കേരളത്തിലെ പോരാട്ട ചരിത്രത്തില്‍ കിനാലൂര്‍ രേഖപ്പെടുത്തപ്പെട്ട് കഴിഞ്ഞു. തികച്ചും ജനവിരുദ്ധവും സ്വാര്‍ഥ താല്പര്യം മാത്രം മുന്‍നിര്‍ത്തിയുമുള്ള ഒരു പദ്ധതി വികസനമെന്ന പേരില്‍ നടപ്പാക്കാനായിരുന്നു കിനാലൂരില്‍ ഭരണകൂടം ശ്രമിച്ചത്. എന്നാല്‍ അതിനെ വളരെ പ്രാഥമിക ഘട്ടത്തില്‍ തന്നെ തിരിച്ചറിയാനും ചെറുത്ത് നില്‍ക്കാനും ജനങ്ങള്‍ക്ക് കഴിഞ്ഞു. ‘വികസനം’ നടപ്പാക്കാന്‍ അധികാരി വര്‍ഗം ഏത് മാര്‍ഗവും തേടുമെന്നും ഏത് ആയുധവും പ്രയോഗിക്കുമെന്നും കിനാലൂര്‍ പറഞ്ഞു തരുന്നു.
ജനങ്ങളുടെ പ്രതിരോധത്തെ അട്ടിമറിക്കാന്‍ അവര്‍ തേടുന്ന വഴികളെക്കുറിച്ചും ഒടുവില്‍ സമരമുഖത്ത് വെച്ച് പോലീസിനെ ഉപയോഗിച്ച് അതിനെ ചോരയില്‍ മുക്കുന്നതിനെക്കുറിച്ചും കിനാലൂര്‍ വിളിച്ചു പറയുന്നുണ്ട്. അങ്ങിനെ കേരളത്തിലെ ചെറുത്ത് നില്‍പ്പ് പ്രക്ഷോഭങ്ങളുടെ ചരിത്ര പുസ്തകത്തിന് ഒരു ആമുഖമായി കിനാലൂര്‍ സമരം മാറി. കിനാലൂര്‍ സമരത്തിന്റെ നാള് വഴികളെക്കുറിച്ച് സമര നേതാവ് റഹ്മത്തുല്ല ഡൂള്‍ ന്യൂസ് പ്രതിനിധി കെ എം ഷഹീദുമായി സംസാരിക്കുന്നു.
കിനാലൂരില്‍ ഇങ്ങിനെയൊരു പ്രക്ഷോഭത്തിന് മണ്ണൊരുങ്ങുന്നുണ്ടെന്ന് പുറം ലോകം അധികമൊന്നും അറിഞ്ഞിരുന്നില്ല. മെയ് ആറിന് പ്രതിഷേധക്കാരെ പോലീസ് നേരിട്ടതോടെയാണ് കിനാലൂര്‍ ചര്‍ച്ചയാകുന്നത്. സമരക്കാരെ പോലീസ് നേരിട്ട രീതി കണ്ടപ്പോഴാണ് കിനാലൂരിലെ സമരം സര്‍ക്കാറിനെ എത്ര കണ്ട് ചൊടിപ്പിച്ചിരുന്നുവെന്ന് തിരിച്ചറിയാനായത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ പോലീസ് ശക്തമായി നേരിട്ടു. ചിന്നിച്ചിതറിയ സമരക്കാരെ പിടിക്കാനായി പോലീസ് വീടുകള്‍ കയറി. ഈ ദൃശ്യങ്ങളെല്ലാം ഞങ്ങള്‍ ടെലിവിഷനില്‍ കാണുകയായിരുന്നു.
നിങ്ങളെ വളഞ്ഞിട്ട് പിടിക്കാനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു പോലീസ്. അതിനിടെയാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഇടപെടലുണ്ടായതും പോലീസിനെ പിന്‍വലിക്കുന്നതും. സര്‍വ്വെ നിര്‍ത്തിവെക്കാനും വി എസ് ഉത്തരവിട്ടു. കിനാലൂര്‍ സമരം പിന്നീട് കേരളത്തില്‍ ഏറെ ചര്‍ച്ചയായി.
ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഇവിടെ ഒരു സര്‍വ്വെ ആരംഭിക്കുന്നത്. സര്‍വ്വെ നടക്കുന്ന കാര്യം ജനങ്ങളെ ഇറിയിക്കാന് കാര്യമായ ശ്രമങ്ങളൊന്നുമുണ്ടായില്ല. പഞ്ചായത്ത് സെക്രട്ടറി അംഗങ്ങളെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊതു ജനങ്ങളെ അറിയിക്കുന്ന ഏര്പ്പാടുണ്ടായില്ല. പഞ്ചായത്ത് അംഗങ്ങള്‍ ഇക്കാര്യത്തില്‍ വളരെക്കാലത്തോളം ഒന്നും മിണ്ടിയില്ല. സര്‍ക്കാര്‍ പദ്ധതി കൊണ്ട് വരികയാണെങ്കില്‍ ദിനസങ്ങള്‍ക്ക് മുമ്പ് തന്നെ ജനങ്ങളെ അറിയിക്കാറുണ്ട്. എന്നാല്‍ കിനാലൂര്‍ പദ്ധതി ജനങ്ങളില്‍ നിന്ന് പൂഴ്ത്തിവെക്കുകയായിരുന്നു.
പദ്ധതിയെക്കുറിച്ച് ഞങ്ങള്‍ അറിയുന്നത് സര്‍വ്വെ ടീം എത്തിയപ്പോഴാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെ അവര്‍ വീടുകളില്‍ കയറി സര്‍വ്വെ തുടങ്ങുകയായിരുന്നു. മുമ്പൊരിക്കലും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. ബ്രിട്ടീഷ് സര്‍ക്കാറിന്റെ കാലത്ത് പോലും നടക്കാത്തത്. എങ്ങിനെ പ്രതികരിക്കണമെന്നറിയാതെ നിസ്സഹായരായി നോക്കിനില്ക്കുകയായിരുന്നു ജനങ്ങള്‍. പാത കടന്നു പോകുന്നിത്തൊൊക്കെ പ്രശ്നം ചര്‍ച്ചയായി. സര്‍വ്വെ നടത്തിപ്പിനായി വന്നത് വില്‍ബര്‍ സ്മിത് അസോസിയേഷന് എന്ന സ്വകാര്യ കമ്പനിയുടെ ആളുകളാണ്. അവരോട് കാര്യം ചോദിച്ചപ്പോള്‍ ഞങ്ങളോടൊന്നും ചോദിക്കേണ്ട, സര്‍ക്കാറിനോട് ചോദിച്ചോളൂ എന്ന മറുപടിയാണ് ലഭിച്ചത്. നിങ്ങള്‍ കലക്ടറോട് പറയൂ, സ്ഥലം സര്‍വ്വെ ചെയ്യാന്‍ ഞങ്ങള്‍ക്ക് ഉത്തരവുണ്ടെന്നാണ് വില്‍ബര്‍ സ്മിത്തിന്റെ ആളുകള്‍ പറഞ്ഞത്.
ആദ്യമായി പദ്ധതിക്കെതിരെ രംഗത്ത് വന്നത് നന്മണ്ടയിലെ കുറച്ച് ചെറുപ്പക്കാരാണ്. ഇവിടെ ഒരു സാധു സംരക്ഷണ സിമതിയുണ്ട്. അവര്‍ യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതൊരു സുപ്രധാന വിഷയമാണെന്നും കൂടുതല്‍ ആളുകളെ സംഘടിപ്പിക്കേണ്ടതാണെന്നും ഇവര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. അവര്‍ രണ്ടാമത വിപുലമായ യോഗം സംഘടിപ്പിച്ചു. ആ യോഗത്തിലാണ് ഞാനൊക്കെ പങ്കെടുത്തത്.
ഇത് പ്രതികരിക്കേണ്ട വിഷയമാണെന്ന് തിരിച്ചറിഞ്ഞ് ചെറിയൊരു കൂട്ടായമയുണ്ടാക്കി. അങ്ങിനെയിരിക്കുമ്പോഴാണ് കക്കോടിക്കടുത്ത മോരിക്കരയെന്ന സ്ഥലത്തും ഇതേ പോലെ പ്രക്ഷോഭം നടക്കുന്നതായി ഞ്ങ്ങള്‍ക്ക് മനസിലായത്. പദ്ധതി ഏറ്റവും ദോശകരമായി ബാധിക്കുന്നത് അവിടെയാണ്. ഞാനും എന്റെ സുഹൃത്തും മോരിക്കരയില്‍ പോയി പ്രശ്നം പഠിച്ചു. അവിടെ കൂടുതല്‍ രൂക്ഷമായ ചെറുത്ത് നില്‍പ്പാണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലായി. കാരണം പദ്ധതി വരികയാണെങ്കില്‍ മോരിക്കരയെന്ന ഗ്രാമം അപ്രത്യക്ഷമാകും.
അവിടെ ജനങ്ങള്‍ മൊത്തം പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു. ഇപ്പോള്‍ തന്നെ മഴക്കാലത്ത് നിരവധി കുടുംബങ്ങള്‍ ഇവിടെ നിന്ന് ഒഴിഞ്ഞു പോകുകയാണ് ചെയ്യുന്നത്. പദ്ധതി വരുന്നതോടെ 700 ഓളം കുടുംബങ്ങള്‍ വര്‍ഷ കാലത്ത് പൂര്‍ണമായി മാറി നില്‍ക്കേണ്ടി വരും. അത് തിരിച്ചറിഞ്ഞാണ് അവര്‍ പദ്ധതിക്കെതികെ ജനകീയ സമിതിയെന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ചത്. ദേവദാസ് എന്നയാളായിരുന്നു ആ കമ്മിറ്റയുടെ പ്രസിഡന്റ്. ഒരു പാത വരുന്നുണ്ടെന്ന തിരിച്ചറിവ് മാത്രമാണ് അന്ന് ഇവിടെയുള്ളവര്ക്കുണ്ടായിരുന്നത്.
മോരിക്കരയുമായി ഞങ്ങള്‍ ബന്ധപ്പെട്ട് തുടങ്ങി. പാത പോകുന്ന സ്ഥലം ഏതെന്ന് ഞങ്ങള്‍ മനസിലാക്കി. അവരെയും ഒരുമിച്ച് കൂട്ടി കമ്മിറ്റിയുണ്ടാക്കി. അതാണ് ജന ജാഗ്രതാ സമിതി. 2009 ഒക്ടോബര്‍ 18നായിരുന്നു കമ്മിറ്റി രൂപീകരണം. ഞാന്‍ പ്രസിഡന്റും മോരിക്കര ജനകീയ സമിതി പ്രസിഡന്റ് ദേവദാസ് വൈസ് പ്രസിഡന്റും പെരുമ്പൊയിലിലെ അഡ്വ. സി പി അജയകുമാര്‍ സെക്രട്ടറിയുമായാണ് ഈ കമ്മിറ്റി നിലവില്‍ വന്നത്. അപ്പോഴും ഇതൊരു പ്രക്ഷോഭ സംഘടനയായി വളര്‍ന്നിട്ടില്ലായിരുന്നു. പദ്ധതിക്കെതിരെ സര്‍ക്കാറിന് നിവേദനങ്ങള്‍ കൊടുത്ത് തുടങ്ങി. പ്രശ്നം ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയായിരുന്നു ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം.
പിന്നീട് ഞാന്‍ ജില്ലാ കലക്ടര്‍ക്ക് വിവരാവകാശ നിയമപ്രകാരം കത്ത് നല്കി. ഞങ്ങളുടെ സ്ഥലങ്ങള്‍ അന്യരായ ആളുകള്‍ പ്രവേശിക്കുന്നുവെന്നും ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നുവെന്നും ഇത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കത്തില്‍ ചോദിച്ചു. സര്‍ക്കാറിന്റെയോ റവന്യൂ വകുപ്പിന്റെയോ അനുമതിയോടെയാണോ സര്‍വ്വെ നടക്കുന്നതെന്നും ചോദിച്ചു. എന്നാല്‍ കലക്ടറുടെ മറുപടി അത്ഭുതകരമായിരുന്നു. ഒരു ജനാധിപത്യ രാജ്യത്ത് ജില്ലാ മജിസ്ട്രറ്റ് കൂടിയായ കലക്ടര്‍ ഞങ്ങള്‍ക്ക് മറുപടി നല്‍കിയത് പദ്ധതിയെക്കുറിച്ചുള്ള ഒരു വിവരവും ഈ ഓഫീസില്‍ ലഭ്യമല്ലെന്നാണ്.
ജില്ലാ ഭരണ കൂടം എന്നത് സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധിയാണ്. ഈ മറുപടി ഞങ്ങള്‍ക്ക് കുറച്ച് ആവേശം നല്കി. സര്‍വ്വെക്ക് വന്നവരോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. നിങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് ഇവിടെ വന്നതെന്ന ചോദിച്ചു. നിങ്ങള്‍ റോഡന്നു കൊള്ളൂ. പൊതു സ്ഥലം അളന്നുകൊള്ളൂ. എന്നാല്‍ ഒരാളുടെയും കോമ്പൗണ്ടില്‍ കയറുതെന്ന് പറഞ്ഞു. ഇത് പറയുന്നതിന് മുമ്പ് ഈ സംഭവം മോരിക്കര നടക്കുന്നുണ്ട്. ഈ വിവരം ഞങ്ങള്‍ അറിഞ്ഞിരുന്നു. പക്ഷെ അത് വലിയ വിഷയമായിരുന്നില്ല. സര്വ്വെക്ക വന്നവരോട് നാട്ടുകാര്‍ പറ്റില്ലെന്ന് പറഞ്ഞതോടെ അവര്‍ സ്ഥലം വിടുകയായിരുന്നു.
ആരും കോമ്പൗണ്ടില്‍ കണ്ട് പോകരുതെന്ന് ഞങ്ങള്‍ ശക്തമായ നിര്‍ദേശം നല്കി. പ്രശ്നത്തില്‍ ആദ്യമായി നന്മണ്ട 13 വരെ ഞങ്ങള്‍ പ്രകടനം നടത്തി. ജാഗ്രതാ സമിതി ആദ്യമായി നടത്തുന്ന പൊതു പരിപാടിയായിരുന്നു അത്. പ്രകടനം സാമ്പ്രദായിക രാഷ്ട്രീയ കക്ഷികളെ ഞെട്ടിച്ചു. ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകളൊന്നും സാധാരണ ഇത്തരം പൊതു പ്രകടനങ്ങളിലൊന്നും പങ്കെടുക്കാറില്ലല്ലോ. പക്ഷെ ഇവിടെ സ്ഥിതി മിറിച്ചായിരുന്നു. പൊതു ജനം എന്ന വ്യാഖ്യാനത്തില്പ്പെടുന്നവരെല്ലാം പ്രകടനത്തില്‍ പങ്കെടുത്തു. ഇത് പുറത്തേക്ക് വന്നതോടെ ശ്രദ്ധിക്കപ്പെട്ടു. ഞങ്ങള്‍ക്ക് തന്നെ ആവേശമുണ്ടായി. ഞങ്ങള്‍ക്ക് ആത്മവിശ്വാസുണ്ടാക്കിയ സംഭവമായിരുന്നു അത്. പത്രങ്ങളും ആക്ടിവിസ്റ്റുകളുമായി ഞങ്ങള്‍ ബന്ധപ്പെട്ട് തുടങ്ങി. ഞങ്ങളെ ആദ്യമായി സഹായിച്ചത് കോണ്‍ഗ്രസിലെ വി എം സുധീരനായിരുന്നു.
ഒരു പൊതു പ്രവര്ത്തകന് എന്ന നിലയില്‍ ഞങ്ങള്‍ക്കെല്ലാം വിശ്വാസമുള്ളയാളായിരുന്നു അദ്ദേഹം. ഞാന്‍ സ്ഥലത്ത് വന്ന് കാര്യം പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ എന്താണ് വരാന്‍ പോകുന്നതെന്നും പിന്നലുള്ള അജണ്ടയെന്താണെന്നും തനിക്ക് അറിയാമെന്ന് സുധീരന് പറഞ്ഞു. ഡിസംബര്‍ 18ന് രാവിലെ അദ്ദേഹം എട്ടരയോടെ സ്ഥലത്തെത്തി റോഡ് പോകുന്ന റൂട്ടില്‍ സഞ്ചരിച്ചു റോഡിന്റെ ഇരകളോട് നേരിട്ട് സംസാരിച്ചു. സ്ഥലം നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹത്തിന് ഞെട്ടലുണ്ടായി. ഇത് കടന്നു പോകുന്ന സ്ഥലം ഒരു കാര്‍ഷിക സംസ്കാരത്തിന്റെ ഭാഗമാണ്. പാത കൊണ്ട് നശിപ്പിക്കപ്പെടുന്നത് വലിയൊരു പച്ചപ്പാണ്. നിരുറവകളും താഴ്വരകളും അരുവികളുമാണ്. ജനങ്ങള്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്.
അങ്ങിനെ സുധീരന് കക്കോടിയില്‍ കോണ്‍ഗ്രസിന്റെ ഒരു ജനകീയ കണ്വെണ്ഷന് വിളിച്ചു. കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കാനും തീരുമാനമായി. ഒരു രാഷ്ട്രീയ പാര്‍ട്ടി ആദ്യമായി ഞങ്ങളുടെ സമരം ഏറ്റെടുത്തത് ആ സംഭവത്തോടെയായിരുന്നു.
ഇതോടൊപ്പംസമരത്തിന് വലിയ പിന്തുണ നല്കിയവരാണ് സോളിഡാരിറ്റി. അവര്‍ അവരുടെ സ്വന്തം ബാനറില്‍ മോരിക്കര ഒരു ജനകീയ കണ്വെന്ഷന് വിളിച്ചു. അവര്‍ അവരുടെ പ്ലാറ്റ്ഫോമില്‍ നിന്നുകൊണ്ടും പിന്നീട് ഞങ്ങളുണ്ടാക്കിയ കൂട്ടായ്മയില്‍ നിന്നുകൊണ്ടും പ്രക്ഷോഭത്തില്‍ പങ്കെടുത്തു.
ഇങ്ങിനെ നടക്കുന്ന സംഭവത്തിനിടയിലാണ് മോരിക്കരയില്‍ സംഘടിതമായ പ്രതിരോധം ആദ്യം നടക്കുന്നത്. ജനുവരി രണ്ടിന് മോരിക്കരയില്‍ സര്വ്വെക്കെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു. സായുധ പോലീസിന്റെ സഹായത്തോടെ സര്വ്വെക്കെത്തെയ അധികൃതരെ നാട്ടുകാര്‍ തടയുകയായിരുന്നു. എല്ലാ വിധി ആുധങ്ങളുമായാണ് പോലീസ് എത്തിയത്. ഒരു സി ഐ, രണ്ടോ മൂന്നോ എസ് ഐമാര്‍ ഒരു ഡെപ്യൂട്ടി കലക്ടര്‍ എന്നിവരെല്ലാം അടങ്ങിയതായിരുന്നു സംഘം. ആ സംഭവം അപ്പോള്‍ തന്നെ ഞങ്ങള്‍ അറിഞ്ഞു. അവിടേക്ക് ഇവിടെ നിന്നും ആളുകള്‍ പോയിട്ടുണ്ട്. എന്നാല്‍ അവിടെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
മോരിക്കര സംഭവം സര്‍ക്കാറിനെ കൂടുതല്‍ ജാഗ്രവത്താക്കി. ജില്ലാ കലക്ടര്‍ ഞങ്ങളെ ചര്‍ച്ചക്ക് വിളിച്ചു. ജനുവരി ആറിന് കലക്ടറുടെ ചേംബറില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എം എല്‍ എയും എം പിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചയെന്ന് പറഞ്ഞാല്‍ അതൊരു പ്രഹസനമായിരുന്നു. ആദ്യം തന്നെ വില്‍ബര്‍ സ്മിത്ത് കമ്പനിയാണ് ചര്‍ച്ചയെ നയിച്ചത്. അവര്‍ എല്‍ സി ഡിയും മറ്റുമായി വന്ന് കാര്യങ്ങള്‍ വിവരിച്ചു. ചോദ്യങ്ങള്‍ക്ക് അവരാണ് മറുപടി പറയുന്നത്. ആദ്യമായി മന്ത്രി എളമരം കരീമാണ് പ്രസംഗിച്ചത്. കിനാലൂരില്‍ തുടങ്ങുന്ന പദ്ധതി വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെ ഊഴം വന്നപ്പോള്‍ പദ്ധതിയുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ഞാന്‍ പറഞ്ഞു. നിര്‍ദ്ദിഷ്ട പാതക്ക് ബദല്‍ നിര്‍ദേശവും വെച്ചു.
കൂടിക്കാഴ്ച ഒരു സെമിനാര്‍ മാതൃകയിലായിരുന്നു. സമയമായപ്പോള്‍ എന്നോട് നിര്‍ത്താന്‍ പറഞ്ഞു. സെക്രട്ടറിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയതുമില്ല. ചോദ്യവും ഉത്തരവുമൊന്നുമില്ലായിരുന്നു. യോഗം കഴിഞ്ഞപ്പോള്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് ഞങ്ങള്‍ മടങ്ങിയത്. ഏകപക്ഷീയമായ നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ഒരു ഭീഷണിയുടെ സ്വരത്തിലാണ് കരീമും സലീമുമെല്ലാം സംസാരിച്ചത്. സര്‍ക്കാര്‍ സമരത്തെ നേരിടാന്‍ പോവുകയാണെന്നും ആുധം ഉപയോഗിക്കുമെന്നും ഞങ്ങള്‍ക്ക് മനസിലായി. ഞങ്ങളോട് സഹകരിക്കാന്‍ തയ്യാറുള്ള മുഴുവന്‍ രാഷ്ട്രീയ കക്ഷികളെയും സഹകരിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അപ്പോഴേക്കും ജനജാഗ്രതാ സമിതിക്ക് യൂനിറ്റുകളായിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് ജനുവരി 20ന് ഞങ്ങള്‍ കലക്ടറേറ്റ് ധര്‍ണ നടത്തി. ആ ധര്‍ണ ഞങ്ങളുടെ സമരത്തിന്റെ വലിയ വഴിത്തിരിവായിരുന്നു. 15000 ഓളം ആളുകളാണ് സമരത്തില്‍ പങ്കെടുത്തത്.
മോരിക്കര പ്രതിരോധം വന്നതോടെ സി പി ഐ എമ്മിന്റെയും ബ്രോക്കര്‍മാരുടെയും ഭൂമാഫിയകളുടെയും നേതൃത്വത്തില്‍ സര്‍ക്കാറിനെ പിന്തുണക്കുന്നവര്‍ ഒരു സമതിയുണ്ടാക്കി. കിനാലൂര്‍ വികസനത്തെ സ്വാഗതം ചെയ്യുന്നുവെന്ന പേരിലാണ് അവര്‍ രൂപീകരിക്കപ്പെട്ടത്. ഞങ്ങള്‍ക്ക് ഒരു ശത്രു ജനിച്ചിരിക്കുന്നുവെന്ന് അന്ന് ഞങ്ങള്‍ മനസിലാക്കി. നേരിടാനാണല്ലോ ശത്രു. അങ്ങിനെയാണ് ഞങ്ങള്‍ കിനാലൂരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് ചേര്‍ത്തത്. അപ്പോഴും പ്രശ്നത്തിന്റെ ഗൗരവം ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക നേതൃത്വത്തിനും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളെ വിളിച്ച് ചേര്‍ത്ത് ആദ്യം അവരെ എഡുക്കേറ്റ് ചെയ്തു.
ഈ സമയത്താണ് മന്ത്രി കരീം ഇവിടെയൊക്കെ വന്ന് പ്രസംഗിക്കാന്‍ തുടങ്ങിയത്. കക്കോടിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ 25000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞു. നന്മണ്ടയെത്തിയപ്പോള് അത് 50000യിരമായി.. കിനാലൂരെത്തിയപ്പോള് അത് ഒരു ലക്ഷമായി. അപ്പോള്‍ ഞാന്‍ വിവരാവകാശപ്രകാരം മലേഷ്യന്‍ പദ്ധതിയുടെ എം ഒ യു വാങ്ങിച്ചു. 2007 സെപ്തംബര്‍ 10ന് ഒപ്പിട്ട കരാറിന് ആറു മാസം മാത്രമേ പ്രാബല്യമുണ്ടാവൂവെന്ന് എം ഒ യുവില്‍ കൃത്യമായി പറയുന്നുണ്ട്. കരാര്‍ നീട്ടണമെങ്കില്‍ ഇരു കക്ഷികളുടെയും സമ്മതത്തോടെ ആറു മാസത്തേക്ക് നീട്ടാമെന്നും പറയുന്നുണ്ട്.
ഇതിന് ശേഷം വല്ല കരാറും ഒപ്പിട്ടിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഇല്ലെന്നാണ് മറുപടി ലഭിച്ചത്. 2008 ആവുമ്പേഴേക്ക് പദ്ധതി ഇല്ലാതായി. ഇങ്ങിനെ ഇല്ലാത്ത പദ്ധതിയെക്കുറിച്ചാണ് കരീം പ്രസംഗിച്ച് നടന്നത്. മലേഷ്യയില്‍ നിന്നൊരു സംഘം വന്നു, രണ്ടു ദിവസം സര്‍ക്കാര്‍ ഗസ്റ്റായി കടവ് റിസോര്‍ട്ടില്‍ താമസിച്ചു, ഇത്രയേ കാര്യങ്ങള്‍ നടന്നിട്ടുള്ളൂ. ഇതുവെച്ചാണ് കരീം പ്രസംഗിച്ചു നടന്നത്. ഇക്കാര്യങ്ങളെല്ലാം ഞങ്ങള്‍ ആളുകള്‍ക്ക് രേഖ വെച്ച് കാണിച്ചുകൊടുത്തു.
പിന്നീടാണ് വ്യവസായ പദ്ധതി വരുമെന്ന് പറഞ്ഞ കിനാലൂരില്‍ ജനകീയ ഐക്യവേദി രൂപീകരിക്കുന്നത്. കോണ്‍ഗ്രസ്, ബി ജെ പി, മുസ് ലിം ലീഗ്, ജനതാദള്‍, സമാജ് വാദി ജന പരിഷത്ത്, സോളിഡാരിറ്റി, ജനജാഗ്രതാ സമിതി തുടങ്ങിയ കക്ഷികള്‍ ചേര്‍ന്നുകൊണ്ടായിരുന്നു ജനകീയ വേദി രൂപീകരിച്ചത്. അപ്പോഴേക്കും സി പി ഐ എം ഞങ്ങളുടെ ശത്രുപക്ഷത്തായിരുന്നു. അവര്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനും മറ്റും തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ അവരെ ഞങ്ങള്‍ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ജനകീയ വേദിയുടെ ചെയര്‍മാനായ ബി ജെ പിയുടെ സി കെ രാഘവനെ തിരഞ്ഞെടുത്തു. ഇതോടെ ഒരു വലിയ പ്ലാറ്റ് ഫോം ഉണ്ടായി.
പിന്നീട് ഫെബ്രുവരി 18ന്റെ പത്രത്തില്‍ ഒരു പരസ്യം കണ്ടു. കിനാലൂരിലെ കെ എസ് ഐ ഡി സിയുടെ ഭൂമി അളന്ന് മുറിക്കാന്‍ സര്‍വ്വെ നടക്കുന്നു എന്നായിരുന്നു പരസ്യം. കെ എസ് ഐ ഡി സിയുടെ ഭൂമി അളക്കാന്‍ പത്രത്തില്‍ പരസ്യം നല്‍കേണ്ട ആവശ്യമില്ല. അത് സ്വകാര്യ ഭൂമി അളക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ഞങ്ങള്‍ക്ക മനസിലായി. സര്‍വ്വെ തുടങ്ങുന്നതിന്റെ തലേന്ന് പ്രതിഷേധ പ്രകടനം നടത്തി. ഞങ്ങള്‍ വീട് വാടാന്തരം കയറി സ്ത്രീകളെയും മറ്റും സംഘടിപ്പിച്ചു. 18ന് രാവിലെ തന്നെ സ്ഥലത്തെത്തി. അപ്പോഴേക്കും സാമാന്യം ഭേദപ്പെട്ട നിലയില്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഞങ്ങള്‍ സ്ഥലത്ത് പ്രസംഗം നടത്തി. അന്ന് പോലീസ് മടങ്ങിപ്പോയി.
ഞങ്ങള്‍ പിറ്റേ ദിവസം കലക്ടറെ പോയി കണ്ടു. പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് ഞങ്ങള്‍ അപേക്ഷിച്ചു. അദ്ദേഹം വളരെ മോശമായാണ് ഞങ്ങളോട് പെരുമാറിയത്. മുക്കാല്‍ മണിക്കൂറോളം ഞങ്ങളെ നിര്‍ത്തി അദ്ദേഹം സംസാരിച്ചു. ഞങ്ങള്‍ ഇരിക്കാനും പോയില്ല. കസേരകള്‍ അലങ്കാരത്തിന് വേണ്ടി ഉണ്ടാക്കിവെച്ചതാണോയെന്ന കലക്ടറോട് അന്ന് ചോദിക്കുമായിരുന്നു. പക്ഷെ സാഹചര്യം വഷളാക്കേണ്ടെന്ന് കരുതി അതിന് മുതിര്‍ന്നില്ല. കലക്ടര്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ തവണ ഞങ്ങള്‍ മടങ്ങിപ്പോയത് നിങ്ങളെ പേടിച്ചിട്ടല്ലെന്നായിരുന്നു കലക്ടറുടെ ഭീഷണി. ഞാനാണ് ഭൂമിയുടെ കസ്റ്റേഡിയനെന്നും എ്ന്ത് ചെയ്യണമെന്ന് എനിക്ക അറിയാമെന്നും കലക്ടര്‍ പറഞ്ഞു.
ഇതിന് മുമ്പ് കലക്ടറുടെ നേതൃത്വത്തില്‍ പനങ്ങാട് പഞ്ചായത്തില്‍ റോഡ് പോകുന്ന സ്ഥലത്തുള്ള ആളുകളെന്ന പേരില്‍ കുറച്ച് പേരെ വിളിച്ചു ചേര്‍ത്ത് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. റോഡ് പോകുന്ന കുറച്ചാളുകളും ബാക്കി മുഴുവന്‍ സി പി ഐ എം പ്രവര്‍ത്തകരുമായിരുന്നു അതില്‍ പങ്കെടുത്തത്. അവിടെ നിന്നൊരു തീരുമാനമുണ്ടാക്കി ഭൂരിപക്ഷം പേരും റോഡിന് അനുകൂലമാണെന്ന് വരുത്താനായിരുന്നു പദ്ധതി. ഇക്കാര്യം ഞങ്ങളറിഞ്ഞു. റോഡ് പോകുന്ന സ്ഥലത്തെ മുഴുവന്‍ ആളുകളെയും അവിടെ എത്തിച്ചു. അവര്‍ കലക്ടറോട് തട്ടിക്കയറി. ബിരിയാണി തരാനല്ല നിങ്ങളെ ഇങ്ങോട്ട് വിളിച്ചതെന്നായിരുന്നു കലക്ടറുടെ മറുപടി. ഈ പരാമര്‍ശത്തിന് കലക്ടര്‍ക്ക് പരിപാടിയില്‍ വെച്ച് തന്നെ മാപ്പ് പറയേണ്ടി വരികയും ചെയ്തു.
ഇതോടെ ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ഞങ്ങള്‍ മനസിലാക്കി. ഞങ്ങള്‍ പണിയെടുത്ത് ആളുകളെ സംഘടിപ്പിച്ചു. സ്വന്തം ബന്ധുക്കളും കുട്ടികളുമാണ് സമരത്തിനിറങ്ങിയത്. അതുകൊണ്ട് തന്നെ ഇതിനൊരു വൈകാരിക തലമുണ്ടായിരുന്നു. രണ്ടാമതും സര്‍വ്വെ നടത്താന്‍ അവര്‍ പദ്ധതിയിട്ടു. മെയ് ആറിനായിരുന്നു അത്. കിനാലൂരിലേക്ക് രാവിലെ തന്നെ ബസ് വിളിച്ചു പോകാനായിരുന്നു ഞങ്ങളുടെ പദ്ധതി. പോലീസ് പിക്കറ്റിങ്ങ് ശക്തമായതിനാല്‍ ഞങ്ങളെ തടയുമെന്ന് മനസിലാക്കി സര്‍വ്വീസ് ബസുകളിലാണ് ഞങ്ങള്‍ കിനാലൂരിലേക്ക് പോയത്. രാവിലെ ഒമ്പതരയോടെ ഞങ്ങള്‍ സ്ഥലത്തെത്തി.
ഞങ്ങള്‍ റെഡിയായി നിന്നു. അപ്പോഴേക്കും 300ഓളം പോലീസ് സ്ഥലത്തെത്തി ഞങ്ങളെ നേരിടാനായി നിലയറപ്പിച്ചു. ഞങ്ങള്‍ പ്രകോപനപരമായ പ്രസംഗമാണ് സ്ഥലത്ത് നടത്തിയത്. ഒരു നന്ദിഗ്രാമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് നേരിടാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. പെട്ടെന്നാണ് പോലീസിന്റെ പിന്‍ഭാഗത്ത് നിന്ന് കല്ലേറുണ്ടായത്. പോലീസിന് ആക്ഷനെടുക്കാന്‍ ഒരു അവസരമുണ്ടാക്കുകയായിരുന്നു അവര്‍ ചെയ്തത്. കല്ലേറുണ്ടായതോടെ ഒരു മുന്നറിയിപ്പുമാല്ലാതെ പോലീസ് ആക്ഷന്‍ തുടങ്ങി. സ്ത്രീകളും കുട്ടികളുമുള്ള ഈ സമരത്തിന് നേരെ സര്‍ക്കാര്‍ ലാത്തി ചാര്‍ജും ഗ്രനേഡും പ്രയോഗിച്ചു. ഇതൊരിക്കലും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അല്ലെങ്കില്‍ സ്ത്രീകളെയും കുട്ടികളെയും ഞങ്ങള്‍ മുന്നില്‍ നിര്‍ത്തില്ലായിരുന്നു.
സമരത്തില്‍ നിങ്ങള്‍ പ്രയോഗിച്ച ചാണക വെള്ളം ഏറെ ചര്‍ച്ചയായിരുന്നു. ആസൂത്രിതമായി ചാണക വെള്ളം കലക്കിയൊഴിച്ച് പോലീസിനെ പ്രകോപിപ്പിക്കാനായിരുന്നു നിങ്ങളുടെ ശ്രമമെന്നാണ് എളമരവും മറ്റും പ്രസംഗിച്ചു നടന്നത്.
ചാണക വെള്ളം അങ്ങിനെ ഏറെ ചര്‍ച്ചയായിട്ടുണ്ട്. സര്‍വ്വെ ടീം മടങ്ങിപ്പോയാല് ചാണകം തളിച്ച് ശുദ്ധമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങളത് കൊണ്ട് വന്നത്. പിന്നീട് കിനീലൂര് സമരത്തിന്റെ ആയുധം ചാണക വെള്ളമായി ചിത്രീകരിക്കപ്പെട്ടു. ഗാന്ധിജിയുടെ സമരായുധം ചര്ക്കയായത് പോലെ. മറ്റൊന്നിന് കരുതി വെച്ചത് ഞങ്ങള്‍ക്ക് പോലീസിനെതിരെ പ്രയോഗിക്കേണ്ടി വന്നു എന്നതാണ് സത്യം. അത് മനുഷ്യ സ്വഭാവമാണ്. അന്ന് ലാത്തി കയ്യില്‍ കിട്ടുകയാണെങ്കില്‍ അത് കൊണ്ട് പോലീസിനെ അടിക്കുമായിരുന്നു. ഏറ്റവും നിഷ്ഠൂരമായ പോലീസിനെയാണ് അവിടെ കണ്ടത്. കല്ലേറുണ്ടാവുന്നതിന് മുമ്പ് സ്ഥലത്തെ ഒരു പ്രധാന മാര്‍ക്സിസ്റ്റ് പ്രവര്ത്തകന് പോലീസിനെ വന്ന് കണ്ട്, നിങ്ങള്‍ ഇടപെടുന്നോ അതോ ഞങ്ങള്‍ ഇടപെടണമോ എന്ന് ചോദിച്ചിരുന്നു. ഞങ്ങള്‍ കൈകാര്യം ചെയ്തോളാമെന്ന് പോലീസ് പറഞ്ഞു.
ആദ്യ തടയല്‍ സംഭവത്തില്‍ ഒരു സി പി ഐ എം അണിയും സ്ഥലത്തുണ്ടായിരുന്നില്ല. രണ്ടാം സംഭവത്തില്‍ അവര്‍ സംഘടിച്ചു വന്നു. പോലീസിനെ പിറകില്‍ നിന്ന് എറിഞ്ഞത് അവരാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. പോലീസിന് ഞങ്ങളുടെ മേല്‍ ചാടി വീഴാന്‍ അവസരമുണ്ടാവുകയും ചെയ്തു. പിന്നെ കണ്ടത് ക്രൂരമായ മര്‍ദനമാണ്. 60-70 ആളുകള്‍ക്ക് പരിക്ക് പറ്റി. പരിക്കേറ്റവര്‍ ആരെയും ആശുപത്രിയില്‍ കൊണ്ട് പോവാന്‍ അനുവദിച്ചില്ല. റോഡ് ബ്ലോക്ക് ചെയ്തു കളഞ്ഞു. പോലീസുമായെത്തി എല്ലാ വീടുകളിലും അവര്‍ കയറി ഭീഷണിപ്പെടുത്തി. ആശുപത്രിയില്‍ പോയാല്‍ കേസെടുക്കുമെന്ന് പറഞ്ഞു. അതോടെ പോലീസ് – സി പി ഐ എം- ഭൂമാഫിയകളുടെ കയ്യിലായി പ്രദേശത്തെ നിയന്ത്രണം. കോഴിക്കോട് ജില്ലാ സഹകര ബാങ്ക് പ്രസിഡന്റ് മെഹ്ബൂബിന്റെ നേതൃത്വത്തില്‍ സി പി ഐ എം ജില്ലാ നേതാക്കള്‍ സ്ഥലത്തെത്തി ജനങ്ങളെ വെല്ലുവിളിക്കാന്‍ തുടങ്ങി.
സമരക്കാര്‍ ചിന്നിച്ചിതറി. യുദ്ധമുഖത്തുണ്ടാവുന്ന പ്രതീതിയായിരുന്നു. എന്നാല്‍ ചില ചെറുപ്പക്കാര്‍ മാറി നിന്ന് പോലീസിനെതിരെ കല്ലെറിഞ്ഞു. അതിലാണ് പോലീസിന് പരിക്കേറ്റത്. ഇതൊന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല, അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ ഒരുങ്ങി വരുമായിരുന്നുവെന്നാണ് ഒരു ചെറുപ്പക്കാരന് പിന്നീട് എന്നോട് പറഞ്ഞത്. പോലീസിനെ കല്ലു കൊണ്ടാണ് ഞങ്ങള്‍ പ്രതിരോധിച്ചത്. അപ്പോഴേക്കും പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. തുടര്‍ന്ന് അളക്കാനുള്ള ശ്രമം തുടങ്ങി. അപ്പോഴാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാവുന്നത്. മുഖ്യമന്ത്രി ഇടപെട്ടില്ലായിരുേെന്നാങ്കില് ചിത്രം മറ്റൊന്നാകുമായിരുന്നു. ചിന്നിച്ചിതറിയവര്‍ ഒരുമിച്ച് കൂടും. പിന്നെ പോലീസ് വെടിവെപ്പുണ്ടാവുമായിരുന്നു. മുഖ്യമന്ത്രി ഇടപെട്ടില്ലായിരുന്നെങ്കില്‍ സമരക്കാര്‍ക്ക് നേരെ വെടിവെപ്പ് നടക്കുമായിരുന്നു. അച്ഛനും അമ്മയും പെങ്ങന്മാരും ചോരയൊലിച്ച് നില്ക്കുന്ന ദൃശ്യം സമരക്കാരെ പ്രകോപിപ്പിക്കും. അവര്‍ തിരിച്ചടിക്കും അത് വലിയ പ്രത്യാഘാതങ്ങള്ക്കിടയാക്കുമായിരുന്നു.
സംഘര്‍ഷം ടെലിവിഷനില്‍ കണ്ടാണ് വി എസ് ഇടപെട്ടത്. കേരളത്തിലെ ചില ആക്ടിവിസ്റ്റുകളും സുഹൃത്തുക്കളും അദ്ദേഹത്തിനെ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിക്കാണും. ഉടന്‍ അദ്ദേഹം കലക്ടറെ നേരിട്ട് ഫോണില്‍ വിളിച്ചു. അടിയന്തിരമായി പോലീസിനെ പിന്‍വലിക്കാനും സര്‍വ്വെ നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചു.
രാത്രി വന്ന് അടിയന്തിരാവസ്ഥ മോഡല്‍ തേര്‍വാഴ്ച നടത്താനായിരുന്നു അവരുടെ പദ്ധതി. ചില വീടുകളില്‍ കയറി നിര്‍ബന്ധിച്ച് ഒപ്പ് ശേഖരണം നടത്താനുള്ള നീക്കം തുടങ്ങി. ഉടന്‍ ഞങ്ങള്‍ ഇടപെട്ടു. ഞങ്ങളും ഉന്നതരെ ബന്ധപ്പെട്ടു. എ ഡി ജി പി ഇടപെട്ടാണ് ഈ ശ്രമം ഉപേക്ഷിക്കുന്നത്. രാത്രി സമയത്ത് പോലീസ് ജീപ്പ് കിനാലൂരില്‍ തലങ്ങും വിലങ്ങും പായുന്നത് ചില ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് പിന്നീട് ഈ ശ്രമം ഉപേക്ഷിച്ചത്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പിന്നീട് സമക്കാര്ക്കെതിരെയുള്ള കേസ് വി എസ് ഇടപെട്ട് മരവിപ്പിച്ചു.
നിര്‍ദ്ദിഷ്ഠ റോഡ് പരിസ്ഥിതി പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് നിങ്ങള്‍ പറഞ്ഞത്. കുറേ പേരുടെ വീടുകളും നഷ്ടപ്പെടും. സര്‍ക്കാര്‍ പറഞ്ഞ മാളിക്കടവ്-കിനാലൂര്‍ പാതക്ക് പകരം നിങ്ങള്‍ ഒരു ബദല്‍ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു.
നിര്‍ദ്ദിഷ്ഠ റോഡ് 26 കിലോ മീറ്ററാണ്. മാളിക്കടവ് മുതല്‍ കിനാലൂര്‍ വരെ. അതില്‍ 16 കിലോമീറ്റര്‍ പാട ശേഖരമാണ്. വയലും തോടുമടങ്ങിയ പ്രകൃതിയാണിത്. മഴക്കാലത്ത് രണ്ട് മീറ്റര്‍ ഉയരത്തില്‍ ഇവിടെ വെള്ളം ഉയരും. അപ്പോള്‍ ഏഴ് മീറ്ററോളം ഉയരത്തില്‍ മണ്ണിട്ട് നികത്തിയ ശേഷമേ ഇവിടെ റോഡ് നിര്‍മ്മിക്കാന്‍ കഴിയൂ. 100 മീറ്റര്‍ വീതിയില്‍ അവര്‍ സര്‍വ്വെ നടത്തും. റോഡ് 30 മീറ്ററായിരിക്കും. അതിനപ്പുറവും ഇപ്പുറവുമുള്ള സ്ഥലം ഞങ്ങള്‍ ഫ്രീസ് ചെയ്യുമെന്നാണ് വില്‍ബര്‍ സ്മിത്ത് കമ്പനി ഞ്ങ്ങളോട് പറഞ്ഞത്. ഇതിനൊന്നും രേഖയില്ല. കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. ഇതൊരു സമര്‍പ്പിത പാതയാണെന്നാണ് അവര്‍ പറഞ്ഞത്. നാട്ടുകാര്‍ക്ക് ഇതില്‍ പ്രവേശനമുണ്ടാവില്ല.
എന്‍ എച്ച് 212 വഴി ഇതിന് ബദലായി പാതയുണ്ട്. സമീപ ഭാവിയില്‍ ഇത് വീതി കൂ്ട്ടാന് പോവുകയാണ്. പുല്ലാഞ്ഞി മേട് എന്ന സ്ഥലത്ത് നിന്ന് ആറര കിലോ മീറ്റര്‍ ദൂരം റോഡ് വെട്ടിയാല്‍ കൃത്യം ഈ പ്രൊജക്ട് സൈറ്റിലെത്താനാവും. ആ സ്ഥലം മുഴുന്‍ എസ്റ്റേറ്റ് ഭൂമിയാണ്. 12 വീടുകള്‍ മാത്രമേ നഷ്ടമാകൂ. ഒന്നര ഏക്കര്‍ വയലേ ക്രോസ് ചെയ്യേണ്ടതുള്ളൂ. അതില്‍ തന്നെ ഒരു ഭാഗം ഇവര്‍ ഏറ്റെടുക്കുന്ന കിനാലൂര്‍ എസ്റ്റേറ്റിന്റെ ഭാഗമാണ്. എന്നാല്‍ അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അവര്‍ പറയുന്ന വഴിയിലൂടെ മാത്രമേ റോഡ് പോകാവൂവെന്നാണ് വാശി. ഈ റോഡ് പോകുന്ന ഭാഗത്തുള്ള കുന്നുകളെല്ലാം വിലക്കെടുത്ത് വെച്ചിരിക്കയാണ്. നിര്‍ദിഷ്ട റോഡ് ഫില്‍ ചെയ്യണമെങ്കില്‍ ഈ കുന്നുകള്‍ ഇടിച്ച് നിരത്തണം. ബദല്‍ റോഡിനെക്കുറിച്ച് പഠിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തില്ല, രണ്ട് യോഗത്തില്‍ ഞങ്ങള്‍ ഇതെക്കുറിച്ച് പറഞ്ഞപ്പോഴും അത് അജണ്ടയിലില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ജനങ്ങളുടെ ഒരു നിര്‍ദേശവും പരിഗണിക്കാതെ പോലീസിനെ കൊണ്ട് വന്ന് പദ്ധതി നടപ്പാക്കാനാണ് അവര്‍ തീരുമാനിച്ചത്.
കിനാലൂരിന്റെ ചുറ്റിലും 6000ത്തോളം ഭൂമി കൈമാറ്റമാണ് അടുത്ത കാലത്തായി നടന്നത്. റോഡ് വന്നാല്‍ അതിന് ചുറ്റുമുള്ള ഭൂമിക്ക് വില വര്‍ധിക്കും. അത് ഇവിടത്തെ ഭൂമാഫിയകള്‍ക്ക് അറിയാമായിരുന്നു. സാറ്റലൈറ്റ് സിറ്റി പദ്ധതി ഇല്ലാതായതോടെ പിന്നീട് ചെരുപ്പ് കമ്പനി വരുമെന്നാണ് പറയുന്നത്. എന്നാല്‍ ചെരുപ്പ് കമ്പനിക്കായി ഇതുവരെ യാതൊരു അപേക്ഷയും പനങ്ങാട് പഞ്ചായത്തിന് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
പിന്നെ മറ്റൊരു കാര്യം സമരത്തിലെ സോളിഡാരിറ്റിയുടെ ഇടപെടലാണ്. സോളിഡാരിറ്റി ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനയാണെന്നും സംഘടനയുടെ രാഷ്ട്രീയ ഇടപെടലിനുളള വഴിയൊരുക്കുകയാണ് സോളിഡാരിറ്റി നടത്തുന്നതെന്നുമാണ് ആരോപണം. കിനാലൂര്‍ സമരം സോളിഡാരിറ്റി സ്പോണ്സര് ചെയ്തതാണെന്ന് എളമരം പലയിടങ്ങളിലും വെച്ച് പറഞ്ഞിട്ടുണ്ട്. താങ്കള്‍ സോളിഡാരിറ്റി നേതാവാണെന്നും പറഞ്ഞു. യഥാര്‍ഥത്തില്‍ സമരത്തില്‍ സോളിഡാരിറ്റിയുടെ ലക്ഷ്യമെന്തായിരുന്നു?.
സി പി ഐ എം ചെയ്ത വലിയ വിഢ്ഢിത്തവും തെറ്റുമായിരുന്നു അത്. സമരത്തെ പാര്‍ശ്വവത്കരിക്കാനും തെറ്റിദ്ധരിപ്പിക്കാനും ഇത് സോളിഡാരിറ്റിയുടെ സമരമാണെന്ന് എളമരം പ്രഖ്യാപിക്കുകയായിരുന്നു. സോളിഡാരിറ്റിക്ക് സമരത്തില്‍ പങ്കുണ്ട്. പദ്ധതിയുടെ ഇരകളില്‍ അവരുമുണ്ട്. മോരിക്കര മൂന്നാല് കുടുംബങ്ങള്‍ സോളിഡാരിറ്റിയുടെതായുണ്ട്. ഇവരൊക്കെ ഞങ്ങളുടെ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്.
അടുത്ത കാലത്തായി സമരങ്ങള്‍ ഏറ്റെടുക്കുകയെന്ന നയം സോളിഡാരിറ്റിക്കുണ്ട്. അവരും ഇവിടെ പൊതു യോഗങ്ങള്‍ നടത്തി. കിനാലൂരില്‍ സോളിഡാരിറ്റി നടത്തിയ സെമിനാര്‍ സി പി ഐ എം കയ്യേറിയിരുന്നു. ആ പരിപാടിയില്‍ ഞങ്ങളൊന്നും പങ്കെടുത്തിരുന്നില്ല. പിന്നീട് വലിയൊരു പരിപാടി അവര്‍ നടത്തി. അതില്‍ ഞാനും സി ആര് നീലകണ്ഠനുമെല്ലാം പങ്കെടുത്തിരുന്നു. അതു പോലെ ബി ജെ പി ഒരു പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് ഒരു കണ്വെന്ഷന് നടത്തി. അപ്പോഴൊന്നും അവരുടെ സമരമാണെന്ന് എളമരം പറഞ്ഞിട്ടില്ല. ജനതാദളും മുസ്ലിം ലീഗും പ്രക്ഷോഭം നടത്തി. എന്നാല്‍ ഇവരെയൊന്നും പറയാതെ സോളിഡാരിറ്റിയെ മാത്രം പറയുകയാണ്് എളമരം ചെയ്തത്.
പിന്നെ ഞാന്‍ സോളിഡാറ്റി പ്രവര്‍ത്തകനാണെന്നാണ് പ്രചരിപ്പിച്ചത്. ഇവിടെ സോളിഡാരിറ്റിക്ക് എത്രത്തോളം സ്വാധീനമുണ്ട് എന്ന് ഇവിടത്തുകാര്‍ക്ക് അറിയാം. എനിക്ക് സോളിഡാരിറ്റിയുമായി യാതൊരു ബന്ധവുമില്ല. ഈ സമരത്തിലൂടെയാണ് ഞാന്‍ അവരുമായി ബന്ധപ്പെടുന്നത്. പിന്നെ ജനകീയ വേദിയിലെ ഏക മുസ്ലിം ഞാന്‍ മാത്രമാണ്. സോളിഡാരിറ്റി നേതാവാണ് ഞാനെന്നാണ് പറഞ്ഞത്. ബി ജെ പി യോഗത്തില്‍ ഞാന്‍ പങ്കെടുത്തതോടെ ബി ജെ പിയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പ്രചരിപ്പിച്ചു. പരമ്പരാഗതമായി കോണ്‍ഗ്രസ് കുടുംബമാണ് ഞങ്ങളുടെത്. എന്റെ പിതാവ് കോണ്‍ഗ്രസ്-പൊതു പ്രവര്‍ത്തകനായിരുന്നു. കിനാലൂര്‍ സമരത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് കരീം പി്ന്നീട് പ്രചരിപ്പിച്ചത്. കരീം കണക്കുകൂട്ടിയത് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ ഞങ്ങളെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു. മറ്റൊരാളായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ അത് നടക്കുമായിരുന്നു.
ഒരേസമയം മതവും ജാതിയുമില്ലാത്ത മാവോവാദികളുടെയും വര്‍ഗീയ പിന്തിരിപ്പന്മാരുടെയും ആളുകളായി ഞങ്ങളെ ചിത്രീകരിക്കുകയാണ് ചെയ്തത്. ആടിനെ പട്ടിയാക്കുക, പേപ്പട്ടിയാക്കുക, പിന്നെ തല്ലിക്കൊല്ലുക എന്നതായിരുന്നു നയം. എന്നെ അറിയാത്ത സ്ഥലത്ത് പോയി ഞാന്‍ സോളിഡാരിറ്റി പ്രവര്‍ത്തകനാണെന്ന് പ്രചരിപ്പിക്കുകയാണ് ചെയ്തതത്.
തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന ലക്ഷ്യത്തോടെ സോളിഡാരിറ്റി സമരത്തില്‍ മുതലെടുപ്പ് നടത്തിയെന്ന് ഇപ്പോള്‍ ആക്ഷേപമുണ്ട്. സോളിഡാരിറ്റി കിനാലൂര്‍ സമരത്തിന് ഒരു ബാധ്യതയായിരുന്നോ?.
അങ്ങിനെ ബാധ്യതയായി മാറിയിട്ടൊന്നുമില്ല. സമരത്തെ അവര്‍ മുതലെടുത്തിട്ടുണ്ടാകും. സമരത്തെ എല്ലാവരും മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. സോളിഡാരിറ്റി ഇത് ഉപയോഗപ്പെടുത്തും. സോളിഡാരിറ്റി ഇപ്പോള്‍ ഒരു ഇടം കണ്ടെത്തിയിരിക്കയാണ്. ഒഴിഞ്ഞു കിടക്കുന്ന ഒരു തെരുവിലേക്കാണ് സോളിഡാരിറ്റി വരുന്നത്. ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത് നടത്തിയിരുന്നത് മുമ്പ് ഡി വൈ എഫ് ഐ ആയിരുന്നല്ലോ. ഇപ്പോള്‍ അവര്‍ മാറി നിന്നപ്പോള്‍ ഇവര്‍ ഏറ്റെടുത്ത് ഉപയോഗിക്കുകയാണ്. ഇതു കൊണ്ട് സോളിഡാരിറ്റിക്ക് അംഗീകാരം കിട്ടുകയാണ് ചെയ്തതത്. സോളിഡാരിറ്റി ഒരു ചെറിയ യോഗം സംഘടിപ്പിച്ചു. ഒരു കവലപ്രസംഗമായിരുന്നു. അതിനെ സി പി ഐ എം അടിച്ചപ്പോള്‍ അവര്‍ക്ക് വലിയ യോഗം നടത്താനായി. രണ്ടാമത്തെ യോഗത്തിന് ഞങ്ങളുടെ എല്ലാ പ്രവര്‍ത്തകരും പോയി.
സോളിഡാരിറ്റിയുടെ പ്രകടനത്തിന് പിന്നില്‍ ജനജാഗ്രതാ സമിതിയുടെ ബാനര്‍ പിടിച്ച് ഹിന്ദു, മുസ്ലിം സുഹൃത്തുക്കള്‍ അഭിവാദ്യമര്‍പ്പിച്ചു. സോളിഡാരിറ്റിക്ക് വളരാനുള്ള മണ്ണൊരുക്കിക്കൊടുക്കയാണ് സി പി ഐ എം ചെയ്തത്. കിനാലൂര്‍ സമരത്തിന്റെ പിതൃത്വം സോളിഡാരിറ്റിക്ക് നല്‍കിയതാണ് സി പി ഐ എമ്മും കരീമും ചെയ്ത ഏറ്റവും വലിയ തെറ്റ്. ഇനി ഈ പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചാല്‍ ഞങ്ങള്‍ കൊണ്ട് വന്ന സമരം വിജയിച്ചുവെന്ന് സോളിഡാരിറ്റിക്കാരന് മൈക്ക് കെട്ടിപ്പറയും. അപ്പോള്‍ സി പി ഐ എമ്മിന് ഒന്നും പറയാനുണ്ടാവില്ല. പക്ഷെ ഞങ്ങള്‍ക്ക് പറയാം. ഞങ്ങള്‍ പറയും ഇത് ജനകീയ സമരമായിരുന്നെന്ന്. സോളിഡാരിറ്റിക്ക് അങ്ങിനെ പറയാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തുവെന്നതാണ് ഈ സമരത്തിന്റെ ഏക നെഗറ്റീവ് ആസ്പെക്ട്.
എസ് ഡി പി ഐക്കാര്‍ സമത്തില് പങ്കെടുക്കട്ടേയെന്ന് അനൗദ്യോഗികമായി ഞങ്ങളോട് ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ഐക്യമുന്നണി മതിയെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. സോളിഡാരിറ്റിയെ ഞങ്ങള്‍ പിന്തുണക്കുകയായിരുന്നില്ല, അവര്‍ സമരത്തെ പിന്തുണക്കുകയായിരുന്നു. ബി ജെ പി നേതാക്കളാണ് സോളിഡാരിറ്റി വേദിയില്‍ പോയി ഉജ്ജ്വലമായി പ്രസംഗിച്ചത്. സോളിഡാരിറ്റിക്ക് ഇതുകൊണ്ടൊരു മൈലേജുണ്ടാക്കിക്കൊടുത്തു സി പി ഐ എം. സോളിഡാരിറ്റിയുടെ ഒരു ശിശുവാണ് ഇതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്ക് പരസ്പരം അറിയാവുന്നത് കൊണ്ട് ഇവിടെ അങ്കലാപ്പുണ്ടാക്കാന്‍ അവര്ക്ക്് കഴിഞ്ഞിട്ടില്ല.
സമരത്തില്‍ പര്‍ദയണിഞ്ഞ സ്ത്രീകളെ സോളിഡാരിറ്റി അണി നിരത്തിയെന്ന ആക്ഷേപമുണ്ടായിരുന്നു.
അത് ഇവിടത്തെ പോപ്പുലേഷന്റെ പ്രശ്നമാണ്. 70-30 ശതമാനമാണ് ഇവിടത്തെ പോപ്പുലേഷന്‍. കിനാലൂര്‍ ഭാഗത്ത് കൂടതല്‍ മുസ്ലിംകളാണ് ഉള്ളത്. അതുകൊണ്ടാണ് പര്‍ദയണിഞ്ഞ സ്ത്രീകള്‍ മുന്നിലെത്തിയത്. രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ അവര്‍ കോണ്‍ഗ്രസ്, ലീഗ് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.
പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിഥിയെന്താണ്?. വികസനം ആര്‍ക്ക് വേണ്ടിയെന്ന ചോദ്യം കേരളീയരും ചോദിക്കുന്നുണ്ട്.
കിനാലൂരില്‍ പദ്ധതി നടപ്പാക്കാനുള്ള സമയം ഇനി ഈ സര്‍ക്കാറിനില്ല. കിനാലൂര്‍ ഒരു സാമ്രാജ്യത്വ പദ്ധതിയാണ്. മലേഷ്യന്‍ സിറ്റിയൊന്നൊക്കെ പറയുകയല്ലാതെ രാഷ്ട്രീയക്കാരുടെ ബിനാമി നിക്ഷേമാണിത്. മലേഷ്യന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള പദ്ധതിയൊന്നുമല്ല അത്. അവിടത്തെ ഒരു പ്രമോട്ടേഴ്സാണ് അവര്‍. മലേഷ്യയിലെ ഏറ്റവും നല്ല കണ്‍സ്ട്രക്ഷന്‍ കമ്പനിയും കണ്‍സള്‍ട്ടന്‍സിയുമാണ് അവര്‍ ഉത്സവപ്പറമ്പില്‍ വളക്കച്ചവടക്കാരന് സ്ഥലം അളന്ന് കൊടുക്കുന്ന പണിയാണിവര് നടത്തുന്നത്.
ഇപ്പോള്‍ കിന്‍ഫ്ര തന്നെ ചെയ്യുന്നതെന്താണ്. ഭൂമി ഏറ്റെടുക്കുക, പിന്നീടത് സ്വകാര്യകമ്പനികള്‍ക്ക് നല്‍കുക എന്നതാണ്. 15 ശതമാനത്തിലധികം പണം നല്കിയാല് ഭൂമി വില്ക്കാന് വരെ അവകാശം ലഭിക്കുമെന്നാണ് പുതിയ നയമെന്നാണ് അറിയുന്നത്. ഇപ്പോള്‍ ഇരിണാവ് പദ്ധതി വിവാദത്തിലായിരിക്കയാണ്. ഇന്‍കല്‍ കമ്പനിയുടെ 76 ശതമാനവും സ്വകാര്യ മൂലധനാണ്. ഇവിടത്തെ വികസനമെന്നത് പാവപ്പെട്ടവന്റെ ഭൂമിയെടുത്ത് വന്‍കിടക്കാര്‍ക്ക് നല്‍കലാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. കിനാലൂര്‍ പ്രദേശത്ത് സമരം വീണ്ടും ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നു. കിനാലൂരില്‍ മാത്രമായിരിക്കില്ല, കേരളത്തില്‍ പലയിടത്തും അത് ചര്‍ച്ചയാകും. ഒരു സമര പാഠമെന്ന നിലയില്‍. തിരഞ്ഞെടുപ്പില്‍ സമരസമിതിയുടെ നിലപാടും ശ്രദ്ധേയമാകും.
ഞങ്ങള്‍ ഇത്തരം രാഷ്ട്രീയ നിലപാടിനോട് യോജിക്കുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ ഭരണ സംവിധാനത്തിനെതിരെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. അത് ഓരോരുത്തരുടെയും മനസിലുണ്ട്. ഈ ഭരണകൂടം തന്നെ വരികയാണെങ്കില്‍ ഇതിലും ശക്തമായ ആയുധവുമായി പദ്ധതി നടപ്പാക്കാന്‍ വരും. അപ്പോള്‍ നമ്മുടെ താല്പര്യം സംരക്ഷിക്കണമെങ്കില്‍ അവരെ മാറണം എന്ന ട്രെന്‍ഡുണ്ട്.
സോളിഡാരിറ്റിക്ക് ഇവിടെ മത്സരിക്കാനുള്ള സ്വാധീനമൊന്നുമില്ല. 12 ഓളം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മാത്രമാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം അവര്‍ വിളിച്ചു ചേര്‍ത്ത ഒരു യോഗത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. പക്ഷെ ഞാന്‍ പോയിട്ടില്ല.
സമരത്തില്‍ ഞങ്ങളെ ആര് സഹായിക്കുന്നുവോ അവരെ തിരിച്ച് സഹായിക്കുമെന്ന് ആദ്യമേ തീരുമാനമെടുത്തിരുന്നു. ഇടതുപക്ഷ ഏകോപന സമിതിക്കാന് ഇങ്ങോട്ടെത്തിയിട്ടില്ല. സമരമൊക്കെ കഴിഞ്ഞപ്പോള്‍ എല്ലാവരും വന്ന പോലെ അവര്‍ ഇവിടെ വന്ന് പോവുകയായിരുന്നു. ഒരു പരിപാടിക്കെന്നെ വിളിച്ചിരുന്നു അതിനെനിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. വളരെ കുറച്ച് ആളുകളാണ് അതില്‍ പങ്കെടുത്തത്.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പും വരുന്നു. അടുത്ത അഞ്ചു വര്‍ഷവും തങ്ങള്‍ക്ക് തന്നെ ഭരിക്കാനാകുമെന്ന് എല്‍ ഡി എഫിന് തന്നെ പ്രതീക്ഷയില്ല. സര്‍ക്കാര്‍ മാറുന്നതോടെ കിനാലൂരില്‍ ഇനി ജനവിരുദ്ധ പദ്ധതി നടപ്പാകില്ലെന്ന് പ്രത്യാശിക്കാം.
ദല്‍ഹി കേന്ദ്രീകരിച്ച ഒരു മൂലധന ശക്തിയാണ് പദ്ധതിക്ക് പിന്നിലെന്നാണ് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ അനുകൂല കാലാവസ്ഥയായി. അവരെ പിടിച്ചാല്‍ മതി, സി പി ഐ എം ഏതായാലും കൂടെയുണ്ട്. ആ സമയത്തും സി പി ഐ എം ഞങ്ങളെ പിന്തുണക്കുമെന്ന് കരുതുന്നില്ല. സി പി ഐ എം ഇതിലെ എക്കാലത്തെയും ഗുണഭോക്താക്കളാണ്. കാരണം പിണറായി വിജയന് നേരിട്ടെത്തി ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു പൊതുപരിപാടിയുമില്ലാതെ സി പി ഐ എം സെക്രട്ടറി ഉച്ചക്ക് രണ്ടര മണിക്ക് കാറില്‍ വിന്ന് ഇവിടെ കറങ്ങിപ്പോയത് എന്തിനാണ്. പാര്‍ട്ടിയെ അറിയിച്ചിട്ടില്ല, മറ്റൊരു പരിപാടിയില്ല, പിന്നെ വന്നത് ഭൂമി കാണാനാണ്. ഈ ഭൂമിയില്‍ അവര്‍ക്ക് താല്പര്യമുണ്ട്. പാര്‍ട്ടിക്ക് താല്പര്യമുണ്ട്.
സമരങ്ങളുടെ ചരിത്രത്തില്‍ കിനാലൂര്‍ അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു. കേരളത്തില്‍ അറിയപ്പെട്ടതും അറിയപ്പെടാത്തതുമായി ഇതുപോലെ ഒട്ടേറെ ജനകീയ സമരങ്ങള്‍ നടക്കുന്നുണ്ട്. പോലീസിനെ നേരിടാന്‍ മാത്രം ശേഷി ഇത്തരം സമരങ്ങള്‍ പലതും നേടിയിട്ടില്ല. സമരങ്ങളുടെ ഐക്യമുഖത്തെക്കുറിച്ച് ആലോചിക്കാന്‍ സമരമായിട്ടുണ്ടെന്ന് തോന്നുന്നു.
കേരളത്തിലെ വരാനിരിക്കുന്ന രാഷ്ട്രീയം ഇനി ഇത്തരം പോരാട്ട സംഘടനകളാണ്. പച്ചയായ മനുഷ്യന്മാര്, സാധാരണക്കാര്‍, അവരെ സഹായിക്കാന്‍ അവര്‍ തന്നെയുണ്ടാവുമെന്ന തിരിച്ചറിവ്. 100 ഓളം പോരാട്ട സംഘടനകളാണ് കേരളത്തിലുള്ളത്. ഞങ്ങള്‍ എറണാകുളത്തും തൃശൂരിലും യോഗം ചേര്‍ന്നിരുന്നു. അവിടെയൊക്കെ ഞങ്ങള്‍ പരസ്പരം ആശയ വിനിമയം ചെയ്തു. ഇനിയൊരു കിനാലൂരുണ്ടാവുകയാണെങ്കില് അതിന് പിന്നില്‍ കേരളമുണ്ടാകും. കേരളം മുഴുവന്‍ പ്രകടനങ്ങള്‍ നടക്കും. ഇത്തരം പോരാട്ട സംഘടനകള്‍ ലിങ്ക് ചെയ്യാന്‍ പോവുകയാണ്. സമരം നടക്കുന്ന സ്ഥലത്ത് എല്ലാവരുമുണ്ടാകും. പോരാടുന്നവരുടെ കൂട്ടായ്മയുണ്ടാകുന്നുണ്ട്. ഇപ്പോഴുള്ള പാര്‍ട്ടി ആധിപത്യം അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് ആധിപത്യുണ്ടാക്കാനാകണം.
ജപ്പാന് കുടിവെള്ള പദ്ധതിക്ക് റോഡ് കുഴിച്ചിട്ട് ഒരു രാഷ്ട്രീയക്കാരനും ഒന്നും മിണ്ടിയില്ല. കാരണം പദ്ധതിയുടെ സി ഇ ഒ എല്ലാ രാഷ്ട്രീയക്കാരെയും കണ്ടിട്ടുണ്ട്. അവര്‍ സമാധാനിപ്പിച്ചിരിക്കയാണ്. രാഷ്ട്രീയക്കാരെ കണ്ട് സമാധാനിപ്പിച്ചാല്‍ എന്തും നടക്കുമെന്ന സ്ഥിതി മാറി, ജനങ്ങളുടെ വിധി നിര്‍ണയിക്കാന്‍ അവര്‍ക്ക് അവസരമുണ്ടാകണം. അതൊരു പാര്‍ട്ടിയായോ സംഘടിത രൂപമായോ വളര്‍ത്താന്‍ കഴിയില്ല. എന്നാല്‍ ആ ബോധം ജനങ്ങളുടെ മനസിലുണ്ടാകും. അതിനെ അരാഷ്ട്രീയമെന്നൊക്കെ വിളിക്കാം. എന്നാല്‍ അരാഷ്ട്രീയത്തിന്റെ രാഷ്ട്രീയത്തിനാണ് കേരളം ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അവിടെ വര്‍ഗീയ സംഘടനകള്‍ക്ക് ഇടം കൊടുക്കാതെ ശ്രദ്ധിക്കുകയാണ് ചെയ്യാനുള്ളത്. രാഷ്്ട്രീയ പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്. കോണ്‍ഗ്രസില്‍ തന്നെ ഭൂമാഫിയയുമായി സഖ്യമുള്ളവര്‍ എത്രയോ പേരുണ്ട്. അവരുടെ പേര് ഇപ്പോള്‍ പറയാനാവില്ല.
വികസനത്തിന് വേണ്ടി വരുന്ന അക്വസിഷന്‍ നടപടികളാണ് പ്രശ്നം. ജനത്തെ തെരുവിലേക്ക് ഇറക്കുകയാണ് ചെയ്യുന്നത്. മന്ത്രി പാക്കേജ് പറഞ്ഞ് പോകുകയല്ലാതെ ഒരു കാര്യവുമില്ല. മന്ത്രിയുടെ പ്രഖ്യാപനം കടലാസില്‍ മാത്രമാണ്. നാമമാത്രമായ തുക മാത്രമാണ് ഇരകള്‍ക്ക് ലഭിക്കുന്നത്. റംസാന് കഴിഞ്ഞിട്ട് ഒരു വികസന സെമിനാര്‍ നടത്താന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ഇവിടത്തെ വികസനം വ്യാഖ്യാനിക്കപ്പെട്ടണം.
No comments:
Post a Comment