തെരെഞ്ഞെടുപ്പ് വിജയത്തിനായി സി.പി.എം വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നു : ടി. ആരിഫലി
May 21, 2010
കോഴിക്കോട്: തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാ ജാതി, മത, വര്‍ഗീയതയുടെയും ഏറ്റവും അവസാനത്തെ സാധ്യതയും ഉപയോഗപ്പെടുത്താനുള്ള ആഹ്വാനമാണ് സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കൊല്ലത്ത് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ നടത്തിയതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ആരോപിച്ചു. തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ നായകന്‍ പരസ്യമായ വര്‍ഗീയതക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. വര്‍ഗീയ, ജാതീയ ധ്രുവീകരണത്തിനുള്ള ഇത്തരം കുല്‍സിത ശ്രമങ്ങളെ കേരള ജനത തിരിച്ചറിയണമെന്നും കോഴിക്കോട് ഹിറാ സെന്ററില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ജമാഅത്തുമായി എല്ലാ ബന്ധവും വിച്ഛേദിച്ചുവെന്ന മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന കാര്യമാക്കുന്നില്ല. ഇത്തരം ബന്ധവിച്ഛേദനം മുമ്പും പലതവണ ഉണ്ടായിട്ടുണ്ടെന്നും ആരിഫലി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജനാധിപത്യവിരുദ്ധ പാര്‍ട്ടിയാണെന്നാണ് പിണറായിയുടെ ആരോപണം. അടിയന്തരാവസ്ഥയിലുള്‍പ്പെടെ ഇന്ത്യയില്‍ ജനാധിപത്യം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ജനാധിപത്യ പുനഃസ്ഥാപനത്തിന് വേണ്ടിയുള്ള സമരങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. ഇന്ത്യയിലെ മറ്റേത് സംഘടനകളേക്കാളും മികച്ച ആഭ്യന്തര ജനാധിപത്യഘടന ജമാഅത്തിനുണ്ട്. ഇപ്പോഴും സ്റ്റാലിന്റെ പടം വെച്ച് പൂജിക്കുന്ന സി.പി.എം ജനാധിപത്യത്തെക്കുറിച്ച് ജമാഅത്തിനെ പഠിപ്പിക്കേണ്ടതില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ ബൂര്‍ഷ്വാ ജനാധിപത്യമായിട്ടാണ് മാര്‍ക്സിസ്റ്റുകാര്‍ വീക്ഷിക്കുന്നതെന്നത് പിണറായി മറക്കേണ്ട.
സംഘടിത പ്രസ്ഥാനങ്ങളെ ജമാഅത്ത് ശിഥിലീകരിക്കുന്നുവെന്നാണ് മറ്റൊരാരോപണം. പിണറായിയുടെ ഈ പ്രസ്താവന സി.പി.എമ്മിനെ ഉദ്ദേശിച്ചാണെങ്കില്‍ അതിന് പുറത്തുനിന്ന് ആളു വേണ്ട. പാര്‍ട്ടിക്കകത്തുള്ളവര്‍ തന്നെ ആ പണി ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. ജമാഅത്ത് മുസ്ലിം സംഘടനകളില്‍ ഏറ്റവും ചെറുതാണെന്നാണ് മറ്റൊരു വാദം. സംഘടനാ വലുപ്പത്തെക്കുറിച്ച് ജമാഅത്ത് ഒരിക്കലും അഹങ്കാരം പറഞ്ഞിട്ടില്ല. പക്ഷേ, കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നായകന്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഈ സംഘടനക്കെതിരെ പ്രസംഗിച്ചു നടക്കുന്നു. മാത്രവുമല്ല, പാര്‍ട്ടിയുടെ നയരേഖയില്‍ തന്നെ വലിയ ഭാഗം ഈ ചെറിയ സംഘടന അപഹരിച്ചതെന്തുകൊണ്ടാണെന്ന് പിണറായി വ്യക്തമാക്കണം.
എല്ലാ നന്മകളെയും തകര്‍ക്കുന്ന പ്രസ്ഥാനമാണെന്ന് മറ്റൊരാരോപണം. കോര്‍പറേറ്റ് കുത്തകകളുടെയും ഭൂമാഫിയകളുടെയും നന്മയാണ് പിണറായി നന്മയായി കാണുന്നത്. ആ നന്മയോടൊത്തുപോവാന്‍ ജമാഅത്തിന് ഒരിക്കലുമാവില്ല.
എല്ലാ കാര്യങ്ങളും ഏത് സംഘടനകളുമായും തുറന്ന് ചര്‍ച്ച നടത്തുന്ന സമീപനമാണ് ജമാഅത്തിനുള്ളത്. കോഴിക്കോട്ട് നടന്ന ലീഗ്^ജമാഅത്ത് ചര്‍ച്ചക്ക് മുന്‍കൈയെടുത്തത് ലീഗ് നേതൃത്വമാണ്. ലീഗ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. ലീഗ്^ജമാഅത്ത് ചര്‍ച്ച പുതിയ സംഭവമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം 12ലേറെ തവണ സമാന ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ തുടക്കം പുതുതായുണ്ടായ കാര്യമല്ല. പിറവികൊണ്ട കാലം തൊട്ടേ രാഷ്ട്രീയത്തില്‍ ഇടപെടുന്ന സംഘടനയാണ് ജമാഅത്ത്. രാഷ്ട്രീയരംഗപ്രവേശനത്തിന്റെ പേരില്‍ ജമാഅത്തുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചുവെന്ന മുസ്ലിംലീഗിന്റെ പ്രഖ്യാപനം അതുകൊണ്ടുതന്നെ ഗൌരവത്തിലെടുക്കുന്നില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും വെറുത്ത ജനങ്ങള്‍ പലയിടങ്ങളിലും സ്വതന്ത്രമായ പ്രാദേശിക സംഘടനകള്‍ രൂപവത്കരിക്കുന്നുണ്ട്.
നവസാമൂഹിക പ്രസ്ഥാനങ്ങളും പരിസ്ഥിതി^ദലിത് ഗ്രൂപ്പുകളും പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സന്നദ്ധരായി രംഗത്തുണ്ട്. ഇത്തരം ശ്രമങ്ങളെ പിന്തുണക്കുകയും ആശീര്‍വദിക്കുകയുമാണ് സംഘടന ചെയ്യുന്നത്. അതോടൊപ്പം ഈ സംരംഭങ്ങളില്‍ ഭാഗഭാക്കാവാനും പങ്കാളിത്തം വഹിക്കാനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇത്തരം ജനകീയ കൂട്ടായ്മകള്‍ രൂപപ്പെട്ടുവരുന്നതിനെ ഇരുമുന്നണികളും അസ്വസ്ഥതയോടെയാണ് കാണുന്നത്. അതിന്റെ പ്രതിഫലനമായിട്ടാണ് എല്ലാ മേഖലകളിലും ഇപ്പോള്‍ നടക്കുന്ന ജമാഅത്ത് വിരുദ്ധ പ്രചാരണങ്ങളും. ഇത് മുന്‍കൂട്ടി പ്രതീക്ഷിച്ചതാണെന്നും ആരിഫലി വ്യക്തമാക്കി.
അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, സംസ്ഥാന സെക്രട്ടറി എം.കെ. മുഹമ്മദലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
No comments:
Post a Comment