Monday, June 14, 2010

കക്കോടി അക്രമം: വെളിവായത് സി.പി.എമ്മിന്റെ ആശയ പാപ്പരത്തം


കോഴിക്കോട്: ജനകീയ ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന സി.പി.എം ഫാഷിസ്റ്റ് സമീപനത്തിന്റെ അവസാനത്തെ ഉദാഹരണമാണ് കക്കോടിയില്‍ ജനകീയ വികസന മുന്നണി പ്രഖ്യാപനത്തിന് നേരെ നടന്ന അക്രമമെന്ന് ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി.സി. ബഷീറും സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനവിരുദ്ധ സമീപനങ്ങളിലൂടെ സാധാരണക്കാരില്‍നിന്ന് അകന്നുപോയ പാര്‍ട്ടിയുടെ ആശയ പാപ്പരത്തമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അവര്‍ പറഞ്ഞു. പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെടുമെന്നും സ്ഥാനം നഷ്ടപ്പെടുമെന്നുമുള്ള ഭയമാണ് അക്രമത്തിന് പ്രചോദനമെന്ന് സംശയിക്കണം. ജനാധിപത്യ രീതിയില്‍ ബാലറ്റിലൂടെ മല്‍സരിക്കുന്നതിനു പകരം കൈയൂക്കും മെയൂക്കും കൊണ്ട് നേരിടാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് പാര്‍ട്ടി വ്യക്തമാക്കണം. അസഹിഷ്ണുതയുടെയും ജനാധിപത്യ വിരുദ്ധതയുടെയും ഭീകര മുഖമാണ് സി.പി.എം കക്കോടിയില്‍ പ്രകടിപ്പിച്ചത്. അക്രമം തീര്‍ത്തും ആസൂത്രിതമാണെന്ന് വ്യക്തമാണ്. കക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍, വാര്‍ഡ് മെംബര്‍ രാമദാസന്‍, സി.പി.എം പ്രവര്‍ത്തകന്‍ അശോകന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. യോഗം ആരംഭിച്ചപ്പോള്‍ തന്നെ 30തിലധികം വരുന്ന സംഘം ഹാളിനുള്ളില്‍ ഇരുപ്പുറപ്പിച്ചിരുന്നു.

ഉദ്ഘാടന പ്രസംഗം കഴിഞ്ഞപ്പോള്‍ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അക്രമം തുടങ്ങുകയായിരുന്നു. പട്ടികക്കഷ്ണങ്ങളും വടികളുമായി പുറത്ത് തയാറായിരുന്ന നൂറോളം വരുന്ന അക്രമികള്‍ ഹാളിനകത്തേക്ക് ഇരച്ചുകയറി സ്ത്രീകളടക്കമുള്ളവരെ ക്രൂരമായി ആക്രമിച്ചു. പുറത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങളും അവര്‍ തല്ലിത്തകര്‍ത്തു. കക്കോടി പഞ്ചായത്തുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ ബന്ധപ്പെട്ട വിശകലനമൊന്നും സമ്മേളനത്തില്‍ ഉണ്ടായിട്ടില്ല. പരിപാടിയിലേക്ക് രാഷ്ട്രീയ പാര്‍ട്ടിക്കാരെ ക്ഷണിച്ചിരുന്നില്ല. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിതന്നെ ഇത്തരത്തില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നത് അരാജകത്വം സൃഷ്ടിക്കും.

നിയമപാലകരെയും മാധ്യമ പ്രവര്‍ത്തകരെയുമടക്കം ആക്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പു വരുത്തണം. സംഭവത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി പ്രതിഷേധ കൂട്ടായ്മ ഉണ്ടാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കക്കോടി ജനകീയ വികസന മുന്നണി അസി. കണ്‍വീനര്‍ പി. ഷാജലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...