Saturday, September 25, 2010

ശൈഖ് സൈനുദ്ദീന്റെ പൈതൃകം -ഒ.വി. ഉഷ

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൊന്നാനിക്കാരന്‍ മലയാളി, ശൈഖ്് സൈനുദ്ദീന്‍ രണ്ടാമന്റെ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' (വിശുദ്ധപോരാളികള്‍ക്കുള്ള പാരിതോഷികം) എന്ന അറബികൃതിയെ ദൂരദര്‍ശന്റെ 'പൈതൃകം' പരിപാടിയില്‍ പരിചയപ്പെടുത്തിയത് കാണാനിടയായിരുന്നു. അതെന്നെ വളരെ ആകര്‍ഷിച്ചു. ചരിത്രകാരന്മാരുടെ കൈയില്‍ കിട്ടിയ, ഏറക്കുറെ ആദ്യത്തെയെന്നു വിശേഷിപ്പിക്കാവുന്ന, കേരളചരിത്രരേഖയാണ് 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' എന്നാണ് പരിപാടിയില്‍ പങ്കെടുത്ത വേലായുധന്‍ പണിക്കശ്ശേരിയും പ്രഫ. എം.എന്‍. കാരശ്ശേരിയും പറഞ്ഞതില്‍നിന്ന് മനസ്സിലായത്. ഇതിന്റെ മൂന്നു മലയാള പരിഭാഷകളുണ്ടായിട്ടുണ്ട്. 1936ല്‍ മൂസാന്‍കുട്ടി മൗലവിയുടെ, 1963ല്‍ വേലായുധന്‍ പണിക്കശ്ശേരിയുടെ, 1995ല്‍ സി. ഹംസയുടെ. 'കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍' എന്നാണ് പണിക്കശ്ശേരി പരിഭാഷക്കു കൊടുത്ത ശീര്‍ഷകം. (ഇംഗ്ലീഷ്, പോര്‍ചുഗീസ്, ഫ്രഞ്ച് ഇത്യാദി പാശ്ചാത്യഭാഷകളിലേക്കൊക്കെ ഈ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.) വിശുദ്ധയുദ്ധത്തിനു വേണ്ടിയുള്ള ആഹ്വാനങ്ങള്‍ ബ്രിട്ടീഷുഭരണം ഹേതുവായി മൂസാന്‍കുട്ടി പരിഭാഷയില്‍ ഒഴിവാക്കിയിരുന്നു. മലയാളസാഹിത്യത്തിന്റെ ഗതിനിര്‍ണയിച്ച എഴുത്തച്ഛന്‍, പൂന്താനം, മേല്‍പത്തൂര്‍ തുടങ്ങിയ ഭക്തകവികള്‍ ജീവിച്ചിരുന്ന കാലമായിരുന്നു ശൈഖ് സൈനുദ്ദീന്റെയും കാലം. ഖാദി മുഹമ്മദ് 'മുഹ്‌യിദ്ദീന്‍ മാല' എഴുതിയതും ഈ കാലഘട്ടത്തില്‍. പണ്ഡിതനായ ൈശഖ് സൈനുദ്ദീന്‍ സമകാലികരാഷ്ട്രീയവും സാമൂഹികജീവിതവും അടുത്തറിഞ്ഞിരുന്നു.

സാമൂതിരിയോട് മുസ്‌ലിംകള്‍ക്ക് അടുപ്പമായിരുന്നു. സാമൂതിരിയുടെ നാവികപ്പടയില്‍ മുഖ്യമായും മുസ്‌ലിം പടയാളികളാണുണ്ടായിരുന്നത്. കടല്‍ കടക്കുന്നത് ഹിന്ദുക്കള്‍ക്ക് നിഷിദ്ധമായിരുന്നുവല്ലോ. മുസ്‌ലിംകള്‍ക്കാകട്ടെ, ഹജ്ജ,് കച്ചവടം, മത്സ്യബന്ധനം എന്നീ താല്‍പര്യങ്ങള്‍കൊണ്ട് സജീവമായ കടല്‍ബന്ധമുണ്ടായിരുന്നു താനും. സാമൂതിരിയുടെ സൈന്യത്തിന്റെ മുസ്‌ലിം പടയാളികളും നായര്‍പടയാളികളും ഒപ്പം നിന്ന് ദേശത്തെ കാത്തു. അന്ന് നമ്മുടെ ഐക്യകേരളമോ കേരളദേശീയതയോ ഇല്ല എന്നോര്‍ക്കണം. കേരളത്തിന്റെ കിടപ്പ് പല നാട്ടുരാജ്യങ്ങളായിട്ടായിരുന്നുവല്ലോ. ഈയൊരു സാഹചര്യത്തില്‍ പതിനഞ്ചാംനൂറ്റാണ്ടിന്റെ അവസാനം (1498 ല്‍) കടല്‍മാര്‍ഗം വന്ന് കേരളമണ്ണില്‍ കാലുകുത്തിയ വാസ്‌കോഡഗാമയും സംഘാംഗങ്ങളും കടല്‍ക്കൊള്ളക്കാരായിരുന്നുവെന്നാണ് സൈനുദ്ദീന്‍ നിരീക്ഷിച്ചിരിക്കുന്നത്.
തിരിഞ്ഞുനോക്കുമ്പോള്‍ അതു നേരായിത്തന്നെ അനുഭവപ്പെടുന്നു. കച്ചവടത്തിനാണെത്തിയതെങ്കിലും കൊള്ളക്കാരുടെ സ്വഭാവം തന്നെയാണവര്‍ പ്രകടിപ്പിച്ചത്. സുഗന്ധദ്രവ്യങ്ങളിലായിരുന്നു അവരുടെ കണ്ണ്. കറുത്തപൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട കുരുമുളക് റോമിലെ രാജ്ഞിമാരുടെ കിടപ്പറകളില്‍ സുഗന്ധത്തിനായി എരിയിച്ചിരുന്നുവത്രെ. കുരുമുളകിന്റെ രുചിയോടും പാശ്ചാത്യനാടുകള്‍ക്കു പ്രത്യേകം താല്‍പര്യമുണ്ടായിരുന്നു. സുഗന്ധദ്രവ്യങ്ങള്‍ കേരളത്തില്‍നിന്നു വാങ്ങിക്കൊണ്ടുപോയി പുറമേ വിറ്റത് അറബികളായിരുന്നു. അറബികളെ വിലക്കണമെന്ന് പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയോട് ആവശ്യപ്പെട്ടു. സാമൂതിരി അങ്ങനെ ചെയ്തില്ല.

കടല്‍വഴിയുള്ള കച്ചവടം തങ്ങളുടെ പെര്‍മിറ്റ് എടുത്തിട്ടേ ചെയ്യാവൂ എന്ന വ്യവസ്ഥയുണ്ടാക്കത്തക്ക നിലയില്‍ ക്രമേണ പോര്‍ചുഗീസുകാര്‍ അന്യായമായ കച്ചവടാധിപത്യം സ്ഥാപിച്ചു. സ്വാഭാവികമായും സ്വദേശികളും വിദേശികളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലവില്‍ വന്നു. പോര്‍ചുഗീസുകാര്‍ ബേപ്പൂരിനടുത്ത് ചാലിയത്തുകെട്ടിയ കോട്ട നായന്മാരും മുസ്‌ലിംകളുമടങ്ങിയ സാമൂതിരിയുടെ ഭടന്മാര്‍ 1571 ല്‍ പൊളിച്ചു. അക്രമം കാട്ടുന്ന വിദേശികളുടെ കൊള്ളസംഘത്തെ തുരത്തണമെന്നതായിരുന്നു ലക്ഷ്യം. ഈ സാഹചര്യത്തിലാണ് സൈനുദ്ദീന്‍ വിശുദ്ധപോരാട്ടത്തിന് ഒരുങ്ങാന്‍ ആഹ്വാനം ചെയ്തത്. കേരളത്തില്‍ തീവ്രവാദത്തിന്റെ തുടക്കം ഇതിലാണെന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, മതമാണ് വിഷയമെങ്കില്‍ എതിര്‍ക്കേണ്ടത് സാമൂതിരിയെ ആയിരുന്നുവല്ലോ.

ദേശസ്‌നേഹമായിരുന്നു പ്രേരണ എന്ന് വ്യക്തമാണ്. കൂടാതെ ദേശസ്‌നേഹം മതവിശ്വാസത്തിന്റെ ഭാഗമാണെന്ന നബിവചനമനുസരിച്ച് ദേശത്തെ ചൂഷണം ചെയ്യുന്നവരെ എതിര്‍ക്കേണ്ടത് മതപരമായ ബാധ്യതയായും സൈനുദ്ദീന്‍ കണക്കാക്കിയിരിക്കണം. സാമൂതിരിപ്പാടിനെ സഹായിക്കാനഭ്യര്‍ഥിച്ചുകൊണ്ട് വിദേശത്തുള്ള മുസ്‌ലിം രാജാക്കന്മാര്‍ക്ക് -തന്റെ വ്യക്തിബന്ധത്തിന്റെ പേരില്‍ - സൈനുദ്ദീന്‍ കത്തുകള്‍ എഴുതിയിരുന്നുവത്രെ. മുസ്‌ലിംകളെ സ്‌നേഹിച്ച സാമൂതിരി രാജാവിനെയാണ് 'തുഹ്ഫത്തുല്‍ മുജാഹിദീനി'ല്‍ സൈനുദ്ദീന്‍ ചിത്രീകരിച്ചു കാണുന്നത്. പ്രഫ. എം.എന്‍. കാരശ്ശേരിയുടെ യുക്തിയുക്തമായ അപഗ്രഥനത്തില്‍ നിന്നാണ് 'തുഹ്ഫത്തുല്‍ മുജാഹിദീനി'ല്‍ ദേശസ്‌നേഹത്തിന്റെയും സാമുദായികമൈത്രിയുടെയും അന്തര്‍ധാര നിലീനമായിരിക്കുന്നുവെന്ന് ഞാന്‍ ഗ്രഹിച്ചത്. കേരളത്തെക്കുറിച്ചുള്ള ഈ ആദ്യചരിത്രരേഖയുടെ വിലപ്പെട്ട പൈതൃകം ഓര്‍മപ്പെടുത്തിയതിന് പൈതൃകം പരിപാടിയോടും പണിക്കശ്ശേരി സാറിനോടും പ്രത്യേകിച്ച് കാരശ്ശേരി മാഷിനോടും കൃതജ്ഞതയുണ്ട്. നാം മലയാളികള്‍ ഈ പൈതൃകം മറന്നുകളയരുതാത്തതാണ്.

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...