Monday, February 28, 2011

ആരാണ് തങ്ങന്മാരെ അപമാനിക്കുന്നത്? -സി. ദാവൂദ്

നേതാക്കന്മാരുടെ സ്വയംകൃതാനര്‍ഥങ്ങളുടെ ഫലമായി മുസ്‌ലിംലീഗ് ഇന്ന് നേരിടുന്ന കടുത്ത പ്രതിസന്ധിയെ മറികടക്കാന്‍ ആ സംഘടന നടത്തുന്ന ശ്രമങ്ങള്‍ ദിനംദിനേ വിരൂപഹാസ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. പാണക്കാട് തങ്ങന്മാരെ ആരൊക്കെയോ അപമാനിച്ചുവെന്നും അങ്ങനെ അപമാനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞ് വികാരം ഇളക്കിവിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പാണക്കാട്കുടുംബം തങ്ങള്‍ (സയ്യിദ്) കുടുംബമാണ്. സയ്യിദുകള്‍ പ്രവാചകപരമ്പരയില്‍ പെടുന്നവരാണ് എന്ന വിശ്വാസം മുതലാക്കിയാണ് ലീഗ് എപ്പോഴും രാഷ്ട്രീയലാഭം കൊയ്യാറുള്ളത്. ലീഗിനെതിരെ രാഷ്ട്രീയവിമര്‍ശങ്ങളും ആരോപണങ്ങളും ഉയരുമ്പോള്‍, ങ്‌ഹേ, സയ്യിദന്മാരെ വിമര്‍ശിക്കുകയോ എന്ന മട്ടില്‍ പ്രചാരണം സൃഷ്ടിച്ച് അണികളെ കൂടെ നിര്‍ത്താന്‍ അത് എപ്പോഴും ശ്രമിച്ചിട്ടുണ്ട്. പുതിയ പ്രതിസന്ധിയുടെ ഘട്ടത്തിലും സമാനമായ നമ്പറുകള്‍ ഇറക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ അദ്ദേഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ഭാര്യാ സഹോദരീ ഭര്‍ത്താവ് ചില കാര്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍, പാണക്കാട് തങ്ങന്മാരെ അപമാനിക്കാന്‍ അനുവദിക്കില്ല എന്ന പ്രസ്താവന മതസംഘടനകളെക്കൊണ്ട് ഇറക്കിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. തങ്ങന്മാരിലോ തങ്ങന്മാരുടെ ചികിത്സയിലോ അവരുടെ മഹത്വത്തിലോ ഒട്ടുമേ വിശ്വാസവും താല്‍പര്യവുമില്ലാത്ത മുജാഹിദ്ഗ്രൂപ്പുകളും ഈ പ്രസ്താവനയില്‍ ഒപ്പുവെച്ചുവെന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ. രാഷ്ട്രീയമായ ഒരാവശ്യത്തിന് തൗഹീദ് വിട്ടു കളിക്കുന്നതില്‍ അവര്‍ക്ക് ഒരു മനഃപ്രയാസവും തോന്നിയില്ല.

പ്രവാചകനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മുസ്‌ലിംസമൂഹം കാണിക്കുന്ന അനുരാഗം സുവിദിതമാണ്. മുസ്‌ലിം സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണത്. സയ്യിദന്മാര്‍ എന്ന തങ്ങന്മാര്‍ പ്രവാചക കുടുംബത്തിന്റെ തുടര്‍ച്ചയാണെങ്കില്‍ അവരോടുള്ള ആദരം തീര്‍ച്ചയായും മനസ്സിലാക്കപ്പെടുന്നതാണ്. എന്നാല്‍, സയ്യിദന്മാരോടുള്ള സ്‌നേഹവും ആദരവും അവര്‍ മുസ്‌ലിം ലീഗിനോടൊപ്പം നില്‍ക്കുമ്പോള്‍ മാത്രമേ പാടുള്ളൂ എന്നതാണ് ലീഗ് നിലപാട്. സയ്യിദന്മാരോടല്ല; ലീഗ് സയ്യിദന്മാരോട് മാത്രമാണ് അവരുടെ കമ്പം എന്നതിന് ചരിത്രവും സമകാലിക അനുഭവങ്ങളും സാക്ഷിയാണ്.

സ്വാമി അസിമാനന്ദയുടെയും സഹ ആര്‍.എസ്.എസ് ഭീകരന്മാരുടെയും നേതൃത്വത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണ പരമ്പരകള്‍ സൃഷ്ടിക്കപ്പെടുകയും നിരപരാധികളായ നൂറുകണക്കിന് മനുഷ്യര്‍ പച്ചക്ക് വെന്തുചാമ്പലാവുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അതെല്ലാം സയ്യിദ് മൗദൂദി എന്നയാളുടെ പുസ്തകം വായിച്ച് അദ്ദേഹത്തിന്റെ ആളുകള്‍ ചെയ്യുന്നതാണ് എന്നായിരുന്നു ലീഗ് കേരളത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ഇന്ത്യയിലെ ഉത്തരവാദപ്പെട്ട ന്യൂനപക്ഷ രാഷ്ട്രീയപ്രസ്ഥാനം എന്ന നിലക്ക് ഭീകരതയുടെ യഥാര്‍ഥ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനുള്ള ബാധ്യത ലീഗിനുണ്ടായിരുന്നു. അതിനുള്ള ധീരത അവര്‍ക്ക് എന്നേ നഷ്ടപ്പെട്ടതുകൊണ്ട് നാമത് ആഗ്രഹിക്കുന്നതില്‍ അര്‍ഥമില്ല. അവര്‍ അത് ചെയ്തില്ല എന്ന് മാത്രമല്ല, സയ്യിദ് വംശത്തില്‍പെട്ട ലോക പ്രശസ്തനായ ഒരു പണ്ഡിതന്റെ പേരില്‍ ഈ ഭീകരാക്രമണങ്ങളുടെയെല്ലാം പാപഭാരം കെട്ടിയേല്‍പിക്കുന്ന നെറികെട്ട പ്രചാരണം നടത്തുകയായിരുന്നു അവര്‍. എവിടെ സത്യസന്ധത? എവിടെ സയ്യിദന്മാരോടുള്ള ആദരവ്?

എം.കെ മുനീറിനെതിരായ കേസുകള്‍ ലീഗുകാര്‍ പിരിവെടുത്ത് നേരിടുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ഈയിടെ എവിടെയോ പ്രസംഗിച്ചതായി പത്രത്തില്‍ വായിച്ചു. നല്ല കാര്യം തന്നെ. പക്ഷേ, മുനീറിനെതിരായ കേസുകളില്‍ പ്രധാനപ്പെട്ട ഒരു കേസ്, ലീഗിന്റെ സംസ്ഥാന അധ്യക്ഷനും പാണക്കാട് സയ്യിദ് കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരുമായ ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ സയ്യിദ് ഹസീബ് സഖാഫ് കൊടുത്ത വണ്ടിച്ചെക്ക് കേസ് ആണെന്ന കാര്യം ബഷീര്‍ മറന്നു പോയോ? തങ്ങള്‍ കുടുംബത്തിലെ ഒരംഗത്തെ വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ച ഒരാള്‍ ലീഗ് നേതൃത്വത്തില്‍ ഇരിക്കുന്നതിനെക്കുറിച്ച് തങ്ങള്‍സംരക്ഷണ പ്രസ്താവനയിറക്കിയവര്‍ എന്താണ് പറയുക? ഇത്രയും മോശമായി തങ്ങള്‍ കുടുംബത്തോട് ലീഗിനു പുറത്തുള്ള ആരെങ്കിലും പെരുമാറിയിട്ടുണ്ടോ? മുനീറിന്റെ പ്രവൃത്തി തങ്ങള്‍ കുടുംബത്തെ അപമാനിക്കുന്ന ഗണത്തില്‍ പെടില്ലേ? അങ്ങനെയൊരാളുടെ കേസ് എങ്ങനെയാണ് ലീഗുകാര്‍ പിരിവെടുത്ത് പ്രതിരോധിക്കുക?

'തലശ്ശേരി ചെറിയ മമ്മുക്കേയിയുടെ നഗരമാണ്. നഗരത്തിന് മുകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു മേലാപ്പുപോലെ വീണുകിടന്നു. മഹാനായ ഈ ലീഗ് നേതാവിന് സീതിസാഹിബിന്റെ ബുദ്ധിയും ചെറിയ പഠിപ്പുമാണെന്ന് നാട്ടുകാര്‍ പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം അസാമാന്യമായ പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് പ്രകടിപ്പിച്ചു. രാജാജിയെപ്പോലെ അസാധാരണമായ ഒരു വ്യക്തിത്വമായിരുന്നു അത്'-ലീഗ് നേതാവായിരുന്ന സി.കെ.പി ചെറിയ മമ്മുക്കേയിയെക്കുറിച്ച് ഇടതുപക്ഷ സൈദ്ധാന്തികനായ എം.എന്‍ വിജയന്‍ മാഷ് എഴുതിയതാണിത്. ഈ മഹാനായ മനുഷ്യനെ, ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ കൂടി പങ്കാളിയായ മന്ത്രിസഭ കേരളം ഭരിക്കുന്ന നാളില്‍ അറസ്റ്റ് ചെയ്തു; ഒപ്പം സയ്യിദ് ഉമര്‍ ബാഫഖി തങ്ങളെയും. ചെറിയ മമ്മുക്കേയി എന്ന കൂലീനനെയും സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ അനന്തരവനായ ഉമര്‍ ബാഫഖി തങ്ങളെയും ജയിലിലടച്ച് സുഖഭരണം നടത്തുമ്പോള്‍ ലീഗ്‌നേതാക്കള്‍ നാട്ടില്‍ പ്രസംഗിച്ചു നടന്നു: 'ഞങ്ങള്‍ സെക്രട്ടേറിയറ്റിലിരുന്ന് നാട് ഭരിക്കുമ്പോള്‍ വിമതന്മാര്‍ സെന്‍ട്രല്‍ജയിലിലിരുന്ന് ഗോതമ്പ്കഞ്ഞി കുടിക്കുകയാണ്'. 18 മാസത്തെ ക്ലേശപൂര്‍ണമായ തടവറജീവിതത്തിന് ശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ പരോള്‍ ലഭിച്ച മമ്മുക്കേയി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ടു. അവിടെ അദ്ദേഹത്തെ കാണാന്‍ വന്ന ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്‍ മമ്മുക്കേയിയുടെ കരം ഗ്രഹിച്ച് ഇങ്ങനെ പറഞ്ഞു: 'എന്നെ വിശ്വസിക്കുക. ഈ തടവിന് ഞാനുത്തരവാദിയല്ല. താങ്കളുടെ പഴയ സഹപ്രവര്‍ത്തകരുടെ നിരന്തര നിര്‍ബന്ധം കൊണ്ടാണ് ഞാനിത് സമ്മതിച്ചത്'. ഓര്‍ക്കുക; മമ്മുക്കേയിയെയും കേരളത്തിലെ അന്നത്തെ ഏറ്റവും പ്രഗല്ഭമായ സയ്യിദ് കുടുംബത്തിലെ അംഗമായ ഉമര്‍ ബാഫഖി തങ്ങളെയും തടവിലിടാന്‍ കെ.കരുണാകരനെപ്പോലും സമ്മര്‍ദത്തിലാക്കിയ ചരിത്രം ആരുടേതാണ്? തങ്ങള്‍നിന്ദയുടെ പാരമ്പര്യം ആര്‍ക്കാണെന്ന കാര്യം ആര് മറന്നാലും ഇ.ടി മുഹമ്മദ് ബഷീര്‍ മറക്കാന്‍ പാടില്ല.

മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയപ്രസ്ഥാനമാണ്. രാഷ്ട്രീയകാര്യങ്ങളെ രാഷ്ട്രീയമായി കാണാന്‍ അതിന് കഴിയണം. രാഷ്ട്രീയപ്രതിസന്ധികളില്‍ പെടുമ്പോള്‍ മതവികാരവും തങ്ങള്‍ വികാരവും ഇളക്കിവിട്ട് വിശ്വാസികളെ പറ്റിച്ച് രക്ഷപ്പെടാമെന്ന് ലീഗ് വിചാരിക്കരുത്. അങ്ങനെ ശ്രമിക്കുമ്പോള്‍ ചരിത്രം തിരിഞ്ഞുകൊത്തും. ശിഹാബ് തങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന് അദ്ദേഹത്തിന്റെ പഴയ ആത്മമിത്രം പറയുമ്പോള്‍ അത് തങ്ങള്‍നിന്ദയല്ല. വേറെയാളുകള്‍ തങ്ങള്‍നിന്ദ നടത്തിയതിനെക്കുറിച്ചുള്ള സൂചനയാണ്. അത് കണ്ടെത്തുകയും നടപടിയെടുക്കുകയുമാണ് യഥാര്‍ഥ തങ്ങള്‍സ്‌നേഹികള്‍ ചെയ്യേണ്ടത്. അല്ലാതെ വൈകാരിക ബഹളങ്ങള്‍ സൃഷ്ടിക്കുകയല്ല. കാരണം, അതിനി പണ്ടേ പോലെ ഫലിക്കില്ല. മുസ്‌ലിംലോകത്ത് വിഗ്രഹങ്ങള്‍ വീണുടയുന്ന കാലമാണിത്. നമ്മുടെ നാട്ടില്‍ മാത്രം അത് ആവര്‍ത്തിക്കില്ലെന്ന് സമാധാനിക്കുന്നത് യുക്തിസഹമല്ലല്ലോ.

സുപ്രീം കോടതിക്കു പോലും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളെയും തര്‍ക്കങ്ങളെയും രമ്യതയില്‍ പരിഹരിക്കുന്ന ആത്മീയ കോടതിയാണ് പാണക്കാട് തറവാട് എന്നാണ് ലീഗുകാര്‍ അഭിമാനം പറയാറുള്ളത്. അങ്ങനെയൊന്നുണ്ടെങ്കില്‍ നല്ല കാര്യം തന്നെ. അതേസമയം, പാര്‍ട്ടിക്കാരായ രണ്ട് സഹോദരീ ഭര്‍ത്താക്കന്മാര്‍ക്കിടയിലെ-കുഞ്ഞാലിക്കുട്ടിക്കും റഊഫിനുമിടയിലെ- പങ്ക്‌വെപ്പ് തര്‍ക്കം അവിടെ വെച്ച് മേല്‍പ്പറഞ്ഞ രീതിയില്‍ പറഞ്ഞുതീര്‍ത്തിരുന്നെങ്കില്‍ ലീഗ് ഇന്ന് അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധിയില്‍ നിന്നുതന്നെ അത് രക്ഷപ്പെട്ടേനെ. എന്തു തോന്നുന്നു???

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...