തിരുവനന്തപുരം: എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള കാമ്പസ് കാരവന് ഉജ്വല സമാപനം. ഗാന്ധി പാര്‍ക്കില്‍ നടന്ന സമാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിനുതകുന്ന ആശയങ്ങളെ വിദ്യാര്‍ഥി സമൂഹം സഹിഷ്ണുതയോടെ നോക്കിക്കാണണമെന്ന് അദ്ദേഹം പറഞ്ഞു. തെരുവില്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നവര്‍ കാമ്പസുകളില്‍ സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. കൊടിയില്‍ സ്വാതന്ത്ര്യം എന്നെഴുതിവെച്ച് അതിനെതിരെ പ്രവര്‍ത്തിക്കുന്നത് കാപട്യം നിറഞ്ഞ സംഘടനാ പ്രവര്‍ത്തനമാണ്. ജനാധിപത്യത്തിന് വേണ്ടി ശ്രമിക്കുന്നവരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ശക്തികളെ പൊതു സമൂഹം ചെറുത്തു തോല്‍പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് തുടങ്ങിയ പ്രകടനത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. രാവിലെ വര്‍ക്കല സി.എച്ച്.എം.എം കോളേജില്‍നിന്ന് തുടങ്ങിയ കാരവന്‍ കാര്യവട്ടം കാമ്പസ്, എന്‍ജിനീയറിംഗ് കോളേജ്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം യൂനിവേഴ്‌സിറ്റി കോളേജിലെത്തിയപ്പോള്‍ രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ പോലീസ് തടഞ്ഞു. ഇവിടെ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ഗാന്ധി പാര്‍ക്കിലേക്ക് നീങ്ങിയ പ്രകടനം സ്‌പെന്‍സര്‍ ജംഗ്ഷനില്‍ യൂനിവേഴ്‌സിറ്റി കോളേജിന്റെ തെക്കേ കവാടത്തിന് സമീപം വീണ്ടും പോലീസ് തടഞ്ഞു. അകാരണമായി ജാഥ തടഞ്ഞതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ്് പി.എം. സാലിഹ് സംസാരിച്ചു. എസ്.എഫ്.ഐയുടെ ഗുണ്ടായിസം സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സമാപന സമ്മേളനത്തില്‍ എസ്.ഐ.ഒ ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. ജാഥാ അംഗങ്ങളെ എം.കെ. മുഹമ്മദലിയും നാടക സംഘത്തെ പി. മുജീബ് റഹ്മാനും ആദരിച്ചു. എസ്.ഐ.ഒ ആസാം സംസ്ഥാന പ്രസിഡന്റ് സൈഫുല്‍ ആലം സിദ്ധീഖി മുഖ്യാതിഥിയായിരുന്നു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് കെ.കെ. റഹീന, എസ്.ഐ.ഒ സെക്രട്ടറി യു. ഷൈജു, ജില്ലാ പ്രസിഡന്റ് എസ്.എച്ച്. അനസ് എന്നിവര്‍ സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ പി.എം. സാലിഹ് സ്വീകരണത്തിന് മറുപടി പറഞ്ഞു. കാമ്പസ് മാനിഫെസ്റ്റോ ഫോര്‍ എ ന്യൂ വീ എന്ന പ്രമേയത്തില്‍ ജൂണ്‍ 21 ന് കാസര്‍കോടുനിന്നാണ് കാരവന്‍ ആരംഭിച്ചത്.
ചിത്രം - എസ്.ഐ.ഒ കാമ്പസ് കാരവന്‍ റാലി സ്‌പെന്‍സര്‍ ജംഗ്ഷനില്‍ പോലീസ് തടഞ്ഞപ്പോള്‍ റാലി ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് സംസാരിക്കുന്നു.
No comments:
Post a Comment