Sunday, July 4, 2010

വ്യവസായ വകുപ്പിന്റെ കൊക്കൊകോള ദാസ്യം അപഹാസ്യം -സോളിഡാരിറ്റി



കോഴിക്കോട്: പ്ലാച്ചിമടയില്‍ കൊക്കൊകോള കമ്പനി സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ജയകുമാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യവസായ വകുപ്പ് എതിര്‍പ്പ് രേഖപ്പെടുത്തിയത് കേരളീയ ജനങ്ങളെ അവഹേളിക്കുന്നതിനാണെന്നും ഇത് വ്യവസായ വകുപ്പിന്റെ കൊക്കൊകോള ദാസ്യത്തിന്റെ തെളിവാണെന്നും സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് അഭിപ്രായപ്പെട്ടു. വ്യവസായ വകുപ്പിന് വേണ്ടി ജയകുമാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയ അഡീണല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍ നേരത്തേ കൊക്കൊകോളക്ക് വേണ്ടി പരസ്യമായ നിലപാട് കൈക്കൊണ്ടത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നില്ല എന്ന് വ്യക്തമാവുകയാണ്.

അന്ന് വ്യവസായ വകുപ്പ് മന്ത്രി ഹാജരായ സദസ്സിലാണ് കൊക്കൊകോളയെ പ്രകീര്‍ത്തിച്ച നിലപാട് സ്വീകരിച്ചത്. കോള കമ്പനി പ്ലാച്ചിമടയില്‍ വരുത്തിയ മുഖ്യമന്ത്രിയും ജലവിഭവ വകുപ്പും അംഗീകരിച്ച റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. ഇക്കാര്യത്തില്‍ വ്യവസായ വകുപ്പ് മന്ത്രിയുടെ നിലപാട് സംശയം ജനിപ്പിക്കുന്നതാണ്. കിനാലൂരിലടക്കം നടക്കുന്ന സമരങ്ങള്‍ ബാഹ്യ ശക്തികളാണ് നടത്തിയതെന്ന വ്യവസായ മന്ത്രിയുടെ അതേ ഭാഷയാണ് പ്ലാച്ചിമട സമരത്തില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടായി എന്ന തരത്തില്‍ വ്യവസായ വകുപ്പിന്റെ നോട്ടിലുള്ളത്. പ്ലാച്ചിമടയിലെ കര്‍ഷകര്‍ തെങ്ങ് നനക്കാന്‍ കൂടുതല്‍ ജലമെടുത്തതാണ് പ്ലാച്ചിമടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന വിചിത്ര വാദം ഉന്നയിക്കുന്ന വ്യവസായ വകുപ്പ്, കുത്തകളുടെ മെഗാഫോണായി മാറുകയാണ്. കേരളത്തിലെ സാധാരണ ജനങ്ങളെ അധിക്ഷേപിച്ച് കൊക്കൊകോളക്ക് ദാസ്യ വേല ചെയ്യുന്ന ടി. ബാലകൃഷ്ണനെതിരെ നടപടിയെടുക്കുകയും വ്യവസായ വകുപ്പ് മന്ത്രി ജനങ്ങളോട് മാപ്പ് പറയുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...