Tuesday, September 7, 2010

ബ്രദേഴ്സ് ആന്റ് കോമ്രേഡ്സ് # സി. ദാവൂദ്

തിരക്ക് പിടിച്ച ആളാണ് ഇമാദ് മുബാറക്. അസോസിയേഷന്‍ ഫോര്‍ ഫ്രീഡം ഓഫ് തോട്ട് ആന്റ് എക്സ്പ്രഷന്‍ എന്ന സംഘടനയുടെ ഡയറക്ടറും പ്രാക്ടീസ് ചെയ്യുന്ന വക്കീലുമാണ് അദ്ദേഹം. ഇടതുപക്ഷക്കാരനായ ഇമാദിന്റെ ഫോണ്‍ എപ്പോഴും ചെവിയില്‍ തന്നെയാണ്. കയ്റോയിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്റുഡന്റ്സ് സെല്ലില്‍ പെട്ട വിദ്യാര്‍ഥികളാണ് നിയമ സഹായത്തിന് വേണ്ടി ഇമാദിനെ എപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ഫോണ്‍ കാള്‍ വരുമ്പോഴും ഇമാദ് പഴയ കോളേജ് ദിനങ്ങള്‍ ഓര്‍ത്തു കൊണ്ടിരിക്കും. ബ്രദര്‍ഹുഡ് വിദ്യാര്‍ഥികളും ഇടതുപക്ഷ വിദ്യാര്‍ഥികളും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളുടെ ആ കാലം. 1999-ല്‍ അവര്‍ തമ്മില്‍ നടന്ന അത്തരമൊരു സംഘര്‍ഷത്തെത്തുടര്‍ന്ന് 22 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നയാളാണ് ഇമാദ്. ഇന്ന് പക്ഷേ, ഹുസ്നി മുബാറകിന്റെ സ്വേഛാ ഭരണത്തിനെതിരായ സമരത്തില്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തകരോടൊപ്പം അണിനിരക്കുമ്പോള്‍ ഇമാദിന് ആ ഓര്‍മകള്‍ തടസ്സമാവുന്നില്ല. ഹുസാം അല്‍ ഹമാലവി എന്ന ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകന്‍ തന്റെ ബ്ളോഗില്‍ എഴുതിയ 'ബ്രദേഴ്സ് ആന്റ് കോമ്രേഡ്സ്' എന്ന ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്. അത്തജമ്മുഅ് പാര്‍ട്ടി, റവല്യൂഷനറി സോഷ്യലിസ്റ് പാര്‍ട്ടി തുടങ്ങിയ ഈജിപ്ഷ്യന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡുമായി ചേര്‍ന്നാണ് ഇന്ന് ഏതാണ്ടെല്ലാ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളും സംഘടിപ്പിക്കുന്നത്. ഇടതുപക്ഷം, മാര്‍ക്സിസം കൈയൊഴിച്ചു കൊണ്ടോ ബ്രദര്‍ഹുഡ്, ഇസ്ലാം കൈയൊഴിച്ചു കൊണ്ടോ അല്ല അത്തരമൊരു കൂട്ടായ്മ വളര്‍ത്തിയെടുത്തത്. വസ്തുനിഷ്ഠ രാഷ്ട്രീയ സാഹചര്യത്തെ അപഗ്രഥിച്ച് അവര്‍ എടുക്കുന്ന സവിശേഷമായ രാഷ്ട്രീയ തീരുമാനമാണത്. Sometimes with the Islamists, never with the state എന്നതാണ് റവല്യൂഷനറി സോഷ്യലിസ്റുകളുടെ മുദ്രാവാക്യം.
എന്നാല്‍, ഈജിപ്ഷ്യന്‍ ഇടതുപക്ഷത്തിന്റെ ഈ നിലപാടിനെ എല്ലാ ഇടതുപക്ഷക്കാരും സമ്പൂര്‍ണമായി പിന്തുണക്കുന്നുവെന്ന് വിചാരിക്കരുത്. സ്റാലിനിസ്റുകളും ജനകീയ സ്വാധീനമില്ലാത്ത ചില നഗര ബുദ്ധിജീവി ഗ്രൂപ്പുകളും മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഈ സമീപനത്തെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. അത്തരത്തില്‍ പെട്ട അറിയപ്പെട്ട ഈജിപ്ത്യന്‍ ഇടതുചിന്തകനാണ് സമീര്‍ അമീന്‍. ഈജിപ്ഷ്യന്‍ മുഖ്യധാരാ ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ് ഹോട്ടല്‍ സെമിനാറുകളില്‍ മാര്‍ക്സിസ്റ് സൈദ്ധാന്തിക പ്രഘോഷണങ്ങള്‍ നിര്‍വഹിക്കുകയാണ് അദ്ദേഹമിപ്പോള്‍. തെരുവിലെ ഇടതുപക്ഷവുമായി അദ്ദേഹത്തിന് ബന്ധമില്ല.
ഈജിപ്തിലെ ജനകീയ ഇടതുപക്ഷം തള്ളിക്കളഞ്ഞ സമീര്‍ അമീനെയാണ് നമ്മുടെ നാട്ടിലെ ബുദ്ധിജീവി സഖാക്കള്‍ ഇപ്പോള്‍ പലതിനും ആശ്രയിക്കുന്നത്. സമീര്‍ അമീന്റെ കേരളാ പതിപ്പാണ് ഇപ്പോള്‍ സി.പി.എം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്ന ഹമീദ് ചേന്ദമംഗല്ലൂര്‍. അദ്ദേഹം എഴുതുന്നു: "സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ മാര്‍ക്സിസ്റുകാര്‍ക്ക് മതവിശ്വാസികളുമായി സഹകരിക്കാമോ എന്നു ചോദിച്ചാല്‍ എന്റെ ഉത്തരം 'അതേ' എന്നാണ്. എന്നാല്‍ മതമൌലികവാദികളുമായി സഹകരിക്കാമോ എന്നു ചോദിച്ചാല്‍ 'പാടില്ല' എന്നായിരിക്കും'' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2010 ജൂലൈ 4-10). ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട ഒരു സംവാദത്തിലാണ് ഹമീദ് ഇക്കാര്യം പറയുന്നത്.
ഒറ്റനോട്ടത്തില്‍ സാമാന്യ ഇടതു-മതേതര വായനക്കാരനെ ആകര്‍ഷിക്കുന്ന ഒരു പ്രസ്താവനയാണ് ഹമീദ് നടത്തിയിരിക്കുന്നത്. എന്നാല്‍ ലോകത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രായോഗിക രാഷ്ട്രീയാനുഭവങ്ങള്‍ ഇതിന് നേര്‍വിപരീതമാണെന്ന് മാത്രം. സമീര്‍ അമീനെപ്പോലുള്ളവരുടെ സൈദ്ധാന്തിക കസര്‍ത്തുകളെ മറികടന്നുകൊണ്ടാണ് ഇന്ന് ലോകത്തെങ്ങുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് (മതമൌലികവാദികള്‍ എന്നത് കൊണ്ട് ഹമീദ് ഉദ്ദേശിക്കുന്നത് ജമാഅത്തെ ഇസ്ലാമി, മുസ്ലിം ബ്രദര്‍ഹുഡ് പോലെയുള്ള ഇസ്ലാമിക സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്).
ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അറബ് നാടുകളില്‍ എല്ലായിടത്തും ഇസ്ലാമിക 'മതമൌലികവാദ' പ്രസ്ഥാനങ്ങളും ഇടതുപക്ഷവും പല നിലക്കും യോജിച്ചാണ് മുന്നോട്ട് പോകുന്നത്. പടിഞ്ഞാറന്‍ നാടുകളിലാകട്ടെ ഇസ്ലാമിസ്റ്-ഇടതുപക്ഷ ഐക്യം പ്രായോഗിക രംഗത്ത് കൂടുതല്‍ ശക്തമാണ്. നമ്മുടെ നാട്ടില്‍ സംഘ്പരിവാര്‍-വലതുപക്ഷ ശക്തികളും സംഘ്പരിവാര്‍ യുക്തികള്‍ അതേ പോലെ ഏറ്റുപിടിക്കുന്ന ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള എഴുത്തുകാരുമാണ് ഈ ഐക്യത്തെ അപകീര്‍പ്പെടുത്താറുള്ളതെങ്കില്‍ പടിഞ്ഞാറന്‍ നാടുകളില്‍ വലതുപക്ഷ നിയോകോണ്‍ വിഭാഗങ്ങളാണ് ആ ദൌത്യം നിര്‍വഹിക്കുന്നത്. അമേരിക്കന്‍ വലതുപക്ഷ എഴുത്തുകാരനും കണ്‍സര്‍വേറ്റീവ് മാസികയായ ഫ്രന്റ് പേജിന്റെ പത്രാധിപരുമാണ് ഡേവിഡ് ഹരോവിറ്റ്സ് (David Horowitz). അദ്ദേഹത്തിന്റെ പ്രധാനപ്പെട്ടൊരു പുസ്തകമാണ് Unholy Alliance: Radical Islam and the American Left. തികഞ്ഞ വലതുപക്ഷ വംശീയ ബോധത്തിന്റെയും വിദ്വേഷ പ്രചാരണത്തിന്റെയും കുത്തൊഴുക്കാണ് ഹരോവിറ്റ്സിന്റെ പുസ്തകങ്ങളും എഴുത്തുകളും. അമേരിക്കന്‍ ഇസ്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനമായ മുസ്ലിം സ്റുഡന്റ്സ് അസോസിയേഷനെ (എം.എസ്.എ) കുറിച്ച് ഹരോവിറ്റ്സ് ഡെയ്ലി നെക്സസ് പത്രത്തില്‍ ഒരു പരസ്യം കൊടുത്തത് ഏറെ വിവാദമായിരുന്നു. പരസ്യത്തിന്റെ ആശയം ഇതായിരുന്നു: എം.എസ്.എ മുസ്ലിം ബ്രദര്‍ഹുഡ് രൂപീകരിച്ച സംഘടനയാണ്. ഹമാസും ബ്രദര്‍ഹുഡ് സംഘടന തന്നെ. അല്‍ഖാഇദയുടെ ആശയ സ്രോതസ്സ് ബ്രദര്‍ഹുഡ് ആണ്. അതിനാല്‍ എം.എസ്.എ അല്‍ഖാഇദയെ പോലുള്ള ഒരു സംഘടന തന്നെയാണ്! (നമ്മുടെ നാട്ടില്‍ ജമാഅത്തിനെതിരെ എം.കെ മുനീറും ഹമീദ് ചേന്ദമംഗല്ലൂരും ഇപ്പോള്‍ സി.പി.എമ്മും നടത്തുന്ന ഭീകരവാദ ആരോപണത്തിന്റെ അതേ പാറ്റേണ്‍!) നമ്മുടെ നാട്ടിലെ സ്വത്വ രാഷ്ട്രീയ വിവാദാനന്തര കാലത്തെ ഇടതു ബുദ്ധിജീവികളും അമേരിക്കന്‍ നിയോകോണ്‍ സൈദ്ധാന്തികരും തമ്മിലുള്ള സാമ്യം ഒന്ന് ആലോചിച്ചു നോക്കൂ. ഇടതു-ഇസ്ലാമിക സഹകരണത്തെ 'ബ്ളാക്-റെഡ് അലയന്‍സ്' എന്നാണ് ഹരോവിറ്റ്സ് വിശേഷിപ്പിക്കുന്നത്. മുസ്ലിംകളെയാണ് അദ്ദേഹം 'ബ്ളാക്' കൊണ്ട് ഉദ്ദേശിക്കുന്നത്. ആ വംശീയ ഡംഭിന്റെ ആഴം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പറയുമ്പോള്‍ എല്ലാം പറയണമല്ലോ; സാക്ഷാല്‍ ഡേവിഡ് ഹരോവിറ്റ്സ് തന്നെയും ഒരു കമ്യൂണിസ്റുകാരനായിരുന്നു. കമ്യൂണിസം മൂത്തപ്പോള്‍ സ്വാഭാവികമായും വെള്ള വര്‍ണ ഡംഭന്‍മാരുടെ യാഥാസ്ഥിതിക കൂടാരത്തിലെത്തിയെന്നു മാത്രം. കമ്യൂണിസത്തില്‍ നിന്ന് കുടില വംശീയതയിലേക്കുള്ള ദൂരം അധികമില്ലെന്ന് മാര്‍ഷല്‍ ടിറ്റോവിന്റെ ശിഷ്യന്മാരായിരുന്ന സെര്‍ബിയയിലെ സ്ളബദോന്‍ മിലോസവിച്ചും റദോവന്‍ കരാജിച്ചും നമുക്ക് കാണിച്ചു തന്നതാണല്ലോ.
ബ്രിട്ടനില്‍ റസ്പക്റ്റ് പാര്‍ട്ടി ഈ അര്‍ഥത്തില്‍ ശ്രദ്ധേയമായ പ്രസ്ഥാനമാണ്. ബ്രിട്ടനില്‍ ഏറ്റവും സജീവമായ പ്രതിപക്ഷ പ്രസ്ഥാനമായ റസ്പക്റ്റ്, യുദ്ധവിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ബ്രിട്ടനിലെ മുന്നണിപ്പോരാളിയാണ്. വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് അത്. അതിലെ അംഗ സംഘടനകളുടെ പേരുകള്‍ കേള്‍ക്കുക:
1. മുസ്ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍ (പാകിസ്താനില്‍ നിന്ന് കുടിയേറിയ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരും അറബ് നാടുകളില്‍ നിന്ന് വന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും തദ്ദേശീയ മുസ്ലിംകളും ചേര്‍ന്ന് രൂപവത്കരിച്ച ബ്രിട്ടനിലെ ഏറ്റവും ശക്തമായ ഇസ്ലാമിക പ്രസ്ഥാനം).
2. സോഷ്യലിസ്റ് യൂനിറ്റി നെറ്റ്വര്‍ക്ക്.
3. റവല്യൂഷനറി കമ്യൂണിസ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍- മാര്‍ക്സിസ്റ് ലെനിനിസ്റ്.
ബ്രിട്ടനിലെ അറിയപ്പെട്ട സോഷ്യലിസ്റ് നേതാവായ ലിന്‍ഡാ സ്മിത്ത് ആണ് റസ്പക്റ്റിന്റെ ചെയര്‍പേഴ്സന്‍. നൊബേല്‍ ജേതാവായ നാടകകൃത്ത് ഹരോള്‍ഡ് പിന്റര്‍, സിനിമാ സംവിധായകായ കെന്‍ ലോച്ച് എന്നിവരും റസ്പക്റ്റിന്റെ മുന്നണിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഫ്രാന്‍സ് അടക്കമുള്ള ഏതാണ്ടെല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും ഇസ്ലാമിസ്റ്-ഇടതു ഐക്യവേദികള്‍ സജീവമാണ് (ഫ്രഞ്ച് കമ്യൂണിസ്റ് പാര്‍ട്ടികളായ റവല്യൂഷനറി കമ്യൂണിസ്റ് ലീഗും (Ligue Communiste Re'volutionnaire) വര്‍കേഴ്സ് സ്ട്രഗ്ഗ്ളും (Lutte Ouvrie're) കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റുകളുമായി സഹകരിച്ചതിനെ ഫ്രന്റ്പേജ് മാസികയില്‍ നേരത്തെപ്പറഞ്ഞ അമേരിക്കന്‍ നിയോകോണ്‍ ബുദ്ധിജീവി ഹരോവിറ്റ്സ് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്). എല്ലാ കാര്യങ്ങള്‍ക്കും പടിഞ്ഞാറ് നോക്കികളാകുന്ന നമ്മുടെ നാട്ടിലെ ഇടതുപക്ഷം പക്ഷേ, ഈ വിഷയത്തില്‍ പടിഞ്ഞാറന്‍ തീവ്രവലതുപക്ഷത്തെയാണ് അനുകരിക്കുന്നതെന്ന് മാത്രം.
യമനിലെ ഇടതുപക്ഷ പ്രസ്ഥാനമായ യമന്‍ സോഷ്യലിസ്റ് പാര്‍ട്ടിയുടെയും (വൈ.എസ്.പി) ഇസ്ലാമിക പ്രസ്ഥാനമായ അല്‍ ഇസ്ലാഹിന്റെയും (യമന്‍ ഗാതറിംഗ് ഫോര്‍ റിഫോം/അത്തജമ്മുഉല്‍ യമനി ലില്‍ ഇസ്വ്ലാഹ്) ചരിത്രം രൂക്ഷമായ പരസ്പര സംഘട്ടനങ്ങളുടെതായിരുന്നു. ഇരുപക്ഷത്ത് നിന്നും ആളുകള്‍ കൊല്ലപ്പെടുന്ന അവസ്ഥ വരെയുണ്ടായിരുന്നു. പക്ഷേ, ഇന്ന് വൈ.എസ്.പിയും അല്‍ ഇസ്വ്ലാഹും ഒരു മുന്നണിയിലാണ്. വൈ.എസ്.പിയും അല്‍ ഇസ്വ്ലാഹും നാസറിസ്റ് യൂനിയനിസ്റ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് രൂപവത്കരിച്ച മുന്നണിയായ ജോയന്റ് മീറ്റിംഗ് പാര്‍ട്ടി (ജെ.എം.പി) ഒന്നിച്ച് നിന്നാണ് 2005-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2006-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും മത്സരിച്ചത്. ഈ മുന്നണി ഇപ്പോഴും യമനില്‍ നിലനില്‍ക്കുന്നു.
ഏറ്റവും ഒടുവില്‍ ഗസ്സയിലേക്ക് പുറപ്പെട്ട എം.വി മര്‍മറ സഹായക്കപ്പലിന്റെ കാര്യമെടുക്കുക. തുര്‍ക്കിയിലെ ഇസ്ലാമിക ചാരിറ്റി സംഘമായ ഐ.എച്ച്.എച്ച് ചാര്‍ട്ടര്‍ ചെയ്ത കപ്പലില്‍ യൂറോപ്പില്‍ നിന്നുള്ള ഇടതുപക്ഷ പ്രവര്‍ത്തകരും ഇസ്ലാമിസ്റുകളുമായിരുന്നു ഉണ്ടായിരുന്നത്.
കേരളത്തില്‍ സി.പി.ഐ.എം ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയാന്‍ പാടില്ല എന്ന് അഭ്യര്‍ഥിക്കാനല്ല ഇത്രയും എഴുതിയത്. മറിച്ച്, ലോക സാഹചര്യങ്ങളെ മറന്ന് സൈദ്ധാന്തിക ഡോഗ്മകള്‍ ഉന്നയിക്കുന്ന സമാകാലിക ഇടതു ബുദ്ധിജീവികളുടെ രാഷ്ട്രീയ ശൂന്യത ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം. എപ്പോഴും യെച്ചൂരിയെയും പഴയ ഗോള്‍വാള്‍ക്കര്‍ - മൌദൂദി അച്ചുതണ്ട് തിസീസും സമീര്‍ അമീന്‍ എന്നോ എഴുതിയ ലേഖനങ്ങളും ഉദ്ധരിച്ച് ഒരു ചരിത്രസന്ദര്‍ഭത്തെ തമസ്കരിക്കുകയാണ് കേരളത്തിലെ സി.പി.എം ഇപ്പോള്‍ ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കുക മാത്രം.
വാല്‍ക്കഷണം: 2008 നവംബര്‍ മൂന്നാം തീയതി, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ തുടങ്ങുന്ന സമയത്ത് ദല്‍ഹിയിലെ ഐവാനെ ഗാലിബ് ഹാളില്‍ ഒരു കണ്‍വെന്‍ഷന്‍ നടന്നു. ദല്‍ഹി ജമാഅത്തെ ഇസ്ലാമി ആസ്ഥാനം കേന്ദ്രീകരിച്ച് രൂപവത്കരിച്ച കോഡിനേഷന്‍ കമ്മറ്റി ഫോര്‍ ഇന്ത്യന്‍ മുസ്ലിംസ് എന്ന വേദിയുടെ ബാനറില്‍ നടന്ന പീപ്പ്ള്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ കമ്യൂണലിസം ആന്റ് ടെറര്‍ ഫ്രീ ഇന്ത്യ. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൌലാനാ ജലാലുദ്ദീന്‍ ഉമരിയാണ് അധ്യക്ഷന്‍. വേദിയില്‍ അദ്ദേഹത്തിന്റെ സമീപം സീതാറാം യെച്ചൂരി, എ.ബി ബര്‍ദാന്‍, ഡി. രാജ, എച്ച്.ഡി ദേവഗൌഡ, ബി.എസ്.പി നേതാവ് ഷാഹിദ് സിദ്ദീഖി തുടങ്ങിയവര്‍. ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെ പേരില്‍ നടക്കുന്ന മുസ്ലിം വേട്ടക്കെതിരെ ശക്തമായ പ്രമേയം അംഗീകരിച്ചാണ് സമ്മേളനം പിരിഞ്ഞത്. ജമാഅത്ത് അമീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആ കണ്‍വെന്‍ഷനില്‍ അമീറിന്റെ ഇടതുവശത്തിരുന്ന യെച്ചൂരിയെ അദ്ദേഹത്തിന്റെ പഴയ പുസ്തകത്തിലെ ഉദ്ധരണി വായിച്ചു കേള്‍പ്പിക്കാന്‍ കേരളത്തില്‍ നിന്ന് ബുദ്ധിജീവികളാരും പോവാതിരുന്നത് അദ്ദേഹത്തിന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ?
ഏതായാലും നമ്മുടെ സഖാക്കള്‍ക്ക് വയറ് നിറച്ച് ഭക്ഷിക്കാന്‍ എന്തെല്ലാം സിദ്ധാന്തങ്ങള്‍ ഇനിയുമുണ്ട്?

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...