Monday, April 11, 2011

ജമാഅത്തിനെ ആര്‍ക്കാണ്‌ പേടി? -സി. ദാവൂദ്

നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണ രംഗത്ത്‌ കിതപ്പനുഭവപ്പെടുന്ന യുഡിഎഫ്‌ ക്യാമ്പ്‌ എടുത്തിട്ട പുതിയ നമ്പറായിരുന്നു സിപിഎം-ജമാഅത്ത്‌ ചര്‍ച്ച എന്നത്‌. രമേശ്‌ ചെന്നിത്തലയും ബിജെപിയുമാണ്‌ ഇത്‌ വിവാദമാക്കിയത്‌ എന്നതിനാല്‍ തന്നെ അതിന്റെ പിന്നിലെ യഥാര്‍ത്ഥ അജന്‍ഡകള്‍ ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. ‘മുസ്‌ലിം തീവ്രവാദ’ത്തിനെതിരെ ഭൂരിപക്ഷ വര്‍ഗീയത ഇളക്കി വിട്ട്‌ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമോ എന്നതാണ്‌ വര്‍ഗീയ വലതുപക്ഷത്തിന്റെ ഇഷ്‌ടതോഴനായ ചെന്നിത്തലയുടെ ആലോചന. അതിനാലാണ്‌ സിപിഎം മുസ്‌ലിം തീവ്രവവാദികളുമായി ചര്‍ച്ച നടത്തിയെന്ന്‌ പറഞ്ഞ്‌ അദ്ദേഹം വിവാദം തുടങ്ങിവച്ചത്‌.

സിപിഎം നേതൃത്വവും, ജമാഅത്തെ ഇസ്‌ലാമി നേതൃത്വവും മാര്‍ച്ച്‌ 20ന്‌ ആലപ്പുഴ ഗസ്റ്റ്‌ ഹൗസില്‍ വച്ച്‌ ചര്‍ച്ച നടത്തിയെന്നത്‌ യാഥാര്‍ഥ്യമാണ്‌. ഇത്‌ ആദ്യമായല്ല സിപിഎം നേതാക്കളും ജമാഅത്ത്‌ നേതാക്കളും ചര്‍ച്ച നടത്തുന്നത്‌. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും അത്തരം ചര്‍ച്ചകള്‍ പല ഘട്ടങ്ങളില്‍ പല വിഷയങ്ങളിലായി നടന്നിട്ടുണ്ട്‌. ഒരു ജനാധിപത്യ രാജ്യത്ത്‌ വ്യത്യസ്‌ത സംഘടനകള്‍ ചര്‍ച്ച നടത്തുന്നുവെന്നത്‌ പ്രത്യേകിച്ച്‌ വിശേഷമുള്ള കാര്യമൊന്നുമല്ല. കോണ്‍ഗ്രസ്‌ തന്നെയും ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ജമാഅത്ത്‌ നേതൃത്വവുമായി പലതവണ പല വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പ്രണബ്‌ മുഖര്‍ജിയും ജമാഅത്ത്‌ നേതൃത്വവും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. കേരളത്തില്‍ തന്നെ രമേശ്‌ ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എംഐ ഷാനവാസ്‌ എന്നിവരും ജമാഅത്ത്‌ നേതാക്കളും പങ്കെടുത്ത ദീര്‍ഘമായ ചര്‍ച്ച കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ നടന്നിരുന്നു. രാജ്യത്തെ സാമൂഹിക രാഷ്‌ട്രീയ പ്രക്രിയയില്‍ സജീവമായി ഇടപെടുന്ന ഒരു പ്രസ്ഥാനം എന്നുള്ള നിലക്ക്‌ ജമാഅത്തിന്‌ ഇതില്‍ യാതൊരു പുതുമയും തോന്നുന്നുമില്ല.

എന്നാല്‍ ഇപ്പോള്‍ എന്തിനാണ്‌ രമേശ്‌ ചെന്നിത്തലയും ബിജെപിയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഇത്‌ വിവാദമാക്കുന്നത്‌? അതിന്‌ ഒട്ടനവധി ഒളിയജന്‍ഡകളുണ്ട്‌. മഞ്ചേശ്വരം, കാസര്‍ഗോഡ്‌, ഉദുമ, പാലക്കാട്‌, നേമം തുടങ്ങിയ മണ്‌ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ രമേശ്‌ ചെന്നിത്തലയും ബിജെപിയും തമ്മിലുണ്ടാക്കിയ ചില അവിഹിത ധാരണകളുണ്ട്‌. ഇത്‌ പുറത്തുകൊണ്ടു വരുന്നതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമ പ്രസിദ്ധീകരണങ്ങള്‍ പങ്ക്‌ വഹിച്ചു. ഈ അവഹിത ധാരണ മറച്ചു വയ്ക്കുകയാണ്‌ ജമാഅത്ത്‌ ബാഷിംഗ്‌ കാമ്പയിനിലൂടെ ചെന്നിത്തല ഒന്നാമതായും ലക്ഷ്യം വായ്ക്കുന്നത്‌. എന്‍എസ്‌എസ്‌, എസ്‌എന്‍ഡിപി, കത്തോലിക്കാ സംഘടനകള്‍, യാക്കോബായ സംഘടനകള്‍ എന്നിവരുമായൊക്കെ നമ്മുടെ നാട്ടിലെ രാഷ്‌ട്രീയ പാര്‍ടികള്‍ തെരഞ്ഞെടുപ്പ്‌ ചര്‍ച്ചകള്‍ നടത്താറുണ്ട്‌. അവയിലൊന്നും പ്രശ്‌നം കാണാത്ത ചെന്നിത്തലയും യുഡിഎഫും ജമാഅത്ത്‌ ചര്‍ച്ചയെ ഭീകരവത്കരിക്കുന്നത്‌ മറ്റ്‌ ചില സുക്കേടുകളുടെ ലക്ഷണമാണ്‌. മുസ്‌ലിം സംഘടനകളുമായി ആരും ചര്‍ച്ചകള്‍ നടത്താന്‍ പാടില്ലെന്നും, ഇനി അഥവാ ആരെങ്കിലും അങ്ങിനെ ചര്‍ച്ച നടത്തിയാല്‍ അത്‌ നടത്തിയവരും കേട്ടവരും കണ്ടവരുമെല്ലാം തീവ്രവാദികളാണെന്നുമുള്ളത്‌ ആര്‍എസ്‌എസിന്റെ സിദ്ധാന്തമാണ്‌. ആര്‍എസ്‌എസിന്റെ അജന്‍ഡകള്‍ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തിരുന്നു കൊണ്ട്‌ നടപ്പിലാക്കാന്‍ പറ്റുമോയെന്നാണ്‌ ചെന്നിത്തല നോക്കുന്നത്‌.

ചെന്നിത്തല തുടങ്ങിവെച്ച ജമാഅത്ത്‌ വിരുദ്ധ കാമ്പയിന്‍ മുസ്‌ലിം ലീഗും ആവേശപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. ജമാഅത്തുമായുള്ള ചര്‍ച്ച ലക്ഷണമൊത്ത തീവ്രവാദ പ്രവര്‍ത്തനമാണെന്ന ചെന്നിത്തല സിദ്ധാന്തത്തില്‍ ലീഗിന്‌ സംശയമേ ഇല്ല. പക്ഷേ, ലീഗ്‌ സ്വന്തം ചരിത്രം തന്നെ മറന്നു കൊണ്ടാണ്‌ ഈ തീവ്രവാദ വിരുദ്ധ ഗുളിക വിഴുങ്ങുന്നതെന്നതാണ്‌ യാഥാര്‍ഥ്യം. 1960ല്‍ ഒന്നാം ഇഎംഎസ്‌ മന്ത്രിസഭയെ പിരിച്ചുവിട്ടതിന്‌ ശേഷം മുസ്‌ലിം ലീഗിന്റെ കൂടി പിന്തുണയോട്‌ കൂടിയാണ്‌ കോണ്‍ഗ്രസ്‌ മന്ത്രിസഭ അധികാരത്തില്‍ വന്നത്‌. മുസ്‌ലിം ലീഗിന്റെ പിന്തുണയോടെയാണ്‌ ഭരിക്കുന്നതെങ്കിലും ലീഗിന്‌ മന്ത്രി സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ്‌ സന്നദ്ധമായില്ല. വര്‍ഗീയ തീവ്രവാദ സംഘടനയാണ്‌ ലീഗ്‌ എന്നത്‌ തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ അഭിപ്രായം. മന്ത്രിസഭ നിലനില്‍ക്കാന്‍ വേണ്ടി മാത്രം മനമില്ലാ മനസോടെ ലീഗിന്‌ സ്‌പീക്കര്‍ സ്ഥാനം അനുവദിച്ചു. പക്ഷേ, പിന്നീട്‌ 1961ല്‍ കോണ്‍ഗ്രസിന്റെ ദുര്‍ഗാപൂര്‍ പ്രമേയം ലീഗിനിതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടു. അപകടകാരികളായ വര്‍ഗീയവാദികളാണെന്നും അതിനാല്‍ അടുപ്പിക്കാന്‍ പറ്റാത്തവരുമാണ്‌ ലീഗുകാരെന്നായിരുന്നു ദുര്‍ഗാപൂര്‍ പ്രമേയത്തിന്റെ കാതല്‍. ലീഗുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ പ്രസ്‌തുത പ്രമേയം ആഹ്വാനം ചെയ്‌തു. അങ്ങിനെയാണ്‌ ഐക്യകേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ്‌ മുന്നണി സര്‍ക്കാര്‍ നിലം പതിക്കുന്നത്‌. കേരളത്തില്‍ ആദ്യമായി മുസ്‌ലിം ലീഗിന്‌ മന്ത്രിമാര്‍ ഉണ്ടാവുന്നതും, രാഷ്‌ട്രീയ മാന്യത ലഭിക്കുന്നതും 1967ലാണ്‌. അന്നത്തെ ഇഎംഎസ്‌ മന്ത്രിസഭയില്‍ ലീഗിന്‌ രണ്ട്‌ മന്ത്രി സ്ഥാനങ്ങള്‍ ലഭിച്ചു. ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ പിന്തുണക്കുമ്പോള്‍, ‘ഛെ നിരീശ്വരവാദികളെ പിന്തുണക്കുന്നവര്‍’ എന്നു പറഞ്ഞു വിമര്‍ശിക്കുന്നവരാണ്‌ ലീഗുകാര്‍. കമ്യൂണിസ്റ്റ്‌ പാര്‍ടികള്‍ നിരീശ്വരവാദത്തെ ഏറ്റവും ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്ന കാലത്ത്‌ അവരോടൊപ്പം ചേര്‍ന്നവരാണ്‌ തങ്ങളെന്ന യാഥാര്‍ഥ്യം അവര്‍ മറക്കുന്നു.

വര്‍ഗീയവാദികളും അകറ്റപ്പെടേണ്ടവരുമായ ലീഗുകാര്‍ കോണ്‍ഗ്രസിന്‌ ഇഷ്‌ടപ്പെട്ടവരും മിതവദികളുമായതെങ്ങിനെയാണ്‌? അത്‌ വളരെ ലളിതമാണ്‌. കോണ്‍ഗ്രസിന്റെ മുസ്‌ലിം വിരുദ്ധവും സാമ്രാജ്യത്വ അനുകൂലവുമായ സര്‍വനയങ്ങളെയും കയ്യുയര്‍ത്തി പിന്തുണയ്ക്കാന്‍ ലീഗ്‌ സന്നദ്ധമായത്‌ കൊണ്ട്‌ മാത്രമാണ്‌ കോണ്‍ഗ്രസിന്‌ ലീഗ്‌ നല്ല കുട്ടികളായത്‌. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും കറുത്ത നാളുകള്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കാലമാണ്‌ അടിയന്തരാവസ്ഥ. ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളവും അത്‌ ഭീകരമായ നാളുകളായിരുന്നു. സജ്ഞയ്‌ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ്‌ ലോബികള്‍ക്ക്‌ വേണ്ടി മുസ്‌ലിം ഗല്ലികള്‍ ഇടിച്ചു നിരത്തുകയും മുസ്‌ലിം യുവാക്കളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന്‌ വിധേയമാക്കുകയും ചെയ്‌തത്‌ അന്നായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കുകയും അതിന്റെ നേതാക്കളെ തടവിലിടുകയും ചെയ്‌തു. സയ്യിദ്‌ ഉമര്‍ ബാഫഖി തങ്ങള്‍, സികെപി ചെറിയ മമ്മുക്കേയി തുടങ്ങിയ ലീഗിലെ വിമത ഗ്രൂപ്പിന്റെ നേതാക്കള്‍ വരെ തുറുങ്കിലടക്കപ്പെട്ട കാലം. അന്ന്‌ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസിനെ പിന്തുണച്ച ഇന്ത്യയിലെ ഒരേയൊരു മുസ്‌ലിം സംഘടനയാണ്‌ മുസ്‌ലിം ലീഗ്‌. പിന്നീട്‌ 1990കളില്‍ നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ തുടങ്ങിവച്ച ഹിന്ദുത്വ അനുകൂല, നവലിബറല്‍ നയങ്ങളെയും തുറന്ന്‌ പിന്തുണയ്ക്കാന്‍ മുസ്‌ലിം ലീഗ്‌ തന്നെയായിരുന്നു ഉണ്ടായിരുന്നത്‌. ഇന്ത്യ, ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതും ഈ കാലത്ത്‌ തന്നെയാണ്‌. ഇന്ത്യന്‍ മുസ്‌ലിം ജീവിതത്തിന്‌ മേല്‍ ഭീകരതയുടെ മേലാപ്പ്‌ ചാര്‍ത്തിയ ബോംബ്‌ സ്‌ഫോടനങ്ങള്‍ ആരംഭിച്ചത്‌ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്‌ ഇന്ത്യയില്‍ ഓപറേറ്റ്‌ ചെയ്യാനുള്ള സാധ്യതകള്‍ തുറന്നു കിട്ടിയതിന്‌ ശേഷമാണെന്ന്‌ നാം മനസ്സിലാക്കണം. അന്ന്‌ ഐക്യരാഷ്‌ട്ര സഭയില്‍ പോയി ഇന്ത്യന്‍ വിദേശ നയത്തിന്റെ മഹത്വം ബോധ്യപ്പെടുത്തേണ്ട ചുമതല ലീഗ്‌ നേതാവായിരുന്ന ഇ അഹമ്മദിനായിരുന്നു. ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയും രൂക്ഷമായ വര്‍ഗീയ കലാപങ്ങളും നടന്നതും ആ കാലത്ത്‌ തന്നെ. ആ അര്‍ഥത്തില്‍ ഇന്ത്യന്‍ മുസ്‌ലിം ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ദുരന്തകാലമായിരുന്നു നരസിംഹ റാവുവിന്റെ കാലം. അന്ന്‌ റാവുവിനെയും കോണ്‍ഗ്രസിനെയും അനുകൂലിക്കാനുണ്ടായിരുന്ന മുസ്‌ലിം സംഘടയും ലീഗ്‌ മാത്രം. ലീഗിന്റെ തന്നെ അഖിലേന്ത്യാ പ്രസിഡന്റ്‌ സുലൈമാന്‍ സേട്ടു സാഹിബ്‌ ഇതിനെതിരായി നിലകൊണ്ടപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയാണ്‌ ലീഗ്‌ കോണ്‍ഗ്രസ്‌ വിധേയത്വം പ്രകടമാക്കിയത്‌. 1961ല്‍ മാറ്റി നിര്‍ത്തപ്പെടേണ്ട വര്‍ഗീയ സംഘടനയായിരുന്ന ലീഗ്‌ 2011 ല്‍ പോരിശയാക്കപ്പെട്ട സംഘടനയായി മാറിയതിന്റെ നാള്‍വഴികളാണ്‌ പറഞ്ഞുവന്നത്‌.

കോണ്‍ഗ്രസിന്റെ ഫാഷിസ്റ്റ്‌, സാമ്രാജ്യത്വ അനുകൂല നയങ്ങളെയും ഭരണകൂട ഭീകരതയെയും തുറെന്നെതിര്‍ത്തു/എതിര്‍ത്തുകൊണ്ടിരിക്കുന്നു എന്നുള്ളത്‌ കൊണ്ടാണ്‌ കോണ്‍ഗ്രസിന്‌ ജമാഅത്ത്‌ തീവ്രവാദ സംഘടനയാവുന്നത്‌. തങ്ങള്‍ക്ക്‌ വഴങ്ങാത്ത എല്ലാ എതിര്‍ ശബ്‌ദങ്ങളെയും ഇല്ലാതാക്കുക എന്ന നാടുവാഴി അജന്‍ഡയാണ്‌ ഇത്‌ വെളിപ്പെടുത്തുന്നത്‌. അതിന്റെ നമ്മുടെ കാലത്തെ പ്രതിനിധി മാത്രമാണ്‌ രമേശ്‌ ചെന്നിത്തല.

ജമാഅത്ത്‌ ഇടതുപക്ഷത്തിന്‌ രാഷ്‌ട്രീയ പിന്തുണ നല്‍കുന്നുവെങ്കില്‍ ജമാഅത്ത്‌ മാര്‍ക്‌സിസ്റ്റായി, അല്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ്‌ ജമാഅത്തായി എന്ന്‌ അതിനെ വായിക്കുന്നത്‌ വെറുമൊരു എല്‍കെജി യുക്തി മാത്രമാണ്‌. വ്യത്യസ്‌ത വീക്ഷണഗതിക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിലൂടെയും സംവാദത്തിലൂടെയും തന്നെയാണ്‌ ഒരു ജനാധിപത്യ ക്രമം ബഹുസ്വരവും ചടുലവുമാവുന്നത്‌. ഇന്ന്‌ നാമെല്ലാം ആവേശത്തോടെ കൊണ്ടാടുന്ന അറബ്‌ നാടുകളിലെ ജനകീയ വിപ്ലവങ്ങളില്‍ ഇടതുപക്ഷവും ഇസ്‌ലാമികരും തോള്‍ചേര്‍ന്ന്‌ മുന്നേറുന്നതാണ്‌ കാണുന്നത്‌. സാമ്രാജ്യത്വ മുഷ്‌കിനെതിരായും സാമൂഹിക നീതിക്ക്‌ വേണ്ടിയുള്ളതുമായ ദീര്‍ഘമായ സമരത്തില്‍ ഇസ്‌ലാമികര്‍ക്കും ഇടതുപക്ഷത്തിനും യോജിപ്പിന്റെ മേഖലകള്‍ ധാരാളമുണ്ടെന്നാണ്‌ ജമാഅത്തിന്റെ കാഴ്‌ചപ്പാട്‌.

അഴിമതി, പെണ്‍വാണിഭം, തുറന്ന ഗ്രൂപ്പു പോര്‌, സംഘപരിവാറുമായുള്ള ചങ്ങാത്തം എന്നിവയില്‍ പെട്ട്‌ ഉഴലുന്ന കേരളത്തിലെ യുഡിഎഫ്‌ മുന്നണിക്ക്‌ അവസാന കച്ചിത്തുരുമ്പ്‌ എന്നുള്ള നിലക്കാണ്‌ യുഡിഎഫും അതിന്റെ മുഖപത്രങ്ങളായ ‘മനോരമയും’ ‘മാതൃഭൂമി’യും ജമാഅത്ത്‌ ഭൂതത്തെ പുറത്തിട്ടു നോക്കിയത്‌. പക്ഷേ, ഇത്തരം പരിപ്പുകള്‍ പണ്ടേ പോല വേവില്ലെന്നാണ്‌ ആ വിവാദത്തിന്റെ ശുഷ്‌കായുസ് വെളിപ്പെടുത്തുന്നത്‌. രാഷ്‌ട്രീയ പ്രബുദ്ധതയോടെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്ക്‌ കഴിയും.

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...