Tuesday, February 15, 2011

ഇത് ഈജിപ്തിന്റെ സ്വന്തം ചരിത്രം

ഇത് ഈജിപ്തിന്റെ സ്വന്തം ചരിത്രം
ഈജിപ്തുകാര്‍ വിപ്ലവം ജയിച്ചു. ഈജിപ്തിലെ പൗരാവകാശസംഘടനകളുടെ ഒന്നിച്ചൊന്നായ നീക്കത്തിലൂടെയാണ് അവരത് സാധിച്ചത്. തൊഴിലില്ലായ്മ, മിനിമം വേതനം, അടിയന്തരാവസ്ഥ എന്നീ വിഷയങ്ങളില്‍ കൃത്യമായ സാമ്പത്തിക, രാഷ്ട്രീയ ആവലാതികള്‍ ഉന്നയിച്ച് ഈജിപ്ഷ്യന്‍യുവത ഒരു മാര്‍ച്ചിന് ആഹ്വാനം ചെയ്തു. ഈജിപ്തിന്റെ നാനാതുറകളില്‍നിന്ന് മത, സാമ്പത്തിക, പ്രത്യയശാസ്ത്ര ഭേദമെന്യേ മുഴുവന്‍ ജനതയും അതിനോട് ക്രിയാത്മകമായി പ്രതികരിച്ചു. അങ്ങനെ നിയതമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 25ന് ജനം സമാധാനപൂര്‍വം മാര്‍ച്ച് ചെയ്തു. ഈജിപ്തില്‍ രൂപംകൊള്ളുന്ന ശരിയായ ജനാധിപത്യക്രമത്തിന്റെ ഒരു പ്രകടനമായിരുന്നു അത്. പൗരത്വത്തിന്റെ വ്യായാമപ്രകടനം കൂടിയായിരുന്നു അത്. നിലവിലെ സംഭവങ്ങളെ ചരിത്രം എങ്ങനെ രേഖപ്പെടുത്തുമെന്ന് അറിഞ്ഞുകൂടാ. എന്നാല്‍, ഒന്നുറപ്പ്: ഈജിപ്തില്‍ ഭരണകൂടത്തിനും പൗരന്മാര്‍ക്കും ഇടയിലുള്ള ബന്ധം എന്നേക്കുമായി മാറിക്കഴിഞ്ഞു.
ജനുവരി 25ന് 'സമാധാനം, സമാധാനം' എന്ന് പ്രകടനക്കാര്‍ മന്ത്രിക്കുന്നതാണ് ഞങ്ങള്‍ കേട്ടത്. കലാപം നേരിടുന്ന പൊലീസുമായി ഒരു സംഘര്‍ഷത്തിനുപോലും മുതിരാതെ പക്വമാര്‍ന്ന ആത്മനിയന്ത്രണവും പൗരബോധവുമാണ് അവര്‍ കാഴ്ചവെച്ചത്.
പറയപ്പെടുന്ന ഒരു നേതൃത്വമില്ലാതെ, കൃത്യമായ സംഘാടകരില്ലാതെ ഈജിപ്തുകാര്‍ നൂറും ആയിരവുമായി തടിച്ചുകൂടിയപ്പോഴും ആവശ്യങ്ങള്‍ അത്യുച്ചത്തില്‍ ഉന്നയിച്ചുകൊണ്ടുതന്നെ ക്രമസമാധാനപാലനത്തിന് തങ്ങള്‍ക്കാവുമെന്ന് അവര്‍ ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്കു കാണിച്ചുകൊടുത്തു.
പക്ഷേ, അപ്പോഴും പ്രസിഡന്റ് മുബാറക് നിശ്ശബ്ദനായിരുന്നു. ആദ്യമാര്‍ച്ച് അവസാനിച്ചിട്ടും ഔദ്യോഗികപ്രതികരണമൊന്നും കണ്ടില്ല. പതിവു സര്‍ക്കാര്‍മുറ പോലും ഇക്കാര്യത്തില്‍ ദീക്ഷിക്കപ്പെട്ടില്ല. അതോടെ, പ്രകടനക്കാര്‍ അടിയന്തരാവശ്യങ്ങളുമായി ഒരു ശക്തമായ കൂട്ടായ്മ രൂപപ്പെടുത്തിയെടുത്തു. അവരുടെ പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു. അങ്ങനെ ജനുവരി 28ന്റെ റാലി തീരുമാനിക്കപ്പെട്ടു. ക്രൈസ്തവരും മുസ്‌ലിംകളും, മതവിശ്വാസികളും മതേതരരും, കുബേരരും കുചേലരും, കര്‍ഷകരും നഗരവാസികളും എല്ലാം കൈറോ നഗരമധ്യത്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഒത്തുചേര്‍ന്നു. അതോടൊപ്പം തങ്ങളുടെ ആവശ്യത്തിനുനേരെ പ്രസിഡന്റ് ചെവികൊടുക്കുന്നില്ലെന്നു കണ്ടതോടെ അവരുടെ പ്രതിഷേധവികാരം രോഷമായി മാറുകയായിരുന്നു.  വെള്ളിയാഴ്ച 'രോഷദിനം' ആചരിച്ചതു മുതല്‍ ചൊവ്വാഴ്ചയിലെ 'ദശലക്ഷം മാര്‍ച്ചു'വരെയുള്ള നാളുകള്‍ക്കുള്ളില്‍ ഭരണകൂടം ഇന്റര്‍നെറ്റും ടെലിഫോണും കട്ടുചെയ്തു. അതോടെ ഈജിപ്തുകാര്‍ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. അതൊരു കൂട്ടശിക്ഷയായിരുന്നു. ഒറ്റപ്പെടുത്തി സമ്മര്‍ദത്തിലാക്കി പേടിപ്പിച്ച് ജനത്തെ വരുതിയിലാക്കാമെന്നായിരുന്നു മുബാറക്കിന്റെ പൂതി. അതുവഴി അരാജകത്വവും അസ്ഥിരതയും തുറന്നുവിട്ട് പ്രതിഷേധക്കാരെ ഒന്നു പഠിപ്പിക്കാമെന്ന് അയാള്‍ കണക്കുകൂട്ടി. നഗരങ്ങളില്‍നിന്ന് പൊലീസിനെ പിന്‍വലിച്ച് പട്ടാളം വിന്യസിക്കപ്പെട്ടു. ഈജിപ്ഷ്യന്‍ ഭരണകൂടം ജനങ്ങളെവെച്ച് ചതുരംഗം കളിക്കാന്‍ തീരുമാനിച്ചതുപോലെ. പൊലീസ് നിഷ്‌ക്രമിച്ചതോടെ തെരുവുകളില്‍ അക്രമവും സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടു. ഇത് ഭരണകൂട ഭീകരത തന്നെയായിരുന്നു. പല സംഭവങ്ങളിലും സ്‌റ്റേറ്റിന്റെ നേരിട്ടുള്ള ഇടപെടല്‍ വ്യക്തമായിരുന്നു.
എന്നിട്ടും പകരം എന്തുണ്ടായി? ഈ ഭീകരാന്തരീക്ഷത്തിലും ഈജിപ്ഷ്യന്‍ പ്രതിഷേധക്കാര്‍ തങ്ങളുടെ എണ്ണിപ്പറഞ്ഞ ആവശ്യങ്ങളെല്ലാം കൂടി ഒന്നിച്ചുവെച്ച് മുബാറക് ഭരണകൂടം താഴെ ഇറങ്ങുക എന്ന പൊതുമുദ്രാവാക്യമുയര്‍ത്തി. അല്ലെങ്കിലും ഭരണകൂടം എന്നൊന്ന് മിക്ക ഈജിപ്തുകാര്‍ക്കും അനുഭവത്തിലുണ്ടായിരുന്നില്ല. 'മുബാറക് നാട് ഭരിക്കുന്നുവെങ്കില്‍ പിന്നെ ഈ ഭീകരവാഴ്ചകളെല്ലാം അദ്ദേഹം കണ്ടുകൊണ്ടിരിക്കുന്നതെന്തുകൊണ്ട്? ഇങ്ങനെയുള്ള ഒരു പ്രസിഡന്റിന് നാട്ടില്‍ ക്രമസമാധാനവും സ്ഥിരതയും കൊണ്ടുവരാന്‍ എങ്ങനെ കഴിയും?' ലളിതമായിരുന്നു അവരുടെ ചോദ്യം.
പ്രതിഷേധത്തിനു നാലുനാള്‍ കഴിഞ്ഞ് മുബാറക് ആദ്യമായി നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാര്‍ മാറ്റത്തിനൊരുക്കമാണെന്ന് പ്രഖ്യാപിച്ചു. ' പോരാ, പോരാ, വൈകിപ്പോയി' എന്നായിരുന്നു ജനത്തിന്റെ പ്രതികരണം. അതോടെ മുബാറക് പടിയിറങ്ങിയേ തീരൂ എന്ന വികാരം ശക്തമായി. എന്നിട്ടും പിന്നെയും രാജിവെക്കാന്‍ ഉദ്ദേശ്യമില്ലെന്നു പറഞ്ഞ് മറ്റൊരു പ്രസംഗം കൂടി അദ്ദേഹം നടത്തി. ഭരണഘടനാ പരിഷ്‌കാരത്തിന് താന്‍ മേല്‍നോട്ടം വഹിക്കുമെന്നും ഇനിയൊരു ഊഴത്തിനു ശ്രമിക്കുകയില്ലെന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞു. എന്നാല്‍, അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. വൈറ്റ്ഹൗസ് പ്രസ്‌സെക്രട്ടറി റോബര്‍ട്ട് ഗിബ്‌സ് തന്നെ ഇക്കാര്യം എടുത്തുപറഞ്ഞു. അതോടെ പിന്നെ പുതിയ നമ്പറുമായി മുബാറക് രംഗത്തെത്തി. 'ഞാന്‍ ഈജിപ്തുകാരനാണ്, ഈ മണ്ണില്‍തന്നെ ഞാന്‍ മരിച്ചൊടുങ്ങും' തുടങ്ങിയ വൈകാരികപരാമര്‍ശങ്ങളോടെയാണ് മുബാറക് രണ്ടാം പ്രസംഗം അവസാനിപ്പിച്ചത്. ഇത് ജനങ്ങളില്‍ നേരിയൊരു ചലനമുണ്ടാക്കി. പ്രതിഷേധനിരയില്‍ വിള്ളലുണ്ടാക്കാനുള്ള ഈ നീക്കം പെട്ടെന്ന് തിരിച്ചറിയപ്പെട്ടു. വൈകാതെ ഒന്നു വ്യക്തമായി: ഇനിയൊരിക്കലും ജനുവരി 25നു മുമ്പുള്ള നിലയിലേക്ക് ഈജിപ്തിനു തിരിച്ചുപോക്കില്ല.
മുബാറക്കിന്റെ ചിത്രങ്ങള്‍ കത്തിക്കുന്നതിന്റെ, ഗുണ്ടകള്‍ കൊള്ളയും മര്‍ദനവും നടത്തുന്നതിന്റെ, നൂറുകണക്കിന് ഈജിപ്തുകാര്‍ കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഒന്നൊന്നായി ഈജിപ്തുകാരുടെ സ്മൃതിപഥത്തില്‍ അവിസ്മരണീയമാംവിധം കുന്നുകൂടി. എന്നിട്ടും പ്രതിസന്ധി മറികടക്കാനുള്ള സന്ദര്‍ഭങ്ങളുണ്ടായിരുന്നു. ഈജിപ്തിലെ പ്രമുഖര്‍ മുന്‍കൈയെടുത്ത് സമാധാനസംഭാഷണത്തിന് ചില നിര്‍ദേശങ്ങള്‍ വെച്ചു.
പൗരസ്വാതന്ത്ര്യവും അവകാശങ്ങളും അനുവദിക്കുകയും അതുവഴി ഭരണമാറ്റത്തിന് വഴിതുറക്കുകയും ചെയ്യുന്ന ഒരു ഭരണഘടന തയാറാക്കുന്നതിന് യുവതീയുവാക്കളുടെ ഒരു കൗണ്‍സിലിന് രൂപം നല്‍കുക, ജുഡീഷ്യറിക്ക് സ്വാതന്ത്ര്യം നല്‍കുക, നിഷ്പക്ഷരായ ജൂറിമാരെ വെച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുക, സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കുക, എല്ലാറ്റിനും മുന്നോടിയായി ഒരു താല്‍ക്കാലിക ഗവണ്‍മെന്റ് രൂപവത്കരിക്കുക. എന്നാല്‍, ഇതും വേണ്ടവണ്ണം നടപ്പിലായില്ല. പരസ്‌പരവിശ്വാസം നഷ്ടപ്പെട്ടതുതന്നെ കാരണം.
ഏതായാലും ഈജിപ്ഷ്യന്‍ ജനത സമാധാനപരമായ പ്രതിഷേധപരമ്പരയിലൂടെ, ഭരണകൂടത്തിന്റെ എല്ലാ ആക്രമണങ്ങളെയും പ്രകോപനങ്ങളെയും അതിജീവിച്ച് വിപ്ലവത്തിന് വഴിതുറന്നിരിക്കുന്നു. ഈ നൈരന്തര്യം നിലനിര്‍ത്താന്‍ സൈന്യം സ്വതന്ത്രമായി നിലകൊള്ളണം. മുബാറക്കിന്റെ തകര്‍ന്ന ഭരണത്തെ പുനഃസ്ഥാപിക്കാനല്ല, രാജ്യത്തെയും ഈജിപ്തുകാരെയും സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളാരായുകയാണ് അവരുടെ ബാധ്യത. ജനാധിപത്യത്തിന്റെ വിലയറിഞ്ഞ് രാഷ്ട്രീയപാര്‍ട്ടികളും പൗരസമൂഹങ്ങളും ഈജിപ്തിന്റെ ജനാധിപത്യപരമായ ഭാവിക്കുവേണ്ടിയുള്ള സ്വന്തം ഭാഗധേയം തിരിച്ചറിഞ്ഞ് നിര്‍വഹിക്കാന്‍ രംഗത്തുവരണം.
ഇത് ജനതക്കുള്ളില്‍നിന്ന് ഉയര്‍ന്നുവന്ന ജനതക്കുവേണ്ടിയുള്ള ഒരു 'ജൈവിക'വിപ്ലവമാണ്. ഈജിപ്തുകാര്‍ അവര്‍ക്കുവേണ്ടി രചിച്ച സ്വന്തം വിപ്ലവം. തങ്ങളുടേതായ സംഭാവനകളൊന്നുമില്ലാത്ത പഴയ ചരിത്രത്തിന്റെ കെട്ടുപാടുകളില്‍ ഇനിയും കുരുക്കിയിടാനാവില്ലെന്നാണ് ഈജിപ്തുകാര്‍ വിളിച്ചുപറയുന്നത്. അവരിപ്പോള്‍ ചരിത്രം പുതുതായി രചിക്കുകയാണ്. ലോകം ഈ വേലിയേറ്റത്തോടൊപ്പം നിന്നു തുടങ്ങി. കാരണം, സ്വാതന്ത്ര്യവും ആത്മാഭിമാനവുമുള്ള ജനതയാണ് തങ്ങളെന്ന് ഈജിപ്തുകാര്‍ ഇപ്പോള്‍ നെഞ്ചുവിരിച്ച് പറയുന്നത് അവര്‍ കാണുന്നുണ്ട്.
(ഈജിപ്ഷ്യന്‍ ദിനപത്രമായ അല്‍മസ്‌രി അല്‍യൗം കോളമിസ്റ്റാണ് ലേഖിക

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...