Tuesday, September 7, 2010

ചോദ്യോത്തരം:ജമാഅത്തെ ഇസ്ലാമി

"കേരളത്തിന്റെ മുസ്ലിം മുഖ്യധാരയില്‍നിന്ന് ജമാഅത്തെ ഇസ്ലാമി ഒരിക്കല്‍ കൂടി അപമാനകരമാംവിധം അകറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. തൊണ്ണൂറ് ശതമാനം മുസ്ലിം സമുദായാംഗങ്ങളുടെയും സജീവ പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്ന മത-സാമൂഹിക-രാഷ്ട്രീയ സംഘടനകളെല്ലാം മലപ്പുറം ജില്ലയുടെ ഹൃദയഭൂമിയായ കോട്ടക്കല്‍ പട്ടണത്തില്‍ ഒത്തുകൂടി നടത്തിയ പ്രഖ്യാപനം സമകാലീന സംഭവങ്ങളില്‍ സുപ്രധാനമായ ഒരധ്യായമാണ്. ജമാഅത്തെ ഇസ്ലാമിയുടെയും അതിന്റെ മാനസ പുത്രന്മാരായ പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെയും സമുദായത്തിന്റെയും ഉല്‍കൃഷ്ട പാരമ്പര്യങ്ങള്‍ക്കും ഉത്തമ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് ആദരണീയ പണ്ഡിതന്മാര്‍ പങ്കെടുത്ത ആ കൂട്ടായ്മ ഓര്‍മപ്പെടുത്തി. ഇസ്ലാമിന്റെ സുന്ദര പരിവേഷത്തെ കളങ്കപ്പെടുത്താനും മുസ്ലിം സമുദായത്തിന് ചുറ്റും ഭീകരതയുടെ കരിനിഴല്‍ വീഴ്ത്താനും മാത്രമേ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുള്ളൂ എന്നാണ് ആ സമ്മേളനത്തിന്റെ വിലയിരുത്തല്‍'' (എം.സി വടകര, ചന്ദ്രിക ദിനപത്രം 2010 ആഗസ്റ് 4). പ്രതികരണം?
കെ.പി റഫീഖ് ചാലാട്
മുസ്ലിം ലീഗ് ഉണ്ടാക്കിയ മുഖ്യധാരയില്‍നിന്ന് തീര്‍ത്തും വേറിട്ടാണ് ജമാഅത്തെ ഇസ്ലാമിയുടെ പിറവി തന്നെ. സാമുദായിക ധ്രുവീകരണത്തിലൂടെ രാജ്യത്തിന്റെ വിഭജനത്തിനും പാകിസ്താന്‍ രൂപവത്കരണത്തിനും വേണ്ടി മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ഇന്ത്യന്‍ മുസ്ലിംകളെയാകെ അണിനിരത്താന്‍ ശ്രമിച്ചപ്പോള്‍ ആദര്‍ശപരമായും പ്രായോഗികമായും അതിന്റെ ദൂരവ്യാപകമായ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടിയ ജമാഅത്തെ ഇസ്ലാമിക്ക്, മുഖ്യധാരക്ക് പുറത്താണെന്നത് പ്രശ്നമേയായില്ല. അന്നും മത സംഘടനകള്‍ ഇന്നത്തെപ്പോലെ പൊതുവെ ലീഗിന്റെ ചിറകിനടിയില്‍ തന്നെയായിരുന്നു. ജമാഅത്തിന്റെ നേരെ അവരുടെ സമീപനവും ശത്രുതാപരമായിരുന്നു.
സ്വാതന്ത്യ്രത്തിന് ശേഷവും ഇസ്ലാമിക പ്രബോധനവും മുസ്ലിംകളുടെ സംസ്കരണവും അജണ്ടയാക്കിയ ജമാഅത്തെ ഇസ്ലാമി ഹിന്ദിന്, ഇസ്ലാമിനെ കേവലം മുസ്ലിംകളുടെ പാരമ്പര്യ മതമാക്കുന്നതും രാഷ്ട്രീയ സാമൂഹിക രംഗങ്ങളാകെ അനിസ്ലാമിക പ്രത്യയശാസ്ത്രങ്ങള്‍ക്ക് തീരെഴുതിക്കൊടുക്കുന്നതും അംഗീകരിക്കാനായില്ല. അതിനാല്‍ അത് മുഖ്യധാരയില്‍നിന്ന് വേറിട്ട് നിന്നു. പില്‍ക്കാലത്ത് മുസ്ലിം ന്യൂനപക്ഷത്തിന്റെ അസ്തിത്വവും വ്യക്തിത്വവും ചോദ്യം ചെയ്യുന്ന ശക്തികള്‍ രാജ്യത്ത് കരുത്താര്‍ജിച്ച ഘട്ടത്തിലാണ് ആ ഭീഷണിക്ക് തടയിടാനും മുസ്ലിം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുമായി സമുദായ സംഘടനകളുടെ പൊതുവേദികളില്‍ ജമാഅത്തെ ഇസ്ലാമി സക്രിയമായത്. അതിപ്പോഴും തുടരുന്നു. കേരളത്തില്‍ ലീഗോ ലീഗനുകൂല മത സംഘടനകളോ വിചാരിച്ചാല്‍ ജമാഅത്തിനെ അതില്‍നിന്ന് മാറ്റിനിര്‍ത്താനാവില്ല. അപ്പോഴും ജമാഅത്ത് അതിന്റെ വ്യക്തിത്വവും വ്യതിരിക്തതയും കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോവുകയും ചെയ്യും.
കേരളത്തിലെ സുന്നി ഇ.കെ, എ.പി വിഭാഗങ്ങളും മുജാഹിദ് ഔദ്യോഗിക, വിഘടിത ഗ്രൂപ്പുകളും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, എം.ഇ.എസ് എന്നീ സംഘടനകളുമാണ് കോട്ടക്കല്‍ യോഗത്തില്‍ പങ്കെടുത്തത്. തീവ്രവാദത്തിനെതിരെ യോജിച്ച സമീപനം സ്വീകരിക്കാമെന്ന് പറഞ്ഞാണത്രെ അവരെ വിളിച്ചുചേര്‍ത്തത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണ് വിളിച്ചു കൂട്ടിയതെങ്കിലും ലീഗിന്റെ പരിപാടി എന്ന നിലയില്ല, മതസംഘടനകളുടെ സംഗമം എന്ന നിലയിലാണ് തങ്ങളതില്‍ പങ്കെടുത്തതെന്ന് ദക്ഷിണ കേരളയുടെ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൌലവി പറയുന്നു. ജമാഅത്തെ ഇസ്ലാമിക്കെതിരെ ഒരു തീരുമാനവും യോഗം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജമാഅത്തെ ഇസ്ലാമിയെ മാറ്റിനിര്‍ത്തണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും വെളിപ്പെടുത്തുന്നു. എം.ഇ.എസിനും ജമാഅത്തിനെതിരായ ബഹിഷ്കരണാഹ്വാനത്തില്‍ പങ്കില്ലെന്നാണ് പറയുന്നത്. എം.എസ്.എസ്സാകട്ടെ യോഗത്തില്‍ പങ്കെടുത്തതുമില്ല. പിന്നെയെന്തുണ്ടായി എന്ന് വ്യക്തം. മുസ്ലിം ലീഗും ലീഗിന്റെ സഹയാത്രികരായ സമസ്ത ഇ.കെ വിഭാഗവും മുജാഹിദ് സംഘടനകളും ചേര്‍ന്നൊരുക്കിയ നാടകത്തിന്റെ പരിസമാപ്തിയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ വാര്‍ത്താ സമ്മേളനം. അവര്‍ പണ്ടേ ജമാഅത്ത് വിരുദ്ധ കാമ്പയിന്‍ നടത്തിവന്നവരാണ്, ഇനിയും അത് തന്നെ ചെയ്യും. അതുകൊണ്ടൊരു ചുക്കും സംഭവിക്കാന്‍ പോവുന്നില്ല. ജമാഅത്തെ ഇസ്ലാമി തീവ്രവാദ-ഭീകര സംഘടനയാണെന്ന അഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം തുറന്ന് പറഞ്ഞ് ജമാഅത്ത് പങ്കാളിയായ എല്ലാ പൊതുവേദികളില്‍നിന്നും മുസ്ലിം ലീഗ് വിട്ടുനില്‍ക്കട്ടെ. ആര്‍ജവമുള്ള നിലപാട് അതാണ്.
ജമാഅത്തെ ഇസ്ലാമിക്കാരെ പുറത്താക്കാത്തതെന്ത്?
സര്‍ക്കാറിന്റെ വിവിധ കമ്മിറ്റികളില്‍നിന്ന് ജമാഅത്തെ ഇസ്ലാമി പ്രതിനിധികളെ പുറത്താക്കാന്‍ സി.പി.എം ആര്‍ജവം കാണിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ മുനീര്‍. സി.പി.എം ആത്മാര്‍ഥതയുണ്ടെങ്കില്‍ അത്തരമൊരു തീരുമാനമെടുക്കണം. ഇടതുപക്ഷം ഭരണം തുടങ്ങിയതോടെ വിവിധ തലങ്ങളിലുള്ള ഭരണസമിതികളില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്. അത്തരം അംഗങ്ങളെ പുറത്താക്കിയെന്നോ പിന്‍വലിച്ചെന്നോ സി.പി.എം പറയുന്നത് ഇതുവരെ ആരും കേട്ടിട്ടില്ല. ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കുമ്പോള്‍ അത്തരമൊരു ധൈര്യം കാട്ടാത്തത് കാപട്യമാണ്. മുനീര്‍ പ്രസംഗത്തില്‍ പറഞ്ഞു (തേജസ് 31.7.2010). മുജീബ് എന്തു പറയുന്നു?
പി.വിസി മുഹമ്മദ് പൊന്നാനി
മുനീറിന്റെ പാര്‍ട്ടിയടങ്ങിയ യു.ഡി.എഫ് ഭരിച്ചിരുന്നപ്പോഴും ജമാഅത്തെ ഇസ്ലാമിക്കാര്‍ ഹജ്ജ് കമ്മിറ്റിയിലും വഖ്ഫ് ബോര്‍ഡിലും ഉണ്ടായിരുന്നു. അന്നവരെ പുറത്താക്കാന്‍ ഒരു ശ്രമവും മുനീര്‍ നടത്തിയതായറിയില്ല. ഇന്നുവരെയും ഒരു സര്‍ക്കാര്‍ സമിതിയിലും കയറിപ്പറ്റാന്‍ ജമാഅത്ത് ശ്രമിച്ചിട്ടില്ല. മതപരമായ മാനങ്ങളുള്ള സമിതികളില്‍ ജമാഅത്തുകാര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടാല്‍ നിരസിക്കാറുമില്ല. ഇത്തരം സമിതികളിലെ അംഗത്വം രാഷ്ട്രീയപരമായി കാണരുതെന്നാണ് ജമാഅത്തിന്റെ എക്കാലത്തെയും വീക്ഷണം.
സ്ത്രീ
പൊതുരംഗത്തിറങ്ങിയാല്‍ പാതിവ്രത്യം തകരും!

സ്ത്രീകള്‍ പൊതുരംഗത്ത് വരാന്‍ പാടില്ലെന്നും ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിനോട് യോജിപ്പില്ലെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീകള്‍ പൊതുരംഗത്ത് വന്നാല്‍ പാതിവ്രത്യവും പരിശുദ്ധിയും നഷ്ടപ്പെടുമെന്നും ഇത് ഇസ്ലാമിന്റെ നിര്‍ദേശമാണെന്നും അത് ബുദ്ധിപരവും യുക്തിപരവുമാണെന്നും അദ്ദേഹം പറഞ്ഞു (മാധ്യമം 8.8.2010). ഈ നിലപാടിനോട് മുജീബ് എന്തു പറയുന്നു?
എച്ച്. ശാദിയ്യ റഷീദ് ആയിപ്പുഴ
സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതിന് മാത്രമല്ല പള്ളിയില്‍ ജുമുഅക്കോ ജമാഅത്തിനോ പങ്കെടുക്കുന്നതിനും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ സംഘടന എതിരാണ്. ഈ എതിര്‍പ്പ് പക്ഷേ, ഇസ്ലാമിന്റെ പേരില്‍ ന്യായീകരിക്കരുത്. ഇസ്ലാം സ്ത്രീയെ ജുമുഅ-ജമാഅത്തുകളില്‍ പങ്കെടുക്കാനും അങ്ങാടിയില്‍ കച്ചവട സ്ഥാപനങ്ങളെ നിരീക്ഷിക്കാനും യുദ്ധത്തില്‍ പങ്കെടുത്ത് ഭടന്മാരെ ശുശ്രൂഷിക്കാനുമെല്ലാം അനുവദിച്ചതിന് പ്രാമാണിക തെളിവുകളുണ്ട്. പാതിവ്രത്യവും പരിശുദ്ധിയും പരിരക്ഷിക്കണമെന്നുള്ളവര്‍ക്ക് അതെവിടെയും കാത്തുസൂക്ഷിക്കാം. അല്ലാത്തവര്‍ക്ക് വീട്ടിന്റെ ഉള്ളറകളിലാണെങ്കിലും കളഞ്ഞുകുളിക്കുകയുമാവാം. ജാറങ്ങളിലും സിദ്ധന്മാരുടെ അന്തപുരങ്ങളിലും മാനം നഷ്ടപ്പെടേണ്ടിവന്ന ഒട്ടനവധി സ്ത്രീകളെക്കുറിച്ച് കാന്തപുരം എന്തു പറയും? അതിന്റെ പേരിലെങ്കിലും ഈ അന്ധവിശ്വാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് വാദിക്കാന്‍ തയാറുണ്ടോ? ചാരിത്യ്രശുദ്ധിയും സദാചാരവും സ്ത്രീകള്‍ക്ക് മാത്രം ബാധകമാണെന്ന ചിന്താഗതിയും ഇസ്ലാമികമല്ല. പുരുഷന്മാര്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതാണ് യഥാര്‍ഥ കുഴപ്പം. അതിനാല്‍ സദാചാര നിഷ്ഠയുള്ള പുരുഷന്മാര്‍ക്കേ തെരഞ്ഞെടുപ്പുകളില്‍ വോട്ട് നല്‍കാവൂ എന്നെങ്കിലും ഫത്വ ഇറക്കുമോ?
ഇസ്ലാമിക ഭരണം
"എന്നിട്ടാണോ മുസ്ലിംകള്‍ വെറും 12 ശതമാനം മാത്രം വരുന്ന ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ ആരെങ്കിലും വെമ്പല്‍ കൊള്ളുക? അങ്ങനെ വല്ലവരുമുണ്ടെങ്കില്‍ അത് ക്രമസമാധാന പ്രശ്നമായിട്ടല്ല ചികിത്സിച്ചു മാറ്റേണ്ട മനോരോഗമായിട്ടാണ് കാണേണ്ടത്. മൊത്തം ഇന്ത്യയിലെ മൂന്നു കോടി താമസിക്കുന്ന ഒരു സംസ്ഥാനം മാത്രമാണ് കേരളം. ഈ കേരളത്തില്‍ ഒരു ഇസ്ലാമിക ഭരണം സ്ഥാപിക്കാമെന്ന മോഹം വല്ലവര്‍ക്കുമുണ്ടെങ്കില്‍ അത് കൂടുതല്‍ വലിയ മണ്ടത്തരമാണ്'' (എ.ആറിന്റെ ലേഖനത്തില്‍നിന്ന്, ഗള്‍ഫ് മാധ്യമം, 2010 ജൂലൈ 23). ഇസ്ലാമിക ഭരണ സംസ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് കൂടി ഈ പ്രസ്താവന ശരിയല്ലേ?
വി.എം റഹീം മസ്കത്ത്
ഇസ്ലാമിക ഭരണവും മുസ്ലിം ഭരണവും ഒന്നല്ല, രണ്ടാണ്. ലൌ ജിഹാദിലൂടെ ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ കല്യാണം ചെയ്ത് ഇരുപത് കൊല്ലം കൊണ്ട് കേരളത്തില്‍ മുസ്ലിം ഭൂരിപക്ഷമുണ്ടാക്കി ഇസ്ലാമിക ഭരണം സ്ഥാപിക്കാനാണ് ഇവരുടെ പരിപാടി എന്നാണ് ഏതോ ലഘുലേഖ ഉദ്ധരിച്ച് പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് മുഖ്യമന്ത്രി അച്യുതാനന്ദന്‍ പറഞ്ഞത്. ഇതപ്പാടെ ശരിയാണെന്ന് സമ്മതിച്ചാല്‍തന്നെ, കേരളത്തിലെ മുഴുവന്‍ മുസ്ലിം യുവാക്കളും അമുസ്ലിം സ്ത്രീകളെ മതം മാറ്റി കല്യാണം കഴിച്ച് പരമാവധി സന്താനോല്‍പാദനം നടത്തിയാല്‍ പോലും ഇരുപത് കൊല്ലം കൊണ്ട് കേരളം മുസ്ലിം രാജ്യമാവില്ല! അപ്പോള്‍ ഏതോ കിറുക്കന്റെ തലയില്‍ ഉദിച്ച ആശയമാണ് നിരുത്തരവാദിത്തപരമായ ലഘുലേഖയിലെ പരാമര്‍ശം എന്ന് കട്ടായം. മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ എന്താവശ്യത്തിനായാലും അത് ഉദ്ധരിക്കാനേ പാടുണ്ടായിരുന്നില്ല. ഇപ്പോള്‍ സംഘ്പരിവാര്‍ ആ പ്രസ്താവന ആഘോഷമാക്കികൊണ്ട് നടക്കുകയും ചെയ്യുന്നു.
ജമാഅത്തെ ഇസ്ലാമി ഒരാധുനിക ഇസ്ലാമിക ജനാധിപത്യ സ്റേറ്റിന്റെ രൂപരേഖ അവതരിപ്പിക്കുന്നു എന്നത് ശരിയാണ്. മനുഷ്യ നിര്‍മിത ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ ഒന്നടങ്കം പരാജയം തെളിയിച്ചിരിക്കെ ബുദ്ധിയും വിവേകവുമുള്ള മനുഷ്യര്‍ ആരായാലും പഠിക്കേണ്ടതും പരീക്ഷിക്കേണ്ടതുമാണ് ദൈവിക മാര്‍ഗ നിര്‍ദേശത്തിലധിഷ്ഠിതമായ ഇസ്ലാമിക സാമൂഹിക രാഷ്ട്രീയ വ്യവസ്ഥ. വ്യക്തി സംസ്കരണത്തിലൂടെ സമൂഹ സംസ്കരണവും തദ്വാര രാജ്യ സംസ്കരണവും എന്നതാണ് അതിന്റെ വ്യവസ്ഥാപിത രീതി. അത് ലോകത്തെവിടെയുമെന്ന പോലെ ഇന്ത്യയിലും സമാധാനപരമായി പ്രബോധനം ചെയ്യാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് അവകാശവും സ്വാതന്ത്യ്രവുമുണ്ട്. അതൊരിക്കലും ഒരു മുസ്ലിം വംശീയ സ്റേറ്റായി തെറ്റിദ്ധരിക്കപ്പെട്ടുകൂടാ. ഭയപ്പെടേണ്ട ഒന്നും അതിലില്ലതാനും.
സ്വത്വരാഷ്ട്രീയത്തെപ്പറ്റി രണദിവെ
"നമ്മുടെ രാജ്യത്ത് ഒരാള്‍ തൊഴിലാളിയും അതേസമയം വിവേചനത്തിനു വിധേയനായ മുസ്ലിമുമാണ്. അതാണ് അയാളുടെ അസ്തിത്വത്തിന്റെ ദ്വന്ദഭാവം. അയാളുടെ അസ്തിത്വത്തിന്റെ രണ്ടാമത് പറഞ്ഞ ഭാഗം- അയിത്ത ജാതിക്കാരനും മുസ്ലിമുമാണെന്നത്- ആദ്യത്തേതിനേക്കാള്‍ രൂക്ഷമായി അദ്ദേഹത്തെ ബാധിക്കുന്നു. നമ്മുടെ ബഹുജന സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും ഇത് ബോധ്യപ്പെടാത്ത പക്ഷം സാമ്രാജ്യത്വത്തിന്റെ വിഘടനാത്മക വെല്ലുവിളികളെ നേരിടാനാവില്ല'' (വിജയവാഡ കോണ്‍ഗ്രസ് സമ്പൂര്‍ണ രേഖകള്‍- ചര്‍ച്ചകള്‍ക്കുള്ള മറുപടി- ബി.ടി രണദിവെ. ഉദ്ധരണം മാതൃഭൂമി വാരിക, 4.7.2010). മുജീബ് എന്തു പറയുന്നു?
ഹസനുല്‍ ബന്ന കുഞ്ഞിമംഗലം
തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയാണ് പരേതനായ മാര്‍ക്സിസ്റ് വിപ്ളവകാരി ബി.ടി രണദിവെ സംസാരിച്ചത്. കമ്യൂണിസത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഒരാള്‍ക്കും ചോദ്യം ചെയ്യാനാവില്ലതാനും. പക്ഷേ, പ്രായോഗിക തലത്തില്‍ രണദിവെയുടെ ചിന്ത ഉള്‍ക്കൊള്ളാനോ നയപരിപാടികളില്‍ പ്രതിഫലിപ്പിക്കാനോ സി.പി.എമ്മിന് കഴിഞ്ഞില്ല. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും വരട്ടുതത്ത്വവാദവും സ്റാലിന്റെ ഉരുക്കുമുഷ്ടിയും പാര്‍ട്ടിയെ വേട്ടയാടി. തല്‍ഫലമായി ദലിതുകളും ന്യൂനപക്ഷങ്ങളും പാര്‍ട്ടിയില്‍നിന്നകന്നുപോയി. അപ്പോഴും സംഘ്പരിവാര്‍ ഫാഷിസത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നു എന്ന തോന്നലില്‍ അവരില്‍ ഒരു വിഭാഗം സി.പി.എമ്മില്‍ പ്രതീക്ഷകളര്‍പ്പിച്ചിരുന്നു. പാര്‍ട്ടി നേതൃത്വം കൈയടക്കിയവരുടെ മര്‍ക്കടമുഷ്ടി അവരെപ്പോലും അകറ്റുന്ന കാഴ്ചയാണ് സമീപകാലത്ത്. ഇപ്പോള്‍ കുറുക്കന് പൊതിത്തേങ്ങ കിട്ടിയപോലെ സ്വത്വപ്രശ്നങ്ങളില്‍ എന്ത് ചെയ്യണമെന്നറിയാതെ സി.പി.എം ഇരുട്ടില്‍ തപ്പുന്നു. തൊഴിലാളി വര്‍ഗത്തിന് വേറിട്ടൊരു സ്വത്വമേയില്ല എന്ന മിഥ്യാ ധാരണയില്‍ അഭിരമിക്കുകയാണ് വി.എസ് അച്യുതാനന്ദനെപ്പോലുള്ളവര്‍. തൊഴിലാളി വര്‍ഗ സ്വത്വം എന്താണെന്ന് പ്രായോഗികമായി കാണിച്ചുതരാന്‍ അവര്‍ക്കാവുന്നുമില്ല. ചുരുക്കത്തില്‍ സ്വന്തം സിദ്ധാന്തങ്ങള്‍ വിഴുങ്ങി നശിക്കാനാണ് കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ വിധി.
ശശിതരൂരിന്റെ മൂന്നാം കെട്ട്
ശശി തരൂരിന്റെ മൂന്നാം വിവാഹം തിരുവനന്തപുരത്ത്. കാവ്യാ മാധവന്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍. നടി മീരാ വാസുദേവ് വിവാഹമോചിതയായി. മൂന്നാം കെട്ടും നാലാം കെട്ടും ത്വലാഖും മുസ്ലിം സമുദായത്തിന്റെ തലയിലാണല്ലോ ഇന്നും ബുദ്ധിജീവികളും മീഡിയയും കെട്ടിവെക്കുന്നത്. മറ്റു സമുദായങ്ങളിലെ ജീര്‍ണതകള്‍ ഒന്നും ചര്‍ച്ചയാവാത്തതെന്ത്?
ശിഫാ ഹമീദ് മുത്തനൂര്‍
പട്ടികയില്‍ കുറേക്കൂടി ചേര്‍ക്കാനുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ ബഹുഭാര്യാത്വത്തിന് രാജ്യം മുഴുവന്‍ കൊടുക്കേണ്ടിവരുന്ന വിലയാണ് അഴഗിരി എന്ന സാക്ഷരതയില്ലാത്ത മകന്റെ കേന്ദ്രമന്ത്രി സ്ഥാനം! ബി.ജെ.പിയുടെ 'ഗ്ളാമര്‍ ഗേള്‍' ഹേമമാലിനിക്ക് വിവാഹിതനായ ധര്‍മേന്ദ്രയെ വേള്‍ക്കാന്‍ മതം മാറി പേരുമാറി ശരീഅത്ത് പ്രകാരമുള്ള നിക്കാഹ്നാമയില്‍ അഭയം പ്രാപിക്കേണ്ടിവന്നു. ജോസഫ് സ്റാലിന്റെ മകള്‍ സ്വെറ്റ്ലാന ഇന്ത്യക്കാരനായ സിക്കുകാരനെ വിവാഹം ചെയ്യാന്‍ അഭയം തേടിയിരുന്നതും 'ഇസ്ലാമില്‍'തന്നെ. ബഹുഭാര്യാത്വവും വിവാഹമോചനവും യഥേഷ്ടം നടക്കുന്നത് രണ്ടും നിരോധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്ത അമുസ്ലിം സമൂഹങ്ങളിലാണ്. പേരുദോഷം മാത്രം ഇസ്ലാമിനും. ബുദ്ധിജീവികളും മീഡിയയും ഇതൊന്നും കാണാഞ്ഞിട്ടോ അറിയാഞ്ഞിട്ടോ അല്ല. കടുത്ത മുന്‍വിധിയും പക്ഷപാതിത്വങ്ങളും നേര് പറയുന്നതിന് തടസ്സമാവുകയാണ്. പൊതുവില്‍ പറഞ്ഞാല്‍ പാശ്ചാത്യ സംസ്കാരത്തിന്റെ അപ്രതിഹത സ്വാധീനമാണ് വിവാഹത്തകര്‍ച്ചക്കും പുനര്‍വിവാഹ വളര്‍ച്ചക്കും പിന്നില്‍. അതൊരളവോളം മുസ്ലിം തലമുറകളെയും പിടികൂടാതെയല്ല. സാംസ്കാരിക പ്രതിരോധത്തിലൂടെ മാത്രമേ ഇതിന് തടയിടാനാവൂ.

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...