Thursday, October 14, 2010

ജനാധിപത്യത്തിന് പുതിയ മുഖം നല്‍കാന്‍ ജനപക്ഷത്തുനിന്നൊരു ഇടപെടല്‍ -എ.ആര്‍


കേരളത്തിലെ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 23, 25 തീയതികളിലായി നടക്കാനിരിക്കെ 22,000 വാര്‍ഡുകളില്‍ 70,915 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു എന്നാണ് നാമനിര്‍ദേശപത്രികകള്‍ പിന്‍വലിച്ച ശേഷമുള്ള കണക്കുകള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ രാഷ്ട്രീയാതീതമായി കാണുകയും ഭരണപക്ഷവും പ്രതിപക്ഷവും ഇല്ലാതെ ഗ്രാമ-നഗരവികസനത്തിനായി പരസ്‌പരസഹകരണത്തോടെ ഭരണം നടക്കുകയും വേണമെന്നതാണ് പഞ്ചായത്തീരാജിന്റെ സങ്കല്‍പമെങ്കിലും രാഷ്ട്രീയത്തിന്റെ അതിപ്രസരം സംസ്ഥാനത്ത് പഞ്ചായത്തുകളെയും വെറുതെ വിട്ടിട്ടില്ലെന്നതാണ് ഗതകാലാനുഭവങ്ങള്‍. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിചിഹ്നങ്ങളില്‍ മത്സരിക്കുന്നു, ഭൂരിപക്ഷം ലഭിച്ച മുന്നണികളില്‍തന്നെ മുറുകുന്ന ചേരിപ്പോരും ഗ്രൂപ്പിസവും കൂറുമാറ്റവും അധികാര വടംവലിയും ഭരണസ്തംഭനം സൃഷ്ടിക്കുന്നു, ആടിക്കളിക്കുന്ന കസേരയില്‍ ഇരുന്നവര്‍ ഭാവിയെപ്പറ്റി ഒരു നിശ്ചയവുമില്ലാതെ കിട്ടുന്ന അവസരം സ്വന്തത്തെ വികസിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഒരു വക സ്ഥിരഭരണം നടക്കുന്ന പഞ്ചായത്തുകളില്‍തന്നെ സ്വജനപക്ഷപാതവും അഴിമതിയും കൊടികുത്തിവാഴുന്നു. വികസനത്തിനായി പഞ്ചായത്തുകള്‍ക്ക് നീക്കിവെച്ച ഭീമമായ ഫണ്ട്, ധനവര്‍ഷത്തിലെ ആദ്യപകുതിയില്‍ നിശ്ചലമാവുന്നു. രണ്ടാം പകുതിയില്‍ സാവകാശം ചലിക്കാന്‍ തുടങ്ങുകയും ഒടുവില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഒറ്റയടിക്ക് ഒരാസൂത്രണവും മുന്‍ഗണനാക്രമവും ഇല്ലാതെ വാരിക്കോരി ചെലവഴിക്കുകയും ചെയ്യുന്ന പതിവ് മാറ്റമില്ലാതെ തുടരുന്നു. 40,100 കോടി നീക്കിവെച്ച ദേശീയ തൊഴിലുറപ്പ് പദ്ധതി അടിത്തട്ടില്‍ കഴിയുന്ന തൊഴില്‍രഹിതരെയാണ് ലക്ഷ്യമിടുന്നതെങ്കിലും കേരളത്തില്‍ അത് കേവലം അര്‍ഥശൂന്യമായ അഭ്യാസമായി മാറിയിട്ടുണ്ട്. പാര്‍ട്ടി പരിഗണനവെച്ച് തെരഞ്ഞെടുത്ത സ്ത്രീകളെ തൂമ്പയും ചട്ടിയുമായി റോഡരികിലേക്ക് തെളിച്ചുകൊണ്ടുവന്ന് കുറ്റിക്കാടും പുല്ലും ചെത്തിക്കുന്ന പണികൊണ്ട് ആര്‍ക്കെന്ത് ഗുണം എന്നു ചോദിക്കാന്‍ ആരുമില്ല. സമൂഹത്തിന് മൊത്തം പ്രയോജനപ്രദമായ കാര്‍ഷിക, ജലസേചന, ശുചീകരണ പ്രവൃത്തികളിലേക്ക് ആസൂത്രിതമായും വ്യവസ്ഥാപിതമായും തൊഴിലുറപ്പ് പദ്ധതി തിരിച്ചുവിടുന്നതിനെപ്പറ്റി ഗൗരവപൂര്‍വമായ ആലോചനയും നടക്കുന്നില്ല. പദ്ധതികളുടെ നാമകരണംപോലും രാഷ്ട്രീയവത്കരിച്ചതുകൊണ്ട് അവയില്‍ പൊതുജന പങ്കാളിത്തം നഷ്ടമാവുകയും പ്രയോജനം പരമാവധി പരിമിതമാവുകയും ചെയ്യുന്നതാണ് അനുഭവം. ഇ.എം.എസ് ഭവനനിര്‍മാണ പദ്ധതി നേരിടുന്ന ദുര്യോഗത്തെപ്പറ്റി മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഈയിടെ വിലപിക്കുകയുണ്ടായി. പദ്ധതിക്ക് ഇ.എം.എസിന്റെ പേരിട്ടതാണ് നിസ്സഹകരണത്തിനും നിശ്ചലതക്കും കാരണമെങ്കില്‍ ആ പേരും വേണമെങ്കില്‍ മാറ്റാം എന്ന് അദ്ദേഹത്തിന് പറയേണ്ടിവന്നു. എം.എന്‍. ഗോവിന്ദന്‍നായര്‍ മന്ത്രിയായിരിക്കെ നടപ്പാക്കിയതായിരുന്നു ലക്ഷംവീട് പദ്ധതി. ഇന്നവയിലധികവും ഇടിഞ്ഞുപൊളിഞ്ഞ് നിവാസയോഗ്യമല്ലാതായ സാഹചര്യത്തില്‍ എം.എന്റെ പേരില്‍ ഒരു നവീകരണ പദ്ധതിയുമായി മന്ത്രി ബിനോയ് വിശ്വം മുന്നോട്ടു വന്നു. ഫലമോ? അര്‍ഹമായ ഒരു പരിഗണനയും ലഭിക്കാതെ പദ്ധതി മിക്കവാറും കടലാസിലൊതുങ്ങുന്നു.

അതിനിടെ, കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികള്‍ പലതും ഇടതു സംസ്ഥാനസര്‍ക്കാര്‍ സ്വന്തം ചെലവിലെന്ന വ്യാജേന നടപ്പാക്കുന്നതിലാണ് യു.ഡി.എഫ് പ്രതിപക്ഷത്തിന്റെ രോഷം. പരാതിയുമായി അവര്‍ കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും ചെയ്തുവെന്നാണ് വാര്‍ത്ത. ചുരുക്കത്തില്‍, ജനാധിപത്യത്തിന്റെ സുഗമവും സുതാര്യവുമായ നടത്തിപ്പിന് ഉപാധിയായി സ്വീകരിക്കപ്പെട്ട ബഹുകക്ഷി രാഷ്ട്രീയം താഴെതലം മുതല്‍ ഉപരിതലംവരെ രാജ്യത്തിനു ശാപമായി മാറുന്നതാണ് കാണുന്നത്. എല്ലാം പാര്‍ട്ടിയടിസ്ഥാനത്തിലാണ്. പാര്‍ട്ടികളെല്ലാം വ്യക്തികളുടെ ഇച്ഛാനുസാരം നിയന്ത്രിക്കുന്ന യന്ത്രങ്ങളും. തന്മൂലം കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം സര്‍വാംഗീകൃതമായ സമവാക്യമായി മാറുന്നു. യാഥാസ്ഥിതിക കക്ഷികള്‍ മുതല്‍ വിപ്ലവപാര്‍ട്ടികള്‍ വരെ ഇതിനപവാദമല്ല. പഞ്ചായത്ത്-നഗരസഭകളില്‍ 50 ശതമാനം സ്ത്രീസംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ആശങ്കിച്ചിരുന്നതുതന്നെയാണ് സ്ഥാനാര്‍ഥി പട്ടികകള്‍ പരിശോധിച്ചപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ ഭാര്യമാരും സന്തതികളും ബന്ധുക്കളും രംഗം കൈയടക്കിയിരിക്കുന്നു. പിന്‍സീറ്റ് ഡ്രൈവിങ്ങാണ് ഈ പ്രതിഭാസത്തിന്റെ അനിവാര്യഫലം. അതോടൊപ്പം സീറ്റുകള്‍ക്കുവേണ്ടിയുള്ള കടിപിടിയും വിമതശല്യവും ഇത്തവണയും മൂര്‍ധന്യത്തിലാണ്. യു.ഡി.എഫിലേക്ക് കൂടുതല്‍ കക്ഷികള്‍ കടന്നുവന്നതോടെ അവരെയൊക്കെയും കുടിയിരുത്തുക വന്‍ തലവേദനയായി. കുറെയൊക്കെ നേതൃത്വം ഇടപെട്ട് ഒതുക്കിയെങ്കിലും ഇപ്പോഴും പലയിടത്തും സൗഹൃദമത്സരവും സൗഹാര്‍ദരഹിതമായ മത്സരവും വിമതഭീഷണിയും നിലനില്‍ക്കുന്നു.

അതിനിടയിലാണ് വര്‍ഗീയ തീവ്രവാദി കക്ഷികളെ കൂട്ടുപിടിച്ചതായ ആരോപണ പ്രത്യാരോപണങ്ങള്‍. ഈ കുളിമുറിയില്‍ ആരും ഉടുത്തവരല്ലെന്ന് പകല്‍വെളിച്ചത്തില്‍ സ്‌പഷ്ടമായിരുന്നിട്ടും നേതാക്കളുടെ കണ്ണടച്ച നിഷേധങ്ങള്‍ക്കും സ്വന്തം സ്ഥിതി മറന്നുള്ള ആരോപണങ്ങള്‍ക്കും കുറവില്ല. ബി.ജെ.പിയുമായി തൃശൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് ധാരണയിലാണെന്ന ആരോപണത്തിന് ശക്തിപകരുന്നവിധം കാവിപ്പാളയത്തില്‍തന്നെ വിവാദം കൊഴുക്കുന്നു. യു.ഡി.എഫാണ് ബി.ജെ.പി സംബന്ധം പണ്ടേ തുടങ്ങിയതെന്നും തരംപോലെ അതിപ്പോഴും തുടരുന്നുവെന്നും എല്‍.ഡി.എഫ് നേതൃത്വം ചൂണ്ടിക്കാട്ടുമ്പോള്‍ അതിന് വിശ്വാസ്യത പകരുന്ന സംഭവങ്ങള്‍ കഴിഞ്ഞ കാലത്തുണ്ടായിരുന്നു. ഇപ്പോഴും ഇല്ലാതെയല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമുഖമായ എസ്.ഡി.പി.ഐയുമായി കോണ്‍ഗ്രസ് ഇടുക്കിയില്‍ കൈകോര്‍ക്കുന്നുവെന്നാരോപിക്കുന്നത് യു.ഡി.എഫിന്റെ രണ്ടാമത്തെ പ്രധാനപാര്‍ട്ടിയായ മുസ്‌ലിംലീഗിന്റെ പ്രാദേശിക നേതൃത്വം. സമീപകാല തെരഞ്ഞെടുപ്പുകളില്‍ പൊതുവെ യു.ഡി.എഫിനോടൊപ്പം നിന്ന പോപ്പുലര്‍ ഫ്രണ്ട് മാറിയ പരിതഃസ്ഥിതിയിലും പൂര്‍ണമായി വലതുമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നതാണ് വസ്തുത. എന്തു വിലകൊടുത്തും വിജയിക്കുക ലക്ഷ്യമാവുമ്പോള്‍ ഉറക്കെ പറയുന്ന തത്ത്വങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും വിശ്വാസ്യത നഷ്ടപ്പെടുക സ്വാഭാവികം. ഈ വിചിത്രസഖ്യങ്ങള്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നശേഷം കൂടുതല്‍ പ്രകടമാവാനാണ് സാധ്യത. ഒന്നും രണ്ടും സീറ്റുകള്‍ അധികാരമുറപ്പിക്കുന്നതിന് തടസ്സമാവുമ്പോള്‍ ആ തടസ്സം നീക്കാന്‍ ചിലരോടുള്ള അയിത്തം ഉപേക്ഷിക്കേണ്ടിവരുക അനിവാര്യമാണ്.

ഇവ്വിധം, പഞ്ചായത്തീരാജിന്റെ അന്തഃസത്തക്ക് വിരുദ്ധവും അവിശുദ്ധവും അധാര്‍മികവുമായ അന്തരീക്ഷം ഒരിക്കല്‍കൂടി ഉരുണ്ടുകൂടവെ ജനപക്ഷത്തു നിന്നുയരുന്ന വേറിട്ട സ്വരം സംസ്ഥാനത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍നിന്ന് ഗ്രാമ-നഗര ഭരണത്തെ മുക്തമാക്കാനും വികസനത്തിന്റെ നേട്ടങ്ങള്‍ അതിന്റെ യഥാര്‍ഥ പ്രായോജകരിലേക്കെത്തിക്കാനും പ്രകൃതിയുടെ നേരെയുള്ള നഗ്‌നമായ കൈയേറ്റം അവസാനിപ്പിക്കാനും അങ്ങനെ ജനകീയ ഇടപെടലുകളിലൂടെ ജനാധിപത്യത്തിന് ഒരു പുതിയ മുഖം നല്‍കാനുമുള്ള ധീരമായ ശ്രമത്തിന് ഇതാദ്യമായി കേരളത്തില്‍ തുടക്കം കുറിച്ചിരിക്കുന്നു. ധാര്‍മിക-നൈതിക മൂല്യങ്ങളുടെ ഭൂമികയില്‍ ജാതിമത ബന്ധങ്ങള്‍ക്കതീതമായി സ്ത്രീ-പുരുഷന്മാരെ അണിനിരത്തിക്കൊണ്ടുള്ള ഈ പരീക്ഷണം രണ്ടായിരത്തിനുതാഴെ വാര്‍ഡുകളിലേ നടക്കുന്നുള്ളൂവെങ്കിലും ഒന്നാം ഘട്ടത്തില്‍ അതിനു ലഭിക്കുന്ന ജനശ്രദ്ധയും താല്‍പര്യവും പ്രത്യാശാജനകമാണ്. മതത്തെ രാഷ്ട്രീയത്തില്‍നിന്ന് നിശ്ശേഷം അകറ്റിനിര്‍ത്തണമെന്ന് തീവ്രമതേതര പക്ഷത്തുനിന്ന് മുറവിളികളുയരവെ, മാനവികതയുടെയും നൈതികതയുടെയും പ്രകൃതിസംരക്ഷണത്തിന്റെയും സന്ദേശം മുഴക്കുന്ന ധര്‍മസംഹിതകള്‍ക്ക് സ്വകാര്യ ജീവിതത്തിലെന്നപോലെ പൊതുജീവിതത്തിലും പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന തിരിച്ചറിവിലേക്ക് സമൂഹം പതിയെ മാറുകയാണ്. ഇന്ത്യന്‍ മതനിരപേക്ഷത ഒരിക്കലും മതങ്ങളുടെ നേരെ നിഷേധാത്മക സമീപനമല്ല സ്വീകരിച്ചിരിക്കുന്നതെന്ന യാഥാര്‍ഥ്യം ബുദ്ധിജീവികളും പണ്ഡിതന്മാരും സാധാരണക്കാരുമെല്ലാം മനസ്സിലാക്കുന്നു. സ്രഷ്ടാവിനെയോ സൃഷ്ടികളെയോ പേടിക്കാത്ത ക്രിമിനലുകളുടെയും കോടീശ്വരന്മാരുടെയും മനുഷ്യാവകാശധ്വംസകരുടെയും കളരിയായി പരിണമിച്ച ഇന്ത്യന്‍ രാഷ്ട്രീയത്തെ മോചിപ്പിക്കാനുള്ള യത്‌നം അതിശക്തമായ വെല്ലുവിളികളെയും ഭീഷണികളെയും നേരിട്ടുകൊണ്ടാണെങ്കിലും വിജയിച്ചേ പറ്റൂ, വിജയിപ്പിച്ചേ പറ്റൂ.

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...