ആധാര്‍ പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടും: സോളിഡാരിറ്റി സെമിനാര്‍
തിരുവനന്തപുരം: ആധാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന യൂനിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ സംവിധാനം രാജ്യത്ത് പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിന് കാരണമാകുമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായമുയര്‍ന്നു. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുകയും അവരെ ഒരു തുറന്ന് ജയിലലെന്നപോലെ നിരീക്ഷക്കപ്പെടുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടാകുക. രാജ്യം ഒരു പോലിസ് സ്റ്റേറ്റ് ആയി മാറുന്നതിന്റെ ആദ്യ ഘട്ടമായി കാണേണ്ടതുണ്ടെന്നും , ചില വിഭാഗങ്ങളെ ടാര്‍ജറ്റ് ചെയ്ത് ഉന്മൂലനം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ മുഴുവന്‍ പൗരന്മാരെ ബാധിക്കുന്ന ഈ സംവിധാനം ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ് നിലവില്‍ വന്നത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിന് മുമ്പു തന്നെ അതോറിറ്റി ഉണ്ടാക്കുകയും ക്യാബിനറ്റ് പദവി നല്‍കി അധ്യക്ഷനെ നിയമിക്കുകുയും ചെയ്തു.
വിവര ശേഖരണത്തിനായി ഉപയോഗിക്കുന്ന ടെക്‌നോളജി പൂര്‍ണമായും കുറ്റരഹിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഒരാളുടെ വിരലളടയാളം മറ്റൊരാള്‍ക്ക് കൃത്രിമമായി നിര്‍മിക്കാന്‍ കഴിയും. രണ്ട് വര്‍ഷം കൊണ്ട് ഒരാളുടെ വിരലടയാളം മാറിക്കൊണ്ടിരിക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗശൂന്യമാവുകയും ആളുകള്‍ക്ക് അവരുടെ തിരിച്ചറിയില്‍ രേഖ നഷ്ടമാകുന്ന അവസ്ഥയും സംജാതമാകും. ശേഖരിക്കുന്ന വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ട് കമ്പനികളുടെയും മറ്റു സംഘങ്ങളുടെയും കൈയില്‍ പോകാന്‍ സാധ്യതയുണ്ട്. അത് ജനങ്ങളുടെ സുരുക്ഷയെ ഒരു വശത്ത് ബാധിക്കുകയും അതേ സമയം കമ്പനികള്‍ക്ക് വളരെ വലിയ വിവര ശേഖരം ലഭിക്കുകയും ചെയ്യും.
വമ്പിച്ച സാമ്പത്തിക ബാധ്യതയുള്ളതാണ് പദ്ധതി. 1,50,000 കോടി രൂപ വിവരശേഖരണത്തിനായി മാത്രം വേണ്ടിവരും. ഫീസിബിലിറ്റി റിപ്പോര്‍ട്ടോ ഡീറ്റയില്‍ഡ് റിപ്പോര്‍ട്ടോ സമര്‍പ്പിക്കാത്ത പദ്ധതിയുടെ പിന്നിലെ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ.
ഇത്രയും പ്രധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന ആധാര്‍ പദ്ധതി വേണ്ടവിധം ചര്‍ച്ച ചെയ്യാതെ നടപ്പിലാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു.
പ്ലാനിങ് ബോര്‍ഡംഗം സി.പി. ജോണ്‍, ജനയുഗം എക്‌സിക്യൂട്ടിവ് എഡിറ്റര്‍ രാജാജി മാത്യൂ തോമസ്, വി.എസിന്റെ മുന്‍ ഐ.ടി. ഉപദേഷ്ടാവ് ജോസഫ് മാത്യു, ഐ.ടി. വിദഗ്ദന്‍ അനിവര്‍ അരവിന്ദ്, ടി. പീറ്റര്‍, ആര്‍. അജയന്‍ എന്നവിര്‍ പങ്കെടുത്തു. എ. മുഹമ്മദ് അസ്‌ലം വിഷയം അവതരിപ്പിച്ചു. സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് മോഡറേറ്ററായിരുന്നു. കെ. സജീദ് സ്വാഗതം പറഞ്ഞു.
No comments:
Post a Comment