Saturday, October 16, 2010

പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രിക- ബി.ആർ.പി. ഭാസ്കർ

പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രിക- ബി.ആർ.പി. ഭാസ്കർ

സമൂഹത്തിന്റെ പുരോഗതി ഉറപ്പാക്കാൻ മാറി ചിന്തിക്കേണ്ട അവസരങ്ങളുണ്ടാകും. അപൂർവമായാണ് അതുണ്ടാവുക. അപ്പോൾ മാറി ചിന്തിക്കാനായില്ലെങ്കിൽ വഴിമുട്ടുകയും മുന്നോട്ടു പോകാനാകാതെ വരികയും ചെയ്യും. അത് ജീർണ്ണതയിലേക്ക് നയിക്കും. പിന്നെ പോക്ക് കീഴ്‌പോട്ടാകും.
ഒരു നൂറ്റാണ്ടു മുൻപ് കേരള സമൂഹം അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയുണ്ടായി. അന്ന് മാറി ചിന്തിക്കാൻ കഴിയുന്നവർ ഉയർന്നുവന്നു. അവർ ദിശാമാറ്റത്തിന് നേതൃത്വം നൽകി. അവരുടെ പ്രവർത്തനമാണ് കേരള നവോത്ഥാനം സാധ്യമാക്കിയത്. അവർ കാട്ടിയ വഴിയിലൂടെ സഞ്ചരിച്ചതിനാലാണ് സാമ്പത്തികശേഷി കുറവായിരുന്നിട്ടും കേരളത്തിന് സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപുതന്നെ ഭാരതത്തിലെ ഇതര പ്രദേശങ്ങളെ പിന്നിട്ടുകൊണ്ട് സാമൂഹികമായി മുന്നേറാൻ കഴിഞ്ഞത്.
കേരളം വീണ്ടും അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയാണ്. ഇന്ന് ഇത് രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ്. പ്രതിശീർഷ വരുമാനത്തിലും ചിലവിലും ഒന്നാം സ്ഥാനത്ത്. പക്ഷെ ക്ഷേമപദ്ധതികളെന്ന പേരിൽ ദുരിതാശ്വാസ നടപടികൾ കൈക്കൊള്ളാനല്ലാതെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നമുക്കാവുന്നില്ല. ഭരണാധികാരികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതുമൂലം സാമ്പത്തിക അഭയാർത്ഥികളായി വിദേശത്ത് പോയവർ അയക്കുന്ന, ഇപ്പോൾ കൊല്ലം തോറും 30,000 കോടി രൂപ വരുന്ന, പണമാണ് സംസ്ഥാനത്തെ നിലനിർത്തുന്നത്. ഈ പണത്തിന്റെ ഒരു ചെറിയ അംശം ഉത്പാദനക്ഷമമായ മേഖലയിൽ എത്തിയാൽ ഇവിടെ ഐശ്വര്യപൂർണ്ണമായ സമൂഹം താനെ രൂപപ്പെടും. അതിനുള്ള കഴിവ് – അതൊ താല്പര്യമൊ‌‌? — ഭരിക്കുന്നവർക്കില്ല. എങ്ങനെയാണ് നമുക്ക് ഈ ദുർഗതിയുണ്ടായത്?
അമ്പതിൽ‌പരം വർഷങ്ങൾക്കുമുൻപ്, ഒരു സമ്പന്ന സമൂഹമല്ലായിരുന്ന ഘട്ടത്തിൽ ലക്ഷ്യത്തിലെത്താൻ വ്യത്യസ്ത മാർഗ്ഗങ്ങൾ ചൂണ്ടിക്കാട്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇവിടെയുണ്ടായിരുന്നു. അവ ശിഥിലമാവുകയും ആർക്കും സ്വന്തം ശക്തിയുടെ മാത്രം അടിസ്ഥാനത്തിൽ അധികാരത്തിലെത്താൻ കഴിയാതെ വരികയും ചെയ്തപ്പോൾ സുസ്ഥിരഭരണം അസാധ്യമായി. പല പരീക്ഷണങ്ങൾക്കുശേഷം സി.പി.എമ്മും കോൺഗ്രസും നയിക്കുന്ന രണ്ട് മുന്നണികൾ രൂപപ്പെട്ടു. തുടക്കത്തിൽ മുന്നണികളെ നയിക്കുന്ന കക്ഷികളുടെ സമീപനങ്ങളിൽ വ്യത്യാസങ്ങൾ കാണാമായിരുന്നു. കാലക്രമത്തിൽ അതില്ലാതായി. ഒരു മുന്നണി വിട്ട് വരുന്നവരെ സ്വീകരിക്കാൻ മറ്റേ മുന്നണി വാതിലും തുറന്നിട്ട് കയ്യും നീട്ടി നിൽക്കുമ്പോൾ പ്രത്യയശാസ്ത്രത്തിന് എന്ത് പ്രസക്തിയാണുള്ളത്? രണ്ട് മുന്നണികളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് പുറത്തിറക്കിയ പ്രകടനപത്രിക നോക്കിയാൽ അവരുടെ സമീപനങ്ങൾ ഒന്നായതായി കാണാം. ഇരുവരും എടുക്കുന്ന പൊതുവായ സമീപനം സാമ്പത്തിക സ്ഥാപിതതാല്പര്യങ്ങൾക്ക് അനുകൂലവും ജനങ്ങളുടെ താല്പര്യങ്ങൾക്ക് എതിരുമാണ്. ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ അത് നമുക്ക് കാണാം. പ്രതിഷേധങ്ങൾ സ്ഥലമെടുപ്പിന് തടസം സൃഷ്ടിച്ചപ്പോൾ മുന്നണി നേതാക്കൾ പിന്നോട്ടുപോകാൻ ഏകകണ്ഠമായി തീരുമാനിച്ചു. ബി.ഓ.ടി അടിസ്ഥാനത്തിൽ പദ്ധതി ഏറ്റെടുക്കാൻ ബാഹ്യസമ്മർദ്ദമുണ്ടായപ്പോൾ അവർ ജനങ്ങളുടെ വികാരം അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ തീരുമാനിച്ചു. അതും ഏകകണ്ഠമായിത്തന്നെ.
മുന്നണികളെ നയിക്കുന്ന കക്ഷികൾക്കിടയിൽ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയൈക്യത്തിന്റെ പിന്നിലെ സാമ്പത്തിക സാമൂഹിക താല്പര്യങ്ങൾ വ്യക്തമാണ്. സാമ്പത്തികതലത്തിൽ വൻ‌കിടക്കാർക്കൊപ്പമാണവർ. അവിടെത്തന്നെ ഉത്പാദന പ്രക്രിയയിലൂടെ പണം സമ്പാദിക്കുന്നവരേക്കാൾ അവർക്ക് പ്രിയം ഭൂമി, ലോട്ടറി, കള്ളക്കടത്ത് തുടങ്ങിയ മേഖലകളിലെ ഇടപാടുകാരാടാണ്. സാമൂഹികതലത്തിൽ തൽ‌സ്ഥിതി നിലനിർത്തി പഴയ മേധാവിത്വവിഭാഗങ്ങളെ ഒപ്പം നിർത്താനാണ് ശ്രമം. രാഷ്ട്രീയ ശൈഥില്യം സൃഷ്ടിച്ച അസ്ഥിരത മറികടക്കുന്നതിൽ മുന്നണികൾ വഹിച്ച പങ്ക് നന്ദിയോടെ നമുക്ക് ഓർക്കാം. ഒപ്പം അവ കാലഹരണപ്പെട്ടിരിക്കുന്നെന്ന് നാം തിരിച്ചറിയുകയും വേണം. മുന്നണികൾ ഇങ്ങനെ തുടരുന്നിടത്തോളം കേരളത്തിൽ ഗുണപരമായ ഒരു മാറ്റവും പ്രതീക്ഷിക്കാനാവില്ല. ഇന്നത്തെ നിശ്ചലാവസ്ഥ അകറ്റി സമൂഹത്തെ മുന്നോട്ടു നയിക്കാനുതകുന്ന രാഷ്ട്രീയം ഉയർന്നുവരേണ്ടിയിരിക്കുന്നു. അത് ഒരു പുതിയ ധ്രുവീകരണത്തിലേക്ക് നയിക്കും. മാറ്റം ആവശ്യമാണെന്ന് കരുതുന്നവർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നൽകുന്ന അവസരം പ്രയോജനപ്പെടുത്തിയാൽ അതിനുള്ള സാഹചര്യം സൃഷ്ടിക്കാനാവും.
ഓരോ അഞ്ചു കൊല്ലവും തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ടു മാത്രം ജനാധിപത്യം ഉറപ്പാക്കാനാവില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ ജനതാല്പര്യം മുൻ‌നിർത്തി അധികാരം വിനിയോഗിക്കുമ്പോഴാണ് സംവിധാനം ജനാധിപത്യപരമാകുന്നത്. പക്ഷപാതം കൂടാതെ നീതിപൂർവകമായി കർത്തവ്യം നിർവഹിക്കാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറുന്നവർ സ്വന്തം താല്പര്യമൊ പാർട്ടിതാല്പര്യമൊ ജാതിമത താല്പര്യമൊ മുൻ‌നിർത്തി തീരുമാനങ്ങളെടുക്കുന്നതാണ് ഇന്ന് നാം കാണുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. ഭരണകൂടം നീതിപൂർവം പ്രവർത്തിക്കുമെന്ന പ്രതീക്ഷയില്ലാത്തതുകൊണ്ട് അവർ ഏതെങ്കിലും പാർട്ടിയുടെ കൊടിക്കീഴിൽ ഇടം കണ്ടെത്തി സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നു. എന്തു ഹീന കൃത്യം ചെയ്താലും അണികളെ സംരക്ഷിക്കാനുള്ള ചുമതല തങ്ങൾക്കുണ്ടെന്ന് ഓരോ പാർട്ടിയും വിശ്വസിക്കുന്നു. കൊലയാളിക്കും കുടുംബത്തിന് ആജീവനാന്ത സംരക്ഷണം നൽകുന്നതു മുതൽ എഴുത്തുപരീക്ഷാഫലം മറികടന്നു ജോലി നേടാനും അന്വേഷണമുണ്ടായാൽ ഉത്തരക്കടലാസുകൾ മുക്കി ഉദ്യോഗം നിലനിർത്താനും സഹായിക്കുന്നതു വരെ എന്തും ചെയ്യാൻ രാഷ്ട്രീയ രക്ഷാധികാരികൾക്ക് മടിയില്ല. ഈ അവസ്ഥ മാറ്റാനുള്ള ശ്രമം തുടങ്ങേണ്ടത് അധികാരത്തിന്റെ ഏറ്റവും താഴത്തെ പടിയായ തദ്ദേശസ്വ്യംഭരണ സ്ഥാപനങ്ങളിൽ നിന്നാണ്. കക്ഷിരാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്നവർക്ക് അവിടെയാണ് ഏറ്റവും ഫലപ്രദമായി ഇടപെടാനാവുക.
പാർലമെന്റ്, നിയമസഭാ സംവിധാനങ്ങൾ പാശ്ചാത്യ ജനാധിപത്യ പാരമ്പര്യത്തിൽ നിന്ന് നാം സ്വീകരിച്ചവയാണ്. അവ ഒരു ഭരണപക്ഷവും ഒരു പ്രതിപക്ഷവും വിഭാവന ചെയ്യുന്നു. പഞ്ചായത്ത് സംവിധാനം നമ്മുടെതന്നെ പാരമ്പര്യത്തിൽ നിന്ന് വന്നതാണ്. അതിൽ ഭരണ-പ്രതിപക്ഷ വിഭജനമില്ല. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും അടങ്ങുന്നതാണ് ഭരണ നിർവഹണ സമിതി. ആദ്യകാലത്ത് രാഷ്ട്രീയ കക്ഷികൾ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പാർട്ടികളിൽ പെട്ടവരും പാർട്ടി ലേബൽ കൂടാതെ മത്സരിച്ചു. എന്നാൽ അടുത്ത കാലത്ത് നമ്മുടെ പാർട്ടികൾ ആ രീതി ഉപേക്ഷിച്ച് അവിടെയും കക്ഷിരാഷ്ട്രീയം കുത്തിച്ചെലുത്തി. ഇപ്പോൾ പഞ്ചായത്തിന്റെ പ്രവർത്തനത്തിൽ അടിമുടി രാഷ്ട്രീയ പക്ഷപാതം നിലനിൽക്കുന്നു.
തദ്ദേശ സ്വയംഭരണത്തെ ഭരണഘടനയുടെ ഭാഗമാക്കിയപ്പോൾ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഒരു ഗ്രാമസഭാ സംവിധാനം ഉണ്ടാക്കിയി. നമ്മുടെ ഭരണവ്യവസ്ഥയിൽ പൌരന്മാർക്ക് നേരിട്ടു ചെന്ന് ചോദ്യം ചോദിക്കാനും പൊതുവായ തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന ഏക വേദിയാണത്. ഗ്രാമസഭയുടെ തീരുമാനങ്ങൾ മാനിക്കാൻ തെരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗത്തിന് ബാധ്യതയുണ്ട്. സംവിധാനം നിലവിൽ വന്നപ്പോൾ ജനങ്ങൾ അത്യുത്സാഹത്തോടെ ഗ്രാമസഭാ യോഗങ്ങളിൽ പങ്കെടുക്കാൻ വന്നു. പക്ഷെ അത്രമാത്രം ജനാധിപത്യത്തിന് കക്ഷികൾ തയ്യാറായിരുന്നില്ല. അവർ വളരെ വേഗം സംവിധാനം തകർത്തു. നിങ്ങളുടെ വാർഡിൽ എന്ന് എവിടെയാണ് ഗ്രാമസഭ ചേരുന്നതെന്ന് നിങ്ങൾ അറിയുന്നുണ്ടോ? ഉണ്ടാകാനിടയില്ല. പലേടത്തും ഇപ്പോൾ യോഗം നടക്കുന്നില്ല. യോഗം നടന്നതായി രേഖകളുണ്ടാക്കുനയാണ് പതിവ്.
ഗ്രാമസഭയെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ കക്ഷിരാഷ്ട്രീയത്തിന്റെ നീരാളിപ്പിടുത്തം അവസാനിക്കണം. കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ളതും സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്നതുമായ ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ് പഞ്ചായത്തുകളുടെ ചുമതലയാണ്. ആനുകൂല്യവിതരണത്തിൽ രാഷ്ട്രീയ വിവേചനവും പക്ഷപാതവും നടമാടുന്നതുകൊണ്ട് പദ്ധതികളുടെ ഗുണം ലഭിക്കുന്നത് ഏറ്റവും അർഹരായവർക്കല്ല, പാർട്ടികൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്കാണ്. പല സ്ഥാപനങ്ങളും അനുവദിച്ച പണം മുഴുവൻ ചെലവാക്കുന്നില്ല. ദുർബലവിഭാഗങ്ങൾക്കുള്ള പദ്ധതികളുടെ കാര്യത്തിലാണ് ഇതുണ്ടാകുന്നത്. കരാർ പണികളിലാണ് എല്ലാവർക്കും താല്പര്യം. പഞ്ചായത്തഗങ്ങളും ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് പദ്ധതിത്തുകയുടെ 30 മുതൽ 70 ശതമാനം വരെ ഊറ്റിയെടുത്ത് നിശ്ചിത അനുപാതത്തിൽ വീതിച്ചെടുക്കുന്നതായി ഈയിടെ ഒരു ഗവേഷകൻ രേഖപ്പെടുത്തുകയുണ്ടായി. സംസ്ഥാനത്തെ പല പഞ്ചായത്തുകളും വരവുചെലവു കണക്ക് ആഡിറ്റ് ചെയ്യാൻ അയക്കുന്നതിൽ വീഴ്ച വരുത്തുന്നതായി കം‌പ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ (സി.എ.ജി) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ ജനകീയ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുടെ പ്രവർത്തകർ ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഇടപെടുകയെന്ന ഉദ്ദേശ്യത്തൊടെ ജനകീയ ഐക്യവേദി രൂപീകരിച്ചത്. ഐക്യവേദി അംഗീകരിച്ച 12 ഇന പരിപാടി പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രികയാണ്. .
പരിപാടിയിലെ പ്രധാന ഇനം കക്ഷിരാഷ്ട്രീയത്തിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽനിന്ന് വിമുക്തമാക്കുകയെന്നതാണ്. അഴിമതിരഹിതവും നീതിപൂർവകവുമായ ഭരണം കാഴ്ചവെക്കുക, ഗ്രാമ-വാർഡ് സഭകൾ പുനരുജ്ജീവിപ്പിക്കുക, കണക്കുകൾ യഥാസമയം പൂർത്തിയാക്കി ആഡിറ്റിന് വിധേയമാക്കുക, സ്ത്രീകൾ, ദലിതർ, ആദിവാസികൾ തുടങ്ങിയ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ പൂർണ്ണമായി നടപ്പാക്കുക തുടങ്ങിയവയും അതിൽ പെടുന്നു. നിലവിലുള്ള മുന്നണികൾക്ക് അകത്തും പുറത്തുമുള്ള ചില കക്ഷികളും തത്വത്തിൽ പരിപാടിയോട് യോജിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മാറ്റമുണ്ടായേ മതിയാകൂ എന്ന സന്ദേശം നൽകിയാൽ മുന്നണികളെ നയിക്കുന്ന കക്ഷികളും മാറി ചിന്തിക്കാൻ നിർബന്ധിതരാകും.
അമ്പതു ശതമാനം സ്ത്രീസംവരണം താഴത്തെ തട്ടുകൾ ശുദ്ധീകരിക്കാനുള്ള അവസരം നൽകുന്നു. സംവരണം ചെയ്യപ്പെട്ട സ്ഥാനങ്ങൾ നിറയ്ക്കാനാവശ്യമായത്ര സ്ത്രീകൾ ഒരു കക്ഷിയിലുമില്ല. എല്ലാ കക്ഷികളും ചേർന്നാലും അതിനുള്ള സ്ത്രീകളുണ്ടാവില്ല. നേതാക്കളുടെ ബന്ധുക്കളൊ പോഷകസംഘടനകളിൽ പെട്ടവരൊ ആയ സ്ത്രീകളെ അങ്കത്തട്ടിൽ ഇറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്ത ഘട്ടത്തിലും എല്ലാ പാർട്ടികളും ഇതു തന്നെയാണ് ചെയ്തത്. അതിലൂടെ സ്ത്രീപ്രാതിനിധ്യം കൂട്ടാമെന്നല്ലാതെ സ്ത്രീശാക്തീകരണം സാധ്യമല്ലെന്ന് അനുഭവം പഠിപ്പിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ള സ്ത്രീകളെ തെരഞ്ഞെടുക്കാനായാൽ അഴിമതിരഹിതവും നീതിപൂർവകവുമായ ഭരണത്തിനുള്ള സാധ്യത ഏറുമെന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷെ രാഷ്ട്രീയം സ്ത്രീകൾക്ക് പറ്റിയ മേഖലയല്ലെന്ന ചിന്ത മദ്ധ്യവർഗ്ഗങ്ങളിൽ ശക്തമാകയാൽ യോഗ്യരായവർ മത്സരരംഗത്തിറങ്ങാൻ മടിക്കും. ഒരു ചരിത്രനിയോഗം കാത്തിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തി അവരെ മുന്നോട്ടുകൊണ്ടുവരാൻ കഴിഞ്ഞാൽ പഞ്ചായത്തുതലത്തിൽ കക്ഷിരാഷ്ട്രീയം ഒഴിവാക്കാനും അങ്ങനെ ജനകീയ ഐക്യവേദിയുടെ പരിപാടിയിലെ മറ്റിനങ്ങൾ പ്രാവർത്തികമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും കഴിയും.
ജനകീയ ഐക്യവേദിയുടെ 12 ഇന പരിപാടി
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക
മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2010 സെപ്‌തംബർ 20ന്റെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം

1 comment:

  1. നിഷ്പക്ഷമായ വിലയിരുത്തല്‍...........

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...