട്ട് പോയി. കോഴിക്കോട് ജില്ലയിലെ ഫലങ്ങള്‍ വരുന്നതിന് മുമ്പ് സംസ്ഥാനത്ത് ഏഴ് പഞ്ചായത്ത് വാര്‍ഡുകളില്‍ വിജയിക്കാനും 80 വാര്‍ഡുകളില്‍ (ആറ് മുന്‍സിപ്പാലിറ്റി വാര്‍ഡ്, 74 പഞ്ചായത്ത് വാര്‍ഡ്) രണ്ടാം സ്ഥാനത്ത് എത്താനും ജനകീയ മുന്നണികള്‍ക്ക് കഴിഞ്ഞു. കൂടാതെ തൃശൂര്‍ ജില്ലയിലെ കാതിക്കുടത്ത് എന്‍.ജി.ഐ.എല്‍ ഫാക്ടറി വിരുദ്ധ സമരമുന്നണി രണ്ട് സീറ്റുകളില്‍ വിജയിച്ചു. വളരെ നിസ്സാരമായ വോട്ടുകള്‍ക്ക് പരാജയപ്പെട്ട ഇടങ്ങളും ഇതില്‍ ധാരാളമുണ്ട്. (കോഴിക്കോട് ജില്ലയിലെ ഫലം വരുന്നതിന് മുമ്പുള്ള കണക്കാണിത്) പലേടങ്ങളിലും പ്രചാരണങ്ങളില്‍ വമ്പിച്ച മുന്നേറ്റം സൃഷ്ടിക്കാനും ജനങ്ങളെ അണിനിരത്താനും ജനകീയ മുന്നണികള്‍ക്ക് സാധിച്ചിരുന്നു. പലേടത്തും വിജയിക്കുമെന്ന് പ്രതീതി സൃഷ്ടിക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു. അതേ സമയം, കാമ്പയിന്‍ സമയത്തേത് പോലെയുള്ള ആഹ്ളാദകരമായ അനുഭവമല്ല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നത് ശരിയാണ്. പക്ഷേ, കാലങ്ങളായി രാഷ്ട്രീയ രംഗത്തുള്ള ശക്തരായ ഇരുമുന്നണികള്‍ക്കിടയില്‍ ശക്തമായി പിടിച്ചു നിന്നുവെന്നത് രാഷ്ട്രീയമായി വളരെ പ്രസക്തമാണ്.

ദീര്‍ഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള, മലപോലെ ഉയര്‍ന്നുനില്‍ക്കുന്ന ഇരു മുന്നണികള്‍ക്കിടയില്‍ വേണ്ടത്ര കേന്ദ്രീകരണമോ പാര്‍ട്ടി ഘടനയോ ഇല്ലാത്ത പ്രാദേശിക മുന്നണികള്‍ ഒറ്റക്ക് പൊരുതി ജയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വമ്പിച്ച സാമ്പത്തിക ശേഷിയും ഭരണ-രാഷ്ട്രീയ പിന്‍ബലവും ആവശ്യമുള്ള ഈ പ്രക്രിയയില്‍ തുടക്കക്കാര്‍ അനുഭവിക്കുന്ന കിതപ്പാണ് ജനകീയ മുന്നണികളുടെ പ്രകടനം മൊത്തത്തില്‍ കാഴ്ച വെക്കുന്നത്. ആ അര്‍ഥത്തില്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ശക്തമായി പിടിച്ചു നില്‍ക്കാനും മികച്ച മത്സരം കാഴ്ച വെക്കാനും സാധിച്ചുവെന്നത് സന്തോഷകരമായ കാര്യമാണ്. സുസംഘടിതവും സുസ്ഥാപിതവുമായ ഇരുമുന്നണികള്‍ക്കുമിടയില്‍ വ്യത്യസ്തമായ ഒരു രാഷ്ട്രീയ കൂട്ടായ്മയെ പ്രാദേശിക തലങ്ങളില്‍ സംഘടിപ്പിക്കാനായി എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഭാവി രാഷ്ട്രീയ പ്രക്രിയയില്‍ ക്രിയാത്മകമായി പങ്കുവഹിക്കാന്‍ കഴിയുന്ന ഒരു അടിത്തറ ഇതിലൂടെ രൂപപ്പെടുത്താന്‍ തീര്‍ച്ചയായും സാധിച്ചിട്ടുണ്ട്. ഇരുമുന്നണികള്‍ക്കുമിടയിലെ ഒരു ബദല്‍ പരീക്ഷണം എന്ന സാഹസികമായ യത്നത്തിനാണ് യഥാര്‍ഥത്തില്‍ ഇതിലൂടെ തുടക്കം കുറിക്കപ്പെട്ടിരിക്കുന്നത്. സീറോ ബാലന്‍സില്‍ ആരംഭിക്കുന്ന ഒരു കൂട്ടായ്മ വേണ്ടത്ര വിജയിച്ചില്ല എന്നത് വലിയ തിരിച്ചടിയായി വിശകലനം ചെയ്യുന്നത് ശരിയായിരിക്കില്ല. നേരത്തെ ഈ രംഗത്തുള്ളവര്‍ നേരിടുന്ന നഷ്ടമാണ് യഥാര്‍ഥത്തില്‍ തിരിച്ചടി. ജനകീയ മുന്നണികളെ സംബന്ധിച്ചേടത്തോളം അത് നേടിയെടുത്തോളം മുന്നേറ്റം തന്നെയാണ്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കുറുക്കു വഴികളും തന്ത്രങ്ങളും ജനപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനവും രണ്ടും രണ്ട് വഴിക്കാണ് എന്നത് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ജനകീയ മുന്നണികളും പഠിക്കേണ്ട പ്രധാനപ്പെട്ടൊരു പാഠം. അധാര്‍മികവും അറപ്പുളവാക്കുന്നതുമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ മറികടക്കാന്‍ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പലയിടങ്ങളിലും നിര്‍ബാധം പണവും മദ്യവും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ജനകീയ മുന്നണികള്‍ക്ക് വിജയ സാധ്യതയുള്ള ഇടങ്ങളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒത്തുകളിച്ചതിന്റെ അനുഭവവും പലേടങ്ങളിലെയും വോട്ടിംഗ് പാറ്റേണ്‍ പരിശോധിച്ചാല്‍ മനസ്സിലാവും.

ജനകീയ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലും സംഘാടനത്തിലും ജമാഅത്തെ ഇസ്ലാമിക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു. ഇക്കാരണത്താല്‍ തന്നെ പരമ്പരാഗത മുസ്ലിം മതസംഘടനകള്‍ ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കച്ച കെട്ടിയിറങ്ങിയ അനുഭവം എല്ലായിടത്തും ദൃശ്യമായിരുന്നു. കള്ള പ്രചാരണങ്ങള്‍ നടത്തിയും മതപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വ്യാപകമായ പ്രചാരണം അവസാന ഘട്ടങ്ങളില്‍ അവര്‍ നടത്തുകയുണ്ടായി. മറ്റൊരര്‍ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം മത സംഘടനകളെ ഉപയോഗിക്കുകയായിരുന്നു എന്നതാണ് വാസ്തവം. ഒരു വശത്ത് മദ്യവും പണവും മറുവശത്ത് മതപുരോഹിതരെയും തരം പോലെ ഉപയോഗിക്കുന്നതില്‍ ഇരുമുന്നണികളും മിടുക്ക് കാണിച്ചു. മദ്യം കൊടുത്ത് വോട്ടര്‍മാരെ പാട്ടിലാക്കുന്ന സ്ഥാനാര്‍ഥി വിജയിച്ചാലും കുഴപ്പമില്ല, ജമാഅത്തെ ഇസ്ലാമിക്ക് മുന്‍കൈയുള്ള ഒരു കൂട്ടായ്മ വിജയിക്കാന്‍ പാടില്ല എന്ന ഒരൊറ്റ വാശിയായിരുന്നു ഇക്കാര്യത്തില്‍ മതസംഘടനകള്‍ക്ക്. ബി.ജെ.പിക്കെതിരെപ്പോലും ഇതുവരെയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ലാത്ത മതസംഘടനകള്‍ ഉടലോടെ വന്ന് ജനകീയ മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ പരസ്യമായും രഹസ്യമായും മലബാറിലെങ്ങും കാമ്പയിന്‍ നടത്തി. സാധാരണക്കാരായ വിശ്വാസികളെ ജനകീയ മുന്നണിക്ക് വോട്ട് ചെയ്യുന്നതില്‍ നിന്നകറ്റാന്‍ ഇത്തരം ഗ്രൂപ്പുകള്‍ക്ക് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇടപെടില്ല എന്ന് തീരുമാനിച്ച മതസംഘടനകള്‍ ഇവിടെ വളരെ പച്ചയായി രാഷ്ട്രീയം കളിക്കുകയായിരുന്നു.

കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ മാത്രമല്ല; ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തന ചരിത്രത്തിലും വ്യത്യസ്തമായ അനുഭവമായിരുന്നു ജനകീയ മുന്നണികള്‍. ലോകത്തെങ്ങുമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെയാണ് കടന്നുപോവുന്നത്. എന്നാല്‍ ഈ അനുഭവങ്ങളിലെല്ലാമുള്ള പൊതുവായ ഒരു കാര്യമുണ്ട്. തുടക്കത്തില്‍ തിരിച്ചടികള്‍ നേരിട്ടുകൊണ്ടാണ് എല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങളും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍/തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കാലെടുത്തുവെച്ചത്. സാംസ്കാരിക മേഖല, പത്ര-പ്രസിദ്ധീകരണ സംരംഭങ്ങള്‍, ജനസേവന സംരംഭങ്ങള്‍, ട്രേഡ് യൂനിയന്‍, വിദ്യാര്‍ഥി സംഘാടനം, വിദ്യാഭ്യാസ-അക്കാദമിക പ്രവര്‍ത്തനങ്ങള്‍, പ്രക്ഷോഭ രാഷ്ട്രീയം എന്നിവയിലെല്ലാം മുന്നേറുമ്പോള്‍ തന്നെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തിരിച്ചടികള്‍ നേരിട്ട അനുഭവങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കെല്ലാം പൊതുവായുണ്ട്. അതില്‍ നിന്ന് ഭിന്നമാവില്ല ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും അനുഭവം എന്നതാണ് കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചന.

വലിയ വൈതരണികളെ വകഞ്ഞുമാറ്റി മുന്നേറാനുള്ള ത്യാഗപൂര്‍ണമായ രാഷ്ട്രീയമാണ് ഇസ്ലാമിക പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്നത്. വെയില്‍ കൊള്ളാന്‍ സന്നദ്ധമാവുന്നവര്‍ക്കേ അത്തരമൊരു ത്യാഗത്തിന് സന്നദ്ധരാകാന്‍ കഴിയൂ. അമ്പരപ്പിക്കുന്ന വിജയം വെയിലല്ല, തണലാണ് നല്‍കുക. തണലത്ത് നില്‍ക്കുന്നവര്‍ക്ക് ഈ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയില്ല. വെയില് കൊണ്ട് മുന്നേറാന്‍ ഇനിയും കാതങ്ങളുണ്ട് എന്ന പാഠമാണ് തെരഞ്ഞെടുപ്പ് ഫലം പ്രസ്ഥാനത്തിന് നല്‍കുന്ന ഏറ്റവും വലിയ പാഠം.

Saturday, October 23, 2010

കാര്‍ട്ടൂണ്‍ വണ്ടി ശ്രദ്ധേയമായി

കാര്‍ട്ടൂണ്‍ വണ്ടി ശ്രദ്ധേയമായി
ഇ മെയില്‍പ്രിന്‍റ്പി ഡി എഫ്‌
കൊടിയത്തൂര്‍ : തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച 'കാര്‍ട്ടൂണ്‍വണ്ടി' യുടെ കാര്‍ട്ടൂണ്‍ യാത്ര ശ്രദ്ധേയമായി. ജനപക്ഷമുന്നണി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലാണ് പഞ്ചായത്തിലെ വിവിധ പ്രശ്നങ്ങള്‍ ദൃശ്യവത്കരിച്ചു കൊണ്ടുള്ള കാര്‍ട്ടൂണ്‍യാത്ര സംഘടിപ്പിച്ചത്. ഗോതമ്പറോഡില്‍ നിന്ന് പ്രയാണം ആരംഭിച്ച കാര്‍ട്ടൂണ്‍യാത്രയുടെ ഫ്ലാഗ് ഓഫ് ജനപക്ഷമുന്നണി ചെയര്‍മാന്‍ സി.അബ്ദുമാസ്റര്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ പാറപ്പുറം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. യുവ തലമുറയിലെ ശ്രദ്ധേയനായ കാര്‍ട്ടൂണിസ്റ് ഇര്‍ഷാദ് ഗോതമ്പറോഡ് വരച്ച കാര്‍ട്ടൂണുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. കൊടിയത്തൂരില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി കെ.സി.സി ഹുസൈന്‍ സംസാരിച്ചു. സൌത്ത് കൊടിയത്തൂര്‍, ചുള്ളിക്കാപറമ്പ്, തെനങ്ങാംപറമ്പ് എന്നിവിടങ്ങളില്‍ സ്വീകരണം ഒരുക്കിയിരുന്നു. യൂസുഫ് കെ.സി, ഹമീദ് പാലാട്ട്, ജാസര്‍ എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി. പരിപാടി നാല് ദിവസം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തുമെന്ന് കാര്‍ട്ടൂണിസ്റ് എം. ദിലീഫ് അറിയിച്ചു. സാലിം ജീറോഡ് സ്വാഗതവും തുഫൈല്‍ നന്ദിയും പറഞ്ഞു.
കാര്‍ട്ടൂണ്‍ വണ്ടിയിലെ പ്രധാന കാര്‍ട്ടൂണുകള്‍
Error! Filename not specified.

സൗജന്യ കോഴി[video-cartoon]

ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു


കായംകുളം: ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥിയെയും ഭര്‍ത്താവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. കായംകുളം നഗരസഭാ 40ാം വാര്‍ഡ് സ്ഥാനാര്‍ഥി സബീന നൗഷാദ്, (മഞ്ജു- 28) ഭര്‍ത്താവ് നൗഷാദ് (40) എന്നിവര്‍ക്കാണ് കൈക്ക് സാരമായി വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ദേശീയ പാതയില്‍ ഒ.എന്‍.കെ ജങ്ഷനുസമീപമായിരുന്നു സംഭവം.തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ ഹെല്‍മെറ്റ് ധാരികള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Saturday, October 16, 2010

പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രിക- ബി.ആർ.പി. ഭാസ്കർ

പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രിക- ബി.ആർ.പി. ഭാസ്കർ

സമൂഹത്തിന്റെ പുരോഗതി ഉറപ്പാക്കാൻ മാറി ചിന്തിക്കേണ്ട അവസരങ്ങളുണ്ടാകും. അപൂർവമായാണ് അതുണ്ടാവുക. അപ്പോൾ മാറി ചിന്തിക്കാനായില്ലെങ്കിൽ വഴിമുട്ടുകയും മുന്നോട്ടു പോകാനാകാതെ വരികയും ചെയ്യും. അത് ജീർണ്ണതയിലേക്ക് നയിക്കും. പിന്നെ പോക്ക് കീഴ്‌പോട്ടാകും.
ഒരു നൂറ്റാണ്ടു മുൻപ് കേരള സമൂഹം അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയുണ്ടായി. അന്ന് മാറി ചിന്തിക്കാൻ കഴിയുന്നവർ ഉയർന്നുവന്നു. അവർ ദിശാമാറ്റത്തിന് നേതൃത്വം നൽകി. അവരുടെ പ്രവർത്തനമാണ് കേരള നവോത്ഥാനം സാധ്യമാക്കിയത്. അവർ കാട്ടിയ വഴിയിലൂടെ സഞ്ചരിച്ചതിനാലാണ് സാമ്പത്തികശേഷി കുറവായിരുന്നിട്ടും കേരളത്തിന് സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപുതന്നെ ഭാരതത്തിലെ ഇതര പ്രദേശങ്ങളെ പിന്നിട്ടുകൊണ്ട് സാമൂഹികമായി മുന്നേറാൻ കഴിഞ്ഞത്.
കേരളം വീണ്ടും അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയാണ്. ഇന്ന് ഇത് രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ്. പ്രതിശീർഷ വരുമാനത്തിലും ചിലവിലും ഒന്നാം സ്ഥാനത്ത്. പക്ഷെ ക്ഷേമപദ്ധതികളെന്ന പേരിൽ ദുരിതാശ്വാസ നടപടികൾ കൈക്കൊള്ളാനല്ലാതെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നമുക്കാവുന്നില്ല. ഭരണാധികാരികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതുമൂലം സാമ്പത്തിക അഭയാർത്ഥികളായി വിദേശത്ത് പോയവർ അയക്കുന്ന, ഇപ്പോൾ കൊല്ലം തോറും 30,000 കോടി രൂപ വരുന്ന, പണമാണ് സംസ്ഥാനത്തെ നിലനിർത്തുന്നത്. ഈ പണത്തിന്റെ ഒരു ചെറിയ അംശം ഉത്പാദനക്ഷമമായ മേഖലയിൽ എത്തിയാൽ ഇവിടെ ഐശ്വര്യപൂർണ്ണമായ സമൂഹം താനെ രൂപപ്പെടും. അതിനുള്ള കഴിവ് – അതൊ താല്പര്യമൊ‌‌? — ഭരിക്കുന്നവർക്കില്ല. എങ്ങനെയാണ് നമുക്ക് ഈ ദുർഗതിയുണ്ടായത്?
അമ്പതിൽ‌പരം വർഷങ്ങൾക്കുമുൻപ്, ഒരു സമ്പന്ന സമൂഹമല്ലായിരുന്ന ഘട്ടത്തിൽ ലക്ഷ്യത്തിലെത്താൻ വ്യത്യസ്ത മാർഗ്ഗങ്ങൾ ചൂണ്ടിക്കാട്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇവിടെയുണ്ടായിരുന്നു. അവ ശിഥിലമാവുകയും ആർക്കും സ്വന്തം ശക്തിയുടെ മാത്രം അടിസ്ഥാനത്തിൽ അധികാരത്തിലെത്താൻ കഴിയാതെ വരികയും ചെയ്തപ്പോൾ സുസ്ഥിരഭരണം അസാധ്യമായി. പല പരീക്ഷണങ്ങൾക്കുശേഷം സി.പി.എമ്മും കോൺഗ്രസും നയിക്കുന്ന രണ്ട് മുന്നണികൾ രൂപപ്പെട്ടു. തുടക്കത്തിൽ മുന്നണികളെ നയിക്കുന്ന കക്ഷികളുടെ സമീപനങ്ങളിൽ വ്യത്യാസങ്ങൾ കാണാമായിരുന്നു. കാലക്രമത്തിൽ അതില്ലാതായി. ഒരു മുന്നണി വിട്ട് വരുന്നവരെ സ്വീകരിക്കാൻ മറ്റേ മുന്നണി വാതിലും തുറന്നിട്ട് കയ്യും നീട്ടി നിൽക്കുമ്പോൾ പ്രത്യയശാസ്ത്രത്തിന് എന്ത് പ്രസക്തിയാണുള്ളത്? രണ്ട് മുന്നണികളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് പുറത്തിറക്കിയ പ്രകടനപത്രിക നോക്കിയാൽ അവരുടെ സമീപനങ്ങൾ ഒന്നായതായി കാണാം. ഇരുവരും എടുക്കുന്ന പൊതുവായ സമീപനം സാമ്പത്തിക സ്ഥാപിതതാല്പര്യങ്ങൾക്ക് അനുകൂലവും ജനങ്ങളുടെ താല്പര്യങ്ങൾക്ക് എതിരുമാണ്. ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ അത് നമുക്ക് കാണാം. പ്രതിഷേധങ്ങൾ സ്ഥലമെടുപ്പിന് തടസം സൃഷ്ടിച്ചപ്പോൾ മുന്നണി നേതാക്കൾ പിന്നോട്ടുപോകാൻ ഏകകണ്ഠമായി തീരുമാനിച്ചു. ബി.ഓ.ടി അടിസ്ഥാനത്തിൽ പദ്ധതി ഏറ്റെടുക്കാൻ ബാഹ്യസമ്മർദ്ദമുണ്ടായപ്പോൾ അവർ ജനങ്ങളുടെ വികാരം അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ തീരുമാനിച്ചു. അതും ഏകകണ്ഠമായിത്തന്നെ.
മുന്നണികളെ നയിക്കുന്ന കക്ഷികൾക്കിടയിൽ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയൈക്യത്തിന്റെ പിന്നിലെ സാമ്പത്തിക സാമൂഹിക താല്പര്യങ്ങൾ വ്യക്തമാണ്. സാമ്പത്തികതലത്തിൽ വൻ‌കിടക്കാർക്കൊപ്പമാണവർ. അവിടെത്തന്നെ ഉത്പാദന പ്രക്രിയയിലൂടെ പണം സമ്പാദിക്കുന്നവരേക്കാൾ അവർക്ക് പ്രിയം ഭൂമി, ലോട്ടറി, കള്ളക്കടത്ത് തുടങ്ങിയ മേഖലകളിലെ ഇടപാടുകാരാടാണ്. സാമൂഹികതലത്തിൽ തൽ‌സ്ഥിതി നിലനിർത്തി പഴയ മേധാവിത്വവിഭാഗങ്ങളെ ഒപ്പം നിർത്താനാണ് ശ്രമം. രാഷ്ട്രീയ ശൈഥില്യം സൃഷ്ടിച്ച അസ്ഥിരത മറികടക്കുന്നതിൽ മുന്നണികൾ വഹിച്ച പങ്ക് നന്ദിയോടെ നമുക്ക് ഓർക്കാം. ഒപ്പം അവ കാലഹരണപ്പെട്ടിരിക്കുന്നെന്ന് നാം തിരിച്ചറിയുകയും വേണം. മുന്നണികൾ ഇങ്ങനെ തുടരുന്നിടത്തോളം കേരളത്തിൽ ഗുണപരമായ ഒരു മാറ്റവും പ്രതീക്ഷിക്കാനാവില്ല. ഇന്നത്തെ നിശ്ചലാവസ്ഥ അകറ്റി സമൂഹത്തെ മുന്നോട്ടു നയിക്കാനുതകുന്ന രാഷ്ട്രീയം ഉയർന്നുവരേണ്ടിയിരിക്കുന്നു. അത് ഒരു പുതിയ ധ്രുവീകരണത്തിലേക്ക് നയിക്കും. മാറ്റം ആവശ്യമാണെന്ന് കരുതുന്നവർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നൽകുന്ന അവസരം പ്രയോജനപ്പെടുത്തിയാൽ അതിനുള്ള സാഹചര്യം സൃഷ്ടിക്കാനാവും.
ഓരോ അഞ്ചു കൊല്ലവും തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ടു മാത്രം ജനാധിപത്യം ഉറപ്പാക്കാനാവില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ ജനതാല്പര്യം മുൻ‌നിർത്തി അധികാരം വിനിയോഗിക്കുമ്പോഴാണ് സംവിധാനം ജനാധിപത്യപരമാകുന്നത്. പക്ഷപാതം കൂടാതെ നീതിപൂർവകമായി കർത്തവ്യം നിർവഹിക്കാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറുന്നവർ സ്വന്തം താല്പര്യമൊ പാർട്ടിതാല്പര്യമൊ ജാതിമത താല്പര്യമൊ മുൻ‌നിർത്തി തീരുമാനങ്ങളെടുക്കുന്നതാണ് ഇന്ന് നാം കാണുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. ഭരണകൂടം നീതിപൂർവം പ്രവർത്തിക്കുമെന്ന പ്രതീക്ഷയില്ലാത്തതുകൊണ്ട് അവർ ഏതെങ്കിലും പാർട്ടിയുടെ കൊടിക്കീഴിൽ ഇടം കണ്ടെത്തി സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നു. എന്തു ഹീന കൃത്യം ചെയ്താലും അണികളെ സംരക്ഷിക്കാനുള്ള ചുമതല തങ്ങൾക്കുണ്ടെന്ന് ഓരോ പാർട്ടിയും വിശ്വസിക്കുന്നു. കൊലയാളിക്കും കുടുംബത്തിന് ആജീവനാന്ത സംരക്ഷണം നൽകുന്നതു മുതൽ എഴുത്തുപരീക്ഷാഫലം മറികടന്നു ജോലി നേടാനും അന്വേഷണമുണ്ടായാൽ ഉത്തരക്കടലാസുകൾ മുക്കി ഉദ്യോഗം നിലനിർത്താനും സഹായിക്കുന്നതു വരെ എന്തും ചെയ്യാൻ രാഷ്ട്രീയ രക്ഷാധികാരികൾക്ക് മടിയില്ല. ഈ അവസ്ഥ മാറ്റാനുള്ള ശ്രമം തുടങ്ങേണ്ടത് അധികാരത്തിന്റെ ഏറ്റവും താഴത്തെ പടിയായ തദ്ദേശസ്വ്യംഭരണ സ്ഥാപനങ്ങളിൽ നിന്നാണ്. കക്ഷിരാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്നവർക്ക് അവിടെയാണ് ഏറ്റവും ഫലപ്രദമായി ഇടപെടാനാവുക.
പാർലമെന്റ്, നിയമസഭാ സംവിധാനങ്ങൾ പാശ്ചാത്യ ജനാധിപത്യ പാരമ്പര്യത്തിൽ നിന്ന് നാം സ്വീകരിച്ചവയാണ്. അവ ഒരു ഭരണപക്ഷവും ഒരു പ്രതിപക്ഷവും വിഭാവന ചെയ്യുന്നു. പഞ്ചായത്ത് സംവിധാനം നമ്മുടെതന്നെ പാരമ്പര്യത്തിൽ നിന്ന് വന്നതാണ്. അതിൽ ഭരണ-പ്രതിപക്ഷ വിഭജനമില്ല. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും അടങ്ങുന്നതാണ് ഭരണ നിർവഹണ സമിതി. ആദ്യകാലത്ത് രാഷ്ട്രീയ കക്ഷികൾ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പാർട്ടികളിൽ പെട്ടവരും പാർട്ടി ലേബൽ കൂടാതെ മത്സരിച്ചു. എന്നാൽ അടുത്ത കാലത്ത് നമ്മുടെ പാർട്ടികൾ ആ രീതി ഉപേക്ഷിച്ച് അവിടെയും കക്ഷിരാഷ്ട്രീയം കുത്തിച്ചെലുത്തി. ഇപ്പോൾ പഞ്ചായത്തിന്റെ പ്രവർത്തനത്തിൽ അടിമുടി രാഷ്ട്രീയ പക്ഷപാതം നിലനിൽക്കുന്നു.
തദ്ദേശ സ്വയംഭരണത്തെ ഭരണഘടനയുടെ ഭാഗമാക്കിയപ്പോൾ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഒരു ഗ്രാമസഭാ സംവിധാനം ഉണ്ടാക്കിയി. നമ്മുടെ ഭരണവ്യവസ്ഥയിൽ പൌരന്മാർക്ക് നേരിട്ടു ചെന്ന് ചോദ്യം ചോദിക്കാനും പൊതുവായ തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന ഏക വേദിയാണത്. ഗ്രാമസഭയുടെ തീരുമാനങ്ങൾ മാനിക്കാൻ തെരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗത്തിന് ബാധ്യതയുണ്ട്. സംവിധാനം നിലവിൽ വന്നപ്പോൾ ജനങ്ങൾ അത്യുത്സാഹത്തോടെ ഗ്രാമസഭാ യോഗങ്ങളിൽ പങ്കെടുക്കാൻ വന്നു. പക്ഷെ അത്രമാത്രം ജനാധിപത്യത്തിന് കക്ഷികൾ തയ്യാറായിരുന്നില്ല. അവർ വളരെ വേഗം സംവിധാനം തകർത്തു. നിങ്ങളുടെ വാർഡിൽ എന്ന് എവിടെയാണ് ഗ്രാമസഭ ചേരുന്നതെന്ന് നിങ്ങൾ അറിയുന്നുണ്ടോ? ഉണ്ടാകാനിടയില്ല. പലേടത്തും ഇപ്പോൾ യോഗം നടക്കുന്നില്ല. യോഗം നടന്നതായി രേഖകളുണ്ടാക്കുനയാണ് പതിവ്.
ഗ്രാമസഭയെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ കക്ഷിരാഷ്ട്രീയത്തിന്റെ നീരാളിപ്പിടുത്തം അവസാനിക്കണം. കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ളതും സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്നതുമായ ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ് പഞ്ചായത്തുകളുടെ ചുമതലയാണ്. ആനുകൂല്യവിതരണത്തിൽ രാഷ്ട്രീയ വിവേചനവും പക്ഷപാതവും നടമാടുന്നതുകൊണ്ട് പദ്ധതികളുടെ ഗുണം ലഭിക്കുന്നത് ഏറ്റവും അർഹരായവർക്കല്ല, പാർട്ടികൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്കാണ്. പല സ്ഥാപനങ്ങളും അനുവദിച്ച പണം മുഴുവൻ ചെലവാക്കുന്നില്ല. ദുർബലവിഭാഗങ്ങൾക്കുള്ള പദ്ധതികളുടെ കാര്യത്തിലാണ് ഇതുണ്ടാകുന്നത്. കരാർ പണികളിലാണ് എല്ലാവർക്കും താല്പര്യം. പഞ്ചായത്തഗങ്ങളും ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് പദ്ധതിത്തുകയുടെ 30 മുതൽ 70 ശതമാനം വരെ ഊറ്റിയെടുത്ത് നിശ്ചിത അനുപാതത്തിൽ വീതിച്ചെടുക്കുന്നതായി ഈയിടെ ഒരു ഗവേഷകൻ രേഖപ്പെടുത്തുകയുണ്ടായി. സംസ്ഥാനത്തെ പല പഞ്ചായത്തുകളും വരവുചെലവു കണക്ക് ആഡിറ്റ് ചെയ്യാൻ അയക്കുന്നതിൽ വീഴ്ച വരുത്തുന്നതായി കം‌പ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ (സി.എ.ജി) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ ജനകീയ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുടെ പ്രവർത്തകർ ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഇടപെടുകയെന്ന ഉദ്ദേശ്യത്തൊടെ ജനകീയ ഐക്യവേദി രൂപീകരിച്ചത്. ഐക്യവേദി അംഗീകരിച്ച 12 ഇന പരിപാടി പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രികയാണ്. .
പരിപാടിയിലെ പ്രധാന ഇനം കക്ഷിരാഷ്ട്രീയത്തിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽനിന്ന് വിമുക്തമാക്കുകയെന്നതാണ്. അഴിമതിരഹിതവും നീതിപൂർവകവുമായ ഭരണം കാഴ്ചവെക്കുക, ഗ്രാമ-വാർഡ് സഭകൾ പുനരുജ്ജീവിപ്പിക്കുക, കണക്കുകൾ യഥാസമയം പൂർത്തിയാക്കി ആഡിറ്റിന് വിധേയമാക്കുക, സ്ത്രീകൾ, ദലിതർ, ആദിവാസികൾ തുടങ്ങിയ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ പൂർണ്ണമായി നടപ്പാക്കുക തുടങ്ങിയവയും അതിൽ പെടുന്നു. നിലവിലുള്ള മുന്നണികൾക്ക് അകത്തും പുറത്തുമുള്ള ചില കക്ഷികളും തത്വത്തിൽ പരിപാടിയോട് യോജിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മാറ്റമുണ്ടായേ മതിയാകൂ എന്ന സന്ദേശം നൽകിയാൽ മുന്നണികളെ നയിക്കുന്ന കക്ഷികളും മാറി ചിന്തിക്കാൻ നിർബന്ധിതരാകും.
അമ്പതു ശതമാനം സ്ത്രീസംവരണം താഴത്തെ തട്ടുകൾ ശുദ്ധീകരിക്കാനുള്ള അവസരം നൽകുന്നു. സംവരണം ചെയ്യപ്പെട്ട സ്ഥാനങ്ങൾ നിറയ്ക്കാനാവശ്യമായത്ര സ്ത്രീകൾ ഒരു കക്ഷിയിലുമില്ല. എല്ലാ കക്ഷികളും ചേർന്നാലും അതിനുള്ള സ്ത്രീകളുണ്ടാവില്ല. നേതാക്കളുടെ ബന്ധുക്കളൊ പോഷകസംഘടനകളിൽ പെട്ടവരൊ ആയ സ്ത്രീകളെ അങ്കത്തട്ടിൽ ഇറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്ത ഘട്ടത്തിലും എല്ലാ പാർട്ടികളും ഇതു തന്നെയാണ് ചെയ്തത്. അതിലൂടെ സ്ത്രീപ്രാതിനിധ്യം കൂട്ടാമെന്നല്ലാതെ സ്ത്രീശാക്തീകരണം സാധ്യമല്ലെന്ന് അനുഭവം പഠിപ്പിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ള സ്ത്രീകളെ തെരഞ്ഞെടുക്കാനായാൽ അഴിമതിരഹിതവും നീതിപൂർവകവുമായ ഭരണത്തിനുള്ള സാധ്യത ഏറുമെന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷെ രാഷ്ട്രീയം സ്ത്രീകൾക്ക് പറ്റിയ മേഖലയല്ലെന്ന ചിന്ത മദ്ധ്യവർഗ്ഗങ്ങളിൽ ശക്തമാകയാൽ യോഗ്യരായവർ മത്സരരംഗത്തിറങ്ങാൻ മടിക്കും. ഒരു ചരിത്രനിയോഗം കാത്തിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തി അവരെ മുന്നോട്ടുകൊണ്ടുവരാൻ കഴിഞ്ഞാൽ പഞ്ചായത്തുതലത്തിൽ കക്ഷിരാഷ്ട്രീയം ഒഴിവാക്കാനും അങ്ങനെ ജനകീയ ഐക്യവേദിയുടെ പരിപാടിയിലെ മറ്റിനങ്ങൾ പ്രാവർത്തികമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും കഴിയും.
ജനകീയ ഐക്യവേദിയുടെ 12 ഇന പരിപാടി
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക
മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2010 സെപ്‌തംബർ 20ന്റെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം

ജനകീയ വികസന മുന്നണി ഓട്ടന്‍ തുള്ളല്‍[!വീഡിയോ!]


ജനകീയ വികസന മുന്നണി ഓട്ടന്‍ തുള്ളല്‍


Thursday, October 14, 2010

ജനാധിപത്യത്തിന് പുതിയ മുഖം നല്‍കാന്‍ ജനപക്ഷത്തുനിന്നൊരു ഇടപെടല്‍ -എ.ആര്‍


കേരളത്തിലെ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 23, 25 തീയതികളിലായി നടക്കാനിരിക്കെ 22,000 വാര്‍ഡുകളില്‍ 70,915 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു എന്നാണ് നാമനിര്‍ദേശപത്രികകള്‍ പിന്‍വലിച്ച ശേഷമുള്ള കണക്കുകള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ രാഷ്ട്രീയാതീതമായി കാണുകയും ഭരണപക്ഷവും പ്രതിപക്ഷവും ഇല്ലാതെ ഗ്രാമ-നഗരവികസനത്തിനായി പരസ്‌പരസഹകരണത്തോടെ ഭരണം നടക്കുകയും വേണമെന്നതാണ് പഞ്ചായത്തീരാജിന്റെ സങ്കല്‍പമെങ്കിലും രാഷ്ട്രീയത്തിന്റെ അതിപ്രസരം സംസ്ഥാനത്ത് പഞ്ചായത്തുകളെയും വെറുതെ വിട്ടിട്ടില്ലെന്നതാണ് ഗതകാലാനുഭവങ്ങള്‍. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിചിഹ്നങ്ങളില്‍ മത്സരിക്കുന്നു, ഭൂരിപക്ഷം ലഭിച്ച മുന്നണികളില്‍തന്നെ മുറുകുന്ന ചേരിപ്പോരും ഗ്രൂപ്പിസവും കൂറുമാറ്റവും അധികാര വടംവലിയും ഭരണസ്തംഭനം സൃഷ്ടിക്കുന്നു, ആടിക്കളിക്കുന്ന കസേരയില്‍ ഇരുന്നവര്‍ ഭാവിയെപ്പറ്റി ഒരു നിശ്ചയവുമില്ലാതെ കിട്ടുന്ന അവസരം സ്വന്തത്തെ വികസിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഒരു വക സ്ഥിരഭരണം നടക്കുന്ന പഞ്ചായത്തുകളില്‍തന്നെ സ്വജനപക്ഷപാതവും അഴിമതിയും കൊടികുത്തിവാഴുന്നു. വികസനത്തിനായി പഞ്ചായത്തുകള്‍ക്ക് നീക്കിവെച്ച ഭീമമായ ഫണ്ട്, ധനവര്‍ഷത്തിലെ ആദ്യപകുതിയില്‍ നിശ്ചലമാവുന്നു. രണ്ടാം പകുതിയില്‍ സാവകാശം ചലിക്കാന്‍ തുടങ്ങുകയും ഒടുവില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഒറ്റയടിക്ക് ഒരാസൂത്രണവും മുന്‍ഗണനാക്രമവും ഇല്ലാതെ വാരിക്കോരി ചെലവഴിക്കുകയും ചെയ്യുന്ന പതിവ് മാറ്റമില്ലാതെ തുടരുന്നു. 40,100 കോടി നീക്കിവെച്ച ദേശീയ തൊഴിലുറപ്പ് പദ്ധതി അടിത്തട്ടില്‍ കഴിയുന്ന തൊഴില്‍രഹിതരെയാണ് ലക്ഷ്യമിടുന്നതെങ്കിലും കേരളത്തില്‍ അത് കേവലം അര്‍ഥശൂന്യമായ അഭ്യാസമായി മാറിയിട്ടുണ്ട്. പാര്‍ട്ടി പരിഗണനവെച്ച് തെരഞ്ഞെടുത്ത സ്ത്രീകളെ തൂമ്പയും ചട്ടിയുമായി റോഡരികിലേക്ക് തെളിച്ചുകൊണ്ടുവന്ന് കുറ്റിക്കാടും പുല്ലും ചെത്തിക്കുന്ന പണികൊണ്ട് ആര്‍ക്കെന്ത് ഗുണം എന്നു ചോദിക്കാന്‍ ആരുമില്ല. സമൂഹത്തിന് മൊത്തം പ്രയോജനപ്രദമായ കാര്‍ഷിക, ജലസേചന, ശുചീകരണ പ്രവൃത്തികളിലേക്ക് ആസൂത്രിതമായും വ്യവസ്ഥാപിതമായും തൊഴിലുറപ്പ് പദ്ധതി തിരിച്ചുവിടുന്നതിനെപ്പറ്റി ഗൗരവപൂര്‍വമായ ആലോചനയും നടക്കുന്നില്ല. പദ്ധതികളുടെ നാമകരണംപോലും രാഷ്ട്രീയവത്കരിച്ചതുകൊണ്ട് അവയില്‍ പൊതുജന പങ്കാളിത്തം നഷ്ടമാവുകയും പ്രയോജനം പരമാവധി പരിമിതമാവുകയും ചെയ്യുന്നതാണ് അനുഭവം. ഇ.എം.എസ് ഭവനനിര്‍മാണ പദ്ധതി നേരിടുന്ന ദുര്യോഗത്തെപ്പറ്റി മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഈയിടെ വിലപിക്കുകയുണ്ടായി. പദ്ധതിക്ക് ഇ.എം.എസിന്റെ പേരിട്ടതാണ് നിസ്സഹകരണത്തിനും നിശ്ചലതക്കും കാരണമെങ്കില്‍ ആ പേരും വേണമെങ്കില്‍ മാറ്റാം എന്ന് അദ്ദേഹത്തിന് പറയേണ്ടിവന്നു. എം.എന്‍. ഗോവിന്ദന്‍നായര്‍ മന്ത്രിയായിരിക്കെ നടപ്പാക്കിയതായിരുന്നു ലക്ഷംവീട് പദ്ധതി. ഇന്നവയിലധികവും ഇടിഞ്ഞുപൊളിഞ്ഞ് നിവാസയോഗ്യമല്ലാതായ സാഹചര്യത്തില്‍ എം.എന്റെ പേരില്‍ ഒരു നവീകരണ പദ്ധതിയുമായി മന്ത്രി ബിനോയ് വിശ്വം മുന്നോട്ടു വന്നു. ഫലമോ? അര്‍ഹമായ ഒരു പരിഗണനയും ലഭിക്കാതെ പദ്ധതി മിക്കവാറും കടലാസിലൊതുങ്ങുന്നു.

അതിനിടെ, കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികള്‍ പലതും ഇടതു സംസ്ഥാനസര്‍ക്കാര്‍ സ്വന്തം ചെലവിലെന്ന വ്യാജേന നടപ്പാക്കുന്നതിലാണ് യു.ഡി.എഫ് പ്രതിപക്ഷത്തിന്റെ രോഷം. പരാതിയുമായി അവര്‍ കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും ചെയ്തുവെന്നാണ് വാര്‍ത്ത. ചുരുക്കത്തില്‍, ജനാധിപത്യത്തിന്റെ സുഗമവും സുതാര്യവുമായ നടത്തിപ്പിന് ഉപാധിയായി സ്വീകരിക്കപ്പെട്ട ബഹുകക്ഷി രാഷ്ട്രീയം താഴെതലം മുതല്‍ ഉപരിതലംവരെ രാജ്യത്തിനു ശാപമായി മാറുന്നതാണ് കാണുന്നത്. എല്ലാം പാര്‍ട്ടിയടിസ്ഥാനത്തിലാണ്. പാര്‍ട്ടികളെല്ലാം വ്യക്തികളുടെ ഇച്ഛാനുസാരം നിയന്ത്രിക്കുന്ന യന്ത്രങ്ങളും. തന്മൂലം കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം സര്‍വാംഗീകൃതമായ സമവാക്യമായി മാറുന്നു. യാഥാസ്ഥിതിക കക്ഷികള്‍ മുതല്‍ വിപ്ലവപാര്‍ട്ടികള്‍ വരെ ഇതിനപവാദമല്ല. പഞ്ചായത്ത്-നഗരസഭകളില്‍ 50 ശതമാനം സ്ത്രീസംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ആശങ്കിച്ചിരുന്നതുതന്നെയാണ് സ്ഥാനാര്‍ഥി പട്ടികകള്‍ പരിശോധിച്ചപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ ഭാര്യമാരും സന്തതികളും ബന്ധുക്കളും രംഗം കൈയടക്കിയിരിക്കുന്നു. പിന്‍സീറ്റ് ഡ്രൈവിങ്ങാണ് ഈ പ്രതിഭാസത്തിന്റെ അനിവാര്യഫലം. അതോടൊപ്പം സീറ്റുകള്‍ക്കുവേണ്ടിയുള്ള കടിപിടിയും വിമതശല്യവും ഇത്തവണയും മൂര്‍ധന്യത്തിലാണ്. യു.ഡി.എഫിലേക്ക് കൂടുതല്‍ കക്ഷികള്‍ കടന്നുവന്നതോടെ അവരെയൊക്കെയും കുടിയിരുത്തുക വന്‍ തലവേദനയായി. കുറെയൊക്കെ നേതൃത്വം ഇടപെട്ട് ഒതുക്കിയെങ്കിലും ഇപ്പോഴും പലയിടത്തും സൗഹൃദമത്സരവും സൗഹാര്‍ദരഹിതമായ മത്സരവും വിമതഭീഷണിയും നിലനില്‍ക്കുന്നു.

അതിനിടയിലാണ് വര്‍ഗീയ തീവ്രവാദി കക്ഷികളെ കൂട്ടുപിടിച്ചതായ ആരോപണ പ്രത്യാരോപണങ്ങള്‍. ഈ കുളിമുറിയില്‍ ആരും ഉടുത്തവരല്ലെന്ന് പകല്‍വെളിച്ചത്തില്‍ സ്‌പഷ്ടമായിരുന്നിട്ടും നേതാക്കളുടെ കണ്ണടച്ച നിഷേധങ്ങള്‍ക്കും സ്വന്തം സ്ഥിതി മറന്നുള്ള ആരോപണങ്ങള്‍ക്കും കുറവില്ല. ബി.ജെ.പിയുമായി തൃശൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് ധാരണയിലാണെന്ന ആരോപണത്തിന് ശക്തിപകരുന്നവിധം കാവിപ്പാളയത്തില്‍തന്നെ വിവാദം കൊഴുക്കുന്നു. യു.ഡി.എഫാണ് ബി.ജെ.പി സംബന്ധം പണ്ടേ തുടങ്ങിയതെന്നും തരംപോലെ അതിപ്പോഴും തുടരുന്നുവെന്നും എല്‍.ഡി.എഫ് നേതൃത്വം ചൂണ്ടിക്കാട്ടുമ്പോള്‍ അതിന് വിശ്വാസ്യത പകരുന്ന സംഭവങ്ങള്‍ കഴിഞ്ഞ കാലത്തുണ്ടായിരുന്നു. ഇപ്പോഴും ഇല്ലാതെയല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമുഖമായ എസ്.ഡി.പി.ഐയുമായി കോണ്‍ഗ്രസ് ഇടുക്കിയില്‍ കൈകോര്‍ക്കുന്നുവെന്നാരോപിക്കുന്നത് യു.ഡി.എഫിന്റെ രണ്ടാമത്തെ പ്രധാനപാര്‍ട്ടിയായ മുസ്‌ലിംലീഗിന്റെ പ്രാദേശിക നേതൃത്വം. സമീപകാല തെരഞ്ഞെടുപ്പുകളില്‍ പൊതുവെ യു.ഡി.എഫിനോടൊപ്പം നിന്ന പോപ്പുലര്‍ ഫ്രണ്ട് മാറിയ പരിതഃസ്ഥിതിയിലും പൂര്‍ണമായി വലതുമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നതാണ് വസ്തുത. എന്തു വിലകൊടുത്തും വിജയിക്കുക ലക്ഷ്യമാവുമ്പോള്‍ ഉറക്കെ പറയുന്ന തത്ത്വങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും വിശ്വാസ്യത നഷ്ടപ്പെടുക സ്വാഭാവികം. ഈ വിചിത്രസഖ്യങ്ങള്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നശേഷം കൂടുതല്‍ പ്രകടമാവാനാണ് സാധ്യത. ഒന്നും രണ്ടും സീറ്റുകള്‍ അധികാരമുറപ്പിക്കുന്നതിന് തടസ്സമാവുമ്പോള്‍ ആ തടസ്സം നീക്കാന്‍ ചിലരോടുള്ള അയിത്തം ഉപേക്ഷിക്കേണ്ടിവരുക അനിവാര്യമാണ്.

ഇവ്വിധം, പഞ്ചായത്തീരാജിന്റെ അന്തഃസത്തക്ക് വിരുദ്ധവും അവിശുദ്ധവും അധാര്‍മികവുമായ അന്തരീക്ഷം ഒരിക്കല്‍കൂടി ഉരുണ്ടുകൂടവെ ജനപക്ഷത്തു നിന്നുയരുന്ന വേറിട്ട സ്വരം സംസ്ഥാനത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍നിന്ന് ഗ്രാമ-നഗര ഭരണത്തെ മുക്തമാക്കാനും വികസനത്തിന്റെ നേട്ടങ്ങള്‍ അതിന്റെ യഥാര്‍ഥ പ്രായോജകരിലേക്കെത്തിക്കാനും പ്രകൃതിയുടെ നേരെയുള്ള നഗ്‌നമായ കൈയേറ്റം അവസാനിപ്പിക്കാനും അങ്ങനെ ജനകീയ ഇടപെടലുകളിലൂടെ ജനാധിപത്യത്തിന് ഒരു പുതിയ മുഖം നല്‍കാനുമുള്ള ധീരമായ ശ്രമത്തിന് ഇതാദ്യമായി കേരളത്തില്‍ തുടക്കം കുറിച്ചിരിക്കുന്നു. ധാര്‍മിക-നൈതിക മൂല്യങ്ങളുടെ ഭൂമികയില്‍ ജാതിമത ബന്ധങ്ങള്‍ക്കതീതമായി സ്ത്രീ-പുരുഷന്മാരെ അണിനിരത്തിക്കൊണ്ടുള്ള ഈ പരീക്ഷണം രണ്ടായിരത്തിനുതാഴെ വാര്‍ഡുകളിലേ നടക്കുന്നുള്ളൂവെങ്കിലും ഒന്നാം ഘട്ടത്തില്‍ അതിനു ലഭിക്കുന്ന ജനശ്രദ്ധയും താല്‍പര്യവും പ്രത്യാശാജനകമാണ്. മതത്തെ രാഷ്ട്രീയത്തില്‍നിന്ന് നിശ്ശേഷം അകറ്റിനിര്‍ത്തണമെന്ന് തീവ്രമതേതര പക്ഷത്തുനിന്ന് മുറവിളികളുയരവെ, മാനവികതയുടെയും നൈതികതയുടെയും പ്രകൃതിസംരക്ഷണത്തിന്റെയും സന്ദേശം മുഴക്കുന്ന ധര്‍മസംഹിതകള്‍ക്ക് സ്വകാര്യ ജീവിതത്തിലെന്നപോലെ പൊതുജീവിതത്തിലും പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന തിരിച്ചറിവിലേക്ക് സമൂഹം പതിയെ മാറുകയാണ്. ഇന്ത്യന്‍ മതനിരപേക്ഷത ഒരിക്കലും മതങ്ങളുടെ നേരെ നിഷേധാത്മക സമീപനമല്ല സ്വീകരിച്ചിരിക്കുന്നതെന്ന യാഥാര്‍ഥ്യം ബുദ്ധിജീവികളും പണ്ഡിതന്മാരും സാധാരണക്കാരുമെല്ലാം മനസ്സിലാക്കുന്നു. സ്രഷ്ടാവിനെയോ സൃഷ്ടികളെയോ പേടിക്കാത്ത ക്രിമിനലുകളുടെയും കോടീശ്വരന്മാരുടെയും മനുഷ്യാവകാശധ്വംസകരുടെയും കളരിയായി പരിണമിച്ച ഇന്ത്യന്‍ രാഷ്ട്രീയത്തെ മോചിപ്പിക്കാനുള്ള യത്‌നം അതിശക്തമായ വെല്ലുവിളികളെയും ഭീഷണികളെയും നേരിട്ടുകൊണ്ടാണെങ്കിലും വിജയിച്ചേ പറ്റൂ, വിജയിപ്പിച്ചേ പറ്റൂ.

ജനസേവനത്തിന്റെ പുതിയ ഇടം തേടി -ശൈഖ് മുഹമ്മദ് കാരകുന്ന്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വ്വഹണം സത്യസന്ധവും നീതിപൂര്‍വകവും ധര്‍മ്മ നിഷ്ഠവുമാക്കി മാറ്റാന്‍ തീവ്രശ്രമത്തിലേര്‍പ്പെടേണ്ട സന്ദര്‍ഭമാണിത്. ഈ രംഗത്തുള്ള ഏതൊരു ശ്രമവും പുണ്യകര്‍മമത്രെ. അദ്ധ്വാനവും സമയവും ഉപയോഗിക്കാതിരുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല. രണ്ടും സൂക്ഷിച്ചു വെക്കാന്‍ കഴിയുന്നവയല്ലല്ലോ.

മനുഷ്യചരിത്രത്തില്‍ സദ്ഭരണത്തിന്റെ ഏററവും മികച്ച മാതൃക പ്രവാചകന്‍മാര്‍ കഴിഞ്ഞാല്‍ ഖലീഫ ഉമറിന്റേതാണ്. മാതൃകാ ഭരണത്തെക്കുറിച്ച ഏതൊരു ചര്‍ച്ചയിലും അദ്ദേഹം കടന്നു വരുന്നു. മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ തലക്കെട്ട് 'ഖലീഫാ ഉമറിന്റെ പിന്‍മുറക്കാര്‍' എന്നാണ്. പുസ്തകത്തിലെ ആദ്യ അധ്യായത്തിന്റെ പേരും അതുതന്നെ. നിറയൌവ്വനത്തില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ഡോക്ടര്‍ സൈനുദ്ദീന്‍ അദ്ദേഹത്തിന്റെ അയല്‍വാസിയായിരുന്നു. മനുഷ്യ സ്നേഹത്തിന്റെ മഹിത മാതൃകയായിരുന്ന ഡോക്ടര്‍ പാവപ്പെട്ട ഒരു രോഗിക്കു വേണ്ടി ചെയ്ത അത്യസാധാരണമായ സഹായത്തിന്റെയും സേവനത്തിന്റെയും കഥ സ്വന്തം സഹോദരിയില്‍ നിന്ന് കേള്‍ക്കാനിടയായ പത്മനാഭന്റെ മനസ്സ് കാലദേശങ്ങള്‍ക്കപ്പുറത്തേക്ക് പറന്നു പോയി; ഖലീഫാ ഉമറിലേക്ക്.അദ്ദേഹം പാവപ്പെട്ട ഒരു പെണ്ണിന് പാതിരാവില്‍ ധാന്യപ്പൊടി എത്തിച്ചു കൊടുത്ത മഹത്തായ ത്യാഗത്തിന്റെയും സേവനത്തിന്റെയും സംഭവമാണ് അദ്ദേഹം ആ അദ്ധ്യായത്തില്‍ മനോഹരമായി വിശദീകരിക്കുന്നത്. ഇസ്ലാമിന്റെ മഹത്വവും യശസ്സും ഉയര്‍ത്തുന്നതിലും അതിന്റെ പ്രചാരണത്തിലും ഉമറുല്‍ ഫാറൂഖിന്റെ ഇത്തരം ഉജ്ജ്വലമായ ഭരണമാതൃകകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഉമറിനെ മാതൃകാ വ്യക്തിത്വമാക്കിയതും അദ്ദേഹത്തിന്റെ ഭരണത്തെ മികവുറ്റതാക്കിയതും എന്തായിരുന്നു?


ത്യാഗപൂര്‍ണ്ണമായ സേവനം, കണിശമായ നീതിനിഷ്ഠ, അവിശ്വസനീയമായ ജീവിതലാളിത്യം, ഭരണീയരോടുള്ള അതിരുകളില്ലാത്ത കാരുണ്യവും വാത്സല്യവും..... ഇവയൊക്കെയായിരുന്നു. ജനസേവനം ദൈവത്തിന്നുള്ള ആരാധനയാണ്. പ്രവാചകന്‍ പറയുന്നു: "അന്ത്യദിനത്തില്‍ അല്ലാഹു പറയും. ഹേ മനുഷ്യാ, ഞാന്‍ രോഗിയായപ്പോള്‍ നീയെന്നെ സന്ദര്‍ശിച്ചില്ല.'' അപ്പോള്‍ മനുഷ്യന്‍ ചോദിക്കും: "എന്റെ നാഥാ ഞാന്‍ നിന്നെ സന്ദര്‍ശിക്കുകയോ.'' അന്നേരം അല്ലാഹു പറയും: "എന്റെ ഇന്ന അടിമ രോഗിയായത് നീ അറിഞ്ഞില്ലേ. എന്നിട്ട് നീ അവനെ സന്ദര്‍ശിച്ചില്ല. അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അവന്റെ അടുത്ത് എന്നെ കാണുമായിരുന്നുവെന്ന് നിനക്ക് അറിഞ്ഞു കൂടേ. ഹേ മനുഷ്യാ നിന്നോട് ഞാന്‍ ഭക്ഷണം ആവശ്യപ്പെട്ടു. പക്ഷേ നീയെനിക്ക് ഭക്ഷണം തന്നില്ല.'' മനുഷ്യന്‍ പറയും: "എന്റെ നാഥാ, നീ ലോക രക്ഷിതാവല്ലേ, ഞാന്‍ നിനക്കെങ്ങനെ ആഹാരം നല്‍കും?'' അല്ലാഹു പറയും: "എന്റെ ഇന്ന അടിമ നിന്നോട് ആഹാരം ആവശ്യപ്പെട്ടത് നിനക്കറിയില്ലേ. എന്നിട്ട് നീ അവന് ആഹാരം കൊടുത്തില്ല. നീ അവന് ആഹാരം നല്‍കിയിരുന്നുവെങ്കില്‍ അത് എന്റെ അടുത്ത് കാണുമായിരുന്നുവെന്ന് നിനക്കറിഞ്ഞു കൂടേ. മനുഷ്യാ ഞാന്‍ നിന്നോട് കുടിനീര് ആവശ്യപ്പെട്ടു. നീ എനിക്കു വെള്ളം തന്നില്ല.'' മനുഷ്യന്‍ പറയും: " എന്റെ നാഥാ, നീ ലോകരക്ഷിതാവ്. ഞാന്‍ എങ്ങനെ നിനക്കു വെള്ളം തരും.'' അല്ലാഹു പറയും: "എന്റെ ഇന്ന അടിമ നിന്നോട് വെള്ളം ചോദിച്ചു. നീ അവന് കൊടുത്തില്ല. നിനക്ക് അറിഞ്ഞു കൂടേ, നീ വെള്ളം കൊടുത്തിരുന്നുവെങ്കില്‍ അത് എന്റെ അടുത്ത് കാണുമായിരുന്നുവെന്ന്.'' (ബുഖാരി)

"സൃഷ്ടികളൊക്കെയും ദൈവത്തിന്റെ കുടുംബമാണ്. ദൈവത്തിന് ഏറ്റവും കൂടുതല്‍ ഇഷ്ടം അവന്റെ കുടുംബത്തിന് കൂടുതല്‍ ഉപകാരം ചെയ്യുന്നവരെയാണ്.'' (അത്തയ്സീറു ബിശ്ശര്‍ഹില്‍ ജാമിഇസ്സഗീര്‍) ജനസേവനം ദൈവസഹായത്തിന് വഴിയൊരുക്കുമെന്ന വിശ്വാസം എക്കാലത്തും സമൂഹത്തില്‍ നിലനിന്നു പോന്നിട്ടുണ്ട്. ആദ്യമായി ദിവ്യസന്ദേശം ലഭിച്ച് ദൈവദൂതനായി മാറിയ മുഹമ്മദ് നബി പ്രവാചകത്വത്തിന്റെ കഠിന ഭാരവുമായി പ്രിയപത്നി ഖദീജാബീവിയുടെ സന്നിധിയിലെത്തിയപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകള്‍ ഇതാണ് വ്യക്തമാക്കുന്നത്. "പ്രിയപ്പെട്ടവനേ, അല്ലാഹു ഒരിക്കലും അങ്ങയെ അപമാനിക്കുകയില്ല. കഷ്ടപ്പെടുത്തുകയുമില്ല. അങ്ങ്് കുടുംബ ബന്ധം ചേര്‍ക്കുന്നു. സത്യം മാത്രം പറയുന്നു. അശരണരെ സഹായിക്കുന്നു. അതിഥികളെ സല്‍ക്കരിക്കുന്നു. സത്യത്തിന്റെ വിജയത്തിന്നായി പണിയെടുക്കുന്നു. ഒരു തെററും ചെയ്യുന്നില്ല. എല്ലാം നല്ലതിനായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.''


ഇസ്ലാമിന്റെ നന്മയും മേന്മയും ജനമെന്നും അനുഭവിച്ചറിഞ്ഞത് അതിന്റെ അനുയായികളുടെ സേവനപ്രവര്‍ത്തനങ്ങളിലൂടെയാണ്. എതിരാളികളുടെ കഠിന മര്‍ദ്ദനം കാരണം നാടു വിടാന്‍ തീരുമാനിച്ച അബൂബക്കര്‍ സിദ്ദീഖിനോട് ശത്രുക്കളുടെ ഗോത്രത്തലവന്‍ ഇബ്നുദ്ദുഗ്ന പറഞ്ഞു: "താങ്കളെപ്പോലുള്ളവര്‍ നാടു വിടരുത്. നാട്ടില്‍ നിന്ന് പറഞ്ഞയക്കപ്പെടുകയുമരുത്. താങ്കള്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നു. കടക്കാരെ തുണക്കുന്നു. അശരണര്‍ക്ക് അഭയമേകുന്നു.'' ജനസേവനത്തിന്റെ ഈ എല്ലാ മേന്മയും മഹത്വവും പ്രാധാന്യവും നന്നായി മനസ്സിലാക്കിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെപ്പോലെ സേവനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായ ഏതെങ്കിലും പ്രസ്ഥാനം രാജ്യത്തുണ്ടോയെന്ന് സംശയമാണ്. ഇതേവരെ ജമാഅത്ത് പ്രവര്‍ത്തകര്‍ തങ്ങളുടെ പണവും ഉദാരമതികളില്‍ നിന്ന് ശേഖരിക്കുന്ന സംഖ്യയും സ്വന്തം അദ്ധ്വാനവും ഉപയോഗിച്ചാണ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ ജനസേവനത്തിന്റെ കൂടുതല്‍ വിശാലവും തുറന്നതും ഫലപ്രദവുമായ ഇടങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള അവസരങ്ങളാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ പങ്കാളിത്തത്തിലൂടെ ലഭ്യമാകുന്നത്.

കേരളത്തില്‍ ജനക്ഷേമ പദ്ധതികള്‍ക്കായി നീക്കി വെക്കപ്പെടുന്ന സംഖ്യയില്‍ നാല്‍പത് ശതമാനത്തിലേറെയും ചെലവഴിക്കപ്പെടുന്നത് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലൂടെയാണ്. എന്നാല്‍ അതിന്റെ നാല്‍പതു ശതമാനത്തില്‍ താഴെ മാത്രമേ ജനങ്ങളിലെത്തുന്നുള്ളൂ. ബാക്കിയൊക്കെയും ഇടത്തട്ടുകാരുടെ പോക്കറ്റുകളിലാണെത്തുന്നത്. കഴിഞ്ഞ അഞ്ചു കൊല്ലത്തെ കണക്കുകള്‍ പരിശോധിക്കുന്ന ഏവര്‍ക്കും ഇത് വളരെ വേഗം ബോധ്യമാകും.

1. വികസനപ്രവര്‍ത്തനങ്ങളും പദ്ധതികളും ഏറ്റെടുത്ത് നടത്തുന്നത് ജനകീയ സമിതികളായിരിക്കണം. കോണ്‍ട്രാക്ടര്‍മാരെയും മറ്റു ഇടത്തട്ടുകാരെയും പൂര്‍ണ്ണമായും മാറ്റി നിര്‍ത്തണം. അവയുടെ സുഗമമായ നടത്തിപ്പിന് എഞ്ചിനീയര്‍മാരോ മറ്റോ തടസ്സം നില്‍ക്കുകയാണെങ്കില്‍ അവരെ സമൂഹമദ്ധ്യത്തില്‍ തുറന്ന് കാണിക്കുകയും അവര്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും വേണം.

2. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പണം ജനങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്നതാകയാല്‍ വിശദമായ കണക്ക് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും വിശദമായ കണക്ക് ജനങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കപ്പെടണം.

3. പദ്ധതികള്‍ അനുവദിക്കുന്നതും നടപ്പാക്കുന്നതും ജനങ്ങളുമായി കൂടിയാലോചിച്ചു കൊണ്ടായിരിക്കണം. വ്യക്തികളോ പാര്‍ട്ടിക്കാരോ കോണ്‍ട്രാക്ടറോ ആവരുത്.

4. വ്യക്തികള്‍ക്ക് അനുവദിക്കപ്പെടുന്ന എല്ലാ സഹായങ്ങളും ലഭിക്കുന്നത് സമൂഹത്തിലെ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കായിരിക്കണം. അതിനായി ജനങ്ങളെ ഒരുമിച്ചു കൂട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. ജാതി, മത, കക്ഷി, പാര്‍ട്ടി പരിഗണനകള്‍ക്ക് അതീതമായിരിക്കണം വ്യക്തികളുടെ തെരഞ്ഞെടുപ്പ്.

5. ഇപ്പോള്‍ അനുവദിക്കപ്പെടുന്ന സംഖ്യയില്‍ ചെറിയ ശതമാനം മാത്രമേ ചെലവഴിക്കപ്പെടുന്നുള്ളു. ബാക്കിയൊക്കെയും ലാപ്സായി പോവുകയാണ്. ഭരിക്കുന്നവരുടെ ഗുരുതരമായ അശ്രദ്ധയും ആലസ്യവും അവഗണനയുമാണിതിനു കാരണം. ഈയവസ്ഥക്ക് അറുതിയുണ്ടാവണം.

6. മദ്യം, മയക്കുമരുന്ന്, ലൈംഗിക അരാജകത്വം പോലുള്ള സാമൂഹിക തിന്മകളും കുറ്റകൃത്യങ്ങളും തടയുന്നതില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാന്‍് സാധിക്കും. ഇതില്‍ ഒരു വിധ അശ്രദ്ധയോ അവഗണനയോ ഉണ്ടാകാവതല്ല.

7. വര്‍ഗ്ഗീയത, സാമുദായിക ധ്രുവീകരണം,ജാതി സംഘര്‍ഷം, രാഷ്ട്രീയ സംഘട്ടനങ്ങള്‍ പോലുള്ളവയ്ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം സംഘടിപ്പിക്കണം. നാട്ടില്‍ സമാധാനവും ശാന്തിയും ഉറപ്പു വരുത്താന്‍ എല്ലാ വാര്‍ഡുകളിലും ഡിവിഷനുകളിലും മുഴുവന്‍ ജാതി, മത, സമുദായ, രാഷ്ട്രീയ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സൌഹൃദവേദികളുണ്ടാക്കണം.

8. വികസനത്തില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കുക.ഭക്ഷണം, വസ്ത്രം,പാര്‍പ്പിടം, വെള്ളം, വെളിച്ചം, വിദ്യാഭ്യാസം, ചികില്‍സ, തൊഴില്‍ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കണം പ്രഥമ പരിഗണന.

9. ഭരണനിര്‍വ്വഹണത്തിലെ സ്ത്രീ പങ്കാളിത്തം അര്‍ത്ഥപൂര്‍ണ്ണവും യാഥാര്‍ത്ഥ്യനിഷ്ഠവുമാണെന്ന് ഉറപ്പ് വരുത്തുക. അവരെ ബിനാമികളാക്കി പുരുഷന്മാര്‍ ഭരിക്കുന്ന അവസ്ഥക്ക് അറുതി വരുത്തുക.

10. വികസനം പ്രകൃതിവിരുദ്ധമാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക. പുഴകള്‍ക്കും തോടുകള്‍ക്കും കുളങ്ങള്‍ക്കും നീര്‍ചാലുകള്‍ക്കും വയലുകള്‍ക്കും മലകള്‍ക്കും പോറല്‍ പററാതിരിക്കാന്‍ ജാഗ്രത പാലിക്കുക.അവയൊക്കെ നമ്മെപ്പോലെ വരും തലമുറകള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധം വളര്‍ത്തുക. വായുവിലും വെള്ളത്തിലും മണ്ണിലും വിണ്ണിലും വിഷം കലര്‍ത്താത്ത വികസനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്.കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കുക.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വ്വഹണം സത്യസന്ധവും നീതിപൂര്‍വകവും ധര്‍മ്മ നിഷ്ഠവുമാക്കി മാറ്റാന്‍ തീവ്രശ്രമത്തിലേര്‍പ്പെടേണ്ട സന്ദര്‍ഭമാണിത്. ഈ രംഗത്തുള്ള ഏതൊരു ശ്രമവും പുണ്യകര്‍മമത്രെ. അദ്ധ്വാനവും സമയവും ഉപയോഗിക്കാതിരുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല. രണ്ടും സൂക്ഷിച്ചു വെക്കാന്‍ കഴിയുന്നവയല്ലല്ലോ.

Monday, October 11, 2010

ജമാഅത്തെ ഇസ്ലാമിയും വിമര്‍ശകരും

കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ശ്രീ. കെ.പി സുകുമാരന്‍ ബ്ലോഗില്‍ എഴുതിയ ലേഖനമാണിത്. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഉന്നയിക്കപ്പെട്ട ചില വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്ന ഈ ലേഖനത്തോടുള്ള പ്രതികരണങ്ങളും ബ്ലോഗില്‍ വായിക്കാം. kpsukumaran.blogspot.com

ജമാഅത്തെ ഇസ്ലാമിയും
വിമര്‍ശകരും


കെ.പി സുകുമാരന്‍

ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചുകൊണ്ട് എം.എന്‍ കാരശ്ശേരി സി.ആര്‍ നീലകണ്ഠനെതിരെ പറഞ്ഞ കാര്യങ്ങള്‍ വായിക്കാനിടയായി. മാഷിന്റെ വിചിത്രമായ വാദഗതി വായിച്ച് ഞാന്‍ അന്തം വിട്ടുപോയി. അദ്ദേഹം പറയുന്നു: "കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയോ അവരുടെ ഉപസംഘങ്ങളോ ആയുധപരിശീലനം നടത്തിയതിന് തെളിവൊന്നുമില്ല. എങ്കിലും ഇക്കാണുന്ന ജനാധിപത്യ-മതേതര മുഖം അവരുടെ തല്‍ക്കാലത്തെ മുഖംമൂടി മാത്രാണ്. സാഹചര്യത്തെളിവുകള്‍: (1) വോട്ട് ചെയ്യുന്നത് നിഷിദ്ധം (ഹറാം) ആണ് എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ വന്നത് (1941). അടിയന്തരാവസ്ഥയെ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പ് (1977) മുതല്‍ വോട്ട് ചെയ്യാന്‍ ആരംഭിച്ചു. അന്ന് കോണ്‍ഗ്രസ് വിരുദ്ധം. പിന്നെ വ്യക്തിയെ നോക്കി വോട്ടു ചെയ്യും എന്നായി. കുറച്ചു കഴിഞ്ഞപ്പോള്‍ മൂല്യാധിഷ്ഠിതമായി സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു തുടങ്ങി. ജമാഅത്തെ ഇസ്ലാമി സ്വയം ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് എന്ന സത്യം തുറന്നു പറഞ്ഞത് ഇപ്പോള്‍ മാത്രമാണ് (2009). നീണ്ട ആറു പതിറ്റാണ്ടുകാലം ആ വസ്തുത ഒളിച്ചുവെച്ചു എന്നര്‍ഥം''
ജമാഅത്തെ ഇസ്ലാമിക്കെതിരെ എല്ലാവരും പറയുന്ന കുറ്റം ഒരേമാതിരി തന്നെ. ജമാഅത്തിന്റെ പ്രവര്‍ത്തകരായാലും സോളിഡാരിറ്റി പ്രവര്‍ത്തകരായാലും അവര്‍ ഇതേ വരെ ആയുധമെടുത്തിട്ടില്ല. പൊതുമുതല്‍ നശിപ്പിച്ചിട്ടില്ല. ആക്രമണങ്ങള്‍ നടത്തിയിട്ടില്ല. വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടില്ല. ഇതിനൊന്നും ഒരു തെളിവും ആര്‍ക്കുമില്ല. പിന്നെയോ അവര്‍ സമരമുഖങ്ങളില്‍ ജനപക്ഷത്ത് നിന്ന് പൊരുതുന്നു. മാത്രമല്ല അടുത്ത് ഇടപഴകുമ്പോള്‍ നല്ല പെരുമാറ്റം, എളിമ, വിനയം ഇവയൊക്കെയും. പിന്നെന്താ വേണ്ടത്? ഇങ്ങനെയല്ലേ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും പ്രവര്‍ത്തകരും വേണ്ടത്? ആയിരിക്കാം. പക്ഷേ, ഇതൊക്കെ മുഖംമൂടിയാണ്. ശരിയായ ലക്ഷ്യം ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ടാണ് ഇങ്ങനെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നത്. അവസരം ഒത്ത് വന്നാല്‍ അവര്‍ തനിനിറം പുറത്തെടുക്കും. അങ്ങനെ ഇവര്‍ അണിയുന്ന പൊയ്മുഖത്തിന്റെ ഒരു സാമ്പിള്‍ ആണ് കാരശ്ശേരി മാഷ് ചൂണ്ടിക്കാട്ടുന്നത്.
ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ സംഘടനയാണെന്ന് അവര്‍ ആറ് പതിറ്റാണ്ട് കാലം ഒളിപ്പിച്ചുവെച്ചു. അതായത് തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുമെന്നും അന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ജനങ്ങളോട് വോട്ട് ചോദിക്കുമെന്നും 1941-ല്‍ തീരുമാനിച്ചിട്ട്, അന്ന് വോട്ട് ചെയ്യുന്നത് ഹറാമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തിട്ട് 2009-ല്‍ മാത്രം അത് പരസ്യമാക്കുന്നു. ലോകത്ത് ഒരു സംഘടനയും ഇത്രയും കാലം ഒരു പരിപാടി ഒളിപ്പിച്ചു വെച്ചിരിക്കാന്‍ സാധ്യതയില്ല. ജമാഅത്തെ ഇസ്ലാമി 1941-ല്‍ രൂപീകരിച്ചതിനു ശേഷം നീണ്ട ആറ് പതിറ്റാണ്ടില്‍ ഉണ്ടായ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളാല്‍ ആ സംഘടനയുടെ നയപരിപാടികളില്‍ ഉണ്ടായ സ്വാഭാവിക പരിണാമങ്ങളാണ് 2009-ലെ അവരുടെ തീരുമാനങ്ങളില്‍ പ്രതിഫലിക്കുന്നത് എന്ന് അംഗീകരിക്കാന്‍ കാരശ്ശേരി മാഷിനോ ജമാഅത്തെ ഇസ്ലാമിയുടെ വിമര്‍ശകര്‍ക്കോ കഴിയുന്നില്ല. ഇനിയങ്ങോട്ട് ജമാഅത്തെ ഇസ്ലാമിയുടെ നയങ്ങളിലും ആശയങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടായാലും അവര്‍ അംഗീകരിക്കുകയില്ല. അവരെ സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമി മാറുകയേ ഇല്ല. അവരുടെ മുഖംമൂടി പുറത്ത് എടുക്കുന്നത് വരെയുള്ള എല്ലാ നയങ്ങളും 1941-ല്‍ തീരുമാനിച്ചിട്ടുണ്ട്. അതുവരെയുള്ള എല്ലാ നല്ല പ്രവര്‍ത്തനങ്ങളും അഭിനയമാണ്.
അപ്പോള്‍ ഈ മുഖംമൂടി സിദ്ധാന്തക്കാര്‍ക്ക് വേണ്ടത് എന്തായിരുന്നു. ഇതുവരെ ജമാഅത്തെ ഇസ്ലാമിക്കാരും സോളിഡാരിറ്റിക്കാരും ചെയ്യാത്തതൊക്കെ ചെയ്യണമായിരുന്നു. അതായത് പ്രതിയോഗികളെ സ്കൂള്‍ വിദ്യാര്‍ഥികളുടെ മുന്നിലിട്ടായാലും വെട്ടിക്കൊല്ലണമായിരുന്നു. കൊലപാതക പരമ്പരകളില്‍ തങ്ങളുടെ സ്കോര്‍ ഒരിക്കലും കുറയാതെ നോക്കണമായിരുന്നു. ബോംബുകള്‍ നിര്‍മിക്കണമായിരുന്നു. അങ്ങനെ നിര്‍മിക്കുമ്പോള്‍ സ്വന്തം കൈയില്‍ നിന്ന് അബദ്ധത്തില്‍ പൊട്ടിയാലും അത് ശത്രുക്കള്‍ എറിഞ്ഞതാണെന്ന് പറയണമായിരുന്നു. ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാല്‍.... അടിച്ച് മുട്ടൊടിക്കും സൂക്ഷിച്ചോ... ഇമ്മട്ടില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് ജാഥ നയിക്കണമായിരുന്നു. എങ്കില്‍ ഈ വിമര്‍ശകര്‍ക്ക് ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കാന്‍ ഒരു കാരണവും കിട്ടുകയില്ലായിരുന്നു. പൊയ്മുഖമില്ലല്ലോ.
മാത്രമല്ല, നേരാംവണ്ണം സമൂഹത്തില്‍ ഇറങ്ങി മേലില്‍ ആരും പ്രവര്‍ത്തിക്കരുതെന്ന ഒരു സന്ദേശവും ഈ വിമര്‍ശകര്‍ നല്‍കുന്നുണ്ട്. കാരണം ഇവര്‍ക്ക് വിമര്‍ശിക്കാതിരിക്കാന്‍ പറ്റുമോ? ശീലിച്ചുപോയില്ലേ. അതുകൊണ്ട് 'ജമാഅത്തെ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തനങ്ങളെ ആരും മാതൃകയാക്കരുത്. ഒന്നുമില്ലെങ്കില്‍ എന്തോ ദുഷ്ടലാക്ക് ഉണ്ടെന്ന് ഈ വിമര്‍ശകര്‍ ആരോപിച്ചു കളയും. ഇന്ത്യയെ ഒരു മുസ്ലിം മതരാഷ്ട്രമാക്കി മാറ്റാനാണ് ജമാഅത്തെ ഇസ്ലാമി ഈ മുഖംമൂടി അണിഞ്ഞുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്നത്' എന്നാണ് പറയുന്നത്. അപ്പോള്‍ ഇവര്‍ എത്രകാലം ഈ മുഖംമൂടി അണിയും? ഇന്ത്യ ഒരു മുസ്ലിം മതരാഷ്ട്രമായി മാറുന്ന ആ നിമിഷം വരെ ഇവര്‍ മുഖംമൂടി ധരിച്ചുകൊണ്ട് ഇങ്ങനെ അഭിനയിക്കും എന്നാണോ അനുമാനിക്കേണ്ടത്. എത്രയോ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. അതില്‍ മഹത്തായ ആദര്‍ശം പറഞ്ഞിട്ട് ആളെ കൊല്ലുന്നവര്‍ തൊട്ട് തീവ്രവാദികള്‍ വരെ ഉണ്ട്. അവര്‍ക്കെല്ലാം അവരുടെ യഥാര്‍ഥ മുഖം ആളുകളെ കാണിക്കാമെങ്കില്‍ ജമാഅത്തെ ഇസ്ലാമിക്കും അവരുടെ യഥാര്‍ഥ മുഖം പുറത്ത് കാണിക്കുന്നതില്‍ എന്താണ് തടസ്സം എന്ന് ഈ മുഖംമൂടി വാദക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെ ഒരു നിഗമനത്തിലേക്ക് എത്താന്‍ തക്കതായ സാഹചര്യത്തെളിവുകള്‍ കാരശ്ശേരി മാഷ് മുന്നോട്ട് വെക്കുന്നത് പോലെയാണെങ്കില്‍ അതൊക്കെ വെറും ബാലിശമെന്ന് കുട്ടികള്‍ പോലും പറയും.
മുസ്ലിം തീവ്രവാദം മൌദൂദിയുടെ സംഭാവനയാണെന്ന് ചിലര്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ജമാഅത്തെ ഇസ്ലാമിയല്ലേ ലക്ഷണമൊത്ത തീവ്രവാദ സംഘടനയാകേണ്ടത്? മൌദൂദി മതേതരത്വത്തെയും ജനാധിപത്യത്തെയും അംഗീകരിക്കുന്നില്ല എന്നാണ് മറ്റൊരു വാദം. ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായങ്ങള്‍ ജമാഅത്തെ ഇസ്ലാമിയല്ലേ പറയേണ്ടത്? ജനാധിപത്യത്തെയും മതേതരത്വത്തെയും പറ്റിയുള്ള ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം അവര്‍ തുറന്ന് പറയുന്നുണ്ട്. അതില്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അതല്ലാതെ അതൊക്കെ മുഖംമൂടിയാണ് എന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്? കമ്യൂണിസ്റ് പാര്‍ട്ടികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള സര്‍ക്കാറും കോടതിയും ഭരണഘടനയും ജനാധിപത്യവും എല്ലാം ബൂര്‍ഷ്വാ സമ്പ്രദായമാണ്. ഞങ്ങള്‍ വിപ്ളവം നടത്തിയിട്ട് യഥാര്‍ഥ ജനാധിപത്യം സ്ഥാപിക്കും എന്നാണ് അവര്‍ പരസ്യമായി പറയുന്നത്. എന്നിട്ടും നമ്മള്‍ ആരെങ്കിലും ഇവിടെ വിപ്ളവം വന്നുകളയും എന്ന് പേടിക്കുന്നുണ്ടോ? ഞങ്ങള്‍ക്ക് ഇവിടെ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള ഒരു പരിപാടിയും ഇല്ലെന്ന് ജമാഅത്തെ ഇസ്ലാമി പറയുന്നുണ്ട്. അപ്പോഴും പറയുന്നു അത് മുഖംമൂടിയാണെന്ന്.
കാരശ്ശേരി മാഷിന്റെ കുറിപ്പില്‍, മാതൃഭൂമി വാരികയിലെ അഭിമുഖത്തില്‍ സി.പി.എമ്മിനെ ഇനി നന്നാക്കിയെടുക്കാന്‍ പറ്റില്ലെന്ന് നീലകണ്ഠന്‍ അഭിപ്രായപ്പെട്ടതായും കണ്ടു. നീലകണ്ഠന്റെ ആ നിരീക്ഷണത്തോട് ഇന്നാരും വിയോജിക്കുകയില്ല. എന്തു തന്നെയായാലും കമ്യൂണിസ്റുകാര്‍ ജനങ്ങളോടൊപ്പം നിന്ന് പൊരുതുന്നവരാണെന്ന ഒരു ധാരണയുണ്ടായിരുന്നു. ആ ധാരണ ഇന്നാര്‍ക്കുമില്ല. ആ വിടവിലാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ വിശിഷ്യാ സോളിഡാരിറ്റിക്കാര്‍ കടന്നുവരുന്നത്. അതാണ് വര്‍ത്തമാനകാല സാമൂഹിക രംഗത്തെ അവരുടെ പ്രസക്തിയും. മൂലമ്പിള്ളിയിലും കിനാലൂരിലും മറ്റും കണ്ടത് അതാണ്. കേരളത്തിന്റെ പൊതുമനഃസാക്ഷിയുടെ അനുഭാവം പിടിച്ചുപറ്റാന്‍ സോളിഡാരിറ്റിക്ക് കഴിയുന്നുണ്ട്. സി.ആറിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "മൂലമ്പിള്ളിയിലെ ആളുകളെ അടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. രാത്രി സോളിഡാരിറ്റിക്കാരാണ് ഷെഡ് കെട്ടുന്നത്. പത്രം വായിക്കുന്ന ഓരോ മലയാളിയുടെയും മനസ്സില്‍ ഈ സത്യം പതിഞ്ഞു കിടപ്പുണ്ട്.''
സമൂഹത്തെ സേവിക്കാന്‍ ചിലര്‍ എക്കാലത്തും മുന്നോട്ടുവരാറുണ്ട്. പണ്ടൊക്കെ വഴിവക്കില്‍ തണല്‍ വൃക്ഷങ്ങള്‍ നട്ടും, ചുമട് താങ്ങിയും വഴിവിളക്കുകള്‍ സ്ഥാപിച്ചും, ധര്‍മക്കിണറുകളും വഴിയമ്പലങ്ങളും പണിതും ഒക്കെയായിരുന്നു അവര്‍ തങ്ങളുടെ സാമൂഹിക സേവന സന്നദ്ധത നിറവേറ്റിയിരുന്നത്. ഇക്കാലത്തും ചിലര്‍ക്കെങ്കിലും സാമൂഹിക പ്രവര്‍ത്തനത്തില്‍ താല്‍പര്യമുണ്ടാവുകയാണെങ്കില്‍ അവരുടെ മുന്നില്‍ ഏതെല്ലാം സംഘടനകളാണുള്ളത്. തീര്‍ച്ചയായും ജമാഅത്തെ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ഇങ്ങനെ ധൈര്യപൂര്‍വം ചൂണ്ടിക്കാണിക്കാന്‍ ചുരുക്കം സംഘടനകളേ ഉള്ളൂ എന്ന് പറയേണ്ടിവരും. രാഷ്ട്രീയ പാര്‍ട്ടികള്‍ വെറും അധികാര രാഷ്ട്രീയം കൈയാളുന്നവരും രാഷ്ട്രീയ പ്രവര്‍ത്തകര്‍ വെറും അധികാര ദല്ലാള്‍മാരും ആയി മാറി കഴിഞ്ഞു. ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുതിയ ജനകീയ വ്യാകരണം എഴുതുമോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ അങ്ങനെയൊരു ആവശ്യകത കാലം മുന്നോട്ടുവെക്കുന്നുണ്ട്.
ജമാഅത്തെ ഇസ്ലാമിക്ക് എന്തൊക്കെ പറഞ്ഞാലും ഒരു പരിമിതിയുണ്ട്. അതൊരു കുറ്റമല്ല താനും. അടിസ്ഥാനപരമായി മുസ്ലിം സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഇസ്ലാം എന്നത് മാനവരാശിക്ക് സമാധാന പൂര്‍ണമായി ജീവിക്കാനുള്ള, മനുഷ്യ മഹത്വത്തില്‍ ഊന്നിയ ഒരു ദര്‍ശനമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ആ ദര്‍ശനത്തിന്റെ ശരിയായ പ്രയോഗത്തില്‍ മുസ്ലിം സമുദായത്തെ എത്തിക്കുക എന്നതാണ് ജമാഅത്തെ ഇസ്ലാമി പ്രഥമ ദൌത്യമായി കാണുന്നത്. ഒരു മുസ്ലിം ഇസ്ലാം സംഹിതയില്‍ കഴിയുന്നതും അതനുസരിച്ച് ജീവിക്കേണ്ടതുണ്ട്. വ്യതിയാനങ്ങള്‍ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് ആര്‍ക്കെതിരായിട്ടും അല്ല. ലോകം ബഹുസ്വരമാണ്, ഏകശിലാ രൂപത്തില്‍ അതിനെ മാറ്റാന്‍ കഴിയില്ലെന്ന് മറ്റാരെ പോലെയും ജമാഅത്തെ ഇസ്ലാമിക്കും അറിയാം. വിശ്വാസങ്ങളുടെ സംഘട്ടനമല്ല സമന്വയമാണ് ജമാഅത്തെ ഇസ്ലാമി ഉന്നം വെക്കുന്നത്. ഏറിയാല്‍ അവര്‍ മറ്റു വിശ്വാസികളോട് പറയുക, ഞങ്ങള്‍ സ്വീകരിച്ച ഈ ദര്‍ശനം നിങ്ങള്‍ക്ക് സ്വീകരിക്കാനാവാത്തതില്‍ സങ്കടപ്പെടുന്നു എന്ന് മാത്രമായിരിക്കും. ഇസ്ലാം ദര്‍ശനത്തെ, മഹത്തായത് എന്നല്ലാതെ മറിച്ചൊരഭിപ്രായം ആര്‍ക്കുമുണ്ടാവില്ല. എന്നാല്‍ ഇന്ന് വളരെ പരീക്ഷണങ്ങളിലൂടെയാണ് ഇസ്ലാം മതം കടന്നുപോകുന്നത്. ഇസ്ലാമിന്റെ യഥാര്‍ഥ ശത്രുക്കള്‍ ഇന്ന് ഇസ്ലാമില്‍ തന്നെയാണ് ഉള്ളത് എന്നാണ് പുറത്ത് നില്‍ക്കുന്ന ഒരഭ്യുദയകാംക്ഷി എന്ന നിലയില്‍ എനിക്ക് തോന്നുന്നത്.
സ്വന്തം സമുദായത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുക എന്ന ചുരുങ്ങിയ ലക്ഷ്യത്തില്‍ നിന്ന് പുറത്ത് കടന്ന് പൊതുസമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങളിലും സക്രിയമായി ഇടപെടുന്നു എന്നതാണ് ജമാഅത്തെ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും വ്യത്യസ്തമാക്കുന്നത്. അത്തരം സംഘടനകളുടെ അപര്യാപ്തതയാണ് അവരെ വലുതാക്കുന്നതും. വിമര്‍ശകര്‍ അവരുടെ വിമര്‍ശനം തുടരട്ടെ. അത് ജമാഅത്തെ ഇസ്ലാമിക്ക് ഊര്‍ജം പ്രദാനം ചെയ്യുകയേയുള്ളൂ.

Sunday, October 10, 2010

നമ്മളുലകിതേറ്റെടുക്കുവാതിരിപ്പതെങ്ങനെ? # ബദീഉസ്സമാന്‍





70 ശതമാനത്തിലധികം ജനങ്ങള്‍ ദിവസം 20 രൂപയില്‍ താഴെ വരുമാനക്കാരായ രാജ്യത്ത്, പുഴുവരിച്ച് കെട്ടുപോകുന്ന കോടിക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യം പട്ടിണിക്കാര്‍ക്ക് സൌജന്യമായി വിതരണം ചെയ്യാനുള്ള സുപ്രീംകോടതി നിര്‍ദേശം നടപ്പിലാക്കാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അമര്‍ഷം തോന്നിയിട്ടില്ലേ നിങ്ങള്‍ക്ക്? കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പേരില്‍ കല്‍മാഡിയും കൂട്ടരും കോടികള്‍ വെട്ടിച്ച റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോള്‍, ഇവനെയൊന്നും നിയന്ത്രിക്കാന്‍ ഒരാളുമില്ലേ ഇന്നാട്ടില്‍ എന്ന് പറഞ്ഞു പോയിട്ടില്ലേ നിങ്ങള്‍? ഒരുപാട് മനുഷ്യരെ പച്ചക്കിട്ട് ചുട്ടുകൊല്ലാനും കുറെയാളുകളെ ഏറ്റുമുട്ടല്‍ കൊലപാതകമെന്ന പേരില്‍ ഉന്മൂലനം ചെയ്യാനും ഗൂഢാലോചന നടത്തി എന്ന അതീവ ഗുരുതരാരോപണം നേരിടുന്ന ആള്‍ വികസന പുരുഷനായി ചിത്രീകരിക്കപ്പെടുമ്പോള്‍, മനുഷ്യത്വം ബാക്കിയുള്ളതിനാല്‍ നാണം തോന്നിയിട്ടില്ലേ നിങ്ങള്‍ക്ക്? ഭോപ്പാലില്‍, ഒരൊറ്റ രാത്രി കൊണ്ട് 25000 പേരെ വിഷവാതകം ശ്വസിപ്പിച്ച് കൊന്നതിനു ഉത്തരവാദികളായവര്‍ക്ക്, ട്രാഫിക് നിയമലംഘകര്‍ക്ക് കൊടുക്കുന്ന ശിക്ഷ, ജാമ്യ ഇളവുകളോടെ കൊടുത്ത നിയമവ്യവസ്ഥയുടെ ക്രൂരമായ തമാശ കണ്ട് കരഞ്ഞുപോയിട്ടില്ലേ നിങ്ങള്‍? നീതി പാലനത്തിന്റെ അവസാന തുരുത്തെന്ന് നമ്മള്‍ ആശ്വസിക്കുന്ന ഉന്നത ന്യായാലയത്തിന്റെ കഴിഞ്ഞുപോയ അധിപതികളില്‍ എട്ടു പേരും മുഴുത്ത അഴിമതിക്കാരെന്ന് ശാന്തിഭൂഷണ്‍ പറഞ്ഞപ്പോള്‍, ഇവനെങ്കിലുമുണ്ടല്ലോ ഒരാണ്‍കുട്ടി എന്നാശ്വസിച്ചില്ലേ നിങ്ങള്‍?
രാജ്യത്തെ സംഭവഗതികളെ കണ്ണുതുറന്നു കാണുന്ന ഒരാള്‍ എന്ന നിലയില്‍ ഉണ്ട്/ അതെ എന്നാവും നിങ്ങളുടെ മറുപടി. എങ്കില്‍ നിങ്ങളോടിതാ അടുത്ത ചോദ്യം: ദൈനംദിനമെന്നോണം ഈ അമര്‍ഷവും രോഷവും നാണവും ഞെട്ടലും സങ്കടവുമെല്ലാം അനുഭവിക്കുന്ന നിങ്ങള്‍ അവയുടെ പരിഹാരത്തിന് എന്താണ് ചെയ്തത്? എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? വിധിയെ പഴിച്ചും ഇവിടെ എല്ലാം ഇങ്ങനെ തന്നെ, ഒന്നും നന്നാവില്ല എന്ന് ആശ്വസിച്ചും ചിലപ്പോഴെങ്കിലും തികട്ടി വരുന്ന വര്‍ധിതാസ്വസ്ഥതകളെ പ്രാര്‍ഥനകളിലൊതുക്കിയും നാള്‍ കഴിക്കുകയല്ലേ നിങ്ങള്‍ ചെയ്തത്?
ശരിയാണ്; ഇന്നലെ വരെ അങ്ങനെ തന്നെയായിരുന്നു. എന്നു കരുതി നാളെയും അങ്ങനെ തന്നെയാവണമെന്ന് ദുശ്ശാഠ്യമെന്തിന്? നമ്മുടെ ഇന്നലെയും നാളെയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെങ്കില്‍ നമ്മള്‍ കഴിച്ചുകൂട്ടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ 24 മണിക്കൂര്‍ പാഴായിപ്പോവുകയല്ലേ ചെയ്യുന്നത്? പ്രാര്‍ഥനകളെ പ്രവര്‍ത്തനങ്ങളാല്‍ ശക്തമാക്കുന്നിടത്താണ് പ്രാര്‍ഥനകള്‍ക്ക് ഫലസിദ്ധിയുണ്ടാകുന്നതെന്നും, സാമൂഹിക മാറ്റം ദൈവം തളികയിലാക്കി വെച്ച് തരുന്ന ഒന്നല്ല, മറിച്ച് നമ്മുടെ സന്നദ്ധതയുടെയും ഏറ്റെടുക്കല്‍ മനസ്സിന്റെയും സ്വാഭാവിക പരിണതിയാണെന്നും മറ്റുമുള്ള ബോധ്യം നമുക്ക് എപ്പോഴും വേണ്ടതാണ്.
ഉത്തരേന്ത്യയില്‍ ജീവിക്കുന്ന ഒരു മലയാളി സുഹൃത്ത് പറഞ്ഞ ഒരു സംഭവം ഓര്‍ക്കുന്നു. അവിടെയെത്തുന്ന ഏതൊരു മലയാളിയെയും പോലെ, ഉത്തരേന്ത്യക്കാരുടെ പ്രതികരണ ബോധമില്ലായ്മയിലും സ്റാറ്റസ്കോ മനസ്സിലും അസ്വസ്ഥനായിരുന്ന സുഹൃത്ത് ഒരിക്കല്‍ ജുമുഅക്ക് പള്ളിയില്‍ പോയി. കൂടെ നാട്ടില്‍ നിന്നെത്തിയ സാമൂഹിക രംഗത്ത് സജീവനായ മറ്റൊരു മലയാളിയുമുണ്ട്. ധാരാളം ആളുകളുള്ള പള്ളിയില്‍ മൌലവി തന്റെ ഉര്‍ദു പ്രസംഗം ആരംഭിച്ചു. മൈക്കിന്റെ സ്വിച്ച് ഓണ്‍ ആക്കാത്തതിനാല്‍ മുന്നിലിരിക്കുന്ന ഒന്നു രണ്ട് പേര്‍ക്കല്ലാതെ ഒന്നും കേള്‍ക്കുന്നില്ല. ബാക്കിയുള്ള ആളുകള്‍ നിശ്ശബ്ദരായി എന്തോ കാഴ്ച കാണുന്നതുപോലെ ഇരിക്കുകയാണ്. പ്രസംഗം തുടരുന്നു. ഇത് കണ്ട സുഹൃത്ത് തന്റെ അതിഥിയോട് പറഞ്ഞു: കണ്ടില്ലേ, ഇവിടെ ഇങ്ങനെയാണ്. ഈ പള്ളിയില്‍ ഇത്രയധികം ആളുകളുണ്ടായിട്ട് ഒരാളും ആ മൈക്കിന്റെ സ്വിച്ചൊന്ന് ഓണാക്കാന്‍ പറയുന്നില്ല. ഇത് കേട്ട അതിഥി ചോദിച്ചു: നമുക്കൊന്നു പറഞ്ഞാലോ. യഥാര്‍ഥത്തില്‍ അപ്പോഴാണ് നമ്മുടെ സുഹൃത്ത്, ഇത് തനിക്കും ചെയ്യാവുന്ന ഒരു കാര്യമാണല്ലോ എന്ന് ഓര്‍ക്കുന്നത്. എപ്പോഴും അങ്ങനെയാണ്. മാറ്റം കൊണ്ടുവരുന്ന ആരെയോ കാത്തിരിക്കുകയാണ് നാം ഓരോരുത്തരും. മാറ്റത്തിന്റെ തുടക്കം നമ്മില്‍ ഓരോരുത്തരില്‍നിന്നുമാണ് ഉണ്ടാവേണ്ടത്. നാടിന്റെയവസ്ഥ മാറാന്‍ ആരും ഒന്നും ചെയ്യുന്നില്ലല്ലോ എന്ന് വിലപിക്കുമ്പോള്‍, ആരും എന്നതില്‍ ആദ്യമായി ഞാന്‍ ഉള്‍പ്പെടുന്നുണ്ട് എന്നത് മറന്നുപോയിക്കൂടാ.
ഒരു വചന പ്രഘോഷണ സംഘത്തിന്റെ പ്രസംഗത്തില്‍ കേട്ട ഒരു കഥ ഓര്‍മയില്‍ നില്‍ക്കുന്നു. ആളുകള്‍ കൂടി നില്‍ക്കുന്ന ഒരു സ്ഥലത്ത് പെട്ടെന്ന് പവര്‍കട്ടിനാലോ മറ്റോ വെളിച്ചം പോയി. കനത്ത ഇരുട്ട്. എന്തു ചെയ്യും? അവര്‍ ആലോചിച്ചു. ഒരു കൂട്ടര്‍ വെളിച്ചത്തിനു വേണ്ടി പ്രാര്‍ഥിക്കാന്‍ തീരുമാനിച്ച് മുട്ടിപ്പായി പ്രാര്‍ഥിച്ചു തുടങ്ങി. മറ്റൊരു കൂട്ടര്‍ ഇരുട്ടിനെ ഒരു ദാര്‍ശനിക പ്രശ്നമായി കണ്ട് ഇരുട്ടില്‍ പി.എച്ച്.ഡി എടുത്ത ഒരാളെ കൊണ്ടുവന്ന് ഇരുട്ടുയര്‍ത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരു പ്രഭാഷണം സംഘടിപ്പിക്കാമെന്ന് വെച്ചു. അത്രയൊന്നും ആലോചിക്കാത്ത ഒരു സാധാരണക്കാരന്‍ പോയി തൊട്ടടുത്ത കടയില്‍നിന്ന് ഒരു മെഴുകുതിരി വാങ്ങി കൊണ്ടുവന്ന് കത്തിച്ചുവെച്ചു. അതോടെ ഇരുട്ട് പോയി, വെളിച്ചം വന്നു. പ്രവര്‍ത്തനങ്ങള്‍ ചെറുതാണെങ്കിലും വേണ്ട നേരത്ത് ചെയ്യുമ്പോഴുണ്ടാകുന്ന വലിയ മാറ്റങ്ങളെ കുറിച്ച് ആലോചിക്കുമ്പോഴൊക്കെ ഓര്‍മയില്‍ വരുന്നതാണീ കഥ.
നിറഞ്ഞ ബസ്സിലെ യാത്രക്കാരിലൊരാളാണ് നിങ്ങളെന്ന് കരുതുക. തികഞ്ഞ മദ്യലഹരിയിലാണ് ഡ്രൈവര്‍ ബസ്സോടിച്ചുകൊണ്ടിരിക്കുന്നത് എന്ന് ബസ്സിന്റെ നിയന്ത്രണരഹിതമായ പോക്കില്‍നിന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു. യാത്രക്കാര്‍ മരണഭയത്താല്‍ നിലവിളിക്കുന്നു. പ്രഫഷണല്‍ ഡ്രൈവറല്ലെങ്കിലും ബസ് ഡ്രൈവിംഗിന്റെ ബാലപാഠങ്ങളറിയുന്ന ഒരാളാണ് നിങ്ങളെന്ന് കരുതുക. നിങ്ങളെന്ത് ചെയ്യും? മരിക്കാന്‍ പോകുകയാണെന്നുറപ്പിച്ച് കലിമ മൊഴിഞ്ഞ് മരണത്തെ സ്വീകരിക്കാന്‍ തയാറായി കണ്ണുമടച്ചിരിക്കാം നിങ്ങള്‍ക്ക്. അല്ലെങ്കില്‍ ഡ്രൈവറില്‍ നിന്ന് ബസ്സിന്റെ നിയന്ത്രണം ഏറ്റെടുത്ത്, ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി, ബസ് സൈഡ് ചേര്‍ത്തി നിര്‍ത്തി ആളുകളെ ഇറങ്ങാന്‍ സഹായിക്കുകയെങ്കിലും ചെയ്യാം നിങ്ങള്‍ക്ക്. ഇതിലേതാണ് സന്ദര്‍ഭത്തിന്റെ തേട്ടമെന്ന് നിങ്ങളാലോചിച്ച് നോക്കുക.
സമൂഹത്തിന്റെ അധികാരവും വിഭവ വിതരണാവകാശവും തെറ്റായ കരങ്ങളില്‍ ഏല്‍പിക്കപ്പെട്ടതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് വര്‍ഷങ്ങളായി സമൂഹത്തെ ബോധനം ചെയ്തുകൊണ്ടിരിക്കുന്നവരാണ് നിങ്ങള്‍. നേരായ അധികാര നിര്‍വഹണം വഴി, നീതിയുടെ വിതരണം ശരിയായ രീതിയില്‍ സാധിതമാകാത്ത സാമൂഹികാന്തരീക്ഷത്തെ, സ്ഥാപിക്കപ്പെടാത്ത വീടിനോടുപമിച്ചതിന്റെ പേരില്‍, അക്ഷര പൂജകരുടെ പഴിയെത്ര കേട്ടിരിക്കുന്നു നിങ്ങള്‍. പിന്നെയെങ്ങനെ നിങ്ങള്‍ക്ക് സുബ്ഹ് ബാങ്ക് കൊടുത്ത് ആളുകള്‍ നമസ്കരിക്കാനെത്തിയപ്പോഴേക്ക് പോയി കിടന്നുറങ്ങിയ ആ പഴയ മൊല്ലാക്കയെപ്പോലെയാവാന്‍ കഴിയും?
കഴിഞ്ഞ അറുപതില്‍പരം വര്‍ഷങ്ങളായി, ജനാധിപത്യത്തിന്റെ പേരില്‍ ഒരുപിടി വരേണ്യരുടെ താല്‍പര്യ സംരംക്ഷണമാണ് രാജ്യത്ത് നടക്കുന്നത് എന്ന് ജനം മനസ്സിലാക്കുന്നു. രാഷ്ട്രീയത്തില്‍ സുബ്ബയും അച്യുതനുമൊക്കെയായി, എം.പിമാരും എം.എല്‍.എമാരുമായി ഖദറിടുന്നവര്‍ തന്നെയാണ് മറയ്ക്കപ്പുറത്ത് ലോട്ടറി മാഫിയയെയും കള്ളു വിഷ വ്യവസായത്തെയും നിയന്ത്രിക്കുന്നത് എന്ന തിരിച്ചറിവ് അവരെ നിസ്സഹായരാക്കുന്നു. നിയമലംഘകര്‍ നിയമം നിര്‍മിക്കുന്നേടത്ത്, വലകണ്ണികള്‍ ചെറുമീനുകള്‍ പിടിക്കപ്പെടാനും കൊമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടാനും പാകത്തില്‍ ഡിസൈന്‍ ചെയ്യപ്പെട്ടതാവുമെന്ന് അവര്‍ തിരിച്ചറിയുന്നു. കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടക്കുന്ന ലോട്ടറി തട്ടിപ്പിന്റെ കള്ളക്കളികളെ കുറിച്ചറിഞ്ഞ് മിഴിച്ച് നില്‍ക്കുന്ന ജനത്തിന് മുമ്പില്‍ ധനമന്ത്രിയും സതീശനും കള്ളനും പോലീസും കളിക്കുന്നു. അബ്ദുര്‍റഹ്മാന്‍ നഗറിലും വളാഞ്ചേരിയിലും പൊന്നാനിയിലും പൂക്കിപ്പറമ്പിലും നടന്ന മദ്യവിരുദ്ധ ജനകീയ സമരങ്ങളെ നിയമത്തിന്റെ പിന്‍ബലം കാട്ടി അവഗണിച്ച് സര്‍ക്കാര്‍ മുന്നണി, ആ അവഗണനയുടെ പരിണതഫലമായി കുറ്റിപ്പുറം മദ്യദുരന്തത്തെ അട്ടിമറി എന്നാണയിടുമ്പോള്‍ ജനങ്ങള്‍ക്കവരോട് അവജ്ഞയും അറപ്പും തോന്നുന്നു. മദ്യഷാപ്പുകളുടെ കാര്യത്തില്‍ പഞ്ചായത്തുകളുടെ അധികാരം തിരിച്ച് നല്‍കണമെന്ന ആവശ്യം, മലപ്പുറത്തെ ഒരു എം.എല്‍.എയുടെ ഏകാംഗ സമരം മാത്രമായി മാറിയതില്‍ നിന്നു തന്നെ ഇടത്-വലത് പാര്‍ട്ടികളുടെ ഈ വിഷയത്തിലെ കാപട്യം പൊതുജനം മനസ്സിലാക്കിയിട്ടുണ്ട്.
പട്ടിക ഇനിയും നീട്ടേണ്ട. ഈ സാഹചര്യം നിങ്ങളുടെ മുന്നിലുയര്‍ത്തുന്ന ചോദ്യം ഇതാണ്: ഇവരുടെ അസ്വസ്ഥതകള്‍ ഇല്ലായ്മ ചെയ്യാനും ചുമലുകളിലെ ഭാരം ഇറക്കിവെക്കാനും വേദപുസ്തകത്തിലെ വിശുദ്ധാക്ഷരങ്ങള്‍ ഇറങ്ങിവരുമെന്ന് കരുതി കാത്തിരിക്കുകയാണോ നിങ്ങള്‍? അതോ വേദവചസ്സുകള്‍ക്ക് പ്രായോഗിക മാതൃക കാണിക്കാന്‍ ലഭ്യമായ അവസരം ഉപയോഗപ്പെടുത്താന്‍ തയാറാണോ നിങ്ങള്‍? വിഭവവിതരണത്തിലെ നീതിയും സമത്വവും ഉറപ്പുവരുത്താന്‍ നിങ്ങളുടെ അധികാര പങ്കാളിത്തം സഹായകമാകുന്നിടത്ത്, നന്നെ ചുരുങ്ങിയത് അഴിമതിക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും നിങ്ങളുടെ സാന്നിധ്യം അലോസരം സൃഷ്ടിക്കുമെങ്കിലും ചെയ്യുന്നിടത്ത് വിഭവ വിതരണാവകാശത്തില്‍ പങ്കുപറ്റാന്‍ ശ്രമിക്കേണ്ടത് നിങ്ങളുടെ ബാധ്യതയായി മാറുന്നു. ഈ അധികാരം കേന്ദ്രീകരിച്ച ഇടം എന്നതാണ് നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം.
രാഷ്ട്രീയ പ്രക്രിയയിലെ ഇടപെടല്‍ ആത്മീയതക്കേല്‍പിക്കാവുന്ന പരുക്കിനെ കുറിച്ചാണ് പലര്‍ക്കുമാശങ്ക. പര്‍ണശാലകളിലെയും ഖാന്‍ഗാഹുകളിലെയും സവിശേഷാന്തരീക്ഷത്തില്‍ മാത്രം ലഭ്യമാവുന്ന ഒന്നല്ല നമുക്ക് ആത്മീയത. അങ്ങാടിയിലൂടെ നടക്കുന്ന പ്രവാചകനെ കുറിച്ച് അത്ഭുതം കൂറിയത് പ്രവാചക സന്ദേശങ്ങളുടെ അന്തഃസത്ത തിരിച്ചറിയാത്തവരും അതിനെ നിഷേധിച്ചവരുമായിരുന്നു എന്നാണ് ദൈവവചനം നമ്മെ പഠിപ്പിച്ചത്. ഞാനും എന്റെ നാഥനും മാത്രം ബാക്കിയാവുന്ന, ആത്മഹര്‍ഷത്തിന്റെ ഉത്തുംഗതയാണല്ലോ എന്റെ ആത്മീയത. ഞാന്‍ നടന്നടുത്താല്‍ ഓടിയടുക്കുന്നവനും ഒരു ചാണടുത്താല്‍ ഒരു മുഴമടുക്കുന്നവനുമാണവന്‍. ഭൂമിയിലെ മറ്റു മനുഷ്യരെ ഞാന്‍ സഹായിച്ചാല്‍, എന്റെ സഹായത്തിനായി എപ്പോഴും എന്നോടൊത്തുണ്ടാവുമെന്നെനിക്ക് ഉറപ്പ് തന്നവനാണവന്‍. തന്റെ അധികാരാവകാശങ്ങളിലുള്ള കൈയേറ്റമല്ലാതെ മറ്റെന്തും പൊറുക്കുന്ന അവന്‍, ഞാന്‍ എന്റെ സഹജീവികളോട് കാണിക്കുന്ന ഒരവകാശ നിഷേധവും പൊറുക്കില്ല- അതിക്രമത്തിന് വിധേയമായവന്‍അത് മാപ്പാക്കുന്നത് വരെ. അതായത്, നമ്മുടെ ആത്മീയതയുടെ തേട്ടമായി ജീവിതത്തിന്റെ ആത്യന്തിക വിജയം കുടികൊള്ളുന്നത്, ഒരു സാമൂഹിക ജീവി എന്ന രീതിയില്‍ അന്യന്റെ അവകാശങ്ങളെ നാം എത്രത്തോളം മാനിച്ചു എന്നതിനെ ആസ്പദിച്ചാണെന്നര്‍ഥം. വിധിനിര്‍ണയ നാളില്‍ അവന്‍ നമ്മോടന്വേഷിക്കാന്‍ പോകുന്നത് രോഗിയായ തന്റെ സഹോദരനിലൂടെ, പട്ടിണിക്കാരനായ തന്റെ അയല്‍ക്കാരനിലൂടെ ഒക്കെ നിങ്ങള്‍ എന്നിലേക്കെത്തിയോ എന്നാണ്. ഈ ചോദ്യത്തിന് മറുപടിയായി അനാഥയുടെയും അഗതിയുടെയും പട്ടിണിക്കാരന്റെയും ദുര്‍ബലന്റെയും ക്ളേശങ്ങള്‍ ലഘൂകരിച്ചും ജീവിതഭാരങ്ങള്‍ ഇറക്കിവെച്ചും അവരുടെ അവകാശങ്ങളുറപ്പു വരുത്തിയും ജീവിതത്തിന്റെ ദുര്‍ഘടപാത താണ്ടി പ്രതീക്ഷാപൂര്‍വം നിന്നെ കാണാനെത്തിയവരാണ് ഞങ്ങള്‍ എന്ന് നമുക്ക് പടച്ചവനോട് ബോധിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്.
നാം തന്നെ പിരിവെടുത്ത്, നമ്മള്‍ തന്നെ ആളുകള്‍ക്ക് സൌകര്യമൊരുക്കിക്കൊടുക്കുക എന്നതാണ് ജനസേവനത്തിന്റെ നാം പരിചയിച്ച രീതി. ഇത് ജനസേവനത്തിന്റെ ഒരു മുഖം മാത്രമാണ്. അത്ര തന്നെ മുഖ്യമായ മറ്റൊരു മുഖമാണ് സമൂഹത്തിലെല്ലാവര്‍ക്കും ഒരേപോലെ അവകാശപ്പെട്ട പൊതുഫണ്ടുകള്‍ അവയുടെ ലക്ഷ്യസ്ഥാനത്തെത്തുന്നു എന്ന് കൃത്യമായി ഉറപ്പുവരുത്തല്‍. പഞ്ചായത്തുകള്‍ക്കുള്ള വിപുലമായ അധികാരം വെച്ച് ഇതില്‍ അവര്‍ക്കുള്ള റോള്‍ വളരെ കൂടുതലാണ്. ജനകീയാസൂത്രണത്തിന്റെ പേരില്‍ നടന്നത്, ഫണ്ടുകളുടെ വീതംവെപ്പാണെന്ന ആരോപണം നിലനില്‍ക്കുന്നേടത്താണ് ശരിയായ ജനകീയാസൂത്രണത്തിന്റെയും പക്ഷപാതരഹിത സമീപനത്തിന്റെയും മുഖം കാണിച്ചു കൊടുക്കാനുള്ള ശ്രമം പ്രസക്തമാകുന്നത്. സ്ഥാപനവത്കരിക്കപ്പെട്ട അഴിമതി രാജ്യത്തിന്റെ ശാപമായതിനാല്‍, പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളുടെയൊക്കെ നീക്കിയിരിപ്പിന്റെ സിംഹഭാഗവും ലക്ഷ്യത്തിലെത്തുന്നില്ല എന്ന് നമുക്കറിയാം. ഓരോ പദ്ധതി നടത്തിപ്പിലും അഴിമതിക്കുള്ള പഴുതുകളാണ് ഉദ്യോഗസ്ഥ ജനപ്രതിനിധി കൂട്ടുകെട്ടിന്റെ മുഖ്യ നോട്ടം തന്നെ. 25 ലക്ഷത്തിന്റെ പദ്ധതിയില്‍ കമീഷനുകളും മറ്റും കഴിച്ച് 10 ലക്ഷമെങ്കിലും ഗ്രൌണ്ടിലിറങ്ങിയാല്‍ തന്നെ വലിയ കാര്യമെന്നതാണവസ്ഥ. ഇവിടെയാണ് പ്രാദേശിക ഗവണ്‍മെന്റുകളുടെ നടത്തിപ്പില്‍ മൂല്യബോധമുള്ള ആളുകളുടെ സാന്നിധ്യം അത്യാവശ്യമായി മാറുന്നത്.
ഇതുവരെ നമ്മള്‍ നടത്തിയിരുന്ന സേവന പ്രവര്‍ത്തനങ്ങള്‍, സംഖ്യ വെച്ച് നോക്കുമ്പോള്‍ ചെറുതായി തോന്നാമെങ്കിലും നീക്കിവെച്ച തുകയില്‍ നയാപൈസ കുറയാതെ നിശ്ചിത കാര്യത്തിനായി ചെലവഴിക്കാനുള്ള നിര്‍ബന്ധ ബുദ്ധിയും മടിയേതുമില്ലാതെ സേവനത്തിനായി മനുഷ്യാധ്വാനം നിര്‍ലോഭം നല്‍കാനുള്ള സന്നദ്ധതയും കാരണമായി, വര്‍ധിത മൂല്യത്തോടെയാണ് ഓരോ സേവന പദ്ധതിയും നമുക്ക് നിര്‍വഹിക്കാനായത്. ഈ കേരളീയ അനുഭവ സാക്ഷ്യത്തെ നിഷേധിക്കാന്‍ ആര്‍ക്കുമാവില്ലെങ്കില്‍, ജനകീയ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രാദേശിക തലങ്ങളില്‍ മേല്‍നോട്ടം വഹിക്കേണ്ടവര്‍ നമ്മളല്ലാതെ പിന്നെയാരാണ്? ഗവണ്‍മെന്റില്‍നിന്ന് ഏത് ഇനത്തില്‍ കിട്ടുന്ന ധനസഹായത്തിന്റെയും ഒരു വിഹിതം കമീഷനായി മെമ്പര്‍ക്ക്/ഇടനിലക്കാരന്/പാര്‍ട്ടിക്ക് നല്‍കല്‍ നാട്ടുനടപ്പായ ഒരു സമൂഹത്തില്‍, ഗുണഭോക്താക്കളില്‍നിന്ന് പ്രതിഫലമോ നന്ദിയോ പ്രതീക്ഷിക്കാതെ, സമസൃഷ്ടികളുടെ സന്തോഷം വഴി സ്രഷ്ടാവിന്റെ സംതൃപ്തി മാത്രം ലാക്കാക്കുന്ന ഒരു കൂട്ടരേക്കാള്‍ മറ്റാരുണ്ട് അധികാര നിര്‍വഹണത്തിന് യോഗ്യരായി?
പണം എറിഞ്ഞ് പണമുണ്ടാക്കുന്ന രാഷ്ട്രീയക്കളിയില്‍ നിങ്ങളെങ്ങനെ പിടിച്ചു നില്‍ക്കുമെന്നാവും ചോദ്യം. പണം കൊടുത്ത് വാങ്ങാനാവാത്ത മനുഷ്യ മനസ്സാക്ഷിയോടാണ് നിങ്ങള്‍ സംവദിക്കാനുദ്ദേശിക്കുന്നത് എന്നാണ് മറുപടി. താല്‍ക്കാലികമായി ചിലപ്പോള്‍ പണം കൊടുത്ത് സമ്മതി വാങ്ങാനായേക്കും; പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് വിജയിക്കില്ല. ഒരു നിലയിലല്ലെങ്കില്‍ മറ്റൊരു നിലയില്‍ അഴിമതി നിറഞ്ഞ വ്യവസ്ഥയുടെ ഇരകളാണ് മുഴുവന്‍ പൌരന്മാരും എന്നിരിക്കെ, അതില്‍ നിന്നൊരു മോചനമാഗ്രഹിക്കുന്നുണ്ട് മുഴുവന്‍ പൌരന്മാരും. ദൈവത്തെ തങ്ങളുടെ രക്ഷിതാവായി ഏറ്റുപറഞ്ഞവരാണ് മുഴുവന്‍ മനുഷ്യാത്മാക്കളുമെന്നിരിക്കെ, മനുഷ്യന്റെ അടിസ്ഥാന പ്രകൃതം ശുദ്ധമാണെന്നിരിക്കെ, ജനമനസ്സിന്റെ നന്മയുടെ അനന്തസാധ്യതയില്‍ പ്രതീക്ഷയര്‍പ്പിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്തുണ്ട് ന്യായം?
ചെറിയ തുടക്കങ്ങളാലാണ് ലോകത്ത് എപ്പോഴും വലിയ മാറ്റങ്ങളുണ്ടായത്. പിഴച്ചുപോകുന്ന ആദ്യ ചുവടുകളില്‍ നിന്നാണല്ലോ ഒരു കുഞ്ഞ് നടത്തം പഠിക്കുന്നത്. 'ഞങ്ങള്‍ക്കിത് ഒരു ചുവട് മാത്രം; മാനുഷ്യകത്തിനോ ഒരു കുതിച്ചു ചാട്ടവും' എന്ന ആദ്യ ചാന്ദ്ര യാത്രികന്റെ വാക്കുകള്‍ നാം പലപ്പോഴും കേട്ടതാണ്. ഇന്ന് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയായി മുപ്പതിനായിരത്തിലധികം കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനം, തുടക്ക കാലഘട്ടത്തില്‍ കുട്ടികളെ കിട്ടാന്‍ വിഷമിച്ച്, കുട്ടികള്‍ക്കായി പരസ്യവും സ്കോളര്‍ഷിപ്പ് വാഗ്ദാനവും നല്‍കേണ്ടിവന്നിട്ടുണ്ട് എന്ന് നമ്മളറിയുക. നൂഹിന്റെ കപ്പല്‍ പോലെ ദൈവനാമം മാത്രം ഇന്ധനമാക്കി തുടങ്ങിയ ഒരു മാധ്യമ പരീക്ഷണത്തിന്റെ ഉദാഹരണം നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ട് താനും. നാം ദുര്‍ബലരാണന്നാണ് നമ്മുടെ ഭീതി. വ്യക്തികളെന്ന രീതിയില്‍ നാം ദുര്‍ബലരാവാം. പക്ഷേ നാഥന്റെ വാക്യം ശരിയായി ഉള്‍ക്കൊണ്ടവരെ ആ വാക്യം ബലപ്പെടുത്തുമെന്ന് പറഞ്ഞത് അവന്‍ തന്നെയാണ്. അവനോ വെറും വാക്കുകള്‍ പറയാറില്ല തന്നെ.

പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളാവുക

പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളാവുക
പി.എം സാലിഹ് (പ്രസിഡന്റ് എസ്.ഐ.ഒ കേരള)


സഹപ്രവര്‍ത്തകരേ,
എസ്.ഐ.ഒവിന്റെ പതിനാലാമത് മീഖാത്തിലെ ഒരു സുപ്രധാന തീരുമാനം നിങ്ങളെ അറിയിക്കുന്നതിനാണ് ഈ കുറിപ്പ്.
27 വര്‍ഷത്തെ പാരമ്പര്യവും അതിലേറെ പൈതൃകവുമുള്ള വിദ്യാര്‍ഥി പ്രസ്ഥാനമാണ് എസ്.ഐ.ഒ. ഓരോ ഘട്ടത്തിലും സുപ്രധാനമായ വികാസത്തിലൂടെ അത് ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. എസ്.ഐ.ഒ രൂപീകരിച്ചതിനുശേഷം ഏത് ചരിത്രമെഴുത്തിനും അവഗണിക്കാന്‍ പറ്റാത്ത സാന്നിധ്യമായി ഈ സംഘടന നിലനിന്നിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യുനെസ്കോയുടെ അംഗീകാരം ഇതില്‍ ഒടുവിലത്തേതാണ്. ഇന്ത്യയില്‍ മതസൌഹാര്‍ദ സംവാദ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന ഏക ഇസ്്ലാമിക സംഘടനയായി അവര്‍ എസ്.ഐ.ഒവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. സുപ്രധാനമായ അംഗീകാരങ്ങള്‍ക്കും അതിലേറെ തമസ്ക്കരണങ്ങള്‍ക്കും വിധേയമായ ചരിത്രമാണ് എസ്.ഐ.ഒവിന്റേത്.
ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി കലക്ഷന്‍ നടത്താന്‍ നമ്മള്‍ തീരുമാനിച്ചപ്പോള്‍ അഭൂതപൂര്‍വമായ പ്രതികരണമാണതിന് ലഭിച്ചത്. ബിനായക്സെന്നിന്റെയും ഇറോംശര്‍മിളയുടെയും മനുഷ്യാവകാശ പ്രശ്നങ്ങള്‍ കേരളത്തില്‍ ആദ്യമായി ഉയര്‍ത്തിയത് നമ്മളായിരുന്നു. ബിനായക്സെന്നിനുവേണ്ടി നമ്മള്‍ പുറത്തിറക്കിയ പോസ്റര്‍ അന്താരാഷ്ട്ര ശ്രദ്ധനേടുകയുണ്ടായി. കാമ്പസുകളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന ലൌ ജിഹാദ് വിവാദത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയതും ഈ സംഘടനയായിരുന്നു. ഈ വിഷയത്തില്‍ കേരളത്തിലെ സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകരുടെ മൌനവ്രതത്തിനു അന്ത്യം കുറിച്ചത് എസ്.ഐ.ഒവിന്റെ ഇടപെടലായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രതിഷേധങ്ങളും സര്‍ഗാത്മക സമരങ്ങളും നമ്മള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കി. നിരവധി പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ മര്‍ദ്ദനമേറ്റു. ചിലര്‍ ജയില്‍വാസമനുഭവിച്ചു. വിദ്യാഭ്യാസ വകുപ്പിനെതിരെ ജനകീയ കുറ്റപത്രം നമ്മള്‍ പ്രസിദ്ധീകരിച്ചു. മലബാറിലെ വിവേചനഭീകരതക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.ഐ.ഒ നേതൃത്വം നല്‍കി.
ആറ് വര്‍ഷത്തിലധികമായി എസ്.ഐ.ഒ നടത്തിയ സമരപ്രക്ഷോഭങ്ങള്‍ക്ക് ഒടുവില്‍ ഭരണകൂടം വഴങ്ങേണ്ടിവന്നു. രണ്ട് വര്‍ഷക്കാലയളവില്‍ നാം നടത്തിയ സമരപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സേവനമേഖലയിലും മുദ്രപതിപ്പിക്കുവാനും നമുക്ക് സാധിച്ചിട്ടുണ്ട്. ദാരിദ്യ്രത്തിന്റെ കൊടുംവെയില്‍ കൊണ്ട് വാടിയ ഇളം തളിരുകള്‍ക്ക് സ്നേഹത്തിന്റെ സ്പര്‍ശം നല്‍കാന്‍ നമ്മുടെ കൈയിന് അല്ലാഹു ബലം നല്‍കിയിട്ടുണ്ട്. മുപ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കാന്‍ നമ്മുടെ നിരന്തരമായ അധ്വാനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. സമര-സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ നമ്മുടെ പ്രവര്‍ത്തകരും നേതാക്കളും പഠനമേഖലയിലും ഉന്നതമായ സ്ഥാനം നേടിയെടുത്തു.
സാംസ്കാരിക ലോകത്ത് സവിശേഷമായ ഇടപെടലുകള്‍ നടത്താന്‍ സാധിച്ച ഒരു കാലയളവാണിത്. നിരവധി പുസ്തക ചര്‍ച്ചകള്‍, ഫിലിം ഫെസ്റിവല്‍, ഫിലിം സ്റഡീസ് ക്യാമ്പുകള്‍ എന്നിവയതില്‍ പ്രധാനപ്പെട്ടവയാണ്. എസ്.ഐ.ഒ വിന്റെ മുഖപത്രം കാമ്പസ് അലൈവ്’തുടങ്ങിയെന്നത് വലിയൊരു നേട്ടമായി നാം മനസ്സിലാക്കുന്നു. നാം പുറത്തിറക്കിയ റിവോള്‍വ്’എന്ന ഷോര്‍ട്ട്ഫിലിമിന് നിരവധി ദേശീയ/സംസ്ഥാന അംഗീകാരങ്ങള്‍ ലഭിക്കുകയുണ്ടായി. മതേതരത്വത്തെക്കുറിച്ച് നാം ഉയര്‍ത്തിയ ചോദ്യങ്ങള്‍, വിമര്‍ശനങ്ങള്‍ കേരളത്തിലും പുറത്തുമുള്ള അക്കാദമിക വൃത്തത്തില്‍ വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. കേരളീയ പൊതുമണ്ഡലത്തെക്കുറിച്ച് എസ്.ഐ.ഒ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ ഡോ. ടി.ടി ശ്രീകുമാര്‍ അവതരിപ്പിച്ച പ്രബന്ധം മാധ്യമം ആഴ്ച്ചപതിപ്പില്‍ കവര്‍സ്റോറിയായി പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് ചിന്ത വാരികയിലും മറ്റും നടന്ന ചര്‍ച്ചകളും അതിന്റെ ഭാഗമായിരുന്നു. നമ്മള്‍ ഉയര്‍ത്തിയ ആശയപരമായ ഈ ചര്‍ച്ചയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ഇടപെടലുകള്‍ ഇപ്പോഴും കേരളത്തില്‍ നടന്നുകൊണ്ടേയിരിക്കുന്നു. കാമ്പസിനെക്കുറിച്ച പൈങ്കിളി-അരാഷ്ട്രീയ വ്യവഹാരങ്ങളെ ചോദ്യം ചെയ്യുന്ന മലയാളത്തിലെ ആദ്യകൃതി ക്ളാസ്മേറ്റ്സ് പ്രസിദ്ധീകരിക്കുവാന്‍ നമുക്ക് സാധിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മെഡീഷ്യ എന്ന പേരില്‍ നാം രൂപീകരിച്ച പൊതുവേദി ഒരു ചരിത്രകാല്‍വെപ്പായിരുന്നു. വിവിധ മേഖലയിലുള്ള വ്യക്തികള്‍ക്ക് എസ്.ഐ.ഒ വിനെ പരിചയപ്പെടുത്തുവാനുള്ള പി.ആര്‍ കിറ്റ് തയാറാക്കി നിരവധിയാളുകള്‍ക്ക് എത്തിച്ചുകൊടുത്തു. അവരുടെ ഉപദേശനിര്‍ദേശങ്ങളും വിമര്‍ശനങ്ങളും നമ്മുടെ വഴികാട്ടിയായി വര്‍ത്തിച്ചു.
കേരളത്തിലെ 55 കോളേജുകളിലും അഞ്ച് യൂണിവേഴ്സിറ്റികളിലും പര്യടനം നടത്തിയ കേരള കാമ്പസ് കാരവന്‍ സുപ്രധാനമായൊരു കാല്‍വെപ്പായിരുന്നു. ജനാധിപത്യത്തിന്റെ സന്ദേശമേന്തി നടത്തിയ ഈ കാരവന്‍ കേരളത്തില്‍ വലിയ ചര്‍ച്ചാവിഷയമായി. നമ്മള്‍ ഉയര്‍ത്തിയ മാനവികതയുടെയും ജനാധിപത്യത്തിന്റെയും സന്ദേശം കേരളത്തിലെ കലാലയങ്ങളില്‍ വര്‍ധിച്ച ആവേശവും നമുക്ക് വലിയ ആത്മവിശ്വാസവും നല്‍കി. കൈയൂക്ക് കൊണ്ട് ഇതിനെ നേരിടാനുള്ള ശ്രമം വ്യാപകമായി നടന്നു. ഇടമുറിയാത്ത ഇടപെടലുകളും അണമുറിയാത്ത ആവേശവും കൈമുതലാക്കി നാം കാമ്പസ് ഇലക്ഷനെ നേരിട്ടു. നമുക്ക് ഏറ്റ ആക്ഷേപങ്ങളും ആക്രോശങ്ങളും വിജയത്തിന്റെ രൂപത്തില്‍ പ്രത്യക്ഷമായി. കേരള, കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്സിറ്റികളിലും പോളിടെക്നിക്കുകള്‍ക്കു കീഴിലും നടന്ന യൂണിവേഴ്സിറ്റി കേളേജ് ഇലക്ഷനുകളില്‍ വലിയ വിജയമാണ് ഇസ്്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം നേടിയെടുത്തത്.
ഈ മീഖാത്തിലെ നമ്മുടെ ഏറ്റവും സുപ്രധാനമായ ഒരു തീരുമാനമായിരുന്നു സംസ്ഥാന സമ്മേളനം. നീണ്ട ഇരുപത് വര്‍ഷത്തിനുശേഷമാണ് എസ്.ഐ.ഒ സമ്മേളനം നടത്താന്‍ ഉദ്ദേശിച്ചത്. ഏറെ പുതുമയോടെ ഡിസംബര്‍ 11ന് മൂന്നു സ്ഥലങ്ങളിലായി നടത്താനുദ്ദേശിച്ചതായിരുന്നു നമ്മുടെ സമ്മേളനം. ജമാഅത്തെ ഇസ്ലാമിയുടെ വാര്‍ഷിക പരിപാടിയില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു എസ്.ഐ.ഒവിന്റെ സമ്മേളനം. ഒരു വര്‍ഷത്തെ പരിപാടികളായിരുന്നു സമ്മേളനത്തോടനുബന്ധിച്ച് നാം തീരുമാനിച്ചിരുന്നത്. അതിലേറ്റവും സുപ്രധാനമായ പരിപാടിയായിരുന്നു കേഡര്‍ കോണ്‍ഫറന്‍സ്. എസ്.ഐ.ഒവിന്റെ മുഴുവന്‍ അംഗങ്ങളും തെരഞ്ഞെടുത്ത പ്രവര്‍ത്തകരും ജി.ഐ.ഒവിന്റെ മെമ്പര്‍മാരും പ്രവര്‍ത്തകരും പങ്കെടുത്ത കേഡര്‍കോണ്‍ഫറന്‍സ് എസ്.ഐ.ഒ ചരിത്രത്തിലെ അതുല്യസ്മരണയായി അവശേഷിക്കും. സംഘടനയുടെ മുന്‍കാല നേതാക്കളുടെയും പ്രസ്ഥാനത്തിന്റെ ദേശീയ/സംസ്ഥാന നേതാക്കളുടെയും സാന്നിധ്യം കോണ്‍ഫറന്‍സിനെ അവിസ്മരണീയമാക്കി. ഡോ: അസ്സാംതമീമി, ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ആവേശമായ ഖാലിദ് മിശ്അല്‍ എന്നിവരുടെ സംസാരവും പ്രവര്‍ത്തകരില്‍ ആവേശം വിതറി. വിദ്യാര്‍ഥി റാലിയോടെയും പൊതുസമ്മേളനത്തോടെയുമാണ് ആ ധന്യമുഹൂര്‍ത്തം സമാപിച്ചത്. കേരള കാമ്പസ് കാരവന്‍, സെമിനാറുകള്‍(സദാചാരം, കേരള മുസ്ലിം ചരിത്രം), ഗള്‍ഫ് സ്റുഡന്റസ് വെക്കേഷന്‍ ക്യാമ്പ് തുടങ്ങി വ്യത്യസ്തമായ പരിപാടികള്‍ ഇതിനോടകം നടന്നുകഴിഞ്ഞു.
സംസ്ഥാന സമ്മേളനം തീരുമാനിക്കുമ്പോള്‍ നമ്മുടെ മുന്നിലുണ്ടായിരുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് കാതലായ മാറ്റം ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു. ഇന്ത്യയിലെ ഇസ്്ലാമിക പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തി കല്ലെറിയാനുള്ള ശ്രമം രാഷ്ട്രീയ-മതസംഘടനകളും തുടങ്ങിക്കഴിഞ്ഞു. പ്രസ്ഥാനം രാഷ്ട്രീയ നീക്കം നടത്തുന്നു എന്നതുതന്നെ കാരണം. സാമ്രാജ്യത്വ ശക്തികള്‍ക്കും അതിന്റെ അനുഭാവികള്‍ക്കും സയണിസ്റുകള്‍ക്കും ഫാഷിസ്റുകള്‍ക്കും കമ്യൂണിസ്റുകാര്‍ക്കും ഏറ്റവും വലിയ ഭയം ഇസ്ലാമിക രാഷ്ട്രീയമാണ്. യൂറോപ്പ് പടച്ചുവിട്ട ഇസ്ലാം ഭീതി ഇന്ത്യന്‍‘ഭരണകൂടവും മത-മതേതര പാര്‍ട്ടികളും ഏറ്റെടുത്തുകഴിഞ്ഞു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള തീരുമാനം, വരുന്ന കാലയളവില്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവേശനം, അതിനോടനുബന്ധിച്ച് പ്രാദേശിക തലങ്ങളില്‍ നിന്നും തുടങ്ങുന്ന പാര്‍ട്ടിയുടെ ഘടനാരൂപീകരണം എന്നിവ പ്രതിയോഗികളില്‍ പരിഭ്രാന്തി പരത്തിത്തുടങ്ങിയിരിക്കുന്നു. രൂപീകൃതമാവാന്‍ പോകുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംഘാടനത്തില്‍ നാം പരമാവധി പങ്കുവഹിക്കേണ്ടതുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി ഒക്ടോബറിലേക്ക് നീട്ടിവെക്കല്‍, നമ്മുടെ മിക്ക പരിപാടികള്‍ക്കും തടസമായിത്തീരുമെന്നും നമുക്ക് മനസിലായി. തെരഞ്ഞെടുപ്പിനും ജനകീയ വികസന മുന്നണികളുടെ പ്രവര്‍ത്തനത്തിനും വലിയ തോതില്‍ സമയവും അധ്വാനവും ആവശ്യമായിവരും. ഇക്കാര്യം കൂടി സമ്മേളനത്തെകുറിച്ച പുനരാലോചനകളില്‍ ഉണ്ടായിരുന്നു.
മത്സരിക്കാനുള്ള പ്രസ്ഥാനത്തിന്റെ ആഹ്വാനം വര്‍ധിച്ച ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. പ്രസ്ഥാനത്തിന്റെ മുഴുവന്‍ പോഷക വൃന്ദങ്ങളും ഇതില്‍ വ്യാപൃതരായാല്‍ മാത്രമേ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വമ്പിച്ച മുന്നേറ്റം സാധിക്കുകയുള്ളു. ഈ അവസ്ഥയില്‍ പ്രസ്ഥാന വൃത്തത്തില്‍ പ്രായംകൊണ്ട് ഇളം തലമുറക്കാരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കുറച്ചൊക്കെ അനുഭവങ്ങളുമുള്ള നമ്മള്‍ എങ്ങനെ മാറിനില്‍ക്കും? മാറി നിന്നാല്‍ പ്രവാചകനു നേരെ നാനാഭാഗത്തുനിന്നും ശരവര്‍ഷം ഉണ്ടായപ്പോള്‍ നെഞ്ച്് കാട്ടി പ്രതിരോധിച്ച അനുചരന്മാരെ നമുക്ക് എങ്ങനെ ഉദാഹരിക്കാന്‍ പറ്റും? അതുകൊണ്ട് നമുക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാന സമ്മേളനം ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ധീരമായി, പ്രിയപ്പെട്ടതെന്തും ത്യജിച്ച് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളായി മുന്നോട്ട്തന്നെ ഗമിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.!

ആരുടെ വോട്ട് കിട്ടാന്‍?

ആരുടെ വോട്ട് കിട്ടാന്‍?
മുജീബ്

ജമാഅത്തെ ഇസ്ലാമിക്ക് ആരുടെ വോട്ട് ലഭിക്കാന്‍? സമസ്ത ഇ.കെ ഗ്രൂപ്പിന്റെ വോട്ട് ലീഗിനും, എ.പി ഗ്രൂപ്പിന്റെ വോട്ട് സി.പി.എം ഉള്‍പ്പെടുന്ന ഇടതുപക്ഷ മുന്നണിക്കും, മുജാഹിദ് രണ്ട് ഗ്രൂപ്പിന്റെ വോട്ട് മുസ്ലിം ലീഗിനും കോണ്‍ഗ്രസ്സിനും മാര്‍ക്സിസ്റ് പാര്‍ട്ടിക്കും, വേണമെങ്കില്‍ പണ്ട് ബേപ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. മാധവന്‍ കുട്ടിക്ക് വോട്ട് ചെയ്ത പോലെ അങ്ങനെയും, തബ്ലീഗ് ജമാഅത്തിന്റെ വോട്ട് സ്വകാര്യത്തില്‍ ഏതെങ്കിലും പാര്‍ട്ടിക്കും, ത്വരീഖത്തിന്റെ നിരവധി ഗ്രൂപ്പുകള്‍ പല പല പാര്‍ട്ടിക്കുമായി ചെന്നടിയുന്നു. ഇസ്ലാമില്‍നിന്ന് വേറിട്ട് നില്‍ക്കുന്ന ഖാദിയാനികളുടെ വോട്ട് ഏത് പാര്‍ട്ടിക്ക് ആയാലും വേണ്ടില്ല, ജമാഅത്തെ ഇസ്ലാമിക്ക് എതിരും. അവശേഷിക്കുന്ന സഹോദര സമുദായത്തിലെ ഒരു പാര്‍ട്ടിയിലും പെടാത്ത ഏതാനും വോട്ടും, ജമാഅത്തെ ഇസ്ലാമിയുടെ വോട്ടും കൊണ്ട് ജനപക്ഷ, ജനകീയ വികസന മുന്നണി എന്നീ പേരുകളില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാന്‍ സാധ്യതയുണ്ടോ?
കെ.ടി ഹനീഫ നടുവട്ടം
'ഞാന്‍ ഇങ്ങനെ വാദിച്ചാല്‍ മറുകക്ഷി അങ്ങനെ വാദിക്കും, അപ്പോള്‍ ഞാന്‍ അങ്ങനെ വാദിച്ചാല്‍, മറുകക്ഷി ഇങ്ങനെ വാദിക്കും...' എന്നാലോചിച്ചു കൂട്ടിക്കിഴിച്ചു ഒരു ദിവസവും കോടതിയില്‍ പോവാനാവാത്ത വക്കീലിന്റെ കഥയാണ് ചോദ്യം കാണുമ്പോള്‍ ഓര്‍മവരുന്നത്. ജനങ്ങള്‍ പല കാരണങ്ങളാല്‍ പലര്‍ക്കും പല സന്ദര്‍ഭങ്ങളിലും വോട്ട് ചെയ്യുന്നവരാവാം. വലിയൊരു വിഭാഗത്തിന്റെ കാര്യത്തില്‍ വോട്ട് സ്ഥിരമായി ഒരു പാര്‍ട്ടിക്ക് മാത്രം പതിച്ചു നല്‍കുന്ന പതിവില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ പോലും മുസ്ലിം ലീഗ് നേരിട്ട കനത്ത തിരിച്ചടിക്ക് മുഖ്യ കാരണം പരമ്പരാഗത സമ്മതിദായകര്‍ മാറിചിന്തിച്ചതാണ്. അതുപോലെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും അതേ അനുഭവമുണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാകട്ടെ പാര്‍ട്ടി ബന്ധങ്ങള്‍ മാത്രം നിര്‍ണായക ഘടകമല്ല. സ്ഥാനാര്‍ഥിയുടെ വ്യക്തിത്വം, കുടുംബ സ്വാധീനം, വികസന കാര്യത്തിലെ താല്‍പര്യം, താല്‍ക്കാലിക കൂട്ടുകെട്ടുകള്‍ തുടങ്ങി പല ഘടകങ്ങളും അതില്‍ പങ്കുവഹിക്കുന്നു. ഇത് മനസ്സിലാക്കിയാണ് കിട്ടാവുന്നവരെ മുഴുവന്‍ ഉള്‍പ്പെടുത്തി ജമാഅത്തും സോളിഡാരിറ്റിയും ജനപക്ഷ, ജനകീയ വികസന മുന്നണികള്‍ രൂപവത്കരിച്ച് പഞ്ചായത്ത് -നഗരസഭ തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് തീരുമാനിച്ചത്. പ്രാഥമിക ഘട്ടത്തിലെ അനുഭവങ്ങള്‍ കണക്ക് കൂട്ടല്‍ തെറ്റല്ലെന്ന് തെളിയിക്കുന്നു. ഇനിയങ്ങോട്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു ഫലസിദ്ധി. അല്ലാതെ ജനങ്ങളെ മുഴുവന്‍ കള്ളികളിലാക്കി വേര്‍തിരിച്ചു നിര്‍ത്തി ആരുടെ വോട്ട് ബാക്കിയാവും എന്നു കണക്കുകൂട്ടി ഇരുന്നാല്‍ ഒരു കാലത്തും തെരഞ്ഞെടുപ്പിനെ നേരിടാനാവില്ല.
മഅ്ദനിയും മുസ്ലിം ലീഗും
"മഅ്ദനിയെ ഉയര്‍ത്തിക്കാട്ടി വര്‍ഗീയധ്രുവീകരണത്തിന് ജമാഅത്ത് നീക്കം. മഅ്ദനി മനുഷ്യാവകാശ ലംഘനമുള്‍പ്പെടെയുള്ളവ അനുഭവിക്കുന്നുണ്ടെങ്കില്‍ ഇടപെടാന്‍ സന്നദ്ധമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ അറിയിച്ചിരുന്നു. പക്ഷേ, ജമാഅത്തെ ഇസ്ലാമി തന്ത്രപൂര്‍വം കളം കൈയിലെടുക്കുകയായിരുന്നു. ഇരയെ ചൂണ്ടിക്കാട്ടി ഫോറവുമുണ്ടാക്കി തങ്ങളുടെ കൈകളില്‍നിന്ന് രക്ഷപ്പെടാതിരിക്കാനുള്ള തന്ത്രമാണ് പയറ്റുന്നത്. പി.ഡി.പി നേതാക്കളും അണികളും ഇതില്‍ വീണിരിക്കുകയാണ്. അപകടകരമായ നീക്കങ്ങളാണ് ജമാഅത്തെ ഇസ്ലാമിയുടേത്. സി.പി.എം ഭൂരിപക്ഷ പ്രീണനത്തിന് വേണ്ടി കിണഞ്ഞു ശ്രമിക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമി, മഅ്ദനിയെ ഉയര്‍ത്തിക്കാട്ടി വിരുദ്ധ ധ്രുവത്തില്‍ നീങ്ങുകയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള ഈ നീക്കം വന്‍തോതിലുള്ള അപകടമുണ്ടാക്കും'' (ചന്ദ്രിക ദിനപത്രം 6.9.10). മുജീബിന്റെ പ്രതികരണം?
സി.കെ ഹാശിം റശീദ് ഉളിയില്‍
അബ്ദുന്നാസിര്‍ മഅ്ദനിയുടെ അന്യായമായ അറസ്റിനും തടവിനും മനുഷ്യാവകാശ ധ്വംസനത്തിനുമെതിരെ യാതൊന്നും ചെയ്യാത്ത മുസ്ലിം ലീഗ്, അതിലിടപെടുന്നവരെ കൂടി പിന്തിരിപ്പിക്കാനും അപവദിക്കാനുമുള്ള ഹീന ശ്രമമാണ് നടത്തുന്നത്. കര്‍ണാടക പോലീസ് വ്യാജാരോപണങ്ങള്‍ ചുമത്തി രോഗിയും വികലാംഗനുമായ മഅ്ദനിയെ വിശുദ്ധ റമദാനില്‍ അറസ്റ് ചെയ്യാന്‍ ഒരുമ്പെട്ടപ്പോള്‍ നിയമം നിയമത്തിന്റെ വഴിനോക്കട്ടെ എന്ന് പറഞ്ഞൊഴിയുകയായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ തികച്ചും നീതിനിഷേധപരവും മാനുഷികവുമായ ഈ പ്രശ്നത്തില്‍ ജ. വി.ആര്‍ കൃഷ്ണയ്യര്‍, ഡോ. സെബാസ്റ്യന്‍ പോള്‍, ഭാസുരേന്ദ്ര ബാബു, സിവിക് ചന്ദ്രന്‍, നീലലോഹിത ദാസ നാടാര്‍, എ. വാസു, ജെ. ദേവിക, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായിലെ മത പണ്ഡിതന്മാര്‍ തുടങ്ങിയവരോടൊപ്പം ചേര്‍ന്ന് ജമാഅത്തെ ഇസ്ലാമിയും സമാധാനപരമായ പ്രതിഷേധത്തിനും നിയമസഹായത്തിനും വേണ്ടി രംഗത്തിറങ്ങിയപ്പോള്‍ ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി മുതലെടുപ്പിന് ശ്രമിക്കുന്നു എന്ന് നിര്‍ലജ്ജം ആരോപിക്കുകയാണ്. എന്ത് ധ്രുവീകരണം? മഅ്ദനിക്ക് രാജ്യത്തെ ഭരണഘടനാനുസൃതമായ നീതി ലഭ്യമാക്കുന്നത് ഏതെങ്കിലും സമുദായത്തിന്നെതിരാണോ? ഹൈന്ദവ സമൂഹമെന്നാല്‍ സംഘ്പരിവാര്‍ എന്നര്‍ഥമുണ്ടോ? മഅ്ദനിക്ക് വേണ്ടി നിയമയുദ്ധം നടത്തിയാല്‍ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാവുന്ന രസതന്ത്രമെന്താണ്? മഅ്ദനിയുടെ കാര്യത്തില്‍ മനുഷ്യാവകാശ ലംഘനമുണ്ടായാല്‍ മുസ്ലിം ലീഗ് ഇടപെടാന്‍ മടിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറയുമ്പോള്‍ ഉദ്ദേശിക്കുന്ന ഇടപെടലിന്റെ സ്വഭാവമെന്താണ്? അത് വര്‍ഗീയ ധ്രുവീകരണവും സംഘര്‍ഷവും ഉണ്ടാക്കുകയില്ലേ? കുറ്റകരമായ നിസ്സംഗതയെ ന്യായീകരിക്കാനും ഒപ്പം മഅ്ദനിയെ തീര്‍ത്തും ഒറ്റപ്പെടുത്താനുമുള്ള വ്യഗ്രതയില്‍ മറ്റുള്ളവരുടെ ഉദ്ദേശ്യ ശുദ്ധി ചോദ്യം ചെയ്യാതിരിക്കാനുള്ള മര്യാദയെങ്കിലും കാട്ടണം. ജമാഅത്തെ ഇസ്ലാമിയാണ് മഅ്ദനിക്ക് വേണ്ടി രംഗത്തിറങ്ങുന്നതെങ്കില്‍ മതേതര പിന്തുണ അദ്ദേഹത്തിന് നഷ്ടപ്പെടും എന്ന മുന്നറിയിപ്പുമായി വന്നിരുന്നു എം.കെ മുനീര്‍. ഇപ്പോഴെന്തായി? 'മഅ്ദനി നീതിഫോറം' രൂപവത്കരിച്ചപ്പോള്‍ തികഞ്ഞ മതേതരവാദികളുടെ കൂട്ടായ്മ തന്നെ അണിനിരന്നതാണ് കേരളം കണ്ടത്. മുസ്ലിം ലീഗും സമസ്തയും മുജാഹിദുകളും ബഹിഷ്കരിച്ചിട്ടും ഒരു വെള്ളിയാഴ്ചയിലെ പള്ളി കലക്ഷന്‍ മാത്രം 58 ലക്ഷമാണെന്നാണറിവ്. മുനീറും പാര്‍ട്ടിയും മാളത്തിലൊളിക്കട്ടെ.
മൌദൂദിയും ജിഹാദും
മൌദൂദിയുടെ മതരാഷ്ട്രവാദം കാലഹരണപ്പെട്ടതല്ലേ? 20 ശതമാനം വരുന്ന മുസ്ലിംകള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഭരണം പിടിച്ചെടുക്കാനാവില്ലെന്നും അതുകൊണ്ട് സായുധ വിപ്ളവമാണ് മുസ്ലിംകള്‍ ജിഹാദിലൂടെ നടത്തേണ്ടതെന്നുമാണ് തീവ്രവാദികളുടെ വാദം. എന്നാല്‍ ഇസ്ലാമിക ഭരണത്തില്‍ പോലും അമുസ്ലിംകള്‍ക്ക് ജിസ്യ (മതനികുതി) കൊടുത്ത് സമാധാനമായി ജീവിക്കാമെന്ന നിയമമുള്ളപ്പോള്‍ അമുസ്ലിംകളെയെല്ലാം മുസ്ലിംകളാക്കാന്‍ ജിഹാദ് നടത്തേണ്ടതില്ലെന്ന വാദമാണ് ജനാധിപത്യ മൂല്യങ്ങള്‍ അംഗീകരിക്കുന്ന മുസ്ലിംകള്‍ക്കുള്ളത്. ഇങ്ങനെ ജിഹാദിന്റെ കാര്യത്തില്‍ തന്നെ രണ്ട് വിഭിന്ന ആശയക്കാരുള്ളപ്പോള്‍ ഏത് വിഭാഗക്കാരാണ് ശരി? മുസ്ലിംകളെ ആക്രമിക്കാന്‍ വരുന്ന ശത്രുക്കളോട് അവര്‍ നമസ്കരിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നതുവരെ യുദ്ധം ചെയ്യണമെന്നമെന്ന നിര്‍ദേശം പ്രത്യേക സാഹചര്യത്തില്‍മാത്രം ഉണ്ടാക്കിയതാണെന്നും ഒരു ബഹുസ്വര സമൂഹത്തില്‍ ആക്രമണപരമായ ജിഹാദ് കാലഹരണപ്പെട്ടിരിക്കുന്നു എന്നുമുള്ള മിതവാദികളുടെ നയത്തോട് മൌദൂദിയുടെ ആശയം യോജിക്കുമോ?
കെ.കെ സുഹൈല്‍ മേലാക്കം, മഞ്ചേരി
മൌദൂദി ഒരു മതരാഷ്ട്രവാദവും അവതരിപ്പിച്ചിട്ടില്ല. പൌരോഹിത്യം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ ശക്തിയായി നിരാകരിച്ച ചിന്തകനാണ് സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സമസ്ത ജീവിതതുറകളിലും സ്പഷ്ടമായ അധ്യാപനങ്ങളുള്ള ഇസ്ലാമിനെ സമ്പൂര്‍ണമായി അവതരിപ്പിക്കുകയും സമാധാനപൂര്‍വമായി പ്രബോധനം നിര്‍വഹിക്കുകയും ചെയ്തതാണ് മൌദൂദി ചെയ്ത സേവനം. ഇസ്ലാമിന്റെ സംസ്ഥാനപനത്തിനുള്ള സര്‍വ ശ്രമങ്ങളുടെയും പേരാണ് ജിഹാദ്. ആരുടെയും നേരെ ബലപ്രയോഗം നടത്താന്‍ ഇസ്ലാം അനുവദിച്ചിട്ടില്ല. മൌദൂദി ബലപ്രയോഗപരമായ ജിഹാദിന്റെ വക്താവുമായിരുന്നില്ല. ശത്രുക്കളുടെ ബലപ്രയോഗത്തെ നേരിടാന്‍, സമാധാനപരമായ പ്രതിരോധം അസാധ്യമാവുമ്പോള്‍, കഴിവും സാഹചര്യവും അനുകൂലമാണെങ്കില്‍ തിരിച്ചടിക്കുന്നതും ജിഹാദ് തന്നെ. അതും തെറ്റാണെന്ന് ലോകത്ത് ഒരു പ്രത്യയശാസ്ത്രവും സിദ്ധാന്തിക്കുന്നില്ല, ഇസ്ലാമും പറയുന്നില്ല. ശത്രുക്കള്‍ ശത്രുതാ നടപടികള്‍ നിര്‍ത്തുന്നപക്ഷം അവര്‍ മുസ്ലിംകളായില്ലെങ്കിലും അവരോട് യുദ്ധം ചെയ്യരുതെന്നാണ് ഇസ്ലാമിന്റെ ശാസന. "അവര്‍ സമാധാനത്തിന് തയാറായാല്‍ താങ്കളും അതിന് സന്നദ്ധനാവുക'' (അത്തൌബ) എന്ന് ഖുര്‍ആന്‍ പറയുന്നു.
ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിന്റെ സമാധാനപരമായ പ്രബോധനത്തെയല്ലാതെ ബലപ്രയോഗമോ യുദ്ധമോ മൌദൂദി എവിടെയെങ്കിലും നിര്‍ദേശിച്ചതിന് തെളിവുകള്‍ ഇല്ല. വ്യാജ പ്രചാരണങ്ങള്‍ നിരന്തരം നടത്തിയതുകൊണ്ട് അത് സത്യമാവുകയില്ല. മൌദൂദി കൃതികള്‍ മലയാളത്തിലും ഇംഗ്ളീഷിലുമടക്കം ലഭ്യമാണെന്നിരിക്കെ സംശയനിവൃത്തിക്ക് മറ്റു വഴികള്‍ തേടേണ്ടതില്ല.
'സംഘടിത സകാത്ത് അശാസ്ത്രീയം'
"യാചനയും ദാരിദ്യ്രവും ഒഴിവാക്കാന്‍ ചിലര്‍ മുന്നോട്ടുവെക്കുന്ന മാര്‍ഗമാണ് സംഘടിത സകാത്ത്. കമ്മിറ്റിക്ക് ഏല്‍പിച്ച് കൊടുക്കുക എന്ന രീതിയേ ഇസ്ലാമിലില്ല. ഒരു സംഘം ചേര്‍ന്ന് ഒരാളെ സകാത്ത് സംഘടിപ്പിക്കാനും വിതരണം ചെയ്യാനും ഏല്‍പിച്ചു. എന്നാലും പല പ്രശ്നങ്ങളും വന്നുചേരും. ചിലപ്പോള്‍ ദായകന് തന്നെ അവന്റെ സകാത്ത് തിരിച്ചു കൊടുത്തെന്ന് വരും. അപ്പോള്‍ എങ്ങനെ സകാത്ത് വീടും? ഇനി എല്ലാ ശ്രദ്ധിച്ച് സംഘടിപ്പിച്ച് വിതരണം നടത്തിയാലും സാമൂഹികമായി ദൂരവ്യാപകമായ പല പ്രശ്നങ്ങളും വന്നുചേരും. സംഘടിത സകാത്തുകാര്‍ പറയുന്നത് എല്ലാം സംഘടിപ്പിച്ച് ഒരാള്‍ക്കോ രണ്ടാള്‍ക്കോ കൊടുത്ത് അവരെ ബിസിനസ്സിലോ മറ്റെന്തെങ്കിലും തൊഴിലിലോ പ്രാപ്തരാക്കിയാല്‍ അവര്‍ പിന്നീട് സകാത്ത് വാങ്ങേണ്ടിവരില്ലല്ലോ എന്നാണ്. എത്രമാത്രം മണ്ടത്തരമാണിത്. ഒരാള്‍ക്ക് കുറെ മക്കളുണ്ട്. അയാളുടെ അടുക്കല്‍ കുറച്ച് ഭക്ഷണവും. എല്ലാവര്‍ക്കും കുറച്ചു വീതം കൊടുത്താല്‍ എല്ലാവരും മെലിഞ്ഞിരിക്കുമല്ലോ. അതുകൊണ്ട് ഒരാള്‍ക്ക് കൊടുത്താല്‍ അവനെങ്കിലും തടിച്ചിരിക്കുമല്ലോ. ബാക്കിയുള്ള മക്കളോ അവര്‍ പോയി തെണ്ടട്ടെ. അല്ലെങ്കില്‍ കിടന്ന് മരിക്കട്ടെ. എന്നതുപോലെയാണ് ദൈനംദിന ആവശ്യത്തിന് പ്രയാസപ്പെടുന്ന കുറെ പേര്‍ക്ക് സകാത്ത് മുടക്കി ഒരാളെ രക്ഷപ്പെടുത്തല്‍....'' (പൂങ്കാവനം മാസിക, സെപ്റ്റംബര്‍ ലക്കം). പ്രതികരണം?
അബ്ബാസ് മണ്ണാര്‍ക്കാട്
ദാരിദ്യ്ര നിര്‍മാര്‍ജനത്തിനും സാമൂഹിക ക്ഷേമത്തിനും വേണ്ടി ഇസ്ലാം ഏര്‍പ്പെടുത്തിയ സകാത്ത്, വെറും ചക്കാത്തായി നിലനിര്‍ത്താന്‍ വേണ്ടി പൌരോഹിത്യത്തിന്റെ എന്തെല്ലാം മുരട്ടു ന്യായങ്ങള്‍! സംഘടിത സകാത്തല്ലാതെ കേവലം വ്യക്തിപരമായ സകാത്ത് നബി(സ)യുടെയോ ഖലീഫമാരുടെയോ കാലത്തുണ്ടായിരുന്നതിന് വല്ല തെളിവും ഹാജരാക്കാമോ? സകാത്തിന്റെ ആത്മാവിനെ തകര്‍ക്കുന്ന സ്വകാര്യ സകാത്ത് വിതരണത്തിന് ഖുര്‍ആനിലോ ഹദീസിലോ തെളിവുകളുണ്ടോ? സകാത്തിന്റെ എട്ടവകാശികളില്‍ ഒരിനം തന്നെ അതിന്റെ ശേഖരണ-വിതരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ്. ഓരോരുത്തരും വെവ്വേറെ തോന്നിയപോലെ കൊടുത്തുതീര്‍ക്കേണ്ട ബാധ്യതയാണെങ്കില്‍ അവകാശികളില്‍ 'അതിന്റെ പ്രവര്‍ത്തകര്‍' എന്ന ഒരു കൂട്ടര്‍ എങ്ങനെ വന്നു?
ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയും തദധിഷ്ഠിത സകാത്ത് വിതരണ വ്യവസ്ഥയും നിലവില്ലാത്ത ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍, മനുഷ്യ സ്നേഹികളും ഇസ്ലാമിന്റെ യഥാര്‍ഥ ഗുണകാംക്ഷികളുമായ വിശ്വാസികള്‍ ആവിഷ്കരിച്ച സമ്പ്രദായമാണ് സകാത്തിന്റെ സാമൂഹിക സംഭരണവും വിതരണവും. സ്വയം സന്നദ്ധരായ ദായകരില്‍നിന്ന് സകാത്ത് ശേഖരിച്ച് അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കി കാര്യക്ഷമമായി വിതരണം ചെയ്യുകയാണ് സകാത്ത് കമ്മിറ്റികള്‍ ചെയ്യുന്നത്. നടപടികള്‍ സുതാര്യമായതിനാല്‍ ആര്‍ക്കും പരിശോധിച്ച് കണിശത ഉറപ്പ് വരുത്താവുന്നതേയുള്ളൂ. രോഗചികിത്സ, പാര്‍പ്പിട നിര്‍മാണം, കടബാധ്യത തീര്‍ക്കല്‍, തൊഴില്‍ കണ്ടെത്തല്‍, അവശതാ പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് സകാത്ത് ഫണ്ട് അനുവദിക്കുന്നത്. ദരിദ്രരെ എന്നും ദരിദ്രരായി നിലനിര്‍ത്താതിരിക്കാന്‍ തൊഴിലവസരങ്ങള്‍ക്ക് താരതമ്യേന കൂടുതല്‍ സംഖ്യ അനുവദിക്കുന്നു എന്നതിന്റെ അര്‍ഥം ഒന്നോ രണ്ടോ പേര്‍ക്ക് സകാത്ത് തുക ആകെ കൊടുത്തുതീര്‍ക്കുന്നു എന്നല്ല. ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കുമ്പോള്‍ അര്‍ഹര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതിനാല്‍ സകാത്ത്, ദായകര്‍ക്ക് തന്നെ തിരിച്ചുകിട്ടുന്ന പ്രശ്നമേ ഉത്ഭവിക്കുന്നില്ല. മറിച്ച് വ്യക്തികള്‍ സ്വകാര്യമായി നല്‍കുമ്പോഴാണ് കിട്ടിയവര്‍ക്ക് തന്നെ വീണ്ടും വീണ്ടും കിട്ടുകയും അല്ലാത്തവര്‍ തഴയപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുക.
നിരുത്തരവാദപരമായ പ്രസ്താവനയുടെ
പ്രത്യാഘാതം

ഞാന്‍ ഒരു പി.ജി വിദ്യാര്‍ഥിനിയാണ് (ഹിന്ദു സമൂഹത്തില്‍നിന്ന്).
"അടുത്ത 20 വര്‍ഷത്തിനുള്ളില്‍ കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു'' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് ഈ എഴുത്തിനാധാരം.
മുസ്ലിംകള്‍ എന്തിനാണ് ഇത്തരമൊരു തീരുമാനമെടുത്തത്?
(സത്യത്തില്‍ ഈ പ്രസ്താവന വായിച്ചതിനു ശേഷമാണ് ഞാന്‍ മുസ്ലിം മാസികകള്‍ വായിക്കാന്‍ തുടങ്ങിയത് എന്ന് വിസ്മരിക്കുന്നില്ല). ഈ പരിമിതമായ അറിവ് വെച്ചുകൊണ്ട് പറയുകയാണ്, വളരെ നല്ല മതമാണ് നിങ്ങളുടേത്. അത് പ്രചരിപ്പിക്കാതെ നില്‍ക്കുന്നതാണ് നിങ്ങള്‍ ചെയ്യുന്ന പാതകം. ഇസ്ലാമിനെ പറ്റി സമ്പൂര്‍ണമായി മനസ്സിലാക്കാന്‍ വല്ല സൌജന്യ പ്രസിദ്ധീകരണവും ഉണ്ടോ?

ഒരു സഹോദരി
സംസ്ഥാന മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ഒരുവ്യക്തി, ഏതോ കേസിനോടനുബന്ധിച്ച റെയ്ഡില്‍ പോലീസ് ആരില്‍നിന്നോ കണ്ടെടുത്ത വാറോലയെ അടിസ്ഥാനമാക്കി ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രസ്താവന ഇറക്കാന്‍ പാടില്ലാത്തതായിരുന്നു. അത് വായിച്ച ഒരു പി.ജി വിദ്യാര്‍ഥിനി പോലും മുസ്ലിം സമുദായത്തെ എത്രത്തോളം തെറ്റിദ്ധരിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ഈ ചോദ്യം.
ഉത്തരവാദപ്പെട്ട ഒരു മുസ്ലിം സംഘടനയും 20 കൊല്ലം കൊണ്ടോ 40 കൊല്ലം കൊണ്ടോ കേരളത്തെ ഇസ്ലാമീകരിച്ചുകളയാമെന്ന് സ്വപ്നം കാണുന്നില്ല. മനുഷ്യവര്‍ഗത്തിന്റെ മാര്‍ഗദര്‍ശനത്തിനായി സര്‍വജ്ഞനായ ദൈവം നല്‍കിയ സന്ദേശം എന്ന നിലയില്‍ ഇസ്ലാമിന്റെ പ്രബോധനം സമാധാനപൂര്‍വം നടത്തുന്ന പ്രസ്ഥാനങ്ങള്‍ കേരളത്തിലുമുണ്ടെന്നത് മാത്രമാണ് ശരി. അതിനവര്‍ക്ക് ജനാധിപത്യ ഇന്ത്യയില്‍ സ്വാതന്ത്യ്രവുമുണ്ട്. അതിലപ്പുറം ബലപ്രയോഗമോ നിര്‍ബന്ധമോ ചെലുത്തി ഇസ്ലാമില്‍ ആളെ കൂട്ടാന്‍ ഇസ്ലാം ആരെയും അനുവദിക്കുന്നില്ല. വിവാഹം പോലുള്ള ഏര്‍പ്പാടുകള്‍ മതപരിവര്‍ത്തനത്തിന്റെ വിഹിത മാര്‍ഗങ്ങളുമല്ല.
ഏതായാലും ഉര്‍വശി ശാപം ഉപകാരം എന്ന ആപ്ത വാക്യത്തെ ശരിവെക്കുന്നവിധം, ചോദ്യകര്‍ത്താവിനെപോലുള്ള സത്യാന്വേഷികളില്‍ ഇസ്ലാമിനെക്കുറിച്ച് പഠിക്കാനുള്ള ഔല്‍സുക്യമുണ്ടാക്കുന്നതില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന നിമിത്തമായത് നല്ല കാര്യമാണ്. ഇസ്ലാംമതം, രക്ഷാസരണി, നിര്‍മാണവും സംഹാരവും, ഖുര്‍ആന്‍ സന്ദേശ സാരം, മുഹമ്മദ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിലൂടെ ഇസ്ലാമിനെ തനതായ രീതിയില്‍ പഠിക്കാം (വിലാസം: ഐ.പി.എച്ച് കോഴിക്കോട്, ഫോര്‍ലാന്റ് ബില്‍ഡിംഗ്, രാജാജി റോഡ്, കോഴിക്കോട്-4).

LinkWithin

Related Posts Plugin for WordPress, Blogger...