Sunday, October 10, 2010

നമ്മളുലകിതേറ്റെടുക്കുവാതിരിപ്പതെങ്ങനെ? # ബദീഉസ്സമാന്‍

70 ശതമാനത്തിലധികം ജനങ്ങള്‍ ദിവസം 20 രൂപയില്‍ താഴെ വരുമാനക്കാരായ രാജ്യത്ത്, പുഴുവരിച്ച് കെട്ടുപോകുന്ന കോടിക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യം പട്ടിണിക്കാര്‍ക്ക് സൌജന്യമായി വിതരണം ചെയ്യാനുള്ള സുപ്രീംകോടതി നിര്‍ദേശം നടപ്പിലാക്കാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അമര്‍ഷം തോന്നിയിട്ടില്ലേ നിങ്ങള്‍ക്ക്? കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പേരില്‍ കല്‍മാഡിയും കൂട്ടരും കോടികള്‍ വെട്ടിച്ച റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോള്‍, ഇവനെയൊന്നും നിയന്ത്രിക്കാന്‍ ഒരാളുമില്ലേ ഇന്നാട്ടില്‍ എന്ന് പറഞ്ഞു പോയിട്ടില്ലേ നിങ്ങള്‍? ഒരുപാട് മനുഷ്യരെ പച്ചക്കിട്ട് ചുട്ടുകൊല്ലാനും കുറെയാളുകളെ ഏറ്റുമുട്ടല്‍ കൊലപാതകമെന്ന പേരില്‍ ഉന്മൂലനം ചെയ്യാനും ഗൂഢാലോചന നടത്തി എന്ന അതീവ ഗുരുതരാരോപണം നേരിടുന്ന ആള്‍ വികസന പുരുഷനായി ചിത്രീകരിക്കപ്പെടുമ്പോള്‍, മനുഷ്യത്വം ബാക്കിയുള്ളതിനാല്‍ നാണം തോന്നിയിട്ടില്ലേ നിങ്ങള്‍ക്ക്? ഭോപ്പാലില്‍, ഒരൊറ്റ രാത്രി കൊണ്ട് 25000 പേരെ വിഷവാതകം ശ്വസിപ്പിച്ച് കൊന്നതിനു ഉത്തരവാദികളായവര്‍ക്ക്, ട്രാഫിക് നിയമലംഘകര്‍ക്ക് കൊടുക്കുന്ന ശിക്ഷ, ജാമ്യ ഇളവുകളോടെ കൊടുത്ത നിയമവ്യവസ്ഥയുടെ ക്രൂരമായ തമാശ കണ്ട് കരഞ്ഞുപോയിട്ടില്ലേ നിങ്ങള്‍? നീതി പാലനത്തിന്റെ അവസാന തുരുത്തെന്ന് നമ്മള്‍ ആശ്വസിക്കുന്ന ഉന്നത ന്യായാലയത്തിന്റെ കഴിഞ്ഞുപോയ അധിപതികളില്‍ എട്ടു പേരും മുഴുത്ത അഴിമതിക്കാരെന്ന് ശാന്തിഭൂഷണ്‍ പറഞ്ഞപ്പോള്‍, ഇവനെങ്കിലുമുണ്ടല്ലോ ഒരാണ്‍കുട്ടി എന്നാശ്വസിച്ചില്ലേ നിങ്ങള്‍?
രാജ്യത്തെ സംഭവഗതികളെ കണ്ണുതുറന്നു കാണുന്ന ഒരാള്‍ എന്ന നിലയില്‍ ഉണ്ട്/ അതെ എന്നാവും നിങ്ങളുടെ മറുപടി. എങ്കില്‍ നിങ്ങളോടിതാ അടുത്ത ചോദ്യം: ദൈനംദിനമെന്നോണം ഈ അമര്‍ഷവും രോഷവും നാണവും ഞെട്ടലും സങ്കടവുമെല്ലാം അനുഭവിക്കുന്ന നിങ്ങള്‍ അവയുടെ പരിഹാരത്തിന് എന്താണ് ചെയ്തത്? എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? വിധിയെ പഴിച്ചും ഇവിടെ എല്ലാം ഇങ്ങനെ തന്നെ, ഒന്നും നന്നാവില്ല എന്ന് ആശ്വസിച്ചും ചിലപ്പോഴെങ്കിലും തികട്ടി വരുന്ന വര്‍ധിതാസ്വസ്ഥതകളെ പ്രാര്‍ഥനകളിലൊതുക്കിയും നാള്‍ കഴിക്കുകയല്ലേ നിങ്ങള്‍ ചെയ്തത്?
ശരിയാണ്; ഇന്നലെ വരെ അങ്ങനെ തന്നെയായിരുന്നു. എന്നു കരുതി നാളെയും അങ്ങനെ തന്നെയാവണമെന്ന് ദുശ്ശാഠ്യമെന്തിന്? നമ്മുടെ ഇന്നലെയും നാളെയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെങ്കില്‍ നമ്മള്‍ കഴിച്ചുകൂട്ടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ 24 മണിക്കൂര്‍ പാഴായിപ്പോവുകയല്ലേ ചെയ്യുന്നത്? പ്രാര്‍ഥനകളെ പ്രവര്‍ത്തനങ്ങളാല്‍ ശക്തമാക്കുന്നിടത്താണ് പ്രാര്‍ഥനകള്‍ക്ക് ഫലസിദ്ധിയുണ്ടാകുന്നതെന്നും, സാമൂഹിക മാറ്റം ദൈവം തളികയിലാക്കി വെച്ച് തരുന്ന ഒന്നല്ല, മറിച്ച് നമ്മുടെ സന്നദ്ധതയുടെയും ഏറ്റെടുക്കല്‍ മനസ്സിന്റെയും സ്വാഭാവിക പരിണതിയാണെന്നും മറ്റുമുള്ള ബോധ്യം നമുക്ക് എപ്പോഴും വേണ്ടതാണ്.
ഉത്തരേന്ത്യയില്‍ ജീവിക്കുന്ന ഒരു മലയാളി സുഹൃത്ത് പറഞ്ഞ ഒരു സംഭവം ഓര്‍ക്കുന്നു. അവിടെയെത്തുന്ന ഏതൊരു മലയാളിയെയും പോലെ, ഉത്തരേന്ത്യക്കാരുടെ പ്രതികരണ ബോധമില്ലായ്മയിലും സ്റാറ്റസ്കോ മനസ്സിലും അസ്വസ്ഥനായിരുന്ന സുഹൃത്ത് ഒരിക്കല്‍ ജുമുഅക്ക് പള്ളിയില്‍ പോയി. കൂടെ നാട്ടില്‍ നിന്നെത്തിയ സാമൂഹിക രംഗത്ത് സജീവനായ മറ്റൊരു മലയാളിയുമുണ്ട്. ധാരാളം ആളുകളുള്ള പള്ളിയില്‍ മൌലവി തന്റെ ഉര്‍ദു പ്രസംഗം ആരംഭിച്ചു. മൈക്കിന്റെ സ്വിച്ച് ഓണ്‍ ആക്കാത്തതിനാല്‍ മുന്നിലിരിക്കുന്ന ഒന്നു രണ്ട് പേര്‍ക്കല്ലാതെ ഒന്നും കേള്‍ക്കുന്നില്ല. ബാക്കിയുള്ള ആളുകള്‍ നിശ്ശബ്ദരായി എന്തോ കാഴ്ച കാണുന്നതുപോലെ ഇരിക്കുകയാണ്. പ്രസംഗം തുടരുന്നു. ഇത് കണ്ട സുഹൃത്ത് തന്റെ അതിഥിയോട് പറഞ്ഞു: കണ്ടില്ലേ, ഇവിടെ ഇങ്ങനെയാണ്. ഈ പള്ളിയില്‍ ഇത്രയധികം ആളുകളുണ്ടായിട്ട് ഒരാളും ആ മൈക്കിന്റെ സ്വിച്ചൊന്ന് ഓണാക്കാന്‍ പറയുന്നില്ല. ഇത് കേട്ട അതിഥി ചോദിച്ചു: നമുക്കൊന്നു പറഞ്ഞാലോ. യഥാര്‍ഥത്തില്‍ അപ്പോഴാണ് നമ്മുടെ സുഹൃത്ത്, ഇത് തനിക്കും ചെയ്യാവുന്ന ഒരു കാര്യമാണല്ലോ എന്ന് ഓര്‍ക്കുന്നത്. എപ്പോഴും അങ്ങനെയാണ്. മാറ്റം കൊണ്ടുവരുന്ന ആരെയോ കാത്തിരിക്കുകയാണ് നാം ഓരോരുത്തരും. മാറ്റത്തിന്റെ തുടക്കം നമ്മില്‍ ഓരോരുത്തരില്‍നിന്നുമാണ് ഉണ്ടാവേണ്ടത്. നാടിന്റെയവസ്ഥ മാറാന്‍ ആരും ഒന്നും ചെയ്യുന്നില്ലല്ലോ എന്ന് വിലപിക്കുമ്പോള്‍, ആരും എന്നതില്‍ ആദ്യമായി ഞാന്‍ ഉള്‍പ്പെടുന്നുണ്ട് എന്നത് മറന്നുപോയിക്കൂടാ.
ഒരു വചന പ്രഘോഷണ സംഘത്തിന്റെ പ്രസംഗത്തില്‍ കേട്ട ഒരു കഥ ഓര്‍മയില്‍ നില്‍ക്കുന്നു. ആളുകള്‍ കൂടി നില്‍ക്കുന്ന ഒരു സ്ഥലത്ത് പെട്ടെന്ന് പവര്‍കട്ടിനാലോ മറ്റോ വെളിച്ചം പോയി. കനത്ത ഇരുട്ട്. എന്തു ചെയ്യും? അവര്‍ ആലോചിച്ചു. ഒരു കൂട്ടര്‍ വെളിച്ചത്തിനു വേണ്ടി പ്രാര്‍ഥിക്കാന്‍ തീരുമാനിച്ച് മുട്ടിപ്പായി പ്രാര്‍ഥിച്ചു തുടങ്ങി. മറ്റൊരു കൂട്ടര്‍ ഇരുട്ടിനെ ഒരു ദാര്‍ശനിക പ്രശ്നമായി കണ്ട് ഇരുട്ടില്‍ പി.എച്ച്.ഡി എടുത്ത ഒരാളെ കൊണ്ടുവന്ന് ഇരുട്ടുയര്‍ത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരു പ്രഭാഷണം സംഘടിപ്പിക്കാമെന്ന് വെച്ചു. അത്രയൊന്നും ആലോചിക്കാത്ത ഒരു സാധാരണക്കാരന്‍ പോയി തൊട്ടടുത്ത കടയില്‍നിന്ന് ഒരു മെഴുകുതിരി വാങ്ങി കൊണ്ടുവന്ന് കത്തിച്ചുവെച്ചു. അതോടെ ഇരുട്ട് പോയി, വെളിച്ചം വന്നു. പ്രവര്‍ത്തനങ്ങള്‍ ചെറുതാണെങ്കിലും വേണ്ട നേരത്ത് ചെയ്യുമ്പോഴുണ്ടാകുന്ന വലിയ മാറ്റങ്ങളെ കുറിച്ച് ആലോചിക്കുമ്പോഴൊക്കെ ഓര്‍മയില്‍ വരുന്നതാണീ കഥ.
നിറഞ്ഞ ബസ്സിലെ യാത്രക്കാരിലൊരാളാണ് നിങ്ങളെന്ന് കരുതുക. തികഞ്ഞ മദ്യലഹരിയിലാണ് ഡ്രൈവര്‍ ബസ്സോടിച്ചുകൊണ്ടിരിക്കുന്നത് എന്ന് ബസ്സിന്റെ നിയന്ത്രണരഹിതമായ പോക്കില്‍നിന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു. യാത്രക്കാര്‍ മരണഭയത്താല്‍ നിലവിളിക്കുന്നു. പ്രഫഷണല്‍ ഡ്രൈവറല്ലെങ്കിലും ബസ് ഡ്രൈവിംഗിന്റെ ബാലപാഠങ്ങളറിയുന്ന ഒരാളാണ് നിങ്ങളെന്ന് കരുതുക. നിങ്ങളെന്ത് ചെയ്യും? മരിക്കാന്‍ പോകുകയാണെന്നുറപ്പിച്ച് കലിമ മൊഴിഞ്ഞ് മരണത്തെ സ്വീകരിക്കാന്‍ തയാറായി കണ്ണുമടച്ചിരിക്കാം നിങ്ങള്‍ക്ക്. അല്ലെങ്കില്‍ ഡ്രൈവറില്‍ നിന്ന് ബസ്സിന്റെ നിയന്ത്രണം ഏറ്റെടുത്ത്, ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി, ബസ് സൈഡ് ചേര്‍ത്തി നിര്‍ത്തി ആളുകളെ ഇറങ്ങാന്‍ സഹായിക്കുകയെങ്കിലും ചെയ്യാം നിങ്ങള്‍ക്ക്. ഇതിലേതാണ് സന്ദര്‍ഭത്തിന്റെ തേട്ടമെന്ന് നിങ്ങളാലോചിച്ച് നോക്കുക.
സമൂഹത്തിന്റെ അധികാരവും വിഭവ വിതരണാവകാശവും തെറ്റായ കരങ്ങളില്‍ ഏല്‍പിക്കപ്പെട്ടതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് വര്‍ഷങ്ങളായി സമൂഹത്തെ ബോധനം ചെയ്തുകൊണ്ടിരിക്കുന്നവരാണ് നിങ്ങള്‍. നേരായ അധികാര നിര്‍വഹണം വഴി, നീതിയുടെ വിതരണം ശരിയായ രീതിയില്‍ സാധിതമാകാത്ത സാമൂഹികാന്തരീക്ഷത്തെ, സ്ഥാപിക്കപ്പെടാത്ത വീടിനോടുപമിച്ചതിന്റെ പേരില്‍, അക്ഷര പൂജകരുടെ പഴിയെത്ര കേട്ടിരിക്കുന്നു നിങ്ങള്‍. പിന്നെയെങ്ങനെ നിങ്ങള്‍ക്ക് സുബ്ഹ് ബാങ്ക് കൊടുത്ത് ആളുകള്‍ നമസ്കരിക്കാനെത്തിയപ്പോഴേക്ക് പോയി കിടന്നുറങ്ങിയ ആ പഴയ മൊല്ലാക്കയെപ്പോലെയാവാന്‍ കഴിയും?
കഴിഞ്ഞ അറുപതില്‍പരം വര്‍ഷങ്ങളായി, ജനാധിപത്യത്തിന്റെ പേരില്‍ ഒരുപിടി വരേണ്യരുടെ താല്‍പര്യ സംരംക്ഷണമാണ് രാജ്യത്ത് നടക്കുന്നത് എന്ന് ജനം മനസ്സിലാക്കുന്നു. രാഷ്ട്രീയത്തില്‍ സുബ്ബയും അച്യുതനുമൊക്കെയായി, എം.പിമാരും എം.എല്‍.എമാരുമായി ഖദറിടുന്നവര്‍ തന്നെയാണ് മറയ്ക്കപ്പുറത്ത് ലോട്ടറി മാഫിയയെയും കള്ളു വിഷ വ്യവസായത്തെയും നിയന്ത്രിക്കുന്നത് എന്ന തിരിച്ചറിവ് അവരെ നിസ്സഹായരാക്കുന്നു. നിയമലംഘകര്‍ നിയമം നിര്‍മിക്കുന്നേടത്ത്, വലകണ്ണികള്‍ ചെറുമീനുകള്‍ പിടിക്കപ്പെടാനും കൊമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടാനും പാകത്തില്‍ ഡിസൈന്‍ ചെയ്യപ്പെട്ടതാവുമെന്ന് അവര്‍ തിരിച്ചറിയുന്നു. കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടക്കുന്ന ലോട്ടറി തട്ടിപ്പിന്റെ കള്ളക്കളികളെ കുറിച്ചറിഞ്ഞ് മിഴിച്ച് നില്‍ക്കുന്ന ജനത്തിന് മുമ്പില്‍ ധനമന്ത്രിയും സതീശനും കള്ളനും പോലീസും കളിക്കുന്നു. അബ്ദുര്‍റഹ്മാന്‍ നഗറിലും വളാഞ്ചേരിയിലും പൊന്നാനിയിലും പൂക്കിപ്പറമ്പിലും നടന്ന മദ്യവിരുദ്ധ ജനകീയ സമരങ്ങളെ നിയമത്തിന്റെ പിന്‍ബലം കാട്ടി അവഗണിച്ച് സര്‍ക്കാര്‍ മുന്നണി, ആ അവഗണനയുടെ പരിണതഫലമായി കുറ്റിപ്പുറം മദ്യദുരന്തത്തെ അട്ടിമറി എന്നാണയിടുമ്പോള്‍ ജനങ്ങള്‍ക്കവരോട് അവജ്ഞയും അറപ്പും തോന്നുന്നു. മദ്യഷാപ്പുകളുടെ കാര്യത്തില്‍ പഞ്ചായത്തുകളുടെ അധികാരം തിരിച്ച് നല്‍കണമെന്ന ആവശ്യം, മലപ്പുറത്തെ ഒരു എം.എല്‍.എയുടെ ഏകാംഗ സമരം മാത്രമായി മാറിയതില്‍ നിന്നു തന്നെ ഇടത്-വലത് പാര്‍ട്ടികളുടെ ഈ വിഷയത്തിലെ കാപട്യം പൊതുജനം മനസ്സിലാക്കിയിട്ടുണ്ട്.
പട്ടിക ഇനിയും നീട്ടേണ്ട. ഈ സാഹചര്യം നിങ്ങളുടെ മുന്നിലുയര്‍ത്തുന്ന ചോദ്യം ഇതാണ്: ഇവരുടെ അസ്വസ്ഥതകള്‍ ഇല്ലായ്മ ചെയ്യാനും ചുമലുകളിലെ ഭാരം ഇറക്കിവെക്കാനും വേദപുസ്തകത്തിലെ വിശുദ്ധാക്ഷരങ്ങള്‍ ഇറങ്ങിവരുമെന്ന് കരുതി കാത്തിരിക്കുകയാണോ നിങ്ങള്‍? അതോ വേദവചസ്സുകള്‍ക്ക് പ്രായോഗിക മാതൃക കാണിക്കാന്‍ ലഭ്യമായ അവസരം ഉപയോഗപ്പെടുത്താന്‍ തയാറാണോ നിങ്ങള്‍? വിഭവവിതരണത്തിലെ നീതിയും സമത്വവും ഉറപ്പുവരുത്താന്‍ നിങ്ങളുടെ അധികാര പങ്കാളിത്തം സഹായകമാകുന്നിടത്ത്, നന്നെ ചുരുങ്ങിയത് അഴിമതിക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും നിങ്ങളുടെ സാന്നിധ്യം അലോസരം സൃഷ്ടിക്കുമെങ്കിലും ചെയ്യുന്നിടത്ത് വിഭവ വിതരണാവകാശത്തില്‍ പങ്കുപറ്റാന്‍ ശ്രമിക്കേണ്ടത് നിങ്ങളുടെ ബാധ്യതയായി മാറുന്നു. ഈ അധികാരം കേന്ദ്രീകരിച്ച ഇടം എന്നതാണ് നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം.
രാഷ്ട്രീയ പ്രക്രിയയിലെ ഇടപെടല്‍ ആത്മീയതക്കേല്‍പിക്കാവുന്ന പരുക്കിനെ കുറിച്ചാണ് പലര്‍ക്കുമാശങ്ക. പര്‍ണശാലകളിലെയും ഖാന്‍ഗാഹുകളിലെയും സവിശേഷാന്തരീക്ഷത്തില്‍ മാത്രം ലഭ്യമാവുന്ന ഒന്നല്ല നമുക്ക് ആത്മീയത. അങ്ങാടിയിലൂടെ നടക്കുന്ന പ്രവാചകനെ കുറിച്ച് അത്ഭുതം കൂറിയത് പ്രവാചക സന്ദേശങ്ങളുടെ അന്തഃസത്ത തിരിച്ചറിയാത്തവരും അതിനെ നിഷേധിച്ചവരുമായിരുന്നു എന്നാണ് ദൈവവചനം നമ്മെ പഠിപ്പിച്ചത്. ഞാനും എന്റെ നാഥനും മാത്രം ബാക്കിയാവുന്ന, ആത്മഹര്‍ഷത്തിന്റെ ഉത്തുംഗതയാണല്ലോ എന്റെ ആത്മീയത. ഞാന്‍ നടന്നടുത്താല്‍ ഓടിയടുക്കുന്നവനും ഒരു ചാണടുത്താല്‍ ഒരു മുഴമടുക്കുന്നവനുമാണവന്‍. ഭൂമിയിലെ മറ്റു മനുഷ്യരെ ഞാന്‍ സഹായിച്ചാല്‍, എന്റെ സഹായത്തിനായി എപ്പോഴും എന്നോടൊത്തുണ്ടാവുമെന്നെനിക്ക് ഉറപ്പ് തന്നവനാണവന്‍. തന്റെ അധികാരാവകാശങ്ങളിലുള്ള കൈയേറ്റമല്ലാതെ മറ്റെന്തും പൊറുക്കുന്ന അവന്‍, ഞാന്‍ എന്റെ സഹജീവികളോട് കാണിക്കുന്ന ഒരവകാശ നിഷേധവും പൊറുക്കില്ല- അതിക്രമത്തിന് വിധേയമായവന്‍അത് മാപ്പാക്കുന്നത് വരെ. അതായത്, നമ്മുടെ ആത്മീയതയുടെ തേട്ടമായി ജീവിതത്തിന്റെ ആത്യന്തിക വിജയം കുടികൊള്ളുന്നത്, ഒരു സാമൂഹിക ജീവി എന്ന രീതിയില്‍ അന്യന്റെ അവകാശങ്ങളെ നാം എത്രത്തോളം മാനിച്ചു എന്നതിനെ ആസ്പദിച്ചാണെന്നര്‍ഥം. വിധിനിര്‍ണയ നാളില്‍ അവന്‍ നമ്മോടന്വേഷിക്കാന്‍ പോകുന്നത് രോഗിയായ തന്റെ സഹോദരനിലൂടെ, പട്ടിണിക്കാരനായ തന്റെ അയല്‍ക്കാരനിലൂടെ ഒക്കെ നിങ്ങള്‍ എന്നിലേക്കെത്തിയോ എന്നാണ്. ഈ ചോദ്യത്തിന് മറുപടിയായി അനാഥയുടെയും അഗതിയുടെയും പട്ടിണിക്കാരന്റെയും ദുര്‍ബലന്റെയും ക്ളേശങ്ങള്‍ ലഘൂകരിച്ചും ജീവിതഭാരങ്ങള്‍ ഇറക്കിവെച്ചും അവരുടെ അവകാശങ്ങളുറപ്പു വരുത്തിയും ജീവിതത്തിന്റെ ദുര്‍ഘടപാത താണ്ടി പ്രതീക്ഷാപൂര്‍വം നിന്നെ കാണാനെത്തിയവരാണ് ഞങ്ങള്‍ എന്ന് നമുക്ക് പടച്ചവനോട് ബോധിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്.
നാം തന്നെ പിരിവെടുത്ത്, നമ്മള്‍ തന്നെ ആളുകള്‍ക്ക് സൌകര്യമൊരുക്കിക്കൊടുക്കുക എന്നതാണ് ജനസേവനത്തിന്റെ നാം പരിചയിച്ച രീതി. ഇത് ജനസേവനത്തിന്റെ ഒരു മുഖം മാത്രമാണ്. അത്ര തന്നെ മുഖ്യമായ മറ്റൊരു മുഖമാണ് സമൂഹത്തിലെല്ലാവര്‍ക്കും ഒരേപോലെ അവകാശപ്പെട്ട പൊതുഫണ്ടുകള്‍ അവയുടെ ലക്ഷ്യസ്ഥാനത്തെത്തുന്നു എന്ന് കൃത്യമായി ഉറപ്പുവരുത്തല്‍. പഞ്ചായത്തുകള്‍ക്കുള്ള വിപുലമായ അധികാരം വെച്ച് ഇതില്‍ അവര്‍ക്കുള്ള റോള്‍ വളരെ കൂടുതലാണ്. ജനകീയാസൂത്രണത്തിന്റെ പേരില്‍ നടന്നത്, ഫണ്ടുകളുടെ വീതംവെപ്പാണെന്ന ആരോപണം നിലനില്‍ക്കുന്നേടത്താണ് ശരിയായ ജനകീയാസൂത്രണത്തിന്റെയും പക്ഷപാതരഹിത സമീപനത്തിന്റെയും മുഖം കാണിച്ചു കൊടുക്കാനുള്ള ശ്രമം പ്രസക്തമാകുന്നത്. സ്ഥാപനവത്കരിക്കപ്പെട്ട അഴിമതി രാജ്യത്തിന്റെ ശാപമായതിനാല്‍, പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളുടെയൊക്കെ നീക്കിയിരിപ്പിന്റെ സിംഹഭാഗവും ലക്ഷ്യത്തിലെത്തുന്നില്ല എന്ന് നമുക്കറിയാം. ഓരോ പദ്ധതി നടത്തിപ്പിലും അഴിമതിക്കുള്ള പഴുതുകളാണ് ഉദ്യോഗസ്ഥ ജനപ്രതിനിധി കൂട്ടുകെട്ടിന്റെ മുഖ്യ നോട്ടം തന്നെ. 25 ലക്ഷത്തിന്റെ പദ്ധതിയില്‍ കമീഷനുകളും മറ്റും കഴിച്ച് 10 ലക്ഷമെങ്കിലും ഗ്രൌണ്ടിലിറങ്ങിയാല്‍ തന്നെ വലിയ കാര്യമെന്നതാണവസ്ഥ. ഇവിടെയാണ് പ്രാദേശിക ഗവണ്‍മെന്റുകളുടെ നടത്തിപ്പില്‍ മൂല്യബോധമുള്ള ആളുകളുടെ സാന്നിധ്യം അത്യാവശ്യമായി മാറുന്നത്.
ഇതുവരെ നമ്മള്‍ നടത്തിയിരുന്ന സേവന പ്രവര്‍ത്തനങ്ങള്‍, സംഖ്യ വെച്ച് നോക്കുമ്പോള്‍ ചെറുതായി തോന്നാമെങ്കിലും നീക്കിവെച്ച തുകയില്‍ നയാപൈസ കുറയാതെ നിശ്ചിത കാര്യത്തിനായി ചെലവഴിക്കാനുള്ള നിര്‍ബന്ധ ബുദ്ധിയും മടിയേതുമില്ലാതെ സേവനത്തിനായി മനുഷ്യാധ്വാനം നിര്‍ലോഭം നല്‍കാനുള്ള സന്നദ്ധതയും കാരണമായി, വര്‍ധിത മൂല്യത്തോടെയാണ് ഓരോ സേവന പദ്ധതിയും നമുക്ക് നിര്‍വഹിക്കാനായത്. ഈ കേരളീയ അനുഭവ സാക്ഷ്യത്തെ നിഷേധിക്കാന്‍ ആര്‍ക്കുമാവില്ലെങ്കില്‍, ജനകീയ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രാദേശിക തലങ്ങളില്‍ മേല്‍നോട്ടം വഹിക്കേണ്ടവര്‍ നമ്മളല്ലാതെ പിന്നെയാരാണ്? ഗവണ്‍മെന്റില്‍നിന്ന് ഏത് ഇനത്തില്‍ കിട്ടുന്ന ധനസഹായത്തിന്റെയും ഒരു വിഹിതം കമീഷനായി മെമ്പര്‍ക്ക്/ഇടനിലക്കാരന്/പാര്‍ട്ടിക്ക് നല്‍കല്‍ നാട്ടുനടപ്പായ ഒരു സമൂഹത്തില്‍, ഗുണഭോക്താക്കളില്‍നിന്ന് പ്രതിഫലമോ നന്ദിയോ പ്രതീക്ഷിക്കാതെ, സമസൃഷ്ടികളുടെ സന്തോഷം വഴി സ്രഷ്ടാവിന്റെ സംതൃപ്തി മാത്രം ലാക്കാക്കുന്ന ഒരു കൂട്ടരേക്കാള്‍ മറ്റാരുണ്ട് അധികാര നിര്‍വഹണത്തിന് യോഗ്യരായി?
പണം എറിഞ്ഞ് പണമുണ്ടാക്കുന്ന രാഷ്ട്രീയക്കളിയില്‍ നിങ്ങളെങ്ങനെ പിടിച്ചു നില്‍ക്കുമെന്നാവും ചോദ്യം. പണം കൊടുത്ത് വാങ്ങാനാവാത്ത മനുഷ്യ മനസ്സാക്ഷിയോടാണ് നിങ്ങള്‍ സംവദിക്കാനുദ്ദേശിക്കുന്നത് എന്നാണ് മറുപടി. താല്‍ക്കാലികമായി ചിലപ്പോള്‍ പണം കൊടുത്ത് സമ്മതി വാങ്ങാനായേക്കും; പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് വിജയിക്കില്ല. ഒരു നിലയിലല്ലെങ്കില്‍ മറ്റൊരു നിലയില്‍ അഴിമതി നിറഞ്ഞ വ്യവസ്ഥയുടെ ഇരകളാണ് മുഴുവന്‍ പൌരന്മാരും എന്നിരിക്കെ, അതില്‍ നിന്നൊരു മോചനമാഗ്രഹിക്കുന്നുണ്ട് മുഴുവന്‍ പൌരന്മാരും. ദൈവത്തെ തങ്ങളുടെ രക്ഷിതാവായി ഏറ്റുപറഞ്ഞവരാണ് മുഴുവന്‍ മനുഷ്യാത്മാക്കളുമെന്നിരിക്കെ, മനുഷ്യന്റെ അടിസ്ഥാന പ്രകൃതം ശുദ്ധമാണെന്നിരിക്കെ, ജനമനസ്സിന്റെ നന്മയുടെ അനന്തസാധ്യതയില്‍ പ്രതീക്ഷയര്‍പ്പിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്തുണ്ട് ന്യായം?
ചെറിയ തുടക്കങ്ങളാലാണ് ലോകത്ത് എപ്പോഴും വലിയ മാറ്റങ്ങളുണ്ടായത്. പിഴച്ചുപോകുന്ന ആദ്യ ചുവടുകളില്‍ നിന്നാണല്ലോ ഒരു കുഞ്ഞ് നടത്തം പഠിക്കുന്നത്. 'ഞങ്ങള്‍ക്കിത് ഒരു ചുവട് മാത്രം; മാനുഷ്യകത്തിനോ ഒരു കുതിച്ചു ചാട്ടവും' എന്ന ആദ്യ ചാന്ദ്ര യാത്രികന്റെ വാക്കുകള്‍ നാം പലപ്പോഴും കേട്ടതാണ്. ഇന്ന് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയായി മുപ്പതിനായിരത്തിലധികം കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനം, തുടക്ക കാലഘട്ടത്തില്‍ കുട്ടികളെ കിട്ടാന്‍ വിഷമിച്ച്, കുട്ടികള്‍ക്കായി പരസ്യവും സ്കോളര്‍ഷിപ്പ് വാഗ്ദാനവും നല്‍കേണ്ടിവന്നിട്ടുണ്ട് എന്ന് നമ്മളറിയുക. നൂഹിന്റെ കപ്പല്‍ പോലെ ദൈവനാമം മാത്രം ഇന്ധനമാക്കി തുടങ്ങിയ ഒരു മാധ്യമ പരീക്ഷണത്തിന്റെ ഉദാഹരണം നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ട് താനും. നാം ദുര്‍ബലരാണന്നാണ് നമ്മുടെ ഭീതി. വ്യക്തികളെന്ന രീതിയില്‍ നാം ദുര്‍ബലരാവാം. പക്ഷേ നാഥന്റെ വാക്യം ശരിയായി ഉള്‍ക്കൊണ്ടവരെ ആ വാക്യം ബലപ്പെടുത്തുമെന്ന് പറഞ്ഞത് അവന്‍ തന്നെയാണ്. അവനോ വെറും വാക്കുകള്‍ പറയാറില്ല തന്നെ.

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...