Sunday, July 4, 2010

ജനാധിപത്യം: ഗാന്ധിജിയും മൗദൂദിയും ഒന്നിക്കുന്നു - ശൈഖ് മുഹമ്മദ് കാരകുന്ന്


മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പഞ്ചായത്ത് സ്ത്രീധനരഹിതമാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. അതിനായി പഞ്ചായത്ത് പ്രസിഡന്റ് ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ വിശദമായ സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ചു. കൂട്ടത്തില്‍ കഴിഞ്ഞ കുറെ കൊല്ലങ്ങള്‍ക്കിടയില്‍ നടന്ന സ്ത്രീധന വിവാഹങ്ങളുടെയും സ്ത്രീധനരഹിത വിവാഹങ്ങളുടെയും കണക്കെടുത്തു. അതനുസരിച്ച് പഞ്ചായത്തിലെ 82 ശതമാനം വിവാഹവും നടന്നത് സ്ത്രീധനത്തോടെയാണ്. 18 ശതമാനം മാത്രമാണ് സ്ത്രീധനരഹിത വിവാഹങ്ങള്‍. അതിനാലവിടെ സ്ത്രീധനമാണ് ജനാധിപത്യപരം. സ്ത്രീധനരാഹിത്യം ജനാധിപത്യവിരുദ്ധമാണ്.

ജനാധിപത്യം ഒരു ജീവിതക്രമമോ  വ്യവസ്ഥയോ അല്ല. ഒരു രീതിശാസ്ത്രം മാത്രമാണ്. കുടുംബ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, ധാര്‍മിക, രാഷ്ട്രീയ, ഭരണമേഖലകളില്‍ അത് ഏതെങ്കിലും പ്രത്യേകമായ നിയമമോ ക്രമമോ നല്‍കുന്നില്ല. അതോടൊപ്പം അതിനൊരു ദര്‍ശനമുണ്ട്. ശരിയും തെറ്റും നന്മയും തിന്മയും ധര്‍മവും അധര്‍മവും നീതിയും അനീതിയും സന്മാര്‍ഗവും ദുര്‍മാര്‍ഗവും തീരുമാനിക്കാനുള്ള പരമാധികാരം ജനങ്ങള്‍ക്കാണെന്നതാണത്. അഥവാ, ഭൂരിപക്ഷ, ന്യൂനപക്ഷ അവസ്ഥയാണ് അവയുടെ മാനദണ്ഡം. അതനുസരിച്ച് ഭൂരിപക്ഷം പറയുന്നത് ശരിയും നീതിയുമാണ്. ന്യൂനപക്ഷത്തിന്‍േറത് മറിച്ചും. ആരെങ്കിലും കൂറുമാറി ഭൂരിപക്ഷം ന്യൂനപക്ഷമായാല്‍ ശരി തെറ്റും തെറ്റ് ശരിയുമായിത്തീരുന്നു. സത്യവും അസത്യവും ധര്‍മവും അധര്‍മവും സന്മാര്‍ഗവും ദുര്‍മാര്‍ഗവുമൊക്ക ഇങ്ങനെ മാറിമാറിവരുന്നു. അതോടെ സുസ്ഥിരമായ സത്യമോ സനാതന മൂല്യങ്ങളോ ശാശ്വതധര്‍മങ്ങളോ ഇല്ലാതാകുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യവും അതുതന്നെ.
ഇന്ത്യന്‍ ഭരണഘടന ചില വശങ്ങളില്‍ ഈ ദൗര്‍ബല്യത്തെ മറികടന്നിട്ടുണ്ട്. ഭൂരിപക്ഷം അനുകൂലിച്ചാലും മാറ്റാന്‍ പാടില്ലാത്ത ചില മൗലിക അടിസ്ഥാനങ്ങളും അവകാശങ്ങളും അതിലുണ്ട്.ഭൂരിപക്ഷമുണ്ടായാലും മൗലിക അവകാശങ്ങള്‍ മാറ്റാന്‍ പാടില്ലെന്ന ഈ വ്യവസ്ഥ പ്രത്യക്ഷത്തില്‍തന്നെ ജനാധിപത്യവിരുദ്ധമാണ്. എന്നാല്‍, ജനാധിപത്യത്തിന്റെ തന്നെ രക്ഷക്ക് ജനാധിപത്യവിരുദ്ധമായ ചിലത് അനിവാര്യമാണ്.
ഇന്ത്യന്‍ ഭരണഘടന രൂപം കൊള്ളുന്നതിനും രാജ്യം സ്വാതന്ത്ര്യം നേടുന്നതിനും മുമ്പ് ബ്രിട്ടീഷ് ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഈ ദാര്‍ശനിക ദൗര്‍ബല്യം വിശദീകരിച്ച രണ്ട് മഹാവ്യക്തികളാണ് മഹാത്മാഗാന്ധിയും സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും. ശരിതെറ്റുകളും നന്മതിന്മകളും നിശ്ചയിക്കാന്‍ ഭൂരിപക്ഷ, ന്യൂനപക്ഷാവസ്ഥ മാനദണ്ഡമാക്കുന്ന നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന കാഴ്ചപ്പാടിനെ മൗദൂദി തന്റെ 'മതേതരത്വം,ജനാധിപത്യം, ദേശീയത്വം: ഒരു താത്ത്വിക വിശകലനം' എന്ന തന്റെ കൃതിയില്‍ ശക്തമായി എതിര്‍ക്കുന്നുവെന്നത് ഇന്ന് സുവിദിതമാണ്.
എന്നാല്‍, മഹാത്മാ ഗാന്ധിജിയും ജനാധിപത്യത്തോട് സ്വീകരിച്ചത് ഇതേ സമീപനമാണെന്ന് ഏറെപേര്‍ക്കും അറിയില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ പറയുന്ന പാര്‍ലമെന്റുകളുടെ അമ്മയുണ്ടല്ലോ; അതമ്മയല്ല, അതൊരു മച്ചിയും വേശ്യയുമാണ്.പരുക്കന്‍ പ്രയോഗങ്ങളാണിവ രണ്ടും. എന്നാല്‍, സാദൃശ്യം തികച്ചും യുക്തമാണ്. ആ പാര്‍ലമെന്റ് ഇതേവരെ ഒരു നല്ല കാര്യവും ചെയ്തിട്ടില്ല. അതിനാലതു മച്ചി. ബാഹ്യ സമ്മര്‍ദമില്ലെങ്കില്‍ അതിനൊന്നും ചെയ്യാനാവില്ല. അതിനെ വേശ്യയെന്നു വിളിച്ചത് അതത് കാലങ്ങളില്‍ മാറിമാറിവരുന്ന മന്ത്രിമാരുടെ കീഴിലാണെന്നതു കൊണ്ടാണ്.' (ഹിന്ദ് സ്വരാജ് -പുറം: 12).
'ലോകത്തിന്റെ സല്ലാപക്കടയാണ് പാര്‍ലമെന്റ്' എന്ന കാര്‍ലൈലിന്റെ വാക്യം ഉദ്ധരിക്കുന്ന ഗാന്ധിജി അതിനെ ജനങ്ങളുടെ ഏറ്റവും വിലകൂടിയ കളിപ്പാവയെന്നും വിശേഷിപ്പിച്ചിരിക്കുന്നു.' (ibid -പുറം: 12).
ജനാധിപത്യത്തിന്റെ ഈ ദൗര്‍ബല്യത്തെ അതിജയിക്കാന്‍ ഗാന്ധിജിയും മൗദൂദിയും നിര്‍ദേശിച്ച പരിഹാരം വ്യത്യസ്ത ഭൂമികയില്‍നിന്നാണെങ്കിലും ഒരേ സ്വഭാവത്തിലുള്ളതാണ്. ജനാധിപത്യത്തിന്റെ അന്തര്‍ധാരയായി മതാധ്യാപനങ്ങളും മതമൂല്യങ്ങളും നിലനില്‍ക്കണമെന്നതാണത്. ഭൂരിപക്ഷാഭിപ്രായ പ്രകാരം മാറ്റാന്‍ പാടില്ലാത്ത മൗലികാവകാശങ്ങള്‍പോലെത്തന്നെ ശാശ്വതമായ ചില മൂല്യങ്ങളും ധാര്‍മികാധ്യാപനങ്ങളും രാഷ്ട്രത്തിന്റെ അടിത്തറയാവണമെന്നാണ് ഇരുവരുടെയും ശക്തമായ നിലപാട്. രാഷ്ട്രവും രാഷ്ട്രീയവും തീര്‍ത്തും മതമുക്തമാവരുതെന്നര്‍ഥം. ഗാന്ധിജി പറയുന്നു: 'മതേതരമായ ഒരു രാഷ്ട്രീയമേ എനിക്കില്ല. മതമുക്തമായ രാഷ്ട്രീയം ആത്മാവിനെ കൊല്ലുന്ന മരണക്കെണിയാണ്.' (ഉദ്ധരണം ഭവന്‍സ് ജേണല്‍ 1962 ഒക്‌ടോബര്‍ 2).
'നമുക്കുവേണ്ടത് നമ്മുടെ ആവശ്യത്തിനും സംസ്‌കാരത്തിനും പറ്റിയ ഭരണസംവിധാനമാണ്. അതെന്താണെന്ന് ഇവിടെ പറയുക സാധ്യമല്ല. രാമരാജ്യം എന്ന് അതിനെ വിശേഷിപ്പിക്കാം. പരിശുദ്ധമായ ധാര്‍മികാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് പരമാധികാരമുള്ള ഒരവസ്ഥാവിശേഷമാണത്.' (രാമരാജ്യം, രാഷ്ട്രപിതാവ്. കെ.പി. കേശവമേനോന്‍- പേജ്: 142).
'മതമില്ലാതെ ഒരൊറ്റ നിമിഷംപോലും ജീവിക്കാനെനിക്ക് സാധ്യമല്ല. എന്റെ രാഷ്ട്രീയവും  മറ്റെല്ലാ പ്രവൃത്തികളും മതത്തില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. മതമെന്നത് ഈശ്വരനുമായുള്ള അനുബന്ധ ഭാവമാണ്. അതായത് ഈശ്വരന്‍ നിങ്ങളുടെ ഓരോ ശ്വാസത്തെയും ഭരിച്ചുകൊണ്ടിരിക്കുന്നു.' (ഉദ്ധരണം: മഹാത്മാഗാന്ധി ഒരു പഠനം- പുറം: 129).
'ആത്മീയമായ നിയമം തനതായ രംഗത്തുമാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നേരെമറിച്ച് അത് ജീവിതത്തിന്റെ സാധാരണ കര്‍മങ്ങളിലൂടെയാണ് വെളിപ്പെടുന്നത്. അപ്രകാരം അത് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളെ ബാധിക്കുന്നുണ്ട്.' (ഉദ്ധരണം: മഹാത്മാവിന്റെ മാര്‍ഗം, സുകുമാര്‍ അഴീക്കോട്- പുറം: 18).
'മതത്തില്‍നിന്ന് മുക്തമായ ഒരു രാഷ്ട്രീയം എനിക്ക് സങ്കല്‍പ്പിക്കാനാവില്ലെ'ന്നും 'മതത്തിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് പറയുന്നവര്‍ക്ക് മതത്തിന്റെ അര്‍ഥമറിയില്ലെ'ന്നും 'മതമുക്തമായ രാഷ്ട്രീയം മനുഷ്യന്റെ മരണക്കെണി'യാണെന്നും പറഞ്ഞ ഗാന്ധിജിയുടെ കാഴ്ചപ്പാടിനെ ബല്‍രാജ് പുരി ഇങ്ങനെ പരിചയപ്പെടുത്തുന്നു: അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മതം കേവലം ദൈവത്തോടുള്ള പ്രാര്‍ഥനയല്ല. അതിന് സമൂഹവുമായി പങ്കുവെക്കേണ്ട വിശ്വാസങ്ങളും കര്‍മങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. മതം മറ്റെന്തിനെക്കാളും സാംസ്‌കാരികവും സാമൂഹികവുമായ ഒരു വ്യവസ്ഥയാണ്. സമൂഹമില്ലാത്ത, മതത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ തന്നെ വയ്യ.' (Bal Raj Puri, The Radical Humanist Aug. 1986. ഉദ്ധരണം: സ്വാതന്ത്ര്യം വിഭജനത്തില്‍- പുറം: 128).
ജനാധിപത്യത്തിന്റെ ദാര്‍ശനിക ദൗര്‍ബല്യത്തെ നിരാകരിച്ച് സയ്യിദ് മൗദൂദി ഒരു രീതിശാസ്ത്രമെന്ന നിലയില്‍ അതിനെ സര്‍വാത്മനാ പിന്തുണക്കുന്നു. അങ്ങനെ പ്രായോഗിക രാഷ്ട്രീയത്തില്‍ ജനാധിപത്യത്തിന്റെ ശക്തനായ വക്താവായിത്തീരുന്നു. സയ്യിദ് മൗദൂദി പറയുന്നു: ജനാധിപത്യം ആദ്യത്തില്‍ ആവിഷ്‌കൃതമായത് രാജാക്കന്മാരുടെയും നാടുവാഴി പ്രഭുക്കന്മാരുടെയും ആധിപത്യച്ചങ്ങല പൊട്ടിച്ചെറിയേണ്ടതിനുവേണ്ടിയായിരുന്നു.
ഒരതിര്‍ത്തിയോളം അത് ശരിയുമായിരുന്നു. ജനകോടികളുടെ മേല്‍ സ്വന്തം അഭീഷ്ടവും സ്വേഛയും അടിച്ചേല്‍പ്പിക്കാനോ അവരെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനോ ഒരു വ്യക്തിക്കോ കുടുംബത്തിനോ വര്‍ഗത്തിനോ അധികാരവും അവകാശവുമില്ല.' (മതേതരത്വം ദേശീയത്വം- ജനാധിപത്യം. ഒരു താത്ത്വിക വിശകലനം -പുറം: 10)
'ജനങ്ങളുടെ ആധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴിമേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്. ആധുനിക കാലത്തെ ഏറ്റവും വലിയൊരു ജനാധിപത്യവാദിക്കുണ്ടാവുന്നത്ര അമര്‍ഷം. സാമൂഹികജീവിതത്തില്‍ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യ നിലപാടും തുല്യ അവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ  സംബന്ധിച്ചിടത്തോളം നമുക്ക് എതിരഭിപ്രായമേയില്ല. പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാസ്വാതന്ത്ര്യവും പ്രക്ഷോഭണ സ്വാതന്ത്ര്യവും ഇല്ലാത്തതോ ജനനത്തെയും ജാതിയെയും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേക അവകാശങ്ങളും പ്രത്യേക പ്രതിബന്ധങ്ങളും ഉള്ളതോ ആയ ഒരു വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തയായ ഈവിധ വിഷയങ്ങളിലൊന്നും നാം വിഭാവനചെയ്യുന്ന ജനാധിപത്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല.' (അതേ പുസ്തകം- പുറ: 20).
മൗദൂദി ജനാധിപത്യത്തിന്റെ മേന്മ ഉയര്‍ത്തിക്കാണിക്കുന്നു: നമ്മുടെ രാജ്യത്തിന്റെ ഭരണവ്യവസ്ഥയുടെ വികാസം ജനാധിപത്യത്തിലൂടെയോ അതല്ല, മറ്റേതെങ്കിലും വിധത്തിലോ എന്നതല്ല നാം നേരിടുന്ന യഥാര്‍ഥ ചോദ്യം. ബുദ്ധിയുള്ള ഒരു മനുഷ്യനും ജനാധിപത്യത്തെ എതിര്‍ക്കുകയില്ല. ഇവിടെ രാജാധിപത്യമോ ഏകാധിപത്യമോ മറ്റേതെങ്കിലും തരത്തിലുള്ള ഭരണരീതിയോ ആണ് വേണ്ടതെന്നും പറയാനാവില്ല.' (തഹ്‌രീകെ ആസാദി ഹിന്ദ് ഔര്‍ മുസല്‍മാന്‍ -പുറം: 475)
വിഭജനത്തോടെ പാകിസ്താനിലേക്കുപോയ സയ്യിദ് മൗദൂദി അവിടത്തെ ജനാധിപത്യവത്കരണത്തിനായി കഠിനമായി യത്‌നിച്ചു. 1951 ജനുവരി 21ന് പാകിസ്താനെ ജനാധിപത്യരാഷ്ട്രമാക്കണമെന്നാവശ്യപ്പെട്ട് 24 പണ്ഡിതന്മാരെ സംഘടിപ്പിച്ച് ഭരണകൂടത്തിന് നിവേദനം നല്‍കി. 1969ലും 1977ലും പാകിസ്താനിലെ ജനാധിപത്യവത്കരണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് സയ്യിദ് മൗദൂദിയാണ്.
ഇന്ത്യന്‍ മുസ്‌ലികളും ജനാധിപത്യപ്രക്രിയയില്‍ സജീവമായി പങ്കെടുക്കണമെന്നായിരുന്നു സയ്യിദ് മൗദൂദിയുടെ വീക്ഷണം.
1947 മാര്‍ച്ച് 25ന് അദ്ദേഹം ഹൈദരാബാദിലെ അന്‍ജുമന്‍ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ്  ഖാസിം റിസ്‌വിക്ക് അയച്ച കത്തില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കുവഹിക്കുന്ന രാഷ്ട്രീയ  ഇടപെടലിനാവശ്യപ്പെടുന്നു. അതിലദ്ദേഹം എഴുതി: 'മുസ്‌ലിം രാഷ്ട്രീയപാര്‍ട്ടി വോട്ടുകള്‍ക്കായി മുസ്‌ലിംകളെ മാത്രം ആശ്രയിക്കാതെ ഹിന്ദുക്കളിലേതടക്കം അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും വോട്ടുകള്‍ സമാഹരിക്കുംവിധം പരിപാടികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കേണ്ടതാണ്.' (ഉദ്ധരണം: വി.എ. കബീര്‍, ജമാഅത്തെ ഇസ്‌ലാമി വായനയും പ്രതിരോധവും -പുറം: 24).
സയ്യിദ് മൗദൂദി പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിന്റെയും ഗാന്ധിസത്തിന്റെയും രാഷ്ട്രീയത്തിലെ താളൈക്യത്തെ സംബന്ധിച്ച പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍ എഴുതുന്നു: 'ഗാന്ധിജിയെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന് തന്റെ രാഷ്ട്രീയം മുഴുവനായും അദ്ദേഹത്തിന്റെ മതത്തിന്റെ പ്രകടനമായിരുന്നു. ഗാന്ധിജിയും ഒരുകാലത്ത് അറേബ്യയിലുണ്ടായിരുന്ന പ്രവാചകന്‍ മുഹമ്മദും രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിക്കുഴച്ചവരായിരുന്നു. മുഹമ്മദ് നബി മുഴുവന്‍ സമയ പ്രവാചകനെന്നതുപോലെ തന്നെ സൈന്യാധിപനും ഭരണാധികാരിയുമായി 'ഖാലിഫേറ്റ്'സ്ഥാപിച്ച് തന്റെ ജനങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്ത മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു. തീരെ ഇരുളടഞ്ഞ അറബികളെ വഴക്കിയെടുക്കാനുള്ള പുരോഗമനപരമായ ആശയങ്ങളായിരുന്നു അദ്ദേഹമുണ്ടാക്കിയ നിയമസംഹിതകളെല്ലാം. പക്ഷേ, മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചക്കാരെന്നറിയപ്പെടുന്ന ഇസ്‌ലാംമത വിശ്വാസികള്‍ രാഷ്ട്രീയവും മതവിശ്വാസവും തമ്മില്‍ വേര്‍തിരിക്കുന്നു. ഇതെങ്ങനെ വേര്‍തിരിക്കാന്‍ കഴിയുന്നുവെന്നുള്ളത് എന്റെ സംശയമാണ്. (സമകാലിക മലയാളം -2007 ജൂലൈ 27).
പ്രവാചകപാത പിന്തുടര്‍ന്ന സയ്യിദ് മൗദൂദിയെ ജനാധിപത്യത്തിന്റെ പ്രയോഗവത്കരണത്തെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടുതന്നെ അതിന്റെ ദാര്‍ശനിക അബദ്ധം ചൂട്ടിക്കാണിച്ച് നിരാകരിച്ചതിന്റെ പേരില്‍ ബഹളം വെക്കുകയും രൂക്ഷമായ ആക്ഷേപ ശകാരങ്ങളുതിര്‍ക്കുകയും ചെയ്യുന്നവര്‍ ജനാധിപത്യത്തെ അതിനേക്കാള്‍ ശക്തമായി എതിര്‍ത്ത ഗാന്ധിജിയെ വെറുതെ വിടുന്നത് അദ്ദേഹത്തെ പിന്തുണക്കാന്‍ ഇന്ത്യയില്‍ ആരുമില്ലാത്തതിനാലാവാനേ തരമുള്ളൂ. ഗാന്ധിജിയുടെ പേര് സദാ ഉരുവിടുന്നവര്‍പോലും അദ്ദേഹത്തിന്റെ ധാര്‍മികതയെയും കാഴ്ചപ്പാടുകളെയും പ്രായോഗികമായി എന്നോ തള്ളിക്കളഞ്ഞിരിക്കുന്നു,
വാചികമായി തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും. അഥവാ, വല്ല യഥാര്‍ഥ ഗാന്ധി ഭക്തരും ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ പിന്തുണക്കാന്‍ ധീരമായി മുന്നോട്ടുവരട്ടെ.

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...