Friday, January 21, 2011

വര്‍ഗീയതയുടെ എന്‍ഡോസള്‍ഫാന്‍ തളി -സി. ദാവൂദ്

കഴിഞ്ഞ 14ന് ശബരിമലയിലെ പുല്ലുമേട്ടിലുണ്ടായ ദുരന്തത്തില്‍ ദുഃഖിക്കാത്തവരായി നമുക്കിടയില്‍ ആരുമുണ്ടാവില്ല. ആത്മീയശാന്തി തേടി പ്രയാസങ്ങളേറെ സഹിച്ച് വിദൂരദിക്കുകളില്‍നിന്ന് ആ മലമടക്കുകളില്‍ എത്തിപ്പെട്ട ഭക്തരാണ്, എല്ലാ കര്‍മങ്ങളും കഴിഞ്ഞു തിരിച്ചുപോവാനിരിക്കെ ദാരുണമായ ദുരന്തത്തില്‍പ്പെട്ടത്. 102 വിലപ്പെട്ട ജന്മങ്ങള്‍ അവിടെ പൊലിഞ്ഞുപോയി; ജാതിമതഭേദമെന്യേ സര്‍വരും കനംതൂങ്ങിയ മനസ്സുമായി നിന്ന നാളുകള്‍. എന്നാല്‍, അതിനിടയിലും പുഴുവരിക്കുന്ന അളിഞ്ഞ മനസ്സുമായി ചിലര്‍ നമുക്കിടയിലുണ്ടായി. സാധാരണ ദുരന്തങ്ങള്‍ നടന്നാല്‍ മോഷണത്തിനും കവര്‍ച്ചയ്ക്കും എത്തിച്ചേരുന്ന മനുഷ്യമൃഗങ്ങളെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. ദൈവാനുഗ്രഹത്താല്‍ നമ്മുടെ കേരളനാട്ടില്‍ അങ്ങനെയുണ്ടായിട്ടില്ല. എന്നാല്‍, ശബരിമല ദുരന്തത്തെ തുടര്‍ന്നു കേരളത്തിലെ ഒരു മുഖ്യധാരാ പത്രം നല്‍കിയ റിപോര്‍ട്ട് വായിച്ചാല്‍ നേരത്തേ പറഞ്ഞതരം അളിഞ്ഞ മനസ്കര്‍ നമ്മുടെ പത്രമാപ്പീസുകളില്‍ താവളമടിച്ചതിന്റെ ചിത്രമാണു നമുക്കു കിട്ടുക.

ദുരന്തം കഴിഞ്ഞു മൂന്നാംദിവസം (ജനുവരി 17) കേരളകൌമുദി ദിനപത്രം ഒന്നാംപേജില്‍ പി ബി ബാലുവിന്റെ ബൈലൈനില്‍ നിരത്തിയ ആറുകോളം വാര്‍ത്ത നോക്കൂ: "കോട്ടയം പുല്‍മേട്ടില്‍ 102 ശബരിമല തീര്‍ത്ഥാടകരുടെ കൂട്ടമരണം ആസൂത്രിതമാണോയെന്ന സംശയവും ദുരൂഹതയും സൃഷ്ടിച്ചുകൊണ്ടു സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയാണ് ഒരു ജീപ്പ്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചുകയറ്റിയതിന്റെ സൂചന ജീപ്പിലുണ്ട്. ജീപ്പിന്റെ മുന്‍ചക്രത്തിലും ബോണറ്റിലുമായി ഒരു കിടക്കവിരി ചുറ്റിപ്പിണഞ്ഞുകിടക്കുന്നു. നിര്‍ത്തിയിട്ടിരുന്ന ജീപ്പാണെങ്കില്‍ മുന്‍ചക്രത്തില്‍ കിടക്കവിരി ചുറ്റിപ്പിണയേണ്ട കാര്യമില്ല. സംശയം സൃഷ്ടിക്കുന്നത് ഇതു മാത്രമല്ല. സംഭവം നടന്നു രണ്ടുദിവസം പിന്നിട്ടിട്ടും ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ കണ്െടത്താനായിട്ടില്ല. കേസില്‍ കുടുങ്ങുമെന്നു ഭയന്നാണോ ഡ്രൈവര്‍ മുങ്ങിയതെന്ന് ഉറപ്പിക്കാന്‍ വയ്യ. ഈ ജീപ്പിനെക്കുറിച്ചു കുമളി പോലിസ് അന്വേഷിച്ചിരുന്നു. പക്ഷേ, ഡ്രൈവറെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല...'' ഇത്രയും വായിക്കുന്ന ഒരു സാധാരണ പത്രവായനക്കാരന്‍, ഒരു അയ്യപ്പഭക്തന്‍ വിശേഷിച്ചും രോഷവും അമര്‍ഷവുംകൊണ്ടു തിളയ്ക്കും. ജീപ്പിന്റെ ബോണറ്റില്‍ ചുറ്റിപ്പിടിച്ച കിടക്കവിരി പോലെ അവന്റെ മനസ്സില്‍ സംശയങ്ങളും ചോദ്യങ്ങളും ചുറ്റിപ്പിടിക്കും. ഇത് ആസൂത്രിതമായ ഒരു കൂട്ടക്കൊലയാണെങ്കില്‍, ജീപ്പ് 'ഓടിച്ചുകയറ്റി' മാനേജ് ചെയ്ത ദുരന്തമാണെങ്കില്‍ ആരാണ് ആ കശ്മലന്‍ എന്നവന്‍ ആലോചിക്കും. അങ്ങനെ വായനക്കാരനെ അങ്ങേയറ്റം സന്ദിഗ്ധമായ ഒരു മുള്‍മുനയില്‍ നിര്‍ത്തിയശേഷം കേരളകൌമുദി ലേഖകന്‍ തുടരുന്നു:



"ആര്‍.ടി ഓഫിസ് അധികൃതര്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിവരമനുസരിച്ച്, ജീപ്പിന്റെ ഉടമ ഒരു മുഹമ്മദ് ഹാജിയാണെന്നു കണ്െടത്തിയിട്ടുണ്ട്. മലപ്പുറം ആര്‍.ടി ഓഫിസില്‍ 1993 മെയ് 19നാണ് ഈ വാഹനം രജിസ്റര്‍ ചെയ്തത്. വാഹനത്തിന്റെ ഉടമ ഇപ്പോഴും മുഹമ്മദ് ഹാജിയാണോയെന്നു വ്യക്തമല്ല. ഈ ജീപ്പിനെക്കുറിച്ചു വിശദമായി അന്വേഷിച്ചു രണ്ടുദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് നിര്‍ദേശിച്ചിട്ടുണ്ട്.'' എങ്ങനെയുണ്ട്? അയ്യപ്പഭക്തര്‍ക്കിടയിലേക്കു ജീപ്പ് ഓടിച്ചുകയറ്റിയ ആ കശ്മലന്‍ ആരെന്നു വല്ല വായനക്കാര്‍ക്കും സംശയമുണ്െടങ്കില്‍ ആ സംശയവും ലേഖകന്‍ തീര്‍ത്തുകൊടുക്കുകയാണ്; ഇസ്ലാമിക ഭീകരതയുടെ പര്യായമായ രണ്ടു സൂചകങ്ങളിലൂടെ: ഒന്ന്, മുഹമ്മദ് ഹാജിയുടെ ജീപ്പ്. മറ്റൊന്ന്, മലപ്പുറത്തുനിന്നുള്ള ജീപ്പ്. വാര്‍ത്ത തുടരുന്നു: "ദുരന്തത്തെക്കുറിച്ചു സംശയം ജനിപ്പിക്കുന്ന ഒരു വിവരം കൂടി പുറത്തുവന്നിട്ടുണ്ട്. ദുരന്തം നടന്ന് ഒരു മണിക്കൂറോളം കഴിഞ്ഞാണു വിവരം വനത്തിനു പുറത്ത് എത്തിയത്. എന്നാല്‍, അതിനു മുമ്പുതന്നെ കുമളി മേഖലയില്‍ ചിലര്‍ക്കു വിവരം കിട്ടി. അവരില്‍ ആരോ ഒരാള്‍ ഒരു മാധ്യമത്തിലേക്കു വിളിച്ചുപറഞ്ഞതായും സൂചനയുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടന്നുവരുന്നു.''

ഇതാണു മോനേ, പത്രപ്രവര്‍ത്തനം! അയ്യപ്പഭക്തന്മാരിലേക്ക് ഇരച്ചുകയറിയ ജീപ്പിന്റെ ചാസി പാകിസ്താനില്‍ നിര്‍മിച്ചതാണെന്നു വിദഗ്ധര്‍ കണ്െടത്തിയിട്ടുണ്ട്, തിരുവനന്തപുരത്ത് വിവരമറിയുന്നതിനു മുമ്പ് സൌദിഅറേബ്യയില്‍ നിന്നു ദുരന്തത്തെക്കുറിച്ചു വന്ന ഫോണ്‍കോളുകള്‍ സൈബര്‍ സെല്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് തുടങ്ങിയ എക്സ്ക്ളൂസീവുകള്‍ എന്തുകൊണ്േടാ ലേഖകന്‍ മിസ് ചെയ്തു. അളിഞ്ഞ മനസ്സിന്റെ ദുര്‍ഗന്ധം സ്പ്രേ ചെയ്യുന്നതിന്റെ പേരാണു പത്രപ്രവര്‍ത്തനമെങ്കില്‍ കേരളകൌമുദി ലേഖകന്‍ മികച്ച പത്രപ്രവര്‍ത്തകന്‍ തന്നെ.

ഈ ഞെട്ടിക്കുന്ന വാര്‍ത്ത വായിച്ച് അതിന്റെ ഫോളോഅപ്പ് അടുത്ത ദിവസം ഉണ്ടാവുമെന്നു കരുതി പത്രമെടുത്തുനോക്കി. ഡി.ജി.പി ഉടന്‍ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നു പറയുന്ന ലേഖകന്‍ സ്വാഭാവികമായും ആ അന്വേഷണഫലം അടുത്ത ദിവസം പ്രസിദ്ധീകരിക്കുമല്ലോ. കെട്ടിപ്പിണഞ്ഞ കിടക്കവിരി, മുങ്ങിയ ഡ്രൈവര്‍, മലപ്പുറത്തെ മുഹമ്മദ് ഹാജി തുടങ്ങിയവരുടെ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നു കരുതി അടുത്ത ദിവസം പത്രമെടുത്തു നോക്കിയപ്പോള്‍ കിം ഫലം. അതിനെക്കുറിച്ച് ഒരു വാക്കുപോലുമില്ല.

കാരണം ലളിതം. അവിടെയുണ്ടായിരുന്ന മൂന്നു വാഹനങ്ങളുടെയും ഉടമകളെ പോലിസ് തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. കെ.എല്‍ 5 സി 5362 ജീപ്പ് വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ സ്വദേശി നെല്‍സന്റെയും കെ.എല്‍ 8 സി 828 ജീപ്പ് വള്ളക്കടവ് സുധാഭവനില്‍ നാഗരാജിന്റെയും കെ.എല്‍ 37 8024 ഓട്ടോ പശുപ്പാറ സ്വദേശി നെടിയപറമ്പില്‍ വി പി പ്രതാപിന്റേതുമാണെന്ന് അടുത്ത ദിവസം പോലിസ് വ്യക്തമാക്കി. 'കിടക്കവിരി ചുറ്റിപ്പിണഞ്ഞ' പ്രമാദമായ ആ ജീപ്പിന്റെ ഉടമ (കെ.എല്‍ 5 സി 5362) നെല്‍സനാണെന്നു പോലിസിന് അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമായതോടെ കേരളകൌമുദിയുടെ ദുരൂഹതകള്‍ അവസാനിച്ചു. ഒന്നോര്‍ത്തുനോക്കൂ; ആ ജീപ്പെങ്ങാനും ലേഖകന്‍ ആഗ്രഹിച്ചതുപോലെ മുഹമ്മദ് ഹാജിയുടേതായിരുന്നെങ്കില്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സര്‍വലോക മിതവാദികളും സംഘടിച്ചു നാട്ടില്‍ ബഹളംവച്ചേനെ.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 21നു തിരുവനന്തപുരത്ത് കിങ്ഫിഷര്‍ വിമാനത്തില്‍ നിന്നു ബോംബ് കണ്െടടുത്ത സംഭവത്തില്‍ ഇതേ പത്രം സ്വീകരിച്ച സമീപനം നമ്മുടെ ഓര്‍മയിലുണ്ട്. ഒന്നാംദിവസം, വിമാനത്താവളം തന്നെ തകര്‍ക്കാന്‍ പറ്റുന്ന ബോംബിനെക്കുറിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പത്രം നല്‍കി. ന്യൂഡല്‍ഹി ഡേറ്റ്ലൈനില്‍ കെ എസ് ശരത്ലാലിന്റെ ബൈലൈനില്‍ ശ്രദ്ധേയമായൊരു വാര്‍ത്ത കൊടുത്തു; 'വെടിമരുന്നുപൊതി ട്രയലോ മുന്നറിയിപ്പോ' എന്ന തലക്കെട്ടില്‍. ജനങ്ങളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ധരിപ്പിക്കാനായി പ്രത്യേകം കള്ളിയിലാക്കി കേരളകൌമുദി അറിയിക്കുന്ന കാര്യങ്ങള്‍ ഇവയൊക്കെയായിരുന്നു:

1. ഭീകരഗ്രൂപ്പായ ഇന്ത്യന്‍ മുജാഹിദീന്റെ കേരളത്തിലെയോ കര്‍ണാടകയിലെയോ സ്ളീപ്പര്‍ സെല്ലുകളാണു വിമാനത്തില്‍ വെടിമരുന്ന് കണ്െടത്തിയതിനു പിന്നിലെന്നാണു സംശയം.
2. നേതാക്കളില്‍ പലരെയും അറസ്റ് ചെയ്തിട്ടും ഇന്ത്യന്‍ മുജാഹിദീന്റെ ശക്തി ക്ഷയിച്ചിട്ടില്ലെന്നു സൂചിപ്പിക്കുകയാണ് ലക്ഷ്യമെന്നു കരുതപ്പെടുന്നു.
3. ആക്രമണത്തിനു മുമ്പ് മുന്നറിയിപ്പു നല്‍കുന്ന രീതിയും ഇന്ത്യന്‍ മുജാഹിദീനുണ്ട്.
4. ഇന്ത്യയില്‍ ഇന്ത്യക്കാരെ ഉപയോഗിച്ചു ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പാക് ചാരസംഘടനയായ ഐ.എസ്.ഐയും അധോലോകനായകന്‍ ദാവൂദ് ഇബ്രാഹീമും നിയന്ത്രിക്കുന്ന സംഘടനയാണ് ഇന്ത്യന്‍ മുജാഹിദീന്‍.

തങ്ങളുടെ ഡല്‍ഹി ലേഖകന്റെ നിര്‍ണായകമായ കണ്െടത്തലുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഗൌനിക്കുകയില്ലേ എന്നു സംശയിച്ചതുകൊണ്ടായിരിക്കണം, അടുത്ത ദിവസം (മാര്‍ച്ച്- 23) പത്രാധിപര്‍ കിടിലനൊരു മുഖപ്രസംഗം തന്നെയങ്ങു നിര്‍വഹിച്ചുകളഞ്ഞു; 'വിമാനത്തിലെ ബോംബ് പൊതി' എന്ന തലക്കെട്ടില്‍, കാര്യം അന്വേഷിച്ച് ഉടന്‍ കുറ്റവാളികളെ പിടികൂടിയേ അടങ്ങൂവെന്ന് പത്രാധിപര്‍ കട്ടായം പറഞ്ഞു. മുഖപ്രസംഗം വായിച്ചിട്ടോ എന്തോ അന്വേഷണ ഉദ്യോഗസ്ഥര്‍ നാടൊട്ടുക്കും പാഞ്ഞു. മാര്‍ച്ച് 28നു തന്നെ പ്രതിയെ കൈയോടെ പിടികൂടി പത്രക്കാര്‍ക്കു മുമ്പില്‍ ഹാജരാക്കി. സ്വാഭാവികമായും പത്രാധിപരദ്ദേഹം ഈ ബോംബ് ഭീകരനെ പിടികൂടിയതില്‍ സന്തോഷിക്കാനേ തരമുള്ളൂ. പക്ഷേ, പിറ്റേദിവസം പത്രം പ്ളേറ്റ് പെട്ടെന്നങ്ങു മാറ്റി. തലേദിവസം വരെ ബോംബായിരുന്ന ആ സാധനം അതാ മാര്‍ച്ച് 29ന് പെട്ടെന്നു വെറുമൊരു ഗുണ്ട് ആയി മാറുന്നു! ആ മനോഹര തലക്കെട്ട് ഇങ്ങനെ വായിക്കാം: 'തീവ്രവാദിബന്ധമില്ല; ജീവനക്കാരുടെ കുടിപ്പക, കൂടുതല്‍ പേര്‍ക്ക് പങ്കുണ്െടന്നു സൂചന; വിമാനത്തിലെ ഗുണ്ട്: പ്രതി അറസ്റില്‍.' ഹായ്, എത്ര മനോഹരം, സമഗ്രം, വസ്തുനിഷ്ഠം! ബോംബ് ഗുണ്ട് ആയി മാറിയതിന്റെ രസതന്ത്രം ലളിതം. ഗുജറാത്തില്‍നിന്നുള്ള ദുരൂഹമായ ഒരു ഹിന്ദുത്വഗ്രൂപ്പിന്റെ പ്രവര്‍ത്തകനായ നായരാണു പ്രതി; അതുതന്നെ.

കേരളീയ നവോത്ഥാനത്തിന്റെ മുമ്പില്‍ നടന്ന ശ്രീനാരായണീയപ്രസ്ഥാനത്തിന്റെ പശ്ചാത്തലമുള്ള ഒരു പത്രത്തില്‍ എന്‍ഡോസള്‍ഫാന്‍ വിഷത്തെ വെല്ലുന്ന ഇത്തരം വര്‍ഗീയ വിഷവര്‍ഷം നടക്കുമ്പോള്‍ അതു വല്ലാതെ വേദനിപ്പിക്കുന്നതുതന്നെയാണ്. ഒരു ദിവസമാണെങ്കില്‍ ഒരു ദിവസത്തേക്ക്, തങ്ങളുടെ വായനക്കാരെ വര്‍ഗീയവല്‍ക്കരിക്കാനും അവരുടെ മനസ്സില്‍ വിദ്വേഷത്തിന്റെയും സംശയത്തിന്റെയും അഗ്നി പെയ്യിക്കാനും കഴിയുമോ എന്നാണവര്‍ ആലോചിക്കുന്നത്. ആര്‍.എസ്.എസ് പത്രമായ ജന്മഭൂമി പോലും ചെയ്യാത്ത തരത്തിലാണ് ലിബറല്‍ സെക്കുലര്‍ നാട്യമുള്ള പത്രങ്ങള്‍ ഇന്നു മലയാളത്തില്‍ വാര്‍ത്തകളൊരുക്കുന്നത്. ഇതൊക്കെയും ഡോക്യുമെന്റ് ചെയ്യുകയെന്നതു തന്നെ വലിയൊരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. ആരാണു നമ്മുടെ മനസ്സുകളില്‍ എന്‍ഡോസള്‍ഫാന്‍ വര്‍ഷിക്കുന്നതെന്ന് അടുത്ത തലമുറ മറക്കാന്‍ ഇടവരരുത്.

2 comments:

  1. കേരളകൌമുദിയു ഒരു സംഘപരിവാര്‍ ജിഹ്വയായിട്ട് കാലം കുറേയായി. കൂടാതെ എസ്.എന്‍.ഡി.പി യും വെള്ളാപ്പള്ളിയുമൊക്കെ ഇപ്പോള്‍ സവര്‍ണപാളയത്തില്‍ നമ്പൂരിമുതല്‍ നാടോടിവരെയുള്ളവരെ ഹിന്ദുക്കളാക്കാന്‍ കൊണ്ടുപിടിച്ചു നടക്കുകയല്ലേ ?
    ഈഴലരെന്നാല്‍ ഇപ്പോള്‍ അരനായരാണ്.

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...