Friday, July 9, 2010

നേര്‍വാക്ക്‌: സി.പി.എമ്മിന്റെ 'രാഷ്‌ട്രീയ സ്വത്വ' പ്രതിസന്ധികള്‍ | സി.ആര്‍.നീലകണ്‌ഠന്‍

വളരെപ്പെട്ടെന്നെന്നപോലെ കേരളത്തില്‍ സി.പി.എം. ഉയര്‍ത്തിക്കൊണ്ടുവന്ന സ്വത്വരാഷ്‌ട്രീയ വിവാദം, കാര്യം മനസിലാകാത്ത പലരേയും അമ്പരപ്പിച്ചിരിക്കുന്നു. എന്താണീ സ്വത്വം?

ഒരു വ്യക്‌തി സമൂഹത്തില്‍ സ്വയം തിരിച്ചറിയപ്പെടുന്നത്‌ ഏതു രൂപത്തിലാണോ അതാണയാളുടെ/അവളുടെ സ്വത്വം. മതം, ജാതി, വംശം, വര്‍ണം, ലിംഗം, പ്രദേശം, ഭാഷ തുടങ്ങിയ ഒട്ടനവധി വേര്‍തിരിവുകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതിനാല്‍ ഇതിലേതും വ്യക്‌തിയുടെ സ്വത്വനിര്‍ണയത്തെ സ്വാധീനിക്കാം.

ഇത്തരമൊരു സ്വത്വം ഉള്ളതിന്റെ ഫലമായി ഭൂത(വര്‍ത്തമാന)കാലത്ത്‌ ആ വ്യക്‌തി നേരിടേണ്ടിവരുന്ന വിവേചനങ്ങളും മുറിവുകളും ഒരേ സ്വത്വമുള്ളവരെ ഐക്യപ്പെടുത്തി ആ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നതു സ്വാഭാവികം. ഇത്തരം പ്രവര്‍ത്തനങ്ങളെയാണു സ്വത്വ രാഷ്‌ട്രീയപ്രവര്‍ത്തനം എന്നു പറയുന്നത്‌. എന്നാല്‍, വര്‍ഗരാഷ്‌ട്രീയ സിദ്ധാന്തമനുസരിച്ച്‌ എല്ലാ മനുഷ്യരേയും രണ്ടു വിരുദ്ധവര്‍ഗങ്ങളായി (ഇടയില്‍ ഒരു മദ്ധ്യവര്‍ഗവും) വേര്‍തിരിക്കുന്നു. ഇതില്‍ ചൂഷണം ചെയ്യുന്ന വര്‍ഗത്തിനെതിരേ ചൂഷണത്തിനു വിധേയരാകുന്നവര്‍ സംഘടിച്ചു സമരം നടത്തി അവകാശങ്ങള്‍ നേടലും അധികാരം പിടിച്ചെടുക്കലും വരെ ലക്ഷ്യമാക്കിയാണു വര്‍ഗരാഷ്‌ട്രീയക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌.

ഇത്‌ ഓരോ വര്‍ഗത്തിനിടയ്‌ക്കും മുമ്പു പറഞ്ഞ സ്വത്വങ്ങളുടെ അടിസ്‌ഥാനത്തില്‍ വേര്‍പിരിവുകളുണ്ടാകും. ഒരുവര്‍ഗത്തില്‍ പെട്ടവരെ മുഴുവന്‍ ഏക ശിലാരൂപത്തിലുള്ളവരായി കാണാനാകില്ല. ഉദാഹരണത്തിനു സ്‌ത്രീയെന്ന നിലയില്‍ ഇരുവര്‍ഗത്തില്‍ പെട്ടവരും നേരിടുന്ന പൊതുവായ വിവേചനങ്ങളുണ്ട്‌. അവയ്‌ക്കെതിരായ പോരാട്ടങ്ങളില്‍ ഇവര്‍ ഒന്നിക്കണം. വര്‍ഗബന്ധങ്ങള്‍ക്കതീതമായി. ദളിതര്‍, ആദിവാസികള്‍, കറുത്തവര്‍, മതന്യൂനപക്ഷങ്ങള്‍ (ഭാഷ, പ്രദേശം തുടങ്ങിയവയിലെയും) തുടങ്ങിയവര്‍ക്കെല്ലാം ഇതു ബാധകമാണ്‌. ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ കൊലക്കത്തിക്കിരയായവര്‍ ഇരുവര്‍ഗത്തിലും പെട്ട മതന്യൂനപക്ഷക്കാരാണ്‌.

വര്‍ഗവ്യത്യാസം ഇല്ലാതാകുന്നതിലൂടെ ഇത്തരം വിവേചനങ്ങള്‍ 'തനിയേ' ഇല്ലാതാകുമെന്നു കരുതാനും വഴിയില്ല. ഇന്ത്യയിലെ സാമൂഹ്യ യാഥാര്‍ഥ്യങ്ങളില്‍ ഏറ്റവും ശക്‌തമായ ജാതി തന്നെയെടുക്കാം. ജാതിയും വര്‍ഗവും തമ്മിലുള്ള ബന്ധം തിരിച്ചറിയാന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്കു കഴിയുന്നില്ലെന്ന വിമര്‍ശനം ഉന്നയിച്ചവരില്‍ ഡോ. ബി.ആര്‍. അംബേദ്‌കറും ഉള്‍പ്പെടും.

ഉല്‍പാദന ഉപാധികളില്‍ (സമ്പത്തില്‍) ഒരു വ്യക്‌തിക്കുള്ള അവകാശമാണല്ലോ അയാളുടെ വര്‍ഗം നിര്‍ണയിക്കുന്നത്‌. ഇന്ത്യയില്‍ ഏറ്റവും പ്രധാന ഉല്‍പാദനോപാധിയായ ഭൂമിക്കുമേലുള്ള അവകാശം നിര്‍ണയിക്കുന്ന പ്രധാന ഘടകം ജാതിയാണ്‌. സമഗ്ര ഭൂപരിഷ്‌ക്കരണം നടത്തിയെന്നു കമ്യൂണിസ്‌റ്റു പാര്‍ട്ടികള്‍ അഭിമാനത്തോടെ പറയുന്ന കേരളത്തില്‍, എക്കാലവും മണ്ണില്‍ പണിയെടുത്തു പോകുന്ന ദളിത്‌ വിഭാഗക്കാരുടെ കൈവശം മൊത്തം കൃഷിഭൂമിയുടെ അരശതമാനം പോലുമില്ലെന്ന സത്യം കമ്യൂണിസ്‌റ്റുകാര്‍ കണ്ടതേയില്ല. ഈ സത്യം തുറന്നു കാട്ടിയ ചെങ്ങറയിലെ സമരക്കാരെ ചെങ്കൊടി ഉപയോഗിച്ച്‌ ഉപരോധിച്ചുകൊണ്ട്‌, പൊതുഭൂമി നിയമവിരുദ്ധമായി കൈവശം വയ്‌ക്കുന്ന ഹാരിസണ്‍ പോലുള്ള കുത്തകകളെ സംരക്ഷിക്കുകയായിരുന്നു 'വര്‍ഗ' രാഷ്‌ട്രീയക്കാരെന്നു വിളിക്കുന്നവര്‍. എന്നാല്‍, ഇതിനൊരു മറുവശവുമുണ്ട്‌. ചരിത്രമുള്ള കാലം മുതല്‍ നിലനില്‍ക്കുന്ന സ്വത്വ രാഷ്‌ട്രീയ പോരാട്ടങ്ങളെ ഏതോ സമീപകാല പ്രതിഭാസമായി അവതരിപ്പിക്കുന്ന ഉത്തരാധുനികര്‍, സാമ്രാജ്യത്വത്തിന്റെ ഫണ്ട്‌ വാങ്ങി വര്‍ഗരാഷ്‌ട്രീയത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ട്‌.

വേശ്യാവൃത്തിയെ മഹത്വവല്‍ക്കരിക്കാനും അത്‌ ആനന്ദമാണെന്നു പ്രചരിപ്പിച്ചുകൊണ്ട്‌ സെക്‌സ് ടൂറിസത്തിനു വഴിയൊരുക്കാനും ശ്രമിച്ചവരെ ഈ രീതിയില്‍ തിരിച്ചറിയണം. ഇവരെ സംബന്ധിച്ചിടത്തോളം ലോകത്തു നിലനില്‍ക്കുന്ന സാമ്പത്തിക രാഷ്‌ട്രീയ ഘടനകളൊന്നും പ്രശ്‌നമല്ല. തങ്ങളുടെ ചില 'സൂക്ഷ്‌മ' പ്രശ്‌നങ്ങള്‍ മാത്രമാണു പ്രധാനം. നിലവിലുള്ള വ്യവസ്‌ഥിതിയെ മാറ്റാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന സ്വത്വ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയണമെന്നതു വര്‍ഗ രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ കടമയാണ്‌.

എന്നാല്‍, ഇതൊന്നുമല്ല ഇന്നു കേരളത്തില്‍ നടക്കുന്ന വിവാദങ്ങളുടെ പൊരുള്‍. 1990-കളുടെ മധ്യം മുതല്‍ കേരളത്തിലെ (ഇന്ത്യയിലെ മുഴുവനും എന്നായാലും തെറ്റില്ല) സി.പി.എം. വലതുപക്ഷത്തേക്കു ചായാന്‍ തുടങ്ങിയിരുന്നു. ഇതിനു ചുക്കാന്‍ പിടിച്ചവര്‍ ഏറെ സമര്‍ഥരായിരുന്നതിനാല്‍ കാര്യങ്ങള്‍ പുറത്തു വരാന്‍ ഏറെ വൈകി. അന്നുവരെ കേവലം ഒരു ബ്രാഞ്ച്‌ കമ്മിറ്റി അംഗം മാത്രമായിരുന്ന ഡോ. തോമസ്‌ ഐസക്‌ എന്ന സാമ്പത്തികശാസ്‌ത്രജ്‌ഞന്‍ വളരെ പെട്ടെന്നു സി.പി.എം. സംസ്‌ഥാന സമിതിയില്‍ വന്നു (ഇപ്പോള്‍ കേന്ദ്ര കമ്മിറ്റി വരെയെത്തി). 1996-ലെ ഇടതുസര്‍ക്കാരിന്റെ ആസൂത്രണ ബോര്‍ഡംഗമായി. ഒരു വലതുപക്ഷ സര്‍ക്കാര്‍ ചെയ്യാന്‍ മടിക്കുന്നത്ര പ്രതിലോമകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ആ സര്‍ക്കാര്‍ ചെയ്‌തു.

ലോകബാങ്കിന്റെ ഡി.പി.ഇ.പി., ജലനിധി, ജനകീയാസൂത്രണം തുടങ്ങിയവയും ലാവ്‌ലിന്‍ കരാര്‍, കണ്ണൂരിലെ എന്‍റോണ്‍ പദ്ധതി, വൈദ്യുതബോര്‍ഡിന്റെ വിഭജനം, സ്വകാര്യവല്‍ക്കരണം തുടങ്ങി പലതും ഇതിന്റെ ഭാഗമായിരുന്നു. സോഷ്യലിസവും വര്‍ഗസമരവും പാര്‍ട്ടി ക്ലാസുകളില്‍ പോലും തമാശ പദങ്ങളായി. സ്വന്തം സ്വത്തു സമ്പാദനത്തിലേക്കു കമ്യൂണിസ്‌റ്റു നേതാക്കള്‍ തിരിഞ്ഞ ഘട്ടമാണിത്‌. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം ഒട്ടനവധി സ്വത്വ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നിരവധി സന്നദ്ധസംഘടനകളെ ഇവര്‍ രംഗത്തിറക്കി. ലൈംഗിക ന്യൂനപക്ഷ വിവാദങ്ങള്‍ ഓര്‍ക്കുക. ഫലത്തില്‍ പാര്‍ട്ടി സംഘടന പൂര്‍ണമായും ഇത്തരം നിലപാടുള്ളവരുടെ നിയന്ത്രണത്തിലായി. ഇതിനെതിരേ പാര്‍ട്ടിയിലും പു.ക.സയിലും ശബ്‌ദമുയര്‍ത്തിയ എം.എന്‍. വിജയന്‍ മാഷും ഡോ. ആസാദും വി.പി. വാസുദേവനുമടക്കമുള്ളവരെ പുകച്ചു പുറത്തുകളയുകയായിരുന്നു. ഇപ്പോള്‍ കെ.ഇ.എന്‍. പറയുന്ന അഭിപ്രായ വൈവിധ്യ പ്രകാശന സ്വാതന്ത്ര്യമൊന്നും അന്ന്‌ ഇവര്‍ക്കു നല്‍കിയില്ല.

തീര്‍ത്തും പ്രതിലോമ രാഷ്‌ട്രീയപാതയിലുള്ള ഇവര്‍ക്കു സ്വത്വ രാഷ്‌ട്രീയമോ വര്‍ഗരാഷ്‌ട്രീയമോ ഉണ്ടായിരുന്നില്ലെന്നതാണു സത്യം. ഗുജറാത്തിലെ നരഹത്യയിലും ഇറാക്കിലെ യു.എസ്‌. ആക്രമണത്തിലും പലസ്‌തീനിലും കൊല്ലപ്പെടുന്ന മുസ്ലിം സഹോദരരെ ഇരകളായി കണ്ട്‌ 'ഇരകളുടെ മാനിഫെസ്‌റ്റോ' എഴുതിയ കെ.ഇ.എന്നിനു നന്ദിഗ്രാമിലും സിംഗൂരിലും മൂലമ്പള്ളിയിലും ചെങ്ങറയിലുമുള്ളവരെ 'ഇരകളാ'യി കാണാന്‍ കഴിയുന്നില്ല. ദേശീയപാത 45 മീറ്ററാക്കുമ്പോഴും കിനാലൂരില്‍ ഭൂമാഫിയയ്‌ക്കു പാതയുണ്ടാക്കാന്‍ കുടിയിറക്കപ്പെടുമ്പോഴും അവിടെ ഇരകളാക്കപ്പെടുന്ന മുസ്ലീംകളോ ദളിതരോ ഇരകളാകുന്നില്ല. മൂന്നു പതിറ്റാണ്ടുകാലം ഇടതുപക്ഷം ഭരിച്ച പശ്‌ചിമബംഗാളില്‍ മതന്യൂനപക്ഷങ്ങളുടെ സ്‌ഥിതി ദളിതരേക്കാള്‍ പിന്നിലാണെന്നുള്ള സച്ചാര്‍ കമ്മീഷന്‍ കണ്ടെത്തല്‍ ഇവരെ വേദനിപ്പിക്കുന്നില്ല. കാരണം, പാര്‍ട്ടിയുടെ മൂലധനാധിഷ്‌ഠിത വികസന നയത്തിന്റെ 'ഇര'കളാണിവര്‍ എന്നതിനാല്‍ അതു കാണാന്‍ കെ.ഇ.എന്നിനധികാരമില്ല.

പാര്‍ട്ടി ഭരിക്കാതിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ അവര്‍ ശ്രദ്ധിക്കുന്നതാണ്‌. ചുരുക്കത്തില്‍ തല്‍ക്കാലം കുറച്ചു വോട്ടു നേടാന്‍ പാര്‍ട്ടിയെ സഹായിക്കുന്ന ചില്ലറ മാജിക്കുകളാണിവരുടെ 'സ്വത്വ രാഷ്‌ട്രീയം'. മൂലധന താല്‌പര്യങ്ങളെ ഒരിക്കലും ഹനിക്കാത്ത ഒന്ന്‌. അതുകൊണ്ടുതന്നെ ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന കപടനാടകവും പരിഹാസ്യമാണ്‌. മുമ്പു നാലാം ലോക വിവാദമുണ്ടായപ്പോള്‍ ഏതോ ചിലര്‍ക്കെതിരേ പേരിനൊരു 'നടപടി'യെടുത്ത്‌ ആ 'ബാധ' ഒഴിഞ്ഞതായി പ്രഖ്യാപിച്ചു. അതിന്റെ യഥാര്‍ഥ പ്രയോക്‌താക്കള്‍ പാര്‍ട്ടി നേതൃത്വത്തില്‍ തുടര്‍ന്നു. ആ നയവും തുടര്‍ന്നു പുറത്താക്കപ്പെട്ടവര്‍ പതിയെ പാര്‍ട്ടിയുടെ ഉപശാലകളില്‍ തിരിച്ചെത്തുകയും ചെയ്‌തു.

സ്വന്തം പ്രവര്‍ത്തനങ്ങള്‍കൊണ്ടു കേരള ജനതയിലെ വലിയൊരു വിഭാഗം ഇപ്പോള്‍ ഇടതുപക്ഷത്തിനെതിരായി മാറിയിരിക്കുന്നു. ഇതു ബംഗാളിലും കേരളത്തിലും നടന്ന നിരവധി തെരഞ്ഞെടുപ്പുകളില്‍ ഈ സത്യം ബോധ്യമായതാണ്‌. മുമ്പിറക്കിയ 'ന്യൂനപക്ഷ' തന്ത്രങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുകയും ചെയ്‌തു. കൂടെയുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരും കയ്യൊഴിഞ്ഞു. ഈ 'കുറവുകള്‍' പരിഹരിക്കാന്‍ കടുത്ത 'ന്യൂനപക്ഷ വര്‍ഗീയതാവിരുദ്ധ' നിലപാടെടുക്കാനാണു പിണറായി ശ്രമിക്കുന്നത്‌.

ഇതു മാലോകരെ ബോധ്യപ്പെടുത്താനാണു കെ.ഇ.എന്‍. എന്ന ബലിമൃഗത്തെ കണ്ടെത്തിയത്‌. തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളെ നിര്‍ണയിക്കുമ്പോള്‍ ജാതിയും ഉപജാതിയും മതവും പരിഗണിക്കുന്ന കമ്യൂണിസ്‌റ്റു പാര്‍ട്ടി 'സ്വത്വരാഷ്‌ട്രീയ' വിരുദ്ധ പ്രസംഗം നടത്തുന്നതിനെന്തര്‍ഥമാണുള്ളത്‌? പക്ഷേ, കെ.ഇ.എന്‍. രക്ഷപ്പെടാനാണു വഴി. അധികം താമസിയാതെ 'ആഗോള ഭീകരതയുടെ പ്രത്യയശാസ്‌ത്രം' എന്ന വിഷയത്തില്‍ വന്‍ പ്രബന്ധങ്ങളുമായി അദ്ദേഹം രംഗത്തു വരും. 'രക്ഷപ്പെട്ടു പോകേണ്ടേ മാഷേ?'

നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ യാതൊരുവിധ മടിയും കൂടാതെ പിന്തുടരുന്നവരുടെ 'വര്‍ഗ'രാഷ്‌ട്രീയത്തിലെ ഊന്നല്‍ പരിഹാസ്യമാണ്‌ (ഏതു വര്‍ഗത്തിന്റെ പക്ഷത്താണു 'മൂലധന സൗഹൃദ പാര്‍ട്ടി' നില്‍ക്കുക?). എന്നാല്‍ ഇവരുടെ നയങ്ങള്‍ക്കെതിരേ നിരവധി രൂപങ്ങളിലുള്ള ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്‌. അവയുടെ കൊടുങ്കാറ്റില്‍ ഇവരുടെ കവചങ്ങള്‍ തകര്‍ന്നുപോകും. ചുരുക്കത്തില്‍ വര്‍ഗരാഷ്‌ട്രീയം കൈവിട്ട്‌ 'സ്വത്ത്‌ രാഷ്‌ട്രീയം' സ്വീകരിച്ച സി.പി.എമ്മിന്‌ ഇപ്പോള്‍ സ്വന്തം രാഷ്‌ട്രീയ സ്വത്വ പ്രതിസന്ധിയാണുള്ളത്‌. പേരില്‍ കമ്യൂണിസ്‌റ്റും നയങ്ങളില്‍ സമ്പൂര്‍ണ മൂലധനപക്ഷവും. ഈ സ്വത്വ പ്രതിസന്ധി മറികടക്കാന്‍ ഇത്തരം കപട തര്‍ക്കങ്ങളൊന്നും പോരാ.

-സി.ആര്‍.നീലകണ്‌ഠന്‍

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...