Saturday, June 26, 2010

പള്ളുരുത്തി പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കല്‍ ജനകീയ സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു


ഒഴിപ്പിക്കുന്നത് സോളിഡാരിറ്റി നിര്‍മിച്ചു നല്‍കിയ വീടുകള്‍
കൊച്ചി: സോളിഡാരിറ്റി കൊച്ചി പദ്ധതിയുടെ ഭാഗമായി പള്ളുരുത്തി സനാതന റോഡിലെ കോണം അരസെന്റ് പുറമ്പോക്കില്‍ താമസക്കാരായ ഏഴ് കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കിയ വീടുകള്‍ പൊളിച്ചു മാറ്റണമെന്ന ഹൈകോടതിയുടെ സിംഗിള്‍ ബഞ്ച് വിധി നടപ്പാക്കുന്നത് ജനകീയ സമരത്തെ തുടര്‍ന്ന് മാറ്റി വെച്ചു. ഭൂമാഫിയകളുടെ താല്‍പര്യ പ്രകാരം പ്രദേശ വാസികളായ ചിലര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തെ തുടര്‍ന്നാണ് ജസ്റ്റിസ് സിരിജഗന്‍ ഈ വിധി പുറപ്പെടുവിച്ചത്.

സി.പി.എം പ്രാദേശിക നേതൃത്വം ഇടപെട്ട് 2007 ലാണ് ഏഴ് കുടുംബങ്ങളും അര സെന്റ് വീതം ഭൂമിയില്‍ കുടില്‍ കെട്ടി താമസം തുടങ്ങിയത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കെട്ടി ഉണ്ടാക്കിയ കുടിലുകള്‍ മഴയായാല്‍ ചോര്‍ന്നൊലിക്കുക പതിവാണ്. പാമ്പും മറ്റ് ഇഴജന്തുക്കളുടേയും ശല്യം ജീവനുപോലും ഭീഷണിയാകുന്ന നില. സോളിഡാരിറ്റി പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനവും ചേര്‍ന്നപ്പോള്‍ ഒരുമാസം കൊണ്ട് ഏഴുവീടുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയായി. 2010 മാര്‍ച്ച് 23 ന് സോളാഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു. പ്രദേശത്ത് വന്‍തോതില്‍ ഭൂമി സ്വന്തമാക്കിയ ഭൂമാഫിയ നേരത്തെ ഈ പുറമ്പോക്ക് അനധികൃതമായി കൈവശം വെച്ചിരുന്ന വ്യക്തിയെ ഉപയോഗിച്ച് ഹൈകോടതിയില്‍ കേസ് ഫയല്‍ ചേയ്തു. ഇതെകുറിച്ച് അന്വേഷിക്കാന്‍ തഹസില്‍ദാറിനോട് കോടതി ആവശ്യപ്പെട്ടു. തോട് പുറമ്പോക്ക് അന്യായക്കാര്‍ വാദിക്കുന്നതുപോലെ ഈ കുടുംബങ്ങള്‍ കയ്യേറിയിട്ടില്ലെന്നും വര്‍ഷങ്ങളായി നികന്ന് കിടക്കുന്ന സ്ഥലമാണിതെന്നും കോര്‍പറേഷനു വേണമെങ്കില്‍ ഈ ഭൂമി ഇവര്‍ക്ക് പതിച്ചുകൊടുക്കാവുന്നതാണെന്നും തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സോളിഡാരിറ്റി ഈ വിഷയത്തില്‍ ഇടപെട്ടതോടെ ഇവരെ പുറമ്പോക്കില്‍ താമസിപ്പിക്കാന്‍ മുന്‍കൈയെടുത്ത പ്രാദേശിക സി.പി.എം. നേതൃത്വം വിഷയം മെല്ലെ ഉപേക്ഷിക്കാന്‍ തുടങ്ങി. സോളിഡാരിറ്റിയുമായി സഹകരിച്ചാല്‍ ഞങ്ങള്‍ ഉണ്ടാകില്ലെന്ന് പുറം പോക്ക് നിവാസികളെ പാര്‍ട്ടി അറിയിച്ചു. കേസില്‍ ആരും കക്ഷി ചേരേണ്ടതില്ലെന്നും ഞങ്ങള്‍ വക്കീലിനെ വെച്ചിട്ടുണ്ടെന്നും പാവങ്ങളെ വിശ്വസിപ്പിച്ചു. സി.പി.എം. നിശ്ചയിച്ച വക്കീല്‍ കേസ് ശരിയായി മുന്നോട്ട് കൊണ്ടു പോയില്ല. കോര്‍പറേഷനും പുറമ്പോക്കുകാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. ഈ വിഷയങ്ങള്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇതില്‍ അത്ര സെന്‍സേഷനായി ഒന്നുമില്ലെന്ന് അവരും തീരുമാനിച്ചു. ജൂണ്‍ ഏഴിനകം പുറംപോക്കൊഴിപ്പിക്കാന്‍ ഉത്തരവിറക്കി.

ജില്ലാ കളക്ടര്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ മറ്റൊരുത്തരവിലൂടെ കോര്‍പറേഷനോട് ആവശ്യപ്പെട്ടു. തഹസില്‍ദാറിന്റേയും പോലീസിന്റേയും സഹായത്തോടെ ജൂണ്‍ മൂന്നിന് പുറംപോക്കൊഴിപ്പിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. കൊച്ചി കോര്‍പറേഷനില്‍ തിരിച്ചറിയല്‍ രേഖയുള്ള ആയിരത്തിയെണ്ണൂറ് കുടുംബങ്ങള്‍ പുറമ്പോക്കില്‍ താമസിക്കുന്നുണ്ട്. വിശ്വസിച്ച പാര്‍ട്ടി തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന് പുറമ്പോക്ക് നിവാസികള്‍ക്ക് വൈകിയാണ് മനസ്സിലായത്. അവര്‍ സഹായം അഭ്യര്‍ഥിച്ച് വീണ്ടും സോളിഡാരിറ്റിയെ സമീപിച്ചു. അപ്പോഴേക്കും അപ്പീലിനു പോകാനോ കോടതി വിധി മോഡിഫൈ ചെയ്യാന്‍ ആവശ്യപ്പെടാനോ ഉള്ള സമയം ഉണ്ടായിരുന്നില്ല. ജനകീയ ചെറുത്തു നില്‍പ്പല്ലാതെ വേറൊരു മാര്‍ഗവുമില്ലെന്നു വന്നു. എങ്കിലും സോളിഡാരിറ്റി ജില്ലാനേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കളക്ടറെ കണ്ടു. മേയറെയും കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവിനേയും കാര്യം ധരിപ്പിച്ചു. കോടതി വിധി നടപ്പാക്കുന്നത് ഏഴാം തീയതി വരെയെങ്കിലും വൈകിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പുനരധിവാസം പൂര്‍ണമാകുന്നതുവരെ വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു.

ജൂണ്‍ മൂന്നിന് രാവിലെ സര്‍വ്വ സന്നാഹങ്ങളുമായി അധികൃതര്‍ പുറംപോക്കൊഴിപ്പിക്കാന്‍ എത്തി. ഭൂമാഫിയ - കോര്‍പറേഷന്‍ കൂട്ടുകെട്ടിനെതിരെ എന്ന ബാനറുയര്‍ത്തി പ്രധിഷേധവുമായി സോളിഡാരിറ്റിയും. പുറമ്പോക്ക് നിവാസികളോട് നിഷേധ നിലപാട് കൈകൊണ്ട സി.പി.എം പ്രാദേശിക നേതൃത്വവും ഡി.വൈ.എഫ്.ഐയും എം.എല്‍.എ ദിനേശ് മണിയോടൊപ്പവും അതുവരെ ഇവരെ തിരിഞ്ഞുനോക്കാതിരുന്ന കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും എസ്.ഡി.പി.ഐയും പി.ഡി.പിയും കൊടികളുമായി രംഗത്തുവന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പ്രസിഡന്റ് എം.എം. മുഹമ്മദ് ഉമറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പത്ത് ദിവസത്തേക്കേങ്കിലും കുടിയൊഴിപ്പിക്കല്‍ നീട്ടിവെക്കണമെന്നും അതിനിടയില്‍ കോടതിയില്‍ നിന്നു തന്നെ അനുകൂലമായ നടപടിക്കു ശ്രമിക്കുമെന്നും തുടര്‍ന്ന് കോടതി എന്ത് പറഞ്ഞാലും അത് സോളിഡാരിറ്റി അംഗീകരിക്കാന്‍ തയ്യാറാണെന്നുമുള്ള നിര്‍ദേശം സോളിഡാരിറ്റിയും ഈവിഷയത്തില്‍ അടുത്ത ദിവസം കൗണ്‍സില്‍ യോഗം വിളിച്ച് ഒരു തീരുമാനമെടുക്കുമെന്ന് കോര്‍പറേഷന്‍ അധികൃതരും ഉറപ്പുനല്‍കി.

പള്ളുരുത്തിയില്‍ മൂലമ്പള്ളി ആവര്‍ത്തിക്കരുത് -സോളിഡാരിറ്റി
കൊച്ചി: "മഴക്കാലത്ത് ഞങ്ങ ഈ പിള്ളേരെക്കൊണ്ട് എങ്ങാട്ട് പോകാനാണ്? കുടിയിറക്കാന്‍ വരുന്നവര്‍ ആദ്യം ഞങ്ങടെ ശവം ഇറക്കേണ്ടി വരും' പശ്ചിമകൊച്ചിയിലെ പള്ളുരുത്തി കോണം ഭാഗത്ത് സനാതന റോഡില്‍ പുറമ്പോക്കില്‍ കുടില്‍ കെട്ടിതാമസിക്കുന്ന വീട്ടമ്മമാരുടേതാണ് ഈ വിലാപം. കോര്‍പ്പറേഷന്‍െറ അനാസ്ഥ മൂലം ഇവിടെയുള്ള ഏഴ് കുടുംബങ്ങള്‍ വഴിയാധാരമാകുമെന്ന് ചൂണ്ടിക്കാട്ടി സോളിഡാരിറ്റി ജില്ലാ സമിതി പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മനമുരുക്കുന്ന രംഗങ്ങള്‍. ഈ ഭൂമിയില്‍ താല്‍പ്പര്യമുള്ള റിയല്‍ എസ്‌റ്റേറ്റ് ലോബിയും നേരത്തേ ഭൂമി കൈവശം വെച്ചവരും നല്‍കിയ പൊതുതാല്‍പ്പര്യ ഹരജിയെത്തുടര്‍ന്ന് കുടിലുകള്‍ പൊളിച്ചു നീക്കാന്‍ ഹൈ കോടതി ഉത്തരവുണ്ട്. ഇവരുടെ ഭൂമി തോട് നികത്തി കൈയേറിയതാണെന്നായിരുന്നു വാദം. എന്നാല്‍, ഇത് പുറമ്പോക്ക് ഭൂമിയാണെന്നും ഇവര്‍ നികത്തിയതല്ലെന്നും വാദിക്കാന്‍ കോര്‍പ്പറേഷന്‍ തയാറായില്ല. റിയല്‍ എസ്‌റ്റേറ്റ് ലോബിക്ക് കോര്‍പ്പറേഷന്‍ കൂട്ടുനിന്നെന്ന് സോളിഡാരിറ്റി കുറ്റപ്പെടുത്തി. ഉത്തരവുപ്രകാരം ബുധനാഴ്ച പൊളിക്കാനെത്തുമെന്നാണ് കുടുംബങ്ങളുടെ ആശങ്ക.

മറ്റ് പ്രദേശങ്ങളില്‍ നിന്ന് 2007 ലാണ് ഇവര്‍ ഇവിടെയെത്തിയത്. കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സി.പി.എം പ്രവര്‍ത്തകനുമായ വിശ്വംഭരന്‍െറ അറിവോടെയാണ് ഇവര്‍ ഇവിടെ താമസം തുടങ്ങിയതത്രേ. നേരത്തേ ഭൂമി കൈയേറിയെന്ന് ചൂണ്ടിക്കാട്ടി മുന്‍സിഫ് കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചിരുന്നെങ്കിലും കേസ് തള്ളിപ്പോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിയെ നികന്ന സ്ഥലമാണിതെന്ന് തഹസില്‍ദാര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേന്ദ്ര ചേരി നിര്‍മാര്‍ജന പദ്ധതിയില്‍ പുനരധിവാസത്തിന് അര്‍ഹരായി ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡുകളും ലഭിച്ചു. പുനരധിവാസത്തിന് സൗകര്യമൊരുങ്ങും വരെ കുടുംബങ്ങളെ സോളിഡാരിറ്റി നിര്‍മിച്ചുകൊടുത്ത കുടിലുകളില്‍ താമസിക്കാനനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എളുപ്പത്തില്‍ പൊളിച്ചുമാറ്റാവുന്ന രീതിയിലാണ് കുടിലുകള്‍ നിര്‍മിച്ചത്. ബലപ്രയോഗം നടത്തി മറ്റൊരു മൂലമ്പിള്ളി ആവര്‍ത്തിക്കരുതെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സുഹൈല്‍ ഹാഷിം, ജില്ലാ സമിതിയംഗം എസ്.എ. അജിംസ്, ജില്ലാ സെക്രട്ടറി കെ.എ. സദീഖ്്, വീട്ടമ്മമാരായ സജിത, ഗീത, ബുഷ്‌റ, ബീവി, നെബീന, സുനിത എന്നിവരും കുട്ടികളും പങ്കെടുത്തു.

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...