Tuesday, February 15, 2011

ഇസ്‌ലാമിക് ബാങ്കും കമ്യൂണിസ്റ്റ് മന്ത്രിസഭയും

അല്‍ബറക എന്ന പേരില്‍ ഒരു പലിശരഹിത നിക്ഷേപ സംരംഭം തുടങ്ങാനുള്ള കേരള സര്‍ക്കാറിന്റെ നീക്കം നിയമ നടപടികളടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ച് യാഥാര്‍ഥ്യമായിരിക്കുകയാണ്. ആഗോള സാമ്പത്തിക മാന്ദ്യം പരമ്പരാഗത ബാങ്കുകളെ പിടിച്ചുലക്കുകയും ദീര്‍ഘ പാരമ്പര്യമുള്ള പല ബാങ്കുകളെയും തകര്‍ക്കുകയും ചെയ്തപ്പോള്‍ ലോകത്തെങ്ങും ഇസ്‌ലാമിക് ബാങ്കുകള്‍ പിടിച്ചു നിന്നുവെന്ന് മാത്രമല്ല, മികച്ച മുന്നേറ്റങ്ങള്‍ കാഴ്ച വെക്കുകയും ചെയ്തുവെന്നത് സാമ്പത്തിക വിദഗ്ധരെ അമ്പരപ്പിച്ചിട്ടുണ്ട്. ശരീഅത്ത് അധിഷ്ഠിത ധനവിനിമയങ്ങള്‍ സാധ്യമാക്കുന്ന ഇസ്‌ലാമിക് ബാങ്കുകള്‍ മുസ്‌ലിംകള്‍ക്ക് മാത്രമുള്ള എന്തോ ഏര്‍പ്പാടാണെന്ന തെറ്റിദ്ധാരണ നമ്മുടെ നാട്ടിലുണ്ട്. അത്തരമൊരു ധാരണ പരത്തുന്നതില്‍ സംഘ്പരിവാര്‍ ശക്തികള്‍ ഓവര്‍ടൈം ജോലിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, യു.കെ, യു.എസ്, സിംഗപ്പൂര്‍ തുടങ്ങിയ മുസ്‌ലിമിതര രാജ്യങ്ങളിലാണ് ഇസ്‌ലാമിക് ബാങ്കുകള്‍ ഏറ്റവും ശക്തിയായി മുന്നേറുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സകലമാന (ഇസ്‌ലാമിക) മതചിഹ്നങ്ങളെയും പൊതുസമൂഹത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യാന്‍ ദൃഢപ്രതിജ്ഞയെടുത്ത ഫ്രഞ്ച് ഭരണകൂടം പോലും ഇസ്‌ലാമിക് ഫിനാന്‍സിനെ ആ ഇനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യത്യസ്തമായൊരു ധനകാര്യ മാനേജ്‌മെന്റ് കാഴ്ചവെക്കാനുള്ള ഇസ്‌ലാമിക് ഫിനാന്‍സിന്റെ ശേഷിയെ അവര്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
ഇസ്‌ലാമിക് ബാങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍ തന്നെ അതിനെ തകര്‍ക്കാന്‍ കേരളത്തില്‍ പലരും  ശ്രമിച്ചിരുന്നു. കേരളത്തിലുള്ളവര്‍ക്ക് വീര്യം പോരെന്ന് കരുതിയായിരിക്കണം, മുരത്ത  തീവ്ര ഹിന്ദുത്വവാദിയായ ഡോ. സുബ്രഹ്മണ്യം സ്വാമിയെത്തന്നെ ഇപ്പണിക്ക് ഇവിടെ ഇറക്കുമതി ചെയ്തത്. എന്നാല്‍, നിശ്ചയദാര്‍ഢ്യത്തോടെയും അവധാനതയോടെയും കാര്യങ്ങള്‍ മുന്നോട്ട് നീക്കിയ സംസ്ഥാന ഭരണകൂടം അതില്‍ സുപ്രധാനമായ ഒരു കടമ്പ കടന്നു കഴിഞ്ഞിരിക്കുന്നു. വ്യവസായ മന്ത്രി എളമരം കരീം, ധനമന്ത്രി ഡോ. തോമസ് ഐസക്, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് ഇകണോമിക്‌സിന്റെ തലവന്‍ എച്ച്. അബ്ദുറഖീബ് എന്നിവരുടെ ഈ വിഷയത്തിലെ ശ്രമങ്ങള്‍ തീര്‍ച്ചയായും അഭിനന്ദനീയമാണ്.
കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് സംഭവങ്ങള്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മാത്രം കേരളത്തില്‍ ധാരാളമായിരുന്നു. കുറ്റിപ്പുറം, കോലൊളമ്പ്, നാദാപുരം, മുക്കം തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന നിക്ഷേപത്തട്ടിപ്പ് സംഭവങ്ങള്‍ മാത്രം കോടിക്കണക്കിന് രൂപയുടേതായിരുന്നു. ഈ സംഭവങ്ങളിലെല്ലാം പണം നഷ്ടപ്പെട്ടവര്‍ പ്രവാസികളായ മലയാളികളായിരുന്നുവെന്ന് കാണാം. ഗള്‍ഫില്‍ പോയി അധ്വാനിച്ച് നേടുന്ന പണം ഉല്‍പാദനക്ഷമമായ മേഖലയില്‍ മുടക്കാന്‍ വേണ്ടി സന്നദ്ധരായ ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍, വിശ്വാസയോഗ്യവും പ്രവര്‍ത്തന ക്ഷമതയുമുള്ള നിക്ഷേപ സംരംഭങ്ങള്‍ ഇല്ലെന്നതാണ് വാസ്തവം. അങ്ങനെയാണ് ആരുടെയെങ്കിലും മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങി കോടിക്കണക്കിന് രൂപ വ്യാജ 'വ്യവസായി'കളെ വിശ്വാസപൂര്‍വം ഏല്‍പിക്കുകയും ഭീകരമായ തട്ടിപ്പിന് വിധേയമാവുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമായത്. കൈയില്‍ പണമുണ്ട്, എന്നാല്‍ പലിശാധിഷ്ഠിത ബാങ്കുകളിലോ നിക്ഷേപ സംരംഭങ്ങളിലോ നിക്ഷേപിക്കാന്‍ മതപരമായ തടസ്സവും നിലനില്‍ക്കുന്നു; ഈ അവസ്ഥയെയാണ് തട്ടിപ്പ് സംരംഭകര്‍ ചൂഷണം ചെയ്യുന്നത്. നിക്ഷേപിക്കാന്‍ തയാറായ പ്രവാസികളെ മുന്നില്‍ക്കണ്ടാണ് അല്‍ ബറക പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. വിശ്വാസ്യതയും മികച്ച സംരംഭക ശേഷിയും പ്രകടിപ്പിക്കുകയാണെങ്കില്‍ അല്‍ബറകക്ക് വന്‍കുതിപ്പ് നടത്താന്‍ കഴിയുമെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം. പണം കൈയിലുള്ളവര്‍ക്ക് മതം നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ മികച്ച നിക്ഷേപത്തിന് അവസരം ലഭിക്കുന്നുവെന്ന് മാത്രമല്ല; കേരളത്തിന്റെ അടിസ്ഥാന വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും പണം കണ്ടെത്താന്‍ കഴിയുന്നുവെന്നത് കൂടിയാണ് അല്‍ബറകയുടെ പ്രത്യേകത. ആ അര്‍ഥത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്റെ തൊപ്പിയിലെ ഒരു പൊന്‍തൂവലായി ഈ സംരംഭത്തെ കാണാന്‍ കഴിയും. ചൂഷണരഹിതമായ മഹത്തായൊരു സാമ്പത്തിക പ്രയോഗത്തിന്റെ പ്രയോഗവത്കരണത്തിലെ ചെറിയൊരു ചുവടായി ഇതിനെ തീര്‍ച്ചയായും കാണാന്‍ കഴിയും.
ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു വന്നുവെന്നതാണ് ഇതിനെ രാഷ്ട്രീയമായി ശ്രദ്ധേയമാക്കുന്നത്. സ്വന്തമായി ഒരു സാമ്പത്തിക ശാസ്ത്രം വെച്ചുപുലര്‍ത്തുന്ന കമ്യൂണിസ്റ്റുകള്‍ അവര്‍ പൊതുവെ അലര്‍ജിയോടെ മാത്രം കാണുന്ന ഇസ്‌ലാമിക ശരീഅത്ത് പ്രകാരമുള്ള ഒരു ധനകാര്യ സ്ഥാപനത്തിന് രൂപം നല്‍കുന്നത് ഒരു സൈദ്ധാന്തിക കൗതുകം തന്നെയാണ്. സൈദ്ധാന്തിക പിടിവാശി ഇക്കാര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷ ഭരണകൂടം കാണിച്ചില്ല എന്നതിന് അവരെ തീര്‍ച്ചയായും അഭിനന്ദിക്കണം.
മുസ്‌ലിംലീഗ് എന്ന ഒരു സംഘടന ദീര്‍ഘകാലം ഭരണപക്ഷത്തുണ്ടായിരുന്ന ഒരു സംസ്ഥാനത്താണ് കമ്യൂണിസ്റ്റുകള്‍ ഈ വിധം ഗോളടിച്ചതെന്നത് ഇതിലെ മറ്റൊരു രാഷ്ട്രീയ കൗതുകം. മുസ്‌ലിംലീഗ് ഭാഷാ പഠനത്തിന്റെയും മറ്റും പേരുപറഞ്ഞ് എല്‍.ഡി.എഫ് ഭരണത്തിനെതിരെ മുസ്‌ലിം രോഷം സൃഷ്ടിക്കാന്‍ എത്രമേല്‍ ശ്രമിച്ചാലും ഈ ഒരൊറ്റക്കാര്യം മതി, ലീഗ് വിമര്‍ശങ്ങളുടെ മുനയൊടിക്കാന്‍. 24 വര്‍ഷം ലീഗ് മന്ത്രിമാര്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടും വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് മലപ്പുറം ജില്ലയാണെന്ന വസ്തുത അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഈ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്ലസ്ടു ബാച്ചുകളും സീറ്റുകളും സ്‌കൂളുകളും വ്യാപകമായി അനുവദിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ ഒരുപടി നേരത്തേ മുന്നേറിയിരുന്നു. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ തുടങ്ങി തൊട്ടടുത്ത എല്ലാ ജില്ലകളിലും ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജുകള്‍ ഉള്ളപ്പോള്‍ മുസ്‌ലിംലീഗിന്റെ സ്വന്തം തട്ടകമായ മലപ്പുറത്ത് അങ്ങനെയൊന്ന് തുടങ്ങാന്‍ ഇക്കാലമത്രയായിട്ടും അവര്‍ക്കായിട്ടില്ല. എന്തിന്, പെരുന്നാളിന് രണ്ട് ദിവസത്തെ അവധിയെന്ന എം.എസ്.എഫുകാരുടെയും കെ.എസ്.ടി.യുക്കാരുടെയും ദീര്‍ഘകാലത്തെ ആവശ്യത്തെപ്പോലും പരിഗണിക്കാന്‍ ലീഗ് അധികാരത്തിലിരുന്നപ്പോള്‍ സാധിച്ചില്ല. ലോകത്തൊരിടത്തും സംസാരത്തിലില്ലാത്ത സംസ്‌കൃത ഭാഷക്ക് സര്‍വകലാശാല തുടങ്ങിയ ലീഗ് മന്ത്രിക്ക് പക്ഷേ, ലക്ഷക്കണക്കിന് മലയാളികള്‍ക്ക് അന്നം നല്‍കുന്ന അറബി ഭാഷക്ക് ഒരു യൂനിവേഴ്‌സിറ്റി തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിച്ചില്ല. മലപ്പുറത്തെ വിദ്യാഭ്യാസ വിവേചനത്തെക്കുറിച്ച ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വന്ന ഈ സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളെക്കറിച്ച് മലബാറിലെ പുതിയ തലമുറ ഇപ്പോള്‍ ഗൗരവത്തില്‍ ആലോചിക്കുന്നുണ്ട്.
അങ്ങനെ ഒരു തിരിച്ചറിവിലേക്ക് മുസ്‌ലിംകള്‍ നീങ്ങുമ്പോള്‍ പഴയ കാര്യങ്ങള്‍ ആവര്‍ത്തിക്കുക എന്നത് മാത്രമായി ലീഗിന് പോംവഴി. മലപ്പുറം ജില്ലാ രൂപവത്കരണം, കലിക്കറ്റ് യൂനിവേഴ്‌സിറ്റി, സംവരണം, അറബി അധ്യാപകരെ സ്ഥിരപ്പെടുത്തിയത്, ആരാധനാലയ സ്ഥാപന സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചത് തുടങ്ങിയ തങ്ങള്‍ മുമ്പ് ചെയ്ത കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് ലീഗ് ഇപ്പോള്‍. പക്ഷേ, എണ്ണം പറഞ്ഞ ഈ നേട്ടങ്ങള്‍ എല്ലാം നേടിയത്, ലീഗ് സി.പി.എമ്മുമായി സഖ്യത്തിലായിരിക്കുമ്പോഴാണ് എന്ന കാര്യം സി.പി.എം പ്രചാരണയാധുമാക്കുന്നു. സവര്‍ണ സംഘടനകളുടെ അമ്മിക്കടിയില്‍ വാലുവെച്ച കോണ്‍ഗ്രസ്, മുസ്‌ലിം സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങളെ എന്നും അവഗണിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂവെന്ന തിക്ത സത്യമാണ് ഇതിലൂടെ വെളിച്ചത്ത് വരുന്നത്. ഈ സവര്‍ണ ആധിപത്യത്തെ ചോദ്യം ചെയ്ത് അവകാശങ്ങള്‍ നേടിയെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ലീഗിനുണ്ടായില്ല. അതിനുമപ്പുറം, നേതാക്കളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ മുഖ്യലക്ഷ്യമാക്കിയത് കാരണമാണ് ഈ ഇച്ഛാശക്തി നഷ്ടപ്പെട്ടത് എന്നതും ഇന്ന് നാം തിരിച്ചറിയുന്നു.
അലീഗഢ് യൂനിവേഴ്‌സിറ്റി കാമ്പസ്, ഇസ്‌ലാമിക് ബാങ്ക്, മലബാറിലെ വിദ്യാഭ്യാസ വിവേചനം ഇല്ലാതാക്കാന്‍ നടത്തിയ നടപടികള്‍ എന്നിവ മുന്നില്‍ വെച്ച് മുസ്‌ലിം സമുദായവുമായി സംസാരിക്കാന്‍ ഇടതുപക്ഷത്തിന് ഇന്ന് കഴിയുന്നു. സംസ്ഥാന നേതാക്കള്‍ മന്ത്രിമാരെപ്പോലെയും പ്രാദേശിക നേതാക്കള്‍ മന്ത്രിമാരുടെ പെഴ്‌സനല്‍ സെക്രട്ടറിമാരെപ്പോലെയും പെരുമാറുന്ന ഒരു പ്രത്യേകതരം യുഫോറിയ പിടിപെട്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി മുസ്‌ലിം ലീഗ്. പൊടുന്നനെ പൊട്ടിവീണ ഐസ്‌ക്രീം ബോംബും തുടര്‍ന്നുയര്‍ന്നുവന്ന തമ്മിലടിയും കാര്യങ്ങളുടെ ഗതിമാറ്റി. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ ക്ഷേമ നടപടികള്‍ മുന്നില്‍വെച്ച് ഇടതുപക്ഷം ഒരു കാമ്പയിന് ഇറങ്ങുമ്പോള്‍ ലീഗ് ഒന്നുകൂടി വിയര്‍ക്കേണ്ടി വരും.
പിന്‍കുറി: ലീഗിന്റെ തുടക്ക കാലത്താണ് കെ.എം. സീതി സാഹിബും സംഘവും കൊച്ചി കേന്ദ്രീകരിച്ച് ഹീലത്തുര്‍രിബാ ബാങ്ക് എന്നൊരു സംരംഭം തുടങ്ങിയത്. പേരുതന്നെ കാണിക്കുന്നതുപോലെ പലിശമുക്തമായ ബാങ്കിങ് ആയിരുന്നില്ല, കുതന്ത്രങ്ങളിലൂടെ പലിശാധിഷ്ഠിത ബാങ്ക് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍, ഇസ്‌ലാമിക ന്യായശാസ്ത്രത്തിന്റെ പക്ഷത്തു നിന്ന് അതിനെ നഖശിഖാന്തം എതിര്‍ത്ത് തോല്‍പിച്ചത് കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബായിരുന്നു. കേരളത്തില്‍ ഔദ്യോഗികമായി ഒരു പലിശരഹിത സാമ്പത്തിക സംരംഭം തുടങ്ങാനിരിക്കെ, ഈ ചരിത്രം രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് കൗതുകകരമായ ഒന്നായിരിക്കും

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...